വലിയൊരു തിന്മയല്ലേ ഇസ്‌ലാം അനുവദിച്ച ബഹുഭാര്യത്വം ?

/വലിയൊരു തിന്മയല്ലേ ഇസ്‌ലാം അനുവദിച്ച ബഹുഭാര്യത്വം ?
/വലിയൊരു തിന്മയല്ലേ ഇസ്‌ലാം അനുവദിച്ച ബഹുഭാര്യത്വം ?

വലിയൊരു തിന്മയല്ലേ ഇസ്‌ലാം അനുവദിച്ച ബഹുഭാര്യത്വം ?

ലൈംഗികതയുമായി ബന്ധപ്പെട്ട വീക്ഷണങ്ങള്‍ രണ്ടാണ്. ഒന്ന്, ലൈംഗികതയുടെ സംപൂര്‍ത്തികരണത്തിന് വിവാഹമെന്ന സ്ഥാപനം അനിവാര്യമാണ് എന്ന വീക്ഷണം.  അതാവശ്യമില്ലെന്നുള്ള വീക്ഷണമാണ് രണ്ടാമത്തേത്. വിവാഹത്തിന്റെ ലക്ഷ്യം മനുഷ്യന്റെ അടിസ്ഥാനചോദനയായ ലൈംഗികതയുടെ സംപൂര്‍ത്തീകരണമാണ്. ലൈംഗികപൂര്‍ത്തീകരണത്തിന്റെ അനുബന്ധമായി വരുന്നതാണ് കുടുംബത്തിന്റെ നിലനില്‍പ്പ്, സന്താനങ്ങളുടെ വളര്‍ച്ച, കുട്ടികളുടെ മുലയൂട്ടല്‍ തുടങ്ങിയവ. ലൈംഗികത വിവാഹത്തിലൊതുങ്ങി നില്‍ക്കണമെന്ന ഒന്നാമത്തെ കാഴ്ചപ്പാടിനോടൊപ്പം നില്‍ക്കുന്നു ഇസ്‌ലാം. വിവാഹേതരലൈംഗികബന്ധങ്ങള്‍ ധാര്‍മികവിരുദ്ധമാണെന്നും പ്രകൃതിവിരുദ്ധമാണെന്നും മാനവവിരുദ്ധമാണെന്നും ഇസ്‌ലാം വിചാരിക്കുന്നു. ഇസ്‌ലാമിക നിയമങ്ങളുടെ മുഴുവന്‍ കാതലതാണ്.

വിവാഹത്തിൽ ഒതുങ്ങി നിൽക്കേണ്ടതല്ല ലൈംഗികതയെന്ന് കരുതുന്നവരുണ്ട്. . 1945ല്‍ വില്‍ഹം റീഹി (Wilham Reich)ന്റെ ‘ലൈംഗിക വിപ്ലവം’ (the sexual Revelution)  എന്ന പുസ്തകം പുറത്ത് വന്നു. ലൈംഗികരംഗത്തെ വിപ്ലവം! ആ പുസ്തകത്തിലൂടെ അദ്ദേഹം മുന്നോട്ട് വെച്ച ചില ആശയങ്ങളുണ്ട്. വിവാഹേതരലൈംഗികതയെ ധാര്‍മികമാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പരിശ്രമിച്ചിട്ടുള്ളത്. വിവാഹം ആവശ്യമില്ലാത്ത ഒരു സ്ഥാപനമാണെന്ന് തോന്നിപ്പിക്കുന്ന രൂപത്തിലുള്ള ചര്‍ച്ചകളാണ് അതിലിള്ളുത്. ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഗ്രന്ഥമാണത്. അതിനുശേഷം വിവാഹ ബാഹ്യലൈംഗികതയെ വിഗ്രഹവല്‍ക്കരിക്കുന്നതിനുവേണ്ടി ഹ്യൂമണിസ്റ്റുകള്‍ വ്യാപകമായി പരിശ്രമിച്ചു. സിനിമയും നാടകങ്ങളും സാഹിത്യങ്ങളുമെല്ലാം ഈ ആവശ്യത്തെ മുന്‍നിര്‍ത്തിയുള്ളതായി. യൂറോപ്പിലും