ഇസ്നാദ് പരിശോധന ശാസ്ത്രീയമാണോ?

/ഇസ്നാദ് പരിശോധന ശാസ്ത്രീയമാണോ?
/ഇസ്നാദ് പരിശോധന ശാസ്ത്രീയമാണോ?

ഇസ്നാദ് പരിശോധന ശാസ്ത്രീയമാണോ?

യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അപഗ്രഥനം മാത്രമെ ശാസ്ത്രീയമാവൂയെന്ന യൂറോ കേന്ദ്രീകൃത ലോകവീക്ഷണത്തിന്റെ (eurocentrism)വക്താക്കള്‍ക്ക് ഹദീഥ് നിദാനശാസ്ത്രത്തിന്റെ രീതി ഉള്‍ക്കൊള്ളാന്‍ കഴിയുക പ്രയാസകരമാണ്. ബുദ്ധി മുഴുവന്‍ യൂറോപ്പിന്റേതാണെന്ന വെളുത്ത അഹങ്കാരത്തിന്റെ കണ്ണിലൂടെ നോക്കുന്നവര്‍ക്ക് ഹദീഥ് നിദാനശാസ്ത്രം മൊത്തത്തില്‍ തന്നെ അസംബന്ധമായിത്തോന്നാനും സാധ്യതയുണ്ട്. ഭൂതകാല രചനകളിലെ നെല്ലും പതിരും വേര്‍തിരിക്കുവാന്‍ യൂറോപ്പ് ആവിഷ്‌കരിച്ച ചരിത്രാഖ്യാനശാസ്ത്രം(historiography), ചരിത്ര വിമര്‍ശനരീതി(histori-cal critical method) അഥവാ ഉന്നത വിമര്‍ശനം(higher criticism) എന്നിവയെക്കാള്‍ എന്തുകൊണ്ടും ഉത്തമമാണ് ഉസ്വൂലുല്‍ ഹദീഥ് അഥവാ ഹദീഥ് നിദാനശാസ്ത്രം എന്നതാണ് വസ്തുത. യൂറോപ്യന്‍ അഹങ്കാരം മസ്തിഷ്‌കത്തെ കീഴ്‌പ്പെടുത്തിയിട്ടില്ലാത്ത ചില ഓറിയന്റലിസ്റ്റുകളെങ്കിലും ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇസ്‌ലാമിക പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഓക്‌സ്‌ഫോര്‍ഡ് എന്‍സൈക്ലോപീഡിയ ഓഫ് ഇസ്‌ലാമിക് ലോയുടെ മുഖ്യപത്രാധിപരുമായ ഡോ: ജോനാഥന്‍ എ.സി. ബ്രൗണ്‍ ഒരു പ്രഭാഷണത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ”ചരിത്രത്തിലുള്ള മറ്റാരുടെയും ജീവിതം, മുസ്‌ലിം ഹദീഥ് പണ്ഡിതന്‍മാരുടെ ജീവിതത്തോളം എന്റെ മനസ്സിനെ സ്വാധീനിച്ചിട്ടില്ല. ഹദീഥുകളെക്കുറിച്ച് പഠിക്കാനാരംഭിച്ചപ്പോള്‍ അവയെല്ലാം വെറുതെ എഴുതിയുണ്ടാക്കിയ ചവറുകളാണെന്നും കൃത്രിമമാണെന്നുമായിരുന്നു എന്റെ വിചാരം. എന്നാല്‍ കൂടുതലായി പഠിക്കാന്‍ ശ്രമിക്കുന്തോറും അവരുടെ ബുദ്ധിസാമര്‍ഥ്യത്തെ ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി. ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കുവാനും ആവശ്യമുള്ളപ്പോള്‍ അവ ഓര്‍മയില്‍നിന്ന് ചികഞ്ഞെടുക്കുവാനും വിഷയാധിഷ്ഠിതമായി അവ ക്രമീകരിച്ചശേഷം അവയുടെ സ്വീകാര്യത പരിശോധിക്കുവാനും അവയുടെ അടിസ്ഥാനത്തില്‍ വിധികള്‍ നിര്‍ണയിക്കുവാനും അവര്‍ക്ക് സാധിച്ചുവെന്നതാണ് ഞാന്‍ അര്‍ഥമാക്കുന്നത്. ഇലക്‌ട്രോണിക് പദസഞ്ചയവും കംപ്യൂട്ടറുകളുമെല്ലാം ഉപലബ്ധമായ ഇന്ന് ഹദീഥുകളെക്കുറിച്ച് അവര്‍ നിര്‍വഹിച്ച ദൗത്യം പരതിയെടുക്കുവാന്‍ തന്നെ ഞാന്‍ പ്രയാസപ്പെടുകയാണ്. ഇത്  അവിശ്വസീയം തന്നെയാണ്; ഇത് അവിശ്വസനീയം തന്നെയാണ്; അവര്‍ എഴുതിവെച്ച ഗ്രന്ഥങ്ങള്‍ നമ്മുടെ മുന്നിലില്ലായിരുന്നുവെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അവര്‍ക്കിതിന് സാധിച്ചുവെന്ന് വിശ്വസിക്കുകയില്ലാരുന്നു.”(1)

ചരിത്രാഖ്യാന ശാസ്ത്രത്തിന്റെയും ചരിത്രവിമര്‍ശന രീതിയുടെയും മാനദണ്ഡങ്ങള്‍ ഹദീഥ് നിദാന ശാസ്ത്രത്തെ പരിശോധിക്കുവാന്‍ തീരെ അപര്യാപ്തമാണ്. രണ്ടും തികച്ചും വിരുദ്ധമായ രണ്ട് രീതി ശാസ്ത്രങ്ങളിലുള്ള അപഗ്രഥനരീതികളാണ് എന്നതുകൊണ്ടാണത്. നിലവിലുള്ള ഒരു ചരിത്രസ്രോതസ്സിനെ സംശയിച്ചുകൊണ്ടാണ് ചരിത്രവിമര്‍ശന രീതിയുടെ തുടക്കം. പ്രസ്തുത സ്രോതസ്സ് യഥാര്‍ഥത്തില്‍ അത് എഴുതിയതെന്ന് വിശ്വസിക്കപ്പെടുന്നയാളുടെ രചനതന്നെയാണോയെന്നാണ് അത് അന്വേഷിക്കുന്നത്. അല്ലയെന്ന് സ്ഥാപിക്കുന്നതില്‍ മാത്രമെ ചരിത്ര വിമര്‍ശകര്‍ക്ക് താല്‍പര്യമുള്ളൂ. അയാളുടേതല്ലെങ്കില്‍ പിന്നെയാരുടേത് എന്ന ചോദ്യത്തിന് അവരുടെ പക്കല്‍ ഉത്തരമില്ല. പരമ്പരാഗത ധാരണകളെ തകര്‍ക്കുന്നതില്‍ മാത്രമാണവരുടെ താല്‍പര്യം. ഉസ്വൂലുല്‍ഹദീഥിന്റെ പണ്ഡിതന്‍മാര്‍ പരമ്പരാഗത ധാരണകളെ തകര്‍ക്കുകയല്ല, പ്രത്യുത പരിശോധിച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. മുഹമ്മദ് നബിﷺയില്‍ നിന്നുള്ളതാണ് എന്ന രൂപത്തില്‍ സമൂഹത്തില്‍ പ്രചാരത്തിലുള്ള ഹദീഥുകള്‍ അദ്ദേഹത്തില്‍ നിന്നുള്ളവ തന്നെയാണോയെന്ന് പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുകയാണ് അവരുടെ ദൗത്യം. ഈ പരിശോധനയില്‍ നബിﷺയില്‍ നിന്നുള്ളതല്ലെന്ന് ഉറപ്പുള്ളവ വേര്‍തിരിക്കപ്പെടുകയും മാറ്റി നിര്‍ത്തപ്പെടുകയും ചെയ്യുമെന്നത് ശരിയാണ്. പക്ഷേ, അങ്ങനെ മാറ്റി നിര്‍ത്തുകയല്ല അവരുടെ ലക്ഷ്യം. പ്രത്യുത നബി(സ)യില്‍ നിന്നുതന്നെയാണെന്ന് ഉറപ്പുവരുത്തി സ്വീകരിക്കുവാന്‍ കഴിയുന്നവയെല്ലാം സ്വീകരിക്കുകയാണ്. ചരിത്രവിമര്‍ശനരീതി നിഷേധത്തില്‍നിന്നു തുടങ്ങുമ്പോള്‍ ഉസ്വൂലുല്‍ ഹദീഥ് അംഗീകാരത്തില്‍ നിന്നാണ് ആരംഭിക്കുന്നത്.

മോശെയുടേതാണെന്ന് വിശ്വസിക്കപ്പെടുന്ന ബൈബിളിലെ പഞ്ചപുസ്തകങ്ങള്‍ ചരിത്രവിമര്‍ശകന്മാരുടെ അപഗ്രഥനത്തിന് വിധേയമായപ്പോള്‍ അവയില്‍  മോശെയ്ക്ക് നൂറ്റാണ്ടുകള്‍ കഴിഞ്ഞ് എഴുതിയതാണെന്ന് ഉറപ്പുള്ള പല പരാമര്‍ശങ്ങളുമുണ്ടെന്ന് മനസ്സിലാക്കുകയും അവ മോശെ എഴുതിയതല്ലെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഈ ബോധ്യപ്പെടുത്തലോടെ ചരിത്ര വിമര്‍ശകരുടെ ജോലി അവസാനിച്ചു. മോശെയല്ലങ്കില്‍ പിന്നെയാരാണ് അത് എഴുതിയതെന്നോ അതിലെ പരമര്‍ശങ്ങള്‍ മോശെയുടെ യഥാര്‍ഥ ജീവിതവുമായി എത്രമാത്രം പൊരുത്തപ്പെടുന്നുവെന്നോ ഉള്ള പരിശോധനകള്‍ അവരുടെ പണിയല്ല. ഇതില്‍നിന്ന് വ്യത്യസ്തമായി, മുഹമ്മദ് നബിﷺയുടേത് എന്ന രൂപത്തില്‍ പ്രചാരത്തിലിരിക്കുന്ന വൃത്താന്തങ്ങളെ പരിശോധിച്ച് അത് അദ്ദേഹത്തില്‍ നിന്നുള്ളത് തന്നെയാണോയെന്ന് ഉറപ്പുവരുത്തുകയാണ് ഉസ്വൂലുല്‍ ഹദീഥിന്റെ പണ്ഡിതന്‍മാര്‍ ചെയ്യുന്നത്. നബിﷺയില്‍ നിന്നുള്ളതാണെന്ന് ഉറപ്പുള്ള നിവേദനങ്ങളേതൊക്കെയാണെന്ന് മനസ്സിലാക്കി നബിജീവിതത്തെ അനുധാവനം ചെയ്യാന്‍ സമൂഹത്തെ സഹായിക്കുകയാണ് അവരുടെ ദൗത്യം.

ചരിത്രസ്രോതസ്സിനെ ആന്തരികാപഗ്രഥനത്തിന് വിധേയമാക്കുകയും അത് എഴുതപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന കാലത്തിനു ശേഷം പ്രചാരത്തിലിരുന്ന പദങ്ങളോ പ്രയോഗങ്ങളോ അതിലുണ്ടോയെന്ന് പരിശോധിച്ച് അതിലുള്ള ‘കാലാനുക്രമ പ്രമാദം’ (anar-chonism) പുറത്തു കൊണ്ടുവന്ന്, വിശ്വസിക്കപ്പെടുന്ന കാലത്തല്ല അത് രചിക്കപ്പെട്ടതെന്ന് സ്ഥാപിക്കുകയുമാണ് ‘ചരിത്രവിമര്‍ശകര്‍’ ചെയ്യാറുള്ളത് കാലാനുക്രമ പ്രമാദങ്ങളെ കണ്ടെത്തുന്നതിനുവേണ്ടിയുള്ളതാണ് അവരുടെ പരിശ്രമങ്ങളധികവും. പുതിയ രാജത്വ(new kingdom)കാലത്ത് പതിനെട്ടാം രാജവംശത്തിന്റെ ഭരണകാലത്താണ് ഈജിപ്തിലെ രാജാക്കന്മാരെ ‘ഫറോവ’യെന്ന് വിളിക്കാനാരംഭിച്ചതെന്ന് ഈജിപ്ഷ്യന്‍ ഹൈരോഗ്ലിഫുകളുടെ വായനയില്‍ നിന്ന് മനസ്സിലാക്കിക്കഴിയുമ്പോള്‍(2) അബ്രഹാമിന്റെ കാലത്തെയും(3) യോസഫിന്റെ കാലത്തെയും(4) ഈജിപ്തിലെ രാജാവിനെ ഫറോവയെന്ന് അഭിസംബോധന ചെയ്യുന്ന ബൈബിള്‍ പരാമര്‍ശങ്ങള്‍ കാലാനുക്രമ പ്രമാദങ്ങളാണെന്ന് മനസ്സിലാവുകയും മോശെയുടെ തൊട്ട്മുന്‍പ് മാത്രം പ്രചാരത്തില്‍ വന്ന ‘ഫറോവ'(5)യെന്ന പദമാണ് എക്കാലത്തെയും ഈജിപ്തുകാര്‍ രാജാവിനെ അഭിസംബോധന ചെയ്യാനുപയോഗിച്ചിരുന്നതെന്ന് തെറ്റുധരിച്ച പില്‍ക്കാലക്കാരാണ് ഈ പുസ്തകങ്ങളെഴുതിയതെന്നും വ്യക്തമാവുന്നു. ഉസ്വൂലുല്‍ ഹദീഥിലാകട്ടെ ആന്തരികാപഗ്രഥനത്തെക്കാള്‍ ബാഹ്യമായ അപഗ്രഥനത്തിനാണ് പ്രാധാന്യം നല്‍കപ്പെട്ടിരിക്കുന്നത്. സ്രോതസ്സിന്റെ വിശ്വാസ്യതയെ സ്ഥിരീകരിക്കുന്ന ബാഹ്യമായ തെളിവുകളെ നിഷ്‌കൃഷ്ടമായി അപഗ്രഥിച്ച് അത് നബിﷺയില്‍ നിന്നുള്ളതു തന്നെയാണോയെന്ന് പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഹദീഥുകളുടെ വിശ്വാസ്യത പരിശോധിക്കുവാന്‍ പറ്റിയ അന്യൂനമായ രീതിയാണ് ഇസ്‌നാദ് പരിശോധന. അതുപയോഗിച്ച് ലഭ്യമായ ഹദീഥുകള്‍ നബിﷺയില്‍ നിന്നുള്ളതുതന്നെയാണെന്ന് ഉറപ്പുവരുത്തുകയാണ് ഉസ്വൂലുല്‍ ഹദീഥിന്റെ പണ്ഡിതന്‍മാര്‍ ചെയ്തിട്ടുള്ളത്. അവരുടെ നിഷ്‌കൃഷ്ടമായ അപഗ്രഥത്തിന്റെ അരിപ്പയിലൂടെ നബിﷺയില്‍നിന്നുള്ളതാണെന്ന് ഉറപ്പുള്ള ഹദീഥുകള്‍ മാത്രമാണ് പുറത്തു വന്നിട്ടുള്ളതെന്ന് ഇവ്വിഷയകമായ പഠനങ്ങള്‍ (6) സുതരാം വ്യക്തമാക്കുന്നുണ്ട്.

ഉസ്വൂലുല്‍ ഹദീഥിനെ യഥാര്‍ഥത്തില്‍ താരതമ്യം ചെയ്യേണ്ടത് ചരിത്ര വിമര്‍ശന രീതിയോടോ ചരിത്രാഖ്യാന ശാസ്ത്രത്തോടോ അല്ല; പ്രത്യുത, അന്വേഷണാത്മക പത്ര പ്രവര്‍ത്തനത്തോടോ (inve-stigative journalism) കുറ്റാന്വേഷണ രീതിയോടോ(criminal investigation) ആണ്. നടന്ന സംഭവത്തിന്റെ വെളിച്ചത്തില്‍ അതിന്റെ യാഥാര്‍ഥ്യമറിയിന്നതിനുവേണ്ടിയുള്ള പരിശ്രമമാണല്ലോ ഇവ രണ്ടും നടത്തുന്നത്. ഒരു ലക്ഷത്തിലധികം സ്വഹാബിമാരുടെ സാക്ഷ്യത്തോടെ ജീവിച്ചു മരിച്ചുപോയ നബിﷺയുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചുവെന്ന് അന്വേഷിക്കുകയാണ് ഉസ്വൂലുല്‍ ഹദീഥ് ചെയ്യുന്നത്. സംഭവിച്ചുവെന്ന് ഉറപ്പുള്ളതല്ലാത്ത യാതൊന്നും ആ ജീവിതത്തില്‍ ആരോപിക്കപ്പെട്ടുകൂടെന്ന് ഹദീഥ് നിദാന ശാസ്ത്രജ്ഞന്‍മാര്‍ക്ക് നിര്‍ബന്ധമുണ്ട്. ഒരു കുറ്റാന്വേഷകന്റെ സൂക്ഷ്മതയോടെയാണ്, അതുകൊണ്ടുതന്നെ, അവര്‍ നബിവചനങ്ങളെ പരിശോധനാ വിധേയമാക്കിയത്. പ്രചരിക്കപ്പെട്ട ഹദീഥുകളില്‍ എത്രത്തോളം നെല്ലും പതിരുമുണ്ടെന്ന് പരിശോധിച്ചത് ഒരു വാര്‍ത്തയുടെ യാഥാര്‍ഥ്യമറിയുന്നതിന് അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ സ്വീകരിക്കുന്നതിന് ഏകദേശം തുല്യമായ മാനദണ്ഡങ്ങളുപയോഗിച്ചാണ്. ‘വൃത്താന്ത’മെന്നാണല്ലോ ഹദീഥ് എന്ന പദത്തിന്റെ അര്‍ഥം. വര്‍ത്തമാനകാലത്തെക്കുറിച്ച ഒരു വൃത്താന്തം ശരിയോ തെറ്റോയെന്ന് മനസ്സിലാക്കാനായി ആധുനിക പത്ര പ്രവര്‍ത്തകന്‍ സ്വീകരിക്കുന്നതിനെക്കാള്‍ കുറ്റമറ്റ രീതിയിലാണ് ഭൂതകാലത്തെക്കുറിച്ച ഒരു വൃത്താന്തം ശരിയോ തെറ്റോയെന്ന് ഹദീഥ്‌നിദാന ശാസ്ത്രജ്ഞന്‍മാര്‍ പരിശോധിച്ചത്. പ്രസ്തുത പരിശോധനയിലെ സൂക്ഷ്മതയെ അറിയാന്‍ കഴിഞ്ഞ ഒരു ആധുനിക പാശ്ചാത്യന്‍ ബുദ്ധിജീവിയുടെ പക്ഷപാതിത്വങ്ങളില്ലാത്ത വിലയിരുത്തലാണ് ജോനാഥന്‍ എ.സി. ബ്രൗണിന്റെ വാക്കുകളില്‍ നാം കണ്ടത്.

