ഒരു അധികാര കേന്ദ്രം തേടിയുള്ള നബി (സ)യുടെ അന്വേഷണമല്ലേ അദ്ദേഹത്തെ മദീനയിലെത്തിച്ചത്?

/ഒരു അധികാര കേന്ദ്രം തേടിയുള്ള നബി (സ)യുടെ അന്വേഷണമല്ലേ അദ്ദേഹത്തെ മദീനയിലെത്തിച്ചത്?
/ഒരു അധികാര കേന്ദ്രം തേടിയുള്ള നബി (സ)യുടെ അന്വേഷണമല്ലേ അദ്ദേഹത്തെ മദീനയിലെത്തിച്ചത്?

ഒരു അധികാര കേന്ദ്രം തേടിയുള്ള നബി (സ)യുടെ അന്വേഷണമല്ലേ അദ്ദേഹത്തെ മദീനയിലെത്തിച്ചത്?

മുഹമ്മദ് നബി (സ) പ്രവാചകത്വം വാദിച്ചത് തന്നെ അധികാരം ലക്ഷ്യമാക്കിയായിരുന്നു. കുറച്ച് അനുയായികളായപ്പോൾ തനിക്ക് അധികാരമുള്ള ഒരു നാട് അദ്ദേഹം അന്വേഷിക്കാൻ തുടങ്ങി. പ്രസ്തുത അന്വേഷണമാണ് അദ്ദേഹത്തെ മദീനയിലെത്തിക്കുകയും അവിടുത്തെ അധികാരിയായിത്ത്തീരുന്നതിന് കാരണമാവുകയും ചെയ്തത്. ഈ ആരോപണത്തെക്കുറിച്ച് എന്ത് പറയുന്നു?

ധികാരം മുന്നില്‍ കണ്ടുകൊണ്ട്, തന്റെ കീഴിലുള്ള ഒരു രാഷ്ട്ര നിര്‍മിതിക്കുവേണ്ടി മുഹമ്മദ് ല നടത്തിയ ശ്രമത്തിന്റെ പ്രാരംഭമായി ഒരു തലസ്ഥാന നഗരി അന്വേഷിച്ചതിന്റെ ഫലമായാണ് അദ്ദേഹം മദീനയിലെത്തിയതെന്ന് വിമര്‍ശിക്കുന്നവര്‍ മദീനാ ഹിജ്‌റയ്ക്കുമുമ്പ് നടന്ന സംഭവങ്ങളെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. തനിക്ക് ഭരിക്കാന്‍ പറ്റുന്ന ഒരു പ്രദേശം തിരഞ്ഞ് കണ്ടെത്തുകയായിരുന്നില്ല, ഇസ്‌ലാമിക പ്രബോധനത്തിന് സ്വാതന്ത്ര്യമുള്ള ഒരിടത്ത് അഭയം ലഭിക്കുകയായായിരുന്നു നബി (സ)യുടെ ഉദ്ദേശമെന്ന് ദുഃഖവര്‍ഷമെന്ന് വിളിക്കപ്പെട്ട, അബൂത്വാലിബിന്റെയും ഖദീജ(റ) യുടെയും മരണം നടന്ന വര്‍ഷത്തിന് ശേഷമുള്ള നബിവര്‍ത്തനങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകും. ‘അബൂത്വാലിബ് ജീവിച്ചിരുന്നെങ്കില്‍ ഖുറൈശികള്‍ എന്നോട് ഇങ്ങനെയൊന്നും ചെയ്യുകയില്ലായിരുന്നു’ വെന്ന് നബി (സ)യെക്കൊണ്ട് പറയിപ്പിക്കുന്ന രീതിയിലുള്ള ഖുറൈശീ ക്രൂരതകളാണ് മക്കയില്‍ നിന്ന് പോവുകയെന്ന തീരുമാനത്തിലേക്ക് നബി (സ) എത്തുന്നതിനുള്ള കാരണം.

