ഇസ്നാദ് പരിശോധന ശാസ്ത്രീയമാണെന്ന് പറയുന്നതെങ്ങനെ?

/ഇസ്നാദ് പരിശോധന ശാസ്ത്രീയമാണെന്ന് പറയുന്നതെങ്ങനെ?
/ഇസ്നാദ് പരിശോധന ശാസ്ത്രീയമാണെന്ന് പറയുന്നതെങ്ങനെ?

ഇസ്നാദ് പരിശോധന ശാസ്ത്രീയമാണെന്ന് പറയുന്നതെങ്ങനെ?

ഇസ്നാദ് പരിശോധന വഴി ഹദീഥുകൾ മുഹമ്മദ് നബി(സ)യിൽ നിന്നുള്ളതാണോയെന്ന് ഉറപ്പു വരുത്തുന്ന സമ്പ്രദായം എത്രത്തോളം ശാസ്ത്രീയമാണ് ?

മുഹമ്മദ് നബി(സ)യില്‍ നിന്നുള്ളതാണെന്ന രൂപത്തില്‍ ഉദ്ധരിക്കപ്പെടുന്ന വര്‍ത്തമാനങ്ങള്‍ അപഗ്രഥിച്ച് അതിലെ നേരും നുണയും ചികയു ന്നതിന് ഏറ്റവും അനുയോജ്യമായ രീതിയാണ് യഥാർത്ഥത്തിൽ ഇസ്നാദ് പരിശോധന. പ്രവാചകചര്യയെ സംരക്ഷിക്കുന്നതിനും വരും തലമുറകൾക്കു വേണ്ടി കൈമാറുന്നതിനുമായി മൂന്ന് ഘട്ടങ്ങളായുള്ള ഒരു അരിപ്പ സമ്പ്രദായമാണ് ഉസ്വൂലുല്‍ ഹദീഥിന്റെ പണ്ഡിതന്‍മാര്‍ വികസിപ്പിച്ചെടുത്തത്. അവ ഇങ്ങനെയാണ്:

1) നബിക്കുറിച്ച് ഉള്ളതാണെന്ന രൂപത്തിൽ നിവേദനം ചെയ്യപ്പെടുന്ന വൃത്താന്തങ്ങളുടെ സ്രോതസ്സ് ആവശ്യപ്പെടുക.

2) സ്രോതസ്സിനെ അപഗ്രഥിച്ച് അത് എത്രത്തോളം വിശ്വാസ്യയോഗ്യമാണെന്ന് കണ്ടെത്തുകയും അതിന്റെ നൈരന്തര്യം ഉറപ്പുവരുത്തുക യും ചെയ്യുക.

3) സ്രോതസ്സിനെ ബലപ്പെടുത്തുന്നതിന് ഉപോല്‍ബലകമായ മറ്റു തെളിവുകള്‍ കണ്ടെത്തുകയും അതിനെ ദൃഢീകരിക്കുകയും ചെയ്യുക.

ഇതിൽ നബി വൃത്താന്തങ്ങളുടെ സ്രോതസ്സ് ആവശ്യപ്പെടുകയെന്ന ഒന്നാം ഘട്ടമാണ് ഇസ്നാദ് പരിശോധന.

ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം. ആ പറയലിന് ആധികാരികതയുണ്ടാവണമെങ്കില്‍ അതിന്റെ വിശ്വാസ്യത പരിശോധിക്കു കയും ബോധ്യപ്പെടുകയും വേണം. ഒരാള്‍ പറഞ്ഞുവെന്നോ ചെയ്തുവെന്നോ മറ്റൊരാള്‍ പറയുമ്പോള്‍ അതിന്റെ വിശ്വാസ്യത ഉറപ്പിക്കു ന്നതിന്റെ ഒന്നാമത്തെ പടി അതിന്റെ സ്രോതസ്സ് ആവശ്യപ്പെടുകയാണ്. ആരെക്കുറിച്ചാണോ പറഞ്ഞത് അയാളോടുതന്നെ ചോദിച്ചു മനസ്സിലാക്കുകയോ അല്ലെങ്കില്‍ അയാളുമായി അടുത്ത ബന്ധമുള്ളവരില്‍നിന്ന് കാര്യത്തിന്റെ യാഥാര്‍ഥ്യമറിയുകയോ ചെയ്യാവുന്നതാണ്. അയാള്‍ ജീവിച്ചിരിക്കുന്നില്ലെങ്കില്‍ രണ്ടാമത്തെ മാര്‍ഗം മാത്രമെ അന്വേഷകന്റെ മുന്നില്‍ അവശേഷിക്കുന്നുള്ളൂ. അയാളുമായി ബന്ധപ്പെട്ട ആളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ പ്രസ്തുത വിവരങ്ങള്‍ സത്യസന്ധമാണോയെന്ന് പരിശോധിക്കേണ്ട ബാധ്യത അന്വേഷക നുണ്ട്. തനിക്ക് വിവരം നല്‍കുന്നയാള്‍ക്ക് നടേ പറഞ്ഞ വ്യക്തിയുമായുള്ള ബന്ധം അന്വേഷിക്കുകയും അയാള്‍ ചെയ്തതോ പറഞ്ഞതോ ആയി നിവേദനം ചെയ്യപ്പെടുന്ന കാര്യം അയാള്‍ അറിഞ്ഞതെങ്ങനെയെന്ന് പരിശോധിക്കുകയും ചെയ്യുകയാണ് വാര്‍ത്തയുടെ സത്യതയെ അറിയാന്‍ ശ്രമിക്കുന്നവര്‍ ഒന്നാമതായി ചെയ്യേണ്ടത്. ഇത് തന്നെയാണ് ഇസ്നാദ് പരിശോധന വഴി ഹദീഥ് പണ്ഡിതന്മാർ നിർവഹിച്ചത്.

