ഇസ്രാഅ് കെട്ടുകഥയാണോ?

/ഇസ്രാഅ് കെട്ടുകഥയാണോ?
/ഇസ്രാഅ് കെട്ടുകഥയാണോ?

ഇസ്രാഅ് കെട്ടുകഥയാണോ?

തന്നെ അല്ലാഹു ഒറ്റരാത്രി കൊണ്ട് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍നിന്ന് ഫലസ്ത്വീനിലെ മസ്ജിദുല്‍ അക്വ്‌സയിലേക്ക് അതിവേഗ നിശാപ്രയാണം (ഇസ്രാഅ്) ചെയ്യിച്ചുവെന്ന മുഹമ്മദ് നബിയുടെ അവകാശവാദം വ്യാജമാണെന്ന് അതുസംബന്ധമായി അദ്ദേഹം നല്‍കിയ വിവരണങ്ങളിലെ കാലാനുചിതത്വത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്. പ്രവാചകന്റെ കാലഘട്ടത്തില്‍ മസ്ജിദുല്‍ അക്വ്‌സ നിലവിലുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഖലീഫ ഉമറിന്റെ  കാലഘട്ടത്തിലാണ് പ്രസ്തുത ആരാധനാലയം നിര്‍മിക്കപ്പെടുന്നത്.’ ഇസ്രാഅ് കെട്ടുകഥയാണെന്നു സ്ഥാപിക്കുവാന്‍ നബിവിമര്‍ശകര്‍ ഉന്നയിക്കുന്ന ഈ ആരോപണത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ

 പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി നിന്നിരുന്ന പിതൃവ്യന്‍ അബൂത്വാലിബും പത്‌നി ഖദീജ(റ)യും പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം മരണപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ് നബി (സ) അങ്ങേയറ്റം ഖിന്നനും സാമൂഹികമായി അരക്ഷിതനുമായിത്തീര്‍ന്നതും മക്കക്കാരുടെ കഠിനശാത്രവത്തില്‍ നിന്ന് രക്ഷയാഗ്രഹിച്ച് അദ്ദേഹം ത്വാഇഫിലെ ഥക്വീഫ് ഗോത്രക്കാര്‍ക്കടുത്തേക്ക് അഭയവും പിന്തുണയുമഭ്യര്‍ത്ഥിച്ച് ചെന്നതും അവര്‍ പ്രവാചകനെ അതിനീചമായ രീതിയില്‍ കല്ലെറിഞ്ഞോടിച്ചു മക്കയിലേക്കു തന്നെ തിരിച്ചയച്ചതും ഇസ്‌ലാമിക ചരിത്രത്തിലെ പ്രസിദ്ധമായ അധ്യായങ്ങളാണ്. ഈ സാഹചര്യത്തില്‍ നബി(സ)ക്ക് അളവറ്റ സാന്ത്വനവും ആത്മവിശ്വാസവും പകരുകയും മാനവരില്‍ മഹോന്നതനും പ്രവാചകന്‍മാരുടെ നേതാവുമായി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തുകൊണ്ട് അല്ലാഹു നടത്തിയ അത്യത്ഭുകരമായ ഇടപെടലായിരുന്നു ഇസ്രാഉം മിഅ്‌റാജും.

ഒരു രാത്രിയില്‍ മക്കയില്‍ നിദ്രയിലേക്കു ചായുകയായിരുന്ന നബി(സ)യെ അതിവേഗം ജറൂസലേമിലേക്ക് സഞ്ചരിപ്പിച്ചു കൊണ്ടുപോവുകയും (ഇസ്‌റാഅ്) അവിടെനിന്ന് ആകാശലോകത്തേക്കുയര്‍ത്തി അവിടുത്തെ കാഴ്ചകള്‍ കാണിക്കുകയും (മിഅ്‌റാജ്) ചെയ്തശേഷം തിരിച്ചു ജറൂസലേമിലേക്കും ആ രാത്രി പുലരുന്നതിനു മുമ്പുതന്നെ മക്കയിലേക്കുമെത്തിക്കുകയും ചെയ്ത ദിവ്യദൃഷ്ടാന്തം നബിജീവിതത്തില്‍ പ്രവാചകത്വത്തെ സാക്ഷീകരിച്ചുകൊണ്ടുണ്ടായ ഏറ്റവും വലിയ അടയാളങ്ങളില്‍ (മുഅ്ജിസത്ത്) ഒന്നായിരുന്നു

. പ്രവാചകന്റെ (സ) ഇസ്രാഅ് അനുഭവത്തെ പരാമര്‍ശിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ വചനത്തിലും നബി (സ) നല്‍കിയ വിവരണങ്ങളിലും പ്രമാദമായ ഒരു കാലാനുചിതത്വം മുഴച്ചു നില്‍ക്കുന്നുവെന്നും അത് ഇസ്രാഅ് ഒരു കെട്ടുകഥയാണെന്ന് വ്യക്തമാക്കുന്നുവെന്നുമാണ് പല മിഷനറിമാരും ഓറിയന്റലിസ്റ്റുകളും സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുളളത്. ഇസ്രാഇന്റെ സമയത്ത് ഫലസ്ത്വീനില്‍ മസ്ജിദുല്‍ അക്വ്‌സ ഇല്ല എന്നിരിക്കെ എങ്ങനെയാണ് അങ്ങോട്ടു നിശാസഞ്ചാരം നടന്നു എന്ന അവകാശവാദം വിശ്വസനീയമാവുക എന്ന ചോദ്യമാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്. എന്താണ് യാഥാര്‍ത്ഥ്യമെന്ന് നമുക്ക് പരിശോധിക്കാം.

ഇസ്രാഅ് സംബന്ധിയായുള്ള ക്വുര്‍ആന്‍ വചനത്തിന്റെ സാരം ഇങ്ങനെയാണ്. ”തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അക്വ്‌സയിലേക്ക് -അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.”(1)

സംഭവത്തിന്റെ വിശദാംശങ്ങള്‍ പ്രബലമായ ഹദീഥുകളിലുണ്ട്. നബി (സ) മക്കയില്‍ ഖുറയ്ശികള്‍ പുനര്‍നിര്‍മിച്ച കഅ്ബയുടെ ചാരത്തുള്ള ഹിജ്‌റില്‍ ആയിരിക്കെയാണ് ഇസ്രാഅ് ആരംഭിച്ചതെന്നു അബ്ബാസുബ്‌നു മാലിക്കും(2) (റ), നബി (സ) ഉണര്‍വ്വിനും ഉറക്കിനുമിടയിലുള്ള ഒരവസ്ഥിയിലായിരിക്കെ ജിബ്‌രീല്‍ കടന്നുവന്ന്, കഴുതയെക്കാള്‍ വലതും കോവര്‍ കഴുതയെക്കാള്‍ ചെറുതുമായിരുന്ന, വെള്ള നിറത്തിലുള്ള ബുറാക്വ് എന്ന സവിശേഷ മൃഗത്തിന്റെ പുറത്തിരുത്തി കാഴ്ചയെത്തുന്നേടത്ത് കാലെത്തുന്ന അതിവേഗതയിലാണ് ഇസ്രാഇന് കൊണ്ടുപോയതെന്ന് അനസ്ബ്‌നു മാലിക്കും(3) (റ) പ്രവാചകനെ ഉദ്ധരിച്ചു പറഞ്ഞത് ആധികാരികമായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.

ഇങ്ങനെ പുറപ്പെട്ട യാത്ര ‘ബയ്തുല്‍ മക്വ്ദിസില്‍’ എത്തിയെന്നും അവിടെ ബുറാക്വിനെ തളച്ചശേഷം താന്‍ രണ്ടു റക്അത്ത് നമസ്‌കരിച്ചുവെന്നും നബി (സ) പറഞ്ഞതായി അനസ്ബ്‌നു മാലിക്കില്‍ നിന്നു തന്നെയുള്ള മറ്റൊരു നിവേദനത്തിലുണ്ട്.(4) ഇസ്രാഈല്‍ സമുദായത്തിന്റെ ജീവിതസിരാകേന്ദ്രമായിരുന്ന ജറൂസലേമിലുള്ള ബയ്തുല്‍ മക്വ്ദിസില്‍ വെച്ച് പൂര്‍വപ്രവാചകന്‍മാരായ അബ്രഹാം, മോശെ, യേശു എന്നിവരുമായുള്ള ആത്മീയ സമാഗമത്തിന് അല്ലാഹു തനിക്ക് അവസരമൊരുക്കിയെന്നും താന്‍ അവരുടെ സംഘപ്രാര്‍ത്ഥനയുടെ നേതാവായി നിശ്ചയിക്കപ്പെട്ടുവെന്നും നബി (സ) വ്യക്തമാക്കിയതായി അബൂ ഹുറയ്‌റ(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന മറ്റൊരു ഹദീഥില്‍(5) നിന്നു മനസ്സിലാക്കാം.

