അമുസ്‌ലിംകളെ വെറുക്കണമെന്നാണോ ഇസ്‌ലാം പഠിപ്പിക്കുന്നത്?

/അമുസ്‌ലിംകളെ വെറുക്കണമെന്നാണോ ഇസ്‌ലാം പഠിപ്പിക്കുന്നത്?
/അമുസ്‌ലിംകളെ വെറുക്കണമെന്നാണോ ഇസ്‌ലാം പഠിപ്പിക്കുന്നത്?

അമുസ്‌ലിംകളെ വെറുക്കണമെന്നാണോ ഇസ്‌ലാം പഠിപ്പിക്കുന്നത്?

സൃഷ്ടിപൂജയെ ശക്തമായി വെറുക്കുന്ന ആദര്‍ശമാണ് ഇസ്‌ലാം. അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്ന സമ്പ്രദായവുമായി ഏതെങ്കിലും രൂപത്തിലുള്ള അടുപ്പം അനുവദിക്കാത്ത ആദര്‍ശം. പ്രവാചകനുമുന്നില്‍ നീ ഞങ്ങളുടെ ദൈവങ്ങളെയും ഞങ്ങള്‍ നിന്റെ ദൈവത്തെയും ആരാധിച്ചുകൊണ്ട് ഒരു ഒത്തുതീര്‍പ്പിലെത്താമെന്ന മൈത്രീനിര്‍ദ്ദേശം വെച്ച മക്കാമുശ്‌രിക്കുകളില്‍ ചിലരോട് മതത്തിന്റെ യാതൊരു വിട്ടു വീഴ്ചയുമില്ലെന്ന് തുറന്നുപ്രഖ്യാപിക്കാനാവശ്യപ്പെടുന്ന ക്വുര്‍ആനിലെ 109-ാം അധ്യായം സൃഷ്ടിപൂജയോടുള്ള ഇസ്‌ലാമിന്റെ വിരോധ വും ഒത്തുതീര്‍പ്പില്ലായ്മയും വ്യക്തമാക്കുന്നുണ്ട്. ”(നബിയേ), പറയുക: അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാ ധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്ന വനുമല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും.” (109:1-6)

സൃഷ്ടിപൂജയോടും അവിശ്വാസത്തോടുമുള്ള വെറുപ്പും വിരോധവും ശത്രുതയും വ്യക്തമാക്കുന്ന സാങ്കേതിക ശബ്ദമാണ് ‘ബറാഅ്’. വൈയ ക്തികമോ കുടുംബപരമോ ഗോത്രപരമോ വര്‍ഗീയമോ ആയ വെറുപ്പും വിദ്വേഷവുമല്ല, പ്രത്യുത തെറ്റായ ആദര്‍ശങ്ങളോടും അതുള്‍ക്കൊ ള്ളുന്ന ജീവിതക്രമത്തോടുമുള്ള വെറുപ്പും വിരോധവുമാണ് അത് ദ്യോതിപ്പിക്കുന്നത്. സൃഷ്ടിപൂജയുടെ എല്ലാ തലങ്ങളോടും ഒരേസമയം പോരാടിയ മഹാപ്രവാചകനായി ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്ന ഇബ്‌റാഹീം നബി (അ) തന്റെ പ്രബോധിതരുടെ തെറ്റായ വിശ്വാസങ്ങ ളോടും ജീവിതക്രമത്തോടും ശത്രുത പ്രഖ്യാപിച്ചിരുന്നതായി ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ”നിങ്ങള്‍ക്ക് ഇബ്രാഹീമിലും അദ്ദേഹത്തി ന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമാ യും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങ ളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനം തേടാം, താങ്ക ള്‍ക്ക് വേണ്ടി അല്ലാഹുവിങ്കല്‍ നിന്ന് യാതൊന്നും എനിക്ക് അധീനപ്പെടുത്താനാവില്ല എന്ന് ഇബ്രാഹീം തന്റെ പിതാവിനോട് പറഞ്ഞ വാക്കൊഴികെ. (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിന്നിലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിന്നിലേക്ക് തന്നെയാണ് തിരിച്ചുവരവ്.” (60:4)