തനിക്ക് സംരക്ഷണം തേടിക്കൊണ്ട് ഒന്നാമതായി നബി (സ) നടത്തിയ ത്വാഇഫിലേക്കുള്ള യാത്രയുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് അവിടെ എത്തിയശേഷം അദ്ദേഹം എന്താണ് ആവശ്യപ്പെട്ടതെന്ന് പരിശോധിച്ചാല്‍ വ്യക്തമാകും. ഥഖീഫ് ഗോത്രത്തിലെ പ്രധാനികളായ, അംറുബ്‌നു ഉമൈറിന്റെ പുത്രന്‍മാരായ അബ്ദ് യഅ്‌ലില്‍, മസ്ഊദ്, ഹബീബ് എന്നിവരോട് ഇസ്‌ലാമിനെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും അതിലേക്ക് ക്ഷണിക്കുകയും തന്നെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമാണ് നബി (സ) ചെയ്തത്. ത്വാഇഫിന്റെ അധികാരം ചോദിക്കുകയോ അധികാരത്തില്‍ പങ്കുനല്‍കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തതുകൊണ്ടാണ് ഥഖീഫ് ഗോത്രക്കാര്‍ നബി (സ)യെ അവമതിക്കുകയും അപമാനിക്കുകയും ചെയ്തതെന്ന് നബി (സ)യെക്കുറിച്ച് നബി വിരോധികള്‍ എഴുതിയ ചരിത്ര ഗ്രന്ഥങ്ങള്‍പോലും ആരോപിക്കുന്നില്ല.  ത്വാഇഫില്‍ നിന്ന് തുടങ്ങിയ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള നബി (സ)യുടെ യാത്രയാണ് യഥ്‌രിബില്‍ ചെന്ന് അവസാനിക്കുകയും അത് മദീനത്തുര്‍റസൂലായി മാറുന്നതിലേക്ക് നയിക്കുകയും ചെയ്തതെന്നുള്ളതാണ് യാഥാര്‍ഥ്യം.

ത്വാഇഫില്‍നിന്ന് മുത്വ്ഇം ബിന്‍ ഹാദിയുടെ സംരക്ഷണത്തില്‍ മക്കയിലേക്ക് തിരിച്ചെത്തിയതുമുതല്‍ മുഹമ്മദ് നബി (സ)യുടെ അന്വേഷണങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത് തനിക്ക് അധികാരം ലഭിക്കുവാന്‍ എന്തെങ്കിലും മാര്‍ഗങ്ങളുണ്ടോയെന്നതിലായിരുന്നില്ലെന്നും പ്രത്യുത തനിക്കും ഇസ്‌ലാമിനും സംരക്ഷണം നല്‍കാന്‍ ആരെങ്കിലുമുണ്ടോയെന്നതിലായിരുന്നെന്നുമുള്ള വസ്തുത ഹിജ്‌റക്ക് പിന്നില്‍ അധികാര സ്ഥാപനം ആരോപിക്കുന്നവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. മക്കക്ക് പുറത്തുനിന്ന് ഹജ്ജിനും ഉംറക്കും വരുന്നവരോട് തന്നെ സംരക്ഷിക്കുവാന്‍ സന്നദ്ധരായ ആരെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ച് മുഹമ്മദ് നബി (സ) ചുറ്റി നടന്നിരുന്നുവെന്ന് സ്വഹീഹായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ‘എന്റെ നാഥന്റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ നിന്ന് ഖുറൈശികള്‍ എന്നെ തടഞ്ഞിരിക്കുന്നു; തങ്ങളുടെ ജനതയിലേക്ക് എന്നെ കൊണ്ടുപോകുവാന്‍ ആരെങ്കിലും തയാറുണ്ടോ?’യെന്ന് ഹജ്ജിന് വരുന്നവരോടായി അറഫയില്‍വെച്ച് നബി പറഞ്ഞുകൊണ്ടിരുന്നതായി ജാബിറുബ്‌നു അബ്ദില്ല (റ) നിവേദനം ചെയ്യുന്നുണ്ട്.(അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ)
തന്നെക്കൊണ്ടാവുന്ന വിധത്തില്‍ ഓരോ തീര്‍ഥാടകരെയും നേരില്‍ കണ്ട് അവരുടെ പേര് വിളിച്ചുകൊണ്ട് പ്രവാചകൻ (സ) ഇങ്ങനെ പറയുമായിരുന്നുവത്രെ: ‘ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാണ്. അവനെ ആരാധിക്കണമെന്നും അവനില്‍ ആരെയും പങ്കുചേര്‍ക്കരുതെന്നും അവന്‍ കല്‍പിച്ചിരിക്കുന്നു. അവനെയല്ലാതെ നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നവയെയെല്ലാം നിങ്ങള്‍ കയ്യൊഴിക്കുക; എന്നില്‍ വിശ്വസിക്കുകയും എന്നെ സംരക്ഷിക്കുകയും ചെയ്ത് എന്തിനാണോ ഞാന്‍ അയക്കപ്പെട്ടത് അത് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുവാന്‍ എനിക്ക് അവസരം നല്‍കുക'(മുസ്‌നദ് ഇമാം അഹ്മദ് ). ഈ സംസാരങ്ങളിലൊന്നും തന്നെ അധികാര സംസ്ഥാപനത്തിന്റെയോ അതിനുള്ള ഒരുക്കത്തിന്റെയോ പ്രതീക്ഷയുടെയോ ലാഞ്ചനകളൊന്നും കാണാനാവുന്നില്ലെങ്കില്‍ പിന്നെ ഹിജ്‌റയുടെ ലക്ഷ്യം രാഷ്ട്രസംസ്ഥാപനമായിരുന്നുവെന്ന് കരുതുന്നതിന് എന്ത് ന്യായീകരണമാണുള്ളത്.