ഇസ്രാഅ് കഴിഞ്ഞ് മക്കയില്‍ തിരിച്ചെത്തി നബി (സ) കഅ്ബക്കരികില്‍ നില്‍ക്കുമ്പോള്‍ രാപ്രയാണത്തെക്കുറിച്ചു കേട്ട മക്കക്കാര്‍ ചോദ്യങ്ങളുമായി വളഞ്ഞുവെന്നും കഥനം സത്യമാണെന്നു തെളിയിക്കാന്‍ ബെയ്തുല്‍ മക്വ്ദിസിന്റെ ചില വിശദാംശങ്ങള്‍ -അല്‍പനേരം മാത്രം അവിടെ ചെലവഴിച്ചൊരാള്‍ക്ക് നല്‍കുവാനാകാത്തത്ര സൂക്ഷ്മമായവ- പറയാന്‍ ആവശ്യപ്പെട്ടുവെന്നും അപ്പോള്‍ അല്ലാഹു നബി(സ)ക്ക് മുന്നില്‍ ബയ്ത്തുല്‍ മക്വ്ദിസ് പ്രദര്‍ശിപ്പിച്ചുവെന്നും അതുനോക്കി അദ്ദേഹം അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കിയെന്നും അതേ ഹദീഥില്‍ തന്നെ സുതരാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

മക്കയിലെ കഅ്ബക്കരികില്‍ നിന്ന് ഫലസ്ത്വീനിലെ മസ്ജിദുല്‍ അക്വ്‌സ എന്നോ ബെയ്തുല്‍ മക്വ്ദിസ് എന്നോ പറയപ്പെടുന്ന സ്ഥലത്തേക്കാണ് ഇസ്രാഅ് നടന്നതെന്നാണ് നബി (സ) വിശദീകരിച്ചതെന്ന കാര്യം മേല്‍ പരാമര്‍ശിച്ച ക്വുര്‍ആന്‍ വാക്യത്തില്‍ നിന്നും ഹദീഥുകളില്‍ നിന്നും സ്പഷ്ടമാണ്. ആരാധനകള്‍ നടക്കുന്ന ഇടത്തിനാണ് ഇവിടെ യഥാക്രമം ‘മസ്ജിദ്’ എന്നോ ‘ബയ്ത്ത്’ എന്നോ പ്രയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന കാര്യം വ്യക്തമാണ്. ‘മസ്ജിദ്’ എന്നാല്‍ ഭാഷാപരമായി ‘സാഷ്ടാംഗസ്ഥാനം’ എന്നും ‘ബയ്ത്ത്’ എന്നാല്‍ ഭവനം എന്നുമാണ് അര്‍ത്ഥം. ‘അക്വ്‌സാ’ എന്നാല്‍ വിദൂരമായത്/അങ്ങേയറ്റത്തുള്ളത് എന്നും ‘മക്വ്ദിസ്’ എന്നാല്‍ വിശുദ്ധമായത് എന്നുമാണ് ഭാഷാ വിവക്ഷ. ദൈവാരാധനക്കുവേണ്ടി സ്ഥാപിച്ചിട്ടുള്ളതില്‍വെച്ച് മക്കയില്‍ നിന്നേറ്റവും വിദൂരമായ ഒരു സാഷ്ടാംഗസ്ഥാനം/ആരാധനാ കേന്ദ്രം ജറൂസലേമില്‍ സ്ഥിതി ചെയ്യുന്നുവെന്നും കഅ്ബയില്‍ നിന്ന് അങ്ങോട്ടാണ് നബി(സ)യുടെ രാസഞ്ചാരം നടന്നതെന്നും ചുരുക്കം. ഏതാണ് ഈ ആരാധന കേന്ദ്രം? അത് നിര്‍മിച്ചത് ഖലീഫ ഉമറിന്റെ ഭരണകാലത്താണോ? നമുക്ക് അന്വേഷിക്കുക!

ഇസ്രാഇനെക്കുറിച്ചുള്ള ക്വുര്‍ആന്‍ വചനം നബി (സ) പാരായണം ചെയ്തു കേള്‍പ്പിക്കുന്നത് ഹിജാസിലെ തന്റെ സമകാലീനരെയാണ്. അവരില്‍ വിശ്വാസികള്‍ക്കു പുറമെ അവിശ്വാസികളായ ബഹുദൈവാരാധകരുമുണ്ട്. ഇസ്രാഇനെക്കുറിച്ച് നബി (സ) സ്വന്തം ഭാഷയില്‍ വിവരിക്കുന്നതും അവരോടു തന്നെയാണ്. ഇസ്രാഇനെക്കുറിച്ചുള്ള പ്രവാചകന്റെ (സ) കഥനം സ്വീകരിക്കുവാന്‍ സന്നദ്ധമാകാതെ അതിനെ കെട്ടുകഥയാക്കി മുദ്രകുത്തുകയും നബിനിഷേധം തുടരുകയുമാണ് അവിശ്വാസികളായ അദ്ദേഹത്തിന്റെ സമകാലീനര്‍ സ്വാഭാവികമായും ചെയ്തത്.

ഇസ്രാഇനെയും മിഅ്‌റാജിനെയും കുറിച്ചുള്ള പ്രവാചകാഖ്യാനത്തെ അപ്പടി തല്‍ക്ഷണം സ്വീകരിക്കുവാന്‍ സന്നദ്ധനായതിന്റെ പേരിലാണ് പ്രവാചകന്റെ ആത്മമിത്രം അബൂബക്‌റിന് ‘സ്വിദ്ദീക്വ്’ (വിശ്വസ്തത പുലര്‍ത്തുന്നയാള്‍) എന്ന അപരാഭിധാനം ലഭിച്ചത് എന്നു പറയുമ്പോള്‍, എത്ര വലിയ അവിശ്വസനീയതയോടെയാണ് ഇവ്വിഷയകമായ നബിവചനങ്ങളെ മക്ക എതിരേറ്റതെന്നു വ്യക്തമാകുന്നുണ്ട്. ‘ഇതും വിശ്വസിച്ചോ’ എന്ന മട്ടില്‍ അവിശ്വാസം മുറ്റുന്ന കണ്ണുകളുമായി തന്നെ സമീപിച്ച് ”അദ്ദേഹം രാത്രിയില്‍ ജറൂസലേമില്‍ പോയി പുലരുന്നതിനുമുമ്പ് തിരിച്ചെത്തിയെന്ന് പറയുന്നതിനെ താങ്കള്‍ക്കംഗീകരിക്കാനാകുന്നതെങ്ങനെ” എന്നു ചോദിച്ചവരോട് അബൂബക്ര്‍ പറഞ്ഞ ഈ മറുപടിയാണ് അദ്ദേഹത്തെ ‘സ്വിദ്ദീക്വ്’ ആക്കിയതെന്നാണ് ചരിത്രം പറയുന്നത്: ”അതെ! നിശ്ചയമായും ഞാന്‍ അദ്ദേഹം പറയുന്ന അതിനെക്കാള്‍ അത്ഭുതകരമായ കാര്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടല്ലോ. രാവിലെയോ ദിനാന്ത്യത്തിലോ അദ്ദേഹത്തിന് ആകാശത്തുനിന്ന് വൃത്താന്തങ്ങളെത്തുന്നുവെന്ന് ഞാന്‍ അംഗീകരിക്കുന്നില്ലേ?”(6)

ദൈവിക വെളിപാടുകള്‍ കൊണ്ടനുഗ്രഹിക്കപ്പെട്ട പ്രവാചകന്‍ പ്രപഞ്ചനാഥന്‍ സംവിധാനിച്ച ഒരു അമാനുഷിക സഞ്ചാരത്തിന് തെരഞ്ഞെടുക്കപ്പെടുന്നതില്‍ യാതൊരു അസാംഗത്യവുമില്ലെന്ന, യുക്തിഭദ്രമായ ബോധ്യമാണ് അബൂബക്‌റിനെ ഇവിടെ നയിക്കുന്നത്. ഇസ്രാഅ് നടന്നുവെന്നംഗീകരിക്കുവാന്‍ വിസമ്മതിച്ച ഒരു വലിയ ആള്‍കൂട്ടം മക്കയിലുണ്ടായിരുന്നുവെന്നും അവരുടെ ‘പ്രശ്‌നവല്‍കരണങ്ങള്‍’ പ്രവാചകത്വം അംഗീകരിക്കുന്നുണ്ടോ ഇല്ലേ എന്നതാണ് അടിസ്ഥാന ചോദ്യമെന്നും അതംഗീകരിക്കുന്നവര്‍ക്ക് ഇസ്രാഅ് വാര്‍ത്ത അംഗീകരിക്കാതിരിക്കാനാവില്ലെന്നുമുള്ള അബൂബക്‌റിനെ പോലുള്ളവരുടെ സമര്‍ത്ഥനങ്ങള്‍ക്കുമുന്നില്‍ ബുദ്ധിപരമായി പരാജയപ്പെട്ടുവെന്നുമാണ് ഈ സംഭാഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

ഒരു രാത്രികൊണ്ട് ഇത്രയധികം ദൂരം താണ്ടാനാകില്ല എന്നതായിരുന്നു അവിശ്വാസികളുടെ ‘പോയിന്റ്’ എന്നു സാരം. സാധാരണ നിയമങ്ങളെ മറികടന്നുകൊണ്ടുള്ള സവിശേഷമായ ഒരു ദൈവിക ഇടപെടലാണ് ‘ഇസ്രാഅ്’ എന്നതുകൊണ്ടു തന്നെ ആ പോയിന്റിന് സംവാദങ്ങളില്‍ പിടിച്ചുനില്‍ക്കാനാകുമായിരുന്നില്ല. എന്നാല്‍ പ്രവാചകകഥനത്തില്‍ ‘കാലാനുചിതത്വം’ ഉണ്ടായിരുന്നെങ്കില്‍ ഇസ്രാഅ് വൃത്താന്തം കള്ളമാണെന്നു തെളിയിക്കുവാന്‍ അത് തീര്‍ത്തും ഉപയുക്തമാകുമായിരുന്നു. ഫലസ്ത്വീന്‍ ഉള്‍ക്കൊള്ളുന്ന അന്നത്തെ ‘ശാം’ പ്രവിശ്യയിലേക്ക് നിരന്തരമായി കച്ചവടയാത്ര പോയിരുന്നവരായിരുന്നു മക്കയിലെ അറബികള്‍; ഫലസ്ത്വീന്‍ അതുകൊണ്ടു തന്നെ അവര്‍ക്ക് ചിരപരിചിതവുമായിരുന്നു. ഫലസ്ത്വീനില്‍ ഒരു മസ്ജിദുല്‍ അക്വ്‌സ/ബെയ്തുല്‍  മക്വ്ദിസ് ഇല്ലായിരുന്നുവെങ്കില്‍ നബബവിവരണങ്ങളെ ‘പൊളിക്കുവാന്‍’ അവര്‍ക്ക് വളരെ എളുപ്പമായിരുന്നു. എന്നിട്ടെന്തുകൊണ്ട് അവരിലൊരാള്‍ പോലും അക്കാര്യമുന്നയിച്ചില്ല?

