ഏറ്റവും പ്രധാനപ്പെട്ട ജിഹാദ് എന്താണ്?

/ഏറ്റവും പ്രധാനപ്പെട്ട ജിഹാദ് എന്താണ്?
/ഏറ്റവും പ്രധാനപ്പെട്ട ജിഹാദ് എന്താണ്?

ഏറ്റവും പ്രധാനപ്പെട്ട ജിഹാദ് എന്താണ്?

സ്വന്തം തൃഷ്ണകളോട് ചെയ്യുന്ന പോരാട്ടമാണ് ഏറ്റവും വലിയ ജിഹാദെന്നും ജീവത്യാഗമാവശ്യപ്പെടുന്ന സായുധാജിഹാദിന് പോവുന്നവർ ആദ്യം ചെയ്യേണ്ടത് സ്വന്തത്തോടുള്ള ജിഹാദാണെന്നും പ്രവാചകവചങ്ങളുടെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.  ജിഹാദിനെക്കുറിച്ച് വര്‍ഗീകരിച്ചു വിശദീകരിച്ച പണ്ഡിതന്‍മാരില്‍ പ്രമുഖനാണ് ഹിജ്‌റ എട്ടാം നൂറ്റാണ്ടില്‍ മരണപ്പെട്ട ഇമാം ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസിയ്യഃ (ക്രി. 1292-1350). സ്വന്തത്തോടുള്ളത് (ജിഹാദുന്നഫ്‌സ്), ചെകുത്താനോടുള്ളത് (ജിഹാദുശ്‌ശൈത്വാന്‍), സത്യനിഷേധികളോടും കപട വിശ്വാസികളോടുമുള്ളത് (ജിഹാദുല്‍ കുഫ്ഫാറു വല്‍ മുനാഫിഖീന്‍), അനീതിയുടെയും തിന്‍മകളുടെയും അനാചാരങ്ങളുടെയും ആളുകള്‍ക്കെതിരെയുള്ളത് (ജിഹാദു അര്‍ബാബുദ്ദ്വുല്‍മി വല്‍ ബിദ്ഇ വല്‍ മുന്‍കറാത്ത്) എന്നിങ്ങനെ നാലായി ജിഹാദിനെ വര്‍ഗീകരിക്കാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

സ്വന്തത്തോടുള്ള ജിഹാദില്‍ നിന്നാണ് ഒരാള്‍ തന്റെ ഇസ്‌ലാമിക ജീവിതം ആരംഭിക്കുന്നത്. സ്വന്തം താല്‍പര്യങ്ങളുടെയും ആഗ്രഹങ്ങളുടെയും തൃഷ്ണയുടെയും തടവറയില്‍ നിന്ന് സ്വയം മോചിതനായി ദൈവിക നിയമങ്ങള്‍ക്ക് വിധേയനാവലാണ് സ്വന്തത്തോടുള്ള ജിഹാദ്. നാലു രൂപത്തിലാണ് ഒരാള്‍ സ്വന്തത്തോട് പോരാടുന്നത്. ദൈവിക മതത്തിന്റെ യഥാര്‍ഥമായ മാര്‍ഗദര്‍ശനത്തെക്കുറിച്ച കൃത്യമായ പഠനം, അറിവു ലഭിച്ച കാര്യങ്ങളുടെ പ്രയോഗവല്‍ക്കരണം, താന്‍ അറിഞ്ഞ കാര്യങ്ങള്‍ അത് അറിയാത്തവര്‍ക്ക് പഠിപ്പിച്ചുകൊടുക്കുക, ദൈവിക മാര്‍ഗത്തിലേക്കുള്ള ക്ഷണത്തിന്റെ പാതയില്‍ ത്യാഗങ്ങള്‍ സഹിക്കേണ്ടി വരുമ്പോള്‍ ക്ഷമിക്കുക എന്നിവയാണ് ജിഹാദുന്നഫ്‌സിന്റെ നാല് രൂപങ്ങള്‍.

