ഇസ്‌ലാമിന്റെ പേരിൽ നടക്കുന്ന കലാപങ്ങളിൽ പങ്കെടുക്കാമോ?

/ഇസ്‌ലാമിന്റെ പേരിൽ നടക്കുന്ന കലാപങ്ങളിൽ പങ്കെടുക്കാമോ?
/ഇസ്‌ലാമിന്റെ പേരിൽ നടക്കുന്ന കലാപങ്ങളിൽ പങ്കെടുക്കാമോ?

ഇസ്‌ലാമിന്റെ പേരിൽ നടക്കുന്ന കലാപങ്ങളിൽ പങ്കെടുക്കാമോ?

ഒരു പോരാട്ടത്തിൽ മുസ്ലിമിന് പങ്കെടുക്കാൻ പറ്റുമോയെന്ന് തീരുമാനിക്കുന്നത് അത് എന്തിനു വേണ്ടി എങ്ങനെ ചെയ്യുന്നുവന്നതിന്റെ അടിസ്‌ഥാനത്തിലാണ്. ലക്ഷ്യവും മാർഗവുമെല്ലാം ഇസ്ലാമാമികമാവുമ്പോൾ മാത്രമേ എതൊരു പോരാട്ടവും ഇസ്‌ലാമികമാവൂ. ഇസ്‌ലാമിക സമൂഹത്തിന്റെ നേതൃത്വത്തിന് കീഴിൽ ഇസ്‌ലാമികമായ ലക്ഷ്യത്തിനു വേണ്ടി നടത്തുന്നതാണ് അല്ലാഹുവിന്റെ മാർഗത്തിലുള്ള ധര്മസമരം. രഹസ്യകേന്ദ്രങ്ങളിലിരുന്ന് ആരെങ്കിലും ആഹ്വാനം ചെയ്യുകയും രാഷ്ട്രീയമായ ലക്ഷ്യത്തോടുകൂടി നിയതമായ ക്രമങ്ങളൊന്നുമില്ലാതെ നടക്കുന്ന കലാപമല്ല അത്. അത്തരം കലാപങ്ങളിൽ പങ്കെടുക്കുന്നത് ഇസ്‌ലാമികമായി ന്യായീകരിക്കുവാൻ കഴിയില്ല. സമരാര്‍ജിത സ്വത്തിനോ ധൈര്യശാലിയെന്ന് അറിയപ്പെടുന്നതിനോ ലോകമാന്യത്തിനോ വേണ്ടി ചെയ്യപ്പെടുന്ന സായുധ സമരങ്ങളൊന്നും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ളവയല്ലെന്നും അല്ലാഹുവിന്റെ വചനം അത്യുന്നതമായിത്തീരുന്നതിനുവേണ്ടിയുള്ള പോരാട്ടം മാത്രമാണ് ദൈവമാര്‍ഗത്തില്‍ സ്വീകാര്യമായിത്തീരുകയെന്നും(സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ജിഹാദ് വസ്‌സൈര്‍) വര്‍ഗീയതക്കോ വംശീയതക്കോ വേണ്ടി സമരം ചെയ്യുന്നവന്റെ മരണം ജാഹിലിയ്യത്തിന്റേതാണെന്നും(സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ജിഹാദ് വസ്‌സൈര്‍) പഠിപ്പിക്കപ്പെട്ടവരാണ് മുസ്‌ലിംകള്‍. സ്വര്‍ഗം ആഗ്രഹിച്ചുകൊണ്ട് ആയുധമെടുക്കുന്നവര്‍ തങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തന്നെയാണോയെന്ന് ശരിക്കും ആലോചിച്ച ശേഷമാകണം രണാങ്കണത്തില്‍ ഇറങ്ങേണ്ടത് എന്ന് പഠിപ്പിക്കുന്ന ഇസ്‌ലാമിക പ്രമാണങ്ങളില്‍നിന്ന് മതം പഠിക്കുന്നവര്‍ രാഷ്ട്രീയവും സാമുദായികവുമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സംഘടിപ്പിക്കപ്പെടുന്ന ഭീകരവാദികളുടെ കൂട്ടായ്മകള്‍ക്കകത്ത് അംഗങ്ങളായിത്തീരുകയില്ലെന്നുറപ്പാണ്.

