ഇസ്‌ലാം കൊണ്ടുവന്നതാണോ ബഹുഭാര്യത്വം?

/ഇസ്‌ലാം കൊണ്ടുവന്നതാണോ ബഹുഭാര്യത്വം?
/ഇസ്‌ലാം കൊണ്ടുവന്നതാണോ ബഹുഭാര്യത്വം?

ഇസ്‌ലാം കൊണ്ടുവന്നതാണോ ബഹുഭാര്യത്വം?

അല്ല. ബഹുഭാര്യത്വം ഇസ്‌ലാം കൊണ്ടുവന്ന ഒരു സമ്പ്രദായമേയല്ല. എല്ലാ സമൂഹങ്ങളിലും നാഗരികതകളിലും നിലനിന്നിരുന്നു, ബഹുഭാര്യത്വം. . പൗരാണിക സമുഹങ്ങളിലെല്ലാം ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ബഹുഭാര്യത്വം നിലനിന്നിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ രംഗത്തെ ഗവേഷകനായ മര്‍ഡോക്കിന്റെ പഠനങ്ങൾ. പുരാതന സംസ്‌കാരങ്ങളില്‍ പൊതുവായി കാണപ്പെട്ടിരുന്ന ഒരു സമ്പ്രദായമാണത്. എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക എഴുതുന്നത് കാണുക: ‘പൗരാണിക നാഗരികതയില്‍ അധിക സമൂഹങ്ങളിലും ബഹുഭാര്യത്വമോ വെപ്പാട്ടികളെ ഉപയോഗിക്കുന്ന സമ്പ്രദായമോ നിലനിന്നതായി കാണാന്‍ കഴിയും. നിയമാനുസൃതമായ ഭാര്യക്കുപുറമെ അനവധി സ്ത്രീകളെ വെച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായം നിലനിന്നിരുന്ന ചൈനയില്‍ അത് സദാചാരത്തിനോ മാന്യതയ്‌ക്കോ വിരുദ്ധമായി കണക്കാക്കപ്പെട്ടിരുന്നില്ല. വെപ്പാട്ടിമാരെ ഉപയോഗിക്കുന്ന സമ്പ്രദായം ജപ്പാനില്‍ 1880 വരെ നിലനിന്നിരുന്നു. പുരാതന ഈജിപ്തില്‍ ബഹുഭാര്യത്വത്തിന് അനുമതിയുണ്ടായിരുന്നുവെങ്കിലും അത് സര്‍വസാധാരണമായിരുന്നില്ല. രാജാക്കന്മാര്‍ക്കിടയില്‍ അത് പതിവായിരുന്നു താനും” (vol. xviii page 188)

റോമക്കാര്‍ക്കിടയില്‍ ഒരു പ്രത്യേക കാലഘട്ടത്തിലൊഴിച്ച് എല്ലാ പൗരാണിക സമൂഹങ്ങളിലും ബഹുഭാര്യത്വം സാര്‍വത്രികമായിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. മധ്യാഫ്രിക്കയിലും ആസ്‌ട്രേലിയയിലുമുള്ള ചില സമൂഹങ്ങളില്‍ ധനികരായവര്‍ വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളെ ഭാര്യമാരാക്കാന്‍ മല്‍സരിച്ചിരുന്നുവത്രേ. അവിടങ്ങളിലെ യുവാക്കള്‍ ഇക്കാരണത്താല്‍ വിവാഹം ചെയ്യാനാവാതെ പ്രയാസപ്പെട്ടിരുന്നുവെന്നും പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ പത്‌നിമാരെ വിവാഹം കഴിക്കുകയായിരുന്നു പലരും ചെയ്തിരുന്നതെന്നുമാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സിംബാബ്‌വേയിലെ മോണോമട്ടാവോ രാജാക്കന്മാര്‍ക്ക് മൂവായിരത്തോളം ഭാര്യമാരുണ്ടായിരുന്നുവത്രേ. സൈരേയിലെ ബകുബാ, ബകേത്തേ വര്‍ഗങ്ങളുടെ തലവന്മാര്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ ഭാര്യമാരുണ്ടായിരുന്നത് എന്നാണ് ഗിന്നസ് ബുക്കിന്റെ വിലയിരുത്തല്‍. അവര്‍ക്ക് നൂറുകണക്കിന് ഭാര്യമാരുണ്ടായിരുന്നുവത്രെ!