ജിഹാദുശ്‌ശൈത്വാനിന് രണ്ടു രൂപങ്ങളാണുള്ളത്. ശരിയായ വിശ്വാസത്തെ നശിപ്പിക്കാനായി പിശാച് മനസ്സില്‍ ചെലുത്തുന്ന സംശയങ്ങളെ ദൂരീകരിക്കുകയും അതിനെതിരെ സജ്ജമാവുകയും ചെയ്യുന്നതും തെറ്റായ താല്‍പര്യങ്ങളും അനനുവദനീയമായ തൃഷ്ണകളും വളര്‍ത്തി പ്രലോഭിപ്പിക്കുവാന്‍ വേണ്ടിയുള്ള പിശാചിന്റെ പരിശ്രമങ്ങളെ ചെറുക്കുകയും അവഗണിക്കുകയും ചെയ്യുന്നതുമാണ് ജിഹാദുശ്‌ശൈത്വാനിന്റെ രൂപങ്ങള്‍. നാല് രൂപത്തിലാണ് ഒരാള്‍ ജിഹാദുല്‍ കുഫ്ഫാര്‍ വല്‍ മുനാഫിഖീന്‍ നിര്‍വഹിക്കുന്നത്. ഹൃദയം കൊണ്ടും നാവുകൊണ്ടും സമ്പത്തുകൊണ്ടും ശരീരംകൊണ്ടും നടത്തുന്നവയാണ് അവ.

അനീതിയുടെയും അനാചാരങ്ങളുടെയും തിന്‍മകളുടെയും വക്താക്കള്‍ക്കെതിരെ നടത്തുന്ന ജിഹാദിന് മൂന്ന് രൂപങ്ങളാണുള്ളത്. കൈകൊണ്ടുള്ളത്, നാവുകൊണ്ടുള്ളത്, മനസ്സുകൊണ്ടുള്ളത് എന്നിവയാണവ.(1)

ഇബ്‌നുല്‍ ഖയ്യിം വര്‍ഗീകരിച്ച നാലുതരം ജിഹാദുകളും മക്കയില്‍ വെച്ചുതന്നെ പ്രവാചകനും(സ) അനുചരന്‍മാരും പ്രവാര്‍ത്തികമാക്കിയിരുന്നുവെന്ന് കാണാനാവും. മൂന്നാമത്തെ തരമായി എണ്ണിയ സത്യനിഷേധികളോടും കപടവിശ്വാസികളോടുമുള്ള ജിഹാദില്‍, കപടവിശ്വാസികളോടുള്ള ജിഹാദ് മാത്രമാണ് മദീനയിലെത്തിയശേഷം മാത്രമായി നിര്‍വഹിക്കപ്പെട്ടത്. മക്കയിലെ പീഡിപ്പിക്കപ്പെട്ട നാളുകളില്‍ പ്രവാചകാനുചരന്‍മാരോടൊപ്പം മുനാഫിഖുകള്‍ ഉണ്ടായിരുന്നില്ല എന്നതുകൊണ്ടായിരുന്നു അത്. സ്വന്തത്തോടും ചെകുത്താനോടും സത്യനിഷേധികളോടും തിന്‍മയുടെ വാഹകരോടുമുള്ള ജിഹാദുകള്‍ മക്കയില്‍ വെച്ചുതന്നെ നിര്‍വഹിക്കുവാന്‍ തുടങ്ങിയിരുന്നു. മക്കയിലെ വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത രൂപഭാവങ്ങളായാണ് പ്രസ്തുത ജിഹാദുകള്‍ നിര്‍വഹിക്കപ്പെട്ടത് എന്നു മാത്രമെയുള്ളു.

