നബിയുടെ (സ) ബഹുഭാര്യാത്വം മാതൃകാപരമോ ?

/നബിയുടെ (സ) ബഹുഭാര്യാത്വം മാതൃകാപരമോ ?
/നബിയുടെ (സ) ബഹുഭാര്യാത്വം മാതൃകാപരമോ ?

നബിയുടെ (സ) ബഹുഭാര്യാത്വം മാതൃകാപരമോ ?

ഒരേ സമയം ഒൻപത് ഭാര്യമാരുണ്ടായിരുന്ന നബിയുടെ (സ) ദാമ്പത്യജീവിതം മാതൃകാപരമാണെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്?

ജീവിതത്തിലെവിടെയും കളങ്കത്തിന്റെ ലാഞ്ചനകളൊന്നുമില്ലാതെ ജീവിക്കുകയും തന്റെ വിശുദ്ധജീവിതം വഴി അവസാനനാളുവരെ ലോകത്തിന് മാതൃകയാക്കാന്‍പറ്റുന്ന പതിനായിരങ്ങളെ സൃഷ്ടിക്കുകയും ചെയ്ത നബി(സ)യുടെ ദാമ്പത്യജീവിതം അവസാന നാളുവരെയുള്ള മനുഷ്യർക്കെല്ലാം സംതൃപ്തദാമ്പത്യത്തിനുള്ള മാതൃകയാനിന്ന കാര്യത്തിൽ ആ ജീവിതത്തെ മുൻധാരണയില്ലാതെ പഠനവിധേയമാക്കിയവർക്കൊന്നും സംശയമുണ്ടാവില്ല.

നബിയുടെ (സ) ബഹുഭാര്യാത്വം നബിനിന്ദകരുടെ വിഷയമാകുന്നതും അതിനെ വൃത്തികെട്ട രൂപത്തിൽ ചിത്രീകരിക്കുന്നതും തങ്ങള്‍ രതിയിലേര്‍പ്പെടുന്നവരുടെ പൂര്‍ണമായ ഉത്തരവാദിത്വമേറ്റെടുക്കാന്‍ പുരുഷന് ബാധ്യതയുണ്ടെന്ന അദ്ദേഹത്തിന്റെ നിഷ്‌കൃഷ്ടമായ അനുശാസന നിന്ദകർക്കും അവരുടെ ഭൗതികാസ്വാദനത്തിന്റെ പ്രത്യയശാസ്ത്രത്തിനും അരോചകമാകുന്നതുകൊണ്ടാണ്. പെണ്ണിന്റെ ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കാതെ അവളില്‍നിന്ന് ലൈംഗികസുഖം നുണയാവുന്ന സാമൂഹ്യസാഹചര്യങ്ങള്‍ക്കാവശ്യമായ നിയമങ്ങള്‍ നിര്‍മിക്കുന്ന മുതലാളിത്ത ആണ്‍കോയ്മയുടെ കണ്ണട ധരിച്ചവര്‍ക്ക് പ്രവാചകന്റെ (സ) വിശുദ്ധജീവിതത്തിന്റെ അര്‍ത്ഥപൂര്‍ണിമ അറിയാന്‍ കഴിയില്ല. വിവാഹവും വ്യഭിചാരവും തമ്മിലുള്ള വ്യത്യാസമെന്താണെന്നുപോലും അവര്‍ക്ക് മനസ്സിലാവില്ല. മുഹമ്മദ് നബി(സ)ക്ക് ഒരേസമയം ഒന്‍പ്ത ഭാര്യമാരുണ്ടായിരുന്നുവെന്ന് നിന്ദാസ്വരത്തില്‍ പറയുന്നവര്‍ കരുതുന്നത് നിരവധി സ്ത്രീകളുമായി രമിക്കുകയും അവര്‍ക്കുള്ളത് അപ്പോള്‍തന്നെ കൊടുത്തുവിടുകയും ചെയ്യുന്ന വൃത്തികെട്ട സ്വതന്ത്രരതീ സംസ്‌കാരത്തിന് തുല്യമാണ് പ്രവാചകന്‍ (സ) തന്റെ ബഹുഭാര്യത്വത്തിലൂടെ പഠിപ്പിച്ച സംസ്‌കാരവുമെന്നാണ്. ഇണകളുടെയെല്ലാം പൂര്‍ണമായ ഉത്തരവാദിത്തമേറ്റെടുക്കുകയും അവര്‍ക്കെല്ലാം സംതൃപ്തമായ ദാമ്പത്യജീവിതം നല്‍കുകയും ചെയ്ത പ്രവാചകന്‍ ലോകത്തിനുപഠിപ്പിച്ച ധാര്‍മികതയെവിടെ? കൂടെ കിടന്നവളില്‍ മാംസം മാത്രം കാണുകയും അവളുടെ മാംസത്തിന് വില പറഞ്ഞുറപ്പിച്ച് അവളില്‍ സുഖമനുഭവിച്ച് അവളെ വലിച്ചെറിയുന്ന ആണ്‍കോയ്മാ ലൈംഗിക സംസ്‌കാരത്തിന്റെ ധാര്‍മികതയെവിടെ?

