മുസ്ലിം ജീവിതവും മതത്തിൻറെ പ്രായോഗികതയും.

/മുസ്ലിം ജീവിതവും മതത്തിൻറെ പ്രായോഗികതയും.
/മുസ്ലിം ജീവിതവും മതത്തിൻറെ പ്രായോഗികതയും.

മുസ്ലിം ജീവിതവും മതത്തിൻറെ പ്രായോഗികതയും.

ഇസ്‌ലാമിമിന്റേത് കുറ്റമറ്റ തത്ത്വശാസ്ത്രമാണെങ്കില്‍ എന്തുകൊണ്ട് മുസ്‌ലിംകള്‍ അത് പൂര്‍ണമായും പ്രയോഗവത്കരിക്കുന്നതില്‍ പരാജയപ്പെടുന്നു? ഇസ്‌ലാമിന്റെ സിദ്ധാന്തങ്ങളില്‍ പലതും അപ്രായോഗികമായതുകൊണ്ടല്ലേ മുസ്‌ലിംകള്‍ അവയെ അവഗണിക്കുന്നത്?

  • ഭക്ഷ്യവസ്തുക്കളിലും ഉപഭോഗ സാധനങ്ങളിലും മരുന്നുകളില്‍പോലും വ്യാപകമായി മായം ചേര്‍ക്കപ്പെടുന്നുണ്ടല്ലോ. എല്ലാ സമുദായങ്ങളില്‍പെട്ടവരും മതവിശ്വാസമില്ലാത്തവരും മായക്കാരുടെ കൂട്ടത്തിലുണ്ട്. ഭക്ഷണത്തിലെ മായം നിമിത്തം ജനലക്ഷങ്ങള്‍ രോഗികളായിത്തീരുന്നു. മരുന്നിലെ മായം നിമിത്തം മരിച്ചവരും നിത്യരോഗികളായവരും ഏറെയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മായം നിഷിദ്ധമാണെന്ന തത്ത്വം അപ്രായോഗികമാണെന്നും തള്ളിക്കളയേണ്ടതാണെന്നും ചിന്താശീലമുള്ള ആരും പറയാനിടയില്ല. മുസ്‌ലിം സമുദായത്തിലെ ഇസ്‌ലാമിക പ്രതിബദ്ധതയില്ലാത്ത ആളുകള്‍ അന്ധവിശ്വാസങ്ങളെ അനുധാവനം ചെയ്യുകയോ അധാര്‍മിക വൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നത് ഇസ്‌ലാമിക തത്ത്വങ്ങള്‍ അപ്രായോഗികമായതുകൊണ്ടല്ല; ഉല്‍കൃഷ്ടമായ ഒരു ജീവിതത്തിന്റെ മൗലികതയും മഹനീയതും അവര്‍ മനസ്സിലാക്കാത്തതുകൊണ്ടാണ്.
    പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാര്‍ഥിക്കുകയും ചെയ്യുക എന്നതാണ് ഇസ്‌ലാമിന്റെ സുപ്രധാന തത്ത്വം. മാനവരാശിയുടെ ആരംഭം മുതല്‍ ഇന്നേവരെ അനേകകോടി വിശ്വാസികള്‍ ഈ തത്ത്വം മുറുകെ പിടിച്ചിട്ടുണ്ട്. പ്രത്യക്ഷവും പരോക്ഷവുമായ ദുര്‍വൃത്തികള്‍ വര്‍ജിക്കുകയും സദ്ഗുണങ്ങളും സദ്പ്രവൃത്തികളും ശീലിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു പ്രധാന തത്ത്വം. ഇതും മുറുകെ പിടിക്കുന്ന ജനകോടികളുണ്ട്. യാതൊരു തെറ്റും വീഴ്ചയും സംഭവിക്കരുതെന്ന് ഇസ്‌ലാം ശഠിക്കുന്നില്ല. ബോധപൂര്‍വം ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ഒഴികെയുള്ള മനുഷ്യസഹചമായ തെറ്റുകുറ്റങ്ങള്‍ അല്ലാഹു പൊറുക്കുമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മനുഷ്യനെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്ന കരുണാവാരിധിയായ ജഗന്നിയന്താവ് മനുഷ്യജീവിതം എല്ലാവിധത്തിലും വിജയകരമായിത്തീരേണ്ടതിന് വേണ്ടി നല്‍കിയ മാര്‍ഗദര്‍ശനം അപ്രായോഗികമാകുന്ന പ്രശ്‌നമേയില്ല.
print