എല്ലാ ജിഹാദുകളുടെയും അടിസ്ഥാനം ജിഹാദുന്നഫ്‌സാണെന്ന് പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കുമെതിരെയുള്ള ജിഹാദിന്റെ അടിത്തറയുണ്ടാകുന്നത് സ്വന്തത്തിനും സ്വന്തം ഇച്ഛകള്‍ക്കുമെതിരെയുള്ള ജിഹാദില്‍ നിന്നാണ്; സ്വന്തത്തിനും സ്വന്തം ഇച്ഛകള്‍ക്കെതിരെയുമുള്ള ജിഹാദ് ചെയ്യാത്തവര്‍ക്ക് സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കുമെതിരെയുള്ള ജിഹാദ് ചെയ്യുവാനോ അതിന്നായി പുറപ്പെട്ടിറങ്ങുവാനോ സാധ്യമല്ല’യെന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യഃ പറഞ്ഞതായി ഇബ്‌നുല്‍ ഖയ്യിം ഉദ്ധരിക്കുന്നുണ്ട്.(2)

ഇസ്‌ലാമികമായ ആദര്‍ശങ്ങള്‍ക്കനുസരിച്ച് സ്വന്തം ജീവിതത്തെ ചിട്ടപ്പെടുത്തുകയും സത്യമെന്ന് ഉറപ്പുള്ള ആദര്‍ശത്തെ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുവാനായി പ്രയത്‌നിക്കുകയും അതിന്റെ മാര്‍ഗത്തില്‍ ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്യുകയെന്ന ജിഹാദുന്നഫ്‌സ് ചെയ്യാത്തവര്‍ക്ക് എങ്ങനെയാണ് പിശാചിനെ തോല്‍പിക്കാനും അവിശ്വാസികളോടും കപടവിശ്വാസികളോടും ആദര്‍ശ സമരം നടത്തുവാനും അനിവാര്യമായ അവസരത്തില്‍ ആയുധമെടുത്ത് അടരാടുവാനും കഴിയുക? എല്ലാ ജിഹാദുകളുടെയും അടിത്തറ ജിഹാദുന്നഫ്‌സ് ആണെന്നതിനാല്‍ അതിനെ ‘ജിഹാദുല്‍ അക്ബര്‍’ എന്ന് ചില പണ്ഡിതന്‍മാര്‍ വിളിച്ചിട്ടുണ്ട്.(3)

സ്വന്തം ഇച്ഛകള്‍ക്കും തൃഷ്ണകള്‍ക്കുമെതിരെയുള്ള പോരാട്ടമാണ് അടര്‍ക്കളത്തിലിറങ്ങിക്കൊണ്ടുള്ള യുദ്ധത്തെക്കാള്‍ മഹത്തരമെന്ന് സ്ഥാപിക്കുവാനായി നബി(സ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു സംഭവവിവരണം അടിസ്ഥാനരഹിതമാണെന്നും നിവേദക പരമ്പര ദുര്‍ബലമാണെന്നും ഹദീഥ് പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനുചരന്‍മാര്‍ ഒരു യുദ്ധം കഴിഞ്ഞു മടങ്ങിവന്നപ്പോള്‍ ‘നല്ലൊരു വരവാണ് നിങ്ങള്‍ വന്നത്; ചെറിയൊരു ജിഹാദില്‍ നിന്ന് വലിയൊരു ജിഹാദിലേക്ക്-സ്വന്തം ഇച്ഛകള്‍ക്കെതിരെ ദൈവദാസന്‍മാര്‍ നടത്തുന്ന പോരാട്ടം-ആണ് നിങ്ങള്‍ വന്നിരിക്കുന്നത്’ എന്ന് പ്രവാചകന്‍(സ) പറഞ്ഞതായി ജാബിറുബ്‌നു അബ്ദുല്ല(റ)നിവേദനം ചെയ്തതായി ‘താരീഖുല്‍ ബാഗ്ദാദി’യില്‍ രേഖപ്പെടുത്തിയ ഹദീഥാണത്. ഈ പദങ്ങള്‍ യഥാര്‍ഥത്തില്‍ താബിഇയായ(4) ഇബ്‌റാഹിമുബ്‌നു അബ്‌ലഹിന്റെതാണെന്ന് പ്രമുഖ ഹദീഥ് നിദാനശാസ്ത്രജ്ഞനായ അന്നസാഈ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹദീഥ് വ്യാഖ്യാതാക്കളില്‍ പ്രസിദ്ധനായ ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി രേഖപ്പെടുത്തുന്നുണ്ട്.(5) ഇമാം സുയൂത്വി തന്റെ ‘ജാമിഉസ്‌സഗീറി’ലും ഇമാം ദഹബി തന്റെ ‘അല്‍മീസാനിലും’ ഇമാം ഇബ്‌നു തൈമിയ്യ തന്റെ ‘അല്‍ഫുര്‍ഖാനു ബൈനല്‍ ഔലിയാ ഉര്‍റഹ്മാനി വ ഔലിയാഉശ്ശൈത്വാനി’ലും ഇൗ ഹദീഥ് ദുര്‍ബലമാണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.(6)