ബൈബിള്‍ പഴയനിയമത്തിലെ പല പ്രവാചകന്മാര്‍ക്കും ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു. യഹൂദ സമുദായത്തിന്റെ ആദര്‍ശപിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന അബ്രഹാമിന് സാറായ്, ഹാഗാര്‍ എന്നീ രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്ന് ഉല്‍പത്തി പുസ്തകം (16:1-3) വ്യക്തമാക്കുന്നു. സാറയുടെ മരണശേഷം അദ്ദേഹം കെതൂറയെന്നവളെയും വിവാഹം കഴിച്ചുവെന്നും ഇതുകൂടാതെ അനേകം ഉപഭാര്യമാരും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ബൈബിളില്‍ കാണാം (ഉല്‍പത്തി 25:1-6). ഇസ്രായേല്‍ ഗോത്രത്തിന്റെ പിതാവായിരുന്ന യാക്കോബിന് ലേയാ (ഉല്‍പത്തി 29:21), ലാബാന്‍ (29:29), ബില്‍ഹാ (30:4), സില്‍വാ (30:9) എന്നീ നാലു ഭാര്യമാരുണ്ടായിരുന്നു. സങ്കീര്‍ത്തനകര്‍ത്താവായി അറിയപ്പെടുന്ന ദാവീദിനാവട്ടെ മീകല്‍ (1 ശാമുവേല്‍ 18:28), ബത്‌ശേബ (2 ശാമുവേല്‍ 11:27), അബീനോവം (2 ശാമുവേല്‍ 3:3) അബിഗായാല്‍, മാക്‌യ്, ഹഗ്ഗീതി, അബീതാല്‍, എഗ്ലായ്, (2 ശാമുവേല്‍ 3:4-5) തുടങ്ങി അനേകം ഭാര്യമാരുണ്ടായിരുന്നതായി കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ പുത്രനും സുഭാഷിതങ്ങളുടെ കര്‍ത്താവുമായ സോളമനാകട്ടെ എഴുന്നൂറു ഭാര്യമാരും മുന്നൂറു ഉപഭാര്യമാരുമുണ്ടായിരുന്നുവത്രേ! (1 രാജാക്കന്മാര്‍ 11:3) പലരുടെയും മഹത്വമായി പഴയ നിയമം പറയുന്നത് തന്നെ ‘അവര്‍ക്ക് അനേകം ഭാര്യമാരും പുത്രന്മാരുമുണ്ടായിരുന്നു’വെന്നാണ് (1 ദിനവൃത്താന്തം 7:3). പഴയ നിയമകാലത്ത് ബഹുഭാര്യത്വം സര്‍വസാധാരണമായിരുന്നുവെന്നാണല്ലോ ഇവ കാണിക്കുന്നത്.

യഹൂദമതത്തിന്റെ തുടര്‍ച്ചയായി വന്ന ക്രിസ്തുമതവും ബഹുഭാര്യത്വം നിഷിദ്ധമാണെന്ന് വിധിച്ചതായി ആദ്യകാല രേഖകളിലൊന്നും കാണുന്നില്ല. സുവിശേഷങ്ങളിലോ പ്രവൃത്തി പുസ്തകത്തിലോ വെളിപാടു പുസ്തകത്തിലോ അജപാലകലേഖനങ്ങളിലോ പൗലോസിന്റെ എഴുത്തുകളില്‍ പോലുമോ ബഹുഭാര്യത്വത്തെ നിരോധിക്കുന്ന ഒരു വചനം പോലും കാണാന്‍ കഴിയില്ല. എന്നാല്‍, പൗലോസിന്റെ ലേഖനങ്ങളില്‍ പൊതുവെ വിവാഹത്തെ തന്നെ പ്രോല്‍സാഹിപ്പിക്കാത്ത നിലപാടാണുള്ളത്. ‘വിവാഹം കഴിക്കാതിരിക്കുന്നുവെങ്കില്‍ ഏറെ നല്ലത്’ (1കൊരിന്ത്യര്‍ 7:38) എന്നു പഠിപ്പിച്ച പൗലോസിന്റെ അനുയായികള്‍ സന്യാസത്തിന് പ്രേരിപ്പിക്കുകയും അതു സാധ്യമല്ലാത്തവര്‍ ഒരൊറ്റ ഭാര്യയെ മാത്രം വേള്‍ക്കട്ടെയെന്ന തത്ത്വത്തിലെത്തിച്ചേരുകയുമാണുണ്ടായത്.