നബി(സ)യെക്കുറിച്ച് പറയപ്പെടുന്ന വിവരം അത് പറയുന്ന വ്യക്തിയില്‍ എത്തിച്ചേ ര്‍ന്നതെങ്ങനെയെന്നാണ് ഇസ്‌നാദുകളെക്കുറിച്ച പഠനം പരിശോധിക്കുന്നത്. ”പ്രവര്‍ത്തനങ്ങള്‍ക്ക് അവയുടെ ഉദ്ദേശമനുസരിച്ചാണ് പ്രതി ഫലം ലഭിക്കുക”യെന്ന സ്വഹീഹുല്‍ ബുഖാരിയിലെ ഒന്നാമത്തെ ഹദീഥ് ഉദാഹരണമായെടുക്കുക. ‘ദൈവദൂതന്‍ ഇങ്ങനെ പറഞ്ഞതായി ഞാന്‍ കേട്ടു’ (സമിഅ്ത്തു റസൂലല്ലാഹി(സ) യക്വൂലു)വെന്ന് പറഞ്ഞുകൊണ്ടാണ് ഉമര്‍(സ) പ്രസ്തുത ഹദീഥ് ഉദ്ധരിച്ചിരിക്കുന്നത്. പ്രവാച കന്‍(സ) ഇതു പറയുന്നത് ഉമര്‍(റ) നേരിട്ടു കേട്ടതാണെന്നര്‍ഥം. പ്രമുഖ സ്വഹാബിയായിരുന്ന ഉമറുബ്‌നുല്‍ ഖത്ത്വാബില്‍നിന്ന് അല്‍ക്വമതു ബ്‌നുവക്വാസും അദ്ദേഹത്തില്‍ നിന്ന് മുഹമ്മദ്ബ്‌നു ഇബ്‌റാഹീമത്തമീമിയും അദ്ദേഹത്തില്‍നിന്ന് യഹ്‌യബ്‌നു സഈദില്‍ അന്‍സ്വാരി യും അദ്ദേഹത്തില്‍ നിന്ന് സുഫ്‌യാനുബ്‌നു ഉയയ്‌നയും അദ്ദേഹത്തില്‍നിന്ന് അബ്ദുല്ലാഹിബ്‌നു സുബൈര്‍ അല്‍ഹുമൈദിയും അദ്ദേഹത്തി ല്‍ നിന്ന് ഞാനും കേട്ടുവെന്ന് പറഞ്ഞുകൊണ്ടാണ് ഇമാം മുഹമ്മദ്ബ്‌നു ഇസ്മായില്‍ അല്‍ ബുഖാരി ഈ ഹദീഥ് ഉദ്ധരിക്കുന്നത്. മുഹമ്മദ് നബി → ഉമറുബ്‌നുല്‍ ഖത്ത്വാബ് → അല്‍ക്വമത്തുബ്‌നു വക്വാസ് → മുഹമ്മദ്ബ്‌നു ഇബ്‌റാഹീമത്തമീമി → യഹ്‌യബ്‌നുസഈദ് അല്‍ അന്‍ സ്വാരി മസുഫ്‌യാനുബ്‌നു ഉയയ്‌ന മഅബ്ദുല്ലാഹിബ്‌നു സുബൈര്‍ അല്‍ഹൂമൈദി എന്നതാണ് ഈ ഹദീഥിന്റെ ഇസ്‌നാദ്. ഈ ശൃംഖല കൃത്യമായുണ്ടോയെന്ന് പരിശോധിക്കുകയാണ് ഒരു ഹദീഥ് സ്വീകാര്യമാണോയെന്ന പരിശോധനയുടെ പ്രാഥമിക നടപടി.

