ഇഞ്ചീലും തൗറാത്തുമൊന്നും സംരക്ഷിക്കാത്തതെന്തുകൊണ്ട് ?

/ഇഞ്ചീലും തൗറാത്തുമൊന്നും സംരക്ഷിക്കാത്തതെന്തുകൊണ്ട് ?
/ഇഞ്ചീലും തൗറാത്തുമൊന്നും സംരക്ഷിക്കാത്തതെന്തുകൊണ്ട് ?

ഇഞ്ചീലും തൗറാത്തുമൊന്നും സംരക്ഷിക്കാത്തതെന്തുകൊണ്ട് ?

ക്വുർആനിന് മുമ്പുള്ള വേദഗ്രൻഥങ്ങളിലെല്ലാം മനുഷ്യരുടെ കൈകടത്തലുകൾ നടന്നുവെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. സ്വാർത്ഥികളായ മനുഷ്യരുടെ പ്രവർത്തനങ്ങളെപ്പറ്റി ശരിക്കും അറിയാവുന്ന ദൈവത്തിന് എന്തേ അത്തരം കൈകടത്തലുകൾ നിയന്ത്രിച്ച്കൂടായിരുന്നോ? എന്ത് കൊണ്ട് അല്ലാഹു ആ വേദഗ്രൻഥങ്ങളെ ക്വുർആനിനെ പോലെ സംരക്ഷിച്ചില്ല?

അൻവർ ഹുസൈൻ കെ.വി

ക്വുർആനിന് മുൻപ് അവതരിപ്പിക്കപ്പെട്ട വേദഗ്രൻഥങ്ങളിൽ കൈകടത്തലുകൾ നടന്നുവെന്നത് മുസ്‌ലിംകളുടെ കേവല വിശ്വാസമല്ല. തെളിയിക്കപ്പെട്ട ഒരുയാഥാർഥ്യമാണ്. മോശെ പ്രവാചകന് അവതരിപ്പിക്കപ്പെട്ട തോറയോ ദാവീദിന്റെ സങ്കീർത്തനങ്ങളോ യേശുപഠിപ്പിച്ച ദൈവത്തിന്റെ സുവിശേഷമോ ഇന്ന് മാറ്റങ്ങളൊന്നുമില്ലാതെ ലഭ്യമാണെന്ന് അവയെ ദൈവികമെന്ന് കരുതി ആദരിക്കുന്നവർതന്നെ കരുതുന്നില്ല. അവയിൽ ദൈവവചനങ്ങളും മാനുഷികവചനങ്ങളുമുണ്ട്., പ്രവാചകന്മാര്‍ക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ള ദൈവവചനങ്ങളിൽ ചിലവ അവയിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം മനുഷ്യരുടെ വചനങ്ങളും അവയിലുണ്ട്. ഏതാണ് ദൈവികവചനം, ഏതാണ് മാനുഷികവചനമെന്ന് മനസ്സിലാക്കാന്‍ സാധ്യമല്ലാത്ത അവസ്ഥയിലാണ് ഇന്ന് അവ സ്ഥിതി ചെയ്യുന്നത്.

വേദഗ്രന്ഥങ്ങളുടെ അവതരണത്തിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ വേദഗ്രന്ഥങ്ങളുടെ പുറംചട്ടകളണിഞ്ഞു കൊണ്ട് മനുഷ്യരാല്‍ രചിക്കപ്പെട്ട ചില ഗ്രന്ഥങ്ങള്‍ വന്നു എന്നും ആ ഗ്രന്ഥങ്ങളാണ് മനുഷ്യരെ തിന്മയിലേക്കും തെറ്റുകളിലേക്കും അധര്‍മത്തിലേക്കും പൈശാചിക പ്രലോഭനങ്ങളിലേക്കുമെല്ലാം കൊണ്ടുപോയത് എന്നുമാണ് പരിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. ”സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും സ്വാര്‍ഥമായ താല്‍പര്യങ്ങള്‍ക്കുവേണ്ടിയും തുച്ഛമായ താല്‍പര്യങ്ങള്‍ക്കുവേണ്ടിയും അത് ദൈവികമാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം’ (ക്വുര്‍ആന്‍ 2:79)

