തലമുറകൾ കഴിഞ്ഞ് രേഖപ്പെടുത്തപ്പെട്ട ഹദീഥുകളിൽ കളങ്കങ്ങളുണ്ടാവാനുള്ള സാധ്യതയില്ലേ?

/തലമുറകൾ കഴിഞ്ഞ് രേഖപ്പെടുത്തപ്പെട്ട ഹദീഥുകളിൽ കളങ്കങ്ങളുണ്ടാവാനുള്ള സാധ്യതയില്ലേ?
/തലമുറകൾ കഴിഞ്ഞ് രേഖപ്പെടുത്തപ്പെട്ട ഹദീഥുകളിൽ കളങ്കങ്ങളുണ്ടാവാനുള്ള സാധ്യതയില്ലേ?

തലമുറകൾ കഴിഞ്ഞ് രേഖപ്പെടുത്തപ്പെട്ട ഹദീഥുകളിൽ കളങ്കങ്ങളുണ്ടാവാനുള്ള സാധ്യതയില്ലേ?

നബി(സ)യിൽ നിന്ന് നാലും അഞ്ചും പേരിലൂടെ കടന്നു വന്ന് ബുഖാരിയുടെയും മുസ്ലിമിന്റെയുമെല്ലാം അടുത്തെത്തുന്ന ഹദീഥുകൾ, ഈ നിവേദകരെല്ലാം സത്യസന്ധരാണെങ്കിലും, ഇവ സംപ്രേക്ഷണം ചെയ്യുന്നതിൽ അബദ്ധങ്ങൾ വരാനുള്ള സാധ്യത നിഷേധിക്കാനാവുമോ? ഇവരെല്ലാം പരസ്പരം കേട്ടതിനു ശേഷമാണ് ഹദീഥുകൾ നിവേദനം ചെയ്തതെന്ന് ഉറപ്പു വരുത്തുന്നതെങ്ങനെ?

നിവേദകന്‍മാരെക്കുറിച്ച അപഗ്രഥനമാണ് ഹദീഥ്പരിശോധനയുടെ ഒന്നാം പടി. നബിയിൽ നിന്ന് സൂക്ഷ്മവും സത്യസന്ധവുമായി നിവേദനം ചെയ്യപ്പെട്ടതാണോ ഹദീഥ് എന്ന അന്വേഷണമാണത്. നിവേദകരെല്ലാം സത്യസന്ധരും സ്വീകാര്യരുമാണെന്ന് മനസ്സിലാക്കിയാലും ഒരു ഹദീഥിന്റെ സ്വീകാര്യത ആത്യന്തികമായി തീരുമാനിക്കപ്പെടുന്നില്ല. അതിന് നിവേദനത്തിന്റെ നൈരന്തര്യം (അല്‍ ഇത്തിസാല്‍) കൂടി പരിശോധിക്കപ്പെ ടേണ്ടതുണ്ട്. മുഹമ്മദ് നബി(സ)യില്‍ നിന്ന് തുടങ്ങി ഹദീഥ് ശേഖരിക്കുന്നയാള്‍വരെ ഇസ്‌നാദിലുള്ള വ്യക്തികളെല്ലാം പരസ്പരം കാണുക യോ ഹദീഥ് കേള്‍ക്കുകയോ ചെയ്തിട്ടുണ്ടോയെന്ന അന്വേഷണമാണിത്. ഈ അന്വേഷണത്തിന്, ഇസ്‌നാദിന്റെ ശൃംഖലയിലുള്ള ആരെങ്കി ലും പരസ്പരം കണ്ടുമുട്ടുകയോ ഹദീഥ് കൈമാറുകയോ ചെയ്തിട്ടില്ലെന്ന് മനസ്സിലായാല്‍ ആ ഇസ്‌നാദ് പരമ്പരമുറിഞ്ഞതാണെന്ന് (മുന്‍ ക്വത്വിഅ്) വിധിക്കുകയും അസ്വീകാര്യമാണെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. ഒരു ഹദീഥിന്റെ ഇസ്‌നാദ് നബി(സ)  →A  →B  →C  →D എന്നിങ്ങനെയാണെങ്കില്‍ നബി(സ)യെ Aയും Aയെ Bയും Bയെ Cയും Cയെ Dയും കാണുകയോ സമകാലികരാണെന്ന് സ്ഥാപിക്കപ്പെടു കയോ ചെയ്യുകയും അവര്‍ ഹദീഥ് കൈമാറിയിട്ടുണ്ടെന്ന് ഉറപ്പാവുകയും ചെയ്യുമ്പോള്‍ മാത്രമെ പ്രസ്തുത ഇസ്‌നാദ് അവിച്ഛിന്നമാണെന്ന് (മുത്തസ്വില്‍) തീരുമാനിക്കുകയും ഹദീഥ് സ്വീകരിക്കപ്പെടുകയും ചെയ്യുകയുള്ളൂ.