സ്വന്തം ഇച്ഛക്കെതിരെ ദൈവദാസന്‍മാര്‍ നടത്തുന്ന പോരാട്ടമാണ് വലിയ ജിഹാദെന്ന് പ്രസ്താവിക്കുന്ന ഹദീഥിന്റെ പരമ്പര ദുര്‍ബലമായതിനാല്‍ അത് പ്രവാചകന്‍ പറഞ്ഞതാണെന്ന് ഉറപ്പിക്കുവാന്‍ കഴിയാത്തതുകൊണ്ടുതന്നെ മതവിധികള്‍ നിര്‍ധരിക്കുന്നതിന് അത് ഉപയോഗിക്കുവാന്‍ തീരെ പാടില്ലാത്തതാണെങ്കിലും, സ്വന്തത്തോടുള്ള പോരാട്ടത്തെ ‘ജിഹാദുല്‍ അക്ബര്‍’ എന്നും പടക്കളത്തിലിറങ്ങി നടത്തുന്ന യുദ്ധത്തെ ‘ജിഹാദുല്‍ അസ്ഗര്‍’ എന്നും വിളിക്കുന്ന സമ്പ്രദായം നബി(സ)ക്കു ശേഷമുള്ള രണ്ടാം തലമുറ മുതല്‍ക്കെങ്കിലും നിലനിന്നിരുന്നുവെന്ന യാഥാര്‍ഥ്യം വ്യക്തമാക്കുന്നതാണ് ഈ ഹദീഥ് എന്ന വസ്തുത വിസ്മരിച്ചു കൂടാ. ആയുധങ്ങളെടുത്ത് അടരാടാന്‍ അവസരം ലഭിച്ചവരും അത് ലഭിക്കാത്തവരുമെല്ലാം ചെയ്യേണ്ട മഹത്തായ ജിഹാദാണ് സ്വന്തം ഇച്ഛയോടുള്ള പോരാട്ടമെന്നായിരുന്നു പ്രവാചകാനുചരന്‍മാരില്‍ നിന്ന് മതം നേര്‍ക്കുനേരെ അനുഭവിച്ചറിഞ്ഞവര്‍ മനസ്സിലാക്കിയിരുന്നത് എന്നാണല്ലോ ഇത് വ്യക്തമാക്കുന്നത്.

സ്വന്തം ഇച്ഛയോട് നടത്തേണ്ട പോരാട്ടത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രബലമായ ഹദീഥുകള്‍ അതിനെ ജിഹാദുല്‍ അക്ബര്‍ എന്നു വിളിക്കുന്നതിനെ സാധൂകരിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. താന്‍ നിര്‍വഹിച്ച ഹജ്ജ് കര്‍മത്തോടനുബന്ധിച്ച് പ്രവാചകന്‍(സ)നിര്‍വഹിച്ച വിടവാങ്ങല്‍ പ്രസംഗത്തിന്റെ, ഇമാം അഹ്മദും ത്വബ്‌റാനിയും ഇബ്‌നുമാജയും ഹാക്കിമുമെല്ലാം നിവേദനം ചെയ്ത സമ്പൂര്‍ണ രൂപത്തില്‍ ‘അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തില്‍ സ്വന്തത്തോടു ജിഹാദു ചെയ്യുന്നവനാണ് മുജാഹിദ്’ എന്ന് നബി(സ) പ്രസ്താവിച്ചതായി രേഖപ്പെടുത്തിയത് സ്വഹീഹാണെന്ന് ഇമാം ഇബ്‌നു ഹിബ്ബാനും ഇമാം ഹാകിമും(7) ഇമാം അല്‍ബാനിയും(8) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവിനെ അനുസരിക്കുന്നതില്‍ നിന്ന് സ്വന്തത്തെ തടയുന്ന തൃഷ്ണകളോട് പോരാടി അവനോടുള്ള അനുസരണത്തെ ദൃഢീകരിച്ച് ഉറപ്പിക്കുന്നവനാണ് യഥാര്‍ഥ മുജാഹിദെന്ന് പഠിപ്പിക്കുന്ന ഈ ഹദീഥ് ജിഹാദുന്നഫ്‌സിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.

