ഇസ്‌ലാമിക രാഷ്ട്രമുണ്ടാക്കുന്നതിന് വേണ്ടിയുള്ള പലായനമല്ലേ ഹിജ്റ?

/ഇസ്‌ലാമിക രാഷ്ട്രമുണ്ടാക്കുന്നതിന് വേണ്ടിയുള്ള പലായനമല്ലേ ഹിജ്റ?
/ഇസ്‌ലാമിക രാഷ്ട്രമുണ്ടാക്കുന്നതിന് വേണ്ടിയുള്ള പലായനമല്ലേ ഹിജ്റ?

ഇസ്‌ലാമിക രാഷ്ട്രമുണ്ടാക്കുന്നതിന് വേണ്ടിയുള്ള പലായനമല്ലേ ഹിജ്റ?

വിടവാങ്ങുക, ഉപേക്ഷിക്കുക, കയ്യൊഴിയുക, പരിത്യജിക്കുക, വേര്‍പെടുക, നിരാകരിക്കുക, സ്ഥലം വിടുക തുടങ്ങിയ അര്‍ഥങ്ങളില്‍ പ്രയോഗിക്കപ്പെടുന്ന ഹാ, ജീം, റാ എന്നീ അക്ഷരത്രയങ്ങളില്‍നിന്ന് നിഷ്പന്നമായ ‘ഹിജ്‌റ’യെന്ന പദമാണ് പലായനം എന്ന് പരിഭാഷപ്പെടുത്തപ്പെടാറുള്ളത്. സ്വദേശം വെടിഞ്ഞുപോകുന്നതിനും തെറ്റുകള്‍ വെടിഞ്ഞ് വിശുദ്ധമാകുന്നതിനും പൈശാചിക പാതവെടിഞ്ഞ് സത്യമാര്‍ഗത്തിലെത്തിച്ചേരുന്നതിനുമെല്ലാം ‘ഹിജ്‌റ’യെന്ന് പറയാവുന്നതാണ്. ‘തെറ്റുകളും പാപങ്ങളും ഉപേക്ഷിക്കുന്നവനാണ് മുഹാജിര്‍’ (പലായനം ചെയ്യുന്നവന്‍)( ഇമാമുമാര്‍ അഹ്മദ്, ഹാക്കിം, ത്വബ്‌റാനി എന്നിവര്‍ നിവേദനം ചെയ്ത സ്വഹീഹായ ഹദീഥ് ) എന്ന് പ്രവാചകൻ (സ) പറഞ്ഞത് ഈ അര്‍ഥങ്ങളെയെല്ലാം ദ്യോതിപ്പിച്ചുകൊണ്ടാണ്. പാപങ്ങള്‍ വെടിയുകയും നന്മകളില്‍ വ്യാപൃതരാവുകയും ചെയ്യുകയെന്ന ഹിജ്‌റ ചെയ്യേണ്ടവനാണ് ഓരോ മുസ്‌ലിമും. എലാ മുസ്ലിംകളും ആത്യന്തികമായി മുഹാജിറുകളാണെന്ന് സാരം.

പൈശാചികപാത വെടിഞ്ഞ് സത്യമാര്‍ഗത്തിലെത്തിച്ചേര്‍ന്ന ഒരാള്‍ക്ക് തന്റെ സത്യമെന്ന് തിരിച്ചറിഞ്ഞ ആദര്‍ശപ്രകാരം ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമ്പോഴാണ് അയാള്‍ സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യുന്നത്. മാനസികമായ ഹിജ്‌റയില്‍നിന്നാണ് നാട് വെടിയേണ്ടിവരികയെന്ന ശാരീരികമായ ഹിജ്‌റയുണ്ടാവുന്നത്. പൈശാചിക പ്രലോഭനങ്ങളില്‍നിന്ന് രക്ഷപ്പെടുകയെന്ന മാനസികമായ ഹിജ്‌റ ചെയ്യാത്തവര്‍ ശാരീരിക ഹിജ്‌റ ചെയ്യുന്നതുകൊണ്ട് കാര്യമൊന്നുമില്ലെന്ന് പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുണ്ട്. “പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചാണ് (പ്രതിഫലാര്‍ഹമാവുക) ഓരോ മനുഷ്യനും അവനിദ്ദേശിച്ചത് ലഭിക്കും. ഭൗതികനേട്ടത്തിനോ ഏതെങ്കിലും സ്ത്രീയെ വിവാഹം ചെയ്യാനോ ആണ് ആരുടെയെങ്കിലും ഹിജ്‌റയെങ്കില്‍ അവനതാണ് ലഭിക്കുക.( സ്വഹീഹുല്‍ ബുഖാരി, കിതാബുബദഉല്‍ വഹ്‌യ്; സ്വഹീഹുമുസ്‌ലിം, കിതാബുല്‍ഇമാറ)

സത്യമതത്തിന്റെ നിര്‍ദേശങ്ങളനുസരിച്ച് ജീവിക്കുന്നതിനും പ്രബോധനം ചെയ്യുന്നതിനും വേണ്ടി സ്വദേശം വെടിഞ്ഞുപോകുന്നത് വളരെ വലിയ ത്യാഗമാണ്. ജനിച്ചുവളര്‍ന്ന നാടും പിച്ചവെച്ചുവളര്‍ന്ന മണ്ണും താലോലിച്ച് വളര്‍ത്തിയ ബന്ധുമിത്രാദികളെയും അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യവുമെല്ലാം വെടിഞ്ഞ് ആദര്‍ശജീവിതത്തിനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമായുള്ള പലായനമെന്ന അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ത്യാഗത്തിന് ഉന്നതമായ പ്രതിഫലമുണ്ടെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.