താന്‍ സഹായമഭ്യര്‍ഥിക്കുന്ന തീര്‍ഥാടകരുടെയെല്ലാം പിന്നില്‍ നടന്ന് അബൂലഹബ് പിന്തിരിപ്പിക്കുകയും അപവാദ പ്രചരണം നടത്തുകയും ചെയ്യുന്ന അവസ്ഥ സംജാതമായപ്പോള്‍ രഹസ്യമായി ഗോത്ര നേതാക്കളെ സന്ദര്‍ശിച്ച് സംരക്ഷണം അഭ്യര്‍ഥിക്കുന്ന പ്രവാചകനിലും (സ) നാം കാണുന്നത് ഒരു അധികാര കേന്ദ്രമന്വേഷിക്കുന്ന രാഷ്ട്രീയ നേതാവിനെയല്ല, പ്രത്യുത ആദര്‍ശ പ്രചരണ സ്വാതന്ത്ര്യത്തിന് ദാഹിക്കുന്ന ദൈവദൂതനെയാണ്. കിന്‍ക, കല്‍ബ്, ബനൂ ആമിര്‍, ബനൂ ഹനീഫ, മുഹാരിബ്, ഫുസാറ, ഗസ്സാന്‍, മുര്‍റ, ഹനീഫ, സുലൈം, അബ്‌സ്, ബനൂ നസ്വ്‌റ്, ബനൂ അല്‍ ബക്കാഅ്, അല്‍ ഹാരിഥ്, ഉദ്‌റ, ഹദാറമ തുടങ്ങിയ ഗോത്രങ്ങള്‍ക്കടുത്തെത്തി തന്നെയും തന്റെ ആദര്‍ശ പ്രചരണത്തെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമാണ് പ്രവാചകൻ (സ) ചെയ്തത്. അവിടെയൊന്നും തന്നെ അധികാര സ്ഥാപനത്തിന്റെ യാതൊരു പരാമര്‍ശവും കാണാന്‍ കഴിയില്ല. പ്രവാചകനോട്‌ (സ) വളരെ മോശമായി പെരുമാറിയ ഗോത്രങ്ങളിലൊന്ന് ബനൂ ആമിറുബ്‌നു സഅ്‌സാഅ് ആയിരുന്നു. തന്റെ സംരക്ഷണാഭ്യര്‍ഥനക്ക് മറുപടിയായി ബനൂ ആമിര്‍ ഗോത്രത്തിലെ ബൈഹറാബ്‌നു ഫിറാസ് ‘താങ്കളുമായി ഞങ്ങള്‍ ഉടമ്പടി ചെയ്യുകയും എന്നിട്ട് അറബികള്‍ക്കുമേല്‍ അല്ലാഹു താങ്കളെ വിജയിപ്പിക്കുകയും ചെയ്താല്‍ താങ്കള്‍ക്കുശേഷം ഞങ്ങള്‍ക്ക് അധികാരം നല്‍കുമോ?’യെന്ന് ചോദിച്ചപ്പോള്‍ ‘കാര്യം അല്ലാഹുവിന്റെ പക്കലാണ്; അവര്‍ ഉദ്ദേശിക്കുന്നയിടത്താണ് അവനത് വെക്കുക’യെന്നാണ് പ്രവാചകൻ (സ) മറുപടി പറഞ്ഞത്. ‘നിനക്കുവേണ്ടി ഞങ്ങള്‍ ഞങ്ങളുടെ കഴുത്തുകള്‍ അറബികളുടെ വാളുകള്‍ക്ക് മുന്നില്‍ വെക്കുകയും അവസാനം വിജയിക്കുമ്പോള്‍ നേതൃത്വം മറ്റുള്ളവര്‍ക്കും അല്ലേ… നിന്റെ ഈ കാര്യം ഞങ്ങള്‍ക്കാവശ്യമില്ല’യെന്ന് പറഞ്ഞാണ് അവര്‍ അല്ലാഹുവിന്റെ ദൂതനെ തിരിച്ചയച്ചത്.