ആദര്‍ശത്തിനുവേണ്ടി നടത്തപ്പെടുന്ന യുദ്ധത്തില്‍ ഇസ്‌ലാമിനെതിരെ യുദ്ധം ചെയ്യുന്ന ‘അവിശ്വാസിയും അയാളെ വധിക്കുന്ന വിശ്വാസിയും ഒരിക്കലും നരകത്തില്‍ ഒരുമിക്കുകയില്ല'(സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഇമാറ)യെന്ന് പഠിപ്പിച്ച പ്രവാചക(സ)നില്‍ലനിന്ന് മതം പഠിച്ചവര്‍ക്ക് സ്വര്‍ഗത്തിലെത്തിക്കുമെന്ന് ഉറപ്പുള്ള ലക്ഷ്യത്തിനുവേണ്ടിയല്ലാതെ ആയുധമെടുക്കുവാന്‍ കഴിയില്ല. ഭരണാധികാരികളുടെ നേതൃത്വത്തിലല്ലാതെയുള്ള സായുധ സമരങ്ങള്‍ അരാജകത്വവും കുഴപ്പങ്ങളും സൃഷ്ടിക്കുവാന്‍ മാത്രമാണ് നിമിത്തമാവുകയെന്നതുകൊണ്ടുതന്നെ അത്തരം മുന്നേറ്റങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് പഠിപ്പിക്കപ്പെട്ടവര്‍ക്ക് എങ്ങനെയാണ് കലാപങ്ങളിലൂടെ രാഷ്ട്രീയലക്ഷ്യം നേടാന്‍ ശ്രമിക്കുന്ന ഭീകരവാദ കൂട്ടായ്മകളില്‍ ചേക്കേറാന്‍ കഴിയുക?

കുഴപ്പങ്ങളും കലാപങ്ങളുമുണ്ടാകുമ്പോള്‍ അവയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നാണ് വിശ്വാസി കല്‍പിക്കപ്പെട്ടിരിക്കുന്നത്.

”അബൂബക്‌റയില്‍നിന്ന്: നബി (സ) പറഞ്ഞു: ‘കുഴപ്പങ്ങള്‍ ഉണ്ടാകും. അറിയുക, പിന്നെയും കുഴപ്പങ്ങള്‍ ഉണ്ടാകും. അറിയുക, കുഴപ്പങ്ങള്‍ വീണ്ടും സംഭവിക്കും. കലാപത്തില്‍ പങ്കെടുക്കാതെ വീട്ടിലിരിക്കുന്നവനാണ് അതില്‍ ഭാഗഭാക്കായി നടക്കുന്നവനേക്കാള്‍ ഉത്തമന്‍. കലാപത്തിലേക്ക് നടന്നുനീങ്ങുന്നവന്‍ അതിലേക്ക് ഓടിയടുക്കുന്നവനേക്കാള്‍ ഉത്തമനാണ്. കലാപം പൊട്ടിപ്പുറപ്പെട്ടാല്‍, അതില്‍ ഏര്‍പ്പെടാതെ ഒട്ടകമുള്ളവന്‍ ആ ഒട്ടകത്തിന്റെ കാര്യം ശ്രദ്ധിക്കട്ടെ. ആടുകളുള്ളവന്‍ അവയുടെ കാര്യം ശ്രദ്ധിക്കട്ടെ. ഭൂമിയുള്ളവന്‍ ഭൂമിയില്‍ പണിയെടുക്കട്ടെ’ ഒരാള്‍ ചോദിച്ചു: ‘ഒട്ടകമോ ആടോ ഭൂമിയോ ഇല്ലാത്തവനാണെങ്കിലോ?’ അവിടുന്ന് പറഞ്ഞു: ‘അവന്‍ തന്റെ വാള് കല്ലുപയോഗിച്ച് കുത്തിപ്പൊട്ടിക്കട്ടെ. എന്നിട്ട് കലാപത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുമെങ്കില്‍ അവന്‍ രക്ഷപ്പെടട്ടെ. അല്ലാഹുവേ, ഞാന്‍ ഈ സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചില്ലയോ? അല്ലാഹുവേ, ഞാന്‍ എത്തിച്ചില്ലയോ? അല്ലാഹുവേ ഞാന്‍ എത്തിച്ചില്ലയോ?’ അപ്പോള്‍ ഒരാള്‍ ചോദിച്ചു: ‘പ്രവാചകരേ, നിര്‍ബന്ധിച്ച് എന്നെ കൊണ്ടുപോയി ഒരു ചേരിയില്‍ കക്ഷിചേര്‍ക്കുകയും അങ്ങനെ ഞാന്‍ വെട്ടേറ്റോ അമ്പേറ്റോ മരിക്കുകയും ചെയ്യുകയാണെങ്കിലോ?’ അവിടുന്ന് പറഞ്ഞു: ‘നിന്നെ വെട്ടിയവന്‍ നിന്റെയും അവന്റെയും പാപഭാരവുമായി നരകത്തിലേക്ക് പോകുന്നതാണ്.”(സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഇമാറ)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