തനിക്ക് ലഭിച്ച ഒരു വാര്‍ത്തയുടെ നിജസ്ഥിതിയറിയാന്‍ അന്വേഷണാത്മക പത്ര പ്രവര്‍ത്തകര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെന്താണെന്ന് ഹ്യൂഗോ ഡി ബര്‍ഗ് തന്റെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം സന്ദര്‍ഭവും പ്രയോഗവും(7) എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. വാര്‍ത്ത തന്നിലെത്തിയതെങ്ങനെയെന്ന് അപഗ്രഥിക്കുക, എത്തിയതിന്റെ ഓരോപടിയിലുമുള്ള സംപ്രേഷകരെ വിലയിരുത്തുകയും അവരെല്ലാം സത്യസന്ധരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക, വ്യത്യസ്ത സ്രോതസ്സുകളില്‍നിന്ന് ലഭിച്ച ഒരേ വാര്‍ത്തയുടെ വ്യത്യസ്തങ്ങളായ പതിപ്പുകളെ താരതമ്യം ചെയ്യുകയും ശരിയെന്താണെന്ന് അപഗ്രഥിക്കുകയും ചെയ്യുക തുടങ്ങിയവയാണ് വാര്‍ത്ത സത്യമാണോയെന്നറിയാന്‍ പത്രപ്രവര്‍ത്തകന്‍ സ്വീകരിക്കുന്ന രീതിക്രമം. നമ്മളെല്ലാം സ്വന്തം ജീവിതത്തില്‍ സ്വീകരിക്കുന്ന സരളമായ അപഗ്രഥനക്രമത്തിന്റെ അല്‍പം വിശാലവും സങ്കീര്‍ണവുമായ രൂപം മാത്രമാണിത്. ഒരു പ്രത്യേക ദിവസം കലാലയത്തില്‍ പോയിട്ടില്ലാത്ത ഒരു വിദ്യാര്‍ഥിയോട് ആ ദിവസം ഹാജറുണ്ടായിരുന്ന ഒരാള്‍ പരീക്ഷാ തീയതി മാറ്റിവെച്ചതായി പ്രൊഫസര്‍ പ്രഖ്യാപിച്ചുവെന്ന് പറഞ്ഞാല്‍ ആ ഒരാളുടെ വാക്കു മാത്രം വിശ്വസിച്ച് പരീക്ഷാ തീയതി മാറ്റിയതുമായി ബന്ധപ്പെട്ട വിവരം കണ്ണടച്ച് സ്വീകരിക്കുകയല്ല സാധാരണയായി ആരും ചെയ്യാറുള്ളത്. തനിക്ക് വിവരം തന്ന കുട്ടി സത്യസന്ധനാണോയെന്നും പ്രസ്തുത വിവരം അതേ ദിവസം ക്ലാസിലുണ്ടായിരുന്ന മറ്റു കുട്ടികള്‍ അറിഞ്ഞിട്ടുണ്ടോയെന്നും പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിലുള്ള നടപടി തീരുമാനിക്കുക. അല്‍പം സങ്കീര്‍ണവും വിശാലവുമായ രീതിയില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകനും പിന്‍തുടരുന്നത് ഇതേ രീതി തന്നെയാണ്. പത്രപ്രവര്‍ത്തകന്‍ വര്‍ത്തമാനകാലത്തെക്കുറിച്ച് തനിക്ക് ലഭിച്ച വൃത്താന്തത്തിന്റെ സത്യത പരിശോധിക്കുവാനുപയോഗിക്കുന്നതിന് സമാനമായ രീതിശാസ്ത്രം തന്നെയാണ് ഭൂതകാലത്തെക്കുറിച്ച് ലഭ്യമായ നബിവൃത്താന്തങ്ങളുടെ സത്യത പരിശോധിക്കാന്‍ ഹദീഥ് നിദാനശാസ്ത്രജ്ഞരും ഉപയോഗിച്ചിട്ടുള്ളത്. ആധുനിക പാശ്ചാത്യപത്രപ്രവര്‍ത്തകര്‍ വര്‍ത്തമാനകാല കാര്യത്തെക്കുറിച്ച വിവരണങ്ങളുടെ സത്യത പരിശോധിക്കുവാനുപയോഗിക്കുന്നതിന് സമാനമായ മാനദണ്ഡങ്ങളുപയോഗിച്ച് ഭൂതകാല വൃത്താന്തങ്ങളുടെ സത്യത പരിശോധിക്കപ്പെടുമ്പോള്‍ ഒന്നാമത്തേത് ശാസ്ത്രീയവും രണ്ടാമത്തേത് അശാസ്ത്രീയവുമായിത്തീരുന്നതെങ്ങനെയാണ്?

മറ്റേതൊരു മാനവിക ശാസ്ത്രശാഖകളുടേതുമെന്നതുപോലെ(humanities) ഹദീഥ് നിദാനശാത്രവും വളര്‍ന്നു വന്നത് വര്‍ഷങ്ങളെടുത്താണ്. മുഹമ്മദ് നബിﷺയില്‍ നിന്ന് ആ ജീവിതത്തെക്കുറിച്ച് നേരില്‍ മനസ്സിലാക്കിയ സ്വഹാബിമാരുടെ കാലത്ത് ഇത്തരമൊരു അപഗ്രഥന സമ്പ്രദായം ആവശ്യമായിരുന്നില്ല. തങ്ങള്‍ പ്രവാചകനില്‍ നിന്ന് നേര്‍ക്കുനേരെ മനസ്സിലാക്കിയിട്ടില്ലാത്ത വല്ലതും ആരെങ്കിലും പറയുകയാണെങ്കില്‍ അത് സത്യസന്ധമാണോയെന്ന് അന്വേഷിച്ച് ഉറപ്പു വരുത്തുക അവരുടെ പതിവായിരുന്നു. അമ്മൂമ്മക്ക് പൗത്രസ്വത്തിലുള്ള അവകാശത്തെക്കുറിച്ച് പ്രവാചകനില്‍ നിന്ന് ഒന്നും കേട്ടിട്ടില്ലായിരുന്ന അബൂബക്ക◌ؓനാട് മുഗീറത്തുബ്‌നു ശുഅ്ബ അതേക്കുറിച്ച പ്രവാചകനിര്‍ദേശത്തെപ്പറ്റി അറിവു നല്‍കിയപ്പോള്‍ മറ്റാരെങ്കിലും അത് കേട്ടിട്ടുണ്ടോയെന്ന് അദ്ദേഹം ആരായുകയും മുഹമ്മദ്ബ്‌നു മസ്‌ലമ കൂടി അക്കാര്യത്തിന് സാക്ഷിയായി സംസാരിച്ചതോടെ അബൂബക്കര്‍(റ)പ്രസ്തുത നിയമം സ്വീകരിക്കുകയും ചെയ്തതായുള്ള നിവേദനത്തില്‍(8) നിന്ന് ഒന്നാം ഖലീഫ അബൂബക്കറിെേന്റ കാലം മുതല്‍ തന്നെ ഹദീഥ് സ്വീകരണത്തിന്റെ കാര്യത്തില്‍ അപഗ്രഥിച്ച് ഉറപ്പുവരുത്തുന്ന സമ്പ്രദായം നിലനിന്നിരുന്നുവെന്ന് മനസ്സിലാവുന്നുണ്ട്. ”നിങ്ങളിലൊരാള്‍ മൂന്നു തവണ സലാം ചൊല്ലിയിട്ടും അവന് മറുപടി ലഭിച്ചില്ലെങ്കില്‍ അവന്‍ മടങ്ങിക്കൊള്ളട്ടെ”യെന്ന പ്രവാചക വചനത്തെക്കുറിച്ച് അബൂമൂസല്‍ അശ്അരി േഉമറിേനോട് പറഞ്ഞപ്പോള്‍ ഇക്കാര്യത്തില്‍ മറ്റു സാക്ഷികളെ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും അങ്ങനെ ഹാജറാക്കിയപ്പോള്‍ അത് ഉമര്‍ േസ്വീകരിക്കുകയും ചെയ്തതായുമുള്ള സ്വഹീഹ് മുസ്‌ലിമിന്റെ(9) നിവേദനത്തില്‍നിന്ന് ഇക്കാര്യത്തില്‍ സ്വഹാബിമാര്‍ക്കുണ്ടായിരുന്ന കാര്‍ക്കശ്യത്തെക്കുറിച്ച് മനസ്സിലാവുന്നുണ്ട്. സാക്ഷികളുണ്ടെങ്കില്‍ മാത്രമെ സ്വഹാബിമാര്‍ പരസ്പരം ഹദീഥുകള്‍ സ്വീകരിച്ചിരുന്നുള്ളൂവെന്ന് അവയില്‍ നിന്ന് മനസ്സിലാക്കിക്കൂടാത്തതാണ്. പൊതുവില്‍ നബിൃയുടെതായി ഉദ്ധരിക്കുന്ന ഹദീഥുകള്‍ പരസ്പരം സ്വീകരിക്കുന്ന രീതിയാണ് സ്വഹാബികള്‍ക്കിടയിലുണ്ടായിരുന്നത്. എന്നാല്‍ പ്രവാചകവചനങ്ങളുടെ കാര്യത്തിലുള്ള ഗൗരവവും കണിശതയും ഉണര്‍ത്താന്‍ വേണ്ടിമാത്രമാണ് ഇത്തരം ചില രീതികള്‍ കൈകൊണ്ടത്. ഇബ്‌നുഹജറുല്‍ അസ്ഖലാനി ഫത്ഹുല്‍ബാരിയില്‍ ഇക്കാര്യം വ്യക്തമാക്കുന്ന ഉമറി(റ)ന്റ തന്നെ വാക്കുകള്‍ ഉദ്ധരിക്കുന്നുണ്ട്. പച്ചകുത്തലുമായി ബന്ധപ്പെട്ട് നബിﷺയുടെ വല്ല നിര്‍ദേശവുമുണ്ടോയെന്ന ഉമറിന്റെ(റ)ചോദ്യത്തിന് അബുഹുറയ്‌റ(റ)നല്‍കിയ മറുപടി മറ്റൊരാളുടെ സാക്ഷ്യത്തിന്റെ അകമ്പടിയില്ലാതെ ഉമര്‍(റ)സ്വീകരിച്ചതും(10) ഹസ്സാനുബ്‌നു ഥാബിത്തിന്റെ(റ) കവിതകളെ നബിﷺ പുകഴ്ത്തിയതായുള്ള അബൂഹുറയ്‌റയേുടെ സാക്ഷ്യത്തിന് മറ്റു പിന്‍ബലങ്ങളൊന്നുമില്ലാതെ ഉമര്‍(റ)അംഗീകാരം നല്‍കിയതും  പ്‌ളേഗ് ബാധിച്ച സ്ഥലത്തേക്ക് യാത്ര പോകരുതെന്ന ഹദീഥ് ഒരാള്‍ മാത്രമറിയിച്ചിട്ടും അതനുസരിച്ച് യാത്രയവസാനിപ്പിച്ചതുമായുള്ളതായ(11) സംഭവങ്ങള്‍ സാക്ഷികളൊന്നുമില്ലെങ്കിലും സ്വഹാബിമാര്‍ ഹദീഥുകള്‍ പരസ്പരം സ്വീകരിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. നബിൃയില്‍ നിന്നുള്ളതെന്ന പേരില്‍ ഉദ്ധരിക്കപ്പെടുന്ന കാര്യങ്ങള്‍ സത്യസന്ധമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ സ്വഹാബിമാര്‍ ശ്രദ്ധിച്ചിരുന്നുവെന്ന് മാത്രമെ നടേ പറഞ്ഞ സംഭവങ്ങള്‍ വ്യക്തമാക്കുന്നുള്ളൂ.

സ്വഹാബിമാരുടെ കാലത്ത്തന്നെ പ്രവാചകന്റെﷺ പേരിലുള്ള കള്ളവര്‍ത്തമാനങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും അവയ്‌ക്കെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുവാനും അവയുടെ തിന്‍മയില്‍നിന്ന് പില്‍ക്കാലക്കാരെ സംരക്ഷിച്ചു നിര്‍ത്തുവാനും സ്വഹാബിമാര്‍ക്ക് സാധിച്ചിരുന്നു. സ്വഹാബിമാരുടെ കാലം കഴിഞ്ഞപ്പോഴേക്ക് കള്ള ഹദീഥ് നിര്‍മാണം വ്യാപകമായിത്തീര്‍ന്നു. വ്യത്യസ്തമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി നബിﷺയുടെ പേരില്‍ കെട്ടിയുണ്ടാക്കപ്പെട്ട ഹദീഥുകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചപ്പോഴാണ് ഇസ്‌നാദുകള്‍ പരിശോധിച്ചുകൊണ്ട് ഹദീഥുകള്‍ സ്വീകരിക്കുന്ന സമ്പ്രദായമുണ്ടായത്. നബിﷺയില്‍നിന്ന് ഹദീഥ് ഉദ്ധരിക്കുന്ന വ്യക്തിവരെയെത്തുന്ന നിവേദകരുടെ ശൃംഖല കുറ്റമറ്റതാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം ഹദീഥുകള്‍ സ്വീകരിക്കുന്ന രീതിയാണിത്. സ്വഹാബിമാരില്‍നിന്ന് മതം മനസ്സിലാക്കിയ താബിഉകളുടെ കാലത്ത് നിവേദനം ചെയ്യപ്പെടുന്ന ഇസ്‌നാദിന് വലിപ്പം താരതമ്യേന കുറവായിരിക്കുമല്ലോ. ‘നബി സ്വഹാബി  താബിഅ്’ ആയിരിക്കും അന്ന് നിവേദനം ചെയ്യപ്പെട്ട ഹദീഥുകള്‍ മിക്കതിന്റെയും ഇസ്‌നാദ്. അതല്ലെങ്കില്‍ ‘നബി  സ്വഹാബി  സ്വഹാബി  താബിഅ്’ അതുമല്ലെങ്കില്‍ ‘നബി  സ്വഹാബി താബിഅ്  താബിഅ്’ ആയിരിക്കും അന്നത്തെ ഹദീഥുകളുടെ ഇസ്‌നാദ്. അതുകൊണ്ടുതന്നെ ഇസ്‌നാദ് പരിശോധന താരതമ്യേന എളുപ്പമായിരുന്നു. ഇസ്‌നാദിലുള്‍പ്പെട്ടവരെക്കുറിച്ച് കേവലമായ അറിവിന്റെ മാത്രം അടിസ്ഥാനത്തില്‍തന്നെ ഹദീഥുകള്‍ തള്ളുകയോ കൊള്ളുകയോ ചെയ്യാന്‍ ആദ്യകാല താബിഉകള്‍ക്ക് ഏറെ അധ്വാനിക്കേണ്ടി വന്നിരുന്നില്ലെന്ന് സാരം.

ഇസ്‌നാദുള്ള ഹദീഥുകള്‍ മാത്രമെ സ്വീകരിക്കപ്പെടൂ എന്ന അവസ്ഥ സംജാതമായപ്പോള്‍ വ്യാജ ഹദീഥുകള്‍ നിര്‍മിച്ചുകൊണ്ട് തങ്ങളുടെ ആശയങ്ങള്‍ക്ക് മുസ്‌ലിം സമൂഹത്തില്‍ വിലാസമുണ്ടാക്കുന്നതിനായി ശ്രമിച്ചവരുടെ ശ്രദ്ധ വ്യാജ ഇസ്‌നാദുകളുടെ നിര്‍മാണത്തിലായി. ദുര്‍ബലമായ സനദോടുകൂടി ഉദ്ധരിക്കപ്പെടുന്ന ഹദീഥുകളുടെ വക്താക്കള്‍ പ്രബലമെന്ന് സ്ഥിരീകരിക്കപ്പെട്ട ഹദീഥുകളുടെ സനദിനെ ദുര്‍ബലമായ ഹദീഥിനോടൊപ്പം കൂട്ടിക്കെട്ടി അവതരിപ്പിക്കുവാന്‍ തുടങ്ങി. ‘ഹദീഥ് കവര്‍ച്ച’ (സരിക്വത്തുല്‍ ഹദീഥ്), ‘ഇസ്‌നാദുകളുടെ ഉടുപ്പണിയിക്കല്‍’ (തര്‍ഖീബുല്‍ അസാനീദ്) എന്നിങ്ങനെ വിളിക്കപ്പെട്ട ഇസ്‌നാദുകളുടെ വ്യാജനിര്‍മാണം വ്യാപകമാക്കിയത് മുഅ്തസിലികളായിരുന്നുവെന്ന് ഇമാം മുസ്‌ലിമുബ്‌നുല്‍ ഹജ്ജാജ് തന്റെ സ്വഹീഹു മുസ്‌ലിമിന്റെ മുഖവുരയില്‍(12) വ്യക്തമാക്കുന്നുണ്ട്. വന്‍പാപങ്ങള്‍ ചെയ്തവരെല്ലാം നരകത്തില്‍ ശാശ്വതരായിരിക്കുമെന്ന തങ്ങളുടെ വാദം സ്ഥാപിക്കുന്നതിനായി മുഅ്തസലീ നേതാവായ അംറുബ്‌നുല്‍ ഉബൈദ് തന്റെ ഗുരുനാഥനായിരുന്ന ഹസനുല്‍ ബസ്വ്‌രിയില്‍നിന്ന് കേള്‍ക്കാത്ത ഹദീഥുകള്‍ അദ്ദേഹത്തിലൂടെ മനസ്സിലാക്കിയെന്ന രൂപത്തില്‍ പ്രചരിപ്പിച്ചതിനുള്ള ഉദാഹരണങ്ങള്‍ നിരത്തിക്കൊണ്ടാണ് ഇമാം മുസ്‌ലിം ഇക്കാര്യം സ്ഥാപിക്കുന്നത്.

മത്‌നും സനദും വ്യാജമായി നിര്‍മിക്കപ്പെടുന്ന അവസ്ഥയുണ്ടായതോടെ ഹദീഥുകളിലെ നെല്ലും പതിരും വേര്‍തിരിക്കുക ശ്രമകരമായ ജോലിയായിത്തീര്‍ന്നു. എങ്കിലും ഇക്കാര്യത്തിനു വേണ്ടി കുറ്റമറ്റ ഒരു സമ്പ്രദായം തന്നെ രൂപീകരിച്ചെടുക്കുവാന്‍ അക്കാലത്തെ പണ്ഡിതന്‍മാര്‍ക്ക് സാധിച്ചു. പ്രസ്തുത സമ്പ്രദായമാണ് ഉസ്വൂലുല്‍ ഹദീഥ് എന്ന പേരില്‍ പില്‍ക്കാലത്ത് പ്രസിദ്ധമായത്. നബിൃയുടെ പേരിലുള്ള കള്ള വര്‍ത്തമാനങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ഒരു വശത്തും മനുഷ്യബുദ്ധിക്ക് അമിത പ്രാധാന്യം നല്‍കിക്കൊണ്ട് ഹദീഥ്‌നിഷേധത്തിന്റെ ആദ്യകാല വക്താക്കളായിത്തീര്‍ന്ന മുഅ്തസിലികള്‍ മറുഭാഗത്തുമായി പ്രവാചകചര്യയെ അനുധാവനം ചെയ്യുക പ്രയാസകരമാണെന്ന് വരുത്തിത്തീര്‍ത്തുകൊണ്ടിരുന്ന അന്തരീക്ഷത്തിലാണ് അവര്‍ ഹദീഥ് നിദാനശാസ്ത്രത്തെ കുറ്റമറ്റ അപഗ്രഥനരീതിയായി വളര്‍ത്തിക്കൊണ്ടുവന്നത്. ഹദീഥ്‌നിഷേധത്തിന് കാരണങ്ങള്‍ കണ്ടെത്തുന്നതിന്നായി ഗവേഷണം ചെയ്തുകൊണ്ടിരുന്ന മുഅ്തസിലികളുടെ വിമര്‍ശനങ്ങളെക്കൂടി അതിജീവിക്കേണ്ടതുള്ളതിനാല്‍ സൂക്ഷ്മവും അന്യൂനവുമായ അപഗ്രഥന രീതിയിലെത്താന്‍ അവര്‍ പരമാവധി പരിശ്രമിച്ചു. തങ്ങള്‍ വളര്‍ത്തിയെടുക്കുന്ന രീതിശാസ്ത്രത്തിന് വല്ല പോരായ്മകളുമുണ്ടെങ്കില്‍ അതിന്റെ ദ്വാരത്തിലൂടെ മുഅ്തസിലികളുടെ ഹദീഥ്‌നിഷേധം സമൂഹത്തിലേക്ക് കടക്കുകയും വ്യാപിക്കുകയും ചെയ്യുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഹദീഥ്‌നിഷേധത്തിന്റെ വക്താക്കള്‍ക്ക് ഒരിക്കലും നിധേഷിക്കാനാകാത്ത വിധം ശാസ്ത്രീയമായ ഭൂതകാലാപഗ്രഥന രീതിയായി ഉസ്വൂലുല്‍ ഹദീഥ് വളര്‍ന്നുവന്നത് അങ്ങനെയാണ്.