യേശുക്രിസ്തു അദ്ദേഹത്തിന്റെ വചനങ്ങളില്‍ എവിടെയെങ്കിലും ബഹുഭാര്യത്വത്തെ നിരോധിക്കുന്നതായി നമുക്ക് കാണാന്‍ കഴിയുന്നില്ല. അദ്ദേഹം വിവാഹിതനായതായി ബൈബിളില്‍ ഒരിടത്തുമില്ല. എന്നാല്‍ അന്ന് നിലനിന്നിരുന്ന ബഹുഭാര്യത്വമെന്ന സമ്പ്രദായത്തെ നിരോധിക്കുകയോ നിഷേധിക്കുകയോ വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ ചെയ്തതായി പുതിയനിയമത്തിലെവിടെയും കാണാന്‍ കഴിയുന്നില്ല. എന്നാല്‍ ബൈബിളില്‍ തന്നെയുള്ള യേശുവിന്റെ ചില ഉപമകളില്‍ ബഹുഭാര്യത്വം കടന്നുവരുന്നുണ്ട്- ഉപമാലങ്കാരങ്ങളാല്‍ സമൃദ്ധമാണല്ലോ സുവിശേഷങ്ങള്‍. മത്തായിയുടെ സുവിശേഷത്തില്‍ പത്തു കന്യകമാരുടെ ഉപമയുണ്ട്. ഒരൊറ്റ മണവാളനെ കാത്തുനില്‍ക്കുന്ന പത്തുകന്യകമാര്‍. അവിടെ ഈ കന്യകമാരെക്കുറിച്ച് പറയുമ്പോള്‍ ബഹുഭാര്യത്വം ശരിയല്ലെന്ന സൂചനപോലും യേശു നല്‍കുന്നില്ല. മത്തായിയുടെ സുവിശേഷം നോക്കുക (മത്തായി 25:1-13) പൗലോസ് വിവാഹവിരുദ്ധനും സ്ത്രീ വിരുദ്ധനുമായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ ലേഖനങ്ങളിലും ബഹുഭാര്യത്വത്തെ നേര്‍ക്കുനേരെ വിമര്‍ശിക്കുന്നത് കാണാന്‍ സാധിക്കുന്നില്ല. മാത്രമല്ല, യേശുക്രിസ്തു വിവാഹിതനായിരുന്നും ഒന്നിലധികം സ്ത്രീകളുടെ ഭര്‍ത്താവായിരുന്നുവെന്നും ബൈബിളിന്റെ വെളിച്ചത്തില്‍ വാദിച്ചവരുണ്ടായിട്ടുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പിനുശേഷം മഗ്ദലനമറിയം, സലോമി തുടങ്ങിയ സ്ത്രീകള്‍ക്കാണ് ക്രിസ്തു പ്രത്യക്ഷപ്പെട്ടതെന്നും തന്റെ അപ്പോസ്തലന്മാരെക്കാള്‍ അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നത് ഈ സ്ത്രീകളോടായിരുന്നുവെന്നാണ് ഇതു കാണിക്കുന്നതെന്നും അവര്‍ യേശുവിന്റെ ഭാര്യമാരായിരിക്കാനാണ് സാധ്യതയെന്നുമാണ് അവര്‍ സമര്‍ഥിച്ചത്. ആദ്യകാലത്ത് ബഹുഭാര്യത്വം അനുവദനീയമാണെന്നുതന്നെയായിരുന്നു ക്രൈസ്തവ വീക്ഷണം. എന്‍സൈക്‌ളോപീഡിയ ബ്രിട്ടാണിക്കയില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ‘ബഹുഭാര്യത്വം മധ്യകാലത്ത് ക്രൈസ്തവസഭയില്‍ അംഗീകരിക്കപ്പെട്ടിരുന്നു. നിയമാനുസൃതമായി അത് നിലനിന്നിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ നടുവില്‍വരെ മതവും രാജ്യവും അനുവദിച്ചതിനാല്‍ നിയമാനുസൃതമായിത്തന്നെ പലയിടങ്ങളിലും അത് നിലനിന്നിരുന്നു. (vol xiv page:950)

