ഇമാം ബുഖാരിക്കെതിരെ ഒരു കള്ളക്കണക്ക് !

/ഇമാം ബുഖാരിക്കെതിരെ ഒരു കള്ളക്കണക്ക് !
/ഇമാം ബുഖാരിക്കെതിരെ ഒരു കള്ളക്കണക്ക് !

ഇമാം ബുഖാരിക്കെതിരെ ഒരു കള്ളക്കണക്ക് !

ഹദീസ് മേഖലയിൽ ഇമാം ബുഖാരി അർപ്പിച്ച സേവനങ്ങളെ പരിഹസിച്ചു കൊണ്ട് ഒരു ഇസ്‌ലാം വിമർശകന്റെ നിരൂപണം ഇപ്രകാരമാണ്:

അദ്ദേഹം ജീവിച്ചത് 60 വർഷം.
20 വയസിൽ ഹദീസ് ശേഖരണം തുടങ്ങി.
36 വയസിൽ ഹദീസ് ശേഖരണം പൂർത്തിയാക്കി.
ഈ 16 വർഷത്തിൽ
16×365 = 5840 ദിവസം
5840×24 = 140160 മണിക്കൂർ
140160 ×60 =84,09,600 മിനിറ്റ്

8409600 മിനിറ്റു കൊണ്ട് 300000 ഹദീസ് ശേഖരിച്ചു.
എങ്കിൽ ഒരു ഹദീസിന് 28 മിനിറ്റു ചെലവഴിക്കേണ്ടി വന്നിട്ടുണ്ട് (8,409,600÷300,000) കണക്ക് ശരിയല്ലേ.
റിപ്പോർട്ടർമാരെ അന്വേഷിച്ചു കണ്ടെത്തണം അതിനൊരു സാക്ഷ്യം വേണം വുളു എടുക്കണം 2 റക്അത്ത് നമസ്കരിക്കണം.
കണക്കങ്ങോട്ട് എത്തുന്നില്ലല്ലോ.
ന്നാ ശരി മ്മക്ക് LP സ്‌കൂളിലെ കണക്കെടുക്കാം.
300000 ഹദീസ് 5840 ദിവസം കൊണ്ട് ശേഖരിക്കുമ്പോൾ ഒരു ദിവസം ശരാശരി 51 ഹദീസ്.
റിപ്പോർട്ടറെയും സാക്ഷിയെയും അന്വേഷിച്ചു കണ്ടെത്താൻ ഒരു 20 മിനിറ്റ്
വുളു എടുക്കാനും, നമസ്കരിക്കാനും, കേൾക്കാനും, എഴുതാനും ഒരു 15 മിനിറ്റ് അപ്പൊ 35 മിനിറ്റ്.
അതായത് 51×35 = 1785 മിനിറ്റ്
പക്ഷെ ഒരുദിവസം 1440 മിനിറ്റല്ലേ ഉള്ളൂ

………….

മറുപടി :

ഇസ്‌ലാമിക പണ്ഡിതന്മാർക്കിടയിൽ ഒരു ചൊല്ലുണ്ട്:

من تكلم في غير فنه أتى بالعجائب

തന്റേതല്ലാത്ത ശാസ്ത്രത്തിൽ ഒരാൾ സംസാരിക്കാൻ ശ്രമിച്ചാൽ അമ്പരപ്പിക്കുന്ന വിഡ്ഢിത്തങ്ങൾ അയാൾ കൊണ്ടുവരും. (ഫത്ഹുൽ ബാരി: 3/466)

വിവരമില്ലാത്ത വിഷയത്തിൽ ആളാവാൻ നോക്കിയാൽ ഇത്തരത്തിലുള്ള അമ്പരപ്പിക്കുന്ന വിഡ്‌ഢിത്തങ്ങൾ വിളമ്പുമെന്ന് പണ്ട് മുതലേ ഹദീസ് പണ്ഡിതന്മാർ പറയാറുണ്ടെന്നർത്ഥം.

