ജനാധിപത്യപരമാണോ, രാജാധിപത്യപരമാണോ ഇസ്‌ലാമിക രാഷ്ട്രം?

/ജനാധിപത്യപരമാണോ, രാജാധിപത്യപരമാണോ ഇസ്‌ലാമിക രാഷ്ട്രം?
/ജനാധിപത്യപരമാണോ, രാജാധിപത്യപരമാണോ ഇസ്‌ലാമിക രാഷ്ട്രം?

ജനാധിപത്യപരമാണോ, രാജാധിപത്യപരമാണോ ഇസ്‌ലാമിക രാഷ്ട്രം?

ന്ന് വ്യവഹിക്കപ്പെടുന്ന രീതിയിലുള്ള ജനാധിപത്യത്തെക്കുറിച്ച് നാം ചിന്തിക്കാനാരംഭിച്ചതു തന്നെ പതിനെട്ടാം നൂറ്റാണ്ടിനു ശേഷമാണ്. അതിനു മുൻപ് നിലനിന്നിരുന്ന വ്യത്യസ്തങ്ങളായ രാഷ്ട്രമീമാംസകളുണ്ട്. ഗോത്രാധിപത്യവും രാജാധിപത്യവുമെല്ലാം അവയിൽ ചിലതാണ്.സമൂഹത്തിന്റെ വളർച്ചയ്ക്കനുസരിച്ച് രൂപപ്പെട്ടു വന്നവയാണ് ഈ മീമാംസകളെല്ലാം. ഒരാൾ ഭരണാധികാരിയാവുന്നതെങ്ങനെയെന്ന് തീരുമാനിക്കുന്നതിന് അടിസ്ഥാനത്തിലാണ് അത് ജനാധിപത്യമാണോ രാജ്യാധിപത്യമാണോ എന്നെല്ലാം പറയുന്നത്. തെരഞ്ഞെടുക്കപ്പെടുന്നത് എങ്ങനെയെന്നതിലധികം പ്രധാനം തെരെഞ്ഞെടുക്കപ്പെടുന്നവർ എങ്ങനെ ഭരിക്കണം എന്ന വിഷയമാണെന്ന് പൗരന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം. ജനാധിപത്യരീതിയിൽ തെരെഞ്ഞെടുക്കപ്പെട്ടവരെക്കൊണ്ട് പൊരുതി മുട്ടുന്ന സമൂഹങ്ങളെക്കുറിച്ച വാർത്തകൾ ദിനംപ്രതി വായിക്കുന്നവരാണ് നാം. നന്മ നിറഞ്ഞ നല്ല രാജാക്കന്മാരെ നൂറ്റാണ്ടുകൾ കഴിഞ്ഞും ആദരവോടെ സ്മരിക്കുന്ന സമൂഹങ്ങളുമുണ്ട്. ഭരണാധികാരി നന്മയുള്ളവരാവുകയെന്നതാണ് എങ്ങനെ തെരെഞ്ഞെടുക്കപ്പെടുന്നുവെന്നതിനേക്കാൾ പ്രധാനമെന്നർത്ഥം.

ഭരണാധികാരിയെ എങ്ങനെ തെരെഞ്ഞെടുക്കണമെന്ന വിഷയം സാമൂഹികവളർച്ചയ്ക്കനുസരിച്ച് തീരുമാനിക്കാൻ സ്വാതന്ത്ര്യം നൽകിയ മതമാണ് ഇസ്‌ലാം. പ്രവാചകന് ശേഷമുള്ള നാല് ഖലീഫമാരെയും തെരെഞ്ഞെടുത്ത രീതികൾ വ്യത്യസ്തമായത് ആ രംഗത്ത് നിഷ്‌കൃഷ്ടമായ നിയമങ്ങൾ പഠിക്കാത്തത് കൊണ്ടാണ്. പ്രവാചകന്‍(സ)തന്റെ പിന്‍ഗാമിയെ നിശ്ചയിക്കാതെയാണ് ദേഹവിയോഗം ചെയ്തത്. സർക്കാർ രൂപീകരണത്തിന്റെ നിശ്ചിതരൂപം പ്രവാചകന്‍(സ)കാണിച്ചു തന്നിട്ടില്ല. എന്നാല്‍, രാഷ്ട്രത്തിന്റെ മൗലികസ്വഭാവങ്ങളും സവിശേഷതകളുമെന്തെല്ലാമായിരിക്കണമെന്ന് കര്‍മപഥത്തിലൂടെ അദ്ദേഹം കാണിച്ചുതന്നിട്ടുണ്ട്. പ്രസ് തുത സവിശേഷതകളിലൂന്നി സന്ദര്‍ഭത്തിനൊത്ത ഗവണ്‍മെന്റ് രൂപീകരണരീതി സ്വീകരിക്കുവാനുള്ള വിപുലമായ സാധ്യതക്ക് അംഗീകാരം നല്‍കുകയാണ് പ്രവാചകന്‍ ചെയ്തത്. രൂപീകരണത്തിന്റെ രീതിയേക്കാളധികം പ്രധാനം ഗവണ്‍മെന്റ് എങ്ങനെ നീതിനിര്‍വഹിക്കണമെന്നതും പൗരന്മാരും ഗവണ്‍മെ ന്റും തമ്മില്‍ നിലനില്‍ക്കേണ്ട ബന്ധമെന്തായിരിക്കണമെന്നത മാണ്. ഇക്കാര്യങ്ങളിലേക്കാണ് പ്രവാചകന്‍(സ)തന്റെ ജീവിതത്തിലൂടെ പ്രധാനമായി വെളിച്ചം പകര്‍ന്നിരിക്കുന്നത്.

