അല്ലാഹുവിനെ ക്വുർആൻ പരിചയപ്പെടുത്തുന്നതെങ്ങനെ?

/അല്ലാഹുവിനെ ക്വുർആൻ പരിചയപ്പെടുത്തുന്നതെങ്ങനെ?
/അല്ലാഹുവിനെ ക്വുർആൻ പരിചയപ്പെടുത്തുന്നതെങ്ങനെ?

അല്ലാഹുവിനെ ക്വുർആൻ പരിചയപ്പെടുത്തുന്നതെങ്ങനെ?

ഏകനും അദ്വിതീയനും സൃഷ്ടാവും സംരക്ഷകനുമാണ് ഖുർആൻ പരിചയപ്പെടുത്തുന്ന അല്ലാഹു. കാരുണ്യം തന്റെ മേൽ ബാധ്യതയാക്കിയിരിക്കുന്ന പരമ കാരുണികൻ. നന്മകളുടെയെല്ലാം പാരമ്യമായ അവൻ സഗുണസമ്പൂര്ണനാണ്. അല്ലാഹുവിന്റെ ഏകത്വവും പരാശ്രയമില്ലായ്മയും സമ്യക്കായും അതോടൊപ്പം സംക്ഷിപ്തമായും അവതരിപ്പിക്കുന്ന ഖുര്‍ആനിലെ ചെറിയൊരു അധ്യായമാണ് സൂറതുല്‍ ഇഖ്‌ലാസ്വ്. പ്രസ്തുത അധ്യായത്തിന്റെ സാരം ഇങ്ങനെയാണ്:

”പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു പരാശ്രയം വേണ്ടാത്തവനും സകലര്‍ക്കും ആശ്രയമായിട്ടുള്ളവനു മാകുന്നു. അവന്‍ പിതാവോ സന്തതിയോ അല്ല. അവനു തുല്യമായി ഒന്നുംതന്നെയില്ല” (112:1-4).

അല്ലാഹുവിനെക്കുറിച്ച ഇസ്‌ലാമിക വീക്ഷണത്തിന്റെ സമ്യക്കായ ഒരു വിവരണമാണിതെന്ന വസ്തുത ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം സൂചിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിനെക്കുറിച്ച് ആദ്യമായി പറയുന്ന രണ്ടു വിശേഷണങ്ങള്‍ അവന്റെ സത്തയെ സംബന്ധിച്ച് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിന്റെ പരമാവധി മനസ്സിലാക്കിത്തരുന്നുണ്ട്. ഒന്നാമതായി, അല്ലാഹു അഹദാണെന്ന കാര്യമാണത്. പരമമായ ഏകത്വമവകാശപ്പെടാന്‍ കഴിയുന്ന ഒരേയൊരു ഉണ്മ അല്ലാഹുവിന്‍േറതു മാത്രമാണ്. രണ്ടാമതായി അല്ലാഹു സ്വമദ് ആണെന്ന കാര്യമാണ്. ഒന്നിന്റെയും ആശ്രയം ആവശ്യമില്ലാത്തവനും എന്നാല്‍ അവന്റെ ആശ്രയം കൂടാതെ ഒന്നിനും നിലനില്‍ക്കാന്‍ സാധിക്കാത്തവനുമെന്നാണ് സ്വമദിന്റെ വിവക്ഷ. സൃഷ്ടികളുടെ നിലനില്‍പുതന്നെ പരസ്പരം ആശ്രയിച്ചുകൊണ്ടാണെന്ന് പറഞ്ഞുവല്ലോ. അല്ലാഹുവിന്നാകട്ടെ നിലനില്‍ക്കാന്‍  ആരുടെയും ആശ്രയം ആവശ്യമില്ല. അവന്റെ ആശ്രയം കൊണ്ടാണ് സൃഷ്ടികളെല്ലാം നിലനില്‍ക്കുന്നതുതന്നെ. അല്ലാഹുവിനെ സംബന്ധിച്ച ‘സ്വമദ്’ എന്ന വിശേഷണം ഒരിക്കല്‍ക്കൂടി അവനെക്കുറിച്ച് നമുക്ക് സൂക്ഷ്മമായി മനസ്സിലാക്കുവാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നു. ഒരു വസ്തുവെക്കുറിച്ച് നമുക്ക് നേരിട്ടു മനസ്സിലാക്കുവാന്‍ കഴിയില്ലെങ്കില്‍ അത് ആശ്രയിച്ചുനില്‍ക്കുന്ന മറ്റു വസ്തുക്കളെക്കുറിച്ച് പഠിച്ചുകൊണ്ട് അതിനെക്കുറിച്ച് കുറേയെല്ലാം മനസ്സിലാക്കാനാവും. അല്ലാഹു മറ്റൊന്നിനെയും ആശ്രയിച്ചല്ല നിലനില്‍ക്കുന്നതെന്നതിനാല്‍ ആ ഒരു മാര്‍ഗമുപയോഗിച്ചും അതിനെക്കുറിച്ച് മനസ്സിലാക്കുക അസാധ്യമാണ്. അവനെ അറിയുവാന്‍ പ്രമാദമുക്തമായ ദൈവിക പ്രമാണങ്ങളെ ആശ്രയിക്കുകയല്ലാതെ മറ്റു നിര്‍വാഹങ്ങളൊന്നുമില്ലെന്ന് സാരം.