ക്രൈസ്തവര്‍ക്കിടയില്‍ ബഹുഭാര്യത്വത്തിന് അനുകൂലവും പ്രതികൂലവുമായ വീക്ഷണങ്ങള്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. അവര്‍ക്കിടയില്‍ ഇന്ന് നിലനില്‍ക്കുന്ന വ്യത്യസ്തസംഘടനകള്‍, പാശ്ചാത്യര്‍ക്കിടയിലുള്ള സംഘടനകള്‍, ബഹുഭാര്യത്വമാണ് പാശ്ചാത്യസമൂഹമനുഭവിക്കുന്ന, പ്രത്യേകിച്ച്, ക്രൈസ്തവസമൂഹമനുഭവിക്കുന്ന ധാര്‍മികച്യുതിയില്‍ നിന്ന് അവരെ രക്ഷപ്പെടുത്തുവാനുള്ള ഒരേയൊരു മാര്‍ഗമെന്ന് വാദിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. ഇക്കാര്യം ആര്‍ക്കും പരിശോധിക്കാന്‍ കഴിയും  www.christianpolygamy.comഎന്ന വെബ്അഡ്രസിലോ അല്ലെങ്കില്‍ christian polygamy.info എന്ന അഡ്രസിലോ അതല്ലെങ്കില്‍ www.lovenotforce.com- എന്ന വിലാസത്തിലോ സെര്‍ച്ചുചെയ്താല്‍  ഈ രംഗത്തെ പഠനങ്ങള്‍ കാണാന്‍ കഴിയും. അമേരിക്കയില്‍ ബഹുഭാര്യത്വം നിരോധിക്കപ്പെട്ടിട്ടുണ്ട്. നിയമപരമായി ഒന്നിലധികം ഭാര്യമാരെ വെക്കാന്‍ അവര്‍ക്ക് പാടില്ല. ക്രൈസ്തവര്‍ക്ക് ഒന്നിലധികം ഭാര്യമാരെ വെക്കുവാന്‍ അനുവാദം വേണമെന്ന് പറഞ്ഞു പോരാടിക്കൊണ്ടിരിക്കുകയാണ്  ഈ ക്രൈസ്തവ വിഭാഗങ്ങള്‍. ധാര്‍മികത നിലനിര്‍ത്താന്‍ ബഹുഭാര്യത്വം അനുവദിക്കണമെന്നാണ് അവരുടെ വാദം.

ക്രൈസ്തവര്‍ക്കിടയില്‍ നിന്ന് ഉണ്ടായിവന്ന മറ്റൊരു വിഭാഗമാണ് Fundamentalist Church of Jesus  Christ of Latterday Saints  അഥവാ മോര്‍മോണുകള്‍. ഇവര്‍ ബഹുഭാര്യത്വത്തെ അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്തു. ആയിരത്തിയെണ്ണൂറുകള്‍ വരെ അവര്‍ക്കിടയില്‍ ബഹുഭാര്യത്വം സാര്‍വത്രികമായിരുന്നു. പ്രത്യേകിച്ച്, അമേരിക്കയിലെ Utah State ലുള്ള മോര്‍മോണുകള്‍ക്കിടയില്‍. ഇപ്പോള്‍ നിയമം മൂലം നിരോധിക്കപ്പെട്ടതുകൊണ്ട്, സ്വകാര്യമായി ബഹുഭാര്യത്വത്തിലേര്‍പ്പെടുകയാണിവര്‍ ചെയ്യുന്നത്. ഒന്നിലധികം ഭാര്യമാരുള്ള ഇരുപതിനായിരത്തോളം കുടുംബങ്ങള്‍ ഇന്ന് അവര്‍ക്കിടയിലുണ്ട്. ഇതെല്ലാം നമ്മെ പഠിപ്പിക്കുന്ന വസ്തുതകളോട് സൃഷ്ടിപരമായി പ്രതികരിക്കാന്‍ ബുദ്ധിജീവികള്‍ സന്നദ്ധമാകണം.