മുഹമ്മദ് നബിﷺയില്‍ നിന്നുള്ളതാണെന്ന രൂപത്തില്‍ ഉദ്ധരിക്കപ്പെടുന്ന വര്‍ത്തമാനങ്ങള്‍ അപഗ്രഥിച്ച് അതിലെ നേരും നുണയും ചികയുന്നതിന് മൂന്ന് ഘട്ടങ്ങളായുള്ള ഒരു അരിപ്പ സമ്പ്രദായമാണ് ഉസ്വൂലുല്‍ ഹദീഥിന്റെ പണ്ഡിതന്‍മാര്‍ വികസിപ്പിച്ചെടുത്തത്.

1) നബിവൃത്താന്തങ്ങളുടെ സ്രോതസ്സ് ആവശ്യപ്പെടുക.

2) സ്രോതസ്സിനെ അപഗ്രഥിച്ച് അത് എത്രത്തോളം വിശ്വാസ്യയോഗ്യമാണെന്ന് കണ്ടെത്തുകയും അതിന്റെ നൈരന്തര്യം ഉറപ്പുവരുത്തുകയും ചെയ്യുക.

3) സ്രോതസ്സിനെ ബലപ്പെടുത്തുന്നതിന് ഉപോല്‍ബലകമായ മറ്റു തെളിവുകള്‍ കണ്ടെത്തുകയും അതിനെ ദൃഢീകരിക്കുകയും ചെയ്യുക.

ഘട്ടം ഒന്ന്): നബിവൃത്താന്തങ്ങളുടെ സ്രോതസ്സ് ആവശ്യപ്പെടുക:

ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം. ആ പറയലിന് ആധികാരികതയുണ്ടാവണമെങ്കില്‍ അതിന്റെ വിശ്വാസ്യത പരിശോധിക്കുകയും ബോധ്യപ്പെടുകയും വേണം. ഒരാള്‍ പറഞ്ഞുവെന്നോ ചെയ്തുവെന്നോ മറ്റൊരാള്‍ പറയുമ്പോള്‍ അതിന്റെ വിശ്വാസ്യത ഉറപ്പിക്കുന്നതിന്റെ ഒന്നാമത്തെ പടി അതിന്റെ സ്രോതസ്സ് ആവശ്യപ്പെടുകയാണ്. ആരെക്കുറിച്ചാണോ പറഞ്ഞത് അയാളോടുതന്നെ ചോദിച്ചു മനസ്സിലാക്കുകയോ അല്ലെങ്കില്‍ അയാളുമായി അടുത്ത ബന്ധമുള്ളവരില്‍നിന്ന് കാര്യത്തിന്റെ യാഥാര്‍ഥ്യമറിയുകയോ ചെയ്യാവുന്നതാണ്. അയാള്‍ ജീവിച്ചിരിക്കുന്നില്ലെങ്കില്‍ രണ്ടാമത്തെ മാര്‍ഗം മാത്രമെ അന്വേഷകന്റെ മുന്നില്‍ അവശേഷിക്കുന്നുള്ളൂ. അയാളുമായി ബന്ധപ്പെട്ട ആളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ പ്രസ്തുത വിവരങ്ങള്‍ സത്യസന്ധമാണോയെന്ന് പരിശോധിക്കേണ്ട ബാധ്യത അന്വേഷകനുണ്ട്. തനിക്ക് വിവരം നല്‍കുന്നയാള്‍ക്ക് നടേ പറഞ്ഞ വ്യക്തിയുമായുള്ള ബന്ധം അന്വേഷിക്കുകയും അയാള്‍ ചെയ്തതോ പറഞ്ഞതോ ആയി നിവേദനം ചെയ്യപ്പെടുന്ന കാര്യം അയാള്‍ അറിഞ്ഞതെങ്ങനെയെന്ന് പരിശോധിക്കുകയും ചെയ്യുകയാണ് വാര്‍ത്തയുടെ സത്യതയെ അറിയാന്‍ ശ്രമിക്കുന്നവര്‍ ഒന്നാമതായി ചെയ്യേണ്ടത്. നബിﷺയെക്കുറിച്ച് പറയപ്പെടുന്ന വിവരം അത് പറയുന്ന വ്യക്തിയില്‍ എത്തിച്ചേര്‍ന്നതെങ്ങനെയെന്നാണ് ഇസ്‌നാദുകളെക്കുറിച്ച പഠനം പരിശോധിക്കുന്നത്. ”പ്രവര്‍ത്തനങ്ങള്‍ക്ക് അവയുടെ ഉദ്ദേശമനുസരിച്ചാണ് പ്രതിഫലം ലഭിക്കുക”യെന്ന സ്വഹീഹുല്‍ ബുഖാരിയിലെ ഒന്നാമത്തെ ഹദീഥ് ഉദാഹരണമായെടുക്കുക. ‘ദൈവദൂതന്‍ ഇങ്ങനെ പറഞ്ഞതായി ഞാന്‍ കേട്ടു’ (സമിഅ്ത്തു റസൂലല്ലാഹിﷺയക്വൂലു)വെന്ന് പറഞ്ഞുകൊണ്ടാണ് ഉമർ (റ) പ്രസ്തുത ഹദീഥ് ഉദ്ധരിച്ചിരിക്കുന്നത്. പ്രവാചകന്‍ﷺ ഇതു പറയുന്നത് ഉമർ (റ) നേരിട്ടു കേട്ടതാണെന്നര്‍ഥം. പ്രമുഖ സ്വഹാബിയായിരുന്ന ഉമറുബ്‌നുല്‍ ഖത്ത്വാബില്‍നിന്ന് അല്‍ക്വമതുബ്‌നുവക്വാസും അദ്ദേഹത്തില്‍ നിന്ന് മുഹമ്മദ്ബ്‌നു ഇബ്‌റാഹീമത്തമീമിയും അദ്ദേഹത്തില്‍നിന്ന് യഹ്‌യബ്‌നു സഈദില്‍ അന്‍സ്വാരിയും അദ്ദേഹത്തില്‍ നിന്ന് സുഫ്‌യാനുബ്‌നു ഉയയ്‌നയും അദ്ദേഹത്തില്‍നിന്ന് അബ്ദുല്ലാഹിബ്‌നു സുബൈര്‍ അല്‍ഹുമൈദിയും അദ്ദേഹത്തില്‍നിന്ന് ഞാനും കേട്ടുവെന്ന് പറഞ്ഞുകൊണ്ടാണ് ഇമാം മുഹമ്മദ്ബ്‌നു ഇസ്മായില്‍ അല്‍ ബുഖാരി ഈ ഹദീഥ് ഉദ്ധരിക്കുന്നത്. മുഹമ്മദ് നബി  ഉമറുബ്‌നുല്‍ ഖത്ത്വാബ്  അല്‍ക്വമത്തുബ്‌നു വക്വാസ് മുഹമ്മദ്ബ്‌നു ഇബ്‌റാഹീമത്തമീമി യഹ്‌യബ്‌നുസഈദ് അല്‍ അന്‍സ്വാരി മസുഫ്‌യാനുബ്‌നു ഉയയ്‌ന  അബ്ദുല്ലാഹിബ്‌നു സുബൈര്‍ അല്‍ഹൂമൈദി എന്നതാണ് ഈ ഹദീഥിന്റെ ഇസ്‌നാദ്. ഈ ശൃംഖല കൃത്യമായുണ്ടോയെന്ന് പരിശോധിക്കുകയാണ് ഒരു ഹദീഥ് സ്വീകാര്യമാണോയെന്ന പരിശോധനയുടെ പ്രാഥമിക നടപടി.

എത്രനല്ല ആശയമാണെങ്കിലും അത് നബിﷺയോട് ചേര്‍ത്ത് വ്യവഹരിക്കണമെങ്കില്‍ ഇസ്‌നാദോടു കൂടിത്തന്നെ അത് നിവേദനം ചെയ്യപ്പെട്ടതാകണമെന്ന് പണ്ഡിതന്‍മാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇമാം ശാഫിഈയുടെ ഗുരുവര്യന്‍മാരിലൊരാളായ അബ്ദുല്ലാഹിബ്‌നുല്‍ മുബാറക്‌(റ)പറയുന്നതായി ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: ”മതത്തില്‍പെട്ടതാണ് ഇസ്‌നാദ്. അത് ഇല്ലായിരുന്നുവെങ്കില്‍ ഹദീഥില്‍ വേണ്ടവര്‍ക്ക് വേണ്ടതെന്തും പറയാന്‍ പറ്റുന്ന അവസ്ഥയുണ്ടാകുമായിരുന്നു.”(13) പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനായിരുന്ന ഇമാം ശാഫി പറഞ്ഞതിങ്ങനെയാണ്: ”ഇത് എവിടെനിന്നു ലഭിച്ചുവെന്ന് ചോദിച്ച് ഇസ്‌നാദ് മനസ്സിലാക്കാതെ വിജ്ഞാനം സമ്പാദിക്കുന്നവന്‍ രാത്രിയില്‍ വിറകുമരത്തടികള്‍ ശേഖരിക്കുന്നവനെപ്പോലെയാണ്. തന്റെ ചുമലില്‍ ശേഖരിച്ചുവെച്ച് താങ്ങി നടക്കുന്ന മരത്തടിക്കെട്ടിനകത്ത് അണലി ഒളിഞ്ഞു കിടക്കുന്നുണ്ടാവാം. അത് അവനെത്തന്നെ കടിക്കുകയും ചെയ്യാം.”(14) പ്രമുഖ ഹദീഥ് നിവേദന ശാസ്ത്രജ്ഞനായ ശുഅ്ബത്തുബ്‌നുല്‍ഹജ്ജാജ് പറഞ്ഞതിങ്ങനെയാണ്: ‘അദ്ദേഹം എന്നോട് പറഞ്ഞുവെന്നോ അദ്ദേഹം എന്നോട് നിവേദനം ചെയ്തുവെന്നോ ഉള്ള (ഇസ്‌നാദിന്റെ മൂലകങ്ങളായ) പരാമര്‍ശങ്ങളുള്‍ക്കൊള്ളാത്ത എല്ലാ മതവിജ്ഞാനങ്ങളും വാലറ്റവയാണ്'(15)

ഹദീഥ് പരിശോധനയ്ക്ക് വേണ്ടി രൂപപ്പെട്ട ഇസ്‌നാദ് പരിശോധനാരീതി അറബി സാഹിത്യത്തെയും ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയുമെല്ലാം കുറിച്ച പഠനങ്ങള്‍ക്ക് പില്‍ക്കാലത്ത് പ്രയോജനീഭവിച്ചതായി വ്യക്തമാക്കുന്ന രേഖകളുണ്ട്.(16) പ്രവാചക ശിഷ്യന്‍മാരുടെ കാലം മുതലുള്ള മുറിയാത്ത ശൃംഖലയോടുകൂടി നിവേദനം ചെയ്യപ്പെട്ട ഹദീഥുകളിലൂടെ സ്ഥിരീകരിക്കപ്പെട്ടതാണ് മുഹമ്മദ് നബിﷺയുടെ ജീവിതവൃത്താന്തങ്ങളെന്ന വസ്തുത അംഗീകരിക്കാതിരിക്കുവാന്‍ ഇസ്‌നാദുകളെപ്പറ്റി അല്‍പമെങ്കിലും പഠിച്ചവര്‍ക്കൊന്നും സാധ്യമല്ല. നബിﷺയുടെ ചരിത്രപരതയ്ക്ക് തെളിവുകള്‍ അന്വേഷിക്കുന്നവര്‍ക്ക്, അവരുപയോഗിക്കുന്ന മാനദണ്ഡങ്ങളെ തൃപ്തമാക്കുവാന്‍ മുറിയാത്ത ശൃംഖലയുള്ള ഹദീഥുകളുടെ ഇസ്‌നാദുകള്‍ മാത്രം മതി. നബിﷺ ജീവിച്ചത് കണ്ടവരുടെയും അടുത്തതും അതിനടുത്തതുമായ തലമുറകളിലെ നൂറുകണക്കിന് സത്യസന്ധരായ വ്യക്തികളുടെയും സാക്ഷ്യം പോരേ, അദ്ദേഹത്തിന്റെ ചരിത്രപരതക്കുള്ള തെളിവായി? എന്നാല്‍ ഹദീഥ് നിദാന ശാസ്ത്രം ഇവിടെ നിര്‍ത്തുന്നില്ല. മുഹമ്മദ് നബിﷺ യെന്ന ഒരാള്‍ ജീവിച്ചിരുന്നുവെന്ന് തെളിയിക്കുകയല്ല ഹദീഥുകളുടെ ദൗത്യമെന്നതിനാല്‍ ഇസ്‌നാദ് സമര്‍പ്പിച്ചുകൊണ്ട് നിര്‍ത്തുന്നതിന് പകരം ആ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന സൂക്ഷ്മവും കൃത്യവും സത്യസന്ധവുമായ അപഗ്രഥനം കൂടി ഹദീഥ് നിവേദന ശാസ്ത്രജ്ഞന്‍മാര്‍ നടത്തുന്നുണ്ട്.

ഘട്ടം രണ്ട്: നബിവൃത്താന്തങ്ങളെപ്പറ്റി അറിവ് നല്‍കുന്ന സ്രോതസ്സിനെ അപഗ്രഥിച്ച് അത് എത്രത്തോളം വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തുകയും അതിന്റെ നൈരന്തര്യം ഉറപ്പുവരുത്തുകയും ചെയ്യുക:

പ്രവാചകന്‍ മുതല്‍ ഹദീഥുകള്‍ ശേഖരിക്കുന്ന വ്യക്തിവരെ ആരിലൂടെയൊക്കെയാണ് ഒരു ഹദീഥ് കടന്നുവന്നിട്ടുള്ളതെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ ആ കടന്നുവന്ന വ്യക്തികളുടെ വിശ്വാസ്യതയെക്കുറിച്ച് പഠിക്കുകയും അവരിലോരോരുത്തര്‍ക്കും അതിനു നേരെ മുമ്പുള്ള വ്യക്തിയില്‍ നിന്നു തന്നെയാണോ പ്രസ്തുത ഹദീഥ് കിട്ടിയതെന്ന് പരിശോധിക്കുകയും ചെയ്യുകയാണ് ഉസ്വൂലുല്‍ ഹദീഥിന്റെ രണ്ടാമത്തെ അപഗ്രഥനഘട്ടം. ഇസ്‌നാദിലുള്ള ഓരോരുത്തരെയും കൃത്യമായി അപഗ്രഥിക്കുകയും അവര്‍ വിശ്വസ്തരാണോയെന്ന് പരിശോധിക്കുകയും ചെയ്യുക മാത്രമല്ല, നിവേദനത്തില്‍ എവിടെയെങ്കിലും വിശ്വസ്തരല്ലാത്ത ആരുടെയെങ്കിലും പങ്കാളിത്തമുണ്ടോ എന്നുകൂടി ഈ ഘട്ടത്തില്‍ വിലയിരുത്തപ്പെടുന്നു. നിവേദകനെക്കുറിച്ച അപഗ്രഥനവും നിവേദനത്തിന്റെ നൈരന്തര്യവും ഈ ഘട്ടത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. പ്രസ്തുത പരിശോധനയ്ക്ക് ശേഷം മാത്രമെ ഹദീഥ് സ്വീകാര്യമാണോയെന്ന് തീരുമാനിക്കുകയുള്ളൂ. ഇസ്‌നാദുകളുടെ പരിശോധനവഴി ഹദീഥ് പണ്ഡിതന്‍മാര്‍ നിര്‍വഹിച്ച ദൗത്യമിതാണ്.

എ. നിവേദകനെക്കുറിച്ച അപഗ്രഥനം: ഹദീഥ് നിവേദകന്‍മാരെക്കുറിച്ച അപഗ്രഥിച്ചുള്ള പഠനം ‘വിമര്‍ശനവും അംഗീകാരവും’ (അല്‍ജര്‍ഹു വ ത്തഅ്ദീല്‍) എന്ന സാങ്കേതികശബ്ദം കൊണ്ടാണ് പരിചയപ്പെടുത്തപ്പെടാറുള്ളത്. നിവേദകന്റെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച്, ഒരു കുറ്റാന്വേഷകന്റെ സൂക്ഷ്മതയോടെ ചോദ്യം ചെയ്യുകയും അംഗീകരിക്കാനാവുന്നവരെ മാത്രം സ്വീകരിക്കുകയും ചെയ്യുന്ന ഉസ്വൂലുല്‍ ഹദീഥിലെ സുപ്രധാനമായ ഒരു ഘട്ടമാണിത്. നിവേദകന്റെ വ്യക്തിത്വത്തിന്റെ പൂര്‍ണമായ അപഗ്രഥനമാണിത്; അയാള്‍ എത്രത്തോളം സ്വീകാര്യമായ വ്യക്തിത്വത്തിന്റെ ഉടമയാണ് (അദാലത്ത്) എന്നും അദ്ദേഹത്തിലൂടെയുള്ള നിവേദനങ്ങള്‍ എത്രത്തോളം കൃത്യമാണ് (ദ്വബ്ത്) എന്നുമുള്ള അന്വേഷണം.