പാശ്ചാത്യരാജ്യങ്ങളിലും ഹ്യൂമണിസ്റ്റുകള്‍ തുടങ്ങിവെച്ച സ്വതന്ത്ര ലൈംഗികതയെന്ന ആശയം ലോകത്തെ വിവിധ ഭാഗങ്ങളിലേക്ക് ഇവയിലൂടെ കയറ്റി അയക്കപ്പെട്ടു. വിവാഹമെന്ന കാലഹരണപ്പെട്ട സ്ഥപനത്തിന്റെ ദൃംഷ്ടങ്ങളില്‍ നിന്ന് സമൂഹത്തെ രക്ഷിച്ചാല്‍ മാത്രമെ കപട സദാചാരത്തിന്റെ മുഖം മുടിക്കു പിന്നില്‍ മനുഷ്യന്‍ അനുഭവിക്കുന്ന ലൈംഗിക ദാരിദ്രത്തിന് പരിഹാരം കാണാനാകുവെന്ന സന്ദേശമാണ് ഇവ ലോകത്തിന് നല്‍കിയത്. കഴിഞ്ഞ അര നൂറ്റാണ്ടിലേറെ കാലമായി യൂറോപ്പിലെ ഹ്യൂമണിസ്റ്റുകള്‍ ഉന്നയിച്ചകൊണ്ടിരിക്കന്ന സ്വതന്ത്രലൈംഗികതയുടെ പ്രത്യയ ശാസ്ത്രത്തെ മഹത്വവല്‍കരിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന് കേരളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങളും ആനുകാലികളും ചെയ്തുന്നത്. യൂറോപ്പ് ചവച്ചുതുപ്പിയതിന്റെ മഹത്വമുല്‍ഘോഷിക്കുവാനാണല്ലോ നമ്മുടെ വിധി!

വിവാഹേതരബന്ധങ്ങള്‍ കാലാകാലങ്ങളില്‍ നിലനിന്നുപോന്നിട്ടുണ്ട്. ചരിത്രത്തില്‍ നമുക്കത് കാണാന്‍ കഴിയും. പക്ഷെ, അതിനെ സമൂഹം നോക്കിക്കണ്ടത് ഒരു തിന്മയായിട്ടായിരുന്നു. അതിനെ ധാര്‍മികവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും ധാരാളമായി നടന്നിട്ടുണ്ട്. വിവാേഹതരലൈംഗികതയുടെ ധാര്‍മികവല്‍ക്കരണം എന്നത്  തൊള്ളായിരത്തി നാല്‍പതുകള്‍ക്ക് ശേഷം ആധുനിക സമൂഹത്തിന്റെ ജനാധിപത്യച്ചുവയുടെയെല്ലാം പ്രതിഫലനമായി പൊതുവെ പരിചയപ്പെടുത്തപ്പെടുന്ന അവസ്ഥയുണ്ടായി; വിക്‌ടോറിയന്‍ സദാചാരസങ്കല്‍പങ്ങളെ വെല്ലുവിളിച്ചതെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഈ ‘ലൈംഗിക വിപ്ലവ’ത്തിന്റെ ആകെത്തുക വിവാഹേതരബന്ധങ്ങള്‍ അധാര്‍മികമല്ലെന്ന ആശയത്തിന്റെ പ്രയോഗവല്‍കരണമാണ്. അതിപ്പോഴെത്തിനില്‍ക്കുന്നത്, വിവാഹേതരബന്ധങ്ങള്‍ മാത്രമല്ല സ്വവര്‍ഗരതിയടക്കമുള്ള, ലൈംഗികവ്യതിയാനങ്ങളായി ഇതുവരെ കരുതിപ്പോന്ന കാര്യങ്ങളെല്ലാം, അനുവദിക്കപ്പെടേണ്ടതാണെന്നയിടത്താണ്. ഇണകള്‍ക്ക് തൃപ്തി