എന്താണ് ജിഹാദ്?

/എന്താണ് ജിഹാദ്?
/എന്താണ് ജിഹാദ്?

എന്താണ് ജിഹാദ്?

റെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ജിഹാദ്. വിവിധ ദേശങ്ങളില്‍ നടക്കുന്ന വിമോചന പോരാട്ടങ്ങളെക്കുറിച്ച പരാമര്‍ശങ്ങളിലും മാനവികതക്കു തന്നെ ഭീഷണിയായിത്തീരുന്ന ഭീകരവാദത്തെപ്പറ്റിയുള്ള അപഗ്രഥനങ്ങളിലും ഇസ്‌ലാമിനെയും മുഹമ്മദ് നബി(സ)യെയും പ്രതിചേര്‍ത്തുകൊണ്ടുള്ള പഠനങ്ങളിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന പദമാണത്. ജിഹാദെന്ന ശബ്ദം കേള്‍ക്കുമ്പോഴേക്ക് ഒഴുകുന്ന രക്തവും കരയുന്ന വ്രണിതരും തകരുന്ന കെട്ടിടങ്ങളും നിരയായി കിടക്കുന്ന ശവശരീരങ്ങളും സ്‌ഫോടനത്തില്‍ നിന്നുയരുന്ന അഗ്‌നിസ്ഫുലിംഗങ്ങളും തോക്കും വാളും കഠാരയും മുഖംമൂടിയണിഞ്ഞ ആയുധധാരികളുമാണ് സാധാരണക്കാരന്റെ മനസ്സിലേക്ക് കടന്നു വരുന്നത്.ജിഹാദ് എന്ന പദവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ പരികല്പനയുടെ സ്വാധീനം നമ്മുടെ മാധ്യമങ്ങളിലും പൊതുവ്യവഹാരങ്ങളിലുമെല്ലാം കാണാൻ കഴിയും.

കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിയുകയും മേശപ്പുറത്തെ എളുപ്പ റഫറന്‍സിന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഇംഗ്ലീഷ് നിഘണ്ടുവായ ‘റീഡേഴ്‌സ് ഡൈജസ്റ്റ് ഓക്‌സ്‌ഫോര്‍ഡ് കംപ്ലീറ്റ് വേള്‍ഡ് ഫൈന്‍ഡര്‍’ ജിഹാദിനെ നിര്‍വചിക്കുന്നത് ‘അവിശ്വാസികള്‍ക്കെതിരെ മുസ്‌ലിംകള്‍ നടത്തുന്ന വിശുദ്ധയുദ്ധം'(1) എന്നാണ്. വിശദമായ ഇംഗ്ലീഷ് പദപഠനത്തിന് ഉപയോഗിക്കപ്പെടുന്ന ‘വെബ്‌സ്റ്റേഴ്‌സ് എന്‍സൈക്ലോപീഡിക് ഡിക്ഷണറിയില്‍ ‘മുസ്‌ലിംകള്‍ പരിശുദ്ധ ഉത്തരവാദിത്തമായി പരിഗണിക്കുന്ന വിശുദ്ധയുദ്ധം’ എന്നും ‘ഒരു ആശയത്തിനോ തത്ത്വത്തിനോ വേണ്ടി നടത്തുന്ന ഉജ്വലമായ, പലപ്പോഴും കയ്‌പേറിയ കുരിശു യുദ്ധം’ എന്നുമാണ് ജിഹാദിന് നല്‍കിയിരിക്കുന്ന രണ്ട് നിര്‍വചനങ്ങള്‍.(2) ‘മുഹമ്മദീയര്‍ നടത്തുന്ന പോര്; മതപ്രചാരണാര്‍ത്ഥം ഇസ്ലാം നിയമം അനുശാസിച്ചിട്ടുള്ള വിശുദ്ധയുദ്ധം’ എന്നാണല്ലോ മലയാള ഭാഷാകാരന്‍മാരില്‍ പ്രമുഖനായ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള തന്റെ പ്രസിദ്ധമായ ‘ശബ്ദ താരാവലി’യില്‍ ജിഹാദിനെ നിര്‍വചിച്ചത്.(3) പ്രൊഫ: ഇ.പി. നാരായണ ഭട്ടതിരിയുടെ അസ്സീസി മലയാളം നിഘണ്ടുവിലാകട്ടെ, ‘മുസ്‌ലിംകളുടെ വിശുദ്ധയുദ്ധം; മതത്തിനു വേണ്ടിയുള്ള യുദ്ധം; കുരിശു യുദ്ധം; മിന്നലാക്രമണം പോലെ പെട്ടെന്നുള്ള ആക്രമണം’ എന്നീ നാല് അര്‍ഥങ്ങള്‍ നല്‍കിയിട്ടുണ്ട്, ജിഹാദിന്.(4) നിഘണ്ടുകള്‍ വ്യാപകമായി നിര്‍മിക്കുവാനാരംഭിച്ച പതിനാറാം നൂറ്റാണ്ടിന്റെ തുടക്കം മുതലെങ്കിലും തന്നെ ജിഹാദെന്നാല്‍ കുരിശുയുദ്ധത്തിന് സമാനമായ ഇസ്‌ലാമിക സംജ്ഞയാണെന്ന ധാരണ നിലനിന്നിരുന്നുവെന്ന് ഇവ വ്യക്തമാക്കുന്നു.
പദപരമായി നോക്കിയാൽ ജിഹാദ് എന്ന പദത്തിന് യുദ്ധവുമായി ബന്ധമൊന്നുമില്ല. ഹര്‍ബ്, വഇയ്യ്, ഇദാഅ്, ഖിസ്വാമ് എന്നിവയാണ് യുദ്ധത്തിനുപയോഗിക്കുന്ന അറബിപദങ്ങള്‍.(5) വിശുദ്ധ യുദ്ധത്തിന് ‘അല്‍ ഹര്‍ബുല്‍ മുഖദ്ദസ’ എന്നാണ് അറബിയില്‍ പറയുക. ഇങ്ങനെയൊരു സാങ്കേതിക ശബ്ദം ഇസ്‌ലാമിക ശബ്ദതാരാവലിയില്‍ കാണാന്‍ കഴിയില്ല. ജിഹാദിന് ഇങ്ങനെയൊരു അര്‍ഥം അംഗീകരിക്കപ്പെട്ട അറബി നിഘണ്ടുക്കളിലൊന്നും നല്‍കിയിട്ടുമില്ല. ‘ജാഹദയുടെ നാമരൂപമായ ജിഹാദ് യഥാവിധി സൂചിപ്പിക്കുന്നത് ഒരാളുടെ പരമാവധി കഴിവും ശക്തിയും പരിശ്രമങ്ങളും അധ്വാനങ്ങളുമെല്ലാം അനിഷ്ടകരമായ എന്തിനെങ്കിലുമെതിരെ പോരാടുവാന്‍ വിനിയോഗിക്കുകയെന്നാണ്. ഇത് മൂന്നുതരമുണ്ട്. പ്രത്യക്ഷ ശത്രുവിനോടുള്ളത്, പിശാചിനോടുള്ളത്, സ്വന്തത്തോടുള്ളത്. ക്വുര്‍ആനിലെ 22:77 ലെ ഈ പ്രയോഗത്തില്‍ ഇവ മൂന്നും ഉള്‍പ്പെടുന്നു’െവന്നാണ് പ്രസിദ്ധമായ ലെയിന്‍സ് അറബി ഇംഗ്ലീഷ് ലെക്‌സിക്കണ്‍ പറയുന്നത്.(6) ഇതിനു സമാനമായ അര്‍ഥം തന്നെയാണ് ക്ലാസിക്കല്‍ അറബി നിഘണ്ടുക്കളും ജിഹാദിന് നല്‍കിയിട്ടുള്ളത്.(7)

