മക്കയിൽവെച്ചും മുഹമ്മദ് നബി (സ) കലാപമുണ്ടാക്കിയിട്ടുണ്ടോ?

/മക്കയിൽവെച്ചും മുഹമ്മദ് നബി (സ) കലാപമുണ്ടാക്കിയിട്ടുണ്ടോ?
/മക്കയിൽവെച്ചും മുഹമ്മദ് നബി (സ) കലാപമുണ്ടാക്കിയിട്ടുണ്ടോ?

മക്കയിൽവെച്ചും മുഹമ്മദ് നബി (സ) കലാപമുണ്ടാക്കിയിട്ടുണ്ടോ?

പ്രവാചകാനുചരന്‍ സഅദ്ബ്‌നു അബീവക്വാസ് ഒരു അമുസ്ലിമിനെ ഒട്ടകത്തിന്റെ താടിയെല്ലുകൊണ്ട് തലക്കടിച്ചുകൊന്ന സംഭവം മക്കയിൽ വെച്ചും മുസ്ലിംകൾ ആയുധമെടുത്തുവെന്നും അവർ കലാപകാരികളായിരുന്നുവെന്നുമല്ലേ വ്യക്തമാക്കുന്നത് ?

അദ്ബ്‌നു അബീവക്വാസ് മക്കയില്‍വെച്ച് ബഹുദൈവാരാധകനായ ഒരാളെ ഒട്ടകത്തിന്റെ താടിയെല്ലുകൊണ്ട് തലക്കടിച്ചുകൊന്ന സംഭവം മുസ്ലിംകൾ എന്നും കലാപകാരികളാണെന്നാണ് വ്യക്തമാക്കുന്നതെന്നും മക്കയിലെ സംഘര്‍ഷങ്ങളുടെ സ്വഭാവം എന്തെന്ന് മനസ്സിലാക്കാൻ ഈ സംഭവം പര്യാപ്തമാണെന്നും വാദിച്ചുകൊണ്ട് മക്കയിലെ മുസ്‌ലിംകള്‍ കലാപശ്രമങ്ങള്‍ നടത്തി എന്നു സമര്‍ത്ഥിക്കുവാന്‍ വേണ്ടി മിഷനറിമാരും ഓറിയന്റലിസ്റ്റുകളും ശ്രമിക്കാറുണ്ട്

സ്വന്തം നാടായ മക്കയില്‍ ശരിയെന്നു വിശ്വസിക്കുന്ന ആദര്‍ശം പ്രബോധനം ചെയ്തതിന്റെ പേരില്‍ തനിക്കും അനുയായികള്‍ക്കും പതിമൂന്നു വര്‍ഷം കടുത്ത മര്‍ദ്ദനങ്ങളേല്‍ക്കേണ്ടി വന്നിട്ടും മക്കയുടെ രാഷ്ട്രീയ നിയന്ത്രണം കൈക്കലാക്കാനോ എതിരാളികളെ വകവരുത്തുവാനോ വേണ്ടിയുള്ള സായുധ ഓപ്പറേഷനുകള്‍ക്കായുള്ള ഒരു ഗറില്ലാ പദ്ധതിയും ഒരിക്കല്‍ പോലും ആസൂത്രണം ചെയ്യാതെ ഗോത്രാധിപത്യ മക്കയില്‍ ക്ഷമാപൂര്‍വം നിയമവാഴ്ചക്കുള്ളില്‍ മാതൃകാപരമായി നിലനില്‍ക്കുകയാണ് നബി (സ) ചെയ്തതെന്ന യാഥാര്‍ത്ഥ്യം ഇസ്ലാംവിമര്‍ശകരുടെ പുസ്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. പതിമൂന്നു വര്‍ഷക്കാലം ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തില്‍. സംഭവബഹുലമായി നിലനിന്ന മക്കയിലെ നബിജീവിതത്തില്‍ നിന്ന് കലാപം കുഴിച്ചെടുക്കാനുള്ള സിദ്ധവൈഭവമുള്ള ഗവേഷകബുദ്ധികളുടെ അധ്വാനങ്ങള്‍ കേവലം ഒരു ‘ഒട്ടകയെല്ലില്‍’ തടഞ്ഞുനില്‍ക്കുന്നതുതന്നെ നബി(സ)യില്‍ ഗറില്ലാ പോരാളികള്‍ക്ക് പൂര്‍വമാതൃക കണ്ടെത്താനുള്ള എല്ലാ പരിശ്രമങ്ങളും അടിസ്ഥാനരഹിതമാണെന്നാണ് വ്യക്തമാക്കുന്നത്.

മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ട് പീഡനപര്‍വത്തില്‍ കിടന്നുപിടഞ്ഞ് പ്രക്ഷുബ്ധമായ ഒരു ജനസമൂഹമാണ് നബിനേതൃത്വത്തില്‍ സായുധമായ പ്രതികരണങ്ങള്‍ക്കും പ്രതികാരങ്ങള്‍ക്കുമുള്ള ഒരു ശ്രമവും നടത്താതെ മക്കയില്‍ ഒന്നര പതിറ്റാണ്ടിനടുത്ത് ശാന്തജീവിതം നയിച്ചത് എന്ന ചരിത്രവസ്തുത, ഇവ്വിഷയകമായ മുഴുവന്‍ വിമര്‍ശകഭാവനകളെയും കടപുഴക്കിയെറിയാന്‍ പോന്നതാണ്. സഹജമായ പ്രതികരണശേഷിയില്‍ നിന്നുടലെടുത്തേക്കാവുന്ന കലാപത്തിന്റെ ആശയങ്ങളൊന്നും അവരില്‍നിന്ന് നിര്‍ഗളിക്കാതിരുന്നത് പ്രവാചകന്‍ (സ) ബോധപൂര്‍വം അതിനെതിരായ ഉല്‍ബോധനങ്ങള്‍ നല്‍കിയതുകൊണ്ടാണെന്ന കാര്യം വ്യക്തമാണ്. പീഡനങ്ങളും പ്രയാസങ്ങളുമെല്ലാമുണ്ടായപ്പോള്‍ പോലും കലാപം പരിഹാരമല്ലെന്ന് മതപരമായിത്തന്നെ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരു സമാധാനവാദിയെ ഭീകരവാദിയുടെ കുപ്പായമണിയിക്കുവാന്‍ നുരുമ്പിച്ച ഒരൊട്ടകയെല്ല് മതിയാകുമെന്നു കരുതുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്ന് പറയാതിരിക്കാന്‍ യാതൊരു നിര്‍വാഹവുമില്ല തന്നെ.

വേണമെങ്കില്‍ പ്രതികാരസംഘങ്ങള്‍ക്ക് നിഷ്പ്രയാസം നേതൃത്വം കൊടുക്കുവാന്‍ കഴിയുമായിരുന്ന ഹംസയും ഉമറും കൂടെവന്നിട്ടും കലാപത്തിന്റെ വഴി ചെറുതായിപ്പോലും പുണരാതിരുന്ന നബിമാതൃക, അച്ചടക്കമുള്ള പൗരജീവിതം അദ്ദേഹത്തിന് ശക്തി കൈവരുന്നതിനനുസരിച്ച് കയ്യൊഴിക്കാനുള്ള ഒരു ‘സൗകര്യ’മായിരുന്നില്ല. മറിച്ച് കര്‍ക്കശമായ ഒരു മൂല്യവും നിലപാടുമായിരുന്നുവെന്ന് അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. വധഭീഷണികള്‍ ശക്തിപ്രാപിച്ച് പ്രവാചകനെ വിട്ടുകൊടുക്കാന്‍ സന്നദ്ധമാകാത്തതിന്റെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് മൂന്നുവര്‍ഷത്തോളം പച്ചിലകള്‍ മാത്രം ഭക്ഷിച്ച് സാമൂഹികമായ ഭ്രഷ്ട് അനുഭവിക്കേണ്ടി വന്നപ്പോഴും അബൂത്വാലിബിന്റെ മരണത്തെത്തുടര്‍ന്ന് ഭീഷണികള്‍ക്ക് ഊക്ക് വര്‍ദ്ധിച്ചപ്പോഴും പ്രതികാരത്തിനുള്ള യാതൊരു രഹസ്യ/പരസ്യ നീക്കവുമില്ലാതെ ശാന്തനായി നിലനില്‍ക്കുകയാണ് നബി (സ) ചെയ്തത്. നബി(സ)യെ കലാപകാരിയാക്കി അവതരിപ്പിക്കാനാഗ്രഹമുള്ളവര്‍ മഷിയിട്ടു തിരഞ്ഞിട്ടും അവിടുത്തെ ജീവിതത്തില്‍ നിന്ന് കലാപത്തിന്റെ ചെറിയൊരു പൊട്ടുപോലും അവര്‍ക്ക് കണ്ടെടുക്കാന്‍ കഴിയാത്തതും അതുകൊണ്ടുതന്നെയാണ്.

