എന്തുകൊണ്ട് സൃഷ്ടികളെ ആരാധിച്ചുകൂടാ?

/എന്തുകൊണ്ട് സൃഷ്ടികളെ ആരാധിച്ചുകൂടാ?
/എന്തുകൊണ്ട് സൃഷ്ടികളെ ആരാധിച്ചുകൂടാ?

എന്തുകൊണ്ട് സൃഷ്ടികളെ ആരാധിച്ചുകൂടാ?

ഒരാളുടെ ഏറ്റവും വലിയ ബാധ്യത അവനെ സൃഷ്ടിച്ച് പരിപാലിക്കുന്ന തമ്പുരാനോടാണ്. സ്വന്തത്തോടും മറ്റുള്ളവരോടുമുള്ള ബാധ്യതകളുടെ നിര്‍വഹണം അല്ലാഹുവിനോടുള്ള ഉത്തരവാദിത്ത നിര്‍വഹണത്തിന് താഴെ മാത്രമെ വരുന്നുള്ളൂ. കാരണം, താനും മറ്റുള്ളവരുമെല്ലാം നിലവില്‍വന്നതും നിലനില്‍ക്കുന്നതുമെല്ലാം അവന്റെ അപാരമായ കാരുണ്യത്താലാണ്. തനിക്ക് എന്തെല്ലാമുണ്ടോ അതെല്ലാം അവന്‍ നല്‍കിയതാണ്. ഏത് സമയത്തും അവയെ പിന്‍വലിക്കുവാന്‍ കഴിയുന്നവനാണവന്‍. അവന്റെ അനുഗ്രഹങ്ങളാണ് താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, അല്ലാഹുവിനോടുള്ള ബാധ്യതയാണ് ഒരാള്‍ക്ക് നിര്‍വഹിക്കുവാനുള്ള ഉത്തരവാദിത്തങ്ങളില്‍ ഒന്നാമത്തേത്. അത് നിര്‍വഹിക്കാതെ സ്വന്തത്തോടൊ മറ്റുള്ളവരോടോ ഉള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതുകൊണ്ട് യാതൊരു കാര്യവുമില്ല.

എന്താണ് അല്ലാഹുവിനോട് നമുക്കുള്ള ഉത്തരവാദിത്തം? അവന്റെ അനുഗ്രഹങ്ങളനുഭവിച്ചുകൊണ്ട് ജീവിക്കുന്നവരാണ് നാം; തിരിച്ച് അല്ലാഹുവിനെ അനുഗ്രഹിക്കുവാന്‍ നമുക്ക് കഴിയുമോ? അവന്റെ കാരുണ്യത്താലാണ് നാം നിലനില്‍ക്കുന്നത്; തിരിച്ച് അല്ലാഹുവിന് കാരുണ്യം ചെയ്യാന്‍ നമുക്ക് കഴിയുമോ? അവനാണ് നമുക്കാവശ്യമായ ഭക്ഷണപാനീയങ്ങള്‍ ഒരുക്കിത്തന്നിരിക്കുന്നത്. തിരിച്ച് അവനെ ഭക്ഷിപ്പിക്കുവാനോ കുടിപ്പിക്കുവാനോ നമുക്ക് സാധിക്കുമോ? ‘ഇല്ല’യെന്നാണല്ലോ ഇവയ്‌ക്കെല്ലാമുള്ള ഉത്തരം. എങ്കില്‍, പിന്നെയെങ്ങനെയാണ് അല്ലാഹുവിനോടുള്ള നമ്മുടെ ബാധ്യത നിര്‍വഹിക്കുകയെന്ന ചോദ്യം പ്രസക്തമാണ്. ഈ ചോദ്യത്തിന് അല്ലാഹുതന്നെ നല്‍കുന്ന ഉത്തരം ശ്രദ്ധിക്കുക:

”ജിന്നുകളേയും മനുഷ്യരേയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹുതന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും” (51:56-58).