ആദ്യകാലത്തോ പില്‍ക്കാലത്തോ ഉള്ള ക്വുര്‍ആന്‍ വ്യാഖ്യാതാക്കളാരും തന്നെ ജിഹാദിനെക്കുറിച്ച ചര്‍ച്ചയില്‍ അത് ‘അല്‍ഹര്‍ബുല്‍ മുഖദ്ദസ’യാണെന്ന് സമര്‍ഥിച്ചതായി കാണാനാവില്ല. പ്രമുഖ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ ആര്‍തര്‍ ജോണ്‍ ആര്‍ബറി തന്റെ ക്വുര്‍ആന്‍ പരിഭാഷയിലുടനീളം ‘ജിഹാദി’നെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്”struggle’എന്നാണ്, holywar എന്നല്ല എന്ന കാര്യവും ശ്രദ്ധേയമാണ്.(8) പോരാട്ടത്തിനും യുദ്ധത്തിനുമെല്ലാംstruggleഎന്നു പറയുമെങ്കിലും, എന്തെങ്കിലുമൊരു കാര്യം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള തീവ്രമായ യജ്ഞത്തിനാണല്ലോ പൊതുവായി ആ ആംഗലേയ ശബ്ദം പ്രയോഗിക്കപ്പെടാറുള്ളത്; ഏതായിരുന്നാലും,struggle എന്ന ഇംഗ്‌ളീഷ് പദത്തിന് വിശുദ്ധയുദ്ധമെന്ന് അര്‍ഥമില്ലെന്ന് വ്യക്തമാണ്. ഇതു തന്നെയാണ് ജിഹാദ് എന്ന അറബി പദത്തിന്റെയും അവസ്ഥ. ‘തീവ്രമായ പരിശ്രമമെന്നാണ്’ പ്രസ്തുത പദത്തിന്റെ വിവക്ഷ. നന്‍മക്കു വേണ്ടിയുള്ള പോരാട്ടം തിന്‍മയെ വിപാടനം ചെയ്യുന്നതിനായി സ്വന്തം ജീവന്‍ നല്‍കിക്കൊണ്ട് നടത്തുന്ന തീവ്രയജ്ഞമായതിനാല്‍ അത് ജിഹാദാണ്. ജിഹാദ് എന്നാല്‍ പോരാട്ടമല്ല; എന്നാല്‍ പോരാട്ടം ജിഹാദായിത്തീരുമെന്നര്‍ഥം.

ജിഹാദായിത്തീരുന്ന പോരാട്ടത്തെക്കുറിച്ചു പോലും മുസ്‌ലിംകള്‍ ‘വിശുദ്ധയുദ്ധം’ എന്നു വിളിക്കാറില്ല. സ്വതവേ അശുദ്ധമായ രക്തച്ചൊരിച്ചിലുകളെ മാര്‍പാപ്പയാല്‍ മാമോദീസ മുക്കി വിശുദ്ധമാക്കുകയാണ് മധ്യകാല ക്രൈസ്തവ നേതൃത്വം ചെയ്തത്. അധീശത്വത്തിനുവേണ്ടി നടത്തുന്ന അതിക്രമങ്ങളുടെ സമാഹാരമായി നിലനില്‍ക്കുന്ന സാമൂഹ്യരൂപമായ യുദ്ധത്തെ അത് സഭയുടെ താല്‍പര്യസംരക്ഷണത്തിനാണ് എന്ന ഒരേയൊരു കാരണത്താല്‍ മാമോദീസ മുക്കി വിശുദ്ധമാക്കിയപ്പോള്‍ അതിന്റെ പേരില്‍ നടന്നത് നിരപരാധികളും നിഷ്‌കളങ്കരുമായ മനുഷ്യരുടെ കൂട്ടക്കുരുതികളായിരുന്നു.