ഇണകളില്‍ നിന്നേ ലൈംഗികതയാസ്വദിക്കുവാന്‍ പാടുള്ളുവെന്ന് കരുതുന്നവര്‍ക്ക് മാത്രമാണ് നബി(സ)യുടെ ജീവിതത്തില്‍ മാതൃകയുള്ളതെന്നാണ് സ്വതന്ത്രരതിയുടെ ഭൂമികയില്‍ നിന്നുകൊണ്ട് നബി(സ)യെ തെറി പറയുകയും അദ്ദേഹത്തില്‍ മാതൃകയില്ലെന്ന് കരയുകയും ചെയ്യുന്നവരോട് ഒന്നാമതായി പറയാനുള്ളത്. ലൈംഗികസുഖം അനുഭവിക്കുകയും സ്വന്തം ഇണക്ക് അതിനുള്ള അവസരമുണ്ടാക്കുകയും ചെയ്യുന്നത് പുണ്യമാണെന്നും അതിന് പടച്ചവന്‍ പ്രതിഫലം നല്‍കുമെന്നും പഠിപ്പിച്ച ആത്മീയാചാര്യനാണ് മുഹമ്മദ് നബി(സ). സമ്പൂര്‍ണജീവിതത്തിന്റെ സവിശേഷമാതൃകയാണ് പ്രവാചകവ്യക്തിത്വത്തിലുടനീളം നമുക്ക് കാണാനാവുക.

ഏകഭാര്യത്വവും ബഹുഭാര്യത്വവും സ്വീകരിക്കുവാന്‍ സ്വാതന്ത്ര്യവും അവകാശവുമുള്ള മുസ്‌ലിംകള്‍ക്ക് ഈ രണ്ട് രംഗങ്ങളിലുമുള്ള പ്രവാചകമാതൃകയില്‍ നിന്ന് ഏറെ പഠിക്കുവാനുണ്ട്. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ തന്നേക്കാള്‍ പ്രായക്കൂടുതലുള്ള ഒരു വിധവയെ വിവാഹം ചെയ്യുകയും നീണ്ട ഇരുപത്തിയഞ്ച് വര്‍ഷക്കാലം ആ ദാമ്പത്യം തുടരുകയും മക്കളുണ്ടാവുകയും പേരക്കുട്ടികളുണ്ടാവുകയുമെല്ലാം ചെയ്തിട്ടും ദാമ്പത്യജീവിതത്തിന്റെ മധുരിമ നിലനിര്‍ത്തിക്കൊണ്ട് തന്റെ ഇണയുടെ മരണം വരെ അവരോടൊപ്പം ജീവിക്കുകയും ചെയ്ത മുഹമ്മദ് (സ)-ഖദീജ (റ) ദാമ്പത്യത്തില്‍ ഏകഭാര്യത്വം സ്വീകരിക്കുന്ന മുസ്‌ലിംകള്‍ക്ക് കൃത്യമായ മാതൃകയുണ്ട്.