ഇന്ത്യയിലെ ഹൈന്ദവസമൂഹത്തിലാണെങ്കില്‍ ഭാര്യമാരുടെ എണ്ണം ഒരു മഹത്വമായി നിശ്ചയിക്കപ്പടുകയും നിര്‍ണയിക്കപ്പെടുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. ഋഗ്വേദത്തിലെ പ്രധാന ദേവനായ ഇന്ദ്രന്  ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നുവെന്നാണ് മനസ്സിലാവുന്നത്. ഇന്ദ്രപത്‌നിമാരില്‍ പ്രധാനിയായിരുന്ന ഇന്ദ്രാണിയുടേതായി ഒരു സൂക്തമുണ്ട് (ഋഗ്വേദം 10-ാം മണ്ഡലം 17-ാം സൂക്തം). പ്രസ്തുത സൂക്തത്തിലെ പ്രധാന പ്രതിപാദ്യം സപത്‌നീമര്‍ദനത്തിനുള്ള മന്ത്രമാണ്. സപത്‌നിയോട് രാജാവിനുള്ള പ്രേമം നശിപ്പിച്ച് തന്നിലേക്ക് ആകര്‍ഷിക്കാനുള്ള മന്ത്രമാണത്. ഇതില്‍നിന്ന് വേദകാലത്ത് ബഹുഭാര്യത്വം സാര്‍വത്രികമായിരുന്നുവെന്ന് മനസ്സിലാക്കാനാവും. ഇതിഹാസങ്ങളുടെ കാലമായപ്പോഴേക്കും ബഹുഭാര്യത്വം സമൂഹത്തിന്റെ പൂര്‍ണമായ അംഗീകാരത്തോടെ, വ്യാപകമായി നിലനിന്നിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ശ്രീകൃഷ്ണന്‍ ഇന്ത്യയില്‍ ഏറ്റവും അധികം ആരാധിക്കപ്പെട്ട ദേവനാണ്. അദ്ദേഹത്തിന്റെ ഗുണഗണങ്ങളില്‍ പ്രധാനപ്പെട്ടതായി പറയുന്നത് തന്നെ 16008 ഭാര്യമാരുണ്ടായിരുന്നു എന്നതാണ്. അത്് സാങ്കല്‍പികമാണോ അതല്ല; ഉപമാലങ്കാരമാണോ എന്നത് വേറെ പ്രശ്‌നം. രുഗ്മിണി,ജാംബവതി,സത്യഭാമ, കാളിന്തി, ചിത്രവന്ദ, സരസ്വതി,കൈകേയി, ലക്ഷ്മണ തുടങ്ങിയ എട്ടുപേരും നരകാസുരന്റെ പതിനാറായിരം പുത്രിമാരുമായിരുന്നു ശ്രീകൃഷ്ണഭാര്യമാര്‍ എന്നാണ് പുരാണങ്ങളിലുള്ളത്. ഒരു ഉപമാകഥ മാത്രമാണ് ശ്രീകൃഷ്ണ വിവാഹങ്ങള്‍ എന്ന വാദം ശരിയല്ലെന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. കേവമൊരു കഥ മാത്രമാണിതെന്ന് വന്നാല്‍ പോലും ഇന്ത്യന്‍ മനസ്സില്‍ അദ്ദേഹത്തിന്റെ ഭാര്യമാരുടെ എണ്ണം ഒരു ബഹുമാനമായി, ഈ വിഗ്രഹവല്‍ക്കരണം എന്ന നിലക്ക് നിന്നിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.

ശ്രീരാമന്റെ പിതാവിന് കൗസല്യ, കൈകേയി, സുമിത്ര എന്നീ മൂന്ന് ഭാര്യമാരുണ്ടായിരുന്നതായി നമുക്ക് രാമായണത്തില്‍ കാണാന്‍ സാധിക്കും. പിന്നീട് മറ്റെല്ലാം നിയമങ്ങളെയും പോലെ ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട നിയമങ്ങളും   വര്‍ണാശ്രമവ്യവസ്ഥയുടെ അടിസ്ഥാനത്തിലായിത്തീര്‍ന്നു. അപ്പോള്‍ ബ്രാഹ്മണന് ഭാര്യമാര്‍ കൂടുതലാകാം, ക്ഷത്രിയനത്ര പാടില്ല, വൈശ്യന് അത്ര പാടില്ല, ക്ഷൂദ്രന് സ്വന്തം ജാതിയില്‍ പെട്ട ഭാര്യമാരെ മാത്രമെ പറ്റൂ എന്നെല്ലാമുള്ള നിയമങ്ങള്‍ വന്നു. യാജ്ഞവല്‍ക്യസമൃതിയുടെ നിയമം കാണുക.