വൈയക്തികമായ വിരോധമോ ശത്രുതയോ അല്ല ഈ വചനത്തില്‍ വെളിപ്പെടുത്തപ്പെട്ട ഇബ്‌റാഹീമീവിരോധമെന്ന് ‘നിങ്ങള്‍ അല്ലാഹുവി ല്‍ മാത്രം വിശ്വസിക്കുന്നതുവരെ’യുള്ളതാണ് അതെന്ന പരാമര്‍ശത്തില്‍ നിന്ന് സുതരാം വ്യക്തമാണ്. തെറ്റായ ആദര്‍ശങ്ങളോട് ശത്രുതയും വെറുപ്പും ഉള്ളതുകൊണ്ടാണ് പ്രവാചകന്‍മാര്‍ അവയില്‍നിന്ന് ജനങ്ങളെ രക്ഷപെടുത്താന്‍ ശ്രമിച്ചത്. പ്രസ്തുത പരിശ്രമമാണ് അവരെ ലോകം കണ്ട ഏറ്റവും വലിയ സാമൂഹ്യ സേവകരും മനുഷ്യസ്‌നേഹികളുമാക്കിത്തീര്‍ത്തത്. നിത്യനരകത്തില്‍നിന്ന് സഹജീവികളെ രക്ഷ പെടുത്തുവാന്‍ ശ്രമിക്കുകയെന്നതിനേക്കാള്‍ വലിയ മനുഷ്യസ്‌നേഹമെന്താണ്! താന്‍ നിര്‍വഹിക്കുന്ന ഈ സ്‌നേഹസേവനത്തെക്കുറിച്ച് അന്തിമപ്രവാചകന്‍ അതിസുന്ദരമായ ഒരു ഉപമയിലൂടെ നമ്മെ പഠിപ്പിക്കുന്നുണ്ട്. ‘എന്റെയും ജനങ്ങളുടെയും ഉപമ തീ കത്തിച്ചുവെച്ച ഒരു മനുഷ്യന്റേതാണ്. തീയുടെ വെളിച്ചത്തില്‍ ആകൃഷ്ടരായെത്തിയ പാറ്റകളും പറവകളും ആ തീയില്‍ വെന്തെരിഞ്ഞുകൊണ്ടിരുന്നു. അവയെ ആട്ടിമാറ്റിക്കൊണ്ട് തീയില്‍ വീഴാതെ രക്ഷിക്കുവാന്‍ അയാള്‍ പരിശ്രമിച്ചുകൊണ്ടിരുന്നെങ്കിലും അയാളെ അനുസരിക്കാതെ അവ തീയില്‍ വീണുനശിച്ചുകൊണ്ടേയിരുന്നു. അതേപോലെ, നരകാഗ്നിയില്‍ കടക്കാതിരിക്കുവാന്‍ നിങ്ങളുടെ അരപ്പട്ട പിടിച്ച് ഞാന്‍ നരകത്തി ല്‍നിന്ന് നിങ്ങളെ തളളിമാറ്റിക്കൊണ്ടിരിക്കുന്നു; പക്ഷേ നിങ്ങള്‍ അതില്‍ പതിക്കണമെന്ന് നിര്‍ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുകയാണ്.’ (ബുഖാരി, മുസ്‌ലിം).

നരകത്തെയും നരകത്തിലെത്തിക്കുന്ന പാതകളെയും വെറുക്കുന്ന സത്യവിശ്വാസികള്‍ പ്രസ്തുത പാതകളില്‍ നിന്ന് തങ്ങളുടെ സഹജീവി കളെ രക്ഷിക്കുവാന്‍ വേണ്ടി നടത്തുന്ന സേവന പ്രവര്‍ത്തനമാണ് ഇസ്‌ലാമിക പ്രബോധനം. വെറുപ്പില്‍ നിന്നല്ല, സ്‌നേഹത്തില്‍ നിന്നാണ് പ്രസ്തുത പ്രവര്‍ത്തനമുണ്ടാകുന്നത്. രോഗത്തെ വെറുക്കുകയും രോഗിയെ സ്‌നേഹിക്കുകയും ചെയ്തുകൊണ്ട് ഭിഷഗ്വരന്‍ നടത്തുന്ന ചികിത്സ പോലെയാണത്. പ്രബോധിതരില്‍ നിന്ന് യാതൊരു പ്രതിഫലവും സ്വീകരിക്കാതെ അവരുടെ നന്മ മാത്രം ലക്ഷ്യമാക്കിയുള്ള പ്രവര്‍ ത്തനം! പ്രബോധനപ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മാന്യവും സ്‌നേഹമസൃണവുമാകണമെന്ന് പ്രവാചകന്‍മാരുടെ പ്രബോധനചരിത്രം വിവരിച്ചുകൊണ്ട് ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ”ആദ് സമുദായം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന്‍ ഹൂദ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊ രു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു.” (26:123-127)