സ്വഹാബികള്‍ക്കു ശേഷമുള്ള തലമുറയായ താബിഉകളുടെ കാലത്ത് വിശദമായ രീതിയിലല്ലെങ്കിലും ഹദീഥുകളിലെ നെല്ലും പതിരും വേര്‍തിരിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടിരുന്നു. മുഹമ്മദ്ബ്‌നു മുസ്‌ലിമിബ്‌നു ശിഹാബ് അസ്‌സുഹ്‌രിയും അബൂഅംറില്‍ ഔസാഈയും സുലൈമാനുബ്‌നു മഹ്‌റാന്‍ അല്‍അഅ്മശുമായിരുന്നു അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നടന്നത്. നബിശിഷ്യന്‍മാരില്‍ നിന്ന് മതം മനസ്സിലാക്കിയ പിന്‍ഗാമികള്‍ക്ക് ശേഷമുണ്ടായ തലമുറയില്‍ -താബിഉത്താബിഉകള്‍- ഇത്തരത്തിലുള്ള അപഗ്രഥന പഠനങ്ങള്‍ കൂടുതല്‍ ശക്തമായി. ഇമാമുമാരായ മാലിക്കുബ്‌നുഅനസ്, ശുഅ്ബത്തുബ്‌നുല്‍ ഹജ്ജാജ്, സുഫ്‌യാനുഥ്ഥൗരി, അല്‍ലൈഥുബ്‌നു സഅദ്, സുഫ്‌യാനുബ്‌നു ഉയയ്‌ന തുടങ്ങിയവരാണ് ഹദീഥ് നിദാനശാസ്ത്രത്തിന് തറക്കല്ലിട്ടത്. ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചുകൊണ്ടിരുന്ന ഹദീഥുകള്‍ ശേഖരിക്കുകയും അവ കൃത്യമായി അപഗ്രഥിക്കുകയും ചെയ്ത് ഏതെല്ലാമാണ് സ്വീകാര്യമായവയെന്ന് അവര്‍ ജനങ്ങളെ ഉല്‍ബോധിപ്പിച്ചു. സ്വീകാര്യരായ നിവേദകന്‍മാരെപ്പറ്റി ആശ്രയിക്കാവുന്നവര്‍ എന്ന അര്‍ഥത്തില്‍ ‘ഥിക്വത്ത്’ എന്ന് ആദ്യമായി പ്രയോഗിച്ചത് ഇമാം മാലിക്കായിരുന്നു. പ്രത്യേകമായ പദങ്ങള്‍കൊണ്ട് സ്വീകരിക്കാവുന്നവരെയും അല്ലാത്തവരെയും വേര്‍തിരിച്ചിട്ടില്ലെങ്കിലും ബസ്വ്‌റയിലും കൂഫയിലും മക്കയിലും മദീനയിലുമായി ഹദീഥ് പഠനബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട നടേ പറഞ്ഞ പണ്ഡിതന്‍മാരും സമാനമായ രീതിയില്‍ തന്നെയാണ് ഹദീഥ്‌നിവേദകന്‍മാരെ വേര്‍തിരിച്ചത്.(17)

ഹദീഥ് വിജ്ഞാനീയം പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന മുറയില്‍ തന്നെ അല്‍ജര്‍ഹു വ ത്തഅ്ദീലിനും മൂര്‍ച്ച കൂടിക്കൊണ്ടിരുന്നു. ഹിജ്‌റ 198ല്‍ അന്തരിച്ചവരായ അബ്ദുറഹ്മാനു ബിന്‍മഹ്ദി, യഹ്‌യബ്ന്‍ സഈദ് അല്‍ഖത്താന്‍, ഹിജ്‌റ 181ല്‍ അന്തരിച്ച അബ്ദുല്ലാഹിബ്‌നുല്‍ മുബാറക് തുടങ്ങിയവരായിരുന്നു അടുത്ത തലമുറയിലെ ഹദീഥ്  നിദാനശാസ്ത്ര പണ്ഡിതരില്‍ പ്രമുഖര്‍. അതിനടുത്ത തലമുറയില്‍ ഈ ദൗത്യമേറ്റെടുത്തവരില്‍ പ്രധാനികള്‍ ഹിജ്‌റ 241ല്‍ അന്തരിച്ച അഹ്മദ് ബിന്‍ ഹന്‍ബലും 233ല്‍ അന്തരിച്ച യഹ്‌യബ്‌നു മഈനും 234ല്‍ അന്തരിച്ച അലിയ്യിബിന്‍ അല്‍മദീനിയുമായിരുന്നു. അടുത്ത തലമുറയിലാണ് ഹദീഥ് വിജ്ഞാനീയ രംഗത്തെ സ്വര്‍ണഗോപുരങ്ങളായ ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ജീവിച്ചത്. അവരുടെ തലമുറയില്‍തന്നെ ജീവിച്ച ഹിജ്‌റ 264ല്‍ മരണപ്പെട്ട അബൂസുര്‍അ അര്‍റാസിയും 277ല്‍ മരണപ്പെട്ട അബൂഹാതിം അര്‍റാസിയും 303ല്‍ മരണപ്പെട്ട അഹ്മദ്ബ്ന്‍ ശുഐബ് അന്നസാഈയും അബൂദാവൂദും ഹദീഥ് നിദാനശാസ്ത്ര രംഗത്തെ അതികായന്‍മാരായിരുന്നു. ഹിജ്‌റ 327ല്‍ അന്തരിച്ച ഇബ്‌നു അബീഹാതിം അര്‍റാസി, 365ല്‍ അന്തരിച്ച ഇബ്‌നുഅദിയ്യ്, 354ല്‍ അന്തരിച്ച ഇബ്‌നു ഹിബ്ബാനുല്‍ ബുസ്തി, 385ല്‍ അന്തരിച്ച അബുല്‍ഹസന്‍ അദ്ദാറക്വുത്വ്‌നി, 405ല്‍ അന്തരിച്ച അല്‍ ഹാകിം അന്നൈസാപൂരി എന്നിവരായിരുന്നു അടുത്ത തലമുറയിലെ ഹദീഥ് നിദാന ശാസ്ത്രജ്ഞന്‍മാര്‍. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടയിലുള്ള കാലമാണ് ഹദീഥ് പഠന-ഗവേഷണ രംഗത്തെ സുവര്‍ണകാലമായി അറിയപ്പെടുന്നതെങ്കിലും അതിനുശേഷവും ഈ രംഗത്ത് ഗവേഷണങ്ങളുണ്ടായിട്ടുണ്ട്. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച അല്‍ഖത്തീബുല്‍ ബഗ്ദാദിയും (മരണം ഹിജ്‌റ 463) ആറാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്‌നു അസാക്കിറും (മരണം 571) എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ദഹബിയും (മരണം ഹിജ്‌റ 748) ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുമെല്ലാം (മരണം ഹിജ്‌റ 852) പില്‍ക്കാലത്ത് ഹദീഥ് നിദാനശാസ്ത്രത്തിന് സംഭാവനകളര്‍പ്പിച്ച മഹാപ്രതിഭകളാണ്.

എങ്ങനെയാണ് ഈ മഹാപ്രതിഭകള്‍ ഹദീഥ് നിവേദകന്‍മാരുടെ സ്വീകാര്യത പരിശോധിച്ചതെന്ന് മനസ്സിലാക്കുമ്പോള്‍ ആധുനിക കുറ്റാന്വേഷകരുടേതിനെക്കാള്‍ കുറ്റമറ്റ രീതിയിലായിരുന്നു അവരുടേത് എന്ന വസ്തുത ആര്‍ക്കും അംഗീകരിക്കേണ്ടിവരും. ഒരു ഹദീഥിന്റെ നിവേദകന്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കുകയും അവരെക്കുറിച്ച് ലഭ്യമായ അറിവുകളെല്ലാം ശേഖരിക്കുകയുമാണ് ഒന്നാമതായി ചെയ്യുന്നത്. നിവേദകന്‍മാരായി അറിയപ്പെടുന്നവരില്‍ എല്ലാവരും ജീവിച്ചിരുന്നുവെന്നും അവര്‍ ഹദീഥുകള്‍ നിവേദനം ചെയ്തിട്ടുണ്ടെന്നും ഉറപ്പുവരുത്തുകയാണ് അടുത്തപടി. അവരില്‍ ഓരോരുത്തരെയും പ്രസിദ്ധരായ ഹദീഥ് നിവേദകര്‍ക്ക് പരിചയമുണ്ടെങ്കില്‍ മാത്രമെ അവരിലൂടെയുള്ള ഹദീഥുകള്‍ പരിശോധനക്കായി പരിഗണിക്കുകയുള്ളൂ. അങ്ങനെയല്ലെങ്കില്‍ നിവേദകന്‍ അജ്ഞാതനാണെന്ന് (മജ്ഹൂല്‍) പറഞ്ഞ് പ്രസ്തുത ഹദീഥ് മാറ്റിവെക്കുകയാണ് ചെയ്യുക. ഓരോ നിവേദകനെയും ഈ തലത്തില്‍ പരിശോധിച്ച ശേഷമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുക. ഓരോ നിവേദകനും വ്യത്യസ്ത ഗുരുക്കന്‍മാരില്‍നിന്ന് നിവേദനം ചെയ്ത ഹദീഥുകളെ താരതമ്യത്തിന് വിധേയമാക്കുകയാണ് അടുത്ത ഘട്ടം. തന്റെ ഗുരുവില്‍നിന്ന് ഹദീഥ് നിവേദനം ചെയ്ത ഒരാള്‍ എത്രമാത്രം പരിഗണനാര്‍ഹമാണെന്ന് തീരുമാനിക്കുന്നതിന് അയാളല്ലാത്ത അതേ ഗുരുവിന്റെ മറ്റു ശിഷ്യന്‍മാരില്‍ എത്രപേര്‍ പ്രസ്തുത ഹദീഥ് നിവേദനം ചെയ്തിട്ടുണ്ടെന്നാണ് പ്രധാനമായും പരിശോധിക്കുക. ഗുരുവിന്റെ ശിഷ്യന്‍മാരില്‍ നല്ലൊരുശതമാനമാളുകള്‍ പ്രസ്തുത ഹദീഥ് നിവേദനം ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമെ അയാള്‍ സ്വീകാര്യനായി വിലയിരുത്തപ്പെടുകയുള്ളൂ. ‘ഒരാള്‍ നിവേദനം ചെയ്ത ഹദീഥുകളില്‍ ഭൂരിഭാഗവും സത്യസന്ധരും സൂക്ഷ്മാലുക്കളുമെന്ന് തെളിയിക്കപ്പെട്ട നിവേദനകന്‍മാരുടെ ഹദീഥുകളുമായി യോജിക്കുന്നവയല്ലെങ്കില്‍ അയാളെ ദുര്‍ബലനായി (ദ്വഈഫ്) പരിഗണിക്കപ്പെടു'(18)മെന്നാണ് ഇമാം മുസ്‌ലിം തന്റെ ഹദീഥ് സമാഹാരത്തിന്റെ മുഖവുരയില്‍ വ്യക്തമാക്കുന്നത്.

അറിയപ്പെടുന്നവനും പരിഗണാര്‍ഹനുമായ നിവേദകനാണെങ്കിലും അയാളുടെ ഹദീഥുകള്‍ സ്വീകാര്യമാകണമെങ്കില്‍ വളരെ പ്രധാനപ്പെട്ട അടുത്ത ഘട്ടം കൂടി കടന്നുപോകേണ്ടതുണ്ട്. അയാളുടെ വ്യക്തിത്വം എത്രത്തോളം സ്വീകാര്യമാണെന്ന പരിശോധനയാണത്. ഋജുത്വ (അദാലത്ത്) പരിശോധനയെന്ന് ഈ ഘട്ടത്തെ വിളിക്കാം.

ഈ ഘട്ടത്തില്‍ നിവേദകനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി അന്വേഷകന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്.

(1) നബിﷺയുടെ പേരില്‍ കളവു പറയുന്നവനാണോ?

(2) സാധാരണ സംസാരങ്ങളില്‍ കളവു പറയുന്നവനാണോ?

(3) മതത്തില്‍നിന്ന് പുറത്തു പോകുന്നതരത്തിലുള്ള അനാചാരങ്ങളുടെ(ബിദ്അത്ത്) വക്താവാണോ?

(4) കക്ഷിത്വത്തിനനുകൂലമായി ഹദീഥ് നിവേദനം ചെയ്യുന്നയാളാണോ?

(5) മതവിരോധിയാണോ?

(6) ദുര്‍നടപ്പുകാരനാണോ?

(7) കാര്യബോധവും മര്യാദയും മാന്യതയുമില്ലാത്തവനാണോ?

(8) താന്‍ പറയുന്നതെന്തെന്ന് ഗ്രഹിക്കാനാവാത്ത ഭോഷനാണോ?

ഈ ചോദ്യങ്ങള്‍ക്കെല്ലാം ‘അല്ല’യെന്ന ഉത്തരമുണ്ടെങ്കില്‍ മാത്രമെ അയാളിലൂടെയുള്ള നിവേദനം ഋജുത്വ പരിശോധനയുടെ അരിപ്പയിലൂടെ കടന്നുപോവുകയുള്ളൂ. അങ്ങനെ കടന്നുപോയ ഹദീഥുകള്‍ മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത്. നിവേദകന്‍മാരുടെ വ്യക്തിത്വ വിമര്‍ശനത്തിന് (അദാലത്ത്) ശേഷം നടക്കുന്നത് ഹദീഥിന്റെ കൃത്യതാ പരിശോധനയാണ് (ദ്വബ്ത്ത്). ഋജുവും സത്യസന്ധനുമാണെങ്കിലും നിവേദകന് ഹദീഥ് നിവേദനത്തില്‍ കൃത്യത പാലിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന അന്വേഷണമാണത്. ഈ ഘട്ടത്തിലും നിവേദകന്‍മാര്‍ അന്വേഷകന്റെ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരും. അയാള്‍ നേരിടേണ്ട ചോദ്യങ്ങള്‍ ഇവയാണ്.

(1) നിവേദനത്തില്‍ അബദ്ധം പിണയാറുള്ളയാളാണോ?

(2) മറവി അധികമായുള്ളയാളാണോ?

(3) വാര്‍ധ്യക്യത്താല്‍ ഓര്‍മശക്തി കുറഞ്ഞ് തെറ്റു സംഭവിക്കാന്‍ സാധ്യതയുള്ളപ്പോഴാണോ ഹദീഥ് നിവേദനം ചെയ്തത്?

(4) ഹൃദിസ്ഥമാക്കുവാനുള്ള കഴിവ് കുറഞ്ഞയാളാണോ?

(5) വിശ്വസ്തരായ നിവേദകരിലൂടെ വന്ന ഹദീഥുകളിലെ ആശയങ്ങള്‍ക്കെതിരെയുള്ള ഹദീഥുകള്‍ നിവേദനം ചെയ്യുന്നയാളാണോ?

(6) ബലപ്പെട്ടവരെന്നോ അല്ലാത്തവരെന്നോ പരിശോധിക്കാതെ എല്ലാവരില്‍നിന്നുമായി ഹദീഥുകള്‍ നിവേദനം ചെയ്യുന്നയാളാണോ?

(7) തന്റെ ആശയങ്ങള്‍ക്കനുകൂലമായി ഹദീഥുകള്‍ വളച്ചൊടിക്കുന്നയാളാണോ?

ഇവയ്‌ക്കെല്ലാം ‘അല്ല’യെന്ന ഉത്തരമാണ് കൃത്യതാ പരിശോധകന് ലഭിക്കുന്നതെങ്കില്‍ മാത്രമെ ‘ദ്വബ്ത്തു’ള്ള(കൃത്യതയുള്ള) ഹദീഥായി അതിനെ പരിഗണിക്കുകയുള്ളൂ. ഈ പരിശോധന കൂടി കഴിഞ്ഞാല്‍ നിവേദകന്‍ സ്വീകാര്യനാണെന്ന് സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. ഇനി അയാളിലൂടെയുള്ള ഹദീഥുകള്‍ സ്വീകരിക്കാവുന്നതാണ്. നിവേദകരുടെ സ്വീകാര്യത നിര്‍ണയിക്കുന്നതിനു വേണ്ടി പണ്ഡിതന്‍മാര്‍ക്ക് ആയിരക്കണക്കിന് നിവേദകരുടെ ജീവിതത്തെ നിഷ്‌കൃഷ്ടമായി അപഗ്രഥിക്കേണ്ടിവന്നിട്ടുണ്ട്. ‘വിമര്‍ശനവും അംഗീകാരവും’ (അല്‍ജര്‍ഹു വത്തഅ്ദീല്‍) എന്ന പദത്തിന്റെ ഏതു മാനത്തിലൂടെ നോക്കിയാലും അതിനെ അന്വര്‍ഥമാക്കുന്ന രീതിയിലുള്ളതായിരുന്നു പണ്ഡിതന്‍മാരുടെ ഈ രംഗത്തെ പരിശ്രമങ്ങളെന്ന് കാണാം. ശാസ്ത്രീയതയുടെ ഏതു മാനദണ്ഡമുപയോഗിച്ചാണ് അല്‍ജര്‍ഹുവത്തഅ്ദീല്‍ അശാസ്ത്രീയമാണെന്നു പറയാനാവുക? ഭൂതകാലത്ത് ജീവിച്ച ഒരാളുടെ ജീവിതത്തില്‍ ആരോപിക്കപ്പെടുന്ന കാര്യങ്ങളിലെ മിഥ്യയും യാഥാര്‍ഥ്യവും വേര്‍തിരിക്കുവാന്‍ ഇതിനെക്കാള്‍ ശാസ്ത്രീയമായ രീതികളെന്തെങ്കിലും നിര്‍ദേശിക്കുവാന്‍ വിമര്‍ശകര്‍ക്കു കഴിയുമോ? അത് തങ്ങളുടെ ജോലിയല്ലെന്നായിരിക്കും ചരിത്ര വിമര്‍ശനത്തിന്റെ ഉപകരണങ്ങളുപയോഗിച്ച് ഹദീഥുകളുടെ ശാസ്ത്രീയത ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നവരുടെ ഉത്തരം. തകര്‍ക്കുകമാത്രമാണല്ലോ ചരിത്ര വിമര്‍ശക വിദഗ്ധന്‍മാരുടെ ജോലി. പകരമെന്ത് എന്ന ചോദ്യത്തിനുള്ള മറുപടി തങ്ങളുടെ ബാധ്യതയല്ലെന്നാണ് അവരുടെ നിലപാട്.