ഇമാം ബുഖാരി ഇരുപതാം വയസ്സിൽ ആരംഭിച്ചതും 16 വർഷം കൊണ്ട് പൂർത്തീകരിച്ചതും സ്വഹീഹുൽ ബുഖാരി എന്ന് ഇന്ന് അറിയപ്പെടുന്ന അൽജാമിഅ് അസ്സ്വഹീഹ് എന്ന ഗ്രന്ഥത്തിന്റെ രചനയാണ്. അല്ലാതെ ഇരുപത് വയസ്സിന് ശേഷം ഹദീസുകൾ പഠിക്കാൻ ആരംഭിക്കുകയും 16 വർഷം കൊണ്ട് പൂർത്തീകരിക്കുകയും ചെയ്തുവെന്നല്ല.
ഹദീസ് നിവേദകന്മാരെ സംബന്ധിച്ച് 18 വസ്സുള്ളപ്പോൾ അത്താരീഖുൽ കബീർ എന്ന ഒരു ഗ്രന്ഥം ഇമാം ബുഖാരി രചിക്കുകയുണ്ടായി. (സിയറു അഅ്ലാമിന്നുബലാഅ്: 12:400)

എന്നു പറഞ്ഞാൽ ചെറുപ്പം മുതൽക്കു തന്നെ അദ്ദേഹം ഹദീസ് പഠനം ആരംഭിച്ചിരുന്നു. പത്താം വയസ്സിൽ ഇബ്നുൽ മുബാറക്, വകീഅ് എന്നിവരുടെ സർവ ഹദീസ് ഗ്രന്ഥങ്ങളും അദ്ദേഹം മനപാഠമാക്കി. (സിയറു അഅ്ലാമിന്നുബലാഅ്: 12:407)

പതിനൊന്ന് വയസ്സായപ്പോഴേക്കും പഠിപ്പിക്കുന്ന ഗുരുവിന് ഒരു ഹദീസിന്റെ പരമ്പരയിൽ വീഴ്ച്ച സംഭവിച്ചാൽ ഇമാം ബുഖാരി അങ്ങോട്ട് തിരുത്തി കൊടുക്കാൻ തുടങ്ങി. (സിയറു അഅ്ലാമിന്നുബലാഅ്: 12:392)

ഇങ്ങനെ ചെറുപ്പം മുതൽ 36 വയസ്സു വരെ വായിക്കുകയും പഠിക്കുകയും ചെയ്ത ലക്ഷക്കണക്കിന് ഹദീസുകളിൽ നിന്ന് ഏറ്റവും പ്രബലമായ നിവേദക പരമ്പരയുള്ളവ മാത്രമെടുത്താണ് സ്വഹീഹുൽ ബുഖാരി എന്ന് ഇന്ന് അറിയപ്പെടുന്ന അൽജാമിഅ് അസ്സ്വഹീഹ് എന്ന ഗ്രന്ഥം രചിക്കുന്നത്.

അഥവാ, 3 ലക്ഷം ഹദീസ് 16 വർഷം കൊണ്ട് റിപ്പോർട്ടർമാരെ അന്വേഷിച്ചും അവരിൽ നിന്നും നേരിട്ട് കേട്ടും സ്വഹീഹാണെന്ന് ഉറപ്പു വരുത്തിയും പഠിച്ചു എന്ന് ഇമാം ബുഖാരി സ്വയമോ അദ്ദേഹത്തെ സംബന്ധിച്ച് മറ്റു ഹദീസ് പണ്ഡിതരോ പറഞ്ഞിട്ടില്ല. താൻ ജീവിതത്തിൽ വായിക്കുകയും പഠിക്കുകയും ചെയ്ത ലക്ഷക്കണക്കിന് ഹദീസുകളിൽ നിന്ന് തെരെഞ്ഞെടുത്ത (അത് എത്ര ലക്ഷമായാലും ശരി) ഏഴായിരത്തോളം ഹദീസുകൾ കൊണ്ട് സ്വഹീഹുൽ ബുഖാരി എന്ന ഗ്രന്ഥം രചിച്ചു എന്നാണ് പറഞ്ഞത്. റിപ്പോർട്ടർമാരെ അന്വേഷിച്ചതും അവരിൽ നിന്നും നേരിട്ട് കേട്ടതും സ്വഹീഹാണെന്ന് ഉറപ്പു വരുത്തിയതുമൊക്കെ ഈ ഏഴായിരത്തോളം വരുന്ന ഹദീസുകളുടെ കാര്യത്തിൽ മാത്രമാണ് എന്നർത്ഥം. ഈ ഉദ്യമത്തിനാണ് 16 വർഷം എടുത്തത്.