നല്‍കുന്ന ലൈംഗികബന്ധങ്ങളെല്ല ശരിയാണ്; നന്മായാണ്. വിവാഹേതരബന്ധങ്ങളാകാം; സ്ത്രീയും സ്ത്രീയും തമ്മിലുള്ള ലെസ്ബിയന്‍ ലൈംഗികബന്ധങ്ങളാകാം. പുരുഷനും പുരുഷനും തമ്മിലുള്ള സഡോമിയാകാം; ഗ്രൂപ്പ് സെക്‌സിനെപ്പോലെയുള്ള ലൈംഗിക വൈകൃതങ്ങളാകാം- ഇതെല്ലാം അനുവദിക്കപ്പെടണമെന്നും ധാര്‍മികമായി പരിഗക്കപ്പെടണമെന്നുമാണ് വാദം. ഇസ്‌ലാം ഇതിനെതിര് നില്‍ക്കുന്നു. ഇസ്‌ലാം, ലൈംഗികതയുടെ പൂര്‍ത്തീകരണം നിയമപരമായി ഇണകളായിക്കഴിഞ്ഞവര്‍ തമ്മിലുള്ള ബന്ധത്തിലൂടെ മാത്രമേ ആകാന്‍ പാടുള്ളുവെന്ന് നിഷ്‌കര്‍ഷിക്കുന്നു. ഈയൊരു തലത്തില്‍ നിന്നുകൊണ്ടാണ് ഇസ്‌ലാം പറയുന്ന ബഹുഭാര്യത്വം പ്രകൃതിപരമാണോ അല്ലേ എന്ന പ്രശ്‌നം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ചരിത്രത്തിലുടനീളം നമുക്ക് കാണാന്‍ കഴിയുന്ന ഒരു സത്യമുണ്ട്. ബഹുഭാര്യത്വം എക്കാലത്തും നിലനിന്നിരുന്നുവെന്നതാണത്. പ്രസിദ്ധ അമേരിക്കന്‍ ആന്ത്രോപോളജിസ്റ്റായ ജോര്‍ജ് പീറ്റര്‍ മര്‍ഡോക്, 1170 നാഗരികതകളെക്കുറിച്ച് പഠിച്ച്, ആ നാഗരികതകളില്‍ നിലനിന്ന വിവാഹബന്ധങ്ങളെക്കുറിച്ചുള്ള ഒരു ഗ്രാഫ് തയ്യാറാക്കിയിട്ടുണ്ട്.  അതില്‍ നമ്മള്‍ കാണുന്ന വസ്തുത, ബഹുഭൂരിപക്ഷം സമൂഹങ്ങളിലും നാഗരികതകളിലും ബഹുഭാര്യത്വം നിലനിന്നിരുന്നു എന്നതാണ്. മൊത്തം 1170 നാഗരികതകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ബഹുഭര്‍തൃത്വം പേരിനെങ്കിലും നിലനിന്നിരുന്നതെന്നാണ് അദ്ദേഹം കണ്ടെത്തിയിട്ടുള്ളത്. ഏകഭാര്യത്വം നിലനിന്ന സമൂഹത്തേക്കാള്‍ എത്രയോ ഇരട്ടി സമൂഹങ്ങളില്‍ ബഹുഭാര്യത്വം നിലനിന്നിരുന്നു. ഇത് നമുക്ക് നല്‍കുന്ന ഒരറിവുണ്ട്. ആ അറിവിനോട് സൃഷ്ടിപരമായി പ്രതികരിക്കുവാന്‍ നമുക്ക് കഴിയണം. ഇസ്‌ലാം പറയുന്നുവെന്നതുകൊണ്ട് ആ അറിവിനെ പ്രാകൃതവല്‍ക്കരിക്കാന്‍ നാം ശ്രമിച്ചുകൂടാ. ബുദ്ധിജീവികള്‍ സത്യസന്ധരാണെങ്കില്‍ ഈ അറിവുമായി സത്യസന്ധമായി സംവദിക്കേണ്ടതുണ്ട്.POLYGYNY