കലാപം നബിചര്യയാണെന്ന ആരോപണത്തെ ചരിത്രം പൂര്‍ണമായി കരിച്ചുകളയുന്നുവെന്ന് മനസ്സിലാക്കിയ മിഷനറിമാര്‍, അവസാനത്തെ അവലംബം എന്ന നിലയിലാണ് സഅ്ദ്ബ്‌നു അബീ വക്വാസിനെക്കുറിച്ചുള്ള പരാമൃഷ്ട കഥയുദ്ധരിക്കുന്നത്. ഇബ്‌നു ഇസ്ഹാക്വ് തന്റെ സീറതുറസൂലില്ലയില്‍ സഅദ്ബ്‌നു അബീവക്വാസ് മക്കയില്‍വെച്ച് ഒരു അവിശ്വാസിയെ ഒട്ടകത്തിന്റെ താടിയെല്ലുകൊണ്ട് പ്രഹരിച്ചതായി പറയുന്നുണ്ട്. സത്യവും അസത്യവുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന ഒരു ചരിത്രവിവരണ ഗ്രന്ഥമായതുകൊണ്ടു തന്നെ, ഇബ്‌നു ഇസ്ഹാക്വിന്റെ സീറയില്‍ ഉള്ളതുകൊണ്ടുമാത്രം ഒരു സംഭവം വസ്തുതാപരമാകണമെന്നില്ല. സംഭവം ഉദ്ധരിക്കപ്പെട്ടിരിക്കുന്ന നിവേദക പരമ്പരയെ നിദാനശാസ്ത്രനിയമങ്ങള്‍ വെച്ചപഗ്രഥിച്ചാല്‍ മാത്രമേ മിഷനറിമാര്‍ ചൂണ്ടിക്കാണിക്കുന്ന കഥയുടെ ചരിത്രപരത നിര്‍ണയിക്കാനാകൂ. അതെന്തായിരുന്നാലും, കഥയിലേക്കുവരാം. കഥ ആധികാരികമാണോ അല്ലേ എന്ന ചര്‍ച്ചയ്ക്കപ്പുറത്ത് ആധികാരികമാണെങ്കില്‍തന്നെ മിഷനറിമാരുടെ വാദത്തിനനുകൂലമായ യാതൊന്നും പ്രസ്തുത കഥയിലില്ലെന്ന് സീറതു റസൂലില്ല വായിക്കുന്ന ആര്‍ക്കും ബോധ്യമാകും.

മക്കയിലെ അവിശ്വാസികളില്‍ പലരും പ്രവാചകനെയും ശിഷ്യന്‍മാരെയും കഠിനമായി എതിര്‍ക്കുകയും തരം കിട്ടിയാല്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതുകൊണ്ടുതന്നെ ജനങ്ങള്‍ അധികം ശ്രദ്ധിക്കാത്ത താഴ്‌വരകളില്‍ പോയാണ് നബിശിഷ്യന്‍മാരില്‍ പലരും മതം അനുശാസിക്കുന്ന പ്രാര്‍ത്ഥനകള്‍ നിര്‍വഹിച്ചിരുന്നത് എന്നു പറഞ്ഞുകൊണ്ടാണ് ഇബ്‌നു ഇസ്ഹാക്വ് ഈ സംഭവത്തിന്റെ വിവരണം ആരംഭിക്കുന്നത്. ഇങ്ങനെ ഒരു താഴ്‌വരയില്‍ സഅദ്ബ്‌നു അബീ വക്വാസ് (റ) ഉള്‍പ്പെടെയുള്ള ഒരു സംഘം പ്രവാചകാനുചരന്‍മാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചുകൊണ്ടിരിക്കെ അതുവഴി കടന്നുവന്ന ബഹുദൈവാരാധകരുടെ ഒരു സംഘം തികഞ്ഞ ധാര്‍ഷ്ട്യത്തോടുകൂടി വളരെ പരുഷമായി പ്രാര്‍ത്ഥന തടസ്സപ്പെടുത്തുകയും വിശ്വാസികളെ ആക്ഷേപിക്കുകയും ചെയ്തുവെന്നും അത് വാക്കുതര്‍ക്കവും സംഘര്‍ഷവും ഏറ്റമുട്ടലും ഉണ്ടാക്കിയെന്നുമാണ് ഇബ്‌നു ഇസ്ഹാക്വ് പറയുന്നത്. ശാന്തമായി പ്രാര്‍ത്ഥന നിര്‍വഹിച്ചുകൊണ്ടിരിക്കുന്നവരെ കയ്യേറാന്‍ വന്ന സംഘവുമായുണ്ടായ ഉന്തിലും തള്ളിലും കയ്യില്‍ കിട്ടിയ ഒരൊട്ടകയെല്ല് സഅദ്ബ്‌നു അബീ വക്വാസ് ഒരു ശത്രുവിനുനേരെ പ്രയോഗിച്ചുവെന്നും അത് അയാളുടെ രക്തം ചിന്തിയെന്നുമാണ് നിവേദനം. (Alfred, Guillaume. The Life of Muhammad – A Translation of Ibn Ishaq’s Sirat Rasul Allah).

