മാസം നീണ്ട വ്രതവും ദൈവ കാരുണ്യവും

/മാസം നീണ്ട വ്രതവും ദൈവ കാരുണ്യവും
/മാസം നീണ്ട വ്രതവും ദൈവ കാരുണ്യവും

മാസം നീണ്ട വ്രതവും ദൈവ കാരുണ്യവും

വ്രതാനുഷ്ഠാനം പല നിലയ്ക്കും നല്ലതുതന്നെ. എന്നാല്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനം മനുഷ്യര്‍ക്ക് വിഷമകരമല്ലേ? ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന ദൈവം കാരുണ്യവാനാണോ?

പലനിലയ്ക്കും നല്ല കാര്യമാണ് വ്രതമെന്ന് പറയുന്നതും ഒരുമാസം വ്രതം അനുഷ്ഠിക്കണമെന്ന് ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടിക്കലാണെന്ന് പറയുന്നതും തമ്മില്‍ വൈരുധ്യമുണ്ട്. പലനിലയ്ക്കും നല്ലതായ ഒരു പുണ്യകര്‍മം കൂടുതല്‍ ദിവസം ചെയ്യുമ്പോള്‍ കൂടുതല്‍ നന്മ സ്വായത്തമാക്കാന്‍ അവസരം ലഭിക്കുകയാണല്ലോ ചെയ്യുന്നത്. അതെങ്ങനെയാണ് ബുദ്ധിമുട്ടിക്കലാവുക?

ഇസ്‌ലാമികമായ വിശ്വാസം അല്ലാഹു അഥവാ ഏകദൈവം പരമകാരുണികനായ ലോകരക്ഷിതാവാണെന്നത്രെ. ഒരു നല്ല രക്ഷിതാവിന് മക്കളെക്കൊണ്ട് അവര്‍ക്ക് പ്രത്യക്ഷത്തില്‍ ബുദ്ധിമുട്ടാണെന്ന് തോന്നുന്ന പല കാര്യങ്ങളും-അധ്യയനം, തൊഴില്‍ പരിശീലനം തുടങ്ങിയവ-പതിവായി ചെയ്യിക്കാതിരിക്കാന്‍ പറ്റില്ല എന്ന കാര്യം എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതാണ്. മടിയനോ സുഖലോലുപനോ ആയ കുട്ടിക്ക് തന്റെ മാതാപിതാക്കള്‍ സ്ഥിരമായി തന്നെ ബുദ്ധിമുട്ടിക്കുകയാണെന്ന് തോന്നിയേക്കും. എന്നാല്‍ തന്നെ അത്യധികം സ്‌നേഹിക്കുന്ന മാതാപിതാക്കള്‍ ആവശ്യപ്പെടുന്ന കാര്യം അല്‍പം ബുദ്ധിമുട്ടുള്ളതാണെങ്കിലും അത് തനിക്ക് സ്ഥായിയായ ഗുണമുണ്ടാക്കുന്നതായിരിക്കും എന്ന് ആര്‍ജവമുള്ള കുട്ടി മനസ്സിലാക്കും.

മക്കളുടെ ഇഹലോകത്തിലെ നന്മയെ സംബന്ധിച്ച് മാത്രമെ മാതാപിതാക്കള്‍ക്ക് അറിയുകയുള്ളൂ. എന്നാല്‍ ലോകരക്ഷിതാവായ അല്ലാഹുവിന് അനശ്വരമായ പരലോകത്തെ നന്മയെ സംബന്ധിച്ചും വ്യക്തമായി അറിയാം. അതിനാല്‍ മനുഷ്യര്‍ക്ക് രണ്ട് ലോകത്തും ഗുണം ചെയ്യുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് അല്ലാഹു നല്‍കുന്നത്. നിസ്സാരമായ ബുദ്ധിമുട്ടിന്റെ പേരില്‍ അവന്റെ മാര്‍ഗദര്‍ശനത്തിന്റെ മൂല്യം മനസ്സിലാക്കാതിരിക്കുന്നത് വലിയ നഷ്ടത്തിന് ഇടവരുത്തിയേക്കാം. പരിമിതമായ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ബുദ്ധിമുട്ടാണെന്ന് തോന്നുന്ന കാര്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമായിത്തീരുന്ന അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. പ്രഥമദൃഷ്ട്യാ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായി പരിണമിക്കുന്ന സംഭവങ്ങളും അപൂര്‍വമല്ല. ഈ കാര്യം വിശുദ്ധ ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാല്‍ സര്‍വജ്ഞനും ത്രികാലജ്ഞാനിയുമായ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം അന്യൂനവും പൂര്‍ണ നന്മയിലേക്ക് നയിക്കുന്നതുമായിരിക്കും എന്ന് മനസ്സിലാക്കുന്നതാണ് ശരിയായ യുക്തി.

print