ഫലസ്ത്വീനിന് മതപരവും വംശീയവുമായ വിശുദ്ധി കല്‍പിക്കുന്ന ജൂതന്‍മാര്‍ സമൃദ്ധമായിരുന്ന മദീനയിലേക്കാണ് നബി(സ)യും ശിഷ്യന്‍മാരും ഇസ്രാഅ് നടന്ന് ഏതാനും കാലത്തിനകം ഹിജ്‌റ പോകുന്നത്. ഇസ്രാഅ്-മിഅ്‌റാജ് കഥകള്‍ ജൂതന്‍മാരുമായി സ്വാഭാവികമായും മുസ്‌ലിംകളുടെ വിശ്വാസത്തിന്റെ ഭാഗമായി വിനിമയം ചെയ്യപ്പെട്ടു. എന്നിട്ടും ഒരു ജൂതന്‍പോലും ഒരിക്കല്‍ പോലും എന്തുകൊണ്ട് ഏത് ബയ്ത്തുല്‍ മക്വ്ദിസ്/ഏതു മസ്ജിദുല്‍ അക്വ്‌സ എന്നു ചോദിച്ച് പ്രവാചകനരികിലേക്കു വന്നില്ല?

ബെയ്തുല്‍ മക്വ്ദിസ്/മസ്ജിദുല്‍ അക്വ്‌സ എന്ന പേരിലുള്ള ഒരാരാധനാസ്ഥാനം പ്രവാചകകാലത്തുതന്നെ ഫലസ്ത്വീനിലുണ്ടായിരുന്നുവെന്നും ഹിജാസിലെ ജൂതന്‍മാരും ബഹുദൈവാരാധകരുമടക്കം അതിനെക്കുറിച്ചറിവുള്ളവരുമായിരുന്നുവെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. പ്രവാചകന്റെ ഇസ്രാഅ് വിവരണത്തെ ചോദ്യം ചെയ്യാന്‍ കഅ്ബക്കരികില്‍ അദ്ദേഹത്തിനു ചുറ്റുംകൂടിയ മക്കന്‍ ബഹുദൈവാരാധകര്‍ ബെയ്തുല്‍ മക്വ്ദിസിന്റെ വിശദാംശങ്ങള്‍ പറഞ്ഞ് കഥയുടെ ആധികാരികത തെളിയിക്കുവാന്‍ അദ്ദേഹത്തെ വെല്ലുവിളിച്ചുവെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ഫലസ്ത്വീന്‍ യാത്ര നടത്തിയവരും ബയ്ത്തുല്‍ മക്വ്ദിസ് നേരിട്ടുകണ്ടവരുമായ അനേകര്‍ അക്കൂട്ടത്തിലുണ്ടായിരുന്നുവെന്നാണല്ലോ!

യഥാര്‍ത്ഥത്തില്‍, വിമര്‍ശകരില്‍ ചിലരെങ്കിലും ധരിച്ചുവശായിട്ടുള്ളതുപോലെ ഇസ്രാഅ് വിവരണത്തില്‍ മാത്രം നബി (സ) പരാമര്‍ശിച്ച ഒന്നല്ല ഫലസ്ത്വീനിലെ വിശുദ്ധ മസ്ജിദ്. അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങളിലും അനുചരന്‍മാരുടെ ജീവിതവ്യവഹാരങ്ങളിലും നിരന്തരം കടന്നുവന്നിരുന്ന ഒരു റഫറന്‍സ് പോയിന്റ് ആയിരുന്നു അത്. മിഅ്‌റാജിന്റെ അവസരത്തിലാണ് ദിനേന അഞ്ചുനേരം നിര്‍ദ്ദിഷ്ടരീതിയില്‍ നമസ്‌കാരം നിര്‍വഹിക്കേണ്ടത് എല്ലാ മുസ്‌ലിംകള്‍ക്കും നിര്‍ബന്ധമാക്കിെക്കാണ്ടുള്ള ദൈവിക കല്‍പന നബി(സ)ക്ക് ലഭിക്കുന്നത്.(7) ഈ നമസ്‌കാരം ബയ്ത്തുല്‍ മക്വ്ദിസിന്റെ ദിശയിലേക്കു തിരിഞ്ഞുകൊണ്ട് നിര്‍വഹിക്കാനായിരുന്നു ദൈവകല്‍പന. തദടിസ്ഥാനത്തില്‍ മദീനാ ജീവിതത്തിന്റെ ആദ്യമാസങ്ങളില്‍ ബയ്ത്തുല്‍ മക്വ്ദിസിലേക്കു തിരിഞ്ഞാണ് മുസ്‌ലിംകള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത്. പിന്നീടാണ് മക്കയിലെ കഅ്ബയുടെ ദിശയിലേക്കു തിരിയുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ക്വുര്‍ആന്‍ വചനം(8) അവതരിപ്പിക്കപ്പെടുന്നതും മുസ്‌ലിംകളുടെ ക്വിബ്‌ല ജറൂസലേമില്‍നിന്ന് മക്കയിലേക്കു മാറുന്നതും.

നബി (സ) മദീനയിലെത്തിയതിനുശേഷം പതിനാറോ പതിനേഴോ മാസങ്ങള്‍ നമസ്‌കാരം ബയ്ത്തുല്‍ മക്വ്ദിസിനു അഭിമുഖമായിട്ടായിരുന്നുവെന്നും ഒരു അസ്വ്ര്‍ നമസ്‌കാരമാണ് കഅ്ബയിലേക്കു തിരിഞ്ഞു ആദ്യമായി നബി(സ)യുടെ നേതൃത്വത്തില്‍ സംഘമായി നിര്‍വഹിക്കപ്പെട്ടതെന്നും പുതിയ ക്വിബ്‌ലക്കഭിമുഖമായി പ്രവാചകന്റെ (സ) കൂടെ ഈ നമസ്‌കാരത്തില്‍ പങ്കെടുത്ത ഒരാള്‍ നമസ്‌കാരം കഴിഞ്ഞു പുറത്തിറങ്ങി മദീനയില്‍ തന്നെയുള്ള മറ്റൊരു പള്ളിക്കരികിലെത്തിയപ്പോള്‍ അവിടെ ക്വിബ്‌ലമാറ്റ വിവരമറിയാതെ ജനങ്ങള്‍ ബയ്ത്തുല്‍ മക്വ്ദിസിന്റെ ദിശയില്‍ തന്നെ നമസ്‌കരിക്കുന്നതു കണ്ടുവെന്നും അപ്പോള്‍ അദ്ദേഹം ഉച്ചത്തില്‍ ക്വിബ്‌ലമാറ്റം വിളംബരം ചെയ്തുവെന്നും അതുകേട്ട ജനങ്ങള്‍ നമസ്‌കരിച്ചുകൊണ്ടിരിക്കെ തന്നെ പുതിയ ക്വിബ്‌ലയിലേക്ക് കൂട്ടമായി തിരിഞ്ഞുവെന്നും പ്രവാചകാനുചരനായ ബറാഉബ്‌നു ആസ്വിബ് (റ) വിശദീകരിച്ചത് ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്.(9) ഇത് നല്‍കുന്ന അറിവെന്താണ്? ജറുസലേമിലെ ബയ്ത്തുല്‍ മക്വ്ദിസിലേക്ക് തിരഞ്ഞുകൊണ്ടാണ് മുസ്‌ലിംകളുടെ നിര്‍ബന്ധ പ്രാര്‍ത്ഥനകള്‍ എന്നകാര്യം പരസ്യമായിരുന്നുവെന്നും മദീനയിലെ പള്ളികള്‍ നിര്‍മിക്കപ്പെട്ടിരുന്നത് ബയ്ത്തുല്‍ മക്വ്ദിസിനുഭിമുഖമായി നമസ്‌കാരം നിര്‍വഹിക്കാനാകുംവിധമായിരുന്നുവെന്നും തന്നെയല്ലേ?

