ഉംറ ബിൻത് രിഫാ, ജന്ദഇയ്യ ഇബ്നതു ജുന്ദുബ്, ജംറ ബിൻത് ഹാരിസ്, ശൻബാഅ് ബിൻത് ഉമർ എന്നിവരെ നബി (സ) വിവാഹം ചെയ്ത് ഒഴിവാക്കിയോ ?

/ഉംറ ബിൻത് രിഫാ, ജന്ദഇയ്യ ഇബ്നതു ജുന്ദുബ്, ജംറ ബിൻത് ഹാരിസ്, ശൻബാഅ് ബിൻത് ഉമർ എന്നിവരെ നബി (സ) വിവാഹം ചെയ്ത് ഒഴിവാക്കിയോ ?
/ഉംറ ബിൻത് രിഫാ, ജന്ദഇയ്യ ഇബ്നതു ജുന്ദുബ്, ജംറ ബിൻത് ഹാരിസ്, ശൻബാഅ് ബിൻത് ഉമർ എന്നിവരെ നബി (സ) വിവാഹം ചെയ്ത് ഒഴിവാക്കിയോ ?

ഉംറ ബിൻത് രിഫാ, ജന്ദഇയ്യ ഇബ്നതു ജുന്ദുബ്, ജംറ ബിൻത് ഹാരിസ്, ശൻബാഅ് ബിൻത് ഉമർ എന്നിവരെ നബി (സ) വിവാഹം ചെയ്ത് ഒഴിവാക്കിയോ ?

വിമർശനം:

“പരിപൂർണ്ണതയിലെത്താത്ത മറ്റു ഡിവോഴ്സുകൾ”

ഉമ്രാ ബിൻത് റിഫാ… മേൽ പറഞ്ഞ റിഫയുടെ സഹോദരി…. (ഇബ്നു സാദ് 8: 107)

മറുപടി:

ഈ നാമത്തിലുള്ള ഒരു സ്ത്രീയെ സംബന്ധിച്ച വിവാഹ കഥ ഈയുള്ളവന്റെ പരിശോധനയിൽ എവിടെയും കണ്ടെത്താൻ കഴിഞ്ഞില്ല. കിട്ടിയ പേര് വെച്ച് ഒരു സാങ്കൽപിക ഭാര്യയെ ഭാവനാത്മകമായി രൂപകൽപ്പന ചെയ്തെടുത്തതാവാം. അങ്ങനെയാണെങ്കിൽ ഭൗതികവാദികളെ സംബന്ധിച്ച് അത് ഒരു അത്ഭുതമൊ പുതിയതൊ അല്ല.

വിമർശനം:

ബിൻത് ജുദൂബ് ഇബ്ന് ദാമ്രാ ഓഫ് ജൻദ്രാ…. കെട്ടി … ഒഴിവാക്കി..(ഇബ്നു സാദ് 8: 106)

മറുപടി:

ജന്ദഇയ്യ ഇബ്നതു ജുന്ദുബ് ഇബ്നു ദംറയെ നബി (സ) വിവാഹം അന്വേഷിച്ചു എന്നത് പോലും സ്ഥിരപ്പെട്ടിട്ടില്ല.

ഇബ്നു സഅ്ദ് തന്റെ ത്വബകാത്തിൽ കഥ ഉദ്ധരിച്ച നിവേദക പരമ്പരകൾ രണ്ടും കണ്ണി മുറിഞ്ഞതും ദുർബലരായ നിവേദകരാൽ നിർഭരവുമാണ്. എല്ലാം ഉദ്ധരിക്കുന്നത് മുഹമ്മദ് ഇബ്നു ഉമർ ആണ്:

أخبرنا محمد بن عمر قال حدثني محمد بن عبد الله عن الزهري مثل ذلك بنت جندب ابن ضمرة الجندعي

أخبرنا محمد بن عمر حدثني عبد الله بن جعفر عن يزيد بن بكر أن رسول الله صلى الله عليه وسلم تزوج بنت جندب بن ضمرة الجندعي

മുമ്പത്തെ ലേഖനങ്ങളിൽ വിശദീകരിച്ചതു പോലെ മുഹമ്മദ് ഇബ്നു ഉമർ ദുർബലനാണ്. എന്ന് മാത്രമല്ല ഈ കഥ ഉദ്ധരിച്ച മുഹമ്മദ് ഇബ്നു ഉമർ തന്നെ ഈ കഥ കെട്ടുകഥയാണെന്നും നബി (സ) ഒരു കിനാന ഗോത്രക്കാരിയെയും ഒരിക്കലും വിവാഹം ചെയ്തിട്ടില്ലെന്നും പറയുന്ന നിവേദനവും ഇബ്നു സഅ്ദിന്റെ ത്വബക്കാത്തിൽ (8:149), കഥയുടെ തൊട്ട് താഴെയുണ്ടെങ്കിലും നാസ്തികർ അത് കണ്ട മട്ടില്ല.