ഇനി, 3 ലക്ഷം ഹദീസ് പഠിച്ചു എന്ന് പറഞ്ഞാൽ അതിന്റെ പരമ്പരകളുടെ എണ്ണമാണ് സൂചിപ്പിക്കുന്നത്. ഒരു ഹദീസിന് തന്നെ നൂറുക്കണക്കിന് നിവേദക പരമ്പരകളുണ്ടാകാം. അപ്പോൾ ആ നൂറ് പരമ്പര പഠിച്ചാൽ നൂറ് ഹദീസ് പഠിച്ചു എന്നാണ് ഹദീസ് പണ്ഡിതന്മാരുടെ സാങ്കേതിക ഭാഷയിൽ പറയുക. ഇത് ഇമാം നവവിയും, ഇമാം ഇബ്നു സ്വലാഹും, ഹാഫിദ് അൽ ഇറാകിയുമെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. (തദ്‌രീബുറാവി: 1:99)

സ്വഹീഹുൽ ബുഖാരിയിൽ തന്നെ ‘കർമ്മങ്ങളെല്ലാം ഉദ്ദേശങ്ങൾക്ക് അനുസൃതമായി മാത്രമാണ് സ്വീകരിക്കപ്പെടുക’ (إنما الأعمال بالنيات) എന്ന ഒരു ഹദീസ് 7 തവണ ആവർത്തിച്ചിട്ടുണ്ട്. ഈ ഒരു ഹദീസ് തന്നെ (ഹുമൈദി, ഇബ്നു മസ്‌ലമ, മുഹമ്മദിബ്നുകസീർ, മുസദ്ദിദ്, യഹ്‌യബ്നു കസഅ, കുതൈബത്തിബ്നു സഈദ്‌, അബുന്നുഅ്മാൻ എന്നീ) വ്യത്യസ്ഥരായ ഏഴു നിവേദകന്മാരിൽ നിന്നാണ് ഉദ്ധരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്വഹീഹുൽ ബുഖാരിയിലെ ഏഴായിത്തോളം വരുന്ന ഹദീസുകളുടെ എണ്ണത്തിൽ ‘കർമ്മങ്ങളെല്ലാം ഉദ്ദേശങ്ങൾക്ക് അനുസൃതമായി മാത്രമാണ് സ്വീകരിക്കപ്പെടുക’ എന്ന ഒരൊറ്റ ഹദീസ് ഏഴെണ്ണമായാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഈ കണക്കിന് ഒരു നാട്ടിലെ ഒരു റിപ്പോർട്ടറിൽ നിന്ന് തന്നെ ആയിരക്കണക്കിന് ഹദീസുകൾ പഠിക്കാം.

“എങ്കിൽ ഒരു ഹദീസിന് 28 മിനിറ്റു ചെലവഴിക്കേണ്ടി വന്നിട്ടുണ്ട് (8,409,600÷300,000) കണക്ക് ശരിയല്ലേ.” (വിമർശകൻ)

ഒരു ഹദീസ് പഠിക്കാൻ 28 മിനുറ്റ് എന്ന കണക്കു കൊണ്ട് തെളിയിച്ച ആ അപാരതക്ക് മുമ്പിൽ നമിക്കുന്നു !

من طريق الدراوردي عن عمرو بن يحيى المازني عن أبيه عن أبي سعيد عن النبي صلى الله عليه وسلم قال: لا ضرر ولا ضرار