ഹദീഥ് നിവേദകരെ വിമര്‍ശിക്കുകയും അംഗീകരിക്കാനാവുന്നവരെ അംഗീകരിക്കുകയും (അല്‍ജര്‍ഹു വത്തഅ്ദീല്‍) ചെയ്യുന്നതിനുവേണ്ടി ഒരു വിജ്ഞാനീയം തന്നെ ഹദീഥ് നിദാനശാസ്ത്രത്തിന്റെ ശാഖയായി വളര്‍ന്നു വികസിക്കുകയുണ്ടായി. വ്യക്തി വിജ്ഞാനീയം (ഇല്‍മുര്‍രിജാല്‍) എന്നാണ് പ്രസ്തുത വൈജ്ഞാനികശാഖ അറിയപ്പെടുന്നത്. ഹദീഥ് നിവേദകരുടെ വ്യക്തിത്വത്തെക്കുറിച്ച വിശദമായ അപഗ്രഥനമാണ് ഈ വൈജ്ഞാനിക ശാഖക്കു കീഴില്‍ നടക്കുന്നത്. ഹിജ്‌റ 230ല്‍ അന്തരിച്ച ഇബ്‌നു സഅദിന്റെ കിതാബുത്ത്വബകാത്തുല്‍ കുബറാ, 259ല്‍ അന്തരിച്ച അല്‍ജൂസ്ജാനിയുടെ അഹ്‌വാലുര്‍രിജാല്‍, 256ല്‍ അന്തരിച്ച ഇമാം ബുഖാരിയുടെ അത്താരീഖുല്‍ കബീര്‍, 327ല്‍ അന്തരിച്ച ഇബ്‌നു അബീഹാതിം അര്‍റാസിയുടെ അല്‍ജര്‍ഹുവത്തഅ്ദീല്‍, 261ല്‍ അന്തരിച്ച അല്‍ ഇജ്‌ലിയുടെ താരീഖുഥ്ഥിക്വാത്ത്, 354ല്‍ അന്തരിച്ച ഇബ്‌നു ഹിബ്ബാന്റെ കിതാബുഥ്ഥിക്വാത്ത് എന്നിവയാണ് മൂന്ന്, നാല് നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട പ്രധാനപ്പെട്ട വ്യക്തിവിജ്ഞാനീയ ഗ്രന്ഥങ്ങള്‍ (കുതുബുര്‍രിജാല്‍). സമൂഹത്തില്‍ പ്രചാരത്തിലിരുന്ന ഹദീഥുകള്‍ നിവേദനം ചെയ്തവരില്‍ ആരുടെയൊക്കെ ഹദീഥുകളാണ് ദുര്‍ബലമെന്ന് വ്യക്തമാക്കുന്നതിനുവേണ്ടി മാത്രമായി ഇക്കാലത്ത് പ്രത്യേകം രചനകള്‍ തന്നെയുണ്ടായി. ഇമാം ബുഖാരിയുടെ കിതാബുദ്ദ്വുഅഫാഇല്‍ കബീര്‍, ഇബ്‌നു അദിയ്യിന്റെ കാമില്‍ ഫീ ദ്വുഅഫാഇര്‍രിജാല്‍, ഇബ്‌നു ഹിബ്ബാന്റെ കിതാബുല്‍മജ്‌റൂഹീന്‍ എന്നിവ ഇത്തരത്തിലുള്ള ആദ്യകാല രചനകളാണ്. ബുഖാരി, മുസ്‌ലിം, നസാഈ, അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ തുടങ്ങിയ ആറു ഗ്രന്ഥങ്ങളിലുള്ള ഹദീഥുകള്‍ നിവേദനം ചെയ്ത വ്യക്തികളെക്കുറിച്ച വിശദമായ അപഗ്രഥനമാണ് ഹിജ്‌റ 600ല്‍ മരണപ്പെട്ട അബ്ദുല്‍ ഗനി അല്‍മഖ്ദസി എഴുതിയ അല്‍കമാല്‍ ഫീ മഅ്‌രിഫത്തി അസ്മാഅര്‍റിജാല്‍ എന്ന ബൃഹദ് ഗ്രന്ഥം. 742ല്‍ മരണപ്പെട്ട ജമാലുദ്ദീന്‍ അല്‍മിസ്സി നടേ പറഞ്ഞ ഹദീഥ് ഗ്രന്ഥങ്ങളിലെ നിവേദകന്‍മാരെക്കുറിച്ച് വീണ്ടും പഠിക്കുകയും തഹ്ദീബുല്‍ കമാല്‍ എന്ന ബൃഹത്തായ വ്യക്തിവിജ്ഞാനീയ വിജ്ഞാനകോശം തന്നെ രചിക്കുകയും ചെയ്തു. ഈ ഗ്രന്ഥത്തെ ചുരുക്കിയെഴുതുകയും തന്റേതായ അപഗ്രഥനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തുകൊണ്ടാണ് ഇബ്‌നു ഹജറുല്‍ അസ്ഖലാനി തഹ്ദീബുത്തഹ്ദീബ് എന്ന ഗ്രന്ഥമെഴുതിയത്. ഇമാം അഹ്മദ് ബിന്‍ ഹന്‍ബലിന്റെ മുസ്‌നദിലും ഇമാം ശാഫിഈയുടെ ഹദീഥ് ശേഖരത്തിലും ഇബ്‌നുഖുസൈമയുടെ സ്വഹീഹിലും അല്‍ഹാകിമിന്റെ മുസ്തദ്‌റകിലുമുള്ള ഹദീഥുകള്‍ നിവേദനം ചെയ്തവരെക്കുറിച്ച് വിമര്‍ശന/സ്വീകാര്യതാ പരിശോധന നിര്‍വഹിച്ചുകൊണ്ട് അല്‍മിസ്സിയുടെ ബൃഹദ്ഗ്രന്ഥത്തോടു ചേര്‍ത്തത് 804ല്‍ അന്തരിച്ച ഇബ്‌നുല്‍ മുലക്വിനാണ്. 855-ല്‍ അന്തരിച്ച ബദറൂദ്ദീന്‍ അല്‍അയ്‌നിയും ഹിജ്‌റ 748ല്‍ മരണപ്പെട്ട ശംസുദ്ദീന്‍ അദ്ദഹബിയും ഈ രംഗത്ത് പ്രസക്തമായ സംഭാവനകളര്‍പ്പിച്ച പില്‍ക്കാല പണ്ഡിതന്‍മാരില്‍ എടുത്ത് പറയപ്പെടേണ്ടവരാണ്. ഇമാം ദഹബിയുടെ സിയറു അഅ്‌ലാമിന്നുബലാഅ്, മീസാനുല്‍ഇഅ്തിദാല്‍ ഫീ നഖ്ദിര്‍രിജാല്‍ എന്നീ ഗ്രന്ഥങ്ങള്‍ നിവേദകര്‍മാരെക്കുറിച്ച പില്‍ക്കാല അപഗ്രഥനങ്ങളില്‍ പ്രസിദ്ധമായവയാണ്.

ബി. ഹദീഥ് നിവേദനത്തിന്റെ നൈരന്തര്യം: നിവേദകന്‍മാരെക്കുറിച്ച അപഗ്രഥനം കഴിഞ്ഞ് അവരെല്ലാം സത്യസന്ധരും സ്വീകാര്യരുമാണെന്ന് മനസ്സിലാക്കിയാലും ഒരു ഹദീഥിന്റെ സ്വീകാര്യത ആത്യന്തികമായി തീരുമാനിക്കപ്പെടുന്നില്ല. അതിന് നിവേദനത്തിന്റെ നൈരന്തര്യം (അല്‍ ഇത്തിസാല്‍) കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. മുഹമ്മദ് നബിﷺയില്‍ നിന്ന് തുടങ്ങി ഹദീഥ് ശേഖരിക്കുന്നയാള്‍വരെ ഇസ്‌നാദിലുള്ള വ്യക്തികളെല്ലാം പരസ്പരം കാണുകയോ ഹദീഥ് കേള്‍ക്കുകയോ ചെയ്തിട്ടുണ്ടോയെന്ന അന്വേഷണമാണിത്. ഈ അന്വേഷണത്തിന്, ഇസ്‌നാദിന്റെ ശൃംഖലയിലുള്ള ആരെങ്കിലും പരസ്പരം കണ്ടുമുട്ടുകയോ ഹദീഥ് കൈമാറുകയോ ചെയ്തിട്ടില്ലെന്ന് മനസ്സിലായാല്‍ ആ ഇസ്‌നാദ് പരമ്പരമുറിഞ്ഞതാണെന്ന് (മുന്‍ക്വത്വിഅ്) വിധിക്കുകയും അസ്വീകാര്യമാണെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. ഒരു ഹദീഥിന്റെ ഇസ്‌നാദ് നബി A  B  C  D എന്നിങ്ങനെയാണെങ്കില്‍ നബിﷺയെ Aയും Aയെ Bയും Bയെ Cയും Cയെ Dയും കാണുകയോ സമകാലികരാണെന്ന് സ്ഥാപിക്കപ്പെടുകയോ ചെയ്യുകയും അവര്‍ ഹദീഥ് കൈമാറിയിട്ടുണ്ടെന്ന് ഉറപ്പാവുകയും ചെയ്യുമ്പോള്‍ മാത്രമെ പ്രസ്തുത ഇസ്‌നാദ് അവിച്ഛിന്നമാണെന്ന് (മുത്തസ്വില്‍) തീരുമാനിക്കുകയും ഹദീഥ് സ്വീകരിക്കപ്പെടുകയും ചെയ്യുകയുള്ളൂ.

കളവ് പറയുകയില്ലെന്ന് അദാലത്ത് പരിശോധന വഴി ബോധ്യപ്പെട്ട നിവേദകന്‍മാരുടെ നൈരന്തര്യം തീരുമാനിക്കാന്‍ അവരുടെ പദപ്രയോഗങ്ങളെയാണ് പ്രാഥമികമായി പഠനവിധേയമാക്കുന്നത്. നിവേദകന്‍മാര്‍ പൊതുവായി തങ്ങള്‍ക്ക് ഹദീഥ് ലഭിച്ചതിനെ സൂചിപ്പിക്കുമ്പോള്‍ പറയാറുള്ളത് ‘ഇന്നയാള്‍ എന്നോട് നിവേദനം ചെയ്തു’ (ഹദ്ദഥനീ) വെന്നോ ‘ഇന്നയാള്‍ എന്നെ അറിയിച്ചു’ (അഖ്ബറനീ) യെന്നോ ‘ഇന്നയാളില്‍നിന്ന് ഞാന്‍ കേട്ടു’ (സമിഅ്ത്തുമിന്‍)വെന്നോ ‘ഇന്നയാള്‍ പ്രകാരം’ (അന്‍) എന്നോ ആണ്. ഇതിലെ ആദ്യത്തെ മൂന്നു പ്രയോഗങ്ങളും നേര്‍ക്കുനേരെയുള്ള സംപ്രേഷണത്തെയാണ് കുറിക്കുന്നത്. ഒരാളുടെ പേരുപറഞ്ഞുകൊണ്ട് ഹദ്ദഥനീയെന്നോ, അഖ്ബറനീയെന്നോ, സമിഅ്ത്തുമിന്‍ എന്നോ സത്യസന്ധനായ ഒരു നിവേദകന്‍ പറയുകയാണെങ്കില്‍ അയാളില്‍നിന്ന് നേര്‍ക്കുനേരെ നിവേദനകന്‍ ഈ ഹദീഥ് കേള്‍ക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് അതിനര്‍ഥം. എന്നാല്‍ നാലാമത്തെ പ്രയോഗമായ ‘അന്‍’ നേര്‍ക്കു നേരെയുള്ള സംപ്രേക്ഷണം ഉറപ്പുവരുത്തുന്നില്ല. ഒരാള്‍ പറഞ്ഞതായി മറ്റൊരാളില്‍നിന്ന് അറിഞ്ഞാലും ‘അന്‍’ എന്ന് പ്രയോഗിക്കാവുന്നതാണ്. അത്തരം പ്രയോഗങ്ങളുള്ള ഇസ്‌നാദുകളുള്‍ക്കൊള്ളുന്ന ഹദീഥുകള്‍ മുത്തസ്വിലാണെന്ന് ഉറപ്പിക്കുവാനാവുകയില്ല. അങ്ങനെ പറഞ്ഞ നിവേദകനും (ശിഷ്യന്‍) അയാള്‍ ആരില്‍നിന്നാണോ അത് ഉദ്ധരിക്കുന്നത് അയാളും (ഗുരു) പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തിട്ടുേണ്ടായെന്നുകൂടി പരിശോധിച്ചതിനുശേഷമാണ് അത്തരം ഹദീഥുകളുടെ സ്വീകാര്യത നിര്‍ണയിക്കുക. അതിനായി അവര്‍ രണ്ടു പേരുടെയും ജീവിതകാലവും ജനനമരണത്തീയതികളും ജീവിച്ച സ്ഥലങ്ങളും പഠനസമ്പ്രദായങ്ങളുമെല്ലാം അപഗ്രഥിക്കപ്പെടുന്നു. ഗുരുവും ശിഷ്യനും സമകാലികരാണെങ്കില്‍ ഒരാളില്‍നിന്ന് മറ്റേയാള്‍ കേട്ടിരിക്കുവാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി, അവരുടെ സത്യസന്ധതകൂടി കണക്കിലെടുത്ത് അവയെ മുത്തസ്വിലായി പരിഗണിക്കുകയും അല്ലെങ്കില്‍ മുന്‍ക്വത്വിഅ് ആയി മാറ്റിനിര്‍ത്തപ്പെടുകയുമാണ് ചെയ്യുന്നത്.

ഒരാള്‍ മറ്റൊരാളില്‍ നിന്ന് കേട്ടുവെന്ന് പറയുമ്പോള്‍ രണ്ടു പേരും അല്‍പകാലമെങ്കിലും ഒന്നിച്ചുണ്ടാവണമെന്നതുകൊണ്ടാണ് പരസ്പരം കണ്ടുമുട്ടിയിട്ടില്ലെന്ന് ഉറപ്പുള്ളവര്‍ ഒരു ഹദീഥ് സനദിന്റെ ശൃംഖലയില്‍ അടുത്ത കണ്ണികളായുണ്ടെങ്കില്‍ അത്തരം ഹദീഥുകളെ മുറിഞ്ഞ ഇസ്‌നാദോടുകൂടിയുള്ളതായി പരിഗണിച്ച് മാറ്റിനിര്‍ത്തപ്പെടുന്നത്. നിവേദകന്‍മാര്‍ ജീവിച്ചിരുന്ന കാലവും ബന്ധപ്പെടാനുള്ള സാധ്യതയും മാത്രമല്ല, അവര്‍ യഥാര്‍ഥത്തില്‍ ഹദീഥ് കൈമാറിയിട്ടുണ്ടോ എന്നു കൂടി സൂക്ഷ്മമായി പരിശോധിക്കുവാന്‍ പണ്ഡിതന്‍മാര്‍ പരിശ്രമിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായിട്ടാണ് ‘തമസ്‌കരണ’ത്തെ (തദ്‌ലീസ്)ക്കുറിച്ച ചര്‍ച്ചകളുണ്ടായത്. ഒരു നിവേദകന്‍ ഇന്നയാള്‍ പറഞ്ഞു(ക്വാല)വെന്നോ ഇന്നയാളിന്‍ പ്രകാരം (അന്‍) എന്നോ പറഞ്ഞുകൊണ്ട് പറഞ്ഞ വ്യക്തിയില്‍ നിന്ന് താന്‍ അത് കേട്ടിട്ടുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും യഥാര്‍ഥത്തില്‍ അയാള്‍ പറഞ്ഞത് മറ്റൊരാള്‍ ഉദ്ധരിച്ചതാണ് താന്‍ കേട്ടതെന്ന വസ്തുത മറച്ചുവെക്കുകയും ചെയ്യുന്നതിനാണ് ‘തദ്‌ലീസ്’ എന്നു പറയുക.C  നിവേദനം ചെയ്യുന്നത് A പറഞ്ഞുവെന്നാണ്; പക്ഷേ, C കേട്ടിരിക്കുന്നത് Aയില്‍ നിന്ന് നേരിട്ടല്ല; പ്രത്യുത A പറഞ്ഞതായി B യില്‍നിന്നാണ്. Bയുടെ പേര് മറച്ചുവെച്ചുകൊണ്ട് Aയില്‍നിന്ന് താന്‍ കേട്ടുവെന്ന രീതിയില്‍ C പറയുമ്പോള്‍ അത് തദ്‌ലീസായിത്തീരുന്നു. തദ്‌ലീസ് ചെയ്യുന്നവരെ മുദല്ലിസ് എന്നാണ് വിളിക്കുന്നത്. പൊതുവെ വെറുക്കപ്പെട്ടതാണ് തദ്‌ലീസ്. താന്‍ നേരിട്ട് കേട്ട വ്യക്തിയുടെ പേര് മറച്ചുവെക്കുന്നത് അയാള്‍ക്ക് എന്തെങ്കിലും ന്യൂനതയുള്ളതുകൊണ്ടായിരിക്കുമല്ലോ. ന്യൂനത മറച്ചുവെച്ചുകൊണ്ട് ഹദീഥിനെ സ്വീകരിപ്പിക്കുവാനുള്ള ശ്രമമുള്ളതിനാലാണ് തദ്‌ലീസ് വെറുക്കപ്പെട്ടതാവുന്നത്. എന്നാല്‍ തെറ്റായ ലക്ഷ്യങ്ങളോടെയല്ലാതെയും തദ്‌ലീസ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുദല്ലിസുകളെയെല്ലാം അസ്വീകാര്യരായ നിവേദകരുടെ ഗണത്തില്‍ പണ്ഡിതന്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഗുരുവിന് കീഴില്‍ ഹദീഥ് അഭ്യസിച്ചുകൊണ്ടിരിക്കെ പ്രാഥമിക ആവശ്യത്തിനായി പോയ ഒരു ശിഷ്യന് ആ ഗുരു പറഞ്ഞുകൊടുത്ത ഹദീഥ് നേര്‍ക്കുനേരെ കേള്‍ക്കാള്‍ കഴിഞ്ഞിട്ടില്ലെങ്കിലും തന്റെ സഹപാഠികളുടെ സാക്ഷ്യത്തില്‍നിന്ന് അത് ഗുരു പറഞ്ഞുവെന്ന് അയാള്‍ മനസ്സിലാക്കുകയും ഗുരുവില്‍നിന്നാണെന്ന രൂപത്തില്‍ തന്നെ അയാള്‍ നിവേദനം ചെയ്യുന്ന അവസ്ഥയുണ്ടാവാം. തെറ്റായ ലക്ഷ്യത്തിനുവേണ്ടിയല്ലാതെയുള്ള തദ്‌ലീസിനുള്ള ഉദാഹരണമാണിത്. അതുകൊണ്ടുതന്നെ തദ്‌ലീസ് ചെയ്യുന്ന വ്യക്തിയെയും സന്ദര്‍ഭത്തെയും അപഗ്രഥിച്ചുകൊണ്ടു മാത്രമെ മുദല്ലിസ് സ്വീകാര്യനാണോ അല്ലേയെന്ന് തീരുമാനിക്കപ്പെടുകയുള്ളൂ.

തദ്‌ലീസ് പലതരമുണ്ട്. അതിലൊന്നാണ്, തദ്‌ലീസുല്‍ ഇസ്‌നാദ് (സനദിന്റെ തമസ്‌കരണം). ഇത് രണ്ടു രൂപത്തിലുണ്ടാവാം. നടേ പറഞ്ഞതു പോലെയുള്ള സന്ദര്‍ഭങ്ങളില്‍ താന്‍ നേരിട്ട് കേട്ടവരുടെ പേര് പറയേണ്ടതില്ലെന്ന് തോന്നിയതുകൊണ്ടുള്ള തദ്‌ലീസാണ് ഒന്നാമത്തേത്. താന്‍ നേരിട്ട് കേട്ടിട്ടില്ലെങ്കിലും ഗുരു പറഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ടുള്ള തദ്‌ലീസാണിത്. ഇതു ചെയ്യുന്ന മുദല്ലസുകളെ വെറുക്കപ്പെട്ടവരായി ഗണിക്കുന്നില്ല. രണ്ടാമത്തേത് അങ്ങനെയല്ല. ഒരു ഹദീഥിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനായി അതിന്റെ ഇസ്‌നാദിലുള്ള ഏതെങ്കിലുമൊരാളെ ഒഴിവാക്കിക്കൊണ്ട് അവതരിപ്പിക്കുന്ന തദ്‌ലീസാണത്. അത് വെറുക്കപ്പെട്ടതും അതു ചെയ്യുന്ന മുദല്ലിസ് അസ്വീകാര്യനുമാണെന്ന കാര്യത്തില്‍ സംശയമില്ല. ‘തദ്‌ലീസുത്തസ്‌വിയ’യെന്നറിയപ്പെടുന്ന, ഇസ്‌നാദിലുള്ള ദുര്‍ബല വ്യക്തികളെ മറച്ചുവെക്കുന്നവര്‍ അസ്വീകാര്യരും അവരിലൂടെയുള്ള ഹദീഥ് ദുര്‍ബലവുമാണെന്ന് പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.(19) താന്‍ നേര്‍ക്കുനേരെ ഹദീഥ് കേട്ട തന്റെ ഗുരുവിന്റെ യഥാര്‍ഥ നാമം മറച്ചുവെച്ചുകൊണ്ട് സനദില്‍ അപരനാമം ഉപയോഗിക്കുന്നതാണ് തദ്‌ലീസിന്റെ രണ്ടാമത്തെ രൂപം. തദ്‌ലീസുശ്ശുയൂഖ് എന്ന് വിളിക്കുന്ന ഇതാണ് തദ്‌ലീസിന്റെ തീരെ പ്രശ്‌നങ്ങളില്ലാത്ത രൂപം. അപരനാമത്തിലുള്ളയാളുടെ യഥാര്‍ഥ നാമം കണ്ടു പിടിച്ച് അവരെക്കുറിച്ച യാഥാര്‍ഥ്യങ്ങള്‍ ചികഞ്ഞെടുക്കാന്‍ ഹദീഥ് നിദാനശാസ്ത്രജ്ഞന്‍മാര്‍ക്ക് ഏറെ അധ്വാനിക്കേണ്ടി വരുമെന്നതു മാത്രമാണ് ഈ തദ്‌ലീസിനുള്ള കുഴപ്പം.

