എന്താണ് സ്വഹീഹ്, ദ്വഈഫ്, ഹസൻ ഹദീഥുകൾ?

/എന്താണ് സ്വഹീഹ്, ദ്വഈഫ്, ഹസൻ ഹദീഥുകൾ?
/എന്താണ് സ്വഹീഹ്, ദ്വഈഫ്, ഹസൻ ഹദീഥുകൾ?

എന്താണ് സ്വഹീഹ്, ദ്വഈഫ്, ഹസൻ ഹദീഥുകൾ?

ദീഥുകളുടെ സ്വീകാര്യതയെ കുറിക്കുന്ന പ്രയോഗങ്ങളാണ് സ്വഹീഹ്, ദ്വഈഫ്, ഹസൻ എന്നിവ. അസ്വീകാര്യമായ ഹദീഥുകളെ കുറിക്കുവാന്‍ ആദ്യകാലത്ത് ഉപയോഗിക്കപ്പെട്ട രണ്ടു പ്രയോഗങ്ങളായിരുന്നു ‘മുന്‍കര്‍’ (അസ്വീകാര്യം), ‘ലയ്‌സ ലഹു അസ്‌ല്’ (അതിന് അടിത്തറയൊന്നുമില്ല) എന്നിവ. ഇമാം മാലിക്കിന്റെ കാലം മുതല്‍ തന്നെ സ്വഹീഹ് (പ്രാമാണികം), ദ്വഈഫ് (ദുര്‍ബലം) എന്നീ ശബ്ദങ്ങളുപയോഗിച്ച് ഹദീഥുകളെ വര്‍ഗീകരിക്കാനാരംഭിച്ചിരുന്നു. ഹദീഥുകളുടെ ദൃഢീകരണത്തിന്റെ അടിസ്ഥാനത്തില്‍ മശ്ഹൂര്‍ (സുപ്രസിദ്ധം) എന്നും മുന്‍കര്‍ (അസ്വീകാര്യം) എന്നും തിരിച്ചു കൊണ്ടുള്ള വര്‍ഗീകരണവും അക്കാലത്തു തന്നെ നിലവിലുണ്ടായിരുന്നു.