ഇക്കാര്യം തന്നെ സ്വാലിഹ് നബിയും (”ഥമൂദ് സമുദായം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന്‍ സ്വാലിഹ് അവ രോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങളോട് ഞാന്‍ ഇതിന്റെ പേരില്‍ യാതൊരു പ്രതിഫ ലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു.” (26:141-145)) ലൂത്വ് നബിയും (”ലൂത്വിന്റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന്‍ ലൂത്വ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരി ക്കുകയും ചെയ്യുവിന്‍. ഇതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷി താവിങ്കല്‍ നിന്ന് മാത്രമാകുന്നു.” (26:160-164)) ശുഐബ് നബിയും (”ഐക്കത്തില്‍ (മരക്കൂട്ടങ്ങള്‍ക്കിടയില്‍) താമസിച്ചിരുന്നവരും ദൈവദൂത ന്‍മാരെ നിഷേധിച്ചുതള്ളി. അവരോട് ശുഐബ് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു. നിങ്ങള്‍ അളവു പൂര്‍ത്തിയാക്കികൊടുക്കുക. നിങ്ങള്‍ (ജനങ്ങള്‍ക്ക്) നഷ്ടമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകരുത്. കൃത്രിമമില്ലാത്ത തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്തരുത്. നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കരുത്. നിങ്ങളെയും പൂര്‍വ്വതലമുറകളെയും സൃഷ്ടിച്ചവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.” (26:176-184)) പറ ഞ്ഞിരുന്നതായി ക്വുര്‍ആന്‍ വ്യക്തമാക്കുന്നു. അത്യുന്നതനായ രക്ഷിതാവ് താന്‍ തന്നെയാണെന്ന് സ്വയം പ്രഖ്യാപിക്കുകയും (79:24) ഇസ്രയീ ല്യരിലെ ആണ്‍കുട്ടികളെയെല്ലാം കൊല്ലാന്‍ ഉത്തരവിടുകയും (2:49) പീഡനങ്ങളാല്‍ അവരെ പ്രയാസപ്പെടുത്തുകയും (7:141) ചെയ്ത ഫിര്‍ ഔനിനെ ദൈവമാര്‍ഗത്തിലേക്ക് ക്ഷണിക്കുവാന്‍ വേണ്ടിയുള്ള മൂസ(അ)യോടുള്ള ദൈവകല്‍പനയില്‍പ്പോലും സൗമ്യത വെടിയാതെ യായിരിക്കണം അതു നിര്‍വഹിക്കേണ്ടതെന്നു പറയുന്നതില്‍നിന്ന് എത്രത്തോളം സ്‌നേഹത്തോടെയായിരിക്കണം പ്രബോധകകൃത്യങ്ങള്‍ നിര്‍വഹിക്കേണ്ടതെന്ന് മനസ്സിലാകുന്നുണ്ട്. ”നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാ രിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം.” (20:43, 44)

യുക്തിദീക്ഷയോടെയും സദുപദേശങ്ങളിലൂടെയും സ്‌നേഹസംവാദങ്ങളിലൂടെയുമാകണം സത്യമത പ്രബോധനമെന്നും നല്ല വര്‍ത്തമാനം മാത്രമാണ് സത്യവിശ്വാസികള്‍ പറയേണ്ടതെന്നും പഠിപ്പിക്കുന്ന ക്വുര്‍ആന്‍ വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ചുകൊണ്ടല്ല സൗമ്യതയും സ്‌നേഹവും വെളിപ്പെടുത്തിക്കൊണ്ടാണ് ആദര്‍ശപ്രബോധനം നടത്തേണ്ടതെന്നു തന്നെയാണ് വ്യക്തമാക്കുന്നത്. ”യുക്തിദീക്ഷയോടു കൂടി യും, സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്ന വനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.” (16:125). ”നീ എന്റെ ദാസന്‍മാരോട് പറയുക; അവര്‍ പറയു ന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന് പ്രത്യക്ഷ ശത്രുവാകുന്നു.” (17:53)

സൃഷ്ടിപൂജയോടും ബഹുദൈവാരാധനയോടും അവിശ്വാസത്തോടും വെറുപ്പുള്ളതോടൊപ്പം തന്നെ അവയുടെ നിരര്‍ത്ഥക ബോധ്യപ്പെടു ത്തിക്കൊണ്ടാകണം, അല്ലാതെ പരസ്പരം തെറി പറഞ്ഞുകൊണ്ടാകരുത് പ്രബോധനം നിര്‍വഹിക്കേണ്ടതെന്നു പഠിപ്പിക്കുന്ന ക്വുര്‍ആന്‍ ആ രംഗത്തുണ്ടാകേണ്ട മാന്യതയെന്തായിരിക്കണമെന്നാണ് വിശ്വാസികളെ തെര്യപ്പെടുത്തുന്നത്. അല്ലാഹുവല്ലാത്തവരൊന്നും ആരാധിക്ക പ്പെട്ടുകൂടായെന്നു സമര്‍ത്ഥിക്കുകയല്ലാതെ മറ്റുള്ളവരുടെ ആരാധ്യന്‍മാരെ തെറിപറയുന്ന പതനത്തിലേക്ക് പ്രബോധകര്‍ എത്തിപ്പെട്ടാല്‍ അത് പരസ്പരമുള്ള തെറിയഭിഷേകങ്ങള്‍ക്കുമാത്രമേ കാരണമാകൂവെന്നും അതല്ല മാന്യമായ ആദര്‍ശപ്രബോധനമാണ് അല്ലാഹു കാംക്ഷി ക്കുന്നതെന്നും വ്യക്തമാക്കുന്ന ക്വുര്‍ആന്‍ വചനം നോക്കുക. ”അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ ശകാരി ക്കരുത്. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍ ചെ യ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ അവരെ അറിയിക്കുന്നതാണ്.” (6:108)