വൈധവ്യവും അനാഥത്വവും പേറേണ്ടി വരുന്ന പെണ്ണവസ്ഥകളില്‍ അവര്‍ക്ക് താങ്ങും തണലുമായിത്തീരുവാനും അതോടൊപ്പം ദാമ്പത്യജീവിതം ആസ്വദിക്കുവാനും അങ്ങനെ ബഹുഭാര്യത്വം ഉപയോഗിക്കാനാകുമെന്നും, എല്ലാ ഇണകള്‍ക്കും സംതൃപ്തമായ ദാമ്പത്യജീവിതം പ്രദാനം ചെയ്തുകൊണ്ട് മുസ്‌ലിം പുരുഷന് എങ്ങനെ നീതിമാനായ ഒരു ബഹുഭാര്യനായിത്തീരാമെന്നും പ്രവാചകന്റെ (സ) ബഹുഭാര്യത്വം നമുക്ക് മാതൃക കണിച്ചുതരുന്നുണ്ട്. ലൈംഗികസുഖമാസ്വദിക്കുന്നതിനുവേണ്ടി മാത്രമുള്ളതാണ് ഭാര്യ-ഭര്‍തൃ ജീവിതമെന്നു കരുതുന്നവര്‍ക്ക് പ്രവാചകന്റെ ഏകഭാര്യത്വത്തിലോ ബഹുഭാര്യത്വത്തിലോ മാതൃക കണ്ടെത്താനാവുകയില്ല. ഒന്നാണെങ്കിലും ഒന്നിലധികമാണെങ്കിലും ഇണകളുടെയെല്ലാം ഉത്തരവാദിത്തമേറ്റെടുക്കുകയും അവരുടെ അബലതകളില്‍ താങ്ങും തണലുമായി നില്‍ക്കുകയുമാണ് മുസ്‌ലിം പുരുഷന്റെ ഉത്തരവാദിത്തമെന്ന് പഠിപ്പിക്കപ്പെട്ടവര്‍ക്കു പ്രവാചകനില്‍ (സ) സമ്പൂര്‍ണമായ മാതൃക കാണാന്‍ കഴിയുകയും ചെയ്യും. പ്രവാചകജീവിതത്തിനല്ല നബിനിന്ദകരുടെ ഭൂമികയ്ക്കാണ് കുഴപ്പമെന്ന് സാരം.