ജറുസലേമിനെക്കുറിച്ച് യഹൂദബൈബിളിന്റെയും തല്‍മൂദിന്റെയുമെല്ലാം വെളിച്ചത്തില്‍ കിറുകൃത്യമായ അറിവുണ്ടായിരുന്ന ജൂതന്‍മാര്‍ക്കു നടുവിലാണിതെല്ലാമെന്നോര്‍ക്കണം. നമസ്‌കാരത്തിനു നേതൃത്വം നല്‍കുന്നയാള്‍ക്ക് (ഇമാം) നില്‍ക്കാന്‍ ആദ്യം ബയ്ത്തുല്‍ മക്വ്ദിസിനഭിമുഖമായി നിര്‍മിക്കപ്പെട്ടിരുന്ന സ്ഥലം (മിഹ്‌റാബ്) കഅ്ബ ക്വിബ്‌ലയായതിനുശേഷവും അതേപടി സംരക്ഷിക്കപ്പെട്ട മദീനയിലെ പള്ളികളിലൊന്നാണ് ‘മസ്ജിദുല്‍ ക്വിബ്‌ലതയ്‌നി’ (രണ്ട് കിബ്‌ലകളുള്ള മസ്ജിദ്) എന്നപേരില്‍ മുസ്‌ലിം ലോകത്ത് കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകാലവും പ്രശസ്തമായിരുന്നു. ഇന്നും മദീനയിലുള്ള ഈ പള്ളിയില്‍നിന്നും അടുത്തകാലത്തുമാത്രമാണ് ഇത് നീക്കം ചെയ്തത്. ഇത് ബനൂ സലമ ഗോത്രക്കാരുടെ പള്ളിയായിരുന്നുവെന്നും പ്രവാചകന്‍ അവിടെയിരിക്കുമ്പോഴാണ് ക്വിബ്‌ല മാറ്റത്തിനുള്ള സന്ദേശം ലഭിച്ച് കഅ്ബയിലേക്കു തിരിഞ്ഞ് നമസ്‌കരിച്ചതെന്നും അതുകൊണ്ടാണ് ഈ പള്ളി സവിശേഷമായ പേരിലും രീതിയിലും നിലനിന്നതെന്നും പറയുന്ന ഒരു പാരമ്പര്യം ഇബ്‌നു സഅദ് രേഖപ്പെടുത്തിയിട്ടുണ്ട്.(10) പ്രസ്തുത പാരമ്പര്യത്തിന്റെ ആധികാരികത എന്തു തന്നെയായിരുന്നാലും, ബയ്ത്തുല്‍ മക്വ്ദിസ് നമസ്‌കാരദിശയായിരുന്ന ഭൂതകാലം മുസ്‌ലിം സമൂഹത്തില്‍ കാലങ്ങള്‍ക്കുശേഷവും എത്ര സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുവെന്ന് അത് ബോധ്യപ്പെടുത്തുന്നുണ്ട്.

ഉമറിന്റെ ഭരണകാലത്തുമാത്രം നിലവില്‍ വന്ന ഒരു കേന്ദ്രത്തിലേക്കു തിരിഞ്ഞ് ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്നാണ് വിമര്‍ശകര്‍ മനസ്സിലാക്കുന്നത്? ‘ഇല്ലാത്ത’ ഒരിടത്തേക്കു തിരിഞ്ഞ് നമസ്‌കരിക്കുന്നതിലെ ‘അനൗചത്യം’ ചൂണ്ടിക്കാട്ടി മുസ്‌ലിംകളെ പരിഹസിക്കുവാന്‍ ഒരു യഹൂദന്‍ പോലും അക്കാലത്ത് രംഗത്തുവരാതിരുന്നത് എന്തുകൊണ്ടാണ്? ജറുസലേമിലെ ബയ്ത്തുല്‍ മക്വ്ദിസ് അന്നുമുണ്ടായിരുന്നുവെന്നതും അതിനെക്കുറിച്ച് അവര്‍ക്കെല്ലാം അറിവുണ്ടായിരുന്നുവെന്നതുമാണ് അതിന്റെ കാരണം. അതുകൊണ്ടാണ് പ്രവാചകാനുചരനായ ബറാഉബ്‌നു ആസ്വിബ് പറഞ്ഞത്: ”യഹൂദന്‍മാരും വേദക്കാരും പ്രവാചകന്‍ നമസ്‌കാരത്തില്‍ ബയ്ത്തുല്‍ മക്വ്ദിസിലേക്കു തിരിയുന്നതില്‍ സന്തുഷ്ടരായിരുന്നു. എന്നാല്‍ നമസ്‌കാരദിശ കഅ്ബയിലേക്ക് അദ്ദേഹം മാറ്റിയപ്പോള്‍ അവര്‍ അതില്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു.”(11)

യഹൂദന്‍മാര്‍ ബയ്ത്തുല്‍ മക്വ്ദിസ് എന്നുകേട്ട് അത്ഭുതപ്പെട്ടില്ലെന്നു മാത്രമല്ല, മുസ്‌ലിംകള്‍ അതിനെ തങ്ങളുടെ ക്വിബ്‌ലയായി സ്വീകരിച്ചതില്‍ ആവേശഭരിതരാവുക കൂടി ചെയ്തുവെന്നാണ് പരാമൃഷ്ട നിവേദനം തെളിയിക്കുന്നത്. വാസ്തവത്തില്‍, ക്വിബ്‌ല മാറ്റം അറിയിച്ചുകൊണ്ടുള്ള ക്വുര്‍ആന്‍ സൂക്തങ്ങളില്‍ തന്നെ അത് യഹുദരില്‍ സൃഷ്ടിച്ച ഭാവഭേദങ്ങളെ സംബന്ധിച്ച സൂചനകളുണ്ട്.
”അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും, പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ക്വിബ്‌ലയായി നിശ്ചയിച്ചത്. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച് മറ്റെല്ലാവര്‍ക്കും അത് ( ക്വിബ്‌ല മാറ്റം ) ഒരു വലിയ പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു. (നബിയേ,) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ക്വിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനി മേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത്. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. വേദം നല്‍കപ്പെട്ടവരുടെ അടുക്കല്‍ നീ എല്ലാവിധ ദൃഷ്ടാന്തവും കൊണ്ട് ചെന്നാലും അവര്‍ നിന്റെ ക്വിബ്‌ലയെ പിന്തുടരുന്നതല്ല. അവരുടെ ക്വിബ്‌ലയെ നീയും പിന്തുടരുന്നതല്ല. അവരില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ ക്വിബ്‌ലയെ പിന്തുടരുകയുമില്ല. നിനക്ക് ശരിയായ അറിവ് വന്നുകിട്ടിയ ശേഷം നീയെങ്ങാനും അവരുടെ ഇച്ഛകളെ പിന്‍പറ്റിയാല്‍ നീയും അതിക്രമകാരികളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.” (2: 143-145)

ഇസ്രഈല്യര്‍ പൂര്‍വിക കാലം മുതല്‍ക്കുതന്നെ വിശുദ്ധമായി ആദരിച്ചിരുന്നതും അറബികളടക്കമുള്ള കച്ചവടയാത്രികര്‍ക്ക് സുപരിചിതമായിരുന്നതും മുഹമ്മദ് നബി(സ)യും അനുയായികളും വിശുദ്ധമായി അംഗീകരിച്ചിരുന്നതുമായ ഫലസ്ത്വീനിലെ ഒരു ആരാധനാ സ്ഥാനം ബയ്ത്തുല്‍ മക്വ്ദിസ് എന്നോ മസ്ജിദുല്‍ അക്വ്‌സ എന്നോ ഉള്ള പേരില്‍ അറേബ്യയിലുടനീളം അറിയപ്പെട്ടിരുന്നുവെന്നും തന്റെ നിശായാത്ര അവിടെയെത്തിയതിനെക്കുറിച്ചാണ് നബി(സ) സംസാരിച്ചതെന്നുമാണ് ഇവയില്‍ നിന്നെല്ലാം അനിഷേധ്യമാംവിധം ബോധ്യപ്പെടുന്നത്. ഏതായിരുന്നു ആ ആരാധാനാസ്ഥാനം? ഇസ്രാഈലി പൂര്‍വപ്രവാചകന്‍മാര്‍ക്ക് നേതൃത്വം നല്‍കി നബി(സ)ക്ക് അവിടെവെച്ച് നമസ്‌കരിക്കുവാനവസരമുണ്ടായതിലെ പ്രതീകാത്മകത സൂചിപ്പിക്കുന്നതുപോലെ ഇസ്രാഈല്‍ സമൂഹത്തില്‍ അവരുടെ പ്രവാചകന്‍മാരാല്‍ പരിപാലിക്കപ്പെട്ടിരുന്ന ആരാധനാകേന്ദ്രമായിരുന്നു ബയ്ത്തുല്‍ മക്വ്ദിസ്. ബൈബിളും ഇസ്‌ലാമിക പ്രമാണങ്ങളും പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും

. മാനവചരിത്രത്തില്‍ പ്രപഞ്ചനാഥനെ ആരാധിക്കുന്നതിനുവേണ്ടി സംവിധാനിക്കപ്പെട്ട രണ്ടാമത്തെ കേന്ദ്രം ബയ്ത്തുല്‍ മക്വ്ദിസ് ആയിരുന്നുവെന്നാണ് മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്, ഒന്നാമത്തേത് മക്കയിലെ കഅ്ബയും. അബൂ ദര്‍റ് (റ) നബി(സ)യോട് ചോദിച്ചു. ”അല്ലാഹുവിന്റെ ദൂതരെ, ഏതുപള്ളിയാണ് ഭൂമുഖത്ത് ആദ്യമായി നിര്‍മിക്കപ്പെട്ടത്?” അദ്ദേഹം പറഞ്ഞു, ”മസ്ജിദുല്‍ ഹറാം.” അബൂ ദര്‍റ് (റ) വീണ്ടും ചോദിച്ചു. ”പിന്നെയേതാണ് നിര്‍മിക്കപ്പെട്ടത്?” അദ്ദേഹം പ്രതിവചിച്ചു,  (ജറുസലേമിലെ) മസ്ജിദുല്‍ അക്വ്‌സാ.”  അബൂ ദര്‍റ് (റ) വീണ്ടും ചോദിച്ചു. ”അവ രണ്ടിന്റെയും നിര്‍മാണങ്ങള്‍ക്കിടയിലെ കാലവിളംബമെത്രയായിരുന്നു?” അദ്ദേഹം പറഞ്ഞു, ”നാല്‍പ്പത് വര്‍ഷം.”(12)

