എല്ലാം അല്ലാഹുവിനെ അനുസരിക്കുന്നെങ്കിൽ ചെകുത്താൻ എങ്ങനെ ധിക്കാരിയായി ?

/എല്ലാം അല്ലാഹുവിനെ അനുസരിക്കുന്നെങ്കിൽ ചെകുത്താൻ എങ്ങനെ ധിക്കാരിയായി ?
/എല്ലാം അല്ലാഹുവിനെ അനുസരിക്കുന്നെങ്കിൽ ചെകുത്താൻ എങ്ങനെ ധിക്കാരിയായി ?

എല്ലാം അല്ലാഹുവിനെ അനുസരിക്കുന്നെങ്കിൽ ചെകുത്താൻ എങ്ങനെ ധിക്കാരിയായി ?

ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനെ അനുസരിക്കുന്നു (30:26, 3:83)വെന്ന് ഖുർആനിന്റെ അവകാശവാദത്തിനു വിരുദ്ധമായി ചെകുത്താന് അവനോട് അനുസരണക്കേട് കാണിച്ചുവെന്ന് ഖുർആനിൽ തന്നെ (7: 11, 15: 28-31, 17: 61, 20: 116, 38: 71-74, 18: 50) പലതവണ പറയുന്നു. മനുഷ്യരുടെ അനുസരണക്കേടിനെ കുറിച്ച പരാമർശങ്ങളും എമ്പാടുമുണ്ട്. ഇത് വൈരുധ്യമല്ലേ?

ഈ പ്രപഞ്ചത്തിലെ ചെറുതും വലുതുമായ വസ്തുക്കള്‍ക്കെല്ലാം അവയുടേതായ ചില സ്വഭാവസവിശേഷതകളും വ്യവസ്ഥളും അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ഈ ദൈവിക നിശ്ചയത്തില്‍ നിന്ന് തെന്നിമാറികൊണ്ട് സചേതനമോ അചേതനമോ ആയ യാതൊരു വസ്തുവിനും നിലനില്‍ക്കാനാവില്ല. മനുഷ്യരും മറ്റു ജീവജാലങ്ങളുമടക്കം സൂക്ഷ്മ സ്ഥൂല പ്രപഞ്ചങ്ങളിലെ മുഴുവന്‍ പ്രതിഭാസങ്ങളും ദൈവവിധിപ്രകാരം വ്യവസ്ഥാപിതമായാണ് നിലനില്‍ക്കുന്നത്. നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും ഭൂമിയുമെല്ലാം ദൈവികവ്യവസ്ഥ പ്രകാരമാണ് ചലിച്ചുകൊണ്ടിരിക്കുന്നത്. പ്രസ്തുത വ്യവസ്ഥ അന്യൂനവും പ്രമാദമുക്തവുമാണ്. ഈവ്യവസ്ഥയില്‍ നിന്ന് തെന്നിമാറുവാന്‍ സൃഷ്ടികള്‍ക്കൊന്നും കഴിയില്ല.

അല്ലാഹുവിന്റെ അത്യുല്‍കൃഷ്ട സൃഷ്ടിയായ മനുഷ്യനും ഈ ദൈവിക വ്യവസ്ഥ പ്രകാരം തന്നെയാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. ബീജസങ്കലനം മുതല്‍ വളര്‍ച്ചയെത്തി മനുഷ്യശിശു പുറത്തു വരുന്നത് വരെയുള്ള ഘട്ടങ്ങളിലെല്ലാം കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത് ദൈവവിധി പ്രകാരമാണ്. സ്വയം നിയന്ത്രിക്കാനാവുന്ന ഏതാനും അവയവങ്ങള്‍ മാത്രമേ മനുഷ്യനുള്ളൂ. അവ തന്നെ അവന്റെ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് പറയാന്‍ വയ്യ. കൈവിരലുകള്‍ ഇളക്കുവാനുള്ള നമ്മുടെ കഴിവ് അവയ്ക്കുള്ളിലെ അസ്ഥികളുടെ നിലനില്‍പുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അസ്ഥികൂടമടക്കം മനുഷ്യശരീരത്തിലെ വ്യവസ്ഥകളൊന്നും തന്നെ നമ്മുടെ പൂര്‍ണ നിയന്ത്രണത്തിനു കീഴിലല്ല. നമ്മുടെ ആകാരം മുതല്‍ വികാരങ്ങള്‍വരെ ജീനുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടത്രെ. മനുഷ്യന്റെ ഇന്ദ്രിയങ്ങളും അവയവങ്ങളും വ്യവസ്ഥകളുമെല്ലാം പ്രവര്‍ത്തിക്കുന്നത് ഈ ജനിതക നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ്.

മനുഷ്യ ശരീരമടക്കം പ്രപഞ്ചത്തിലെ സചേതനവും അചേതനവുമായ വസ്തുക്കളെല്ലാം ദൈവിക വിധിപ്രകാരമാണ് നിലനില്‍ക്കുന്നതെന്ന വസ്തുത ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വസ്തുക്കളും അല്ലാഹുവിനെ അനുസരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്:

ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെല്ലാം അവന്റെ അധീനത്തിലത്രെ. എല്ലാവരും അവന് കീഴടങ്ങുന്നവരാകുന്നു. (30:26).