പോരാട്ടം ജിഹാദായിത്തീരുന്ന സന്ദര്‍ഭത്തെക്കുറിച്ച് വിശദീകരിക്കുന്ന ഇസ്‌ലാമിക പ്രമാണങ്ങള്‍ അത് എന്തിന്, എങ്ങനെയാണ് നടത്തേണ്ടതെന്നു കൂടി കൃത്യമായി പഠിപ്പിക്കുന്നുണ്ട്.വിശ്വാസആരാധനാപ്രബോധന സ്വാതന്ത്ര്യങ്ങള്‍ നേടിയെടുക്കുന്നതിനായി നടക്കുന്ന പോരാട്ടങ്ങളുടെ ലക്ഷ്യവും മാര്‍ഗവും ദൈവിക മാര്‍ഗദര്‍ശന പ്രകാരമുള്ളതായിത്തീരുമ്പോള്‍ മാത്രമാണ് അത് ജിഹാദായിത്തീരുക. സ്വതവെ അശുദ്ധമായ യുദ്ധത്തെ പരിശുദ്ധാത്മ സാമീപ്യത്താലുള്ള മാര്‍പാപ്പ പ്രഖ്യാപനം വഴി വിശുദ്ധമാക്കി, അതിന്റെ പേരില്‍ അണികളെ ആയുധമണിയിച്ച് എന്തും ചെയ്യാനുള്ള അനുമതിയും കൊടുത്ത് തുറന്ന് വിടുന്ന ഏര്‍പ്പാടല്ല അത,് പ്രത്യുത അനിവാര്യമായ സാഹചര്യത്തില്‍ നടത്തുന്ന, നിയതമായ മാര്‍ഗവും കൃത്യമായ ലക്ഷ്യവുമുള്ള പോരാട്ടമാണത്; അശുദ്ധമായ ഒന്നിനെ വിശുദ്ധവല്‍ക്കരിച്ചതല്ല ജിഹാദ്; അത് എല്ലായ്‌പ്പോഴും വിശുദ്ധമാണ്; വിശുദ്ധമായതേ ജിഹാദാവൂ എന്നർത്ഥം.
‘ജിഹാദ്’ എന്ന നാമരൂപമോ അതിന്റെ ക്രിയാരൂപങ്ങളോ ആകെ 41 തവണയാണ് ക്വുര്‍ആനില്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. നാമരൂപത്തില്‍ ജിഹാദ് എന്നു പ്രയോഗിച്ചിരിക്കുന്നത് നാലു തവണയാണ്; സൂറത്തുത്തൗബയിലെ 24ാം വചനത്തിലും സൂറത്തുല്‍ ഹജ്ജിലെ 78ാം വചനത്തിലും സൂറത്തുല്‍ ഫുര്‍ഖാനിലെ 52ാം വചനത്തിലും സൂറത്തുല്‍ മുംതഹനയിലെ ഒന്നാം വചനത്തിലുമാണ് അവ. മറ്റു സൂക്തങ്ങളില്‍, ജാഹദൂ, ജാഹിദൂ, യുജാഹിദു, ജാഹദ, യുജാഹിദൂന, തുജാഹിദൂന, മുജാഹിദൂന തുടങ്ങിയ വ്യത്യസ്ത ജാഹദാ രൂപങ്ങള്‍ പ്രയോഗിക്കുന്നുണ്ട് ക്വുര്‍ആന്‍. ‘യുദ്ധംചെയ്യുക’യെന്ന കേവലമായ അര്‍ഥത്തിനപ്പുറം, യുദ്ധമടക്കമുള്ള ത്യാഗപരിശ്രമങ്ങളെക്കുറിക്കുവാനാണ് പ്രയോഗങ്ങള്‍ നടത്തുന്നതെന്ന് വചനങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും.