മാന്യമായി ആദര്‍ശപ്രബോധനം നിര്‍വഹിച്ചുകൊണ്ട് ജീവിക്കുന്ന സത്യവിശ്വാസികളോട് ശത്രുതയും വിദ്വേഷവും വെച്ചുപുലര്‍ത്തു കയും സ്വന്തം വീടുകളില്‍ നിന്ന് അവരെ പുറത്താക്കാന്‍ ശ്രമിക്കുകയും അവരോട് യുദ്ധം ചെയ്യുകയും ദൈവിക മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിന്ന് അവരെ തെറ്റിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുകയും ചെയ്യുന്നവരോട് സത്യവിശ്വാസികളും ശത്രുത പ്രഖ്യാപിക്കണമെന്നും അവരു മായി സ്‌നേഹബന്ധം പാടില്ലെന്നും തന്നെയാണ് ഇസ്‌ലാമിന്റെ നിലപാട്. ഈ നിലപാട് പ്രഖ്യാപിക്കുന്നതാണ് സൂറത്തുല്‍ മുംതഹിനയി ലെ ഒന്നാമത്തെ വചനം. ”ഹേ; സത്യവിശ്വാസികളേ, എന്റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട് സ്‌നേഹബന്ധം സ്ഥാപിച്ച് കൊണ്ട് നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്. നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍ നിന്നു പുറ ത്താക്കു ന്നു. എന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാനും എന്റെ പ്രീതിതേടുവാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍ (നിങ്ങള്‍ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്). നിങ്ങള്‍ അവരുമായി രഹസ്യമായി സ്‌നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യ മാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്. നിങ്ങളില്‍ നിന്ന് വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ നേര്‍മാര്‍ഗ ത്തില്‍ നിന്ന് പിഴച്ചു പോയിരിക്കുന്നു.”(60:1)

അല്ലാഹുവിനോടും ദൂതനോടും ശത്രുത പ്രഖ്യാപിക്കുകയും സത്യവിശ്വാസികളെ ജീവിക്കാനനുവദിക്കാതിരിക്കുകയും ചെയ്യുന്നവര്‍ അവര്‍ എത്രതന്നെ അടുത്ത ബന്ധമുള്ളവരാണെങ്കില്‍പോലും അവരോട് സത്യവിശ്വാസികള്‍ക്ക് ആത്മാര്‍ത്ഥമായ സ്‌നേഹബന്ധം കഴിയി ല്ലെന്ന വസ്തുത ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ”അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവ ന്റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്‌നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍പ്പുകാര്‍) അവ രുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവ രതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്റെ കക്ഷി. അറിയുക: തീര്‍ച്ചയായും  അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.” (58:22)

എന്നാല്‍ ഈ ശത്രുതയും വെറുപ്പമെല്ലാം ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുത പ്രഖ്യാപിക്കുകയും അവരെ പീഡിപ്പിക്കുകയും ചെയ്യുന്നവരോടുമാത്രമാണ്. അതല്ലാത്ത അമുസ്‌ലിംകളോട് മാന്യമായി വര്‍ത്തിക്കുകയും നീതിനിഷ്ഠമായി പെരുമാറുകയും നന്മയോടെ സഹവര്‍ത്തിക്കുകയും ചെയ്യണമെന്നു തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാമിന്റെ ശത്രുക്കളോട് ശത്രുത പ്രഖ്യാപിക്കണമെന്നു പഠിപ്പിച്ചു തുടങ്ങുന്ന സൂറത്തുല്‍ മുംതഹനയില്‍ തന്നെ അത് എങ്ങനെയുള്ളവരോടാണെന്നും ശത്രുതയില്ലാത്ത മറ്റുള്ള അമുസ്‌ലിംകളോട് എന്തുനിലപാടാണ് സ്വീകരിക്കേണ്ടെതെന്നും കൂടി വ്യക്തമാക്കുന്നുണ്ട്. ”മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങ ളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെ ടുന്നു.  മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്ന തില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് – അല്ലാഹു നിരോധിക്കു ന്നത്. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍.” (60:8,9)

print