അല്ലാഹുവെക്കുറിച്ച സ്മരണകളും അവന്റെ പ്രീതി നേടിയെടുക്കണമെന്ന അഭിലാഷവുമാണ് മുസ്‌ലിമിനെ സ്വന്തത്തോടും മറ്റുള്ളവരോടുമെല്ലാം ജിഹാദ് ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന ഘടകം. വ്യക്തിയുടെ വിമലീകരണത്തിന്റെ അടിത്തറയാണ് ദൈവസ്മരണ. ഒരു മുസ്‌ലിം ചെയ്യുന്ന മറ്റേത് കര്‍മത്തെക്കാളും മഹത്തരമായതാണ് അല്ലാഹുവിനെക്കുറിച്ച സ്മരണയെന്ന് അഹ്മദും തിര്‍മിദിയും ഇബ്‌നുമാജയും ഹാകിമുമെല്ലാം നിവേദനം ചെയ്ത സ്വഹീഹാണെന്ന് ഇമാം അല്‍ബാനി വ്യക്തമാക്കിയ(9) ഒരു ഹദീഥ് പഠിപ്പിക്കുണ്ട്. ഹദീഥിന്റെ സാരം ഇങ്ങനെയാണ്: അബിദ്ദര്‍ദാഇല്‍ േനിന്ന്: പ്രവാചകന്‍(സ) പറഞ്ഞു: നിങ്ങളുടെ രാജാധിരാജന് ഏറ്റവും ഇഷ്ടപ്പെട്ട, നിങ്ങളുടെ പദവികളെ ഉയര്‍ത്തുന്ന, സ്വര്‍ണവും വെള്ളിയും ദാനം ചെയ്യുന്നതിനെക്കാള്‍ ഉത്തമമായ, യുദ്ധത്തില്‍ നിങ്ങളുടെ ശത്രുവിനെ കണ്ടുമുട്ടുകയും അയാളുടെ തലകൊയ്യുകയും നിങ്ങളുടെ തലകൊയ്യപ്പെടുകയും ചെയ്യുന്നതിനെക്കാള്‍ മഹത്തരമായ, അത്യുത്തമമായ കര്‍മത്തെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടയോ? അതാണ് ‘അല്ലാഹുവെക്കുറിച്ച സ്മരണ’ (ദിക്‌റുല്ലാ).(10)

