സ്ത്രീയുടെ സാക്ഷ്യത്തിൽ വിവേചനം!

/സ്ത്രീയുടെ സാക്ഷ്യത്തിൽ വിവേചനം!
/സ്ത്രീയുടെ സാക്ഷ്യത്തിൽ വിവേചനം!

സ്ത്രീയുടെ സാക്ഷ്യത്തിൽ വിവേചനം!

ഒരു പുരുഷനു പകരം രണ്ടു സ്ത്രീകള്‍ സാക്ഷികളായി ഉണ്ടാവണമെന്ന ഖുര്‍ആനിന്റെ അനുശാസന സ്ത്രീയെ അവഗണിക്കുകയും അവളോട് അനീതി ചെയ്യുന്നതുമല്ലേയെന്നാണ് വിമർശനം.

കടമിടപാടുകളെ സംബന്ധിച്ച് പ്രതിപാദിക്കുന്നിടത്ത് ഖുര്‍ആന്‍ പറയുന്നു:

”നിങ്ങളില്‍പെട്ട രണ്ടു പുരുഷന്മാരെ നിങ്ങള്‍ സാക്ഷിനിര്‍ത്തുക. ഇനി ഇരുവരും പുരുഷന്മാരായില്ലെങ്കില്‍ നിങ്ങളിഷ്ടപ്പെടുന്ന സാക്ഷികളില്‍നിന്ന് ഒരു പുരുഷനും രണ്ടു സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റുപറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കുവാന്‍ വേണ്ടി” (2:283).

പല മതഗ്രന്ഥങ്ങളും സ്ത്രീ, സാക്ഷ്യത്തിനുതന്നെ അയോഗ്യയാണെന്നാണ് വിധിച്ചിരിക്കുന്നത്. ഉദാഹരണത്തിന്,യാജ്ഞവല്‍ക്യസ്മൃതിയുടെ വിധി കാണുക:

സ്ത്രീ ബാലവൃദ്ധ കിവത മത്തോന്‍മത്താഭിശസ്തകാഃ

രംഗാവതാരി പാഖണ്ഡി കുടകൃദ്വിലേന്ദ്രിയഃ

പതിതാപതാര്‍ത്ഥ സംബന്ധി സഹായരി പുതസ്‌കരാഃ

സാഹസീ ദൃഷ്ട ദോഷശ്ച നിര്‍ദ്ധുതാദ്യാസ്ത്വ സാക്ഷിണഃ (2:70,71).

(സ്ത്രീ, ബാലന്‍, വൃദ്ധന്‍ ചൂതുകളിക്കാരന്‍, മത്തനായവന്‍,ഉന്മാദമുള്ളവന്‍, ബ്രഹ്മഹത്യ തുടങ്ങിയ പാപമുള്ളവന്‍, ചാരണന്‍ (ഗായകന്‍, നടന്‍ തുടങ്ങിയവര്‍), പാഖണ്ഡി (നാസ്തികന്‍), വ്യാജരേഖ ചമക്കുന്നവന്‍, വികലാംഗന്‍, പതിതന്‍, സുഹൃത്ത്, പണം കൊടുക്കുന്നവന്‍, സഹായി, ശത്രു, കള്ളന്‍, സാഹസി (പിടിച്ചുപറിക്കാരന്‍), പ്രത്യക്ഷമായ ദോഷമുള്ളവന്‍, ബന്ധുക്കള്‍ ഉപേക്ഷിച്ചവന്‍ തുടങ്ങിയവര്‍ സാക്ഷികളാവാന്‍ യോഗ്യരല്ല)

എന്തുകൊണ്ടാണ് സ്ത്രീകളെ സാക്ഷ്യത്തിനു പറ്റാത്തത്?മനുസ്മൃതിയുടെ വിശദീകരണം ഇങ്ങനെയാണ്:

ഏകോലുബ്ധസ്തു സാക്ഷീസ്യാല്‍ ബഹ്യശ്ശൂ ച്യോപിന സ്ത്രീയഃ

സ്ത്രീ ബുദ്ധേര സ്ഥിരത്വാത്തു ദോഷൈശ്ചാന്യോപിയേ വൃതാഃ

(8:77)

(നിഷ്‌കാമനായ ഒരുത്തനെ സാക്ഷിയായി സ്വീകരിക്കാം. സ്ത്രീകള്‍ വളരെപ്പേരായാലും അവരുടെ ബുദ്ധിക്കു സ്‌ഥൈര്യമില്ലാത്തതിനാലും അവരെയും മുന്‍പറഞ്ഞ ദോഷികളെയും കടം മുതലായ വിഷയത്തില്‍ സാക്ഷിത്വേന സ്വീകരിക്കരുത്).

സ്ത്രീയെ സാക്ഷ്യത്തിനേ കൊള്ളുകയില്ലെന്ന നിലപാടുമായി ഇസ്‌ലാം വിയോജിക്കുന്നു. അവളെ സാക്ഷിയാക്കാമെന്നുതന്നെയാണ് ഇസ്‌ലാമിന്റെ നിലപാട്. എന്നാല്‍, അവളുടെ സാക്ഷ്യത്തിന് വ്യത്യസ്ത തലങ്ങളുണ്ട്. വിവാഹമോചനത്തെയും മരണസമയത്തെ വസ്വിയത്തിനെയും കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഖുര്‍ആന്‍ അവക്ക് രണ്ടു സാക്ഷികള്‍ വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട് (65:2, 5:106).ഇവിടെയെല്ലാം സ്ത്രീയായിരുന്നാലും പുരുഷനായിരുന്നാലും രണ്ടു സാക്ഷികളാണ് വേണ്ടതെന്ന അഭിപ്രായക്കാരാണ് പ്രമുഖരായ ഇസ്‌ലാമിക പണ്ഡിതന്മാര്‍. അതുപോലെതന്നെ ആര്‍ത്തവം, പ്രസവം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്ത്രീകളുടെ സാക്ഷ്യം മാത്രമേ സ്വീകാര്യമാകൂ എന്ന കാര്യത്തില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങളൊന്നുമില്ല. സാദാചാരലംഘനം ആരോപിക്കപ്പെടുന്ന ഘട്ടങ്ങളില്‍ സത്യം ചെയ്യുകയും സ്വയം സാക്ഷ്യം വഹിക്കുകയും ചെയ്യേണ്ടിവരുമ്പോഴും സ്ത്രീ-പുരുഷ വ്യത്യാസങ്ങളൊന്നുമില്ലെന്നതാണ് ഖുര്‍ആനിക നിലപാട്. (ഖുര്‍ആന്‍ 24:6-9). എന്നാല്‍, കടമിടപാടുകളുടെ സ്ഥിതി ഇതില്‍നിന്ന് വ്യത്യസ്തമാണ്. സാക്ഷ്യത്തിനുതന്നെ സ്ത്രീകളെ കൊള്ളുകയില്ലായെന്ന ‘മത‘ വീക്ഷണം പുലര്‍ത്തുന്ന കാലത്താണ് സ്ത്രീയെ സാക്ഷ്യത്തിന് കൊള്ളുമെന്നും കടമിടപാടുകളുടെ കാര്യത്തില്‍ രണ്ടു സ്ത്രീകള്‍ ഒരു പുരുഷനു പകരം സാക്ഷ്യം വഹിച്ചാല്‍ മതിയെന്നുമുള്ള നിയമം ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. എന്തുകൊണ്ട് ഒരു പുരുഷനുപകരം രണ്ട് സ്ത്രീകള്‍ വേണം? ഉത്തരവും ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്: ”അവരില്‍ ഒരുവള്‍ക്ക് തെറ്റു പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കുവാന്‍ വേണ്ടി”.