ഭൂമുഖത്ത് ആദ്യമായി നിര്‍മിക്കപ്പെട്ട ദൈവാരാധനാകേന്ദ്രമായ കഅ്ബയില്‍ നിന്ന് രണ്ടാമതായി നിര്‍മിക്കപ്പെട്ട ബയ്ത്തുല്‍ മക്വ്ദിസിലേക്കാണ് പ്രവാചകന്റെ (സ) നിശാപ്രയാണം നടന്നതെന്ന് സാരം. കഅ്ബയാണ് ചരിത്രത്തില്‍ ഒന്നാമതായി നിര്‍മിക്കപ്പെട്ട ദൈവാരാധനാ ഭവനമെന്ന് ക്വുര്‍ആന്‍ തന്നെ പ്രസ്താവിക്കുന്നുണ്ട്.(13) ആദിമനുഷ്യനായ ആദമിന്റെ കാലത്തുതന്നെ ഇവ രണ്ടും നിര്‍മിക്കപ്പെട്ടുവെന്നാണ് പണ്ഡിതന്‍മാര്‍ പൊതുവില്‍ മനസ്സിലാക്കുന്നത്. കഅ്ബയുടെ സ്ഥാനത്ത് പിന്നീടുള്ള പുനര്‍നിര്‍മാണങ്ങളും അതിന്റെ പരിപാലനവുമെല്ലാം ഇബ്‌റാഹീം, ഇസ്മാഈല്‍ പ്രവാചകന്‍മാരുടെയും അവരുടെ സന്തതിപരമ്പരകളായ അറബികളുടെയും കൈകളിലൂടെ നടന്നപ്പോള്‍ ബയ്ത്തുല്‍ മക്വ്ദിസിന്റേത് അതിനുചുറ്റും അധിവസിക്കുന്ന ഇസ്രാഈല്യരിലൂടെ നടന്നുവെന്നു മാത്രമേയുള്ളൂ. ഇസ്രാഈല്യര്‍ക്കുവേണ്ടി ബയ്ത്തുല്‍ മക്വ്ദിസിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയത് അവരുടെ രാജാവും പ്രവാചകനും ആയിരുന്ന സുലൈമാന്‍ (അ) ആയിരുന്നുവെന്ന് നബി(സ) പറഞ്ഞതായി അബ്ദുല്ലാഹിബ്‌നു അംറില്‍ നിന്നുള്ള ഒരു നിവേദനത്തിലുണ്ട്.(14)

സോളമന്‍ നിര്‍മിച്ച ആരാധനാലയം എന്ന നിലയില്‍ തന്നെയാണ് യഹൂദര്‍ ബയ്ത്തുല്‍ മക്വ്ദിസിനെ മനസ്സിലാക്കിയത്. ജൂത-ക്രൈസ്തവ സാഹിത്യങ്ങളിലെ ‘The Temple’ സോളമന്‍ രാജാവിനാല്‍ നിര്‍മിക്കപ്പെട്ട ബയ്ത്തുല്‍ മക്വ്ദിസ് ആണ്. അത് നിര്‍മിക്കപ്പെട്ട ഉയര്‍ന്ന പ്രദേശമാണ് ‘Temple Mount’ എന്ന പേരില്‍ യഹൂദ ക്രൈസ്തവ പാരമ്പര്യത്തില്‍ അറിയപ്പെടുന്നത്. ജറുസലേമില്‍ നേരത്തെതന്നെ വിശുദ്ധ സ്ഥാനമായി മനസ്സിലാക്കപ്പെട്ടിരുന്ന Temple Mountല്‍ സോളമന്‍ രാജാവ് പണിതീര്‍ത്ത ദേവാലയമാണ് ബയ്ത്തുല്‍ മക്വ്ദിസ് എന്ന് യഹൂദപാരമ്പര്യവും ബൈബിള്‍ പഴയനിയമവും തെളിയിക്കുന്നുണ്ട്. ഉല്‍പത്തി പുസ്തകത്തിലെ ‘മോറിയാ ദേശത്തെ മലരുകള്‍'(15) ആണ് സോളമന്റെ ദേവാലയത്തിന്റെ ആസ്ഥാനമെന്ന നിലയില്‍ Temple Mount ആയി മാറിയത്. മോറിയാ പ്രദേശം ‘സൃഷ്ടിയുടെ ആരംഭം’ മുതല്‍ക്കുതന്നെ വിശുദ്ധമായി പ്രഖ്യാപിക്കപ്പെട്ടതായിരുന്നുവെന്നാണ് യഹൂദവിശ്വാസം.(16) ആദമിനെ സൃഷ്ടിക്കാനുതകുന്ന മണ്ണ് കര്‍ത്താവ് ഒരുക്കൂട്ടിയതിവിടെയാണെന്നു വിശ്വസിക്കുന്ന യഹൂദന്‍മാരുണ്ട്.(17) മോറിയാ പ്രദേശത്തിന്റെ വിശുദ്ധിയെക്കുറിച്ച ഈ ധാരണ ബൈബിളെഴുത്തുകാരെ ആഴത്തില്‍ സ്വാധീനിച്ചുവെന്ന് കാണാനാകും. അബ്രഹാമിനോട് കര്‍ത്താവ് പുത്രന്‍ ഇസ്ഹാക്വിനെ മോറിയായിലേക്കു കൊണ്ടുപോയി അവിടെവെച്ച് ബലിയറുക്കാനാവശ്യപ്പെട്ടുവെന്നാണ് ഉല്‍പത്തി പക്ഷം.(18)

മാനവചരിത്രത്തിന്റെ നന്നേ തുടക്കം മുതല്‍ക്കുതന്നെ വിശുദ്ധമായി നിശ്ചയിക്കപ്പെട്ട സ്ഥാനമായി ബയ്ത്തുല്‍ മക്വ്ദിസിന്റെ ഭൂമിയെ ഇസ്‌ലാമിക പാരമ്പര്യത്തെപ്പോലെത്തന്നെ യഹൂദപാരമ്പര്യവും മനസ്സിലാക്കുന്നുവെന്നു ചുരുക്കം. പ്രസ്തുത ഭൂമിയില്‍ പിതാവായ ദാവീദ് എല്‍പിച്ചതുപ്രകാരം സോളമന്‍ അതിഗംഭീരമായ ദേവാലയം ഏറ്റവും മികച്ച പണിത്തരങ്ങളുടെയും പണിക്കാരെയും വെച്ചു നിര്‍മിക്കുകയും അതിന്റെ കേന്ദ്രസ്ഥാനത്ത് മോശെക്ക് കര്‍ത്താവ് കല്‍പനകള്‍ എഴുതി നല്‍കിയ പലകകള്‍ സൂക്ഷിച്ചിരുന്ന വിശുദ്ധ പ്രമാണപെട്ടകം (Art of the covenant)സ്ഥാപിക്കുകയും മൃഗബലിയുള്‍പ്പെടെയുള്ള ഇസ്രാഈലി അനുഷ്ഠാനകര്‍മങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും സിരാകേന്ദ്രമായി ദേവാലയം പരിലസിക്കുകയും ചെയ്തതിനെക്കുറിച്ചുള്ള വിശദമായ വര്‍ണനകള്‍ ബൈബിളെഴുത്തുകാര്‍ നടത്തിയിട്ടുണ്ട്.(19) ഈ ദേവാലയത്തെ യഹൂദന്‍മാര്‍ വിളിച്ചത് ഹീബ്രുവില്‍ ‘ബെയ്ത് ഹാമിക്ദാശ്’ (Beit Hamikdash) എന്നായിരുന്നു;(20) അറബികളുടെ ബയ്ത്ത് അല്‍ മക്വ്ദിസ് തന്നെ.

ഏതാണ് പരിശുദ്ധ ക്വുര്‍ആനും ഹദീഥുകളും നിശാപ്രയാണം ചെന്നെത്തിയെന്നു പറയുന്ന ഫലസ്ത്വീനിയന്‍ ആരാധനാസ്ഥാനമെന്ന് ഇത്രയും വിശദീകരിച്ചതില്‍ നിന്ന് സുതരാം വ്യക്തമാണ്. സോളമന്റെ ദേവാലയം മുഹമ്മദ് നബി(സ)യുടെ കാലത്ത് നിലവിലുണ്ടായിരുന്നില്ല എന്നുപറഞ്ഞുകൊണ്ടാണ് വിമര്‍ശകര്‍ ഈ വസ്തുതകളെ മറികടക്കാന്‍ നോക്കാറുള്ളത്. സോളമന്‍ നിര്‍മിച്ച കെട്ടിടം ഫലസ്ത്വീനില്‍ നിലവിലുണ്ടെന്ന് ക്വുര്‍ആനോ മുഹമ്മദ് നബി(സ)യോ എവിടെയും പറഞ്ഞിട്ടില്ല. പിന്നെ ഈ വിമര്‍ശനത്തിന് എന്ത് പ്രസക്തിയാണുള്ളത്?