തിസ്വോവര്‍ണാനു പൂര്‍വ്യേണ ദ്വോ തഥൈകാ യഥാക്രമം

ബ്രാഹ്മണ ക്ഷത്രിയ വിശാം ഭാര്യാ സ്വാ ശൂദ്രജന്മനഃ

(യാജ്ഞവല്‍ക്യസ്മൃതി 1:57)

(വര്‍ണക്രമമനുസരിച്ച് ബ്രാഹ്മണന് മൂന്നും ക്ഷത്രിയന് രണ്ടും വൈശ്യന് ഒന്നും ഭാര്യമാരാകാം. ശൂദ്രന് സ്വജാതിയില്‍ നിന്നുമാത്രമേ വിവാഹം പാടുള്ളൂ)

ഇതെല്ലാമായിരുന്നിട്ടും ഭാര്യാസംസര്‍ഗത്തിനു പുറത്തുള്ള ബന്ധങ്ങള്‍, അറിഞ്ഞും അറിയാതേയും  ഭാരതീയര്‍ അംഗീകരിക്കുകയും ചെയ്തു. ഇതെല്ലാം നമുക്ക് മനുസ്മൃതിയായിരുന്നാലും യാജ്ഞവല്‍ക്യസ്മൃതിയിലായിരുന്നാലും പരാശരസ്മൃതിലായിരുന്നാലും കാണാന്‍ കഴിയുന്ന കാര്യങ്ങളാണ്. ഏകപത്‌നീവ്രതം നിലനില്‍ക്കുന്നുവെന്നവകാശപ്പെടുന്ന ആധുനിക സമൂഹങ്ങളിലും ഒന്നിലധികം സ്ത്രീകളുമായി ലൈംഗികവേഴ്ചയിലേര്‍പ്പെടുന്ന സമ്പ്രദായം സാര്‍വത്രികമാണെന്നതാണ് വസ്തുത. അതിന് പല വിധ ഓമനപ്പേരുകള്‍ നല്‍കുന്നുവെന്നു മാത്രമെയുള്ളൂ. ‘പബ്ലിക് റിലേഷന്‍സി’ല്‍ ഏര്‍പ്പെട്ടിരിക്കുന്ന കാള്‍ഗേളുകളില്‍ പണക്കാരന്‍ ലൈംഗികദാഹം ശമിപ്പിക്കുമ്പോള്‍ വേശ്യാതെരുവുകളിലാണ് സാധാരണക്കാരന്‍ സമാധാനം കണ്ടെത്തുന്നത് എന്ന വ്യത്യാസമേയുള്ളൂ. പലതരം പേരുകളില്‍ വിളിക്കപ്പെടുന്ന അഭിസാരികകളെ ഒരു പ്രാവശ്യമെങ്കിലും സമീപിക്കാത്തവര്‍ ആധുനിക സമൂഹത്തില്‍ വളരെ വിരളമാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അതൊരു തെറ്റായി ആധുനിക സമൂഹം കാണുന്നേയില്ല. ഇവ കൂടാതെതന്നെ സമൂഹത്തിലെ ഉന്നതരില്‍ നടക്കുന്ന  ഭാര്യാവിക്രയം (wife swaping)-,- സംഘരതി (group sex or daisy chain),  തുടങ്ങിയ ലൈംഗിക വൈകൃതങ്ങളും വര്‍ധിച്ചുവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബഹുഭാര്യത്വത്തിനെതിരെ ശക്തമായി സംസാരിക്കുന്നവരില്‍ പലരും ഇത്തരം ലൈംഗികബന്ധങ്ങളുടെ അടിമകളാണെന്നതാണ് വാസ്തവം.

ചരിത്രത്തില്‍ എല്ലാ കാലത്തും നിലനിന്ന ഒരു സ്ഥാപനമാണ്ബഹുഭാര്യത്വമെന്നതാണ് വാസ്തവം. ഈ വസ്തുതകള്‍ നല്‍കുന്ന പാഠത്തോട് മുഖം തിരിഞ്ഞുനില്‍ക്കുന്നതുകൊണ്ട് കാര്യമില്ല. അവ തെളിയിക്കുന്ന യാഥാര്‍ഥ്യത്തോട് ക്രിയാത്മകവും വസ്തുനിഷ്ഠവുമായി സംവദിക്കാന്‍ നമുക്കു കഴിയണം. അപ്പോള്‍ മനസ്സിലാവും, ഏകഭാര്യത്വം ചില വ്യക്തികളുടെയെങ്കിലും സ്വാഭാവികവും പ്രകൃതിപരവുമായ ദാഹം തീര്‍ക്കാന്‍ പര്യാപ്തമായ സമ്പ്രദായമല്ലെന്ന്. ഈ സത്യത്തിന് നേരെ കണ്ണടച്ചുകൊണ്ട് ബഹുഭാര്യത്വമെന്ന പ്രശ്‌നം ചര്‍ച്ച ചെയ്യുന്നത് വെറുതെയാണ്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