Frequency of Marriage Types Across Cultures from the Standard Cross-Cultural Sample of pre-industrial societies (Murdock & White 1969)

ലൈംഗികതയെക്കുറിച്ച് ഒരുപാട് പഠനങ്ങള്‍ വന്നിട്ടുണ്ട്. ഈ പഠനങ്ങള്‍ ഒന്ന് വായിച്ചുനോക്കണം എന്നാണ് ഇസ്‌ലാമിന്റെ വിമര്‍ശകരോട് സൂചിപ്പിക്കാനുള്ളത്. ലൈംഗികപഠനരംഗത്ത് ഏറ്റവും അധികം അംഗീകരിക്കപ്പെടുന്ന മാസ്റ്റര്‍സ് ആന്റ് ജോണ്‍സന്റെ Human Sexual Responseഎന്ന കേസ് സ്റ്റഡികളാകട്ടെ, ഹാവ്‌ലോക്ക് എല്ലിസിന്റെ Studies in the psychology of sex എന്ന ഗവേഷണമാവട്ടെ, ആല്‍ഫ്രഡ് കിന്‍സെയുടെ  The Kinsey Report കളാകട്ടെ  പഠനവിധേയമാക്കിയാല്‍ നമുക്ക് ബോധ്യപ്പെടുന്നൊരു സത്യമുണ്ട്. പുരുഷന്മാരില്‍ ചിലര്‍ക്കെങ്കിലും അവരുടെ പ്രകൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ബഹുഭാര്യത്വം എന്നതാണത്. ഇതൊരു കേവലവാദമല്ല. ലോകത്തുടനീളം നിലനില്‍ക്കുന്ന വ്യഭിചാരത്തിന്റെ വ്യാപനം തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു. കേരളത്തില്‍ തന്നെ നടന്ന പഠനങ്ങളില്‍ നിന്ന് മനസ്സിലാകുന്നത് ‘സെക്‌സ് വര്‍ക്കേഴ്‌സി’ന്റെ അടുത്ത് പോകുന്ന ആളുകളില്‍ ബഹുഭൂരിപക്ഷവും വിവാഹിതരാണ് എന്നുള്ളതാണ്. അതു എന്തുകൊണ്ടെന്ന് പഠിക്കാന്‍ നാം സന്നദ്ധരാകണം. മാര്‍ക്‌സിന് ജെന്നി എന്ന ഭാര്യയെക്കൂടാതെ ഹെലന എന്ന വെപ്പാട്ടിയുമുണ്ടായിരുന്നു എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഭൗതികവാദത്തിന്റെ എക്കാലത്തെയും വലിയ ധിഷണാശാലിയായി അറിയപ്പെടുന്ന റസ്സലിന് നാലു ഭാര്യമാരുണ്ടായിരുന്നു. ഇവര്‍ക്ക് പുറമെ മറ്റു പല സ്ത്രീകളുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു; പുത്രന്റെ ഭാര്യയടക്കമുള്ളവരുമായിപ്പോലും അവിഹിതബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. എന്ത് കൊണ്ടായിരുന്നു ഇതെന്ന് പഠിക്കുവാന്‍ റസ്സലിന്റെ അനുയായികളെന്ന് അഭിമാനിക്കുന്ന യുക്തിവാദികളെങ്കിലും സന്നദ്ധമാകണം.

പുരുഷലൈംഗികതയുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ ബഹുഭാര്യത്വമെന്നത് പ്രകൃതിപരമാണ്; ചില പുരുഷന്മാര്‍ക്കെങ്കിലും അത് അനിവാര്യമാണ്; അതല്ലെങ്കില്‍ അധാര്‍മികതിയിലേക്ക് അവര്‍ പോകേണ്ടിവരും; വിവാഹേതരബന്ധങ്ങളില്‍ അവര്‍ അഭയം കണ്ടെത്തേണ്ടി വരുമെന്ന് ഈ വിഷയത്തെ ശാസ്ത്രീയമായി പഠിച്ചവരെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതില്‍ ഇനിയും സംശയമുള്ളവര്‍ മരീലാന്റിലെ കിന്‍സെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങളെടുത്ത് പരിശോധിച്ചാല്‍ മതിയാകും (www.kinseyinstitute.com)എന്ന വെബ് അഡ്രസില്‍ ഈ പഠനങ്ങള്‍ കാണാം) പ്രകൃതിപരമായ മനുഷ്യന്റെ ഈയൊരവസ്ഥയെ സൃഷ്ടിപരമായി നോക്കിക്കാണുകയും  കൃത്യമായ നിയമങ്ങളുടെ വെളിച്ചത്തില്‍ അതിനെ നിയന്ത്രിക്കുകയുമാണ്  ഇസ്‌ലാം ചെയ്യുന്നത്. മുഹമ്മദ് നബി(സ)കടന്നുവന്ന സമയത്ത് മക്കയില്‍ ഭാര്യമാരുടെ എണ്ണത്തിന് ഒരു പരിധിയുണ്ടായിരുന്നില്ല. അവരുടെ ലൈംഗികജീവിതം വളരെ കുത്തഴിഞ്ഞതായിരുന്നു. ഭാര്യമാര്‍ അവരുടെ ആഭിജാത്യത്തിന്റെ അടയാളമായിരുന്നു. ലൈംഗികത എന്നത് അവര്‍ക്ക് എപ്പോഴുമുള്ള ഒരേര്‍പ്പാടായിരുന്നു.  ഭാര്യമാരുടെ എണ്ണത്തിന് പരിധിയുണ്ടായിരുന്നില്ല. ഇസ്‌ലാം ഇതിന് നിയന്ത്രണമേര്‍പ്പെടുത്തി. നാലു വരെയേ ഭാര്യമാരാകാവൂ എന്ന് പഠിപ്പിച്ചു. ലൈംഗികസംപൂര്‍ത്തീകരണത്തിനും സംതൃപ്തിക്കും ഇസ്‌ലാം അനുവദിച്ചു. ഒപ്പം തന്നെ കൃത്യമായ കല്‍പന പുറപ്പെടുവിച്ചു; നിയമപരമായി ഇണകളായിത്തീര്‍ന്നവരുമായിട്ടല്ലാതെ ലൈംഗികബന്ധം പാടില്ല. അതോടൊപ്പം തന്നെ ഭാര്യമാര്‍ തമ്മില്‍ നീതിയോടു കൂടി പെരുമാറണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു. അവരോട് അനീതി കാണിക്കാതിരിക്കുക. ഇസ്‌ലാം ബഹുഭാര്യത്വത്തെ നിയമമാക്കുന്നതിങ്ങനെയാണ്. ആ നിയമമാകട്ടെ, തികച്ചും പ്രകൃതിപരമാണ്; മാനവികമാണ്; സ്ത്രീ വിരുദ്ധമല്ല. അത് യഥാര്‍ഥത്തില്‍ എല്ലാ സമൂഹങ്ങളിലും നില നിന്നുപോന്നതാണ്. പഠനങ്ങള്‍ അത് പ്രകൃതിപരമാണെന്ന വസ്തുത വ്യക്തമാക്കുന്നുമുണ്ട്.

