ഇസ്‌ലാമിക രാഷ്ട്രത്തിലേക്കുള്ള പലായനമാണോ ഹിജ്റ?

/ഇസ്‌ലാമിക രാഷ്ട്രത്തിലേക്കുള്ള പലായനമാണോ ഹിജ്റ?
/ഇസ്‌ലാമിക രാഷ്ട്രത്തിലേക്കുള്ള പലായനമാണോ ഹിജ്റ?

ഇസ്‌ലാമിക രാഷ്ട്രത്തിലേക്കുള്ള പലായനമാണോ ഹിജ്റ?

ല്ല. മുസ്‌ലിമായി ജീവിക്കുവാൻ സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടിയുള്ള പലായനമാണത്. നബി ശിഷ്യന്മാരുടെ അബ്സീനിയ പലായനം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

പ്രവാചകത്വത്തിന്റെ ആറാം വര്‍ഷത്തിലെ റജബ് മാസത്തില്‍ പതിനൊന്ന് പുരുഷന്‍മാരും നാല് സ്ത്രീകളുമടങ്ങുന്ന മുസ്‌ലിംകളുടെ ആദ്യസംഘം അഭയാര്‍ഥികളായി അബ്‌സീനിയയിലേക്ക് പലായനം ചെയ്യുന്നത് മുതല്‍ ആരംഭിക്കുന്നു ഇസ്‌ലാമിലെ ഹിജ്‌റയുടെ ചരിത്രം. മക്കയിലെ പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടുന്നതിനായാണ് അവര്‍ അബ്‌സീനിയയിലേക്ക് പോയത്. ഏറെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്ന അടിമകള്‍ക്ക് യജമാനന്‍മാരുടെ കണ്ണുവെട്ടിച്ച് ഓടിപ്പോവുക പ്രയാസകരമായതുകൊണ്ടാവാം ആദ്യത്തെ പലായന സംഘത്തിലുണ്ടായിരുന്നത് പ്രധാനമായും ഖുറൈശീ ഗോത്രത്തില്‍നിന്ന് ഇസ്‌ലാം സ്വീകരിച്ചവരും അവരുടെ ഭാര്യമാരുമായിരുന്നു. തന്റെ മകളായ റുഖിയ്യ (റ) യെയും ഭര്‍ത്താവായിരുന്ന ഉഥ്മാനു ബ്‌നു അഫ്ഫാനെ(റ)യുമാണ് പ്രവാചകൻ (സ) ആദ്യമായി പലായനത്തിന് പറഞ്ഞയച്ചത്. ആദര്‍ശജീവിതത്തിലേക്ക്, സ്വന്തമായതെല്ലാം ഉപേക്ഷിച്ചുകൊണ്ട് പലായനം ചെയ്യാന്‍ പ്രവാചകൻ (സ) മുന്നില്‍ നടത്തിയത് സ്വന്തം പുത്രിയെയും പുത്രി ഭര്‍ത്താവിനെയുമായിരുന്നു.