സത്യത്തില്‍ ഈ ഖുര്‍ആനിക നിര്‍ദേശം അതിന്റെ ദൈവികത മനസ്സിലാക്കിത്തരികയാണ് ചെയ്യുന്നത്; സ്ത്രീയെയും പുരുഷനെയും വ്യക്തമായി അറിയാവുന്ന സ്രഷ്ടാവിന്റെ നിയമസംഹിതയാണ് ഖുര്‍ആന്‍ എന്ന വസ്തുത. സ്ത്രീയെ തരം താഴ്ത്തുകയല്ല പ്രത്യുത അവളുടെ അബലതകള്‍ മനസ്സലാക്കുകയാണ് ഇവിടെ ഖുര്‍ആന്‍ ചെയ്യുന്നത്. നീതി നിര്‍വഹണത്തിന് ഉപയുക്തമാകുംവിധമായിരിക്കണം സ്ത്രീയുടെയും പുരുഷന്റെയും ഓരോ രംഗത്തെയും പങ്കാളിത്തം നിര്‍ണയിക്കേണ്ടതെന്ന ഖുര്‍ആനിന്റെ പൊതുതത്ത്വംതന്നെയാണ് ഇവിടെയും തെളിഞ്ഞുകാണുന്നത്. താഴെ പറയുന്ന വസ്തുതകള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും.

ഒന്ന്: ഈ സൂക്തത്തില്‍ കടമിടപാടുകളെക്കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്. സാമ്പത്തിക ബാധ്യത പുരുഷന്മാരിലാണ് ഇസ്‌ലാം നിക്ഷിപ്തമാക്കുന്നതെന്നതിനാല്‍തന്നെ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ പൊതുവേ പുരുഷന്മാരായിരിക്കും പങ്കാളികളായുണ്ടാവുക. ഇസ്‌ലാമിക സമൂഹത്തില്‍ പരസ്ത്രീ-പുരുഷ സംഗമം പ്രോല്‍സാഹിപ്പിക്കപ്പെടാത്തതിനാല്‍ പുരുഷന്മാര്‍ പരസ്പരമുള്ള ഇടപാടുകളിലും അവര്‍ മാത്രം വിഹരിക്കുന്ന രംഗങ്ങളിലും സ്ത്രീകള്‍ സാക്ഷികളായുണ്ടാവുക സ്വാഭാവികമല്ല. ഇടപാടുകള്‍ക്ക് സ്ത്രീകള്‍ സാക്ഷികളാണെങ്കില്‍തന്നെ അവര്‍ ഇസ്‌ലാമികമായ അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരുമാണ്. അങ്ങനെ അച്ചടക്കം പാലിക്കപ്പെടുന്ന അവസ്ഥയില്‍ ഇടപാടുകളുമായി ബന്ധപ്പെട്ട വ്യക്തികളെ വേണ്ട വിധം തിരിച്ചറിയാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല.

രണ്ട്: സ്ത്രീകള്‍ പൊതുവേ വികാരജീവികളാണ്. ചടുലമായ വികാരത്താല്‍ സ്വാധീനിക്കപ്പെടുന്ന സ്ത്രീ സത്യത്തില്‍നിന്നും വ്യതിചലിച്ചേക്കാന്‍ ഇടയുണ്ട്. സാക്ഷ്യം വഹിക്കപ്പെടുന്നത് സാക്ഷിനില്‍ക്കുന്നവളുടെ അസൂയയെ ഇളക്കിവിടാന്‍ മാത്രം സൗന്ദര്യമുള്ളവളുടെ കാര്യത്തിലായിരിക്കാം. അല്ലെങ്കില്‍ അവളിലെ മൃദുല വികാരങ്ങളെ തൊട്ടുണര്‍ത്താന്‍ പോന്ന ഒരു യുവാവിന്റെ കാര്യത്തിലായിരിക്കാം. മാതൃത്വത്തെ തഴുകിയുണര്‍ത്തുന്ന സാഹചര്യങ്ങളുടെ സ്വാധീനമുണ്ടാകാനും സാധ്യതയുണ്ട്. ഈ അവസ്ഥകളിലെ വൈകാരിക സമ്മര്‍ദങ്ങള്‍ അവളുടെ സാക്ഷ്യത്തെ സ്വാധീനിക്കാനിടയുണ്ട്.