പുരുഷലൈംഗികതയുടെ സംപൂര്‍ത്തീകരണം ലക്ഷ്യമാക്കിക്കൊണ്ടാണ് ആധുനികസാമൂഹിക വ്യവസ്ഥതന്നെ ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നത്. പരസ്യങ്ങള്‍ മുതല്‍ ഓഫീസ് ജീവനക്കാരികളുടെ വസ്ത്രങ്ങള്‍ വരെ ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടു തന്നെയാണ് തയ്യാറാക്കപ്പെടുന്നത്. ”ഇഷ്ടമുള്ള ജോലി നേടാനും ഇഷ്ടമില്ലാത്ത ജോലി മാറാനു”മുള്ള മാതൃഭൂമി തൊഴില്‍ വാര്‍ത്താ പരസ്യം മാത്രം മതി ഇതിന്റെ ഉദാഹരണമായി. വിവാഹേതരലൈംഗികതയെ പാപമായി കാണാതിരിക്കുന്ന തലത്തിലേക്ക് മലയാളിമനസ്സിനെ നയിച്ചുകൊണ്ടുപോകുകയെന്ന ദൗത്യമേറ്റെടുത്തിരിക്കുന്നതും ഇസ്‌ലാമികനിയമങ്ങളെ വികൃതവല്‍ക്കരിച്ച് അവതരിപ്പിക്കുവാനായി കിട്ടാവുന്ന സകലരെയും ഉപയോഗപ്പെടുത്തി പരമാവധി പരിശ്രമിച്ചുകൊണ്ടിരിക്കുന്നതും മാതൃഭൂമി ആഴ്ചപ്പതിപ്പാണെന്നത് യാദൃച്ഛികതയൊന്നുമല്ല. ഇതു മൂന്നും യോജിക്കുന്നത് ഒരേയൊരു ബിന്ദുവിലാണ്. പുരുഷന്റെ അതിരില്ലാത്ത ലൈംഗികസുഖത്തിന് പറ്റിയ രൂപത്തിലുള്ള സാമൂഹികക്രമത്തിന്റെ സൃഷ്ടിയെന്ന ബിന്ദുവില്‍. പുരുഷന് എപ്പോഴും ഏത് സമയത്തും എങ്ങനെയും ലൈംഗികത ആസ്വദിക്കാവുന്ന പരുവത്തിലുള്ള സാമൂഹ്യസൃഷ്ടി. അവിടെ വിവാഹേതരബന്ധങ്ങള്‍ വിലക്കപ്പെടേണ്ട തെറ്റൊന്നുമല്ല; അത് വ്യത്യസ്തമായ പേരുകളില്‍ ന്യായീകരിക്കപ്പെടുകയാണ് ചെയ്യുന്നത്.

നിയമവിരുദ്ധമായ ലൈംഗികബന്ധങ്ങള്‍, അതിന് ഏത് പേരിട്ട് വിളിച്ചാലും ഇസ്‌ലാം അംഗീകരിക്കുന്നില്ല- വെറുക്കുന്നു. ഇസ്‌ലാമികമായ ഭരണക്രമം നിലനില്‍ക്കുന്ന രാഷ്ട്രത്തിലാണെങ്കില്‍ വ്യഭിചരിച്ചവര്‍ക്ക്-നാല് ദൃക്‌സാക്ഷികളുടെ സമ്മതം കൊണ്ട് കുറ്റം തെളിഞ്ഞാല്‍-വിവാഹിതരല്ലെങ്കില്‍ നൂറ് അടിയും വിവാഹിതരെങ്കില്‍ മരണം വരെ കല്ലേറും ലഭിക്കും. വ്യഭിചാരത്തെ ഇസ്‌ലാം എത്രമാത്രം വെറുക്കുന്നുവെന്ന് ഈ ശിക്ഷകള്‍ വ്യക്തമാക്കുന്നു. സമൂഹത്തിന്റെ അടിസ്ഥാനസ്ഥാപനമായ കുടുംബത്തിന്റെ തകര്‍ച്ചക്കും അതുവഴി ധാര്‍മികത്തകര്‍ച്ചക്കും വ്യഭിചാരം നിമിത്തമാവുമെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. അതുകൊണ്ട് തന്നെ സദാചാരനിഷ്ഠമായ ഒരു സാമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടി ശ്രമിക്കുന്ന ഒരു ദര്‍ശനത്തിന് അത് പൂര്‍ണമായി ഇല്ലാതാക്കാനാവശ്യമായ നിയമങ്ങള്‍ ആവിഷ്‌കരിക്കേണ്ടി വരുന്നത് സാഭാവികമാണ്. അതോടൊപ്പം മനുഷ്യപ്രകൃതിക്ക് ഇണങ്ങുന്ന നിയമങ്ങളില്‍ വികാരപൂര്‍ത്തീകരണമെന്ന ജൈവികാവശ്യം നിര്‍വഹിക്കുവാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടാകുകയും വേണം. ഇവിടെയാണ് ഇസ്‌ലാം ബഹുഭാര്യത്വം അനുവദിച്ചതിലെ യുക്തി മനസ്സിലാക്കാനാവുന്നത്.