സ്വഹീഹ്, മശ്ഹൂര്‍ എന്നീ പ്രയോഗങ്ങള്‍ സ്വീകാര്യതയെയും ദ്വഈഫ്, മുന്‍കര്‍ എന്നിവ അസ്വീകാര്യത യെയും കുറിക്കുന്നു. ഒരു ഋജുവായ (ആദില്‍) നിവേദകന്‍ അതേപോലെത്തന്നെ സത്യസന്ധനായ നിവേദകനില്‍ നിന്ന് എന്ന രൂപത്തില്‍ പ്രവാചകന്‍ വരെ നീളുന്ന മുറിയാത്ത സനദോടു കൂടിയത് എന്നാണ് സ്വഹീഹായ ഹദീഥിന് ഇമാം ഇബ്‌നു ഖുസൈമ തന്റെ സ്വഹീ ഹില്‍ നല്‍കിയിട്ടുള്ള നിര്‍വചനം. സ്വഹീഹായ ഹദീഥിനെക്കുറിച്ച് ഇമാം ശാഫി പറയുന്നത് ഇങ്ങനെയാണ്: ”ഓരോ നിവേദകനും അയാളുടെ മതത്തില്‍ ആത്മാര്‍ഥതയുള്ളവനാകണം; നിവേദനത്തില്‍ സത്യസന്ധനും. എന്താണ് നിവേദനം ചെയ്യുന്നതെന്ന് വ്യക്തമായി അറിയുന്നവനും വ്യത്യസ്ത പ്രയോഗങ്ങള്‍ വഴി ഭാഷയിലുണ്ടാകുന്ന അര്‍ഥവ്യത്യാസത്തെക്കുറിച്ച് ബോധവാനും അക്ഷരം പ്രതി ഉദ്ധരി ക്കുന്നവനുമായിരിക്കണം അയാള്‍. വ്യത്യസ്ത പ്രയോഗങ്ങള്‍വഴി ഭാഷയിലുണ്ടാകുന്ന അര്‍ഥവ്യത്യാസത്തെക്കുറിച്ച് മനസ്സിലാകാത്തയാ ളാണെങ്കില്‍ തന്റെ പ്രയോഗങ്ങള്‍ വഴി താന്‍ അനുവദനീയമായതിനെ വിരോധിക്കുന്നുണ്ടോയെന്നോ നിഷിദ്ധമായതിനെ അനുവദനീയമാ ക്കുന്നുണ്ടോയെന്നോ അറിയാന്‍ അയാള്‍ക്ക് കഴിയില്ലെന്നതു കൊണ്ടാണിത്. ഹദീഥില്‍ നിന്ന് താന്‍ മനസ്സിലാക്കിയതെന്തോ അതല്ല, താന്‍ എന്ത് കേട്ടോ അത് അയാള്‍ നിവേദനം ചെയ്യുമ്പോള്‍ ഹദീഥില്‍ അര്‍ഥവ്യത്യാസമുണ്ടാവുകയില്ല. തന്റെ ഓര്‍മയില്‍ നിന്നെടുത്ത് നിവേദനം ചെയ്യുന്നയാളാണെങ്കില്‍ നല്ല ഓര്‍മശക്തിയുള്ളയാളും രേഖകളില്‍ നിന്ന് ഉദ്ധരിക്കുന്നയാളാണെങ്കില്‍ രേഖാസംരക്ഷണത്തില്‍ അതീവശ്രദ്ധ യുള്ളയാളുമാകണം അയാള്‍. അറിയപ്പെട്ട ഹദീഥ് നിവേദകന്‍മാരുടെ നിവേദനത്തില്‍ പരാമര്‍ശിക്കപ്പെട്ട വിഷയമാണ് അയാള്‍ നിവേദനം ചെയ്ത ഹദീഥിലുള്ളതെങ്കില്‍ അതുമായി വൈരുധ്യം പുലര്‍ത്താത്ത വിധം യോജിപ്പുള്ളതാവണം. താന്‍ നേര്‍ക്കു നേരെ കേട്ടിട്ടില്ലാത്തത് കേട്ടുവെന്ന് വരുത്തിത്തീര്‍ത്ത് നിവേദനം ചെയ്യുന്ന മുദല്ലിസോ പ്രവാചകനില്‍ നിന്ന് വിശ്വസ്തമായ പരമ്പരയോടു കൂടി നിവേദനം ചെയ്യ പ്പെട്ട വചനങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ നിവേദനം ചെയ്യുന്നയാളോ ആകരുത് അയാള്‍. ഇവിടെ പറഞ്ഞ രീതിയിലുള്ള നിവേദകന്‍ മാര്‍ മാത്രമുള്ള നബി(സ) വരെയെത്തുന്ന മുറിയാത്ത ശൃംഖലയോടു കൂടിയ ഇസ്‌നാദുള്ള ഹദീഥുകളാണ് സ്വഹീഹ്”

ആദ്യകാലത്തെ ഹദീഥ് വിഭജനത്തില്‍ സ്വഹീഹ്, ദ്വഈഫ് എന്നിങ്ങനെ മാത്രമെയുണ്ടായിരുന്നുള്ളൂ. നടേപറഞ്ഞ ഗുണഗണങ്ങളുള്ളവ സ്വഹീഹും അല്ലാത്തവ ദ്വഈഫും എന്ന രൂപത്തിലായിരുന്നു വര്‍ഗീകരിക്കപ്പെട്ടിരുന്നത്. ഇസ്‌നാദിന്റെ നിഷ്‌കൃഷ്ടമായ പരിശോധനയില്‍ ചെറിയ പ്രശ്‌നങ്ങളുള്ളവ പോലും ദ്വഈഫായാണ് വിലയിരുത്തപ്പെട്ടിരുന്നത്. അതുകൊണ്ടാണ് പ്രബലമായ മറ്റു തെളിവുകള്‍ ലഭ്യമല്ലെ ങ്കില്‍ ദ്വഈഫായ ഹദീഥുകളുടെ അടിസ്ഥാനത്തില്‍ മതവിധി നിര്‍ണയിക്കാമെന്ന് ഇമാം അഹ്മദ് ബിന്‍ ഹന്‍ബല്‍ അഭിപ്രായപ്പെട്ടത്. സ്വഹീ ഹായ ഇസ്‌നാദില്ലെങ്കിലും മതവിധി നിര്‍ണയിക്കാന്‍ ഉപയുക്തമായ വിധം വിശ്വസനീയമായത്, പൂര്‍ണമായും അസ്വീകാര്യമായതും ഒഴിവാക്കപ്പെടേണ്ടതുമായത് എന്നിങ്ങനെ രണ്ടുതരം ദ്വഈഫുകളുണ്ടായിരുന്നുവെന്ന് ഇമാം ഇബ്‌നു തൈമിയ വ്യക്തമാക്കുന്നുണ്ട്.