ക്വുർആനിന് മുമ്പ് അവതരിച്ച വേദങ്ങളെ എന്തു കൊണ്ട് പടച്ചവൻ സംരക്ഷിച്ചില്ല എന്ന ചോദ്യത്തിനുള്ള ഉത്തരം അവയുടെ ദൗത്യം അത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ്. ക്വുർആനിന് മുമ്പ് അവതരിപിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളുടെയെല്ലാം ദൗത്യം ആ സമൂഹങ്ങളെ സത്യമാർഗത്തിലൂടെ വഴി നടത്തുകമാത്രമായിരുന്നു. അത് കൊണ്ട് തന്നെ അവയുടെസംരക്ഷണത്തിന്റെ ഉത്തരവാദിത്തം ആ സമൂഹങ്ങളെത്തന്നെ ഏൽപ്പിക്കുകയാണ് പ്രവാചകൻമാർ ചെയ്തത്. ആ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ അവർ പരാജയപ്പെട്ടു. വേദഗ്രൻഥങ്ങളിൽ അവർ കൈകടത്തലുകൾ നടത്തി. ഇക്കാര്യം ക്വുർആൻ വ്യക്തമാക്കുന്നുണ്ട്. “വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്നചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. അത്‌ വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന്‌ നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണത്‌. അത്‌ വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും; അത്‌ അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണെന്ന്‌. എന്നാല്‍അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്‍റെ പേരില്‍ കള്ളംപറയുകയാണ്‌.” (3 :78)

മുമ്പുള്ള വേദഗ്രൻഥങ്ങളെ സംരക്ഷിക്കുവാൻ പടച്ചവന് കഴിയുമായിരുന്നില്ലേ എന്ന ചോദ്യത്തിനുത്തരം ‘തീർച്ചയായും കഴിയുമായിരുന്നു’ എന്ന് തന്നെയാണ്. എന്നാൽ പരിമിതമായ ദൗത്യം മാത്രമുള്ള അവയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അവ അവതരിക്കപ്പെട്ട സമൂഹത്തെ ഏൽപ്പിക്കുകയാണ് ചെയ്തത്. അതിൽ അവർ വീഴ്ച വരുത്തി. സ്വാതന്ത്ര്യം നൽകപ്പെട്ട മറ്റു കാര്യങ്ങളിലൊന്നും പടച്ചവൻ നേരിട്ട് ഇടപെടാത്തതു പോലെത്തന്നെ ഇക്കാര്യത്തിലും അവൻ ഇടപെട്ടില്ല. അവയുടെ ദൗത്യം പരിമിതമായതുകൊണ്ടായിരിക്കാം ഇത്.

ക്വുർആനിന്റെ സ്ഥിതി ഇതിൽ നിന്ന് ഭിന്നമാണ്. അന്തിമപ്രവാചകന്റെ ദൗത്യം അവസാന നാളു  വരെയുള്ള മുഴുവൻ മനുഷ്യരെയും നന്മയിലൂടെ നയിക്കുകയാണ്. “നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത്‌ നല്‍കുവാനും ആയികൊണ്ട്‌ തന്നെയാണ്‌ അയച്ചിട്ടുള്ളത്‌.” (ക്വുർആൻ 34 :28) അദ്ദേഹത്തിലൂടെ അവതരിപ്പിക്കപ്പെട്ട ക്വുർആനും മുഴുവൻ ലോകർക്കുമുള്ളതാണ്: “ഇത്‌ ലോകര്‍ക്കുള്ള ഒരു ഉല്‍ബോധനം മാത്രമാകുന്നു.” (ക്വുർആൻ 38:87) അവസാന നാളുവരെ മാറ്റമൊന്നുമില്ലാതെ നിലനിൽക്കേണ്ട ഗ്രൻഥമാണ് ക്വുർആൻ എന്നതു കൊണ്ട്തന്നെ അതിന്റെ സമ്പൂർണമായ സംരക്ഷണം അല്ലാഹുതന്നെ ഏറ്റെടുത്തതായി ക്വുർആൻ വ്യക്തമാക്കുന്നു. “തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌” (15:9) എന്ന അല്ലാഹുവിന്റെ വാഗ്ദാനം പൂർണമായും പാലിക്കപ്പെട്ടിട്ടുണ്ട്. യാതൊരു മാറ്റത്തിരുത്തലുകളുമില്ലാതെ നില നിൽക്കുന്ന ഏകവേദഗ്രൻഥമാണ് ക്വുർആൻ. അത് അങ്ങനെത്തന്നെ ലോകാവസാനം വരെ നില നിൽക്കുകയും ചെയ്യും.

print