നിവേദനം ചെയ്ത സ്വഹാബിയാരാണെന്നറിയാത്ത ഹദീഥുകളോടുള്ള നിലപാടെന്തായിരിക്കണമെന്ന കാര്യവും പണ്ഡിതന്‍മാര്‍ ഏറെ ചര്‍ച്ചചെയ്തിട്ടുണ്ട്. നബിﷺപറഞ്ഞതായി നബിﷺയെ നേരില്‍ കണ്ടിട്ടില്ലാത്ത അടുത്ത തലമുറയിലുള്ളയാള്‍- താബിഅ് നിവേദനം ചെയ്യുന്ന ഹദീഥിനെയാണ് ‘മുര്‍സല്‍’ എന്നു പറയുന്നത്. നിവേദനം ചെയ്ത താബിഅ് മറ്റു താബിഈങ്ങളില്‍ നിന്നും സ്വീകരിച്ച നിവേദനമാകാനുള്ള സാധ്യത നിലനില്‍ക്കുന്നതുകൊണ്ട് മുര്‍സലായ ഹദീഥുകള്‍ സ്വീകാര്യമല്ലെന്നാണ് പൊതുവായ പണ്ഡിതാഭിപ്രായം. എന്നാല്‍ പ്രസ്തുത ഹദീഥ് നിവേദനം ചെയ്ത താബിഅ് സത്യസന്ധനും അക്കാര്യത്തില്‍ പ്രശസ്തനുമാണെങ്കില്‍ അത്തരം മുര്‍സലുകള്‍ സ്വീകാര്യയോഗ്യമാണെന്നാണ് ചില പണ്ഡിതന്‍മാരുടെ അഭിപ്രായം. സത്യസന്ധനായ താബിഅ് ഏതെങ്കിലും സ്വഹാബിയില്‍നിന്ന് കേട്ടതുകൊണ്ടായിരിക്കും നബിﷺയെക്കുറിച്ച വൃത്താന്തം അടുത്ത തലമുറക്ക് പറഞ്ഞുകൊടുത്തത് എന്ന് ഉറപ്പുള്ളതുകൊണ്ടാണിത്. സത്യസന്ധനും സദ്‌വൃത്തനുമായ ഒരു താബിഅ് നബിﷺയുടെ പേരില്‍ ബോധപൂര്‍വം ഒരു കള്ളം കെട്ടിച്ചമക്കുകയില്ലല്ലോ. അതേ പോലെത്തന്നെ അമുസ്‌ലിമായിക്കൊണ്ട് പ്രവാചകനെﷺകാണുകയും അദ്ദേഹത്തില്‍ നിന്ന് കേട്ടകാര്യങ്ങള്‍ മുസ്‌ലിമായതിനു ശേഷം നിവേദനം ചെയ്യുകയും ചെയ്ത, പ്രവാചകവിയോഗ ശേഷം ഇസ്‌ലാം സ്വീകരിച്ചവരുടെ നിവേദനങ്ങളായ മുര്‍സലുകളും സ്വീകാര്യമാണെന്നാണ് പണ്ഡിതന്മാരുടെ പക്ഷം.(20) അബൂദാവൂദിന്റെ അല്‍മറാസീല്‍, ഇബ്‌നു അബീ ഹാതിമിന്റെ കിതാബുല്‍ മറാസീല്‍ എന്നീ ഗ്രന്ഥങ്ങള്‍ മുര്‍സലായ ഹദീഥുകളുടെ സമാഹാരവും അവയുടെ സ്വീകാര്യതയെ സംബന്ധിച്ച പഠനവുമാണ് ഉള്‍ക്കൊള്ളുന്നത്.

ഘട്ടം മൂന്ന്: ഹദീഥുകളുടെ നിവേദകപരമ്പരയെ ബലപ്പെടുത്തുന്ന മറ്റു തെളിവുകള്‍ കണ്ടെത്തുകയും അതിനെ ദൃഢീകരിക്കുകയും ചെയ്യുക.

നിവേദകപരമ്പരയെ ബലപ്പെടുത്തുന്ന മറ്റു തെളിവുകള്‍ കണ്ടെത്തുന്നതിന് ദൃഢീകരണം (ഇഅ്തിബാര്‍) എന്നാണ് പറയുക. ഇസ്‌നാദിലുള്ള ഓരോ നിവേദകനെയും ബലപ്പെടുത്തുന്ന തെളിവുകളുണ്ടോയെന്ന അന്വേഷണമാണിത്. ഒരു ഗുരുവില്‍ നിന്ന് ഒരേയൊരു ശിഷ്യന്‍മാത്രം ഒരു ഹദീഥ് നിവേദനം ചെയ്യുകയും പ്രസ്തുത ഹദീഥ് പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കില്‍, അങ്ങനെ ചെയ്യുമ്പോള്‍ സദസ്സിലുണ്ടായിരുന്നിരിക്കേണ്ട മറ്റൊരാളും അത് നിവേദനം ചെയ്യാതിരിക്കുകയും പ്രസ്തുത ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ നിവേദകന്റെ വിശ്വാസ്യതയാണ് തകരുന്നത്; ഒപ്പം ഹദീഥ് ദുര്‍ബലമായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു.

ഇസ്‌നാദിലെ നിവേദകന്‍മാരെ ദൃഢീകരിക്കുന്നത് രണ്ടു രൂപത്തിലാണ്. ഒരു സ്വഹാബിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീഥിന്റെ നിവേദക പരമ്പരയില്‍ എവിടെയെങ്കിലും ഒന്നിലധികം നിവേദകന്‍മാരുണ്ടെങ്കില്‍ അവരിലൂടെ മറ്റൊരു ഇസ്‌നാദില്‍ അതേ ഹദീഥ് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണമാണ് ഒന്നാമത്തേത്. അങ്ങനെയുണ്ടെങ്കില്‍ അതിന് പൊരുത്തം (മുതാബഅ) എന്നു പറയുന്നു. ഒരു സ്വഹാബിയില്‍ നിന്ന് ഒരു പ്രത്യേകമായ ഇസ്‌നാദോടുകൂടി നിവേദനം ചെയ്തിട്ടുള്ള ഹദീഥ് മറ്റൊരു സ്വഹാബിയില്‍ നിന്ന് മറ്റൊരു ഇസ്‌നാദോടുകൂടി നിവേദനം ചെയ്തിട്ടുണ്ടോയെന്ന അന്വേഷണമാണ് രണ്ടാമത്തേത്. അങ്ങനെയുണ്ടെങ്കില്‍ ഒന്നാമത്തെ ഹദീഥിന്റെ സാക്ഷി (ശാഹിദ്) ആണ് രണ്ടാമത്തെ ഹദീഥ് എന്ന് പറയാവുന്നതാണ്. മുതാബഅ നിവേദക പരമ്പരയെയും ശാഹിദ് ഹദീഥിനെയും ബലപ്പെടുത്തുന്നുവെന്നാണ് ഹദീഥ് നിദാനശാസ്ത്രജ്ഞര്‍ പറയുക. ഇസ്‌നാദിന്റെ ന്യൂനതകള്‍ പരിഹരിക്കാവുന്ന യാതൊരു തെളിവുകളുമില്ലെങ്കില്‍ അത്തരം ഹദീഥുകളെ അസ്വീകാര്യമായാണ് ആദ്യകാല ഹദീഥ് പണ്ഡിതന്‍മാര്‍ കണ്ടിരുന്നത്. ‘സ്വീകരിക്കാന്‍ പറ്റാത്തത്’ എന്ന അര്‍ഥത്തില്‍ അവര്‍ അവയെ ‘മുന്‍കര്‍’ എന്നു വിളിച്ചു മാറ്റിവെച്ചു. ദൃഢീകരിക്കുന്ന തെളിവുകളൊന്നുമില്ലെങ്കിലും ഒരു ഹദീഥ് സ്വീകാര്യമായ മറ്റു നിവേദകന്‍മാരുടെ ഹദീഥിലെ ആശയവുമായി പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ അത് സ്വീകാര്യമാണെന്നാണ് പണ്ഡിതന്‍മാര്‍ വിധിച്ചത്. എന്നാല്‍ പ്രസിദ്ധനല്ലാത്ത ഒരു നിവേദകന്‍ ഇമാം സുഹ്‌രിയെപ്പോലെയുള്ള പ്രസിദ്ധനും പ്രഗല്‍ഭനുമായ ഒരു ഹദീഥ് പണ്ഡിതനില്‍ നിന്ന് ഒരു ഹദീഥ് നിവേദനം ചെയ്യുകയും അത് ധാരാളം വരുന്ന അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളൊന്നും അറിയാതെ പോവുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് മുന്‍കറിന്റെ ഗണത്തിലാണ് ഉള്‍പ്പെടുക.(21)

ഒരു നിവേദകനിലൂടെ നിരവധി ഹദീഥുകള്‍ ഉദ്ധരിക്കപ്പെടുകയും അവയിലധികവും ദൃഢീകരിക്കപ്പെടുന്ന തെളിവുകളാല്‍ സമൃദ്ധവുമാണെങ്കില്‍ അയാളിലൂടെയുള്ള ദൃഢീകരിക്കപ്പെടാത്ത ഹദീഥുകളും സ്വീകരിക്കാമെന്നാണ് പണ്ഡിതാഭിപ്രായം. ഇമാമുമാര്‍ സുഹ്‌രി, മാലിക്ക്, ഇബ്‌നുല്‍ മുബാറക്, ഖുതൈബതുബ്‌നു സഈദ് എന്നിവരിലൂടെ നിവേദനം ചെയ്യപ്പെട്ട ഹദീഥുകളെ ഇമാം ബുഖാരിയെയും ഇബ്‌നു ആമിയെയും പോലെയുള്ള പണ്ഡിതന്‍മാര്‍ അവഗാഢമായ അപഗ്രഥനത്തിന് വിധേയമാക്കുകയും അവരിലൂടെയുള്ള ദൃഢീകരിക്കപ്പെടാത്ത ഹദീഥുകളും സ്വീകാര്യമാണെന്ന തീരുമാനത്തിലെത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. നിഷേധിക്കാനാവാത്ത തെളിവുകളാല്‍ സ്വീകാര്യമെന്ന് നിദേവകന്‍മാരിലൂടെ ഉദ്ധരിക്കപ്പെട്ട ദൃഢീകരിക്കപ്പെടാത്ത ഹദീഥുകളെ ‘സ്വീകാര്യമായ അപൂര്‍വ’ (സ്വഹീഹ് ഗരീബ്) ഹദീഥുകള്‍ എന്നാണ് വിളിക്കുന്നത്. നിവേദക പരമ്പരയില്‍ മുഴുവന്‍ ഘട്ടങ്ങളിലോ ചിലതിലോ ഒരാള്‍ മാത്രമായിപ്പോകുന്ന ഹദീഥുകള്‍ക്കാണ് ‘ഗരീബ്’ എന്നു പറയുക. ദൈവദൂതന്‍ ശിരോകവചം ധരിച്ച് മക്കയില്‍ പ്രവേശിക്കുകയും മുസ്‌ലിംകളുടെ ഗൂഢശത്രുവായിരുന്ന ഇബ്‌നുഖത്താലിനെ വധിക്കുവാന്‍ കല്‍പിക്കുകയും ചെയ്തു(22)വെന്ന ഹദീഥ് ഉദാഹരണം. ഇതിന് അനസ്ബ്‌നു മാലിക്  സുഹ്‌രി മാലിക് ബ്‌നുഅനസ് എന്ന ഒരേയൊരു ഇസ്‌നാദ് മാത്രമെയുള്ളുവെങ്കിലും ഈ ശൃംഖലയിലുള്ള മൂന്നുപേരും ദൃഢീകരണം ആവശ്യമില്ലാത്ത വിധം പ്രസിദ്ധരായതിനാല്‍ അത് സ്വീകാര്യമാണെന്നാണ് പണ്ഡിതമതം. എന്നാല്‍ ഹദീഥുകള്‍ നിവേദനം ചെയ്യുന്ന കാര്യത്തില്‍ സൂക്ഷമതയില്ലാത്തവരായ ഒരാളെങ്കിലും ഇസ്‌നാദിലുണ്ടാവുകയും അതിന് ദൃഢീകരിക്കാനാവുന്ന മറ്റു തെളിവുകള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ ഹദീഥ് അസ്വീകാര്യമാണെന്നാണ് (മുന്‍കര്‍) വിധി.

സംശയം ജനിപ്പിക്കാത്ത ഇസ്‌നാദോടുകൂടി നിവേദനം ചെയ്യപ്പെട്ട ഹദീഥുകളെപ്പോലും നിഷ്‌കൃഷ്ടമായ അപഗ്രഥനത്തിന് വിധേയമാക്കുവാന്‍ ഹദീഥ് നിദാനശാസ്ത്രജ്ഞര്‍ സന്നദ്ധമായിട്ടുണ്ട്. ഒരേ ഹദീഥിന്റെ വ്യത്യസ്ത നിവേദനങ്ങളെ താരതമ്യം ചെയ്ത് നിവേദകര്‍ക്ക് സംഭവിച്ച സ്വാഭാവികവും മാനുഷികവുമായ പാളിച്ചകളെപ്പോലും പുറത്തുകൊണ്ടുവരുവാനുള്ള അവരുടെ കഠിനാധ്വാനം വിലമതിക്കാനാവാത്തതാണ്. ഇത്തരം പാളിച്ചകളെയാണ് ‘ഇലല്‍'(ന്യൂനതകള്‍) എന്നു പറയുക. ഹിജ്‌റ 385ല്‍ അന്തരിച്ച ഇമാം അബുല്‍ ഹസന്‍ അലിയ്യിബിന്‍ ഉമര്‍ അല്‍ ദാറഖുത്‌നിയുടെ പതിനൊന്ന് വാല്യങ്ങളുള്ള ഇലല്‍ ഗ്രന്ഥമാണ് ഇലലുകളെക്കുറിച്ച് വിശദമായി അപഗ്രഥിക്കുന്നവയില്‍ ഏറ്റവും പ്രസിദ്ധമായത്.

ഇസ്‌നാദുകള്‍ പരിശോധിച്ചതോടൊപ്പം തന്നെ ഹദീഥിന്റെ ആശയപ്രധാന ഭാഗമായ മത്‌നും ഹദീഥ് പണ്ഡിതന്‍മാരുടെ അപഗ്രഥനത്തിന് വിധേയമായിട്ടുണ്ട്. ഭാഷാസാഹിത്യത്തിന് യോജിക്കാത്തവിധം താഴ്ന്ന നിലവാരത്തിലുള്ള പദപ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ വ്യാഖ്യാനത്തിന് സാധ്യമല്ലാത്ത വിധം പ്രാഥമികബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവാത്തതോ അനുഭവത്തിനും സാക്ഷ്യത്തിനും എതിരായതോ നിയമങ്ങളിലും സ്വഭാവഗുണങ്ങളിലുമുള്ള പൊതുതത്ത്വങ്ങള്‍ക്ക് വിരുദ്ധമായതോ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സ്പഷ്ടമായ കാര്യങ്ങളോട് യോജിക്കാത്തതോ ഇസ്‌ലാമിക നിയമ വ്യവസ്ഥയുടെ ആത്മാവിന് നിരയ്ക്കാത്തവിധം നീചമായ കാര്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതോ അല്ലാഹുവിന്റ നടപടിക്രമങ്ങള്‍ക്ക് എതിരായ പരാമര്‍ശങ്ങളുള്‍ക്കൊള്ളുന്നതോ മാന്യന്‍മാര്‍ക്ക് ചെയ്യാന്‍ മടിയുള്ള നികൃഷ്ട ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ ക്വുര്‍ആനിനോടോ സ്ഥിരീകരിക്കപ്പെട്ട സുന്നത്തിനോടോ പണ്ഡിതന്‍മാരുടെ ഐകകണ്‌ഠേനയുള്ള അഭിപ്രായമായ ഇജ്മാഇനോടോ വ്യാഖ്യാനത്തിന് സാധ്യമല്ലാത്തവിധം എതിരായതോ നബിൃയുടെ കാലത്തെ ചരിത്രത്തിന് വിരുദ്ധമായതോ ചെറുതും നിസ്സാരവുമായ കര്‍മങ്ങള്‍ക്ക് വളരെ വലിയ പ്രതിഫലമോ കഠിനശിക്ഷയോ ഉണ്ടെന്ന് വിളംബരം ചെയ്യുന്നതോ ആയ ഹദീഥുകളെ അസ്വീകാര്യമായവയുടെ ഗണത്തിലാണ് ആദ്യകാലം മുതല്‍ തന്നെ പണ്ഡിതന്‍മാര്‍ ഉള്‍പ്പെടുത്തിപ്പോന്നിട്ടുള്ളത്. അഥവാ ഇവയൊക്കെ വ്യാജ ഹദീഥുകളുടെ ലക്ഷണങ്ങളായി കണ്ടിരുന്നുവെന്ന് സാരം. എന്നാല്‍ കേവലബുദ്ധിയുടെയോ യുക്തിയിടെയോ മാത്രം അടിസ്ഥാനത്തിലുള്ള നടപടിയായിരുന്നില്ല ഇത്. നബിൃക്ക് ദിവ്യബോധനമായി ലഭിക്കുന്ന അറിവുകളെ മനുഷ്യയുക്തിയുടെ ചട്ടകള്‍ക്കുള്ളില്‍ ഒതുക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ ‘മത്‌ന്’ അപഗ്രഥിച്ചുകൊണ്ട് ഹദീഥുകളുടെ സ്വീകാര്യതയെപ്പറ്റി അഭിപ്രായം പറയുന്നതിന് മുമ്പ് തങ്ങള്‍ മനസ്സിലാക്കിയതല്ലാത്ത അര്‍ഥങ്ങളെന്തെങ്കിലും അതിനുണ്ടോയെന്നും വ്യാഖ്യാനിക്കുവാന്‍ പഴുതുകളെന്തെങ്കിലും അവശേഷിക്കുന്നുണ്ടോയെന്നും വിശദമായി അവര്‍ പരിശോധിച്ചിരുന്നു. മത്‌ന് വിമര്‍ശനത്തിലൂടെ മാത്രമായി ഹദീഥുകള്‍ തള്ളിക്കളയുകയെന്നതിലുപരിയായി അവയുടെ ഇസ്‌നാദുകള്‍ കൂടി പരിശോധിക്കുകയും അവ അസ്വീകാര്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തശേഷം മാത്രമാണ് അത്തരം ഹദീഥുകള്‍ സ്വീകരിക്കാതെ മാറ്റിനിര്‍ത്തപ്പെട്ടത്. മത്‌നില്‍ തകരാറുള്ളതുകൊണ്ട് സ്വീകരിക്കാതിരുന്ന ഹദീഥുകള്‍ക്കുള്ള ഉദാഹരണമായി പറയപ്പെടുന്നവയെല്ലാം ദുര്‍ബലമായ ഇസ്‌നാദോടുകൂടിയവയാണ്. പ്രബലമായ ഇസ്‌നാദോടെ നിവേദനം ചെയ്യപ്പെട്ട ഹദീഥുകളിലൊന്നിലും തള്ളപ്പെടേണ്ട തരത്തിലുള്ള മത്‌നുകളുള്ളതായി ഹദീഥ് പണ്ഡിതന്‍മാര്‍ കരുതിയിരുന്നില്ലന്നര്‍ഥം.