ഉഥ്മാനുബ്‌നു മദ്വ്ഊനിന്റെ(റ) നേതൃത്വത്തില്‍ അബ്‌സീനിയയിലേക്ക് പലായനം ചെയ്ത ആദ്യസംഘം ഏറെ താമസിയാതെ ആ വര്‍ഷം ശവ്വാലില്‍തന്നെ മക്കയിലേക്ക് തിരിച്ചുവന്നത് തങ്ങളുടെ നാട്ടില്‍തന്നെ മുസ്‌ലിമായി ജീവിക്കുവാനുള്ള സാഹചര്യമുണ്ടായിട്ടുണ്ടെന്ന് തെറ്റായി മനസ്സിലാക്കിയതിനാലായിരുന്നു. ഉമറി (റ) ന്റെയും ഹംസ (റ) യുടെയും ഇസ്‌ലാം ആശ്ലേഷണത്തെക്കുറിച്ചറിഞ്ഞ അവര്‍ അതുവഴി മക്കയില്‍ സ്വസ്ഥമായി ആദര്‍ശജീവിതം നയിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടായിട്ടുണ്ടെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. ദൈവികബോധന പ്രകാരം ജീവിക്കുകയും അത് പ്രബോധിപ്പിക്കുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം ജന്മനാട്ടില്‍ ഒരുങ്ങിയിട്ടുണ്ടെന്ന് കരുതി മക്കയില്‍ തിരിച്ചെത്തിയ അവരെ സ്വാഗതം ചെയ്തത് മുസ്‌ലിംകള്‍ക്കെതിരെ ബഹുദൈവാരാധകര്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ച വര്‍ധമാനമായ വാര്‍ത്തകളായിരുന്നു. തങ്ങള്‍ സത്യമെന്ന് മനസ്സിലാക്കിയ ആദര്‍ശമുള്‍ക്കൊണ്ട് ജീവിക്കുവാന്‍ സ്വദേശത്ത് സാഹചര്യമൊരുങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കിയ ഉടനെ സന്തോഷത്തോടെ ജന്മനാട്ടിലേക്ക് തിരിച്ച അബ്‌സീനിയര്‍ മുഹാജിറുകളുടെ നടപടിയില്‍നിന്ന് അവരുടെ പലായനത്തിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന്  വ്യക്തമാവുന്നുണ്ട്. ആദര്‍ശ ജീവിതത്തിനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുകയെന്നതില്‍ കവിഞ്ഞ ലക്ഷ്യങ്ങളൊന്നും തന്നെ അവര്‍ക്കുണ്ടായിരുന്നില്ലെന്ന് സ്പഷ്ടം. ഇതുതന്നെയായിരുന്നു പിന്നീട് നടന്ന പലായനങ്ങളുടെയും ലക്ഷ്യം.

തങ്ങൾ കരുതിയത് പോലെ മക്കയിൽ മതസ്വാതന്ത്ര്യമുള്ള അവസ്ഥ സംജാതമായിട്ടില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് അബ്‌സീനിയയില്‍നിന്ന് തിരിച്ചെത്തിയവര്‍ വീണ്ടും അവിടേക്ക് തന്നെ പലായനം ചെയ്തത്. എണ്‍പതിലധികം പുരുഷന്‍മാരും പത്തൊന്‍പത് സ്ത്രീകളുമടങ്ങുന്ന താരതമ്യേന വലിയ പലായനസംഘത്തെ ക്രൈസ്തവ ഭരണാധികാരിയായിരുന്ന നജ്ജാശിയുടെ നാട്ടിലേക്ക് നബി (സ) പറഞ്ഞയച്ചതും സ്രഷ്ടാവിനെ മാത്രം ആരാധിച്ച് ജീവിക്കുകയും അവന്റെ നിയമനിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു. അബ്‌സീനിയയിലേക്ക് പലായനം ചെയ്യാന്‍ പ്രചോദിപ്പിച്ചുകൊണ്ടുള്ള പ്രവാചക നിര്‍ദേശത്തില്‍നിന്ന്  ഇക്കാര്യം സുതരാം വ്യക്തമാകുന്നുണ്ട്. മക്കാ മുശ്‌രിക്കുകളുടെ അക്രമങ്ങളാല്‍ പൊറുതിമുട്ടിയിരുന്ന തന്റെ അനുചരന്‍മാരോട് പ്രവാചകൻ (സ) പറഞ്ഞതായി, അബ്‌സീനിയന്‍ പലായനത്തില്‍ പങ്കെടുത്ത, പിന്നീട് പ്രവാചക പത്‌നിയായിത്തീര്‍ന്ന ഉമ്മുസല്‍മ (റ)നിവേദനം ചെയ്യുന്നു: ‘ആരെയും അക്രമിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യാത്ത ഒരു രാജാവാണ് അബ്‌സീനിയന്‍ പ്രദേശങ്ങള്‍ ഭരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ അങ്ങോട്ട് പോവുകയും അദ്ദേഹത്തിന്റെ പ്രദേശങ്ങളില്‍ അഭയം തേടുകയും ചെയ്യുക; ഇപ്പോഴുള്ള അവസ്ഥയ്ക്ക് അല്ലാഹു ഒരു മാറ്റമുണ്ടാക്കുന്നതും നമുക്ക് മറ്റൊരു മാര്‍ഗമുണ്ടാവുന്നതുംവരെ’.( ഇബ്‌നു ഹിശാം സ്വീകാര്യമായ പരമ്പരയോടു (ഹസന്‍) നിവേദനം ചെയ്തത്)