യുദ്ധത്തെ മാത്രം സൂചിപ്പിക്കുന്നതിന് ക്വുര്‍ആനില്‍ പ്രയോഗിക്കുന്നത് ‘ഖിതാല്‍’ എന്ന പദമോ അതിന്റെ ക്രിയാരൂപങ്ങളോ ആണ്. പോരാട്ടം എന്ന് അര്‍ഥം വരുന്ന ‘ഖിതാല്‍’ എന്ന അറബിപദമാണ്, ധനസമ്പാദനം ലക്ഷ്യമാക്കി അറബികള്‍ ചെയ്തിരുന്ന യുദ്ധത്തെക്കുറിക്കുവാന്‍ അറബികള്‍ പ്രയോഗിച്ചിരുന്ന ‘ഹര്‍ബിനും’ ഗോത്രവൈരം തീര്‍ക്കാനുള്ള ഏറ്റുമുട്ടലുകള്‍ക്ക് അവര്‍ പറഞ്ഞിരുന്ന ‘വഇയ്യിനും’ പകരം ക്വുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നത് എന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. ഖിതാലും ജിഹാദും പര്യായപദങ്ങളല്ല. ജിഹാദിന്റെ അര്‍ഥമായി ‘ഖിതാല്‍’ എന്ന് ഭാഷാകാരന്‍മാരൊന്നും രേഖപ്പെടുത്തിയിട്ടുമില്ല. ഖിതാല്‍ മാത്രമല്ല ജിഹാദ്; എന്നാല്‍ ഖിതാലും ജിഹാദായിത്തീരും എന്നാണ് ജിഹാദ്, ഖിതാല്‍ എന്നീ പ്രയോഗങ്ങള്‍ നടത്തിയ ക്വുര്‍ആന്‍ വചനങ്ങളും ഹദീഥുകളും പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാവുക. മുസ്‌ലിംകളായ തങ്ങളുടെ സന്താനങ്ങളെ ബഹുദൈവാരാധനക്ക് നിര്‍ബന്ധിക്കുന്ന സത്യനിഷേധികളായ മാതാപിതാക്കളുടെ ചെയ്തിയെ ക്വുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത് ‘ജിഹാദ്’ എന്നാണ്: (29:8) ബഹുദൈവാരാധനക്ക് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടുന്നതിനാണ് ഈ വചനത്തില്‍ ജിഹാദ് എന്ന് പ്രയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്.

ജിഹാദിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങളില്‍ ചിലതില്‍ സ്വശരീരംകൊണ്ടും സമ്പത്തുകൊണ്ടും ജിഹാദ് ചെയ്യാന്‍ കല്‍പിക്കുന്നതായി കാണാന്‍ കഴിയും: ”അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍.” (49:15) രണഭൂമിയിലെ പോരാട്ടം അടക്കമുള്ള ത്യാഗപരിശ്രമങ്ങളെല്ലാം ശരീരംകൊണ്ടുള്ള ജിഹാദാണ്. നന്മയുടെ മാര്‍ഗത്തില്‍ സ്വത്തുക്കള്‍ ചെലവഴിക്കുകയെന്ന സാമ്പത്തിക ത്യാഗപരിശ്രമമാണ് ഇവിടെ സമ്പത്തുകൊണ്ടുള്ള ജിഹാദുകൊണ്ട് വിവക്ഷിക്കപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാണ്.

ആദര്‍ശ ശത്രുക്കളോട് ക്വുര്‍ആന്‍ ഉപയോഗിച്ച് ജിഹാദ് ചെയ്യുവാനാണ് അല്ലാഹുവിന്റെ കല്‍പന: ”അതിനാല്‍ സത്യനിഷേധികളെ നീ അനുസരിച്ചു പോകരുത്. ഇത് (ഖുര്‍ആന്‍) കൊണ്ട് നീ അവരോട് വലിയൊരു സമരം നടത്തിക്കൊള്ളുക.” (25:52) പീഡനങ്ങളും പ്രയാസങ്ങളും സഹിച്ച് മക്കയില്‍ ആദര്‍ശപ്രബോധനം നിര്‍വഹിക്കുന്നതിനിടയില്‍ അവതരിപ്പിക്കപ്പെട്ട ഈ സൂക്തത്തില്‍ ക്വുര്‍ആന്‍ ഉപയോഗിച്ചുകൊണ്ടാണ് ഏറ്റവും വലിയ ജിഹാദ് ചെയ്യേണ്ടതെന്നാണ് കല്‍പിക്കപ്പെട്ടിരിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. ക്വുര്‍ആനികാദര്‍ശങ്ങളെ സത്യനിഷേധികള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നതിനെയും അതുപയോഗിച്ച് ആദര്‍ശസമരം നടത്തുന്നതിനെയുംകുറിച്ചാണ് ഇവിടെ ക്വുര്‍ആന്‍ കൊണ്ടുള്ള ജിഹാദ് എന്ന് പരിചയപ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തം.

‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ ജിഹാദ് ചെയ്യുക’ (22:78) എന്ന് കല്‍പിക്കുന്ന ക്വുര്‍ആന്‍ വചനം ‘നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മാര്‍ഗമാണത്’ എന്നാണ് അനുബന്ധമായി പറഞ്ഞിരിക്കുന്നത്. ത്യാഗനിര്‍ഭരമായ ആദര്‍ശ സമരമായിരുന്നു ഇബ്‌റാഹീം നബി(അ)യുടെ ജീവിത്തില്‍ നിറഞ്ഞുനിന്നിരുന്നത് എന്ന വസ്തുത ക്വുര്‍ആനിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും മനസ്സിലാകും. ഇബ്‌റാഹീം നബി(അ)നടത്തിയ സായുധ സമരങ്ങളെക്കുറിച്ച പരാമര്‍ശങ്ങളൊന്നുംതന്നെ ക്വുര്‍ആനിലില്ല. സ്രഷ്ടാവ് മാത്രമാണ് ആരാധനകള്‍ അര്‍ഹിക്കുന്നതെന്ന തത്ത്വം പ്രബോധനം ചെയ്യുകയും പ്രസ്തുത മാര്‍ഗത്തില്‍ ത്യാഗങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാണ് ഇബ്‌റാഹീം നബിൗയുടെ ജീവിതത്തില്‍ നിറഞ്ഞുനിന്നിരുന്ന ജിഹാദ്. വിശ്വാസികള്‍ക്ക് എന്നും മാതൃകയായ ജിഹാദാണത്; അവരുടെ ജീവിതത്തില്‍നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താനാവാത്ത ജിഹാദ്.

1. “Jihad: a holy war undertaken by Muslims against unbelievers’, Sarah Tulloch (Ed): Reader’s Digest Oxford Complete Word finder, Milan, 1994, Page 819

2. “Jihad:a holy war undertaken as a sacred duty by Muslims; any vigoro-us, often bitter crusade for an idea or principle.’”Webster’s Encyclopaedic Unabridged Dictionary of the English Language, New York, 1989, Page 767

3. ശബ്ദതാരാവലി, 9ാം പതിപ്പ്, ശ്രീ കണ്‌ഠേശ്വരം ജി. പത്മനാഭപ്പിള്ള, പ്രസാധകര്‍: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ലിമിറ്റഡ്, നാഷണല്‍ ബുക്ക്സ്റ്റാള്‍ കോട്ടയം, പേജ്: 871

4. പ്രൊഫ: ഇ.പി. നാരായണ ഭട്ടതിരി: അസ്സീസി മലയാളം നിഘണ്ടു, ചങ്ങനാശേരി, 1997,പുറം 328

5. حرب، وغي، عداء، خصام

6. “Jihad, infinitive noun of jaahada, properly signifies the using or exerting of one’s utm-ost power, eÅorts, endeavours or ability, in contending with an object of disappro-bation; and this is of three kinds, namely, a visible enemy, the devil, and one’s self; all of which are included in the term as used in the Quran 22:77.” (Edward William Lane: An Arabic-English Lexicon, Beirut, 1968, Page 473)

7. ലിസാനുല്‍ അറബ് 4/107, താജുല്‍ അറൂസ് 2/329

8. A. J. Arberry: The Koran Interpreted: A Translation, Touchstone, 1996, Look 9:24, 22:78, 25:52, 60:1 etc.

print