ദുരിതമനുഭവിക്കുന്ന സഹോദരിമാരുടെ കരച്ചില്‍ കേള്‍ക്കാതെ അവരെ തെരുവിന് നല്‍കുന്നതാണ് ആധുനികതയെന്ന് കരുതുന്നവര്‍ പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്ക് സ്വന്തം ജീവിതത്തിന്റെ തണലേകി സംരക്ഷിക്കണമെന്ന് സ്വന്തം മാതൃകയിലൂടെ കാണിച്ചുകൊടുത്ത അന്തിമപ്രവാചകനില്‍ (സ) നിന്ന് ഏറെ പഠിക്കേണ്ടതുണ്ട്. തന്റെ ആദ്യഭാര്യയായിരുന്ന ഖദീജ(റ)യുടെ വിയോഗാനന്തരമുള്ള ഓരോ പ്രവാചകവിവാഹങ്ങളിലും ദാമ്പത്യജീവിതമെന്നതിലുപരിയായ വലിയ ലക്ഷ്യങ്ങള്‍ കാണാന്‍ കഴിയും. വിധവയും മാതാവുമായ സൗദ ബിന്‍ത് സംഅയെന്ന അറുപതുകാരിയാണ് പ്രവാചകന്റെ (സ) ബഹുഭാര്യത്വജീവിതത്തിലേക്ക് ആദ്യമായി കടന്നുവന്ന സഖി. ഭര്‍തൃവിയോഗത്തിനുശേഷം അനാഥത്വത്തിന്റെ കയ്പുനീര്‍ കുടിച്ചുകൊണ്ടിരുന്ന, ആദ്യകാലത്ത് ഇസ്‌ലാം സ്വീകരിച്ച് ധൈര്യം കാണിച്ച ആ മാതൃകാവനിതയെ അവരുടെ വാര്‍ദ്ധക്യത്തിന്റെ തുടക്കത്തില്‍ തന്റെ സഖിയായി സ്വീകരിച്ച് മാതൃകയാവുകയായിരുന്നു നബി(സ). അബുസല്‍മയുടെ വിയോഗത്തിനുശേഷം പിഞ്ചുപൈതങ്ങളോടെ അവരുടെ മാതാവായ ഉമ്മുസല്‍മയെ ഏറ്റെടുക്കുകയും അനാഥത്വത്തില്‍നിന്ന് അവരെയും മക്കളെയും കരകയറ്റുകയും ചെയ്ത പ്രവാചകനില്‍ (സ) പറക്കമുറ്റാത്ത കുഞ്ഞുങ്ങളുണ്ടായിരിക്കെ മരണപ്പെടുന്നവരുടെ മക്കളെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന വലിയ മാതൃകയുണ്ട്. തന്റെ സന്തതസഹചാരിയായിരുന്ന ഉമറി(റ)ന്റെ മകള്‍ ഹഫ്‌സ(റ)യെ അവരുടെ ഭര്‍ത്താവായ ഖുനൈസുബ്‌നു ഹുദൈഫ മരണപ്പെട്ടപ്പോള്‍ ഏറ്റെടുത്ത പ്രവാചകനില്‍ (സ) അനുയായികളുടെ സങ്കടങ്ങള്‍ക്ക് പ്രായോഗികപരിഹാരം നിര്‍ദ്ദേശിക്കുകയും അവരുടെ ബാധ്യതകളെ സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കുകയും ചെയ്യുന്ന നേതാവിന്റെ മാതൃകയുണ്ട്.

ബദ്‌റില്‍ വെച്ച് മരണപ്പെട്ട ഭര്‍ത്താവിന്റെ വിയോഗത്താല്‍ സങ്കടമനുഭവിക്കുന്ന സൈനബ് ബിന്‍ത് ഖുസൈമയെ അവരുടെ തന്നെ ആവശ്യപ്രകാരം വിവാഹം ചെയ്തുകൊണ്ട് യുദ്ധത്തില്‍ മരണപ്പെട്ട മറ്റുള്ളവരുടെ വിധവകളെ ഏറ്റെടുക്കാന്‍ അനുചരന്‍മാരെ പ്രേരിപ്പിക്കുകയായിരുന്നു നബി(സ). ഇസ്‌ലാം സ്വീകരിച്ച ആദ്യപുരുഷനും തന്റെ സഖാക്കളില്‍ പ്രഥമഗണനീയനുമായ അബുബക്കറി(റ)ന്റെ മകള്‍ ആയിശ(റ)യുമായുള്ള വിവാഹത്തില്‍ കുടുംബബന്ധങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സൗഹൃദത്തെ ദൃഢീകരിക്കുന്നതെങ്ങനെയെന്ന മാതൃകയുണ്ട്. പ്രവാചകന്‍ (സ) സ്വീകരിച്ച ഒരേയൊരു കന്യകയായ ആയിശ (റ) ദാമ്പത്യബന്ധത്തില്‍ സ്വീകരിച്ചുപോന്ന പ്രവാചകമാതൃകകളുള്‍ക്കൊള്ളുന്ന നിരവധി ഹദീഥുകള്‍ നിവേദനം ചെയ്തുകൊണ്ട് പ്രസ്തുത വിവാഹത്തിലൂടെയുള്ള സാമൂഹികലക്ഷ്യം നിറവേറ്റി മാതൃകയാവുകയും ചെയ്തു. അബ്‌സീനിയായിലേക്ക് പാലായനം ചെയ്ത് തന്നോടൊപ്പം താങ്ങായി നിന്നിരുന്ന ഭര്‍ത്താവ് മതം മാറി മദ്യപനായിത്തീരുകയും മക്കയിലുള്ള പിതാവും സഹോദരങ്ങളും ഇസ്‌ലാമിനോടുള്ള ശത്രുത പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ തികച്ചും അനാഥയും അഗതിയുമായിത്തീര്‍ന്ന ഉമ്മു ഹബീബ(റ)യെ മദീനാരാഷ്ട്രത്തിന്റെ തലവനായ പ്രവാചകന്‍ (സ) സ്വീകരിച്ചുകൊണ്ട് അശരണര്‍ക്ക് താങ്ങായിത്തീരുകയെന്ന ദൗത്യനിര്‍വഹണത്തിന് വിവാഹബന്ധത്തെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിക്കുകയാണ് ചെയ്തത്.