തന്റെ നാല്‍പതാമത്തെ വയസ്സില്‍ പ്രവാചകത്വം ലഭിച്ചത് മുതല്‍ അറുപത്തി മൂന്നാമത്തെ വയസ്സില്‍ ഏല്‍പിക്കപ്പെട്ട ദൗത്യം പൂര്‍ത്തിയാക്കി ഈ ലോകത്തുനിന്ന് വിട പറയുന്നതു വരെയുള്ള നബി(സ)യുടെ ജീവിതം മുഴുവന്‍ ജിഹാദ് നിറഞ്ഞുനില്‍ക്കുകയായിരുന്നു. അതില്‍ സ്വന്തത്തോടുള്ള പോരാട്ടവും പിശാചിനോടുള്ള പോരാട്ടവും സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കുമെതിരെയുള്ള പോരാട്ടവും അനീതിയുടെയും അധര്‍മത്തിന്റെയും അക്രമത്തിന്റെയും വക്താക്കള്‍ക്കെതിരെയുള്ള പോരാട്ടവുമുണ്ടായിരുന്നു. നബി(സ)യെ പിന്‍തുടര്‍ന്ന് സത്യമതത്തിന്റെ അനുയായികളായിത്തീര്‍ന്നവരും ഈ പോരാട്ടത്തില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. ഇസ്‌ലാം സ്വീകരിച്ചതു മുതല്‍ ജീവിതാവസാനം വരെ അവര്‍ പോരാട്ടത്തിലായിരുന്നു. മക്കയില്‍ വെച്ചു തന്നെ മരണപ്പെട്ടവരും മദീനയിലെത്തിയ ശേഷം ഏറെനാള്‍ ജീവിക്കുവാന്‍ അവസരം ലഭിച്ചവരുമെല്ലാമുണ്ട് അവര്‍ക്കിടയില്‍. അവരിലൊരാളും തന്നെ ജിഹാദ് ചെയ്യാതിരുന്നിട്ടില്ല. ആദര്‍ശപ്രബോധനത്തിന്റെ ആദ്യകാലത്ത് നബി(സ)ക്ക് താങ്ങും തണലുമായി നിലനിന്ന പ്രവാചക പത്‌നി ഖദീജയും(റ)സത്യത്തിന്റെ ശത്രുക്കളുടെ ക്രൂരമായ പീഡനങ്ങള്‍ക്കു മുമ്പില്‍ ക്ഷമ അവലംബിച്ച് അവസാനം മരണത്തിന് കീഴ്‌പെട്ട യാസിറും(റ) സുമയ്യ(റ)യെയുമല്ലാം മക്കയില്‍ വെച്ച് മരണപ്പെട്ട മുജാഹിദുകളായിരുന്നു. ജീവിതത്തില്‍ ഒരിക്കലും ആയുധമേന്തുവാന്‍ അവസരം ലഭിക്കാത്ത മുജാഹിദുകള്‍. സ്വന്തത്തിനും പിശാചിനും ശത്രുക്കള്‍ക്കുമെതിരെ ഏറ്റവും വലിയ ജിഹാദ് ചെയ്തുകൊണ്ടാണ് അവരെല്ലാം മരണപ്പെട്ടത്. ക്വുര്‍ആന്‍ ഉപയോഗിച്ചു കൊണ്ടുള്ള പോരാട്ടമാണ് ഏറ്റവും വലിയ ജിഹാദ് എന്നാണല്ലോ ക്വുര്‍ആന്‍ അവരെ പഠിപ്പിച്ചത്; ത്യാഗങ്ങള്‍ സഹിച്ചുകൊണ്ടുള്ള ഇസ്‌ലാമിക ജീവിതവും ആദര്‍ശ പ്രബോധനവുമായിരുന്നു അവര്‍ നയിച്ച ജിഹാദ്.