എത്ര നല്ല ആശയമാണെങ്കിലും അത് നബി(സ)യോട് ചേര്‍ത്ത് വ്യവഹരിക്കണമെങ്കില്‍ ഇസ്‌നാദോടു കൂടിത്തന്നെ അത് നിവേദനം ചെയ്യപ്പെ ട്ടതാകണമെന്ന് പണ്ഡിതന്‍മാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇമാം ശാഫിഈയുടെ ഗുരുവര്യന്‍മാരിലൊരാളായ അബ്ദുല്ലാഹിബ്‌നുല്‍ മുബാറക്‌ (റ)പറയുന്നതായി ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: ”മതത്തില്‍പെട്ടതാണ് ഇസ്‌നാദ്. അത് ഇല്ലായിരുന്നുവെങ്കില്‍ ഹദീഥില്‍ വേണ്ട വര്‍ക്ക് വേണ്ടതെന്തും പറയാന്‍ പറ്റുന്ന അവസ്ഥയുണ്ടാകുമായിരുന്നു.” പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനായിരുന്ന ഇമാം ശാഫി പറഞ്ഞ തിങ്ങനെയാണ്: ”ഇത് എവിടെനിന്നു ലഭിച്ചുവെന്ന് ചോദിച്ച് ഇസ്‌നാദ് മനസ്സിലാക്കാതെ വിജ്ഞാനം സമ്പാദിക്കുന്നവന്‍ രാത്രിയില്‍ വിറകു മരത്തടികള്‍ ശേഖരിക്കുന്നവനെപ്പോലെയാണ്. തന്റെ ചുമലില്‍ ശേഖരിച്ചുവെച്ച് താങ്ങി നടക്കുന്ന മരത്തടിക്കെട്ടിനകത്ത് അണലി ഒളി ഞ്ഞു കിടക്കുന്നുണ്ടാവാം. അത് അവനെത്തന്നെ കടിക്കുകയും ചെയ്യാം.” പ്രമുഖ ഹദീഥ് നിവേദന ശാസ്ത്രജ്ഞനായ ശുഅ്ബത്തുബ്‌നുല്‍ ഹജ്ജാജ് പറഞ്ഞതിങ്ങനെയാണ്: ‘അദ്ദേഹം എന്നോട് പറഞ്ഞുവെന്നോ അദ്ദേഹം എന്നോട് നിവേദനം ചെയ്തുവെന്നോ ഉള്ള (ഇസ്‌നാദി ന്റെ മൂലകങ്ങളായ) പരാമര്‍ശങ്ങളുള്‍ക്കൊള്ളാത്ത എല്ലാ മതവിജ്ഞാനങ്ങളും വാലറ്റവയാണ്’.

ഹദീഥ് പരിശോധനയ്ക്ക് വേണ്ടി രൂപപ്പെട്ട ഇസ്‌നാദ് പരിശോധനാരീതി അറബി സാഹിത്യത്തെയും ചരിത്രത്തെയും ഭൂമിശാസ്ത്രത്തെ യുമെല്ലാം കുറിച്ച പഠനങ്ങള്‍ക്ക് പില്‍ക്കാലത്ത് പ്രയോജനീഭവിച്ചതായി വ്യക്തമാക്കുന്ന രേഖകളുണ്ട്. പ്രവാചക ശിഷ്യന്‍മാരുടെ കാലം മുതലുള്ള മുറിയാത്ത ശൃംഖലയോടുകൂടി നിവേദനം ചെയ്യപ്പെട്ട ഹദീഥുകളിലൂടെ സ്ഥിരീകരിക്കപ്പെട്ടതാണ് മുഹമ്മദ് നബി(സ)യുടെ ജീവിതവൃത്താന്തങ്ങളെന്ന വസ്തുത അംഗീകരിക്കാതിരിക്കുവാന്‍ ഇസ്‌നാദുകളെപ്പറ്റി അല്‍പമെങ്കിലും പഠിച്ചവര്‍ക്കൊന്നും സാധ്യമല്ല. നബി(സ)ചര്യയുടെ ചരിത്രപരതയ്ക്ക് തെളിവുകള്‍ അന്വേഷിക്കുന്നവര്‍ക്ക്, അവരുപയോഗിക്കുന്ന മാനദണ്ഡങ്ങളെ തൃപ്തമാക്കുവാന്‍ മുറി യാത്ത ശൃംഖലയുള്ള ഹദീഥുകളുടെ ഇസ്‌നാദുകള്‍ മാത്രം മതി. നബി(സ) ജീവിച്ചത് കണ്ടവരുടെയും അടുത്തതും അതിനടുത്തതുമായ തല മുറകളിലെ നൂറുകണക്കിന് സത്യസന്ധരായ വ്യക്തികളുടെയും സാക്ഷ്യം പോരേ, അദ്ദേഹത്തിന്റെ ചര്യയുടെ ചരിത്രപരത തെളിയിക്കുവാൻ? എന്നാല്‍ ഹദീഥ് നിദാന ശാസ്ത്രം ഇവിടെ നിര്‍ത്തുന്നില്ല. മുഹമ്മദ് നബി(സ) യെന്ന ഒരാള്‍ ജീവിച്ചിരുന്നുവെന്ന് തെളിയിക്കുകയല്ല ഹദീഥുക ളുടെ ദൗത്യമെന്നതിനാല്‍ ഇസ്‌നാദ് സമര്‍പ്പിച്ചുകൊണ്ട് നിര്‍ത്തുന്നതിന് പകരം ആ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന സൂക്ഷ്മ വും കൃത്യവും സത്യസന്ധവുമായ അപഗ്രഥനം കൂടി ഹദീഥ് നിവേദന ശാസ്ത്രജ്ഞന്‍മാര്‍ നടത്തുന്നുണ്ട്.

print