പുതിയ സൗഹൃദങ്ങളിലൂടെ വ്യത്യസ്ത ഗോത്രങ്ങളുടെ ശാത്രവം കുറച്ചുകൊണ്ടുവരികയെന്ന ലക്ഷ്യമാണ് മൈമുന(റ)യുമായുള്ള വിവാഹത്തില്‍ നമുക്ക് കാണാനാവുക. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന വനിതകളെ യുദ്ധത്തടവുകാരാക്കി അടിമകളാക്കുന്ന, അന്ന് നിലനിന്നിരുന്ന സമ്പ്രദായത്തില്‍ നിന്നുമാറി, അവരെ ഇണകളാക്കാനാവുന്നവര്‍ അങ്ങനെ ചെയ്യുകയാണ് വേണ്ടതെന്ന പാഠമാണ് ജുവൈരിയ(റ)യുമായും സ്വഫിയ്യ(റ)യുമായുള്ള വിവാഹങ്ങളിലൂടെ നബി (സ) പഠിപ്പിച്ചത്. ബനൂ മുസ്തലഖ് യുദ്ധത്തില്‍ പിടിക്കപ്പെട്ട ഗോത്രനേതാവിന്റെ മകളായ ജുവൈരിയ(റ)യെ സ്വതന്ത്രമാക്കി  വിവാഹം ചെയ്യുകവഴി അവരില്‍ നിന്ന് പിടിക്കപ്പെട്ടവരെയെല്ലാം സ്വതന്ത്രമാക്കുവാന്‍ മുസ്‌ലിം പടയാളികള്‍ സന്നദ്ധമാവുകയും അതുവഴി ആ ഗോത്രം മുഴുവന്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തുവന്നതാണ് ചരിത്രം.

മാതാക്കളായും മക്കളായും തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ വിളിക്കുകയും അവരുമായി ആ രൂപത്തിലുള്ള ബന്ധം പ്രഖ്യാപിക്കുകയും ചെയ്തിരുന്ന അജ്ഞാതകാലത്തെ സമ്പ്രദായത്തിന് അറുതി വരുത്തുകയെന്ന വലിയ ലക്ഷ്യത്തിനുവേണ്ടി അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം നടന്നതാണ് സൈനബ് ബിന്‍ത് ജഹ്ശു (റ)മായുള്ള പ്രവാചകവിവാഹം.

ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലുമെന്നതുപോലെ ഓരോ പ്രവാചകവിവാഹങ്ങളിലും വലിയ മാതൃകകളുണ്ടെന്ന വസ്തുതയാണ് ആ ജീവിതത്തെ വസ്തുനിഷ്ഠമായി പഠിച്ചവർക്കെല്ലാം മനസ്സിലാവുക.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

6 Comments

  • നബി(സ)യുടെ ചില വിവാഹങ്ങളെപ്പറ്റിയുള്ള വിമർശനങ്ങൾ നാം പതിവായി ഇസ്ലാം വിമർശകരിൽ നിന്ന് കേൾക്കാറുള്ളതാണ്. നബിനിന്ദാ ലേഖനങ്ങളും പ്രസംഗങ്ങളും സിനിമകളും എല്ലാം അധികവും നബിയുടെ വിവാഹങ്ങളെപ്പറ്റിയും ഭാര്യമാരെപ്പറ്റിയുമായി ബന്ധപ്പെട്ടതാണ്. അതിനാൽ ഓരോ വിവാഹങ്ങളെപ്പറ്റിയും അവയുടെ സാഹചര്യങ്ങളെപ്പറ്റിയും ഭാര്യമാരെപ്പറ്റിയും മറ്റും എല്ലാമുള്ള വിമർശനങ്ങൾക്ക് മറുപടിയായി വിശദമായ ഒരു ലേഖനം പ്രസിദ്ധീകരിക്കുമെന്ന് കരുതുന്നു. പുതിയ പുതിയ വിമർശനങ്ങൾ വരുമ്പോൾ അവക്ക് കൂടി മറുപടി കൊടുത്ത് അപ്ഡേറ്റ് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.

    Abdurahman 07.09.2020
  • മാരിയ യുടെ കാര്യം അറിയണമെന്നുണ്ട്.
    അവർ ഉമ്മഹാത്തിൽ പ്പെടുന്നുണ്ടോ ?
    നബി(സ) മഹ്ർ നൽകി അവരെ വിവാഹം ചെയ്തിരുന്നോ ?
    അതല്ലാത്ത നിലയിൽ ലൈംഗികമായി ഉപയോഗിച്ചിരുന്നുവോ ?
    അതിൽ ആയിഷ സഫിയ്യ .. തുടങ്ങിയ ഭാര്യമാർക്ക് അതൃപ്തിയും മുറുമുറുപ്പും ഉണ്ടായിരുന്നോ?

    K M JABIR 03.11.2021
  • മാരിയ (റ) യുടെ കാര്യം അറിയണമെന്നുണ്ട്.
    അവർ ഉമ്മഹാത്തിൽ ഉൾപ്പെടുന്നുണ്ടോ ?
    നബി (സ) അവർക്ക് മഹ്ർ നൽകി വിവാഹം ചെയ്തിട്ടുണ്ടോ?
    അടിമയായിരിക്കെ അവരുമായി ലൈംഗിക ബന്ധം പുലർത്തി വന്നിരുന്നുവോ?
    മറ്റു ഭാര്യമാർക്ക് അക്കാര്യത്തിൽ മുറുമുറുപ്പ് ഉണ്ടായിരുന്നോ ?

    KM JABIR 03.11.2021
  • KM JABIR 03.11.2021
  • മാരിയത്തുൽ ഖിബ്ത്വിയ്യയുടെ History അറിയണം

    KM JABIR 03.11.2021
  • ഒന്നാമത് കമന്റ് ബോക്സിൽ ഞാനെഴുതിയ കമന്റ് Send ചെയ്തതിനു ശേഷം Success കണ്ടെങ്കിലും കമന്റ് കണ്ടില്ല. കൺഫ്യൂഷനായി. വീണ്ടും കമന്റിട്ടു. പിന്നെയും Success കണ്ടെങ്കിലും കമന്റ് തെളിഞ്ഞുവന്നില്ല. പിന്നെയും എഴുതി സബ്മിറ്റ് ചെയ്തു…….. ഒടുവിൽ സൈറ്റ് ക്ലോസ് ചെയ്തു. പിന്നെ വീണ്ടും തുറന്നപ്പോൾ എല്ലാ കമന്റുകളും ദാ…..
    സോറി,

    KM JABIR 03.11.2021