ഇസ് ലാമികഭരണം തന്റെ കുടുംബത്തിന്റെ അവകാശമായി മാറ്റണമെന്ന് പ്രാവാകന്ന് (സ) ഉദ്ദേശമുണ്ടായിരുന്നെങ്കിൽ അദ്ദേഹം അത് ചെയ്യുമായിരുന്നു. ഭരണാധികാരിയെ തെരെഞ്ഞെടുക്കേണ്ടതെങ്ങനെയെന്ന കാര്യം ജനങ്ങളുടെ തീരുമാനത്തിന് വിട്ടുകൊടുക്കുകയാണ് തിരുനബി(സ) ചെയ്തത്. പ്രവാചക വിയോഗത്തിനുശേഷം ഗവണ്‍മെന്റ് രൂപീകരണത്തിന്റെ പ്രശ്‌നം അനുചരന്മാര്‍ കൈകാര്യം ചെയ്തത് അദ്ദേഹം പഠിപ്പിച്ച മൗലികതത്ത്വങ്ങളുടെ അടിസ് ഥാനത്തില്‍ നിന്നുകൊണ്ടായിരുന്നു. മുഹമ്മദ് നബി(സ)യുടെ മരണശേഷം മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പുതന്നെ അനുചരന്മാര്‍ സഖീഫത്തു ബനീസഈദില്‍ ഒത്തുകൂടി. ചര്‍ച്ചകള്‍ക്കു ശേഷം പ്രവാച കാനുചരന്മാരില്‍ പ്രമുഖനായ അബൂബക്കര്‍(റ)എഴുന്നേറ്റുനിന്ന് ഉമര്‍, അബൂ ഉബൈദത്തുല്‍ ജര്‍റാഹ് എന്നിവരുടെ പേരു നിര്‍ദേ ശിച്ചുകൊണ്ട് അവരിലൊരാളെ തെരഞ്ഞെടുക്കുവാനാവശ്യപ്പെട്ടു. ഉടനെ ഉമര്‍(റ)’താങ്കളെക്കാള്‍ അതിന്നര്‍ഹനായി മറ്റാരുമില്ല’ എന്നു പറഞ്ഞ് അബൂബക്കറിനോട് കൈനീട്ടുവാന്‍ ആവശ്യപ്പെടുകയും അപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ കരംഗ്രഹിച്ചുകൊണ്ട് അനുസരണ പ്രതിജ്ഞ (ബൈഅത്ത്) ചെയ്യുകയും ചെയ്തു. അതിന്നുശേ ഷം എല്ലാവരും അതിന്ന് അംഗീകാരം നല്‍കുകയും അബൂബക്കറി(റ)നെ ബൈഅത്ത് ചെയ്യുകയും ചെയ്തു.

