ആകാശങ്ങളോ ഭൂമിയോ ഏതാണ് ആദ്യം സൃഷ്‌ടിക്കപ്പെട്ടത് ?

/ആകാശങ്ങളോ ഭൂമിയോ ഏതാണ് ആദ്യം സൃഷ്‌ടിക്കപ്പെട്ടത് ?
/ആകാശങ്ങളോ ഭൂമിയോ ഏതാണ് ആദ്യം സൃഷ്‌ടിക്കപ്പെട്ടത് ?

ആകാശങ്ങളോ ഭൂമിയോ ഏതാണ് ആദ്യം സൃഷ്‌ടിക്കപ്പെട്ടത് ?

ആകാശങ്ങളോ ഭൂമിയോ ഏതാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത് ? ആദ്യം ഭൂമിയാണെന്ന് 2:29ലും ആദ്യം ആകാശമാണെന്ന് 79: 27-30ലും പറയുന്നു. ഇത് വൈരുധ്യമല്ലേ ?

അവനാണ് നിങ്ങള്‍ക്കുവേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത്. പുറമെ ഏഴു ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.’’ (2:29)

നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍ അതല്ല ആകാശമാണോ ? അതിനെ (ആകാശത്തെ) അവന്‍ നിര്‍മ്മിച്ചിരിക്കുന്നു. അതിന്റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു: അതിനു ശേഷം അവന്‍ ഭൂമിയെ വികസിപ്പിച്ചിരിക്കുന്നു’. (79:27-30)

ഈ സൂക്തങ്ങളിലാണ് വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്നത്. സൂറത്തുല്‍ ബഖറയിലെ ഇരുപത്തിയൊമ്പതാം സൂക്തത്തില്‍ പുറമെയെന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നത്. ‘ഥുമ്മ‘യെന്ന അറബി അവ്യയമാണ്. പിന്നെയെന്നാണ് ‘ഥുമ്മ‘ക്ക് സാധാരണയായി നല്‍കപ്പെടാറുള്ള അര്‍ത്ഥം. പ്രസ്തുത അര്‍ത്ഥം ഈ സൂക്തത്തില്‍ നല്‍കുമ്പോള്‍ ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചതിനു ശേഷമാണ് ആകാശം സൃഷ്ടിക്കപ്പെട്ടതെന്നാണ് ഖുര്‍ആനില്‍ പറയുന്നതെന്ന് വരുത്താനാവും. ഈ അടിസ്ഥാനത്തിലാണ് വിമര്‍ശകന്‍മാര്‍ ഈ സൂക്തം സൂറത്തുന്നാസിആത്തിലെ ഉദ്ധരിക്കപ്പെട്ട വചനങ്ങളുമായി(79:27-30) വൈരുധ്യം പുലര്‍ത്തുന്നുവെന്ന് ആരോപിക്കുന്നത്.

ഥുമ്മയെന്ന അവ്യയം സംഭവങ്ങളുടെ കാലക്രമത്തെ സൂചിപ്പിക്കുവാന്‍ മാത്രമല്ല അറബിയില്‍ പ്രയോഗിക്കപ്പെടുന്നത്. വിവരണത്തിലെ ക്രമാനുഗതികത്വത്തെ സൂചിപ്പിക്കുവാനും ഥുമ്മയെന്ന് പ്രയോഗിക്കാറുണ്ട്. ഇത് പൊതുവെ എല്ലാ ഭാഷകളിലുമുള്ള പ്രയോഗ രീതിയാണ്. മലയാളത്തില്‍ നാം ഇങ്ങനെ പറയാറുണ്ട്. നീ ഇന്ന് എങ്ങോട്ട് പോയതായിരുന്നുവെന്ന് എനിക്കറിയാം, പിന്നെ, നീ ഇന്നലെ എങ്ങോട്ടായിരുന്നു പോയതെന്നും എനിക്കറിയാം. ഈ പ്രയോഗത്തില്‍ നിന്ന് ഇന്നലത്തെ യാത്ര ഇന്നത്തേതിന് ശേഷമാണുണ്ടായതെന്ന് ആരും അര്‍ഥമാക്കാറില്ല. സംഭവക്രമത്തിനു പകരം വിവരണക്രമം സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് ഇവിടെ പിന്നെയെന്ന് പറഞ്ഞിട്ടുള്ളതെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ഇതേ പോലെതന്നെ വിവരണക്രമം സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് 2:29 ല്‍ ഥുമ്മയെന്ന് പ്രയോഗിച്ചിരിക്കുന്നത്. അല്ലാതെ ഭൂമിയുണ്ടായതിന് ശേഷമാണ് ആകാശങ്ങള്‍ ഉണ്ടായതെന്ന് പ്രസ്തുത സൂക്തം അര്‍ഥമാക്കുന്നേയില്ല. മാത്രവുമല്ല, സൂറത്തുല്‍ ബഖറയിലെ സൂചിത വാക്യം അല്ലാഹുവിന്റെ സൃഷ്ടിക്രമം വിവരിക്കുകയല്ല, പ്രത്യുത അവന്റെ അനുഗ്രഹങ്ങളെ സംബന്ധിച്ച് മനുഷ്യരെ തെര്യപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനു നേരെമുമ്പുള്ള വാക്യവുമായി അത് ചേര്‍ത്തു വായിച്ചാല്‍ ഇക്കാര്യം സുതരാം വ്യക്തമാവും.

നിങ്ങള്‍ക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കുവാന്‍ കഴിയുക? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്കു ശേഷം അവന്‍ നിങ്ങള്‍ക്ക് ജീവന്‍ നല്‍കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്കു തന്നെ നിങ്ങള്‍ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും (2:78) എന്നു പറഞ്ഞ ശേഷമാണ്, അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത് എന്നു പറഞ്ഞുകൊണ്ട് അടുത്ത സൂക്തം ആരംഭിക്കുന്നത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രഥമ പ്രാധാന്യമുള്ളത് ഭൂമിയും അതിലെ അനുഗ്രഹങ്ങളുമാണ്. ദൈവനിഷേധികളോട് ഒന്നാമതായി സ്വന്തത്തെകുറിച്ചും പിന്നീട് അവര്‍വസിക്കുന്ന ഭൂമിയെ കുറിച്ചും അതിനുശേഷം ആകാശ ക്രമീകരണത്തെകുറിച്ചുമെല്ലാം ചിന്തിക്കുവാന്‍ വേണ്ടി ആവശ്യപ്പെടുകയാണ് ഈ സൂക്തങ്ങളില്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് ആകാശ ക്രമീകരണങ്ങള്‍ക്കു ശേഷമാണ് ഭൂമിയെ വികസിപ്പിച്ചെടുത്തതെന്ന സൂറത്തു നാസിആത്തിലെ വചനവുമായി (79:30) യാതൊരുവിധ വൈരുധ്യവും പുലര്‍ത്തുന്നില്ലെന്നതാണ് വാസ്തവം.

print