കളവ് പറയുകയില്ലെന്ന് അദാലത്ത് പരിശോധന വഴി ബോധ്യപ്പെട്ട നിവേദകന്‍മാരുടെ നൈരന്തര്യം തീരുമാനിക്കാന്‍ അവരുടെ പദപ്ര  യോഗങ്ങളെയാണ് പ്രാഥമികമായി പഠനവിധേയമാക്കുന്നത്. നിവേദകന്‍മാര്‍ പൊതുവായി തങ്ങള്‍ക്ക് ഹദീഥ് ലഭിച്ചതിനെ സൂചിപ്പിക്കു മ്പോള്‍ പറയാറുള്ളത് ‘ഇന്നയാള്‍ എന്നോട് നിവേദനം ചെയ്തു’ (ഹദ്ദഥനീ) വെന്നോ ‘ഇന്നയാള്‍ എന്നെ അറിയിച്ചു’ (അഖ്ബറനീ) യെന്നോ ‘ഇന്നയാളില്‍നിന്ന് ഞാന്‍ കേട്ടു’ (സമിഅ്ത്തുമിന്‍)വെന്നോ ‘ഇന്നയാള്‍ പ്രകാരം’ (അന്‍) എന്നോ ആണ്. ഇതിലെ ആദ്യത്തെ മൂന്നു പ്രയോഗ ങ്ങളും നേര്‍ക്കുനേരെയുള്ള സംപ്രേഷണത്തെയാണ് കുറിക്കുന്നത്. ഒരാളുടെ പേരുപറഞ്ഞുകൊണ്ട് ഹദ്ദഥനീയെന്നോ, അഖ്ബറനീയെന്നോ, സമിഅ്ത്തുമിന്‍ എന്നോ സത്യസന്ധനായ ഒരു നിവേദകന്‍ പറയുകയാണെങ്കില്‍ അയാളില്‍നിന്ന് നേര്‍ക്കുനേരെ നിവേദനകന്‍ ഈ ഹദീഥ് കേള്‍ക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് അതിനര്‍ഥം.