രണ്ടാം ഖലീഫയായ ഉമറി(റ)ന നിയമിച്ചത് അബൂബക്കര്‍(റ)ആയിരുന്നു. അദ്ദേഹം തന്റെ പിന്‍ഗാമിയായി ഒരാളെ തെരഞ്ഞെ ടുക്കുവാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. അപ്പോള്‍ പ്രസ്തുത തെര ഞ്ഞെടുപ്പിനുള്ള മുഴുവന്‍ അധികാരവും ജനങ്ങള്‍ അദ്ദേഹത്തിന് തന്നെ നല്‍കി. ഒന്നാം ഖലീഫ അബൂബക്കര്‍(റ)തന്റെ പിന്‍ഗാമി ആരാകണമെന്ന വിഷയത്തെക്കുറിച്ച് അബ്ദുറഹ്മാനുബ്‌നു ഔഫ്, ഉസ്മാനുബ്‌നു അഫ്ഫാന്‍, സഈദുബ്‌നുസൈദ്, ഉസൈദുബ്‌നു ഹുസൈനെ(റ) തുടങ്ങിയ പ്രഗല്‍ഭരുമായി ആലോചിച്ച ശേഷം പ്രസ്തുത സ്ഥാനത്തിന് അര്‍ഹന്‍ ഉമര്‍(റ)തന്നെയാണെന്ന് തീരുമാന ത്തിലെത്തി. ഖലീഫയായി നിയമിക്കപ്പെടയുടന്‍ ഉമർ (റ) ചെയ്ത പൊതുപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: ‘നിങ്ങളുടെമേലുള്ള ഈ അധികാരസ്ഥാനം ഞാനൊരിക്കലും ആഗ്രഹിച്ചിരുന്നതല്ല. പരേതന്റെ മനസ്സില്‍ അല്ലാഹു തോന്നിച്ച ഒരു കാര്യമാണത്. എന്നില്‍ ഭരമേല്‍പിക്കപ്പെട്ട ഈ ‘അനാമത്ത്’ അനര്‍ഹരായ ആരെയെങ്കിലും ഏല്‍പിക്കണമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എന്നാല്‍, മുസ്‌ലിം കളുടെ അന്തസ്സ് ഉയര്‍ത്തുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ആര്‍ക്കും ഈ സ്ഥാനം ഏല്‍പിക്കുവാന്‍ ഞാനൊരുക്കമാണ്. അവരാണ് അതിന്ന് കൂടുതല്‍ അര്‍ഹര്‍.’ ഇത് കേട്ട ജനങ്ങള്‍ ഒന്നടങ്കം തങ്ങളി ഷ്ടപ്പെടുന്നത് ഉമറിനെത്തന്നെയാണെന്ന് പ്രഖ്യാപിക്കുകയാണു ണ്ടായത്.

ഒരു ഘാതകന്റെ കുത്തേറ്റ് മരണശയ്യയില്‍ കിടക്കുന്ന ഉമറി(റ)നോട് തന്റെ പിന്‍ഗാമിയെ നിശ്ചയിക്കുവാന്‍ വേണ്ടി മുസ്‌ലിംകള്‍ ആവശ്യപ്പെട്ടു. അദ്ദേഹം ഉസ്മാനുബ്‌നു അഫ്ഫാന്‍, അലിയ്യുബ്‌നു അബീത്വാലിബ്, അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്, സുബൈറുബ്‌നു അവ്വാം, ത്വല്‍ഹത്തുബ്‌നു ഉബൈദില്ലാഹ്, സഅ്ദുബ്‌നു അബീവ ഖാസ്(റ) എന്നിവരുള്‍ക്കൊള്ളുന്ന ഒരു ആറംഗ സമിതി രൂപീകരിച്ച് അവരില്‍ നിന്ന് ഒരാളെ ഖലീഫയായി തെരഞ്ഞെടുക്കുവാന്‍ പ്രസ്തുത സമിതിയെത്തന്നെ ചുമതലപ്പെടുത്തി. തന്റെ മകനായ അബ്ദുല്ലാഹ്ബ്‌നു ഉമ(റ)ന കൂടിയാലോചനയില്‍ സഹായിക്കുവാനായി സമിതിയിലേക്ക് ക്ഷണിക്കണമെന്ന് നിര്‍ദേശിച്ചതോടൊപ്പം തന്നെ അദ്ദേഹത്തെ തെരഞ്ഞെടുക്കരുതെന്നും ഉമര്‍(റ)നിഷ്‌കര്‍ഷിച്ചിരുന്നു. സമിതി സമ്മേളിച്ചപ്പോള്‍ തന്നെ അബ്ദുറഹ്മാനുബ്‌നു ഔഫ്‌(റ)സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങി. അപ്പോള്‍ ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പെട്ട് അവര്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേര് നിര്‍ദേശിക്കനായി സമിതി അദ്ദേഹത്തെ ചുമതലപ്പെടുത്തി. ജനങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്ന് അവര്‍ ഇഷ്ടപ്പെടുന്നത് ഉസ്മാനെയും അലിയെയുമാണെന്നും ഭൂരിപക്ഷം ഉസ്മാനോടൊപ്പമാണെന്നും അദ്ദേഹം മനസ്സിലാക്കി. മുസ്‌ലിംകളെ മുഴുവന്‍ അതി ന്നുശേഷം അദ്ദേഹം മദീനയിലെ മസ്ജിദുന്നബവിയില്‍ വിളിച്ചു കൂട്ടി. ‘താങ്കളെ അധികാരമേല്‍പിച്ചാല്‍ അല്ലാഹുവിന്റെ ഗ്രന്ഥവും തിരുനബിയുടെ ചര്യയും പൂര്‍വികരായ രണ്ടു ഖലീഫമാരുടെ ചര്യയും അനുസരിച്ച് ഭരണം നടത്തുമോ?’ അലിയെ അഭിസംബോധന ചെയ്തുകൊണ്ട് അബറുഹ്മാനിബ്‌നു ഔഫ് ചോദിച്ചു. ‘കഴിവനുസരിച്ച് നടത്തും’ എന്നാണ് അലി(റ)മറുപടി നല്‍കിയത്. ഇതേ ചോദ്യം ഉസ്മാ(റ)നോട് ചോദിച്ചപ്പോള്‍ ‘അതെ’യെന്ന് അനുബന്ധമൊന്നും കൂടാതെ അദ്ദേഹം മറുപടി നല്‍കി. ഉടനെത്തന്നെ അബ്ദുറഹ്മാനുബ്‌നുഔഫ്‌(റ)ഉസ്മാന്റെ(റ) കരംഗ്രഹിച്ചുകൊണ്ട് അനുസരണ പ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് മറ്റു മുസ്‌ലിംകളെല്ലാം അദ്ദേഹത്തിന് ബൈഅത്ത് ചെയ്തു.

