ക്രൂരമല്ലേ ഇസ്‌ലാമിക ശിക്ഷാനിയമങ്ങൾ ?

/ക്രൂരമല്ലേ ഇസ്‌ലാമിക ശിക്ഷാനിയമങ്ങൾ ?
/ക്രൂരമല്ലേ ഇസ്‌ലാമിക ശിക്ഷാനിയമങ്ങൾ ?

ക്രൂരമല്ലേ ഇസ്‌ലാമിക ശിക്ഷാനിയമങ്ങൾ ?

ക്രൂരമാണ് ഇസ്‌ലാമിക ശിക്ഷാനിയമങ്ങളെന്ന് പറയുന്നത് ആ നിയമങ്ങളുടെ അടിത്തറയും അതുണ്ടാക്കാനുദ്ദേശിക്കുന്ന പരിവർത്തനത്തെയും കുറിച്ച് അറിയാത്തതു കൊണ്ടാണ്. വ്യക്തിക്കും സമൂഹത്തിനും സമാധാനം പ്രദാനം ചെയ്യുകയാണ് ഖുര്‍ആനിക നിയമങ്ങളുടെ ലക്ഷ്യം. വ്യക്തികള്‍ക്ക് ചില അവകാശങ്ങളുണ്ട്. ഇൗ അവകാശങ്ങള്‍ അന്യോന്യം അനുവദിച്ചുകൊടുക്കുക വഴിയാണ് സാമൂഹികമായ ഉദ്ഗ്രഥനം സാധ്യമാകുന്നത്. ഒരാളുടെയും അവകാശങ്ങള്‍ ഹനിക്കുവാന്‍ മറ്റൊരാളെയും അനുവദിച്ചുകൂടാ. ആരുടെയെങ്കിലും അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതും ഉണ്ടെങ്കില്‍ അത് ഇല്ലാതെയാക്കേണ്ടതും രാഷ്ട്രത്തിന്റെ ബാധ്യതയാണ്. ഇതിനുവേണ്ടിയാണ് ശിക്ഷാനിയമങ്ങള്‍ നടപ്പിലാക്കുന്നത്. നേരായ മാര്‍ഗത്തിലൂടെ ചലിക്കുവാന്‍ വ്യക്തിയെ പ്രചോദിപ്പിക്കുകയാണ് ഖുര്‍ആനിലെ ശിക്ഷാനിയമങ്ങളുടെ ലക്ഷ്യം.

സംരക്ഷിക്കപ്പെടേണ്ട പ്രധാനപ്പെട്ട ചില മൂല്യങ്ങളുണ്ടെന്നാണ് ഇസ്‌ലാമിക വീക്ഷണം. വിശ്വാസം, യുക്തിയും ബുദ്ധിയും, അഭിമാനം,ജീവന്‍, സ്വത്ത്, കുടുംബത്തിന്റെ കെട്ടുറപ്പ്, സദാചാര മൂല്യങ്ങള്‍,സമൂഹത്തിന്റെ ഭദ്രത ഇവയെല്ലാം സംരക്ഷിക്കപ്പെടേണ്ടവയാണ്. ഇവ തകര്‍ക്കുവാന്‍ ആരെയും അനുവദിച്ചുകൂടാ. ആരെയും എന്നതുകൊണ്ട് അന്യനെ മാത്രമല്ല അര്‍ഥമാക്കുന്നത്; സ്വന്തത്തെകൂടിയാണ്. സ്വന്തം ജീവന്‍ വെടിയാനാഗ്രഹിച്ചുകൊണ്ട് ആത്മഹത്യക്കു ശ്രമിച്ചവനും സ്വന്തം മാനം തകര്‍ത്തുകൊണ്ട് വ്യഭിചാരവൃത്തിയിലേര്‍പ്പെട്ടവനും സ്വന്തം ബുദ്ധിയെ നശിപ്പിച്ചുകൊണ്ട് മദ്യപാനം ചെയ്യുന്നവനുമെല്ലാം കുറ്റവാളിയാകുന്നത് ഇതുകൊണ്ടാണ്.

സ്വന്തത്തെയോ അന്യനെയോ ഭയപ്പെടാതെ എല്ലാവര്‍ക്കും ജീവിക്കുവാന്‍ സാധിക്കുന്ന ഒരു സമൂഹമാണ് ഇസ്‌ലാമിക ശിക്ഷാനിയമങ്ങളുടെ ഉദ്ദേശ്യം. അത്തരമൊരു സമൂഹത്തില്‍ മാത്രമേ ശാന്തിയും സമാധാനവും നിലനില്‍ക്കൂ. എല്ലാവര്‍ക്കും വളരുവാനും വികസിക്കുവാനും സാധിക്കുന്ന, മാനവികതയില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ ലക്ഷ്യമാക്കുന്നത്.