മക്കയ്ക്ക് ചുറ്റും നിരവധി സ്ഥലങ്ങളുണ്ടായിട്ടും തന്റെ അനുചരന്‍മാരെ എന്തുകൊണ്ടാണ് പ്രവാചകൻ (സ) അവിടങ്ങളിലേക്കൊന്നും പറഞ്ഞയക്കാതെ അബ്‌സീനിയതന്നെ തെരഞ്ഞെടുത്തതെന്ന ചോദ്യത്തിനുള്ള ഉത്തരം ഉമ്മുസല്‍മ (റ)നിവേദനം ചെയ്ത ഹദീഥിലുണ്ട്. ‘ആരെയും അക്രമിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യാത്ത ഒരു രാജാവാണ് അബ്‌സീനിയ ഭരിക്കുന്നത്’. അബ്‌സീനിയയിലേക്ക് കച്ചവടത്തിന് പോയ മക്കക്കാരില്‍നിന്ന് അവിടുത്തെ രാജാവിന്റെ നീതിനിഷ്ഠയെയും മാന്യതയെയുംകുറിച്ച് മനസ്സിലാക്കിയതില്‍നിന്നാവണം അദ്ദേഹം മുസ്‌ലിംകളെ സ്വീകരിക്കുകയും അവരുടെ മതമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുമെന്ന് പ്രവാചകൻ (സ) കരുതിയത്. അദ്ദേഹത്തിന്റെ നിഗമനം തെറ്റിയിട്ടില്ലെന്ന് അബ്‌സീനിയയില്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ച സ്വീകരണം തെളിയിക്കുകയും ചെയ്തു. ‘ഞങ്ങള്‍ക്ക് അവിടെ ചെന്നപ്പോള്‍ നല്ല സ്വീകരണം ലഭിക്കുകയും നല്ല അയല്‍ക്കാരെ കിട്ടുകയും ചെയ്തു. ഞങ്ങളുടെ മതത്തിന്റെ കാര്യത്തില്‍ ശാന്തി അനുഭവിക്കുകയും പീഡനങ്ങളില്ലാത്ത സ്ഥിതി സംജാതമാവുകയും ചെയ്തു’വെന്ന പ്രവാചക പത്‌നി ഉമ്മുസല്‍മേയുടെ വാക്കുകള്‍ മുസ്‌ലിംകള്‍ക്ക് അബ്‌സീനിയയില്‍ ലഭിച്ച സ്വീകാര്യതയെ വെളിപ്പെടുത്തുന്നുണ്ട്.