എന്നാല്‍ നാലാമത്തെ പ്രയോഗമായ ‘അന്‍’ നേര്‍ക്കു നേരെയുള്ള സംപ്രേക്ഷണം ഉറപ്പുവരുത്തുന്നില്ല. ഒരാള്‍ പറഞ്ഞതായി മറ്റൊരാളില്‍നിന്ന് അറിഞ്ഞാലും ‘അന്‍’ എന്ന് പ്രയോഗിക്കാവുന്നതാണ്. അത്തരം പ്രയോഗങ്ങളുള്ള ഇസ്‌നാദുകളുള്‍ക്കൊള്ളുന്ന ഹദീഥുകള്‍ മുത്തസ്വിലാണെന്ന് ഉറപ്പിക്കുവാനാവുകയില്ല. അങ്ങനെ പറഞ്ഞ നിവേദകനും (ശിഷ്യന്‍) അയാള്‍ ആരില്‍നിന്നാണോ അത് ഉദ്ധരിക്കുന്നത് അയാളും (ഗുരു) പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തിട്ടുേണ്ടായെന്നുകൂടി പരിശോധിച്ചതിനുശേഷമാണ് അത്തരം ഹദീഥുകളുടെ സ്വീകാര്യത നിര്‍ണയിക്കുക. അതിനായി അവര്‍ രണ്ടു പേരുടെയും ജീവിതകാലവും ജനന-മരണത്തീയതികളും ജീവിച്ച സ്ഥലങ്ങളും പഠനസമ്പ്രദായങ്ങളുമെല്ലാം അപഗ്രഥിക്കപ്പെടുന്നു. ഗുരു വും ശിഷ്യനും സമകാലികരാണെങ്കില്‍ ഒരാളില്‍നിന്ന് മറ്റേയാള്‍ കേട്ടിരിക്കുവാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി, അവരുടെ സത്യസന്ധ തകൂടി കണക്കിലെടുത്ത് അവയെ മുത്തസ്വിലായി പരിഗണിക്കുകയും അല്ലെങ്കില്‍ മുന്‍ക്വത്വിഅ് ആയി മാറ്റിനിര്‍ത്തപ്പെടുകയുമാണ് ചെയ്യുന്നത്.

ഒരാള്‍ മറ്റൊരാളില്‍ നിന്ന് കേട്ടുവെന്ന് പറയുമ്പോള്‍ രണ്ടു പേരും അല്‍പകാലമെങ്കിലും ഒന്നിച്ചുണ്ടാവണമെന്നതുകൊണ്ടാണ് പരസ്പരം കണ്ടുമുട്ടിയിട്ടില്ലെന്ന് ഉറപ്പുള്ളവര്‍ ഒരു ഹദീഥ് സനദിന്റെ ശൃംഖലയില്‍ അടുത്ത കണ്ണികളായുണ്ടെങ്കില്‍ അത്തരം ഹദീഥുകളെ മുറിഞ്ഞ ഇസ്‌നാദോടുകൂടിയുള്ളതായി പരിഗണിച്ച് മാറ്റിനിര്‍ത്തപ്പെടുന്നത്. നിവേദകന്‍മാര്‍ ജീവിച്ചിരുന്ന കാലവും ബന്ധപ്പെടാനുള്ള സാധ്യതയും മാത്രമല്ല, അവര്‍ യഥാര്‍ഥത്തില്‍ ഹദീഥ് കൈമാറിയിട്ടുണ്ടോ എന്നു കൂടി സൂക്ഷ്മമായി പരിശോധിക്കുവാന്‍ പണ്ഡിതന്‍മാര്‍ പരിശ്രമിച്ചി ട്ടുണ്ട്. ഇതിന്റെ ഫലമായിട്ടാണ് ‘തമസ്‌കരണ’ത്തെ (തദ്‌ലീസ്)ക്കുറിച്ച ചര്‍ച്ചകളുണ്ടായത്. ഒരു നിവേദകന്‍ ഇന്നയാള്‍ പറഞ്ഞു(ക്വാല)വെ ന്നോ ഇന്നയാളിന്‍ പ്രകാരം (അന്‍) എന്നോ പറഞ്ഞുകൊണ്ട് പറഞ്ഞ വ്യക്തിയില്‍ നിന്ന് താന്‍ അത് കേട്ടിട്ടുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും യഥാര്‍ഥത്തില്‍ അയാള്‍ പറഞ്ഞത് മറ്റൊരാള്‍ ഉദ്ധരിച്ചതാണ് താന്‍ കേട്ടതെന്ന വസ്തുത മറച്ചുവെക്കുകയും ചെയ്യുന്നതിനാണ് ‘തദ്‌ലീസ്’ എന്നു പറയുക. C  നിവേദനം ചെയ്യുന്നത് A പറഞ്ഞുവെന്നാണ്; പക്ഷേ, C കേട്ടിരിക്കുന്നത് Aയില്‍ നിന്ന് നേരിട്ടല്ല; പ്രത്യുത A പറഞ്ഞതായി B യില്‍നിന്നാണ്. Bയുടെ പേര് മറച്ചുവെച്ചുകൊണ്ട് A യില്‍നിന്ന് താന്‍ കേട്ടുവെന്ന രീതിയില്‍ C പറയുമ്പോള്‍ അത് തദ്‌ലീസായിത്തീരുന്നു. തദ്‌ലീസ് ചെയ്യുന്നവരെ മുദല്ലിസ് എന്നാണ് വിളിക്കുന്നത്. പൊതുവെ വെറുക്കപ്പെട്ടതാണ് തദ്‌ലീസ്. താന്‍ നേരിട്ട് കേട്ട വ്യക്തിയുടെ പേര് മറച്ചുവെക്കുന്നത് അയാള്‍ക്ക് എന്തെങ്കിലും ന്യൂനതയുള്ളതുകൊണ്ടായിരിക്കുമല്ലോ. ന്യൂനത മറച്ചുവെച്ചുകൊണ്ട് ഹദീഥിനെ സ്വീകരി പ്പിക്കുവാനുള്ള ശ്രമമുള്ളതിനാലാണ് തദ്‌ലീസ് വെറുക്കപ്പെട്ടതാവുന്നത്.