”വിശ്വസിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മഹത്തായ പദവിയുള്ളവരാണ്. അവര്‍ തന്നെയാണ് വിജയം പ്രാപിച്ചവര്‍. അവര്‍ക്ക് അവരുടെ രക്ഷിതാവ് അവന്റെ പക്കല്‍ നിന്നുള്ള കാരുണ്യത്തെയും പ്രീതിയെയും സ്വര്‍ഗത്തോപ്പുകളെയും പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവര്‍ക്ക് അവിടെ ശാശ്വതമായ സുഖാനുഭവമാണുള്ളത്. അവരതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കലാണ് മഹത്തായ പ്രതിഫലമുള്ളത്.” (9:20-22)

”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന്‍ കണ്ടെത്തുന്നതാണ്. വല്ലവനും തന്റെ വീട്ടില്‍ നിന്ന് – സ്വദേശം വെടിഞ്ഞ് കൊണ്ട് – അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ഇറങ്ങി പുറപ്പെടുകയും, അനന്തരം (വഴി മധ്യേ) മരണമവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (4:100)

സ്വര്‍ഗപ്രാപ്തിയെന്ന ലക്ഷ്യവും ആദര്‍ശജീവിതം നയിക്കുവാന്‍ അവസരമുണ്ടാകണമെന്ന ആഗ്രഹവും മാത്രമാണ് മുസ്‌ലിമിന്റെ പലായനത്തിന് പിന്നിലുള്ളത്. സ്വാര്‍ഥമായ താല്‍പര്യങ്ങള്‍ക്കോ ഭൗതികമായ ലക്ഷ്യങ്ങള്‍ക്കോ വേണ്ടിയുള്ള പലായനം ചിലപ്പോള്‍ പ്രസ്തുത ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാന്‍ പ്രയോജനീഭവിക്കാമെങ്കിലും അത് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഹിജ്‌റയാവുകയില്ലെന്നും ആത്യന്തികമായി അത് നന്മയ്ക്ക് നിമിത്തമാകുകയില്ലെന്നുമാണ് പ്രവാചകൻ (സ) പഠിപ്പിച്ചത്. ഭൗതികമായ ഒരു സാമ്രാജ്യ സ്ഥാപനമായിരുന്നു മുഹമ്മദ് നബി (സ) യുടെ ഹിജ്‌റക്കുപിന്നിലുള്ള ലക്ഷ്യമെന്ന് വിമര്‍ശിക്കുന്നവര്‍ നബി ദൗത്യത്തെക്കുറിച്ച് വിവരമില്ലാത്തവരാണ്. പ്രവാചകത്വം വാദിച്ചതുതന്നെ അറബികള്‍ക്കുമേലുള്ള അധീശത്വത്തിന് വേണ്ടിയായിരുന്നുവെന്ന് വാദിക്കുന്നവരാണ് മുഹമ്മദ് നബി (സ) യുടെ ഹിജ്‌റക്കുപിന്നിലും സാമ്രാജ്യസ്ഥാപനമെന്ന ലക്ഷ്യമുണ്ടായിരുന്നുവെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. ദൈവികബോധനങ്ങള്‍ പ്രകാരമുള്ള ജീവിതത്തിനും അത് പ്രബോധനം ചെയ്യുന്നതിനുമുള്ള സ്വാതന്ത്ര്യമുണ്ടാവുകയെന്നതില്‍ കവിഞ്ഞ ലക്ഷ്യങ്ങളെന്തെങ്കിലും ഹിജ്‌റക്ക് പിന്നിലുണ്ടായിരുന്നുവെന്ന് സ്ഥാപിക്കുവാന്‍ വിമര്‍ശകരുടെ പക്കല്‍ തെളിവുകളൊന്നും തന്നെയില്ല. ഹിജ്‌റക്ക് മുമ്പുള്ള സംഭവങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുകയും തലനാരിഴ കീറി പരിശോധിക്കുകയും ചെയ്താല്‍പോലും നബി (സ)യുടെ പലായനത്തിന് പിന്നില്‍ സ്വാര്‍ഥമായ വല്ല ലക്ഷ്യവുമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കുവാനാവശ്യമായ തെളിവുകളൊന്നും ലഭിക്കുകയില്ലെന്നുറപ്പാണ്.

print