പീഡനങ്ങളും പ്രയാസങ്ങളും അധികരിച്ചപ്പോള്‍ അവയില്‍നിന്ന് രക്ഷപ്പെടാന്‍ പ്രവാചകൻ (സ) നിര്‍ദേശിച്ചത് ജീവിക്കുന്ന നാട്ടില്‍ കലാപങ്ങളും കുഴപ്പങ്ങളുമുണ്ടാക്കി, അവിടെയുള്ളവരെ ഭീഷണിപ്പെടുത്തിക്കൊണ്ട് കാര്യം നേടുകയെന്ന മാര്‍ഗമല്ല, പ്രത്യുത ആദര്‍ശമനുസരിച്ച് ജീവിക്കുവാനാകുന്ന ഏതെങ്കിലുമൊരു സ്ഥലമുണ്ടെങ്കില്‍ അവിടെ പോയി ജീവിക്കുകയും ആശയപ്രബോധനം നടത്തുകയും ചെയ്യുകയാണെന്ന വസ്തുത വ്യക്തമാക്കുന്നതാണ് അബ്‌സീനിയയിലേക്ക് പലായനം ചെയ്യുവാനുള്ള നബിനിര്‍ദേശങ്ങള്‍. എണ്‍പതിലധികം പുരുഷന്‍മാരും അവര്‍ക്ക് നേതൃത്വം നല്‍കാനാവുന്ന ഉമറിനെയും (റ)ഹംസയെയും (റ)പോലെയുള്ള ശക്തരും ധൈര്യശാലികളുമായ പ്രമുഖരും ആദര്‍ശത്തിനായി എന്തുതരം ത്യാഗങ്ങളും സഹിക്കാനാകുമെന്ന് തെളിയിച്ച ബിലാലിനെ (റ) പോലെയുള്ള മഹത്തുക്കളും തനിക്ക് ചുറ്റുമുണ്ടായിരുന്നിട്ടും മക്കയില്‍ തന്നെയും അനുയായികളെയും പീഡിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ ഒരു കലാപമഴിച്ചുവിട്ട് പീഡനത്തിന്റെ ചങ്ങലയറുക്കുവാനല്ല, പ്രത്യുത പീഡനങ്ങളില്ലാത്ത അയല്‍ ദേശത്തേക്ക് കുടിയേറുവാനാണ് പ്രവാചകൻ (സ) നിര്‍ദേശിച്ചതെന്ന വസ്തുത കലാപകാരിയായിരുന്നു മുഹമ്മദെന്നും (സ) മക്കയില്‍വെച്ച് അവസരമില്ലാത്തതുകൊണ്ടാണ് അദ്ദേഹം കലാപങ്ങളുടെ കെട്ടഴിക്കാതിരുന്നതെന്നും വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കുന്നതാണ്.

കലാപമുണ്ടാക്കി കലുഷിതമായ സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുകയും അതില്‍നിന്ന് തന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയുമല്ല, പ്രത്യുത സമാധാനത്തോടെ ദൈവികമതമനുസരിച്ച് ജീവിക്കുകയും അത് പ്രബോധിപ്പിക്കുകയും ചെയ്യാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുകയുമായിരുന്നു പ്രവാചകന്റെ ലക്ഷ്യം. മക്കയിലെ നിലവിലുള്ള സാമൂഹ്യ സാഹചര്യത്തില്‍ ഗോത്രങ്ങളുടെ സംരക്ഷണത്തിന്റെ തണലില്‍ താനും അത് ലഭിച്ച സ്വഹാബികളും നിലയുറപ്പിക്കുകയും ആദര്‍ശജീവിതവും പ്രബോധനവും നിര്‍വഹിച്ചുകൊണ്ട് മുന്നോട്ട് പോവുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍തന്നെ, പ്രസ്തുത സംരക്ഷണം ലഭിക്കാത്തവരെ മതപീഡനമില്ലാത്ത അയല്‍നാട്ടിലേക്ക് പോകാന്‍ പ്രചോദിപ്പിക്കുകയും അവിടേക്ക് പറഞ്ഞയക്കുകയും ചെയ്ത പ്രവാചകനില്‍ (സ) ശാന്തമായി വിശുദ്ധജീവിതം നയിക്കുകയും അത് പ്രബോധിപ്പിക്കുകയും ചെയ്യാന്‍ അഭിവാഞ്ചയുള്ള ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവിനെയാണ് ആര്‍ക്കും കാണാനാവുക.

print