قال محمد بن عمر وأصحابنا ينكرون ذلك ويقولون لم يتزوج رسول الله صلى الله عليه وسلم كنانية قط

വിമർശനം:

ജാമ്രാ ബിൻത് അൽ ഹരിത്…. മുഹമ്മദ് വിഹാഹ കരാറിൽ ഒപ്പിട്ട ശേഷം അറിഞ്ഞു അവൾക്ക് രോഗമുണ്ട് എന്ന്… ഒഴിവാക്കി (തബാരി v9, P 140- 141)

മറുപടി:

‘വിവാഹ കരാർ ചെയ്തു’, ‘വിവാഹ കരാറിൽ ഒപ്പിട്ടു’ എന്നൊക്കെ എല്ലാ കഥകളിലും നാസ്തികർ ആവർത്തിച്ചു കൊണ്ടിരിക്കുന്ന പദങ്ങൾ മിഷണറി പരിഭാഷകളിൽ നിന്ന് കടമെടുത്തവയാണ്. അറബിയിൽ ഖത്വബ (خطب) അഥവാ വിവാഹം അന്വേഷിച്ചു എന്നെയുള്ളു. അതിൽ ഒരു പഞ്ച് പോരാത്തതു കൊണ്ടും നബിയെ(സ) ഒരു കരാർ ലംഘകനാക്കാനും വേണ്ടിയാണ് ഈ പദങ്ങളിലെ ബോധപൂർവ്വമുള്ള തിരിമറികൾ. ഏതായാലും കഥ എല്ലായ്‌പ്പോഴും പോലെ വ്യാജമാണ്. സനദു പോലുമില്ലാത്ത രണ്ട് വരി!!. (താരീഖുത്വബ്‌രി: 3: 169)

വിമർശനം:

അൽ ഷാൻബാ ബിൻത് അമ്ര്… പ്രവാചകനല്ല എന്ന് ആദ്യ ദിവസം തന്നെ കളിയാക്കിയത് കൊണ്ട് ഒഴിവാക്കി (തബാരി 9, P 136)

മറുപടി:

ശൻബാഅ് ബിൻത് ഉമർ അൽ ഗിഫാരി. കഥ ഇപ്രകാരമാണ്:

ശൻബാഅ്നെ പ്രവാചകൻ (സ) വിവാഹം ചെയ്ത ആദ്യ രാത്രി അദ്ദേഹത്തിന്റെ പുത്രൻ ഇബ്രാഹിം മരണപ്പെട്ടു. അപ്പോൾ ശൻബാഅ് പറഞ്ഞു: അദ്ദേഹം പ്രവാചകനായിരുന്നെങ്കിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവർ എന്തുകൊണ്ട് മരണപ്പെട്ടു? ഇസ്‌ലാമിക പാഠങ്ങൾ തീരെ അറിവില്ലാത്തതിനാലും ദുർബല വിശ്വാസി ആയതിനാലും പ്രതിസന്ധി ഘട്ടത്തിൽ തന്നെ ആശ്വസിപ്പിക്കാനുള്ള പക്വത ഇല്ലാത്തതിനാലുമെല്ലാമാവാം നബി (സ) അവരെ വിവാഹ മോചനം ചെയ്തത് എന്ന് അനുമാനിക്കാം. പക്ഷെ നാസ്തികൻ സ്വന്തം വക കാരണം കണ്ടെത്തി.

“പ്രവാചകനല്ല എന്ന് ആദ്യ ദിവസം തന്നെ ‘കളിയാക്കിയതിനാൽ’ ഒഴിവാക്കി”

ഒരു തമാശ പറഞ്ഞതിന് ഒഴിവാക്കി എന്ന് വരുത്തി തീർത്തു. മകൻ മരിച്ച കാര്യം സൂചിപ്പിച്ചുമില്ല. അതിന് മറ്റൊരു കാരണം കൂടി ഉണ്ട്. “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന ലേഖനത്തിന്റെ അവസാനത്തിൽ “ഇത്രയൊക്കെയായിട്ടും മുഹമ്മദിന് കുട്ടികളില്ല” എന്ന ഒരു കല്ലുവെച്ച നുണ പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്. അപ്പോൾ പിന്നെ നിവേദനം മുഴുവനായും ഉദ്ധരിക്കാൻ കഴിയില്ലല്ലൊ.

ഏതായാലും ഈ നിവേദനവും വ്യാജമാണ്. സനദ് (നിവേദക പരമ്പര) പോലും കഥയ്ക്കില്ല.

print