അറബി പഠിച്ച, മലയാളിയായ ഞാൻ മുകളിൽ കൊടുത്തിരിക്കുന്ന ഈ ഹദീസ് സനദു സഹിതം പഠിച്ചത് 38 സെക്കന്റും 37 മൈക്രോ സെക്കന്റിലുമാണ്. സ്റ്റോപ് വാച്ച് വെച്ച് നോക്കിയിട്ടുണ്ട്. അപ്പോൾ ഒരാളുടെ അടുത്ത് നിന്ന് ഇതുപോലെയുള്ള നൂറ് ഹദീസ് പഠിക്കാൻ എത്ര സമയമെടുക്കും മാഷേ…? 3837 സെക്കന്റ്. അഥവാ 63 മിനുറ്റ്. അഥവാ 1 മണിക്കൂർ 3 മിനുറ്റ്. അപ്പോൾ ഒരു ദിവസം ഏകദേശം പത്തര മണിക്കൂർ പഠിച്ചാൽ ഏകദേശം 1000 ഹദീസുകൾ പഠിക്കാം. അപ്പോൾ ഒരു വർഷത്തിലെ 300 ദിവസം ഏകദേശം പത്തര മണിക്കൂർ പഠിച്ചാൽ തന്നെ 3 ലക്ഷം ഹദീസ് പഠിക്കാം. ഇനി ദീർഘമായ ഹദീസുകൾ ഉൾപ്പെടുത്തി പഠിക്കാനെടുക്കുന്ന സമയ ദൈർഘ്യം നീളുമെന്ന് സമ്മതിച്ചാൽ തന്നെ കുറച്ച് വർഷങ്ങളുടെ എണ്ണം കൂട്ടണമെന്നല്ലാതെ അസംഭവ്യമായ ഒന്നും ഈ കണക്കിൽ വന്നു ചേരാനില്ല. പക്ഷെ ഇതൊക്കെയുണ്ടോ കണക്കു മാഷിന് അറിയുന്നു. വിവരമില്ലാത്ത വിഷയത്തിൽ ആളാവാൻ കുറച്ചു കണക്കുമായി ഇറങ്ങിയതാണ് ടിയാൻ.

ഒരു പരമ്പര ഒരു വട്ടം കേട്ട് മനപാഠമാക്കാൻ മാത്രം കഴിവൊക്കെ ഉണ്ടായിരുന്നു എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിച്ച ഇമാം ബുഖാരിക്കുണ്ടൊ ഈ എൽ.പി സ്കൂൾ അദ്ധ്യാപകന്റെ കണക്കനുസരിച്ച് ഹദീസ് പഠിക്കാൻ സമയം !

“ഒരു ദിവസം ശരാശരി 51 ഹദീസ്.
റിപ്പോർട്ടറെയും സാക്ഷിയെയും അന്വേഷിച്ചു കണ്ടെത്താൻ ഒരു 20 മിനിറ്റ്…” (വിമർശകൻ)

കണക്കു മാഷിന്റെ ഈ അമ്പരപ്പിക്കുന്ന കണ്ടെത്തൽ പ്രകാരം ഓരോ ഹദീസും വ്യത്യസ്ഥരായ റിപ്പോർറർമാരിൽ നിന്നാവണം. എങ്കിലല്ലെ അവരെ കണ്ടെത്താനുള്ള 20 മിനുട്ട് ഓരോ ഹദീസിലും കൂട്ടാൻ മാഷിന് കഴിയു. ഒരു റിപ്പോർട്ടറിൽ നിന്ന് 51 ഹദീസ് പഠിച്ചാലെന്താ…? എന്ന് പിള്ളേര് ചോദിക്കരുത്.

ബുഖാരി, അബ്ദുല്ലാഹിബ്നു യൂസുഫ് അത്തുനൈസിയിൽ നിന്ന് മുന്നൂറിലേറെ ഹദീസുകളും അലിയ്യിബ്നുൽ മദീനിയിൽ നിന്ന് ഇരുന്നൂറിലേറെ ഹദീസുകളും സ്വഹീഹുൽ ബുഖാരിയിൽ എഴുതിയിട്ടുണ്ടെന്നൊന്നും മാഷിനറിയില്ലല്ലൊ. അഥവാ ഒരൊറ്റ റിപ്പോർട്ടറിൽ നിന്ന് മാത്രം മൂന്നുറിലേറെയും ഇരുന്നൂറിലേറെയും ഹദീസുകൾ ബുഖാരി തന്റെ സ്വഹീഹിൽ രേഖപ്പെടുത്തി എന്ന് തെളിയുന്നതോടെ മാഷിന്റെ മറ്റൊരു കണക്ക് ചമ്മന്തി പരിവത്തിലാവുന്നു. വിവരമില്ലാത്ത വിഷയത്തിൽ ആളാവാൻ കുറച്ചു കണക്കുമായി ഇറങ്ങിയതാണ് ടിയാൻ.