ഹിജ്‌റ 279ല്‍ അന്തരിച്ച, ഇമാം ബുഖാരിയുടെ ശിഷ്യനും പ്രസിദ്ധമായ ആറ് ഹദീഥ് ഗ്രന്ഥങ്ങളിലൊന്നിന്റെ കര്‍ത്താവുമായ അബൂഈസാ മുഹമ്മദ്ബിനു ഈസാ അത്തിര്‍മിദിയാണ് സ്വഹീഹിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കിലും മതവിധി നിര്‍ണയിക്കുവാനായി ഉപയോഗിക്കാനാവുന്ന ഹദീഥുകളെ ഹസന്‍ (കുഴപ്പമില്ലാത്തത്) എന്ന പേരില്‍ ആദ്യമായി വിളിച്ചത്. തന്റെ ഹദീഥ് സമാഹാരത്തിന്റെ ആമുഖത്തില്‍ എന്താണ് ഹസനെന്നും എങ്ങനെയുള്ള ഹദീഥുകളെയാണ് ഹസനായി പരിഗണിക്കാനാവുകയെന്നും അദ്ദേഹം വിശദമായി വിവരിക്കുന്നുണ്ട്.‘കളവോ വ്യാജനിര്‍മിതിയോ ആരോപിക്കപ്പെടാത്തവര്‍ മാത്രം ഉള്‍ക്കൊള്ളുന്ന സനദോടു കൂടിയതും യോഗ്യതയു ള്ളവരുടെ നിവേദനത്തിന് വിരുദ്ധമായത് (ശാദ്ദ്) അല്ലാത്തതും ഒന്നിലധികം ശൃംഖലയോടെ നിവേദനം ചെയ്യപ്പെട്ടതുമായ ഹദീഥാണ് ‘ഹസന്‍’എന്നാണ് അദ്ദേഹത്തിന്റെ നിര്‍വചനം. ഹസനായ ഹദീഥുകള്‍ രണ്ടുതരമാണെന്നും അശ്രദ്ധരും അമിതമായി അബദ്ധങ്ങള്‍ പിണയുന്നവരും കളവു പറഞ്ഞേക്കാമെന്ന് സംശയിക്കപ്പെടുന്നവരുമല്ലെങ്കിലും അര്‍ഹതയെക്കുറിച്ച് ശരിക്കും അറിയപ്പെട്ടിട്ടില്ലാത്ത ഒരാള്‍ സനദില്‍ ഉള്‍പെട്ടിരിക്കുവാന്‍ സാധ്യതയുള്ളതും അതേപ്രകാരമോ അതിനോട് സമാനമായ രീതിയിലോ വേറെവഴിക്ക് നിവേദനം ചെയ്യപ്പെട്ടതുമായ ഹദീഥുകളും സത്യസന്ധതയിലും വിശ്വസ്തതയിലും പ്രസിദ്ധനാണെങ്കിലും മനഃപാഠത്തിലും സൂക്ഷ്മതയിലും സ്വഹീ ഹിന്റെ സ്ഥാനം കൈവരിച്ചിട്ടില്ലാത്ത നിവേദകനിലൂടെ കടന്നുവന്നതും ആക്ഷേപവിധേയമാകാത്ത ഇസ്‌നാദോടുകൂടിയതും വിശാസ യോഗ്യ നിവേദനങ്ങള്‍ക്ക് വിരുദ്ധമാകാത്തതും കേടുപാടുകളില്ലാത്തതുമായ ‘മത്‌ന്’ ഉള്‍ക്കൊള്ളുന്ന ഹദീഥുകളുമാണ് ‘ഹസന്‍’ ആയി പരിഗണിക്കപ്പെടുന്ന രണ്ട് വിഭാഗങ്ങളെന്ന് ഹദീഥ് പണ്ഡിതനായ ഇബ്‌നുസ്‌സ്വലാഹ് വിശദീകരിച്ചിട്ടുണ്ട്.

print