പ്രബോധകജീവിതത്തിന്റെ ആദ്യത്തെ നാളുകള്‍ മുതല്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പ്രവാചകനും(സ) അനുയായികളും നയിച്ച ജിഹാദായിരുന്നു പ്രതിബന്ധങ്ങളെ തൃണവല്‍ഗണിച്ചു കൊണ്ടുള്ള ആദര്‍ശജീവിതവും ക്ഷമയും സഹനവും അവലംബിച്ചുകൊണ്ടുള്ള സത്യമത സന്ദേശപ്രചരണവും. മറ്റെന്ത് ത്യജിക്കേണ്ടി വന്നാലും ഈ ജിഹാദിന്റെ നിര്‍വഹണത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചക്കും പ്രവാചകന്‍(സ) ഒരുക്കമല്ലായിരുന്നു. അതുകൊണ്ടാണ് സത്യസന്ധനെന്ന് വിളിച്ച് ആദരിച്ചിരുന്ന നാട്ടുകാരുടെ മുഴുവന്‍ വെറുപ്പിന് അദ്ദേഹം പാത്രമായത്; അല്ലലില്ലാതെയുള്ള ജീവിതത്തില്‍ നിന്ന് പട്ടിണിയിലേക്കും പീഡനങ്ങളിലേക്കും അദ്ദേഹം എടുത്തെറിയപ്പെട്ടത്; തനിക്ക് പ്രിയപ്പെട്ടവരും തന്നെ ഇഷ്ടപ്പെട്ടവരുമായിരുന്ന ബന്ധുക്കളുടെയും സ്വന്തക്കാരുടെയും വെര വിരോധത്തിന് അദ്ദേഹം പാത്രമായത്; തന്റെ അനുയായികൡല്‍ പലരും ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാകുന്നതും അവസാനം കൊല്ലപ്പെടുന്നതുമെല്ലാം നിസ്സഹായനായി അദ്ദേഹത്തിന് നോക്കി നില്‍ക്കേണ്ടി വന്നത്; ജനിച്ചു വളര്‍ന്ന നാടും വീടുമുപേക്ഷിച്ച് മറ്റൊരു ഗത്യന്തരവുമില്ലാത്തതു കൊണ്ട് പലായനം ചെേയ്യണ്ട ഗതിയുണ്ടായതും അതുകൊണ്ടു തന്നെ. വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശജീവിതത്തിന് സ്വന്തത്തെ സജ്ജമാക്കുകയും സത്യത്തിന്റെ സല്‍പാന്ഥാവിലേക്ക് സഹജീവികളെ ആനയിക്കുകയും ചെയ്യുകയെന്ന ജിഹാദാണ് ഒരു വിട്ടുവീഴ്ചയുമില്ലാതെ, മുസ്‌ലിമിന്റെ ജീവിതത്തില്‍ എപ്പോഴുമുണ്ടാകേണ്ട ജിഹാദെന്ന് പഠിപ്പിക്കുകയായിരുന്നു, തിരുനബി(സ) തന്റെ ജീവിതത്തിലുടനീളം ചെയ്തത്.

  1. ഇമാം ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസിയ്യ: സാദുല്‍ മആദ്, ബൈറൂത്ത്, 2000, വാല്യം3, പുറം 9,10
  2. ഇമാം ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസിയ്യ: റൗദത്തുല്‍ മുഹിബ്ബീന്‍ വ നുസ്ഹത്തുല്‍ മുഷ്തക്കീന്‍. ബൈറൂത്ത്, 2000, പുറം 208
  3. അബൂബക്ര്‍ അല്‍ ഖാത്തിബ് അല്‍ ബാഗ്ദാദി: താരീഖുല്‍ ബഗ്ദാദി, 13/493 (http://theunjustmedia.com)
  4. പ്രവാചകാനുചരന്മാരായ സ്വഹാബികളില്‍ നിന്ന് മതം പഠിച്ച രണ്ടാം തലമുറയിലുള്ളവരെയാണ് താബിഉകള്‍ എന്ന് വിളിക്കുന്നത്
  5. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ ‘തസ്ദീദ് അല്‍ ഖൗസില്‍’’നിന്ന് ശൈഖ് ഹിഷാം കബ്ബാനി ഉദ്ധരിച്ചത്. (http://www.sunnah.org/tasawwuf/jihad004.html)
  6. Greater and “Lesser’ Jihad?(http://the unjustmedia.com)
  7. സ്വഹീഹു ഇബ്‌നു ഹിബ്ബാന്‍ 11:203(http://www.sunnah.org/tasawwuf/jihad0 04.html)
  8. ഇമാം അല്‍ബാനി: സില്‍സിലത്തുല്‍ അഹാദീഥു സ്‌സ്വഹീഹ, വാല്യം 2, ഹദീഥ് 549 (http://www.alalbany.net)
  9. ഇമാം അല്‍ബാനി: സ്വഹീഹ് ഇബ്‌നുമാജ, ഹദീഥ് 3057 (http://www.alal-bany.net)
  10. ഇബ്‌നു മാജ, കിതാബുല്‍ ആദാബ്, ബാബു ഫദ്‌ലുദ്ദിക്ര്‍
print