ഇസ്‌ലാം ബഹുഭാര്യത്വം അനുവദിച്ചുവെന്ന് പറയുന്നതിനേക്കാള്‍ ശരിയാവുക, നിയമപരമായി ഇണകളായിത്തീന്നവര്‍ തമ്മിലുള്ളതല്ലാതെയുള്ള ലൈംഗികതയെ നിരോധിക്കുകയും പെണ്ണിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം ഏറ്റെടുക്കുവാന്‍ സന്നദ്ധതയുള്ളവരെന്ന് സ്വയം പ്രഖ്യാപിച്ച് അവളെ പരസ്യമായി സ്വീകരിക്കുന്നവരുമായി മാത്രം ബന്ധപ്പെടണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു എന്ന് പറയുന്നതാവും. ഇക്കാര്യത്തില്‍ ഇസ്‌ലാമിനെ കുറ്റപ്പെടുത്തുന്നവര്‍ ഒന്നിലധികം പേരുമായി ബന്ധപ്പെടാനുള്ള വ്യക്തിയുടെ അവകാശം അംഗീകരിച്ചുകൊടുക്കണമെന്നും എന്നാല്‍ ഒന്നിലധികം വിവാഹം പാടില്ലെന്നു പറയുന്നവരുമാണ്. രണ്ടുപേര്‍ക്കും സമ്മതമാണങ്കില്‍ വിവാഹതരുമായോ അല്ലാത്തവരുമായോ ബന്ധപ്പെടുവാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ടെന്നും പ്രലോഭനമോ പീഡനമോ കൂടാതെയാണ് പ്രസ്തുത ബന്ധം നടക്കുന്നതെങ്കില്‍ അതിലിടപെടുവാന്‍ നിയമത്തിന് കഴിയില്ലെന്നുമാണ് ആധുനിക ജനതാധിപത്യ രാഷ്ട്രങ്ങളുടെ ഭരണഘടനകളുടെയെല്ലാം നിലപാട്. ഇന്ത്യന്‍ ഭരണഘടനയും ഇതിന്നപപാദമല്ല. എത്രപേരുമായും ശാരീരികമായി ബന്ധപ്പെടാം, എന്നാല്‍ അവരെ നിയമാനുസൃതമായ ഇണയാക്കി തീര്‍ക്കുവാന്‍ പാടില്ലെന്ന നിലപാട് മാനവികവും ജനാധിപത്യവുപരവുമാണെന്ന് കൊട്ടിഘോഷിക്കുന്നവരാണ് ഒന്നിലധികം സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടേണ്ട അനിവാര്യമായ സാഹചര്യങ്ങളുണ്ടെങ്കില്‍ അത് വിവാഹിത്തിലൂടെ മാത്രമെ പാടുള്ളുവെന്നും നാലിലധികം പേരെ വിവാഹം ചെയ്യാന്‍ പാടില്ലെന്നും നിഷ്‌കര്‍ഷിക്കുന്ന ഇസ്‌ലാമിനു നേരെ വാളോങ്ങുന്നതെന്ന വസ്തുത എത്രമാത്രം വലിയ വലിയ വിരോധാഭാസമല്ല! ഒന്നിലധികം സ്ത്രീകളെ ഇണകളാക്കേണ്ടിവരുന്നത് ചില പുരുഷന്‍മാര്‍ക്കെങ്കിലും പ്രകൃതിപരമാണെന്ന് വസ്തുതയുടെ വെളിച്ചത്തില്‍ അത് അനുവദിക്കുകുയം ഇണകളോട് നീതിപൂര്‍വ്വം പെരുമാറണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്ത ഇസ്‌ലാമിന്റെ നിലാപടുതന്നെയാണ് ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട ഏറ്റവും മാനവികമായ നിലപാടെന്ന വസ്തുത സത്യസന്ധമായി വിഷയത്തെ അപഗ്രഥിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും.

print