എപ്പോഴും തെറ്റാവുന്ന ശാസ്ത്രമുപയോഗിച്ച് ക്വുർആൻ വ്യാഖ്യാനിക്കാമോ ?

/എപ്പോഴും തെറ്റാവുന്ന ശാസ്ത്രമുപയോഗിച്ച് ക്വുർആൻ വ്യാഖ്യാനിക്കാമോ ?
/എപ്പോഴും തെറ്റാവുന്ന ശാസ്ത്രമുപയോഗിച്ച് ക്വുർആൻ വ്യാഖ്യാനിക്കാമോ ?

എപ്പോഴും തെറ്റാവുന്ന ശാസ്ത്രമുപയോഗിച്ച് ക്വുർആൻ വ്യാഖ്യാനിക്കാമോ ?

രിക്കലും തെറ്റുപറ്റാത്തതെന്ന് വിശ്വസിക്കപ്പെടുന്ന ഖുര്‍ആന്‍ വചനങ്ങളെ തെറ്റാന്‍ സാധ്യതയുള്ള ശാസ്ത്ര സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കുന്നത് അപടകരവും ബാലിശവുമാണെന്ന് കരുതുന്നവരുണ്ട്. ഖുര്‍ആന്‍ ശാസ്ത്രപഠനങ്ങള്‍ പരിധിവിടുമ്പോള്‍ അവ അപകടകരമായിത്തീരാറുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഖുര്‍ആനിന്റെ ദൈവികത വ്യക്തമാക്കുന്ന പഠനങ്ങളെ മുഴുവന്‍ നിഷേധിക്കുവാന്‍ അത് കാരണമായിക്കൂടാ. ഖുര്‍ആന്‍-ശാസ്ത്ര പഠനങ്ങളുടെ യഥാര്‍ഥധര്‍മം മനസ്സിലാവാത്തതുകൊണ്ടാണ് ഇത്തരം വിമര്‍ശനങ്ങളുണ്ടാവുന്നത്.

ശാശ്വത മൂല്യങ്ങളാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അതിലെ പ്രധാനപ്പെട്ട പ്രതിപാദ്യങ്ങളെല്ലാം ശാസ്ത്രീയമായ അപഗ്രഥനത്തിന് പുറത്തുള്ളവയാണ്. സ്രഷ്ടാവും സംരക്ഷകനുമായ തമ്പുരാനിലുള്ള വിശ്വാസവും അവനെ മാത്രം ആരാധിക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഖുര്‍ആനിക പരാമര്‍ശങ്ങളുടെ കേന്ദ്രബിന്ദു. പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന, പദാര്‍ഥം ലോകത്തിന് അതീതനായ അല്ലാഹുവിന്റെ അസ്തിത്വമോ അവന്റെ ആരാധ്യതയോ ശാസ്ത്രീയമായ അപഗ്രഥനത്തിന് കഴിയുന്നതല്ല. മരണാനന്തരജീവിതവും അതിലെ രക്ഷാ ശിക്ഷകളുമാണ് ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെടുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം. ഇവയും ശാസ്ത്രീയമായ നിരീക്ഷണങ്ങള്‍ക്ക് അതീതമായ വസ്തുതകളാണ്.

നന്‍മതിന്‍മകളെക്കുറിച്ച ഉല്‍ബോധനമാണ് പിന്നീട് ഖുര്‍ആനിലുള്ളത്. ധര്‍മാധര്‍മങ്ങളെ വ്യവഛേദിക്കുവാന്‍ ശാസ്ത്രത്തിന്റെ പക്കല്‍ മാനദണ്ഡങ്ങളൊന്നുമില്ല. ഖുര്‍ആനിന്റെ പ്രധാനപ്പെട്ട പ്രമേയങ്ങളൊന്നും തന്നെ ശാസ്ത്രീയമായ അപഗ്രഥനത്തിന് പറ്റുന്നതല്ല. അതുകൊണ്ടുതന്നെ ‘ഖുര്‍ആനിനെ ശാസ്ത്രീയമായി വ്യാഖ്യാനിക്കുക’യെന്ന് പറയുന്നത് തന്നെ ശുദ്ധഭോഷ്‌ക്കാണ്. ശാസ്ത്രത്തിന്റെ അപഗ്രഥന വിശദീകരണ പരിധിയില്‍ വരാത്ത കാര്യങ്ങളെ എങ്ങനെയാണ് ശാസ്ത്രീയമായി വ്യാഖ്യാനിക്കുക?

പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങള്‍ തെറ്റു പറ്റാത്തവയാണെന്നതിന് ശാസ്ത്രീയ നിരീക്ഷണങ്ങള്‍ നല്‍കുന്ന തെളിവുകളെക്കുറിച്ച പഠനം ഖുര്‍ആനിനെ ശാസ്ത്രീയമായി വ്യാഖ്യാനിക്കലല്ല; അങ്ങനെ ആയിക്കൂടാ. ഖുര്‍ആനിന്റെ വെളിച്ചത്തില്‍ ശാസ്ത്രഗവേഷണങ്ങളെ പരിശോധനാവിധേയമാക്കലാണ് അത്. ഖുര്‍ആനിക പരാമര്‍ശങ്ങള്‍ എത്രത്തോളം കൃത്യവും തെറ്റുപറ്റാത്തവയുമാണെന്ന് മനസ്സിലാക്കുവാന്‍ ശാസ്ത്രീയ ഗവേഷണങ്ങളെ ഉപയോഗപ്പെടുത്തുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. അതല്ലാതെ, നിലവിലുള്ള ശാസ്ത്രജ്ഞാനത്തിന് അനുസൃതമായി ഖുര്‍ആന്‍ വചനങ്ങളെയോ പരാമര്‍ശങ്ങളെയോ വ്യാഖ്യാനിച്ച് വികലമാക്കലല്ല ഖുര്‍ആന്‍-ശാസ്ത്ര പഠനങ്ങള്‍ ചെയ്യേണ്ടത്. അങ്ങനെ വ്യാഖ്യാനിക്കുന്ന പഠനങ്ങള്‍ യാതൊരു ന്യായീകരണവുമര്‍ഹിക്കുന്നില്ല. തെറ്റു പറ്റാത്ത അല്ലാഹുവിന്റെ വചനങ്ങളെ വ്യാഖ്യാനിക്കുവാന്‍ അബദ്ധങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുന്നത് നീതീകരിക്കുവാന്‍ കഴിയാത്ത കാര്യമാണ്.

ശാസ്ത്രത്തിന്റെ തെറ്റുപറ്റാനുള്ള സാധ്യതയെക്കുറിച്ചു പറയുമ്പോള്‍ ശാസ്ത്രീയ നിഗമനങ്ങള്‍, സിദ്ധാന്തങ്ങള്‍, വസ്തുതകള്‍ എന്നിവ തമ്മിലുള്ള വ്യത്യാസം നാം കൃത്യമായി മനസ്സിലാക്കേണ്ടതാണ്. തനിക്ക് ലഭിച്ച വിവരങ്ങളുടെ വെളിച്ചത്തില്‍ ശാസ്ത്രജ്ഞന്‍ ആദ്യമായി ഒരു ‘നിഗമന’ത്തില്‍ (hypothesis) എത്തിച്ചേരുന്നു. പ്രസ്തുത നിഗമനത്തിന് ഉപോല്‍ബലകമായ തെളിവുകള്‍ ശേഖരിക്കുകയും പ്രസ്തുത തെളിവുകളുടെ വെളിച്ചത്തില്‍ ഒരു സിദ്ധാന്തത്തിന് (theory) അയാള്‍ രൂപം നല്‍കുകയും ചെയ്യുന്നു. പ്രസ്തുത സിദ്ധാന്തം ശരിയാണെങ്കില്‍ കണ്ടുപിടിക്കപ്പെടേണ്ട കാര്യങ്ങളെക്കുറിച്ച പ്രവചനങ്ങള്‍ ശരിയാണെന്ന് സ്ഥിരീകരിക്കപ്പെടുന്നതോടെ അത് ശാസ്ത്രലോകം അംഗീകരിക്കുന്ന സിദ്ധാന്തങ്ങളുടെ ഗണത്തിലെത്തിച്ചേരുന്നു. സ്വീകരിക്കപ്പെട്ട സിദ്ധാന്തവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കപ്പെടുകയും ഉത്തരം കണ്ടെത്തേണ്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയും ചെയ്യുന്നതോടെ അത് ഒരു യാഥാര്‍ഥ്യമായി (fact) അംഗീകരിക്കപ്പെടുന്നു.

