ദൈവവിധിയും സന്മാർഗവും

/ദൈവവിധിയും സന്മാർഗവും
/ദൈവവിധിയും സന്മാർഗവും

ദൈവവിധിയും സന്മാർഗവും

എല്ലാ മനുഷ്യരെയും സൃഷ്ടിച്ച് അവരുടെ വിധികള്‍ നിശ്ചയിച്ച് നമ്മെ ഭൂമിയിലേക്ക് അയച്ച അല്ലാഹു തന്നെ ചിലരെ നല്ലവരും മറ്റു ചിലരെ ചീത്തവരുമാക്കിയെന്നും അല്ലാഹു തീരുമാനിച്ചവര്‍ മാത്രമെ നന്നാകൂവെന്നും പഠിപ്പിക്കുന്ന ഇസ്‌ലാമിലെ വിധിവിശ്വാസമനുസരിച്ച് പിന്നെ മനുഷ്യർക്ക് തെരെഞ്ഞെടുക്കുവാൻ എന്ത് സാധ്യതയാണുള്ളത്?

അല്ലാഹു സര്‍വജ്ഞനും സര്‍വശക്തനുമാണെന്ന് വിശുദ്ധ ഖുര്‍ആനിലെ അനേകം സൂക്തങ്ങള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു. അല്ലാഹുവിന്റെ അറിവ് ഒരിക്കലും തെറ്റാവുകയില്ല. അവന്റെ യാ തൊരു തീരുമാനവും നടപ്പാക്കാതെപോവുകയില്ല. പ്രപഞ്ചത്തില്‍ ചെറുതും വലുതമായ ഏത് കാര്യം സംഭവിക്കുന്നതും അവന്‍ നിശ്ചയിച്ചതനുസരിച്ചാണ്. ഇതില്‍ മാറ്റംവരുത്താന്‍ സൃഷ്ടികളില്‍ ആര്‍ക്കും സാധ്യമല്ല. ”ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരാപത്തും ബാ ധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിനു മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീ ര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു” (വി.ഖുര്‍ആന്‍ 57:22).

അല്ലാഹുവിന്റെ തീരുമാനമാണ് പരമവും നിര്‍ണായകവുമെന്ന് വ്യക്തമാക്കുന്ന ഖുര്‍ആനില്‍ തന്നെ മനുഷ്യരുടെ അഭിപ്രായ-പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ സംബന്ധിച്ച് അല്ലാഹു വ്യക്തമായി പ്രതിപാദിച്ചി ട്ടുണ്ട്. ”പറയുക. സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്” (18:29).

അല്ലാഹുവിന്റെ കാലാതീതമായ അറിവോ തീരുമാനമോ, ശരിയും തെറ്റും തെരഞ്ഞെടുക്കാനും സ്വന്തം ഹിതമനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് തടസ്സമാവുകയില്ല എന്നത്രെ ഇതില്‍നിന്ന് വ്യക്തമാകുന്നത്. നന്മ തെരഞ്ഞെടുക്കാനും സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും ഉണ്ടായിട്ടും അന്യായമായി തിന്മയിലേക്ക് നീങ്ങിയതിനാലാണ് മനുഷ്യര്‍ നരകശിക്ഷ അനുഭവിക്കേണ്ടിവരുന്നതെന്നും ഈ സൂക്തം സൂചിപ്പിക്കുന്നു.

ഞങ്ങള്‍ ബഹുദൈവാരാധകരായത് അങ്ങനെ അല്ലാഹു മുന്‍കൂട്ടി നിശ്ചയിച്ചതുകൊണ്ടാണ് എന്ന് വാദിക്കുന്നവരെ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഖണ്ഡിക്കുകയാണ് ചെയ്തിട്ടുള്ളത്. ”ആ ബഹു ദൈവാരാധകര്‍ പറഞ്ഞേക്കും; ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ (അല്ലാഹുവോട് ഇതര ദൈവങ്ങളെ) പങ്കുചേര്‍ക്കുമായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല എന്ന്. ഇതേപ്രകാരം അവരുടെ മുന്‍ഗാമികളും, നമ്മുടെ ശിക്ഷ ആസ്വദിക്കുന്നതുവരെ നിഷേധിച്ചുകളയു കയുണ്ടായി. പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിവരവുമുണ്ടോ? ഉണ്ടെങ്കില്‍ ഞങ്ങ ള്‍ക്ക് നിങ്ങള്‍ അതൊന്ന് വെളിപ്പെടുത്തിത്തരൂ. ഊഹത്തെമാത്രമാണ് നിങ്ങള്‍ പി ന്തുടരുന്നത്. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്” (6:148). ഈ വിഷയം 16:35 സൂക്തത്തിലും പരാമര്‍ശിച്ചിട്ടുണ്ട്.

നമ്മെ സംബന്ധിച്ച് അല്ലാഹു ഉദ്ദേശിച്ചത് ഇന്നവിധത്തിലാണെന്ന് അറിയാന്‍ യാതൊരു മാര്‍ഗവുമില്ല. അത് സംബന്ധിച്ച നമ്മുടെ ഊഹവും അനുമാനവും ശരിയാകണമെന്നില്ല. എന്നാല്‍ സത്യം പറയാനും അസത്യം പറയാനുമുള്ള സ്വാതന്ത്ര്യം നാം ഇവിടെ അനുഭവിക്കുന്നു എന്നത് അനിഷേധ്യ സത്യമാണ്. അതിന്റെ അടിസ്ഥാനത്തില്‍ സ്രഷ്ടാവും മാര്‍ഗദര്‍ശകനുമായ അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റിയാല്‍ യാതൊരു ആശങ്കയ്ക്കും സ്ഥാനമില്ല. സര്‍വജ്ഞനായ അല്ലാഹുവിന്റെ അറിവും തീരുമാനവും നമുക്ക് പൂര്‍ണമായി ഉള്‍കൊള്ളാന്‍ കഴിയണമെന്ന് ശഠിക്കുന്നത് ശരിയല്ല. നമ്മുടെ പരിമിതികള്‍ അറിഞ്ഞും അംഗീകരിച്ചും കൊണ്ട് നമ്മുടെ മുമ്പിലുള്ള സാധ്യതകള്‍ കണ്ടെത്തുകയാണ് ശരിയായ മാര്‍ഗം.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