മൂന്ന്: സ്ത്രീയുടെ ശാരീരികമായ പ്രത്യേകതകള്‍ അവളില്‍ പല തരത്തിലുള്ള പ്രയാസങ്ങളുമുണ്ടാക്കാറുണ്ട്. ആര്‍ത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ മനഃസംഘര്‍ഷം, ഗര്‍ഭധാരണത്തിന്റെ ആദ്യനാളുകളിലെ ശാരീരിക- മാനസിക പ്രശ്‌നങ്ങള്‍, ആര്‍ത്തവ വിരാമത്തോടനുബന്ധിച്ചുള്ള പ്രയാസങ്ങള്‍, പ്രസവകാലത്തെ പ്രശ്‌നങ്ങള്‍,ഗര്‍ഭഛിദ്രമുണ്ടാക്കുന്ന മാനസികാഘാതം ഇങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ മാത്രം നേരിടേണ്ടവയാണ്. ഈ സാഹചര്യങ്ങളില്‍ ശാരീരിക പ്രയാസങ്ങള്‍ക്കുപുറമെ ഒട്ടനവധി മാനസിക പ്രശ്‌നങ്ങള്‍ക്കും സ്ത്രീകള്‍ വിധേയരാവുന്നുവെന്നാണ് ശാസ്ത്രീയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. മനോമാന്ദ്യം (slow mindedness), ഏകാഗ്രതയില്ലായ്മ, ഓര്‍മക്കുറവ് തുടങ്ങിയവ ഈ സാഹചര്യങ്ങളിലെ മാനസിക പ്രശ്‌നങ്ങളാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പറയുമ്പോള്‍ ഇത്തരം സാഹചര്യങ്ങളെകൂടി കണക്കിലെടുക്കേണ്ടതുണ്ടല്ലോ. ഒരു പുരുഷനുപകരം രണ്ടു സ്ത്രീകള്‍ സാക്ഷികളാവണമെന്ന് പറഞ്ഞ സൂക്തത്തില്‍ ‘ഒരുവള്‍ക്ക് തെറ്റിയാല്‍ മറ്റെവള്‍ ഓര്‍മിപ്പിക്കാന്‍ വേണ്ടി‘യെന്നാണ് പറഞ്ഞിട്ടുള്ളതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.

സത്യത്തില്‍, ഈ ഖുര്‍ആനിക നിയമം സ്ത്രീകളുടെ വിലയിടിക്കുകയല്ല, പ്രത്യുത അവളുടെ അബലതകളും പ്രയാസങ്ങളും മനസ്സിലാക്കി അതിനുള്ള പരിഹാരമാര്‍ഗം നിര്‍ദേശിക്കുകയും അവള്‍ക്കുകൂടി പുരുഷനെപ്പോലെ സാക്ഷിയാകുവാനുള്ള അവസരം നല്‍കുകയുമാണ് ചെയ്യുന്നത്. മനോമാന്ദ്യത്തിന്റെയും ഓര്‍മക്കുറവിന്റെയും അവസ്ഥകളില്‍ ഒരുവളെ തിരുത്താന്‍ മറ്റവള്‍ക്ക് സാധിക്കുകയെന്നതാണ് ഇതിന്റെ താല്‍പര്യം. അതേസമയം,സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അവളുടേതായ ഇടപാടുകളിലും ഒറ്റ സ്ത്രീയുടെ സാക്ഷ്യംതന്നെ പൂര്‍ണമായി പരിഗണിക്കപ്പെടുകയും ചെയ്യും. പ്രകൃതിമതത്തിന്റെ നിയമ നിര്‍ദേശങ്ങളെല്ലാം പ്രകൃതിയുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നതാണെന്ന യാഥാര്‍ഥ്യമാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