ഉസ്മാന്‍(റ)വധിക്കപ്പെട്ടപ്പോള്‍ സൈന്യത്തലവന്മാര്‍ വന്ന് അലി(റ)യോട് അധികാരമേറ്റെടുക്കാനാവശ്യപ്പെട്ടു. അലി(റ)അധികാരമേ റ്റെടുക്കുവാന്‍ വിസമ്മതിക്കുകയാണുണ്ടായത്. മദീനയിലെ തലമുതിര്‍ന്ന നേതാക്കള്‍ ചെന്ന് കണ്ട് അധികാരമേറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പള്ളിയില്‍വെച്ച് പൊതുബൈഅത്ത് നടക്കുകയാണെങ്കില്‍ താന്‍ അധികാരമേറ്റെടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. അങ്ങനെ മദീനയിലെ മസ്ജിദുന്നബവിയില്‍ മുസ്‌ലിം ബഹുജനങ്ങള്‍ സമ്മേളിച്ചു ബൈഅത്ത് ചെയ്ത ശേഷമാണ് അലി(റ)അധികാരമേറ്റെടുത്തത്.

സച്ചരിതരായിരുന്ന നാലു ഖലീഫമാരുടെ തെരഞ്ഞെടുപ്പ് രീതികള്‍ വ്യത്യസ്തമായിരുന്നുവെങ്കിലും അവയിലെല്ലാം പൊതുജനാഭിപ്രായത്തിന് അര്‍ഹമായ സ്ഥാനം നല്‍കപ്പെട്ടിരുന്നുവെന്ന് മുകളില്‍ വിവരിച്ച ചരിത്രത്തില്‍ നിന്ന് വ്യക്തമാണ്. ഇസ്‌ലാമിന്റെ അടിസ്ഥാനതത്ത്വങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ സമയാനുസൃതമായ തെരഞ്ഞെടുപ്പുരീതി സ്വീകരിക്കുവാന്‍ ഇസ്‌ലാം സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നുവെന്ന് സാരം. ഏത് തരത്തിൽ തെരെഞ്ഞെടുക്കപ്പെട്ടവരാണെങ്കിലും അവർ ഖുർആനും സുന്നത്തുമനുസരിച്ച് സത്യസന്ധവും നീതിനിഷ്ഠവുമായി ഭരണം നടത്തണമെന്നാണ് ഇസ്‌ലാമിന്റെ അനുശാസന.

print