അല്ലാഹുവിനെ മാത്രം ആരാധിക്കുക. ഇതുമാത്രമാണ് നമുക്ക് ചെയ്യാനാവുന്ന കാര്യം. അല്ലാഹുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മനുഷ്യര്‍ക്ക് ചെയ്യാനാകുന്ന ഏക സംഗതി. അല്ലാഹു മാത്രമാണ് യഥാര്‍ഥത്തില്‍ ആരാധനകളെല്ലാം അര്‍ഹിക്കുന്നതെന്ന് നാം മനസ്സിലാക്കി. എന്നാല്‍, മനുഷ്യര്‍ക്ക് അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്ന സമ്പ്രദായം സ്വീകരിക്കുവാന്‍ കഴിയും. അല്ലാഹുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മനുഷ്യര്‍ക്ക് സ്വാതന്ത്ര്യമുള്ള ഏക സംഗതിയാണത്. അല്ലാഹുവിന്റെ കാരുണ്യത്തെ തടയുകയോ മറ്റുള്ളവരെ പങ്കാളികളാക്കുകയോ ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. അവന്റെ അധികാരാവകാശങ്ങളില്‍ കൈകടത്തുവാനോ പങ്കാളികളെവെക്കുവാനോ ഉള്ള കഴിവും മനുഷ്യര്‍ക്കില്ല. എന്നാല്‍ അവന്‍മാത്രം അര്‍ഹിക്കുന്ന ആരാധന മറ്റുള്ളവര്‍ക്ക് സമര്‍പ്പിക്കുവാന്‍ മനുഷ്യര്‍ക്ക് കഴിയും. ഇങ്ങനെ മറ്റുള്ളവരെ ആരാധിക്കുന്നത് മഹാപാപമാണ്. സകല പാപങ്ങളെക്കാളും വലിയ പാപം. കാരണം അല്ലാഹുവിനോടുള്ള ബാധ്യതയുടെ ലംഘനമാണത്. അവനോടുള്ള ഉത്തരവാദിത്തത്തിനുശേഷമേ മറ്റ് ഉത്തരവാദിത്തങ്ങളെല്ലാം വരുന്നുള്ളൂ. മറ്റുള്ള ബാധ്യതകള്‍ നിര്‍വഹിക്കാതിരിക്കുന്നത് പാപമാണെങ്കില്‍ അല്ലാഹുവിനോടുള്ള ബാധ്യത നിര്‍വഹിക്കാതിരിക്കുന്നത് മഹാപാപമാണ്.

ബഹുദൈവാരാധനയാണ് സകലവിധ തിന്മകളുടെയും മാതാവെന്നാണ് ഇസ്‌ലാമിക വീക്ഷണം. അതുകൊണ്ടുതന്നെ അല്ലാഹുവല്ലാത്തവരോടുള്ള ആരാധനയാണ് വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവുമധികം  വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ദൈവേതരന്മാരോട് പ്രാര്‍ഥിക്കുന്നതാണ് ഏറ്റവും വലിയ മഹാപാപമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നത്. ഒരിക്കലും പൊറുക്കപ്പെടാത്ത പാപമാണ് ദൈവത്തിന്റെ സത്തയിലോ ഗുണങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ മറ്റുള്ളവരെ പങ്കുചേര്‍ക്കുകയെന്നത്. പ്രസ്തുത പാപം ചെയ്തവന്‍ ഇസ്‌ലാമില്‍ നിന്ന് പുറത്താണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നതു കാണുക:

”തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കപ്പെടുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവിനോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു” (4:116).

ഇക്കാര്യം പ്രവാചകന്‍  (സ) വിശദീകരിച്ചു

”അബ്ദുല്ലാ (റ)പറയുന്നു:  ഞാന്‍ നബി  (സ)യോട് ചോദിച്ചു: ഏത് പാപമാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും കഠിനമായത്. നബി  (സ) അരുളി: നിന്നെ സൃഷ്ടിച്ച നിന്റെ രക്ഷിതാവില്‍ നീ പങ്കാളിയെ സ്ഥാപിക്കലാണ്. ഞാന്‍ പറഞ്ഞു: അത് വളരെ ഗൗരവമേറിയതുതന്നെ. പിന്നെ ഏതാണ്: നബി  (സ)അരുളി: നിന്റെ കൂടെ ഭക്ഷണം കഴിച്ചുകളയുമെന്ന് ഭയന്ന് നിന്റെ സന്താനത്തെ വധിക്കലാണ്. പിന്നെ ഏതാണ്: ഞാന്‍ വീണ്ടും ചോദിച്ചു: അയല്‍ വാസിയുടെ ഭാര്യയെ നീ വ്യഭിചരിക്കലാണ്. നബി  (സ)പ്രത്യുത്തരം നല്‍കി” (സ്വഹീഹുല്‍ ബുഖാരി, ഹദീഥ്: 6966).

അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) നിവേദനം:”വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍” (ഖുര്‍ആന്‍ 6:82) എന്ന ആയത്ത് അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: ‘പ്രവാചകരേ, ഞങ്ങളില്‍ സ്വന്തം ശരീരത്തോട് അക്രമം പ്രവര്‍ത്തിക്കാത്തവരാരാണ്?’ അദ്ദേഹം പ്രതിവചിച്ചു: ‘അത് നിങ്ങള്‍ പറഞ്ഞപോലെയല്ല. തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്തുക’യെന്ന് പറഞ്ഞതിലെ അന്യായത്തിന്റെ വിവക്ഷ അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്. ലുഖ്മാന്‍ തന്റെ മകനോടായി പറഞ്ഞത് നിങ്ങള്‍ കേട്ടിട്ടില്ലേ ”എന്റെ കുഞ്ഞ് മകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമംതന്നെയാകുന്നു” (ഖുര്‍ ആന്‍: 31:13)(സ്വഹീഹുല്‍ ബുഖാരി: ഹദീഥ് 3110).

മനുഷ്യര്‍ക്ക് ആവശ്യമായതെല്ലാം ഇവിടെ ഒരുക്കി വെച്ചിരിക്കുന്നത് അല്ലാഹുവാണ്. അവനു പുറമെ ആരാധിക്കപ്പെടുന്നവര്‍ ആരായിരുന്നാലും അവരെ കൈവെടിയേണ്ടത് മുസ്‌ലിമിന്റെ ബാധ്യതയാണ്. ആരാധിക്കപ്പെടുന്നത് പുണ്യവാളനായാലും പിശാചായാലും സമമാണ്. രണ്ടുപേരും അതിന് അര്‍ഹരല്ല. പ്രാര്‍ഥനകള്‍ അല്ലാഹുവോട് മാത്രമാണ് നടത്തേണ്ടത്. സൃഷ്ടികളില്‍ ശ്രേഷ്ഠനായ മുഹമ്മദ് നബി (സ) യോടുപോലും പ്രാര്‍ഥനകള്‍ പാടില്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇബ്‌റാഹീം നബി  (സ) പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്ന വചനങ്ങള്‍ ഇവിടെ പ്രസക്തമാണ്.

”എന്നാല്‍ അവര്‍ (ആരാധിക്കപ്പെടുന്നവര്‍) എന്റെ ശത്രുകളാകുന്നു. ലോകരക്ഷിതാവ് ഒഴികെ. അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍; എനിക്ക് ആഹാരവും കുടിനീരും നല്‍കുന്നവന്‍; എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് സുഖപ്പെടുത്തുന്നത്; എന്നെ മരിപ്പിക്കുകയും പിന്നെ ജീവിപ്പിക്കുകയും ചെയ്യുന്നവന്‍; പ്രതിഫലത്തിന്റെ നാളില്‍ ഏതൊരുത്തന്‍ എന്റെ തെറ്റുകള്‍ പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നുവോ അവന്‍” (26:77-82).

പുണ്യവാന്മാര്‍ അനുഗ്രഹിക്കപ്പെടുകയും പാപികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന മരണാനന്തരജീവിതത്തില്‍ ഒരിക്കലും പൊറുക്കപ്പെടാത്ത പാപം ചെയ്തുകൊണ്ട് മരണപ്പെട്ടവര്‍ക്ക് സ്വര്‍ഗം നിഷിദ്ധമാണ്; നരകത്തില്‍നിന്ന് അവര്‍ക്ക് മോചനമുണ്ടാവുകയില്ലെന്നാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം.

”മറ്‌യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ‘ഇസ്രാഈല്‍ സന്തതികളെ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരുംതന്നെയില്ല’ എന്നാണ്” (5:72).

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