സാഹിത്യപരമായ ഔന്നത്യം ദൈവികതക്ക് തെളിവോ?

/സാഹിത്യപരമായ ഔന്നത്യം ദൈവികതക്ക് തെളിവോ?
/സാഹിത്യപരമായ ഔന്നത്യം ദൈവികതക്ക് തെളിവോ?

സാഹിത്യപരമായ ഔന്നത്യം ദൈവികതക്ക് തെളിവോ?

ക്വുർആൻ ഉന്നതമായ ഒരു സാഹിത്യകൃതിയാണെന്നും അതിനാൽ അത് ദൈവികമാണെന്നും മുസ്ലിംകൾ വാദിക്കാറുണ്ട്. നല്ല സാഹിത്യകൃതിയാണ് എന്നതുകൊണ്ടുമാത്രം ഒരുഗ്രൻഥം ദൈവികമാണെന്ന് പറയാൻ കഴിയുമോ ?

ന്നതമായ സാഹിത്യകൃതിയാണ് എന്നതുകൊണ്ടുമാത്രം ഒരു ഗ്രന്ഥവും ദൈവികമാണെന്ന് പറയുക സാധ്യമല്ല; വടി നിലത്തിട്ട് സര്‍പ്പമാക്കി കാണിക്കുന്നവരെയെല്ലാം ദൈവ പ്രവാചകന്മാരായി അംഗീകരിക്കാന്‍ പറ്റാത്തതുപോലെ. ദൈവിക ദൃഷ്ടാന്തവും മാനുഷിക വിദ്യകളും തമ്മില്‍ അടിസ്ഥാനപരമായ ഒരു അന്തരമുണ്ട്. ദൃഷ്ടാന്തങ്ങള്‍ മനുഷ്യരുടെ കഴിവുകളെ മുഴുവന്‍ വെല്ലുവിളിക്കുന്നതായിരിക്കുമെന്നതാണത്. അതിനു മുകളില്‍ നില്‍ക്കുവാന്‍ മാനുഷിക വിദ്യകള്‍ക്കൊന്നിനും കഴിയില്ല. അവ എത്രസാര്‍ഥമാണെന്നിരിക്കിലും. മോശെയുടെ സര്‍പ്പം മാന്ത്രികന്മാരുടെ സര്‍പ്പങ്ങളെ മുഴുവന്‍ വിഴുങ്ങിയതുപോലെ ദൈവിക ദൃഷ്ടാന്തങ്ങള്‍ മാനുഷിക വിദ്യകളെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ട് നിലനില്‍ക്കും; തീര്‍ച്ച.

ഖുര്‍ആന്‍ ഉന്നതമായ സാഹിത്യനിലവാരം പുലര്‍ത്തുകയും മനുഷ്യമനസ്സുകളെ സ്വാധീനിക്കുകയും ചെയ്യുന്നു. അതോടൊപ്പം അത് മാനവരാശിയോട് ഒരു അത്യുജ്വലമായ വെല്ലുവിളി നടത്തുകയും ചെയ്യുന്നു. അതിനു സമാന്തരമായി ഒരു രചന നിര്‍വഹിക്കുവാനാണ് പ്രസ്തുത വെല്ലുവിളി. ഈ വെല്ലുവിളിക്കുമുമ്പില്‍ മറ്റു സാഹിത്യ കൃതികളെല്ലാം മോശെയുടെ സര്‍പ്പത്തിനു മുന്നിലെ മാന്ത്രികപ്പാമ്പുകളെപ്പോലെ നിസ്സഹായരായി നില്‍ക്കുകയാണ്.

ഖുര്‍ആന്‍ ആദ്യം വെല്ലുവിളിച്ചത് അതുപോലൊരു ഗ്രന്ഥം കൊണ്ടുവരുവാനാണ്. ഖുര്‍ആന്‍ പറഞ്ഞു: ”പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ടുവരുന്നതിനായി മനുഷ്യരും ജിന്നുകളും ഒന്നിച്ചു ചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ടുവരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നവരായാല്‍ പോലും”(17:88).

ഖുര്‍ആനിന് തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരുന്നതിനുവേണ്ടിയുള്ള വെല്ലുവിളിക്കു മുമ്പില്‍ അറബി സാഹിത്യകാരന്മാരെല്ലാം മുട്ടുമടക്കി. എങ്കിലും ഖുര്‍ആന്‍ കെട്ടിച്ചമച്ചതാണെന്നും മാരണമാണെന്നും വാദിക്കുന്നവരോട് അത് വീണ്ടും വെല്ലുവിളിച്ചു: ”അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചുവെന്നാണോ അവര്‍ പറയുന്നത്? എന്നാല്‍ ഇതുപോലുള്ള പത്ത് അധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ടുവരൂ. അല്ലാഹുവിന് പുറമെ നിങ്ങളെ സഹായിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍”(10:13).