അസ്വീകാര്യമായ ഹദീഥുകളെ കുറിക്കുവാന്‍ ആദ്യകാലത്ത് ഉപയോഗിക്കപ്പെട്ട രണ്ടു പ്രയോഗങ്ങളായിരുന്നു ‘മുന്‍കര്‍’ (അസ്വീകാര്യം), ‘ലയ്‌സ ലഹു അസ്‌ല്’ (അതിന് അടിത്തറയൊന്നുമില്ല) എന്നിവ. ഇമാം മാലിക്കിന്റെ കാലം മുതല്‍ തന്നെ സ്വഹീഹ് (പ്രാമാണികം), ദ്വഈഫ് (ദുര്‍ബലം) എന്നീ ശബ്ദങ്ങളുപയോഗിച്ച് ഹദീഥുകളെ വര്‍ഗീകരിക്കാനാരംഭിച്ചിരുന്നു. ഹദീഥുകളുടെ ദൃഢീകരണത്തിന്റെ അടിസ്ഥാനത്തില്‍ മശ്ഹൂര്‍ (സുപ്രസിദ്ധം) എന്നും മുന്‍കര്‍ (അസ്വീകാര്യം) എന്നും തിരിച്ചു കൊണ്ടുള്ള വര്‍ഗീകരണവും അക്കാലത്തു തന്നെ നിലവിലുണ്ടായിരുന്നു. സ്വഹീഹ്, മശ്ഹൂര്‍ എന്നീ പ്രയോഗങ്ങള്‍ സ്വീകാര്യതയെയും ദ്വഈഫ്, മുന്‍കര്‍ എന്നിവ അസ്വീകാര്യതയെയും കുറിക്കുന്നു. ഒരു ഋജുവായ (ആദില്‍) നിവേദകന്‍ അതേപോലെത്തന്നെ സത്യസന്ധനായ നിവേദകനില്‍ നിന്ന് എന്ന രൂപത്തില്‍ പ്രവാചകന്‍ വരെ നീളുന്ന മുറിയാത്ത സനദോടു കൂടിയത്(23) എന്നാണ് സ്വഹീഹായ ഹദീഥിന് ഇമാം ഇബ്‌നു ഖുസൈമ തന്റെ സ്വഹീഹില്‍ നല്‍കിയിട്ടുള്ള നിര്‍വചനം. സ്വഹീഹായ ഹദീഥിനെക്കുറിച്ച് ഇമാം ശാഫി പറയുന്നത് ഇങ്ങനെയാണ്: ”ഓരോ നിവേദകനും അയാളുടെ മതത്തില്‍ ആത്മാര്‍ഥതയുള്ളവനാകണം; നിവേദനത്തില്‍ സത്യസന്ധനും. എന്താണ് നിവേദനം ചെയ്യുന്നതെന്ന് വ്യക്തമായി അറിയുന്നവനും വ്യത്യസ്ത പ്രയോഗങ്ങള്‍ വഴി ഭാഷയിലുണ്ടാകുന്ന അര്‍ഥവ്യത്യാസത്തെക്കുറിച്ച് ബോധവാനും അക്ഷരം പ്രതി ഉദ്ധരിക്കുന്നവനുമായിരിക്കണം അയാള്‍. വ്യത്യസ്ത പ്രയോഗങ്ങള്‍വഴി ഭാഷയിലുണ്ടാകുന്ന അര്‍ഥവ്യത്യാസത്തെക്കുറിച്ച് മനസ്സിലാകാത്തയാളാണെങ്കില്‍ തന്റെ പ്രയോഗങ്ങള്‍ വഴി താന്‍ അനുവദനീയമായതിനെ വിരോധിക്കുന്നുണ്ടോയെന്നോ നിഷിദ്ധമായതിനെ അനുവദനീയമാക്കുന്നുണ്ടോയെന്നോ അറിയാന്‍ അയാള്‍ക്ക് കഴിയില്ലെന്നതു കൊണ്ടാണിത്. ഹദീഥില്‍ നിന്ന് താന്‍ മനസ്സിലാക്കിയതെന്തോ അതല്ല, താന്‍ എന്ത് കേട്ടോ അത് അയാള്‍ നിവേദനം ചെയ്യുമ്പോള്‍ ഹദീഥില്‍ അര്‍ഥവ്യത്യാസമുണ്ടാവുകയില്ല. തന്റെ ഓര്‍മയില്‍ നിന്നെടുത്ത് നിവേദനം ചെയ്യുന്നയാളാണെങ്കില്‍ നല്ല ഓര്‍മശക്തിയുള്ളയാളും രേഖകളില്‍ നിന്ന് ഉദ്ധരിക്കുന്നയാളാണെങ്കില്‍ രേഖാസംരക്ഷണത്തില്‍ അതീവശ്രദ്ധയുള്ളയാളുമാകണം അയാള്‍. അറിയപ്പെട്ട ഹദീഥ് നിവേദകന്‍മാരുടെ നിവേദനത്തില്‍ പരാമര്‍ശിക്കപ്പെട്ട വിഷയമാണ് അയാള്‍ നിവേദനം ചെയ്ത ഹദീഥിലുള്ളതെങ്കില്‍ അതുമായി വൈരുധ്യം പുലര്‍ത്താത്ത വിധം യോജിപ്പുള്ളതാവണം. താന്‍ നേര്‍ക്കു നേരെ കേട്ടിട്ടില്ലാത്തത് കേട്ടുവെന്ന് വരുത്തിത്തീര്‍ത്ത് നിവേദനം ചെയ്യുന്ന മുദല്ലിസോ പ്രവാചകനില്‍ നിന്ന് വിശ്വസ്തമായ പരമ്പരയോടു കൂടി നിവേദനം ചെയ്യപ്പെട്ട വചനങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ നിവേദനം ചെയ്യുന്നയാളോ ആകരുത് അയാള്‍. ഇവിടെ പറഞ്ഞ രീതിയിലുള്ള നിവേദകന്‍മാര്‍ മാത്രമുള്ള നബിൃ വരെയെത്തുന്ന മുറിയാത്ത ശൃംഖലയോടു കൂടിയ ഇസ്‌നാദുള്ള ഹദീഥുകളാണ് സ്വഹീഹ്”.(24)

ആദ്യകാലത്തെ ഹദീഥ് വിഭജനത്തില്‍ സ്വഹീഹ്, ദ്വഈഫ് എന്നിങ്ങനെ മാത്രമെയുണ്ടായിരുന്നുള്ളൂ. നടേപറഞ്ഞ ഗുണഗണങ്ങളുള്ളവ സ്വഹീഹും അല്ലാത്തവ ദ്വഈഫും എന്ന രൂപത്തിലായിരുന്നു വര്‍ഗീകരിക്കപ്പെട്ടിരുന്നത്. ഇസ്‌നാദിന്റെ നിഷ്‌കൃഷ്ടമായ പരിശോധനയില്‍ ചെറിയ പ്രശ്‌നങ്ങളുള്ളവ പോലും ദ്വഈഫായാണ് വിലയിരുത്തപ്പെട്ടിരുന്നത്. അതുകൊണ്ടാണ് പ്രബലമായ മറ്റു തെളിവുകള്‍ ലഭ്യമല്ലെങ്കില്‍ ദ്വഈഫായ ഹദീഥുകളുടെ അടിസ്ഥാനത്തില്‍ മതവിധി നിര്‍ണയിക്കാമെന്ന് ഇമാം അഹ്മദ് ബിന്‍ ഹന്‍ബല്‍ അഭിപ്രായപ്പെട്ടത്. സ്വഹീഹായ ഇസ്‌നാദില്ലെങ്കിലും മതവിധി നിര്‍ണയിക്കാന്‍ ഉപയുക്തമായ വിധം വിശ്വസനീയമായത്, പൂര്‍ണമായും അസ്വീകാര്യമായതും ഒഴിവാക്കപ്പെടേണ്ടതുമായത് എന്നിങ്ങനെ രണ്ടുതരം ദ്വഈഫുകളുണ്ടായിരുന്നുവെന്ന് ഇമാം ഇബ്‌നു തൈമിയ വ്യക്തമാക്കുന്നുണ്ട്.(25) ഹിജ്‌റ 279ല്‍ അന്തരിച്ച, ഇമാം ബുഖാരിയുടെ ശിഷ്യനും പ്രസിദ്ധമായ ആറ് ഹദീഥ് ഗ്രന്ഥങ്ങളിലൊന്നിന്റെ കര്‍ത്താവുമായ അബൂഈസാ മുഹമ്മദ്ബിനു ഈസാ അത്തിര്‍മിദിയാണ് സ്വഹീഹിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കിലും മതവിധി നിര്‍ണയിക്കുവാനായി ഉപയോഗിക്കാനാവുന്ന ഹദീഥുകളെ ഹസന്‍ (കുഴപ്പമില്ലാത്തത്) എന്ന പേരില്‍ ആദ്യമായി വിളിച്ചത്. തന്റെ ഹദീഥ് സമാഹാരത്തിന്റെ ആമുഖത്തില്‍ എന്താണ് ഹസനെന്നും എങ്ങനെയുള്ള ഹദീഥുകളെയാണ് ഹസനായി പരിഗണിക്കാനാവുകയെന്നും അദ്ദേഹം വിശദമായി വിവരിക്കുന്നുണ്ട്.(26)‘കളവോ വ്യാജനിര്‍മിതിയോ ആരോപിക്കപ്പെടാത്തവര്‍ മാത്രം ഉള്‍ക്കൊള്ളുന്ന സനദോടു കൂടിയതും യോഗ്യതയുള്ളവരുടെ നിവേദനത്തിന് വിരുദ്ധമായത് (ശാദ്ദ്) അല്ലാത്തതും ഒന്നിലധികം ശൃംഖലയോടെ നിവേദനം ചെയ്യപ്പെട്ടതുമായ ഹദീഥാണ് ‘ഹസന്‍'(27) എന്നാണ് അദ്ദേഹത്തിന്റെ നിര്‍വചനം. ഹസനായ ഹദീഥുകള്‍ രണ്ടുതരമാണെന്നും അശ്രദ്ധരും അമിതമായി അബദ്ധങ്ങള്‍ പിണയുന്നവരും കളവു പറഞ്ഞേക്കാമെന്ന് സംശയിക്കപ്പെടുന്നവരുമല്ലെങ്കിലും അര്‍ഹതയെക്കുറിച്ച് ശരിക്കും അറിയപ്പെട്ടിട്ടില്ലാത്ത ഒരാള്‍ സനദില്‍ ഉള്‍പെട്ടിരിക്കുവാന്‍ സാധ്യതയുള്ളതും അതേപ്രകാരമോ അതിനോട് സമാനമായ രീതിയിലോ വേറെവഴിക്ക് നിവേദനം ചെയ്യപ്പെട്ടതുമായ ഹദീഥുകളും സത്യസന്ധതയിലും വിശ്വസ്തതയിലും പ്രസിദ്ധനാണെങ്കിലും മനഃപാഠത്തിലും സൂക്ഷ്മതയിലും സ്വഹീഹിന്റെ സ്ഥാനം കൈവരിച്ചിട്ടില്ലാത്ത നിവേദകനിലൂടെ കടന്നുവന്നതും ആക്ഷേപവിധേയമാകാത്ത ഇസ്‌നാദോടുകൂടിയതും വിശാസയോഗ്യ നിവേദനങ്ങള്‍ക്ക് വിരുദ്ധമാകാത്തതും കേടുപാടുകളില്ലാത്തതുമായ ‘മത്‌ന്’ ഉള്‍ക്കൊള്ളുന്ന ഹദീഥുകളുമാണ് ‘ഹസന്‍’ ആയി പരിഗണിക്കപ്പെടുന്ന രണ്ട് വിഭാഗങ്ങളെന്ന് ഹദീഥ് പണ്ഡിതനായ ഇബ്‌നുസ്‌സ്വലാഹ് വിശദീകരിച്ചിട്ടുണ്ട്.(28)

ഹദീഥുകളെ അവയുടെ ഇസ്‌നാദിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീകരിച്ചു പഠിക്കുന്നതിനാണ് ‘ഹദീഥ് സാങ്കേതിക വിജ്ഞാനീയം’ (മുസ്ത്വലഹാത്തുല്‍ ഹദീഥ്) എന്നു പറയുക. രണ്ടുതരം ഹദീഥുകളുണ്ട്. അല്ലാഹുവിന്റെ വചനങ്ങളുള്‍ക്കൊള്ളുന്നവയും (ഹദീഥുല്‍ ക്വുദ്‌സി) പ്രവാചക ചര്യയെക്കുറിക്കുന്നവ (ഹദീഥുന്നബവി)യും. പ്രവാചക വചനങ്ങളുള്‍ക്കൊള്ളുന്നവ (ഹദീഥുല്‍ ക്വൗലി), പ്രവാചക കര്‍മങ്ങളെക്കുറിച്ച അനുചരന്‍മാരുടെ വിവരണങ്ങളുള്‍ക്കൊള്ളുന്നവ (ഹദീഥുല്‍ ഫിഅ്‌ലി), പ്രവാചകന്റെ അനുവാദമോ വിരോധമോ രേഖപ്പെടുത്തിയവ (ഹദീഥുത്ത്ക്വ്‌രീര്‍) എന്നിങ്ങനെ മൂന്നായി ഹദീഥുന്നബവി വിഭജിക്കപ്പെട്ടിരിക്കുന്നു. പ്രവാചകനില്‍ നിന്ന് മതം പഠിച്ചവര്‍ എന്ന നിലയ്ക്ക് സ്വഹാബിമാരുടെയും അവരില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കിയവരെന്ന നിലയ്ക്ക് താബിഉകളുടെയും വചനങ്ങള്‍ ഹദീഥ്ഗ്രന്ഥങ്ങളില്‍ കാണാം. പ്രവാചകനില്‍ നിന്നുള്ള നിവേദനത്തെ മര്‍ഫൂഅ് (ഉയര്‍ന്നത് പ്രവാചകനിലേക്ക് ചേര്‍ക്കപ്പെട്ടത്) എന്നും സ്വഹാബിമാരില്‍ നിന്നുള്ളതിനെ മൗക്വൂഫ് (നിലയ്ച്ചത്) എന്നും താബിഉകളില്‍ നിന്നുള്ളതിനെ മക്വ്ത്വൂഅ് (മുറിഞ്ഞത്) എന്നും വിളിക്കുന്നു. ഇസ്‌നാദിന്റെ അടിസ്ഥാനത്തില്‍ അഞ്ചായിട്ടാണ് ഹദീഥുകള്‍ വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നത്. സ്വഹാബിയില്‍ നിന്നും തുടങ്ങി ഹദീഥ്‌ശേഖരിക്കുന്നയാളുവരെ മുറിയാത്ത ശൃംഖലയോടെ നിവേദനം ചെയ്യപ്പെട്ടവ മുസ്‌നദ് (പിന്‍ബലമുള്ളത്) എന്നും താബിഇ പ്രവാചകനിലേക്ക് ചേര്‍ത്തുകൊണ്ട് നിവേദനം ചെയ്തവയെ മുര്‍സല്‍ (ധൃതിയിലുള്ളത്) എന്നും താബിഇന് മുന്‍പുള്ള ഏതെങ്കിലുമൊരാളെ വിട്ടുകളഞ്ഞ് നിവേദനം ചെയ്യപ്പെട്ടവയെ മുന്‍ക്വത്തിഅ് (മുറിഞ്ഞത്) എന്നും തുടര്‍ച്ചയായ ഒന്നിലധികം നിവേദകന്‍മാരെ വിട്ടുപോയ ഇസ്‌നാദോടു കൂടി നിവേദനം ചെയ്യപ്പെട്ടവയെ മുഅ്ദല് (പ്രയാസപ്പെടുത്തുന്നത്) എന്നും തനിക്ക് ഹദീഥ് ലഭിച്ചതെവിടെ നിന്നാണെന്ന് പരാമര്‍ശിക്കാതെ ഉദ്ധരിക്കപ്പെട്ടവയെ മുഅല്ലക്വ് (ചേര്‍ത്തുവെച്ചത്) എന്നും വിളിക്കപ്പെടുന്നു. നിവേദകന്‍മാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും മുതവാത്തിര്‍, ഖബര്‍ ആഹാദ് എന്നിങ്ങനെ രണ്ടായാണ് ഹദീഥുകള്‍ വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നത്. നിവേദക പരമ്പരയിലെ ഓരോകണ്ണിയിലും എണ്ണം ക്ലിപ്തപ്പെടുത്താനാവാത്ത വിധം നിരവധിപേര്‍ ഉള്‍ക്കൊളുന്ന നിവേദനങ്ങള്‍ക്കാണ് മുതവാത്തിര്‍ (ധാരാളമായി നിവേദനം ചെയ്യപ്പെട്ടത്) എന്നു പറയുക. മുതവാത്തിറല്ലാത്ത ഹദീഥുകളെയെല്ലാം ഖബര്‍ ആഹാദ് എന്നു വിളിക്കുന്നു. നിവേദക ശൃംഖലയിലെവിടെയെങ്കിലും ഒരാള്‍ മാത്രമുള്ള ഹദീഥുകളെ ഗരീബ് (അപൂര്‍വം) എന്നും ഇസ്‌നാദില്‍ എല്ലായിടത്തും രണ്ടില്‍ കുറയാത്ത നിവേദകന്‍മാരുള്ളവയെ അസീസ് (സുശക്തം) എന്നും സനദിന്റെ എല്ലാ ഘട്ടങ്ങളിലും മൂന്നില്‍ കുറയാതെ നിവേദകന്‍മാരുള്ളവയെ മശ്ഹൂര്‍ (സുപ്രസിദ്ധം) എന്നും മൂന്നായി ഖബര്‍ വാഹിദ് വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നു. നിവേദനം ചെയ്ത രീതിയുടെ അടിസ്ഥാനത്തില്‍ രണ്ടായാണ് ഹദീഥുകള്‍ വിഭജിക്കപ്പെട്ടിരിക്കുന്നത്. പ്രവാചകന്‍ല മുതല്‍ ഹദീഥ് ശേഖരിച്ചയാള്‍ വരെ ഒരേ രൂപത്തില്‍ ‘ഞാന്‍ കേട്ടു’ (സമിഅ്ത്തൂ)വെന്നോ സമാനമായതോ ആയ പ്രയോഗങ്ങളുപയോഗിച്ച് നിവേദനം ചെയ്യപ്പെട്ടവയാണ് മുസല്‍സല്‍ (ഒരേരൂപത്തില്‍ ഇണക്കപ്പെട്ടത്) എന്നറിയപ്പടുന്നത്. ഏതെങ്കിലുമൊരു നിവേദകന്റെ പേര് മറച്ചുവെച്ചുകൊണ്ട് ഉദ്ധരിക്കപ്പെടുന്നവയാണ് മുദല്ലസ് (മറച്ചുവെക്കപ്പെട്ടത്) എന്നു പറയുന്നത്. ഹദീഥിലുള്ള ആശയത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനമാണ് മറ്റൊന്ന്. സുപ്രസിദ്ധരും യോഗ്യരുമായ നിവേദകന്‍മാര്‍ ഉദ്ധരിച്ച ഹദീഥിലെ ആശയത്തിനെതിരെ വിശ്വസ്തനായ നിവേദകനിലൂടെ വന്ന ഹദീഥാണ് ശാദ്ദ് (ഒറ്റപ്പെട്ടത്്). സ്വീകാര്യമായ സനദോടു കൂടിയ ഒരു ഹദീഥിലെ ആശയത്തിനെതിരുനില്‍ക്കുന്ന ദുര്‍ബലമായ നിവേദക പരമ്പരയിലുള്ള ഹദീഥാണ് മുന്‍കര്‍ (അസ്വീകാര്യമായത്). പ്രവാചകവചനങ്ങള്‍ നിവേദനം ചെയ്യുന്നതിനിടയ്ക്ക് സ്വഹാബിയുടെയോ നിവേദകന്റെയോ വചനങ്ങള്‍ കൂടിക്കലരുന്നതിനാണ് മുദ്‌റജ് (കടത്തിക്കൂട്ടപ്പെട്ടത്) എന്ന് പറയുക. സ്വീകാര്യതയുടെ വെളിച്ചത്തില്‍ മൂന്നായാണ് ഹദീഥുകള്‍ വിഭജിക്കപ്പെട്ടിരിക്കുന്നത്. സത്യസന്ധരും മതനിഷ്ഠരും വിശ്വസ്തരും ഓര്‍മശക്തിയുള്ളവരും മറക്കാന്‍ സാധ്യതയില്ലാത്തവരുമായ നിവേദകന്‍മാര്‍ മാത്രം ഉള്‍ക്കൊള്ളുന്നതും നിവേദക ശൃംഖലയില്‍ കണ്ണികള്‍ക്കൊന്നും കേടുപാടുകളൊന്നുമില്ലാതെ പ്രവാചകന്‍ﷺ വരെ എത്തുന്നതും പ്രബലരായ നിവേദകരിലൂടെ വന്ന ഹദീഥുകളുടെ ആശയത്തിനെതിരാകാത്തതുമായ ഹദീഥുകളാണ് സ്വഹീഹ് (പ്രബലമായത്) എന്നറിയപ്പെടുന്നത്. സ്വഹീഹിന്റെ നിബന്ധനകള്‍ പാലിക്കപ്പെട്ടവയെങ്കിലും ഓര്‍മക്കുറവ് പോലെയുള്ള ചെറിയ ന്യൂനതകളുള്ള നിവേദകന്‍മാര്‍ ഉള്‍പ്പെട്ട പരമ്പരയുള്ള ഹദീഥുകളാണ് ഹസന്‍ (കുഴപ്പമില്ലാത്തത്). സ്വഹീഹോ ഹസനോ അല്ലാത്തവയെല്ലാം ദ്വഈഫായ (ദുര്‍ബലം) ഹദീഥുകളാണ്. ആരൊക്കെയോ നിര്‍മിക്കുകയും നബിﷺയുടെ പേരില്‍ ആരോപിക്കുകയും ചെയ്തതാണെന്ന് ഉറപ്പുള്ള ദുര്‍ബല ഹദീഥുകളാണ് മൗദ്വൂഅ് (കല്‍പിതം) എന്നറിയപ്പെടുന്നത്.

