ഇഷ്ടപ്പെട്ടവരെ വിവാഹം ചെയ്യാൻ ഇസ്‌ലാം സ്ത്രീയെ അനുവദിക്കുന്നില്ലേ?

/ഇഷ്ടപ്പെട്ടവരെ വിവാഹം ചെയ്യാൻ ഇസ്‌ലാം സ്ത്രീയെ അനുവദിക്കുന്നില്ലേ?
/ഇഷ്ടപ്പെട്ടവരെ വിവാഹം ചെയ്യാൻ ഇസ്‌ലാം സ്ത്രീയെ അനുവദിക്കുന്നില്ലേ?

ഇഷ്ടപ്പെട്ടവരെ വിവാഹം ചെയ്യാൻ ഇസ്‌ലാം സ്ത്രീയെ അനുവദിക്കുന്നില്ലേ?

വ്യക്തികളുടെ ലൈംഗികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ശക്തമായി പഠിപ്പിച്ച ദര്‍ശനമാണ് ഇസ്‌ലാം. ഇണകളുടെ തെര ഞ്ഞെടുപ്പില്‍ പരസ്പരമുള്ള ഇഷ്ടത്തിന് പ്രധാനപ്പെട്ട പരിഗണ നല്‍കണമെന്നാണ് പ്രവാചക നിര്‍ദേശം. തന്റെ സംരക്ഷണയിലുള്ള അനാഥ പെണ്‍കുട്ടിയെ വിവാഹാലോചന നടത്തിയ രണ്ടുപേരില്‍ ധനികനെയാണ് തനിക്കിഷ്ടമെന്നും എന്നാല്‍ ദരിദ്രനോടാണ് അവള്‍ക്ക് താല്‍പര്യ മെന്നും അറിയിച്ചുകൊണ്ട് അവളെ ആര്‍ക്കു വിവാഹം ചെയ്തുകൊടുക്കണമെന്ന് അഭിപ്രായമാരാഞ്ഞയാളോട് ‘പരസ്പരം ഇഷ്ടപ്പെട്ട വര്‍ക്ക് വിവാഹമല്ലാതെ മറ്റൊന്നും ഗുണകരമായി തെളിയിക്കപ്പെട്ടിട്ടില്ല’യെന്നതായിരുന്നു പ്രവാചകന്റെ (സ) മറുപടി(ഇബ്‌നു മാജ, ഹാക്വിം, അസ്വഹീഹ 624). ഒരാള്‍ വിവാഹമന്വേഷിച്ച് വന്നാല്‍ അയാളുടെ മതബോധത്തിലും സ്വഭാവചര്യകളിലും നിങ്ങള്‍ സംതൃപ്ത രാണെങ്കില്‍ അയാള്‍ക്ക് നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കണമെന്നും അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ വമ്പിച്ച കുഴപ്പങ്ങളും നാശനഷ്ടങ്ങളു മാണുണ്ടാവുകയെന്നും പഠിപ്പിച്ച മുഹമ്മദ് നബി (സ)       (തിര്‍മിദി, ഇബ്‌നു മാജ, അസ്വഹീഹ 1022), ഇഷ്ടപ്പെട്ടവര്‍ തമ്മില്‍ ഇണകളായി ത്തീരുവാനുള്ള അവസരമൊരുക്കണം എന്നുതന്നെയാണ് വിശ്വാസികളെ തെര്യപ്പെടുത്തുന്നത്. സ്വന്തം ഇണയുമായുള്ള സംസര്‍ഗത്തില്‍ താല്‍പര്യം കാണിക്കാതെ നമസ്‌കാരത്തിലും വ്രതാനുഷ്ഠാനത്തിലും നിമഗ്‌നനായി ആത്മീയോല്‍കര്‍ഷം നേടാമെന്ന് ധരിച്ച ഉഥ്മാനുബ്‌നു മദ്വ്ഊനി(റ)നോട് ‘താങ്കള്‍ എന്റെ ചര്യയെ അവഗണിക്കുകയാണോ’ എന്ന് ഗുണദോഷിക്കുകയും ‘താങ്കള്‍ക്ക് താങ്കളുടെ ശരീരത്തോടും ഇണകളോടുമെല്ലാം ബാധ്യതകളുണ്ട്'(അഹ്മദ്, അബൂദാവൂദ്, ഇര്‍വാഉല്‍ ഗലീല്‍ 2015) എന്ന് പഠിപ്പിക്കുകയും ചെയ്ത പ്രവാചകന്‍ (സ) ഒരാളുടെ ലൈംഗികാവകാശങ്ങളെ ഹനിക്കാന്‍ സ്വന്തം ഇണക്കുപോലും അവകാശമില്ലെന്നാണ് പഠിപ്പിക്കുന്നത്. ലൈംഗിക ശേഷിയില്ലാ ത്ത പുരുഷനില്‍നിന്ന് വിവാഹ മോചനം നേടാന്‍ സ്ത്രീകളെ അനുവദിക്കുകയും(സ്വഹീഹുല്‍ ബുഖാരി) അങ്ങാടിയില്‍നിന്ന് ഏതെങ്കിലും സ്ത്രീകളെ കണ്ട് പ്രലോഭിതനായാല്‍ തന്റെ ഇണയ്ക്കടുത്തെത്തി തന്റെ തൃഷ്ണ തീര്‍ക്കണമെന്ന് ഉപദേശിക്കുകയും(സ്വഹീഹു മുസ്‌ലിം) അടുപ്പിനടുത്താണെങ്കില്‍ പോലും ഇണയുടെ ലൈംഗികതാല്‍പര്യങ്ങളെ അവഗണിക്കരുതെന്ന് പഠിപ്പിക്കുകയും(തിര്‍മിദി, അഹ്മദ്, അസ്വ ഹീഹ 1202) ചെയ്ത പ്രവാചകന്‍ (സ) സ്ത്രീക്കും പുരുഷനുമെല്ലാം ലൈംഗികാവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കുകയും അവ നേടുന്നതില്‍ നിന്ന് തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് തെര്യപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