സോളമന്‍ നിര്‍മിച്ച ദേവാലയം BCE 586ല്‍ ബാബിലോണിയക്കാര്‍ തകര്‍ത്തതും പിന്നീട് ഏഴു പതിറ്റാണ്ടോളം കഴിഞ്ഞ് യഹൂദര്‍ തല്‍സ്ഥാനത്ത് മറ്റൊരു കെട്ടിടം പണിതതും (second temple) ഹെറോദ് രാജാവ് അതിന് മോടി കൂട്ടിയതും CE 70ല്‍ യഹൂദകലാപകാരികളെ അമര്‍ച്ച ചെയ്യാന്‍ വന്ന റോമന്‍ സൈന്യം അതു തകര്‍ത്തുകളഞ്ഞതും(21) ചരിത്രത്തില്‍ പരക്കെ അറിയപ്പെട്ടതാണ്. First Temple എന്നും Second Temple എന്നും ബൈബിള്‍ പണ്ഡിതന്മാര്‍ വിളിക്കുന്ന കെട്ടിടങ്ങള്‍ Temple Mountല്‍ സംരക്ഷിക്കപ്പെട്ടുകിടക്കുന്നില്ലെന്നും അവ തകര്‍ക്കപ്പെട്ടുവെന്നും മുഹമ്മദ് നബി(സ)യുടെ സമകാലീനരായ മദീനാ യഹൂദന്മാര്‍ക്കും ശാമിലേക്ക് നിരന്തരമായി കച്ചവടയാത്ര പോയിരുന്ന മക്കന്‍ ബഹുദൈവാരാധകര്‍ക്കും അറിയാതിരിക്കുവാന്‍ ചരിത്രപരമായി യാതൊരു നിര്‍വാഹവുമില്ല. എന്നിട്ടും അവരൊന്നും നിശായാത്രാ വിവരണങ്ങളോടോ ബയ്ത്തുല്‍ മക്വ്ദിസിനെ ക്വിബ്‌ലയാക്കാനുള്ള തീരുമാനത്തോടോ ഇക്കാര്യം പറഞ്ഞ് ഏറ്റുമുട്ടാന്‍ വരാതിരുന്നത് നബി(സ) സംസാരിച്ചത് സോളമനോ പില്‍ക്കാല ഇസ്രാഈല്യരോ നിര്‍മിച്ച ഏതെങ്കിലും കെട്ടിടങ്ങളെ കുറിച്ചല്ല, മറിച്ച് ബയ്ത്തുല്‍ മക്വ്ദിസിനെക്കുറിച്ചും മസ്ജിദുല്‍ അക്വ്‌സായെക്കുറിച്ചും ആണ് എന്നതുകൊണ്ടാണ്.

മനുഷ്യചരിത്രത്തിന്റെ ആദ്യ നാളുകള്‍ തൊട്ട് പ്രപഞ്ചനാഥന്റെ നിര്‍ദേശപ്രകാരം അവനെ ആരാധിക്കുവാനായി ഉപയോഗിക്കപ്പെട്ട ഒരു ഭൂമിശാസ്ത്ര ഉണ്‍മയാണ് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ അത്. അവിടെ കെട്ടിടങ്ങള്‍ വിവിധ കാലഘട്ടങ്ങളില്‍ വന്നിട്ടും പോയിട്ടുമുണ്ട്, പക്ഷെ അവയുടെ ചുമരുകള്‍ തകര്‍ന്നാലും നിശ്ചിത അതിര്‍ത്തികള്‍ക്കുള്ളില്‍ അത് മസ്ജിദ് തന്നെയാണ്. ആരാധനകള്‍ നിര്‍വഹിക്കാന്‍ നിര്‍ദേശിക്കപ്പെട്ട സ്ഥലം എന്നു മാത്രമേ സാങ്കേതികമായി മസ്ജിദിന് അര്‍ത്ഥമുള്ളൂ, അത് ചുമരുകളുള്ള കെട്ടിടത്തിനകത്താകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. മുന്‍പ്രവാചകന്മാരില്‍ നിന്ന് വ്യത്യസ്തമായി ഭൂമിയിലെവിടെയും വെച്ച് നിര്‍ബന്ധ നമസ്‌കാരം നിര്‍വഹിക്കാന്‍ തന്റെ അനുയായികള്‍ക്ക് അല്ലാഹു അനുമതി നല്‍കിയിരിക്കുന്നു   എന്ന് പഠിപ്പിച്ചുകൊണ്ട് മുഹമ്മദ് നബി (സ) പറഞ്ഞതിപ്രകാരമാണ്. ”ഭൂമി എനിക്ക് വിശുദ്ധവും ശുദ്ധിയുള്ളതും മസ്ജിദും ആക്കിത്തന്നിരിക്കുന്നു; അതിനാല്‍ പ്രാര്‍ത്ഥനാ സമയങ്ങള്‍ ആഗതമാകുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നാലും അവിടെവെച്ച് നമസ്‌കരിക്കുക.”(22)

ആരാധനാസ്ഥാനങ്ങളാണ് മസ്ജിദുകള്‍. ചുമരുകള്‍ അതിനെ പരിപാലിക്കുന്ന മനുഷ്യരുടെ സംഭാവനയാണ്; അതാരെങ്കിലും കെട്ടിയാലും കെട്ടിയില്ലെങ്കിലും കെട്ടിയവ നിലനിന്നാലും ഇല്ലെങ്കിലും മസ്ജിദായി പ്രഖ്യാപിക്കപ്പെടുകയും നീക്കിവെക്കുകയും ചെയ്ത നിലങ്ങള്‍ മസ്ജിദായി തന്നെ നിലനില്‍ക്കും- ആരാധനകള്‍ നിര്‍വഹിക്കാവുന്ന ഒരു തുണ്ട് ഭൂമി എന്ന അര്‍ത്ഥത്തില്‍. ഭൂമി മുഴുവന്‍ ഇനി മുതല്‍ മസ്ജിദ് ആണെന്ന് മുഹമ്മദ് നബി (സ) പറയുമ്പോള്‍ അദ്ദേഹത്തിന്റെ കാലം മുതല്‍ ഭൂമിയിലെവിടെവെച്ചും നമസ്‌കരിക്കാമെന്ന പുതിയ നിയമം പടച്ചവന്‍ അവതരിപ്പിച്ചിരിക്കുന്നുവെന്നാണ് അതിനര്‍ത്ഥം; അല്ലാതെ ഭൂമിക്ക് ചുമരുകളുണ്ടെന്നല്ല.

ഇതുതന്നെയാണ് ‘ബയ്ത്’ എന്ന പ്രയോഗത്തിന്റെ കാര്യവും. മസ്ജിദ് എന്നു പറയുമ്പോഴുള്ള വിവക്ഷ മാത്രമേ അതിനുമുള്ളുവെന്ന് ക്വുര്‍ആന്‍ പരിശോധിച്ചാല്‍ തന്നെ മനസ്സിലാകും. ഇബ്‌റാഹീം നബി(അ)യും പുത്രന്‍ ഇസ്മാഈല്‍ നബി(അ)യും ചേര്‍ന്നാണ് മക്കയിലെ കഅ്ബ പടുത്തുയര്‍ത്തിയതെന്ന് ക്വുര്‍ആന്‍ ഖണ്ഡിതമായി പ്രസ്താവിക്കുന്നുണ്ട്: ”ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക). (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.”(23) ‘ബയ്ത്’ എന്നാണ്, മറ്റുപല ക്വുര്‍ആന്‍ വചനങ്ങളിലുമെന്നപോലെ ഇവിടെയും, കഅ്ബയെ സൂചിപ്പിക്കാന്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. ഇബ്‌റാഹീം നബി (അ) ഭാര്യ ഹാജറിനെയും കൈക്കുഞ്ഞായ ഇസ്മാഈലിനെയും (അ) ആള്‍താമസമില്ലാത്ത മക്കയില്‍ കൊണ്ടുവന്നു താമസിപ്പിച്ച് സ്വദേശത്തേക്കു മടങ്ങിയും മക്കയില്‍ സംസം ഉറവയുണ്ടായതും അതിനുചുറ്റും ജനവാസമാരംഭിച്ചതും ഇസ്മാഈല്‍ (അ) വളര്‍ന്നുവലുതായതും അപ്പോള്‍ ഇബ്‌റാഹീം (അ) മടങ്ങിവന്നു മകനെയും കൂട്ടി കഅ്ബ നിര്‍മിച്ചതുമെല്ലാം ക്വുര്‍ആനിലും ഹദീഥുകളിലും വിശദമായി വിവരിക്കപ്പെട്ടിട്ടുണ്ട്. ആദം നബി(അ)യുടെ കാലത്ത് ആരാധനലായമുണ്ടായിരുന്ന സ്ഥാനം കണ്ടെത്തി ഇബ്‌റാഹീമും ഇസ്മാഈലും കഅ്ബ നിര്‍മിച്ചുവെന്നര്‍ത്ഥം. ഇബ്‌റാഹീം ഹാജറയെ മക്കയില്‍ കൊണ്ടുവന്നാക്കുമ്പോള്‍ അവിടെ കഅ്ബ എന്ന ഒരു നിര്‍മിതിയില്ല. എന്നാല്‍ ആ സമയത്തെ ഇബ്‌റാഹീമിന്റെ പ്രാര്‍ത്ഥന ക്വുര്‍ആന്‍ വിവരിക്കുന്നതിങ്ങനെയാണ്. ”ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്). അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദി കാണിച്ചെന്നു വരാം.”(24)

ഇവിടെ നിന്റെ പവിത്രമായ ‘ബയ്ത്തി’നടുത്തുള്ള താഴ്‌വരയില്‍ അവരെ പാര്‍പ്പിച്ചിരിക്കുന്നുവെന്നാണ് ഇബ്‌റാഹീം പടച്ചവനോടു പറയുന്നത്. അദ്ദേഹം കഅ്ബ നിര്‍മിക്കുന്നതിനു മുമ്പാണിതെന്നോര്‍ക്കണം. അപ്പോള്‍, അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടി തെരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥലം അവിെടയുണ്ടായിരുന്നു, എടുപ്പുകളൊക്കെ ഇല്ലാതായെങ്കിലും ‘ബയ്ത്’ ബയ്തല്ലാതെയായില്ല. ഇതുതന്നെയാണ് ഇസ്‌ലാമിക വീക്ഷണത്തില്‍ ബയ്ത്തുല്‍ മക്വ്ദിസിന്റെയും കാര്യം. സോളമന്റെ എടുപ്പുകള്‍ വന്നതോ പോയതോ അതിന്റെ ബയ്ത്/മസ്ജിദ് എന്ന സ്ഥാനത്തെ ഒരു നിലക്കും ബാധിക്കുന്നില്ല. അതിന്റെ അതിര്‍ത്തികള്‍ക്കുള്ളിലെ സ്ഥലം വിശുദ്ധമായ ഒരു ആരാധനാകേന്ദ്രം അഥവാ ബയ്ത്/മസ്ജിദ് ആകുന്നു; അങ്ങോട്ടു പോകുവാനുള്ള അനര്‍ഘ സൗഭാഗ്യം കൊണ്ടാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ഇസ്രാഇന്റെ രാത്രിയില്‍ അനുഗ്രഹിക്കപ്പെട്ടത്.