ശാസ്ത്രലോകത്ത് അംഗീകരിക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ തെറ്റുപറ്റാത്തവയാകാമെങ്കിലും അവ വീണ്ടും വികസിക്കുവാന്‍ സാധ്യതയുള്ളതാണ്. സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്നത് സപ്തവര്‍ണങ്ങളാണ് (vibgyor) എന്നത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ സപ്തവര്‍ണങ്ങളെ കൂടാതെ അള്‍ട്രാവയലറ്റ്, ഇന്‍ഫ്രാറെഡ് തുടങ്ങിയ കിരണങ്ങള്‍ കൂടി സൂര്യപ്രകാശത്തിലുണ്ട് എന്നത് പ്രസ്തുത യാഥാര്‍ഥ്യത്തിന്റെ വികാസമാണ്. ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ട വസ്തുതകള്‍പോലും പൂര്‍ണമായിക്കൊള്ളണമെന്നില്ല എന്നര്‍ഥം.

വിശുദ്ധ ഖുര്‍ആനില്‍ അബദ്ധങ്ങളൊന്നുമില്ലെന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് പറയുമ്പോള്‍ സ്ഥിരീകരിക്കപ്പെട്ട വസ്തുതകള്‍ ഖുര്‍ആനിന്റെ അപ്രമാദിത്വത്തെ അംഗീകരിക്കുന്നുവെന്ന് മാത്രമെ അര്‍ഥമാക്കുന്നുള്ളൂ. ശാസ്ത്രജ്ഞരുടെ നിഗമനങ്ങളും തെളിയിക്കപ്പെടാത്ത സിദ്ധാന്തങ്ങളും ചിലപ്പോള്‍ ഖുര്‍ആനിക പരാമര്‍ശങ്ങളോട് വൈരുധ്യം പുലര്‍ത്തുന്നുണ്ടാവാം. അവ ഖുര്‍ആനിന്റെ സാധുതയെ ഒരുവിധത്തിലും ബാധിക്കുന്നില്ല. പ്രസ്തുത സിദ്ധാന്തങ്ങള്‍ക്ക് അനുസൃതമായി ഖുര്‍ആനിനെ വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുന്നത് ദൈവികഗ്രന്ഥത്തോട് ചെയ്യുന്ന വലിയ പാതകമാണ്. ശാസ്ത്രലോകംതന്നെ അംഗീകരിച്ചു കഴിഞ്ഞിട്ടില്ലാത്ത സങ്കല്‍പ്പങ്ങള്‍ക്കു അനുസരിച്ച് സ്രഷ്ടാവിന്റെ വചനങ്ങളെ വ്യാഖ്യാനിച്ച് വികലമാക്കുന്നത് യാതൊരുവിധ ന്യായീകരണവുമര്‍ഹിക്കുന്നില്ല. തെളിയിക്കപ്പെട്ട വസ്തുകള്‍ക്ക് അനുസൃതമായി ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ടതില്ല; വസ്തുതകള്‍ വ്യാഖ്യാനങ്ങളില്ലാതെത്തന്നെ ഖുര്‍ആന്‍ പരാമര്‍ശങ്ങളെ സത്യപ്പെടുത്തുന്നവയായിരിക്കും എന്നതാണ് യാഥാര്‍ഥ്യം. ഖുര്‍ആന്‍ ദൈവികമാണെന്നതിന് അംഗീകരിക്കപ്പെട്ട ശാസ്ത്രീയ വസ്തുതകള്‍ നല്‍കുന്ന തെളിവുകള്‍ വെളിപ്പെടുത്തുകയാണ്, ശാസ്ത്രത്തിനനുസരിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയല്ല ഖുര്‍ആന്‍-ശാസ്ത്ര പഠനങ്ങളുടെ ലക്ഷ്യമെന്ന് ചുരുക്കം.

print