‘അവന്‍ പിതാവോ സന്തതിയോ അല്ല’യെന്ന ഖുര്‍ആനിക പരാമര്‍ശം അല്ലാഹുവിനെ സംബന്ധിച്ച് നിലനിന്നിരുന്ന രണ്ട് മൂഢവിശ്വാസങ്ങളെ തിരുത്തുകയാണ് ചെയ്യുന്നത്. ദൈവത്തിന് പുത്രന്മാരും പുത്രിമാരുമുണ്ടെന്ന വിശ്വാസമാണ് ഒന്നാമത്തേത്. ക്രിസ്ത്യാനികള്‍ യേശു ദൈവപുത്രനാണെന്ന് വാദിക്കുക വഴി യഥാര്‍ഥത്തില്‍ ദൈവികസത്തയുടെ ഏറ്റവും വലിയ സവിശേഷതയായ ഏകത്വത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്. ത്രിയേകവിശ്വാസം ദൈവിക ഏകത്വത്തിന്റെ വ്യക്തമായ നിഷേധമാണെന്ന കാര്യം എടുത്തു പറയേണ്ടതില്ല. സത്തയില്‍ ഒന്നായ മൂന്നു വ്യക്തികളെ സങ്കല്‍പി ക്കുന്നതിലേക്ക് ക്രൈസ്തവസഭ നയിക്കപ്പെട്ടതിന്റെ പ്രധാനപ്പെട്ട കാരണം ദൈവപുത്രസങ്കല്‍പമാണെന്ന് കാണാനാവും. പിതൃസ്വഭാവങ്ങള്‍ പുത്രനില്‍ പ്രതിഫലിക്കുമെന്ന സാമാന്യ തത്ത്വപ്രകാരം ദൈവപുത്രനായി വാഴ്ത്തപ്പെട്ട ക്രിസ്തു മെല്ലെ മെല്ലെ ദൈവികസത്തയിലേക്ക് സ്ഥാനാരോഹണം ചെയ്യിക്കപ്പെട്ടതായിട്ടാണ് ത്രിത്വത്തിന്റെ ചരിത്രത്തില്‍ നാം കാണുന്നത്. മാലാഖമാര്‍ ദൈവപുത്രികളായി സങ്കല്‍പിക്കപ്പെട്ടിരുന്ന സമൂഹങ്ങളിലെ സ്ഥിതിയും തഥൈവ.

‘അവന്‍ സന്തതിയല്ല’ അഥവാ ജനിച്ചവനല്ല എന്ന നിഷേധം മറ്റൊരു മൂഢധാരണകൂടി തിരുത്തുന്ന തിനുവേണ്ടിയാണ് പ്രയോഗിച്ചിരിക്കുന്നത്. അവതാര സങ്കല്‍പമാണത്. ദൈവം ഭൂമിയില്‍ മനുഷ്യരൂപത്തില്‍ ജനിച്ചുവളരുകയും ധര്‍മസംസ്ഥാപനം നടത്തുകയും ചെയ്യുമെന്ന വിശ്വാസം വിവിധ മതസമൂഹങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു. സ്ഥലകാല സാതത്യത്തിന്നതീതനായ അല്ലാഹു ഒരു മാതാവിന്റെ ഉദരത്തില്‍ വളരുകയും പ്രസവിക്കപ്പെടുകയും ചെയ്യുകയെന്നത് സങ്കല്‍പിക്കാന്‍തന്നെ കഴിയില്ല. ജനനം, മരണം തുടങ്ങിയവയെല്ലാം സ്ഥലകാലത്തിനകത്തേക്ക് അല്ലാഹു നിര്‍ണയിച്ച പ്രതിഭാസങ്ങളത്രെ. അല്ലാഹുവില്‍ ജനനം ആരോപിക്കുന്നവര്‍ അവനെ സ്ഥലകാലത്തില്‍ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, പരമമായ ഏകത്വമെന്ന ദൈവികസത്തയുടെ സവിശേഷപ്രകൃതിക്ക് വിരുദ്ധമാണത്.

‘അവന്നു തുല്യമായിട്ട് ആരും തന്നെയില്ല’യെന്ന സൂറത്തുല്‍ ഇഖ്‌ലാസ്വിലെ അവസാനത്തെ പരാമര്‍ശവും ദൈവികസത്തയെക്കുറിച്ച് മനുഷ്യന് അവന്റെ അപഗ്രഥന രീതിയുപയോഗിച്ച് സൂക്ഷ്മമായി അറിയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നതുതന്നെ. വസ്തുക്കളെക്കുറിച്ച പഠനത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണ് അവക്ക് തുല്യമായ മറ്റു വസ്തുക്കളെക്കുറിച്ച് പഠിക്കുകയെന്നത്.

”അല്ലാഹുവിന് തുല്യനായി ആരുംതന്നെയില്ല” (112:4) യെന്ന നിഷേധത്തിലൂടെ പ്രസ്തുത സാധ്യതയും തള്ളിക്കളയുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.

”അവന് സദൃശമായി ഒന്നുംതന്നെയില്ല”(42:11)യെന്ന ഖുര്‍ആനിക പരാമര്‍ശവും സ്രഷ്ടാവിന്റെ സത്തയെ സൃഷ്ടികളുടേതുമായി താരതമ്യം ചെയ്ത് മനസ്സിലാക്കാനുള്ള സാധ്യതയെ പൂര്‍ണമായി നിഷേധിക്കുന്നു.

print