സ്വഹീഹും ദ്വഈഫും  മൗദ്വൂഉമായ ഹദീഥുകളെ വേര്‍തിരിച്ച് പഠിപ്പിക്കുന്നതിനായി ഹദീഥ് പണ്ഡിതന്‍മാര്‍ ത്യാഗപൂര്‍ണമായ പരിശ്രമങ്ങളാണ് ചെയ്തത്. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം എന്നീ സ്വഹീഹായ ഹദീഥുകള്‍ മാത്രമുള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങള്‍ ഈ പരിശ്രമത്തിന്റെ ഫലമായിരുന്നു. ജാമിഉത്തിര്‍മിദി, സുനനുന്നസാഈ, സുനനു അബീദാവൂദ്, സുനനു ഇബ്‌നുമാജ, മുസ്‌നദുല്‍ ഇമാം അഹ്മദ്, മുവത്വഅ് മാലിക്കുബ്‌നു അനസ് തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം സ്വഹീഹായ ഹദീഥുകളെക്കുറിച്ച് പഠിപ്പിക്കുവാനും അങ്ങനെ നബിചര്യ അനുധാവനം ചെയ്യുന്നത് എളുപ്പമാക്കുന്നതിനും വേണ്ടി രചിക്കപ്പെട്ടവയാണ്. അതോടൊപ്പം തന്നെ വ്യാജ ഹദീഥുകളെപ്പറ്റി ബോധവല്‍ക്കരിക്കുന്നതിനും അതില്‍ നിന്ന് ജനങ്ങളെ അകറ്റുന്നതിനും വേണ്ടിയുള്ള പരിശ്രമങ്ങളും ഹദീഥ് പണ്ഡിതന്‍മാരുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഹിജ്‌റ 414ല്‍ അന്തരിച്ച അബൂസഈദ് അന്‍ നഖ്ഖാഷ് ഇസ്ബഹാനി മൗദൂആയ ഹദീഥുകള്‍ ക്രോഢീകരിച്ചുകൊണ്ട് ഒരു ഗ്രന്ഥമെഴുതിയിരുന്നതായി ഇമാം ദഹബി വ്യക്തമാക്കുന്നുണ്ട്. ഹിജ്‌റ 507ല്‍ അന്തരിച്ച മുഹമ്മദ്ബ്ന്‍ താഹിര്‍ അല്‍ മക്വ്ദസിയുടെ തദ്കിറത്തുല്‍ മൗദ്വൂആത്ത്, ഹിജ്‌റ 597ല്‍ അന്തരിച്ച ഇബ്‌നുല്‍ ജൗസിയുടെ കിത്താബുല്‍ മൗദ്വൂആത്ത്, ഹി: 728ല്‍ അന്തരിച്ച ഇബ്‌നുതൈമിയയുടെ അഹാദീക്വുസ്സ്വാസ്വ്, ഹിജ്‌റ 911ല്‍ അന്തരിച്ച ജലാലുദ്ദീന്‍ അസ്‌സുയൂത്വിയുടെ അല്‍ലആലി ഉല്‍മന്‍സൂഅ തുടങ്ങിയവ, വ്യാജഹദീഥുകളെ വേര്‍തിരിച്ച് പഠിപ്പിക്കുന്നതിനു വേണ്ടിയുള്ള പണ്ഡിതപരിശ്രമത്തിന്റെ ഫലമായി പുറത്തുവന്ന രചനകളാണ്.

സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹു മുസ്‌ലിമുമൊഴിച്ചുള്ള ഗ്രന്ഥങ്ങളിലെല്ലാം സ്വഹീഹും ഹസനും ദ്വഈഫുമായ ഹദീഥുകള്‍ കൂടിക്കലര്‍ന്നാണ് കിടക്കുന്നതെന്നതിനാല്‍ ഹദീഥുകളുടെ അടിസ്ഥാനത്തില്‍ മതവിധി നിര്‍ണയിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏറെ പണിപ്പെടേണ്ടതുണ്ടായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കിയത് ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച മഹാപ്രതിഭാശാലിയായ ഹദീഥ് പണ്ഡിതന്‍ മുഹമ്മദ് നാസിറുദ്ദീന്‍ അല്‍ അല്‍ബാനിയാണ് (ഹിജ്‌റ 1332  1420). അദ്ദേഹത്തിന്റെ പതിനൊന്ന് വാല്യങ്ങളുള്ള സില്‍സിലത്തുല്‍ അഹാദീഥിസ്സ്വഹീഹ എന്നറിയപ്പെടുന്ന ഗ്രന്ഥം സ്വഹീഹായ ഹദീഥുകളെ ക്രോഢീകരിക്കുന്നതിനായുള്ള ശ്രമഫലമായി പുറത്തുവന്ന രചനയാണ്. പതിനാല് വാല്യങ്ങളുള്ള സില്‍സിലത്തുല്‍ അഹാദീഥിദ്ദ്വഈഫയില്‍ നിലവിലുള്ള ഹദീഥ് ഗ്രന്ഥങ്ങളിലെ ദ്വഈഫായ ഹദീഥുകള്‍ ക്രോഢീകരിക്കുകയും എന്തുകൊണ്ടാണ് അവയെ ദ്വഈഫായി പരിഗണിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സ്വഹീഹു വ ദ്വഈഫു സുനനി അബീദാവൂദ്, സ്വഹീഹു വ ദ്വഈഫു സുനനിത്തിര്‍മിദി, സ്വഹീഹു വ ദ്വഈഫു സുനനി ഇബ്‌നിമാജ തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ തുടങ്ങിയ ഗ്രന്ഥങ്ങളിലെ സ്വഹീഹും ദ്വഈഫും വേര്‍തിരിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

ഹദീഥുകളുടെ ഇസ്‌നാദുകള്‍ പരിശോധിച്ച് നബിജീവിതത്തില്‍ സംഭവിച്ചതെന്തൊക്കെയെന്ന് സമഗ്രമായി അപഗ്രഥിക്കുന്നതിനായി നാലു നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഭഗീരഥ പ്രയത്‌നത്തിന്റെ ഫലമായി രൂപീകരിക്കപ്പെട്ട ഉസ്വൂലുല്‍ ഹദീഥിനെപ്പോലെ ശാസ്ത്രീയവും സുക്ഷ്മവുമായി ഒരു വ്യക്തിത്വത്തിന്റെ ചരിത്രപരത പരിശോധിക്കുവാന്‍ പറ്റിയ മറ്റേതെങ്കിലും മാര്‍ഗങ്ങളുണ്ടോയെന്ന ചോദ്യത്തിന് സത്യസന്ധമായി നല്‍കാനാവുന്ന ഉത്തരം ഇല്ലയെന്നു തന്നെയാണ്. ഇസ്‌നാദുകളുടെ പരിശോധന അബദ്ധജഡിലമാണെന്ന് വാദിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഹദീഥ് നിദാനശാസ്ത്രം അബന്ധങ്ങളാല്‍ സ്ഥാപിക്കപ്പെട്ടതാണെങ്കില്‍ കുറ്റാന്വേഷണത്തിനുപയോഗിക്കുന്ന മാര്‍ഗങ്ങളും അന്വേഷണാത്മക പത്രപ്രവര്‍ത്തകന്റെ രീതികളുമെല്ലാം അബദ്ധജഡിലമാണെന്ന് വാദിക്കേണ്ടി വരും. ചരിത്രവിമര്‍ശനത്തിന്റെ രീതിയല്ല ഉസ്വൂലുല്‍ ഹദീഥിന്റേത് എന്ന കാരണത്താല്‍ മാത്രം അത് അബദ്ധമാകുന്നതെങ്ങനെയെന്ന് വിശദീകരിക്കുവാന്‍ അതിന്റെ ഉപകരണങ്ങളുപയോഗിച്ച് ഇസ്‌നാദിനെ വെല്ലുവിളിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. പ്രസ്തുത ബാധ്യത നിര്‍വഹിക്കപ്പെടാത്തിടത്തോളം ഉസ്വൂലുല്‍ ഹദീഥിനെ വെല്ലുവിളിക്കുന്നവരാണ് തങ്ങള്‍ എന്ന് അവകാശപ്പെടാന്‍ ഓറിയന്റലിസ്റ്റുകള്‍ക്കോ അവര്‍ നല്‍കിയ തെളിവുകളുപയോഗിച്ച് ഹദീഥ് വിമര്‍ശനം നടത്തുന്നവര്‍ക്കോ അര്‍ഹതയില്ല. ഹദീഥുകളെ നിഷേധിച്ചുകൊണ്ട് നബിൃയുടെ ചരിത്രപരതയെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ തങ്ങള്‍ കുഴിച്ച കുഴിയില്‍ തന്നെ വീണുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത് എന്ന വാസ്തവം മനസ്സിലാക്കുന്നില്ല. ആധുനിക ചരിത്രത്തിന്റെ രേഖീകരണത്തിനു പോലും വാഗ്ചരിതത്തിന്റെ (Oral History) സഹായമാവശ്യമുണ്ടെന്ന ചരിത്രരേഖീകരണ ശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായത്തെ അവര്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നറിയാന്‍ കൗതുകമുണ്ട്. ഹദീഥുകളുടെ ഇസ്‌നാദിന് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന തകരാറുകളെല്ലാം വാഗ്ചരിത്രത്തിനുമുണ്ടെന്ന് അതിന്റെ ഉപകരണങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും.(29) ഇസ്‌നാദിനെ നിഷേധിക്കുന്നവര്‍ക്ക് ആധുനിക ചരിത്രത്തെപ്പോലും നിഷേധിക്കേണ്ടിവരുമെന്ന് സാരം.

  • കുറിപ്പുകൾ
    1. Dr. Jonathan AC Brown: A Brief history of Hadith Collection and Criticism (www.yo utube.com/watch?v=cxuebxgixhs)
    2. Nicholas Grimal: A history of Ancient Egypt, Hobocom NJ, 1994,p. 199-293.
    3. ഉല്‍പത്തി 12:10-20.
    4. ഉല്‍പത്തി 40:1-41:57.
    5. പത്തൊന്‍പതാം രാജവംശത്തിലെ രാംസെസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്താണ് മോശെ ജീവിച്ചതെന്ന് കരുതപ്പെടുന്നു.
    6. ഡോ. മുഹമ്മദ് മുസ്തഫ അല്‍ അഅ്ദ്വമിയുടെStudies in Early Hadith Literature,മുഹമ്മദ് സുബൈര്‍ സിദ്ദീഖിയുടെHadith Literature,ഒരു സംഘം ലേഖകരുടെ Hadith and Sunnah; Ideals and Realities,ജോനാഥന്‍ എ.സി ബ്രൗണിന്റെ Hadith: Muhammad’s Legacy in the Medieval and Modern World, ഡോക്ടര്‍ മുസ്തഫസ്‌സബാഈയുടെ സുന്നത്തും ഇസ്‌ലാം ശരീഅത്തില്‍ അതിന്റെ സ്ഥാനവും, ഡോ. അബൂ അമീനാ ബിലാല്‍ ഫിലിപ്‌സിന്റെ Usool Al Hadith, The Methodology of Hadith Evaluation തുടങ്ങിയ ഗ്രന്ഥങ്ങള്‍ വായിക്കുക.
    7. Hugo De Burgh: Investigative Journalism, Context and Practice, Newyork, 2000, Page 68-88.
    8. ഇമാം ദഹബിയുടെ തദ്കിറതുല്‍ ഹുഫ്ഫാദില്‍ നിന്ന് ഡോ. മുസ്ത ഫസ്‌സബാഈ ഉദ്ധരിച്ചത്. പുറം. 32. (ഇതിന്റെ പരമ്പര വിഛിന്നമാണെന്ന് ഹദീഥ് നിരൂപണ പണ്ഡിത്ന്‍മാര്‍ അഭിപ്രായപെട്ടിട്ടുണ്ട്. അബൂബക്കര്‍(റ)നെ നേരില്‍ കണ്ടിട്ടില്ലാത്ത വ്യക്തിയാണ് അദ്ദേഹത്തില്‍ നിന്നുമിത് റിപ്പോര്‍ട്ടു ചെയ്യുന്നത് എന്നതാണ് പ്രസ്തുത വിമര്‍ശനം)
    9. സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ആദാബ്.
    10. സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇല്‍മ്.
    11. സ്വഹീഹു മുസ്‌ലിം, കിതാബു ഫദാഇലിസ്‌സ്വഹാബഃ.
    12. സ്വഹീഹു മുസ്‌ലിം, മുഖദ്ദിമ, ബാബുല്‍ ഇസ്‌നാദി മിനദ്ദീനി.
    13. സ്വഹീഹു മുസ്‌ലിം, മുഖദ്ദിമ, ബാബുല്‍ ഇസ്‌നാദി മിനദ്ദീനി.
    14. Quated by Janathan AC Brown: Hadith Muhammad’s Legacy in the Medieval and Modern World, Page 78.
    15. Ibid.
    16. Muhammed Zubair Siddiqui: Hadith Literature, Page 82, 83.
    17. Scott C. Luas: Constructive critics; Hadith Literature and the Articulation of Sunni Islam: The Legacy of the generation of Ibn Saa’d, Ibn Mahm and Ibn Hanbal, Netherlands, 2004, Page 143-156.
    18. സ്വഹീഹു മുസ്‌ലിം, മുഖദ്ദിമ.
    19. Abu Ameena Bilal Philips; Usool Al Hadith, the Methodology of Hadith Evaluation, UAE, Page 82, 83.
    20. Mohammed Adil Davis: The Science of Authenticating the prophet’s Traditions, Cape Town, 1998, Page 77, 78.
    21. സ്വഹീഹു മുസ്‌ലിം, മുഖദ്ദിമ.
    22. ജാമിഉത്തിര്‍മിദി, കിതാബുല്‍ ജിഹാദ്, ബാബ് മാജാഅ ഫില്‍ മിഗ്്ഫാര്‍.
    23. ഇമാം ഇബ്‌നു ഖുസൈമയുടെ സ്വഹീഹ് ഇബ്‌നു ഖുസൈമ (വാല്യം 1, പുറം3) യില്‍ നിന്ന് ജോനാഥന്‍ എ.സി.ബ്രൗണ്‍ ഉദ്ധരിച്ചത്: Jonathan A.C. Brown: Hadith Page 101.
    24. Majid Kadduri: Al-Shafi’s Risala, Cambridge, 2008 Page 239-240.
    25. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ: മജ്മൂഉല്‍ ഫതാവാ, വാല്യം 18, പുറം 23.
    26. Abu Khaliyl: Introduction to Jami’at At Tirmidhi,”English Translation of Jami At Tirmidhi, Vol. 1 Page 28, 29.
    27. ജാമിഉത്തിര്‍മിദി, കിതാബുല്‍ ഇലല്‍.
    28. ഡോ. മുസ്തഫസ്‌സബാഇ ഉദ്ധരിച്ചത്. സുന്നത്തും ഇസ്‌ലാം ശരീഅത്തില്‍ അതിന്റെ സ്ഥാനവും, പുറം 56.
    29. http://dohistory.org/on-your-own/toolkit/oral History.html.
    print