എന്നാല്‍ തെറ്റായ ലക്ഷ്യങ്ങളോടെയല്ലാതെയും തദ്‌ലീസ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുദല്ലിസുകളെയെല്ലാം അസ്വീകാര്യരായ നിവേദകരുടെ ഗണത്തില്‍ പണ്ഡിതന്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഗുരുവിന് കീഴില്‍ ഹദീഥ് അഭ്യസിച്ചുകൊണ്ടിരിക്കെ പ്രാഥമിക ആവശ്യത്തിനായി പോയ ഒരു ശിഷ്യന് ആ ഗുരു പറഞ്ഞുകൊടുത്ത ഹദീഥ് നേര്‍ക്കു നേരെ കേള്‍ക്കാള്‍ കഴിഞ്ഞിട്ടില്ലെങ്കിലും തന്റെ സഹപാഠികളുടെ സാക്ഷ്യത്തില്‍നിന്ന് അത് ഗുരു പറഞ്ഞുവെന്ന് അയാള്‍ മനസ്സിലാക്കു കയും ഗുരുവില്‍നിന്നാണെന്ന രൂപത്തില്‍ തന്നെ അയാള്‍ നിവേദനം ചെയ്യുന്ന അവസ്ഥയുണ്ടാവാം. തെറ്റായ ലക്ഷ്യത്തിനുവേണ്ടിയല്ലാതെ യുള്ള തദ്‌ലീസിനുള്ള ഉദാഹരണമാണിത്. അതുകൊണ്ടുതന്നെ തദ്‌ലീസ് ചെയ്യുന്ന വ്യക്തിയെയും സന്ദര്‍ഭത്തെയും അപഗ്രഥിച്ചുകൊണ്ടു മാത്രമെ മുദല്ലിസ് സ്വീകാര്യനാണോ അല്ലേയെന്ന് തീരുമാനിക്കപ്പെടുകയുള്ളൂ.

ഹദീഥുകൾ നബിയിൽ നിന്നുള്ളത് തന്നെയാണെന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടി എത്രത്തോളം നിഷ്‌കൃഷ്ടമായ പരിശോധനകളാണ് പണ്ഡിതന്മാർ നടത്തിയതെന്ന ഇതിൽ നിന്ന് മനസ്സിലാക്കാം. ഈ പരിശോധനകൾ കഴിഞ്ഞ സ്വീകാര്യമെന്ന തീരുമാനിക്കപ്പെട്ട ഹദീഥുകൾ നബിയിൽ നിന്നുള്ളത് തന്നെയാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയും.

print