ഒന്നും രണ്ടും ടെമ്പിളുകള്‍ തകര്‍ക്കപ്പെട്ടതിനുശേഷം ‘Temple Mount’ യഹൂദസമൂഹത്തില്‍ വിഭാവനം ചെയ്യപ്പെട്ടതെങ്ങനെയാണെന്നുകൂടി പരിശോധിച്ചാല്‍ ഇവ്വിഷയകമായുള്ള വിമര്‍ശനങ്ങളുടെ അര്‍ത്ഥശൂന്യത പൂര്‍ണമായി ബോധ്യമാകും. റോമന്‍ ആക്രമണത്തില്‍ രണ്ടാം ദേവാലയം തകര്‍ക്കപ്പെട്ടതിനുശേഷം അവിടെ വേറെ ഏര്‍പ്പാടുകള്‍ക്കൊന്നും ആരും മുതിര്‍ന്നതായി കാണുന്നില്ല. ദേവാലയത്തിന് പവിത്രത കല്‍പിച്ചിരുന്ന യഹൂദന്‍മാര്‍ക്ക് ഫലസ്ത്വീന്‍ നഷ്ടപ്പെട്ടതു തന്നെയായിരുന്നു അതിന്റെ അടിസ്ഥാന കാരണം. ജറുസലേം പിന്നീട് റോമക്കാരുടെയും ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെയും നിയന്ത്രണത്തിലേക്കാണ് പോയത്. ദേവാലയം നിലനിന്നിരുന്ന സ്ഥലത്തെ ബോധപൂര്‍വം അവഗണിച്ച് അത് പാഴ്ഭൂമിയാക്കാനായിരുന്നു അത് തച്ചുതകര്‍ത്ത റോമക്കാരുടെ ശ്രമം. അവരുടെ അനന്തരാവകാശികളായി വന്ന ബൈസന്റൈന്‍ ഭരണാധികാരികള്‍ ക്രിസ്ത്യാനികളായിരുന്നുവെങ്കിലും പഴയ നിയമപാഠങ്ങളെ പിരിഞ്ഞ് റോമന്‍ പൈതൃകത്തെ പുണര്‍ന്നിരുന്ന അവരും ഈ അവഗണന തുടര്‍ന്നു.

വിശുദ്ധ ദേവാലയ ഭൂമിയില്‍ പ്രാചീനമായ എടുപ്പുകളുടെ അവശിഷ്ടങ്ങള്‍ അനാഥമായിക്കിടന്ന ഈ കാലഘട്ടത്തിലാണ് മുഹമ്മദ് നബി(സ)യുടെ ഇസ്രാഅ് സംഭവിക്കുന്നത്; ക്രൈസ്തവര്‍ ആ സ്ഥലത്തിന്റെ വിശുദ്ധി പോലും മറന്നുതുടങ്ങിയിരുന്ന സന്ദര്‍ഭത്തില്‍! എന്നാല്‍ യഹൂദര്‍ അങ്ങനെയായിരുന്നില്ല. ദേവാലയഭൂമിയെക്കുറിച്ച വികാരസാന്ദ്രമായ ഓര്‍മകള്‍ പേറിയാണ് ഫലസ്ത്വീനില്‍നിന്ന് പുറത്താക്കപ്പെട്ട യഹൂദരുടെ തലമുറകള്‍ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ജീവിച്ചത്. എന്തായിരുന്നു രണ്ടാം ദേവാലയം തകര്‍ക്കപ്പെട്ടതിനുശേഷം റോമന്‍-ബൈസന്റൈന്‍ അതിക്രമകാരികള്‍ ചപ്പുചവറുകള്‍ നിറച്ചവഹേളിച്ച മോറിയ കുന്നിനെക്കുറിച്ച് അവരുടെ വിശ്വാസം? ഇസ്‌ലാമിക സങ്കല്‍പം പോലെത്തന്നെ അവര്‍ക്കും അത് വിശുദ്ധസ്ഥാനം തന്നെയായി നിലനിന്നുവെന്നത് മാത്രമാണുത്തരം.

പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച ലോകപ്രശസ്തനായ യഹൂദ റബ്ബി മയ്‌മോണിഡസിന്റെ (Maimonides) വാക്കുകളില്‍ പറഞ്ഞാല്‍ ”ബെയ്ത് ഹാമിക്ദാശ് ദൈവത്തിന്റെ അനശ്വര ഭവനമാണ്; ദേവാലയം തകര്‍ക്കപ്പെട്ടെങ്കിലും മോറിയാ കുന്നില്‍നിന്നും ‘ദൈവസാന്നിധ്യം’ പോയിട്ടില്ല; ‘മിശിഹ’ വരുമ്പോള്‍ അദ്ദേഹം അത് പുനര്‍നിര്‍മിക്കും.”(25) മുഹമ്മദ് നബി(സ)യുടെ മരണം കഴിഞ്ഞ് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും യഹൂദപരികല്‍പന അങ്ങനെതന്നെ നിലനിന്നുവെന്നണിതിനര്‍ത്ഥം. അവിടെച്ചെന്ന് ഇസ്രാഈലി പ്രവാചകന്‍മാരുടെ കൂടെ നമസ്‌കരിക്കുവാന്‍ നബി(സ)ക്ക് അല്ലാഹു അവസരമുണ്ടാക്കിക്കൊടുത്തതില്‍ പിന്നെയെന്ത് അസാംഗത്യമാണുള്ളത്?

ദേവാലയഭൂമി നഷ്ടപ്പെട്ട് പുരോഹിതാസ്ഥാനമില്ലാതായതോടെയാണ് സാധാരണക്കാര്‍ക്ക് മതം പഠിക്കാന്‍ യഹൂദ റബ്ബിമാര്‍ മിശ്‌നയും (Mishnah), ഗമറയുമെല്ലാം (Gemara) രചിച്ചുതുടങ്ങുന്ന സാഹചര്യമുണ്ടായത്. CE ആറാം നൂറ്റാണ്ടുവരെയുള്ള ഇക്കപം പണ്ഡിതരചനകളുടെ സമാഹാരമാണ് തല്‍മൂദ് (Talmud) എന്നറിയപ്പെടുന്നത്. തല്‍മൂദില്‍നിന്നുള്ള ഒരു ഭാഗം ഇപ്രകാരമാണ്: ”വിദേശത്ത് പ്രാര്‍ത്ഥനയില്‍ നില്‍ക്കുന്നവന്‍ ഹൃദയം കേന്ദ്രീകരിക്കേണ്ടത് ഇസ്രയേല്‍ രാജ്യത്തിലേക്കാണ്; കാരണം, ”അവര്‍ അങ്ങ് അവരുടെ പിതാക്കന്‍മാര്‍ക്ക് ദാനം ചെയ്ത ദേശത്തേക്കുനോക്കി അങ്ങയോടു പ്രാര്‍ത്ഥിച്ചാല്‍” (1 രാജാക്കന്‍മാര്‍ 8: 48) എന്നു പറഞ്ഞിരിക്കുന്നു. ഇസ്രായേല്‍ ദേശത്തുള്ളയാള്‍ പ്രാര്‍ത്ഥനയില്‍ ജറുസലേമിലേക്കാണ് ഹൃദയം കേന്ദ്രീകരിക്കേണ്ടത്; ‘അങ്ങ് തെരഞ്ഞെടുത്തിരിക്കുന്ന ഈ നഗരത്തിന് അഭിമുഖമായി നിന്ന് പ്രാര്‍ത്ഥിച്ചാല്‍’ (1 രാജാക്കന്‍മാര്‍ 8: 44) എന്നുമുണ്ട്. ഒരാള്‍ ജറുസലേമിലാണെങ്കില്‍ അയാര്‍ ഹൃദയം കേന്ദ്രീകരിക്കേണ്ടത് ബെയ്ത് ഹാമിക്ദാശിമിലേക്കാണ്. -‘അവര്‍ ഈ ഭവനത്തിലേക്ക് പ്രാര്‍ത്ഥിക്കണം’ (2 ദിനവൃത്താന്തം 6: 32) എന്നാണ് പറഞ്ഞിരിക്കുന്നത്.”(26)

എന്താണിതിനര്‍ത്ഥം? അതെ, ചുമരുകള്‍ താഴെ വീണാല്‍ ഇല്ലാതാകുന്നതായിരുന്നില്ല മതബോധമുള്ള ഇസ്രാഈല്യന് ബയ്തുല്‍ മക്വ്ദിസ്. കെട്ടിയുയര്‍ത്തിയ സൗധം നിലം പൊത്തിയെങ്കിലും അതിനെ ആരാധനാകേന്ദ്രമായി തന്നെ അവന്‍ കണ്ടു. വിശുദ്ധി അതുപോലെ നിലനില്‍ക്കുന്നതായി മനസ്സിലാക്കി, ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് റോമന്‍ പീഡനം കാരണമായി ചിതറേണ്ടി വന്നപ്പോഴും അവിടേക്കു തിരിഞ്ഞു തന്നെ പ്രാര്‍ത്ഥിച്ചു. ബയ്തുല്‍ മക്വ്ദിസ് എന്നുതന്നെ പലപ്പോഴും ആ മണ്ണിനെ വിളിച്ചു. ദേവാലയത്തിന്റെ കെട്ട് തകര്‍ത്തെന്നഹങ്കരിച്ചവര്‍ക്ക് ദേവാലയഭൂമിയും തങ്ങള്‍ക്ക് ദേവാലയമാണെന്ന് യഹൂദവൈകാരികത കാണിച്ചുകൊടുത്തു. അതേ അര്‍ത്ഥത്തില്‍ തന്നെയാണ് നബി(സ)യും ബയ്തുല്‍ മക്വ്ദിസില്‍ പോയെന്നു പറഞ്ഞത്; ക്വുര്‍ആന്‍ മസ്ജിദുല്‍ അക്വ്‌സ എന്ന വിശേഷണം നടത്തിയത്.