വ്യക്തിയെയും സമൂഹത്തെയും പരിശുദ്ധമായി നിലനിര്‍ത്തുകയാണ് ഖുര്‍ആനിലെ ശിക്ഷാനിയമങ്ങളുടെ ലക്ഷ്യം. വ്യക്തിയെ സമൂഹത്തിനുവേണ്ടിയോ സമൂഹത്തെ വ്യക്തിക്കുവേണ്ടിയോ ബലികൊടുക്കണമെന്ന വീക്ഷണം ഇസ്‌ലാം ഉള്‍ക്കൊള്ളുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ സമൂഹത്തിന്റെ നേരിയ കൈകടത്തല്‍പോലും അക്ഷന്തവ്യമായിക്കരുതുന്ന മുതലാളിത്ത വീക്ഷണവും സമൂഹത്തിനുവേണ്ടി വ്യക്തിയുടെ സഹജവികാരങ്ങളെപ്പോലും ബലികൊടുക്കേണ്ടതുണ്ടെന്ന കമ്യൂണിസ്റ്റ് വീക്ഷണവും ഇസ്‌ലാമിന് അന്യമാണ്. വ്യക്തിയും സമൂഹവും തമ്മില്‍ നിലനില്‍ക്കേണ്ടത് സംഘട്ടനാത്മകമായ ബന്ധമല്ലെന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. അവയെ ഉദ്ഗ്രഥിതമാക്കുന്നത് മൂല്യങ്ങളാണ്. ഇൗ മൂല്യങ്ങളെ സംരക്ഷിക്കുന്നതുവഴി വ്യക്തിയെയും സമൂഹത്തെയും വിമലീകരിക്കുകയാണ് ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവ വ്യക്തികേന്ദ്രീകൃതമോ സമൂഹകേന്ദ്രീകൃതമോ അല്ല, പ്രത്യുത മൂല്യകേന്ദ്രീകൃതമാണ് എന്നു പറയുന്നതാവും ശരി.

ഇസ്‌ലാമിക രാഷ്ട്രത്തില്‍ നടപ്പാക്കേണ്ട ശിക്ഷാവിധികളെക്കു റിച്ച് പരാമര്‍ശിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാക്കേണ്ടതുണ്ട്. കുറ്റവാളികളെ ശിക്ഷിക്കുകയല്ല, പ്രത്യുത, കുറ്റകൃത്യ ങ്ങളില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് ഇസ്‌ലാമിന്റെ ലക്ഷ്യമെന്ന വസ്തുതയാണത്. കൊലപാതകിയെ കൊല്ലുകയോ മോഷ്ടാവിന്റെ കൈ വെട്ടുകയോ വ്യഭിചാരികളെ അടിക്കുകയോ ഒന്നുമല്ല, കൊലയും കൊള്ളയും അധാര്‍മികവൃത്തികളുമില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. ഇതിന് കര്‍ശനമായ ശിക്ഷാനിയമങ്ങള്‍ ആവശ്യമാണെന്നാണ് ഇസ്‌ലാമിന്റെ പക്ഷം. വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പരിഷ്‌കാര ത്തിന്റെയും പേരില്‍ കുത്തഴിഞ്ഞ ജീവിതം അനുവദിക്കുന്ന ‘പരി ഷ്‌കൃത’നാടുകളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ കാര ണം അവിടത്തെ സമൂഹത്തിന്റെ ധാര്‍മികാടിത്തറയുടെ പിഴവും ശക്തമായ ശിക്ഷാനിയമങ്ങളുടെ അഭാവവുമാണെന്നാണ് സാമൂ ഹ്യ ശാസ്ത്രജ്ഞരുടെ പക്ഷം. കുറ്റകൃത്യങ്ങളില്‍ നിന്ന് മുക്തമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് ശക്തമായ ശിക്ഷാനിയമങ്ങള്‍ ആവശ്യമാണെന്ന ഇസ്‌ലാമിന്റെ കാഴ്ചപ്പാട് നൂറ് ശതമാനവും മാനവികമാണെന്ന് സാരം.

ഒരു ശിക്ഷാനിയമം പ്രായോഗികമാണെന്ന് പറയാനാവുക അത് താഴെ പറയുന്ന ഗുണങ്ങള്‍ പ്രകടിപ്പിക്കുമ്പോഴാണ്.

ചെയ്ത തെറ്റിനുള്ള പ്രതികാരമാവുക.

തെറ്റുകളെ തടയാന്‍ കഴിയുക.

കുറ്റുവാളികളെ ഭയപ്പെടുത്താനാവുക.

കുറ്റം വഴി പ്രയാസമനുഭവിക്കേണ്ടിവന്നവര്‍ക്ക് സങ്കടനിവൃത്തി വരുത്തുന്നതാവുക.

കുറ്റവാളിയെ സംസ്‌കരിക്കുന്നതാവുക.

കുറ്റം വഴി നഷ്ടം നേരിട്ടവര്‍ക്ക് പരിഹാരം നല്‍കുന്നതാവുക.

കുറ്റവാളിയെ പാശ്ചാത്താപ വിവശനാക്കുന്നതാവുക.

സമൂഹത്തെ കുറ്റങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതാവുക.

ഇവയിൽ ഒന്ന് പോലും ആധുനികാശിക്ഷാനിയമങ്ങൾ പൂര്തത്തീകരിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ആധുനിക ജനാധിപത്യം നില നിൽക്കുന്ന നാടുകളിൽ കുറ്റകൃത്യങ്ങൾ വര്ധിച്ചുകൊണ്ടേയിരിക്കുന്നത്. ഇസ്‌ലാമിക നിയമങ്ങൾ നിലനിൽക്കുന്ന നാടുകളിലാണ് കുറ്റകൃത്യങ്ങൾ കുറവെന്ന വസ്തുത എല്ലാവരും അംഗീകരിക്കുന്നതാണ്. ഇസ്‌ലാമിലെ ഏതു ശിക്ഷാനിയമമെടുത്താലും ഈ ധര്‍മങ്ങള്‍ അവ നിര്‍വഹിക്കുന്നതായി കാണാന്‍ കഴിയും.  അത് തന്നെയാണ് ഇസ്‌ലാമിക ശിക്ഷാനിയമങ്ങളുടെ പ്രായോഗികതയും പ്രസക്തിയും.

print