മുസ്‌ലിംകളല്ലാത്തവരുമായി ശത്രുത വേണമോ?

/മുസ്‌ലിംകളല്ലാത്തവരുമായി ശത്രുത വേണമോ?
/മുസ്‌ലിംകളല്ലാത്തവരുമായി ശത്രുത വേണമോ?

മുസ്‌ലിംകളല്ലാത്തവരുമായി ശത്രുത വേണമോ?

സത്യനിഷേധികളെ ഉറ്റ മിത്രങ്ങളാക്കുവാന്‍ പാടില്ലെന്ന വ്യക്തമായ വിലക്ക് ഖുര്‍ആനിലുണ്ട്. ഏതാനും സൂക്തങ്ങള്‍ കാണുക:

”സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കി വെക്കരുത്. അങ്ങനെ വല്ലവനും ചെയ്യുന്നപക്ഷം അല്ലാഹുവുമായി അവന് യാതൊരു ബന്ധവുമില്ല; നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രേ (നിങ്ങള്‍) തിരിച്ചു ചെല്ലേണ്ടത്” (3:28).

”സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരെയും നിങ്ങള്‍ ഉറ്റ മിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ അന്യോന്യം ഉറ്റമിത്രങ്ങളാണുതാനും. നിങ്ങളില്‍നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നപക്ഷം അവനും അവരില്‍പെട്ടവന്‍തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല, തീര്‍ച്ച” (വി.ഖു. 5:51).

”അല്ലാഹുവും അവന്റെ ദൂതനും താഴ്മയുള്ളവരായിക്കൊണ്ട് നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ ഉറ്റമിത്രങ്ങള്‍” (5:55).

”വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും സത്യവിശ്വാസികളെയും മിത്രങ്ങളായി സ്വീകരിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷിതന്നെയാണ് വിജയം നേടുന്നവര്‍” (5:56).

”സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍നിന്ന് നിങ്ങളുടെ മതത്തെ തമാശയും വിനോദവിഷയവുമാക്കിത്തീര്‍ത്തവരെയും സത്യനിഷേധികളെയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുവിന്‍” (5:57).

”നിങ്ങളെ നമസ്‌കാരത്തിനായി വിളിച്ചാല്‍, അവരതിനെ ഒരു തമാശയും വിനോദവിഷയവുമാക്കിത്തീര്‍ക്കുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനവിഭാഗമായതുകൊണ്ടത്രെ അത്” (5:58).

ഏതു തരത്തിലുള്ള അമുസ്‌ലിംകളോടാണ് മുസ്‌ലിംകള്‍ മൈത്രീബന്ധം സ്ഥാപിക്കാന്‍ പാടില്ലാത്തത് എന്ന് ഖുര്‍ആന്‍തന്നെ വിശദീകരിക്കുന്നു.

”ഹേ, സത്യവിശ്വാസികളേ, എന്റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട് സ്‌നേഹബന്ധം സ്ഥാപിച്ചുകൊണ്ട് നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്. നിങ്ങള്‍ക്ക് വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കയാണ്. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍ നിന്ന് പുറത്താക്കുന്നു. എന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാനും എന്റെ പ്രീതി തേടുവാനും  നിങ്ങള്‍ പുറപ്പെട്ടിരിക്കയാണെങ്കില്‍ (നിങ്ങള്‍ അപ്രകാരം മൈത്രീബന്ധം സ്ഥാപിക്കരുത്). നിങ്ങള്‍ അവരുമായി രഹസ്യമായി സ്‌നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്. നിങ്ങളില്‍നിന്ന് വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്നപക്ഷം അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന് പിഴച്ചുപോയിരിക്കുന്നു”(60:1).

”അവര്‍ നിങ്ങളെ കണ്ടുമുട്ടുന്നപക്ഷം അവര്‍ നിങ്ങള്‍ക്ക് ശത്രുക്കളായിരിക്കും. നിങ്ങളുടെ നേര്‍ക്ക് ദുഷ്ടതയും കൊണ്ട് അവരുടെ കൈകളും നാവുകളും അവര്‍ നീട്ടുകയും  നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ എന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്യും” (60:2).

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ശത്രുതയോടെ വീക്ഷിക്കുകയും നശിപ്പിക്കുവാനായി ഗൂഢതന്ത്രങ്ങള്‍ മെനയുകയും അല്ലാഹുവില്‍ വിശ്വസിച്ചതിനാല്‍ നാട്ടില്‍നിന്ന് മുസ്‌ലിംകളെ പുറത്താക്കുകയും ചെയ്യുന്ന അമുസ്‌ലിംകളുമായി, അവര്‍ വേദക്കാരാകട്ടെ അല്ലാത്തവരാകട്ടെ, മൈത്രീബന്ധം സ്ഥാപിക്കുന്നതിനെയാണ് ഖുര്‍ആന്‍ വിലക്കുന്നത്. ഇത്തരം സത്യനിഷേധികളുമായി, ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുന്ന ഒരു മുസ്‌ലിമിനും മൈത്രീബന്ധം സ്ഥാപിക്കുവാനാവുകയില്ലെന്നുറപ്പാണ്. എന്നാല്‍, ചില കപടവിശ്വാസികള്‍ രഹസ്യമായി ഇസ്‌ലാമിന്റെ ശത്രുക്കളുമായി ചങ്ങാത്തത്തിലാവുകയും മുസ്‌ലിംകളോട് ഞങ്ങള്‍ നിങ്ങളോടൊപ്പമാണ് എന്ന് നുണ പറയുകയും ചെയ്തിരുന്നു. അവരെക്കുറിച്ചാണ്, ”നിങ്ങളില്‍നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍പെട്ടവന്‍തന്നെയാണ്” (5:51) എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്.

print