ഖുര്‍ആനിലെ പത്ത് അധ്യായങ്ങള്‍ക്ക് തുല്യമായ അധ്യായങ്ങളെങ്കിലും രചിച്ചുകൊണ്ട് അത് മനുഷ്യനിര്‍മിതമാണെന്ന വാദം സ്ഥാപിക്കുവാനുള്ള ഖുര്‍ആനിന്റെ വെല്ലുവിളിക്ക് ഉത്തരം നല്‍കാന്‍ സമകാലികരായ മനുഷ്യര്‍ക്കൊന്നും കഴിഞ്ഞില്ല. എന്നാല്‍,അവിശ്വാസികള്‍ ഖുര്‍ആന്‍ വചനങ്ങള്‍ മുഹമ്മദി(ﷺ)ന്റെ രചനയാണെന്ന പ്രചാരണം നിര്‍ത്തിയതുമില്ല. അപ്പോള്‍ ഖുര്‍ആന്‍ വീണ്ടും പറഞ്ഞു: ”അതല്ല, അദ്ദേഹം അതുകെട്ടിച്ചമച്ചുവെന്നാണോ നിങ്ങള്‍ പറയുന്നത്? പറയുക: എന്നാല്‍, അതിനു തുല്യമായ ഒരു അധ്യായം നിങ്ങള്‍ കൊണ്ടുവരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക; നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍”(10:38).

ഈ വെല്ലുവിളികള്‍ക്കൊന്നിനും മറുപടി നല്‍കുവാന്‍ അന്നു ജീവിച്ചിരുന്ന സാഹിത്യകാരന്മാര്‍ക്കൊന്നും കഴിഞ്ഞില്ല. അവരില്‍ പലരും അതിനു ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു പിന്‍വാങ്ങേണ്ടിവന്നു. ഖുര്‍ആന്‍ അവസാന നാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള ദൃഷ്ടാന്തമാണല്ലോ. അതുകൊണ്ടുതന്നെ മുഴുവന്‍ മാനവസമൂഹത്തോടുമായി ഈ വെല്ലുവിളി അത് ഒരിക്കല്‍കൂടി ആവര്‍ത്തിച്ചു: ”നമ്മുടെ ദാസന് നാം അവതരിപ്പിച്ചു കൊടുത്തതിനെപ്പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍േറതുപോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിനു പുറമെ നിങ്ങള്‍ക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക; നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍. നിങ്ങള്‍ക്കത് ചെയ്യാനായില്ലെങ്കില്‍- നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയില്ല -മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്‌നിയെ നിങ്ങള്‍ കാത്തു സൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കു വേണ്ടി ഒരുക്കപ്പെട്ടതാകുന്നു അത്” (2:23,24).

ദൈവമൊഴിച്ചുള്ള മുഴുവന്‍ പേരും ഒരുമിച്ചു കൂടിയാല്‍ പോലും ഖുര്‍ആനിലെ ഏറ്റവും ചെറിയ അധ്യായതിനു തുല്യമായ ഒരു രചനപോലും കൊണ്ടുവരാന്‍ കഴിയില്ലെന്നതാണ് വെല്ലുവിളി. ഈ വെല്ലുവിളിക്ക് ഉത്തരം നല്‍കാന്‍ അറേബ്യന്‍ സാഹിത്യത്തറവാട്ടിലെ കാരണവന്മാര്‍ക്ക് കഴിഞ്ഞില്ല. ഇന്നും ആ വെല്ലുവിളി ലോകത്തിനു മുന്നില്‍ സ്പഷ്ടമായി നിലനില്‍ക്കുന്നു. മാനവരാശിയുടെ കര്‍ണപുടങ്ങളില്‍ ഖുര്‍ആനിന്റെ വെല്ലുവിളി അലച്ചുകൊണ്ടിരിക്കുന്നു. മറ്റു വേദഗ്രന്ഥങ്ങളുടെ ഭാഷകളെപ്പോലെ ഖുര്‍ആനിന്റെ ഭാഷ ഒരു നിര്‍ജീവ ഭാഷയല്ല. അത് സജീവമായൊരു സംസാരഭാഷയാണ്. അറബി സംസാരിക്കുന്നവരായ കുറേ അമുസ്‌ലിംകളുണ്ട്. ഇസ്‌ലാമിന്റെ കഠിന വിരോധികളായ കുറെ അറബി സാഹിത്യകാരന്മാരുമുണ്ട്. അവര്‍ക്കൊന്നുംതന്നെ ഖുര്‍ആനിന്റെ ഈ വെല്ലുവിളിക്കു മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല; ഇനിയൊട്ട് കഴിയുകയുമില്ല.

ഖുര്‍ആന്‍ കേവലമായ ഒരു മാനുഷിക രചനയായിരുന്നെങ്കില്‍ ഇത്തരമൊരു വെല്ലുവിളി നടത്താന്‍ അതിന് സാധിക്കുമായിരുന്നില്ല. മനുഷ്യര്‍ മുഴുവന്‍ ഒന്നിച്ചു ചേര്‍ന്നാല്‍ പോലും തന്റെ രചനയിലെ ഒരു അധ്യായത്തിനു തുല്യമായ ഒരെണ്ണം കൊണ്ടുവരാന്‍ കഴിയില്ലെന്ന് പറയാന്‍ ഒരു മനുഷ്യന് ധൈര്യം വരുന്നതെങ്ങനെ? ഖുര്‍ആനിന്റെ അമാനുഷികത പ്രകടമാക്കപ്പെടുന്നത് ഈ വെല്ലുവിളിയിലാണ്. ഈ വെല്ലുവിളിയില്ലായിരുന്നുവെങ്കില്‍, ഖുര്‍ആനിക സാഹിത്യത്തിന് മാത്രമായി ദൈവികതയുണ്ടെന്ന് പറയാന്‍ കഴിയുകയില്ലായിരുന്നുവെന്നര്‍ഥം; മറ്റേത് ഉന്നതമായ സാഹിത്യ കൃതിയെയും പോലെ.

print