ഇബ്‌നു ഇസ്ഹാക്വിന്റെ ഈ വിവരണത്തെ സ്വീകരിച്ചിട്ടുള്ള ചില പണ്ഡിതന്‍മാര്‍ ഈ സംഭവത്തിനുശേഷം ഇത്തരം സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ വേണ്ടിയാണ് വിദൂരവും വിജനവുമായ താഴ്‌വരകളുപേക്ഷിച്ച് കഅ്ബയ്ക്ക് തൊട്ടരുകില്‍ തന്നെയായിരുന്ന അര്‍ക്വമിന്റെ വീട്ടില്‍ (ദാറുല്‍ അര്‍ക്വം) ആളുകള്‍ ശ്രദ്ധിക്കാത്തവിധം പ്രാര്‍ത്ഥനക്കും പഠനത്തിനും ഒത്തുചേരാന്‍ നബി(സ)യും അനുയായികളും തീരുമാനിച്ചതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. (അലി ബ്ന്‍ ബുര്‍ഹാനുദ്ദീന്‍ അല്‍ഹലബി, അസ്സീറത്തുല്‍ ഹലബിയ്യ, 1/456). ഇത് ശരിയാണെങ്കില്‍, എന്താണ് താഴ്‌വരാ സംഭവത്തിലുള്ളത്? നാം പരിശോധിക്കുക. പ്രകോപനങ്ങള്‍ ഒഴിവാക്കാനും മര്‍ദ്ദനത്തില്‍ നിന്ന് രക്ഷനേടാനും വേണ്ടി നഗരമധ്യത്തില്‍ നിന്നുമാറി ആളുകളില്ലാത്ത ഒരു താഴ്‌വരയില്‍ പോയി ശാന്തമായി പ്രാര്‍ത്ഥന നിര്‍വഹിക്കുന്ന വിശ്വാസികളുടെ ഒരു സംഘത്തെ അതുവഴി കടന്നുപോയ അവരുടെ തന്നെ നാട്ടുകാരായ ചിലര്‍ ഒരു കാരണവുമില്ലാതെ കടന്നാക്രമിക്കുന്നു. കയ്യില്‍ കിട്ടിയ വസ്തുക്കളുപയോഗിച്ച് കയ്യേറ്റക്കാരെ തുരത്താന്‍ വിശ്വാസികള്‍ ശ്രമിക്കുന്നു. അതിനിടക്ക് സ്വാഭാവികമായി സംഭവിച്ചതാണ് സഅദ്ബ്‌നു അബീ വക്വാസിന്റെ പ്രഹരം.