വ്യക്തികളുടെ ലൈംഗികാവകാശങ്ങളില്‍പെട്ടതാണ് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ മാത്രം ഇണയായി സ്വീകരിക്കാനുള്ള അവകാശം. ഈ രംഗ ത്ത് പ്രലോഭനങ്ങളൊന്നുമുണ്ടായിക്കൂടെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. വിവാഹാന്വേഷണം നടത്തുന്നവര്‍ ഇണയെ കാണണമെന്നും (സ്വഹീഹു മുസ്‌ലിം) വിവാഹയോഗ്യയാണെന്ന് ബോധ്യപ്പെടുംവരെ കാഴ്ച തുടരാമെന്നും(അബൂദാവൂദ്, അഹ്മദ്, ഇര്‍വാഉല്‍ ഗലീല്‍ 1701) ഇണയെ കാണുന്നത് ഇണകള്‍ രണ്ടുപേര്‍ക്കുമിടയില്‍ സ്വരച്ചേര്‍ച്ചയുണ്ടാക്കുന്നതിന് ഉപകരിക്കുമെന്നുമാണ്(അഹ്മദ്, ഹാക്വിം, അസ്വ ഹീഹ 96) പ്രവാചകനിര്‍ദേശം.

പുരുഷന്‍ സ്ത്രീയുടെ പിതാവിനോടോ രക്ഷിതാക്കളോടോ ആണ് വിവാഹാലോചന നടത്തേണ്ടത് എന്നതിനാല്‍ അവളുടെ സമ്മതമില്ലാതെ അവളെ ആര്‍ക്കും വിവാഹം ചെയ്തുകൊടുക്കരുതെന്ന് പ്രവാചകന്‍ (സ) പിതാക്കളോട്/രക്ഷിതാക്കളോട് പ്രത്യേകം കല്‍പിച്ചതായി കാണാന്‍ കഴിയും. കന്യകയേയും വിധവയേയുമെല്ലാം അവേരാട് ചോദിച്ച ശേഷമായിരിക്കണം മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടു ക്കേണ്ടതെന്നാണ് മുഹമ്മദ് നബി (സ) നിഷ്‌കര്‍ഷിച്ചിരിക്കുന്നത്(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം). വിധവകള്‍ കാര്യപ്രാപ്തി യുള്ളവരും അനുഭവസമ്പത്തുള്ളവരുമായതിനാല്‍ അവരോട് വിവാഹകാര്യം കൂടിയാലോചിക്കണമെന്നും സ്വന്തം കാര്യത്തില്‍ അവര്‍ ക്ക് രക്ഷാകര്‍ത്താക്കളേക്കാള്‍ അവകാശമുണ്ടെന്നും കന്യകയോടും സമ്മതം ചോദിക്കണമെന്നും അവള്‍ മൗനം അവലംബിക്കുകയാണെ ങ്കില്‍ അത് സമ്മതമായി കണക്കാക്കണമെന്നുമെല്ലാം നിഷ്‌കര്‍ഷിച്ച പ്രവാചകന്‍ (സ) സ്വന്തം ഇണയെ തീരുമാനിക്കാനും തിരസ്‌കരിക്കാനു മുള്ള സ്ത്രീകളുടെ അവകാശത്തെക്കുറിച്ചാണ് സമൂഹത്തെ തെര്യപ്പെടുത്തിയിരിക്കുന്നത്(സ്വഹീഹു മുസ്‌ലിം). സ്വന്തം ഇഷ്ടപ്രകാരമ ല്ലാതെ, അറേബ്യന്‍ ഗോത്രവര്‍ഗരീതിയനുസരിച്ച് വിവാഹം ചെയ്യപ്പെട്ടവര്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം വിവാഹബന്ധം തുടരാനോ ബന്ധം അവസാനിപ്പിച്ച് വിവാഹമോചനം നേടാനോ ഉള്ള സ്വാതന്ത്ര്യം മുഹമ്മദ് നബി (സ) നല്‍കിയ ഒന്നിലധികം സംഭവങ്ങള്‍ ഹദീഥ് ഗ്രന്ഥങ്ങള്‍ നിവേദനം ചെയ്തിട്ടുണ്ട്(ഇബ്‌നുമാജ; സ്വഹീഹു ഇബ്‌നുമാജ 1520, സ്വഹീഹുല്‍ ബുഖാരി, അഹ്മദ്, ഇര്‍വാഉല്‍ ഗലീല്‍ 1835). തന്റെ ഇണ ആരായിരിക്കണമെന്ന് തീരുമാനിക്കാന്‍ പുരുഷനും പെണ്ണിനും അവകാശം നല്‍കിയ ഇസ്‌ലാം വളരെ പ്രധാനപ്പെട്ടതും ചരിത്രത്തിലുടനീളം അവഗണിക്കപ്പെട്ടുപോന്നതുമായ ഒരു ലൈംഗികാവകാശമാണ് വകവെച്ചുനല്‍കിയത്.

print