അപ്പോള്‍ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്? (യഥാര്‍ത്ഥത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന് കീഴ്‌പ്പെട്ടിരിക്കുകയാണ്. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും. (3:83)

എന്നാല്‍ കര്‍മ്മങ്ങളുടെ കാര്യത്തില്‍ മൃഗങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായ ചില സ്വാതന്ത്ര്യങ്ങള്‍ അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ട്. ഈ സ്വാതന്ത്ര്യം പോലും അലംഘനീയമായ ദൈവിക വിധിയുടെ പരിധിക്കുള്ളിലാണ്. പേനയുപയോഗിക്കുവാന്‍ മനുഷ്യര്‍ക്ക് സാധിക്കുന്നത് അല്ലാഹുവിന്റെ വ്യവസ്ഥ പ്രകാരമാണ്. എന്നാല്‍ പേനകൊണ്ട് എന്തെഴുതണമെന്ന് തീരുമാനിക്കുന്നത് മനുഷ്യരുടെ ഇഛാശക്തിയാണ്. ഈ ഇഛാശക്തിയാകട്ടെ ഒരു പരിധിവരെ ദൈവിക വ്യവസ്ഥയുടെ വരുതിക്കുള്ളില്‍ സ്വതന്ത്രമാണ്. ഈസ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കുന്നുവെന്നതാണ് മനുഷ്യനെ ഉദാത്തനും അധമനുമാക്കുന്നത്. തൂലികയെ മനുഷ്യരെ സംസ്‌കരിക്കാനും അവരെ വഴിതെറ്റിക്കുവാനും ഉപയോഗിക്കാം. ഒന്നാമത്തേത് ഔന്നത്യത്തിന്റെ മാര്‍ഗം, രണ്ടാമത്തേത് അധമത്വത്തിന്റെ പാത. ഇതില്‍ ഏതു സരണി തിരഞ്ഞെടുക്കണമെന്ന് മനുഷ്യന് തീരുമാനിക്കാം. അത് അവന്റെ സ്വാതന്ത്ര്യത്തില്‍ പെട്ടതാണ്.

തീര്‍ച്ചയായും നാം അവന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ അവന്‍ നന്ദികെട്ടവനാകുന്നു. (76;3)

മനുഷ്യരെ പോലെ തന്നെ ഇഛാസ്വാതന്ത്ര്യം നല്‍കപ്പെട്ട സൃഷ്ടികളാണ് ജിന്നുകള്‍ എന്നാണ് ഖുർആനില്‍ നിന്നും ഹദീസില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. ജിന്നുകളില്‍പ്പെട്ടവനാണ് ഇബ്‌ലീസ് (18:50). ജിന്നുകളും പൂര്‍ണമായി ദൈവിക വ്യവസ്ഥക്ക് കീഴിലുള്ളവര്‍ തന്നെയാണ്. എന്നാല്‍ മനുഷ്യന് സാഷ്ടാംഗം നമിക്കുവാനുള്ള ദൈവിക കല്‍പന അവന്‍ അതിലംഘിച്ചു. കല്‍പന ലംഘിക്കുവാനും സ്വീകരിക്കുവാനുമുള്ള സ്വാതന്ത്ര്യം മനുഷ്യനെപോലെ അവനുമുണ്ടായിരുന്നു. ഈ സ്വാതന്ത്ര്യം പോലും അല്ലാഹുവിന്റെ ദാനമാണ്. അതുകൊണ്ട് തന്നെ ഈ സ്വാതന്ത്ര്യമുപയോഗിച്ച് ദൈവിക കല്‍പന ലംഘിച്ചതിനാല്‍ അല്ലാഹുവിന്റെ പൊതുവ്യവസ്ഥയെ അവന്‍ ലംഘിച്ചുവെന്ന് പറയാവതല്ല. ലംഘിക്കുവാനും സ്വീകരിക്കുവാനും അല്ലാഹു അവന് നല്‍കിയ സ്വാതന്ത്ര്യത്തില്‍ തന്നിഷ്ടത്തിന്റെ-അഹങ്കാരത്തിന്റെയും-മാര്‍ഗം അവന്‍ തെരെഞ്ഞെടുത്തുവെന്നേയുള്ളൂ. ഈ സ്വാതന്ത്ര്യം നല്‍കപ്പെടാത്ത മലക്കുകളാകട്ടെ, അല്ലാഹുവിന്റെ ആജ്ഞ അതിലംഘിക്കാതെ നിറവേറ്റുകയും ചെയ്തു.

ജിന്നുകള്‍ക്കും മനുഷ്യര്‍ക്കുമെല്ലാം നല്‍കപ്പെട്ടിരിക്കുന്ന ഇഛാ സ്വാതന്ത്ര്യം അവയുടെ സൃഷ്ടിവ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറുതാണ്. ഈ സ്വാതന്ത്ര്യം പോലും അല്ലാഹുവിന്റെ നിയന്ത്രണത്തിനു വിധേയമാണുതാനും. അതുകൊണ്ട് തന്നെ ആകാശ ഭൂമികളുടെ എല്ലാവസ്തുക്കളും അല്ലാഹുവെ അനുസരിക്കുന്നുവെന്ന് പറഞ്ഞ സൂക്തങ്ങളുമായി പിശാചോ മനുഷ്യനോ അനുസരണക്കേട് കാണിക്കുന്നുവെന്ന് പ്രസ്താവിക്കുന്ന സൂക്തങ്ങള്‍ വൈരുധ്യം പുലര്‍ത്തുന്നുവെന്ന് പറയാനാവില്ല. ഇവര്‍ചെയ്യുന്ന അനുസരണക്കേട് പോലും ഇവരുടെ സൃഷ്ടി വ്യവസ്ഥയിലെ അനുസരണത്തിന്റെ ഭാഗമാണെന്നര്‍ഥം.

print