ഇസ്‌ലാമിക ശിക്ഷാ നിയമങ്ങളുടെ ലക്ഷ്യമെന്താണ്?

/ഇസ്‌ലാമിക ശിക്ഷാ നിയമങ്ങളുടെ ലക്ഷ്യമെന്താണ്?
/ഇസ്‌ലാമിക ശിക്ഷാ നിയമങ്ങളുടെ ലക്ഷ്യമെന്താണ്?

ഇസ്‌ലാമിക ശിക്ഷാ നിയമങ്ങളുടെ ലക്ഷ്യമെന്താണ്?

വ്യക്തിക്കും സമൂഹത്തിനും സമാധാനം പ്രദാനം ചെയ്യുകയാണ് ഖുര്‍ആനിക നിയമങ്ങളുടെ ലക്ഷ്യം. വ്യക്തികള്‍ക്ക് ചില അവകാശങ്ങളുണ്ട്. ഇൗ അവകാശങ്ങള്‍ അന്യോന്യം അനുവദിച്ചുകൊടുക്കുക വഴിയാണ് സാമൂഹികമായ ഉദ്ഗ്രഥനം സാധ്യമാകുന്നത്. ഒരാളുടെയും അവകാശങ്ങള്‍ ഹനിക്കുവാന്‍ മറ്റൊരാളെയും അനുവദിച്ചുകൂടാ. ആരുടെയെങ്കിലും അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതും ഉണ്ടെങ്കില്‍ അത് ഇല്ലാതെയാക്കേണ്ടതും രാഷ്ട്രത്തിന്റെ ബാധ്യതയാണ്. ഇതിനുവേണ്ടിയാണ് ശിക്ഷാനിയമങ്ങള്‍ നടപ്പിലാക്കുന്നത്. നേരായ മാര്‍ഗത്തിലൂടെ ചലിക്കുവാന്‍ വ്യക്തിയെ പ്രചോദിപ്പിക്കുകയാണ് ഖുര്‍ആനിലെ ശിക്ഷാനിയമങ്ങളുടെ ലക്ഷ്യം.

സംരക്ഷിക്കപ്പെടേണ്ട പ്രധാനപ്പെട്ട ചില മൂല്യങ്ങളുണ്ടെന്നാണ് ഇസ്‌ലാമിക വീക്ഷണം. വിശ്വാസം, യുക്തിയും ബുദ്ധിയും, അഭിമാനം,ജീവന്‍, സ്വത്ത്, കുടുംബത്തിന്റെ കെട്ടുറപ്പ്, സദാചാര മൂല്യങ്ങള്‍,സമൂഹത്തിന്റെ ഭദ്രത ഇവയെല്ലാം സംരക്ഷിക്കപ്പെടേണ്ടവയാണ്. ഇവ തകര്‍ക്കുവാന്‍ ആരെയും അനുവദിച്ചുകൂടാ. ആരെയും എന്നതുകൊണ്ട് അന്യനെ മാത്രമല്ല അര്‍ഥമാക്കുന്നത്; സ്വന്തത്തെകൂടിയാണ്. സ്വന്തം ജീവന്‍ വെടിയാനാഗ്രഹിച്ചുകൊണ്ട് ആത്മഹത്യക്കു ശ്രമിച്ചവനും സ്വന്തം മാനം തകര്‍ത്തുകൊണ്ട് വ്യഭിചാരവൃത്തിയിലേര്‍പ്പെട്ടവനും സ്വന്തം ബുദ്ധിയെ നശിപ്പിച്ചുകൊണ്ട് മദ്യപാനം ചെയ്യുന്നവനുമെല്ലാം കുറ്റവാളിയാകുന്നത് ഇതുകൊണ്ടാണ്.

സ്വന്തത്തെയോ അന്യനെയോ ഭയപ്പെടാതെ എല്ലാവര്‍ക്കും ജീവിക്കുവാന്‍ സാധിക്കുന്ന ഒരു സമൂഹമാണ് ഇസ്‌ലാമിക ശിക്ഷാനിയമങ്ങളുടെ ഉദ്ദേശ്യം. അത്തരമൊരു സമൂഹത്തില്‍ മാത്രമേ ശാന്തിയും സമാധാനവും നിലനില്‍ക്കൂ. എല്ലാവര്‍ക്കും വളരുവാനും വികസിക്കുവാനും സാധിക്കുന്ന, മാനവികതയില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ ലക്ഷ്യമാക്കുന്നത്.

print