ഹജ്ജിന് വരുന്നവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്ന സന്ദര്‍ഭത്തില്‍ സത്യദീനിന്റെ സൗരഭ്യം മനസ്സിലാക്കി അത് സ്വീകരിക്കുവാന്‍ ഭാഗ്യം ലഭിച്ചവരിലൂടെയാണ് ഇസ്‌ലാം ആദ്യമായി യഥ്‌രിബിലെത്തുന്നതും നബി (സ)യുടെ പലായനത്തിന്റെ വാതില്‍ തുറന്നതും. കവിയും ബുദ്ധിജീവിയും ഉന്നതകുലജാതനും ധൈര്യശാലിയുമെല്ലാമായതിനാല്‍ പൂര്‍ണനെന്ന് (അല്‍ കാമില്‍) വിളിക്കപ്പെട്ടിരുന്ന സുബൈദ് ബ്‌നു സാമിതും ഖസ്‌റജുകാര്‍ക്കെതിരെ കക്ഷിചേരുവാന്‍ ഖുറൈശികളോട് അഭ്യര്‍ഥിക്കാന്‍ വന്ന സംഘത്തിലെ യുവാവായിരുന്ന ഇയാസ് ബ്‌നു മുആദുമെല്ലാം പ്രവാചകന്റെ (സ) പ്രബോധനത്തില്‍ ആകൃഷ്ടരായി ഇസ്‌ലാം സ്വീകരിച്ച യഥ്‌രിബുകാരായിരുന്നു.

വ്യക്തിപരമായ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ മെല്ലെ മെല്ലെ യഥ്‌രിബിലേക്ക് പ്രവേശിച്ചുകൊണ്ടിരുന്ന ഇസ്‌ലാമിന്റെ വെളിച്ചം പടര്‍ന്ന് പരന്ന് പ്രവാചകന്റെ (സ) പട്ടണമായിത്തീരുന്നതിലേക്ക് തിരിയുന്നതിന് കാരണമായിത്തീര്‍ന്ന ആദ്യ സംഭവം പ്രവാചക നിയോഗത്തിന്റെ പതിനൊന്നാം വര്‍ഷം നബിയുംല ഖസ്‌റജ് ഗോത്രക്കാരും തമ്മില്‍ നടന്ന ഒരു കൂടിക്കാഴ്ചയായിരുന്നു. ഖസ്‌റജുകാരുമായി നബി (സ) നടത്തിയ കൂടിക്കാഴ്ചയില്‍ ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും താന്‍ ദൈവദൂതനാണെന്ന വസ്തുത വ്യക്തമാക്കുകയും ചെയ്തപ്പോള്‍ അവരോടൊപ്പം യഥ്‌രിബില്‍ വസിച്ചിരുന്ന ജൂതന്‍മാരില്‍നിന്ന് അന്തിമപ്രവാചകന്റെ ആഗമനമുണ്ടാകുമെന്ന് മനസ്സിലാക്കിയിരുന്ന അവര്‍ക്ക് അദ്ദേഹത്തില്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടായില്ല. അവരെല്ലാവരും മുസ്‌ലിംകളായിത്തീരുകയും അവരുടെ നാട്ടുകാര്‍ക്ക് ഇസ്‌ലാം എത്തിച്ചുകൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ആഭ്യന്തര യുദ്ധങ്ങളാല്‍ പരസ്പരം ശത്രുതയില്‍ വര്‍ത്തിക്കുന്ന തങ്ങളുടെ ജനത ഇസ്‌ലാമിലൂടെ ഒറ്റക്കെട്ടായിത്തീര്‍ന്നാല്‍ പ്രവാചകൻ (സ)നെക്കാള്‍ പ്രതാപവാനായി ആരുമില്ലാത്ത അവസ്ഥാവിശേഷമുണ്ടാകുമെന്ന് പ്രത്യാശ പുറപ്പെടുവിച്ചുകൊണ്ടാണ് ആ ഖസ്‌റജുകാര്‍ പിന്നീട് നബി (സ) യുടെ പട്ടണമായി-മദീനത്തുല്‍ റസൂല്‍ അറിയപ്പെട്ട യഥ്‌രിബിലേക്ക് യാത്രതിരിച്ചത്.

അധികാരകേന്ദ്രമന്വേഷിച്ചുള്ള പ്രയാണമല്ല, പ്രത്യുത ആദർശമനുസരിച്ച് ജീവിക്കുവാനും അത് പ്രബോധനം ചെയ്യുന്നതിനുമുള്ള സ്വാതന്ത്യവും തേടിയുള്ള യാത്രയാണ് യഥാർത്ഥത്തിൽ പ്രവാചകനെ മദീനയിലെത്തിച്ചതെന്ന വസ്തുതയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

print

1 Comment

  • Anonymous 18.03.2020