ഇമാം ബുഖാരി ചെറുപ്പം മുതൽ ഹദീസ് പഠനമാരംഭിച്ചിട്ടുണ്ട് എന്ന് നാം സൂചിപ്പിച്ചുവല്ലൊ. അതിൽ ഒരുപാട് ഹദീസുകൾ ഹദീസ് പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ച് പഠിച്ചതാണ് എന്നും നിവേദകന്മാരെ കണ്ടെത്തി പഠിച്ചതല്ലെന്നും നാം സൂചിപ്പിച്ചു. അപ്പോൾ 3 ലക്ഷം ഹദീസുകളോട് ഗുണിക്കാനായി നീക്കിവെക്കുന്ന -റിപ്പോർട്ടർമാരെ കണ്ടെത്താൻ എടുക്കുന്ന – 20 മിനുറ്റ്, ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ച് പഠിച്ച ഹദീസുകളുടെ കാര്യത്തിൽ ഒഴിവാക്കേണ്ടതല്ലെ ?. അത്തരം ഹദീസുകൾ എത്രയാണെന്ന് കണക്കുകൂട്ടി 3 ലക്ഷത്തിൽ നിന്ന് കുറക്കാത്തിടത്തോളം മാഷിന്റെ കണക്കുകൾ ചീട്ടു കൊട്ടാരം പോലെ നിലം പതിക്കുന്നു.

തന്റെ ഗുരുക്കളിൽ നിന്ന് പഠിക്കുന്നതിനും ഹദീസ് ശേഖരിക്കുന്നതിനും പല മാർഗങ്ങളും ഇമാം ബുഖാരി അവലംബിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതായി അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ കാണാം. അതിലൊന്ന് ഗുരു ശേകരിച്ച ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ച് അദ്ദേഹത്തിന്റെ സമ്മഞ്ഞോടെ തന്റെ ഹദീസ് ശേഖരത്തിൽ ഉൾപ്പെടുത്തുക എന്നതാണ്.

.سمعت محمد بن إسماعيل يقول : كان إسماعيل بن أبي أويس إذا انتخبت من كتابه نسخ تلك الأحاديث

ബുഖാരി പറഞ്ഞു: ഞാൻ എന്റെ ഗുരുവായ ഇസ്മാഈൽ ഇബ്നു അബീ ഉവൈസിന്റെ ഗ്രന്ഥത്തിൽ നിന്ന് അദ്ദേഹത്തിന്റെ സമ്മതത്തോടെ ഹദീസുകൾ തിരഞ്ഞെടുക്കുമായിരുന്നു…
(സിയറു അഅ്ലാമിന്നുബലാഅ്: 12:408)

ഗുരുക്കന്മാരിൽ നിന്ന് ഹദീസ് സ്വീകരിക്കുന്നതിലെ മറ്റൊരു മാർഗമാണ് അവരുടെ ഗ്രന്ഥത്തിലെ ഹദീസ് അവർക്കു തന്നെ വായിച്ച് കൊടുത്ത് അവർ അത് അംഗീകരിക്കുമ്പോൾ, അവരിൽ നിന്നും ഹദീസുകൾ (ആ ഗ്രന്ഥത്തിലുള്ള) പഠിച്ചതായി പരിഗണിക്കൽ. ഇതിനെ ഹദീസ്- കർമ്മശാസ്ത്ര സാങ്കേതിക ഭാഷയിൽ ഇംലാഅ്, ഇക്റാഅ് എന്നൊക്കെയാണ് പറയുക. ഇമാം ബുഖാരി തന്നെ ഇംലാഇലൂടെയും ഇക്റാഇലൂടെയും ഹദീസുകൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിലുണ്ട്.
ثم خرجت من الكتاب بعد العشر ، فجعلت أختلف إلى الداخلي وغيره . فقال يوما فيما كان يقرأ للناس
(സിയറു അഅ്ലാമിന്നുബലാഅ്: 12:392)