ശാന്തമായി നാം കടന്നുപോകുമ്പോള്‍ നമ്മെ കടന്നാക്രമിക്കുവാന്‍ വരുന്ന ഒരാളെ തുരത്താന്‍വേണ്ടി സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നതിന്റെ പേരാണോ ‘കലാപം’? ആണെന്ന് വിവരമുള്ള ഒരാളും പറയില്ല. താഴ്‌വരയില്‍ വിശ്വാസികള്‍ പോയത് ആയുധപരിശീലനം നടത്താനോ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനോ സായുധ പ്രതികരണങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കാനോ ആയിരുന്നുവെങ്കില്‍ അത് കലാപത്തിനുള്ള ശ്രമമായിരുന്നുവെന്ന് പറയാം. അങ്ങനെയാണെന്ന് മിഷനറിമാര്‍ക്കുപോലും വാദമില്ല. സ്വയം പ്രതിരോധത്തിന് ഒട്ടകത്തിന്റെ താടിയെല്ലു വരെയെടുക്കേണ്ടി വന്നതില്‍ നിന്ന് യാതൊരുവിധ ആയുധസന്നാഹങ്ങളും സംഘത്തിന്റെ കയ്യിലുണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നുണ്ട്. ഏതെങ്കിലും മക്കക്കാരനെ പ്രതികാരമെന്ന നിലയിലോ അല്ലാതെയോ തിരഞ്ഞുചെന്നോ കണ്ടിടത്തുവെച്ചോ ആക്രമിച്ചതായിരുന്നുവെങ്കിലും അതിനെ മിഷനറിമാര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വകുപ്പുകളില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ പരാമര്‍ശിക്കപ്പെടുന്ന കഥയിലുള്ളത് ഇതൊന്നും തന്നെയല്ല. ഇങ്ങോട്ടുവന്ന് ആക്രമിച്ച ഒരാളെ അതുണ്ടാക്കിയ ഏറ്റുമുട്ടലിനിടെ സ്വാഭാവികമായി തിരിച്ചടിച്ചതിനെക്കുറിച്ചാണ് നിവേദനം. ഏതു കോടതിയും പ്രകൃതിപരമായ പ്രതിരോധ നടപടിയെന്ന നിലയില്‍ നിയമവിധേയമായി അംഗീകരിക്കുന്ന ആത്മരക്ഷാ പ്രതികരണം മാത്രമാണത്. അതിനെ ‘കലാപ’മെന്നു പറയാന്‍ മിഷനറിമാര്‍ക്കു മാത്രമേ കഴിയൂ!

പ്രവാചകന്റെ (സ) പതിമൂന്നുവര്‍ഷത്തെ മക്കാജീവിതം പണിപ്പെട്ടു തിരഞ്ഞിട്ട് മിഷനറിമാര്‍ക്കു കിട്ടിയ ‘എല്ലിന്‍ കഷ്ണം’ തീര്‍ത്തും ഉപയോഗശൂന്യമാണെന്ന് സംഭവത്തിന്റെ പശ്ചാത്തലം അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ടെന്നു ചുരുക്കം. പ്രവാചകന്റെ (സ) അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമല്ലാതെ തികച്ചും അപ്രതീക്ഷിതമായി ഒരുപറ്റം അനുയായികള്‍ അകപ്പെട്ടുപോയ സംഘര്‍ഷത്തില്‍ മനുഷ്യസഹജമായുണ്ടായ ഒരു പ്രഹരത്തെ നബി(സ)യുടെ കലാപമനസ്സായി വിവര്‍ത്തനം ചെയ്യുന്നര്‍ വഞ്ചിക്കുന്നത് അവരവരുടെ മനസാക്ഷിയെത്തന്നെയാണ്. സംഭവമറിഞ്ഞപ്പോള്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള ഇടപെടലാണ്, അല്ലാതെ വ്യാപിപ്പിക്കുവാനുള്ള പരിശ്രമമല്ല നബി (സ) നടത്തിയത് എന്ന് ദാറുല്‍ അര്‍ക്വമിനെ പുതിയ പാഠശാലയും പ്രാര്‍ത്ഥനാശാലയുമായി നിശ്ചയിച്ചതില്‍ നിന്ന് സുതരാം മനസ്സിലാകുന്നുണ്ട്. പ്രവാചകന് കലാപമനസ്സുണ്ടെന്ന് കാണിക്കുവാനുള്ള ഒരു തെളിവും സഅദ്ബ്‌നു അബീ വക്വാസിന്റെ താഴ്‌വരാ പ്രഹരത്തില്‍ -കഥ ആധികാരികമാണെങ്കില്‍ പോലും- ഇല്ലെന്നു സാരം.

print