സുലയ്മാന്‍ നബി (അ) നിര്‍മിച്ച കെട്ടിടം തകര്‍ന്നതുകൊണ്ടോ ക്രൈസ്തവര്‍ പാഴ്ഭൂമിയായി ഉപേക്ഷിച്ചതുകൊണ്ടോ ബയ്തുല്‍ മക്വ്ദിസ് അതല്ലാതാവുകയില്ല എന്നതുകൊണ്ടു തന്നെ, തീര്‍ത്ഥയാത്ര പോകാവുന്ന വിശുദ്ധ കേന്ദ്രങ്ങളിലൊന്നായാണ് മുഹമ്മദ് നബി (സ) അനുചരന്‍മാര്‍ക്ക് മസ്ജിദുല്‍ അക്വ്‌സയെ പരിചയപ്പെടുത്തിക്കൊടുത്തത്. അദ്ദേഹം പറഞ്ഞു: ”മൂന്ന് മസ്ജിദുകള്‍ സന്ദര്‍ശിക്കാനല്ലാതെ നിങ്ങള്‍ തീര്‍ത്ഥയാത്ര പോകരുത്. ഈ എന്റെ മസ്ജിദ് (മദീനയിലെ മസ്ജിദുന്നബവി), (മക്കയിലെ) മസ്ജിദുല്‍ ഹറാം, മസ്ജിദുല്‍ അക്വ്‌സ.”(27)

മുസ്‌ലിംകളുടെ തീര്‍ത്ഥാടനകേന്ദ്രമായി നിശ്ചയിക്കപ്പെട്ടതുകൊണ്ടു തന്നെ രണ്ടാം ഖലീഫ ഉമറിന്റെ (റ) കാലത്ത് ഫലസ്ത്വീന്‍ ബൈസന്റൈന്‍കാരില്‍നിന്ന് മുസ്‌ലിം സൈന്യത്തിന്റെ നിയന്ത്രണത്തിലേക്കു വന്നപ്പോള്‍ ഉമര്‍ (റ) അവിടം സന്ദര്‍ശിക്കുകയും വൃത്തിയാക്കുകയും നമസ്‌കാര സൗകര്യമുളള ഒരു കെട്ടിടം നിര്‍മിക്കുകയും ചെയ്തു. ആ കെട്ടിടമല്ല മസ്ജിദുല്‍ അക്വ്‌സ, പ്രത്യുത മസ്ജിദുല്‍ അക്വ്‌സയായി ക്വുര്‍ആന്‍ വിശേഷിപ്പിച്ച സ്ഥലത്ത് ഒരു ഭാഗത്തായി നിര്‍മിക്കപ്പെട്ട ഒരു സൗകര്യവും സംവിധാനവും മാത്രമായിരുന്നു പ്രസ്തുത കെട്ടിടം.(28) അതിനു പിന്നീടുണ്ടായ രൂപാന്തരങ്ങളോ വികാസങ്ങളോ ചുരുക്കങ്ങളോ ഒന്നുമല്ല മസ്ജിദുല്‍ അക്വ്‌സയുടെ അകവും പുറവും നിര്‍ണയിക്കുന്നത്. കഅ്ബക്ക് ചുറ്റും നമസ്‌കരിക്കുന്നതിനായി ഉമവികളോ അബ്ബാസികളോ തുര്‍ക്കികളോ സുഊദികളോ പണികഴിപ്പിച്ച കെട്ടിടങ്ങളല്ല  മറിച്ച് ആ സ്ഥലമാണ് മസ്ജിദുല്‍ ഹറാം എന്നതുപോലെത്തന്നെ. ഇതുമനസ്സിലാക്കാതെയാണ് വിമര്‍ശകര്‍ മസ്ജിദുല്‍ അക്വ്‌സയും ഉമര്‍(റ) നിര്‍മിച്ച പള്ളിയും ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നത്.

ശ്രദ്ധിക്കുക: ഇസ്രാഅ് വിവരണങ്ങളില്‍ വിശ്വസിച്ച, ബയ്ത്തുല്‍ മക്വ്ദിസിലേക്ക് തിരിഞ്ഞ് ഒന്നര വര്‍ഷത്തോളം നബി(സ)ക്കൊപ്പം നമസ്‌കരിച്ച, മസ്ജിദുല്‍ അക്വ്‌സ തീര്‍ത്ഥാടന കേന്ദ്രമായി പ്രവാചകനാല്‍ പഠിപ്പിക്കപ്പെട്ട ഉമര്‍ (റ) ഫലസ്ത്വീനില്‍ എത്തിയപ്പോള്‍ മസ്ജിദുല്‍ അക്വ്‌സ എന്ന പേരില്‍ കറതീര്‍ന്ന ഒരു കെട്ടിടം കാണാതെ അത്ഭുത പരതന്ത്രനായിട്ടില്ല. ആരാധനകള്‍ക്ക് സൗകര്യപ്പെടുംവിധമുള്ള കെട്ടിടങ്ങളൊന്നും മസ്ജിദുല്‍ അക്വ്‌സയുടെ സ്ഥാനത്ത് നിലവിലില്ലെന്നു അറിയാവുന്നതുകൊണ്ട് സന്ദര്‍ശനാവസരത്തില്‍ തികച്ചും സ്വാഭാവികമായി പെരുമാറുകയും അവിടെയൊരു പള്ളി നിര്‍മിക്കാന്‍ മുന്‍കയ്യെടുക്കുകയുമാണ് അദ്ദേഹം ചെയ്തത്.

അതെ, ഒന്നാം ടെമ്പിളോ, രണ്ടാം ടെമ്പിളോ ഫലസ്ത്വീനില്‍ നില്‍ക്കുന്നതായി പ്രവാചകനോ അനുചരന്‍മാരോ ഒന്നും മനസ്സിലാക്കിയിരുന്നില്ല; അവയെ അല്ല അവരാരും മസ്ജിദുല്‍ അക്വ്‌സ എന്നോ ബയ്ത്തുല്‍ മക്വ്ദിസ് എന്നോ വിളിച്ചത്. അതിനാല്‍ ഇസ്രാഅ് വിവരണത്തില്‍ കാലാനുചിതത്വമുെണ്ടന്ന ആരോപണത്തില്‍ യാതൊരു കഴമ്പുമില്ല

കുറിപ്പുകള്‍

  1. ക്വുര്‍ആന്‍ 17: 1.
  2. ബുഖാരി, സ്വഹീഹ്/കിതാബു മനാകിബില്‍ അന്‍സ്വാര്‍.
  3. മുസ്‌ലിം, സ്വഹീഹ്/കിതാബുല്‍ ഈമാന്‍.
  4. മുസ്‌ലിം, സ്വഹീഹ്/കിതാബുല്‍ ഈമാന്‍.
  5. മുസ്‌ലിം, സ്വഹീഹ്/കിതാബുല്‍ ഈമാന്‍.
  6. ഹാകിം, മുസ്തദ്‌റക് അലസ്സ്വഹീഹയ്ന്‍. see Ali Muhammad As-Sallabee, The Noble life of the Prophet (Riyadh. Darussalam, 2005), vol. 1, pp 552-3.
  7. ബുഖാരി, സ്വഹീഹ്/കിതാബു ബദീല്‍ ഹല്‍ക്വ്.
  8. ക്വുര്‍ആന്‍ 2: 143-145.
  9. ബുഖാരി, സ്വഹീഹ്/കിതാബുല്‍ ഈമാന്‍.
  10. S.Moinul Haq, Ibn sa’d’s Al Tabaqat Al Kabir (New Delhi. kitab bhavan, 2009), vol. 1, 284.
  11. ബുഖാരി, സ്വഹീഹ്/കിതാബുല്‍ ഈമാന്‍.
  12. ബുഖാരി, സ്വഹീഹ്/കിതാബുല്‍ അമ്പിയാഅ്.
  13. ക്വുര്‍ആന്‍ 3: 96.
  14. അഹ്മദ് അന്നസാഇ, സുനനുസ്സുഗ്‌റ/കിതാബുല്‍ മസാജിദ്; യസീദ് ഇബ്‌നു മാജ, സുനന്‍/ കിതാബു ഇക്വാമതിസ്സ്വലാതി വസ്സുന്നതു ഫീഹാ.
  15. ബൈബിള്‍; ഉല്‍പത്തി 22: 2
  16. Rabbi Menachan M Sohneerson, ‘G-d’s chosen House-www,chabadozy
  17. see Jochua Hammes, ‘what is beneadh the temple mount?’, www.smithsonianmag.com
  18. ഉല്‍പത്തി 22: 2.ബൈബിള്‍, 1 ദിനവൃത്താന്തം അധ്യായങ്ങള്‍ 28, 29. 2 ദിനവൃത്താന്തം അധ്യായങ്ങള്‍ 1 – 7.
  19. www.chabad.org.op.cit
  20. see Temple Mount, the Temple Jerusalem during first Temple, second Temple of in www.jeuishviofnallibray.org
  21. ബുഖാരി, സ്വഹീഹ്/കിതാബുല്‍ മസാജിദി വ മവാദിഇ സ്സ്വലാത്ത്.
  22. ക്വുര്‍ആന്‍ 2: 127.
  23. ക്വുര്‍ആന്‍ 14: 37.
  24. See www.chabad.org.op.cit
  25. The William Davidson Talmud, berakhot Daf 30 a.
print