ഇമാം ബുഖാരിയുടെ ഗുരുക്കളായിരുന്നു ഹുമൈദി, ഇബ്നു റാഹൂയ, അഹ്മദിബ്നു ഹമ്പൽ എന്നിവർ. ഇവർക്ക് ഓരോരുത്തർക്കും മുസ്നദ് എന്ന പേരിൽ ഹദീസ് ഗ്രന്ഥങ്ങളുണ്ട്. അഹ്മദിബ്നു ഹമ്പലിന്റെ മുസ്നദിൽ മാത്രം 40000 ഹദീസുകൾ നമുക്ക് കാണാം. ഈ മൂന്ന് ഗുരുക്കന്മാരുടേയും മുസ്നദുകളിലെ 40000 ഹദീസുകൾ വീതം വായിച്ചു പഠിച്ചാൽ തന്നെ അദ്ദേഹത്തിന് ഒരു ലക്ഷത്തി ഇരുപതിനായിരം ഹദീസുകൾ പഠിക്കാം. റിപ്പോർട്ടർമാരെ അന്വേഷിച്ച് കണ്ടെത്താനുള്ള സമയം ചെലവഴിക്കേണ്ടി വരുന്നില്ല.

മാഷിന്റെ അമ്പരപ്പിക്കുന്ന മറ്റൊരു കണ്ടെത്തൽ:
“300000 ഹദീസ് 5840 ദിവസം കൊണ്ട് ശേഖരിക്കുമ്പോൾ ഒരു ദിവസം ശരാശരി 51 ഹദീസ്…
വുളു എടുക്കാനും, നമസ്കരിക്കാനും, കേൾക്കാനും, എഴുതാനും ഒരു 15 മിനിറ്റ്… ” (വിമർശകൻ)

പക്ഷെ താൻ പഠിച്ച 3 ലക്ഷം ഹദീസുകൾ പഠിക്കുമ്പോഴും “വുളു എടുക്കാനും, നമസ്കരിക്കാനും, കേൾക്കാനും, എഴുതാനും” നിൽക്കുമായിരുന്നു എന്നത് നുണയല്ലെ മാഷേ ? സ്വഹീഹുൽ ബുഖാരിയിൽ ഒരോ ഹദീസും എഴുതി ചേർക്കുമ്പോൾ താൻ നമസ്ക്കരിച്ചിരുന്നു എന്നല്ലെ ബുഖാരി പറഞ്ഞിട്ടുള്ളു. (ഉംദത്തുൽകാരി: 1:5, ശർഹുൽ കസ്തല്ലാനി: 1:29, തഗ്‌ലീക്കു തഅ്ലീക്: 5:5554, അതവ്ളീഹ് ഫി ശർഹിൽ ജാമിഉ സ്വഹീഹ് : 2:28, ഇശ്റൂന ഹദീസ്: 1:14, തഹ്ദീബുൽ അസ്മാഅ്: നവവി: 1:74)

ബുഖാരിയിൽ ആവർത്തനങ്ങൾ ഉൾപ്പെടെ ഏഴായിരത്തോളം ഹദീസും ആവർത്തനം ഒഴിവാക്കിയിൽ 2602 ഹദീസുകളുമാണുള്ളത്. (മുഖദ്ദിമത്തു ഫത്ഹുൽ ബാരി)
2602 ഹദീസുകളിൽ ഓരോന്നിനും വേണ്ടി വുളു എടുക്കാനും, നമസ്കരിക്കാനും, കേൾക്കാനും, എഴുതാനും 15 മിനിറ്റ് എടുത്താൽ ആകെ വരുന്നത് 39030 മിനുറ്റ് അഥവാ 650.5 മണിക്കൂറാണ്. രണ്ട് വർഷത്തിൽ 730 ദിവസം കൂട്ടിയാൽ, വർഷത്തിലെ ഓരോ ദിവസവും ഒരു മണിക്കൂർ ഈ വുളു എടുക്കാനും നമസ്കരിക്കാനും, കേൾക്കാനും, എഴുതാനും വേണ്ടി ഉപയോഗിച്ചാൽ തന്നെ 2 വർഷം തികയുന്നതിന് മുമ്പ് തന്നെ സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് മൊത്തം ഇമാം ബുഖാരിക്ക് എഴുതി തീർക്കാം. !

print