അടിമസ്ത്രീയെ വിവാഹം ചെയ്യേണ്ടതുണ്ടോ?

/അടിമസ്ത്രീയെ വിവാഹം ചെയ്യേണ്ടതുണ്ടോ?
/അടിമസ്ത്രീയെ വിവാഹം ചെയ്യേണ്ടതുണ്ടോ?

അടിമസ്ത്രീയെ വിവാഹം ചെയ്യേണ്ടതുണ്ടോ?

ടിമസ്ത്രീയെ വിവാഹം ചെയ്യണമെന്നുള്ളവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള അനുവാദം ഖുര്‍ആന്‍ നല്‍കുന്നുണ്ട് (4:27)

ഇങ്ങനെയുള്ള വിവാഹം ഇരട്ടി പ്രതിഫലം നല്‍കുന്നതാണെന്നാണ് പ്രവാചകന്‍ (ﷺ)പഠിപ്പിച്ചിരിക്കുന്നത്. ”തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്‌കാര സമ്പന്നയാക്കുക യും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്” (ബുഖാരി, മുസ്‌ലിം).

അടിമയുടെ രക്ഷിതാവ് ഉടമയാണ്, പുരുഷനായിരുന്നാലും സ്ത്രീയായിരുന്നാലുമെല്ലാം. പുരുഷനായ ഉടമയുടെ കീഴില്‍ കഴിയുന്ന അടിമസ്ത്രീയുടെ കൈകാര്യകര്‍തൃത്വം ആ പുരുഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത്.  അവളെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുകയാണെങ്കില്‍ അവനാണ് അത് നിര്‍വഹിക്കേണ്ടത്. അവളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതും അവന്‍തന്നെ. അതുകൊണ്ടുതന്നെ അവളെ വിവാഹം ചെയ്യുകയെന്ന കര്‍മം നടക്കേണ്ടതില്ല. സ്ത്രീയുടെ രക്ഷിതാവും വരനും തമ്മില്‍ നടക്കുന്ന കരാറാണ് ഇസ്‌ലാമിലെ വിവാഹം. ഇവിടെ രണ്ടു പേരും ഉടമതന്നെയാണ്. അതുകൊണ്ടുതന്നെ വിവാഹച്ചടങ്ങ് അപ്രസക്തമാണ്.

പുരുഷന്റെ ഭാര്യമാരുടെ എണ്ണം പരമാവധി നാലായിരിക്കണമെന്നാണ് ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നത് (4:3). നാലു ഭാര്യമാരുള്ള ഒരാളുടെ കീഴില്‍ ജീവിക്കുന്ന ഒരു അടിമസ്ത്രീ ഉണ്ടെന്നിരിക്കട്ടെ, അയാള്‍ക്ക് അവളെ വിവാഹം ചെയ്യുവാന്‍ പറ്റുകയില്ല. അവളെ സ്വതന്ത്രയാക്കുവാന്‍ അയാള്‍ സന്നദ്ധനല്ലെങ്കില്‍ പാരതന്ത്ര്യത്തില്‍നിന്നുള്ള മോചനം അവള്‍ക്ക് ഒരു സ്വപ്‌നമായി അവശേഷിക്കും. യജമാനന്‍ വിവാഹത്തിന് സൗകര്യമൊരുക്കിയില്ലെങ്കില്‍ അവളുടെ ലൈംഗികദാഹം ശമിപ്പിക്കുവാന്‍ വ്യഭിചാരത്തെ സമീപിക്കുവാന്‍ അവള്‍ നിര്‍ബന്ധിതയാവും.

എന്നാല്‍, ഉടമക്ക് വിവാഹം കൂടാതെതന്നെ അവളുമായി ലൈംഗികബന്ധം പുലര്‍ത്താമെന്ന നിയമമുള്ളതിനാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാവും. ഉടമയുടെ കുഞ്ഞിനെ പ്രസവിക്കുകവഴി സ്വാതന്ത്ര്യത്തിലേക്ക് നടന്നുപോകാന്‍ അവള്‍ക്ക് സാധിക്കും. അവളുടെ ലൈംഗികതക്കുള്ള പരിഹാരമാകും. അടിമത്തം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ അവളുടെ ലൈംഗികദാഹം ശമിപ്പിക്കുവാനുള്ള സംവിധാനമുണ്ടാക്കിയില്ലെങ്കില്‍ വമ്പിച്ച മൂല്യത്തകര്‍ച്ചക്കാണ് അതു നിമിത്തമാവുക. അതോടൊപ്പംതന്നെ വ്യഭിചാരത്തിലൂടെയുണ്ടാകുന്ന കുഞ്ഞുങ്ങളുടെ പ്രശ്‌നവുമുണ്ട്.  അവരും സ്വാഭാവികമായും അടിമകളായി മാറുകയാണ് ചെയ്യുക. അടിമത്തം ഒരിക്കലും അവസാനിപ്പിക്കാനാവാത്ത ഒരു സ്ഥാപനമായിത്തീരുകയാണ് ഇതിന്റെ ഫലം.

ഇസ്‌ലാമാകട്ടെ, അടിമസ്ത്രീകളുമായി ബന്ധപ്പെടുവാന്‍ ഉടമകളെ അനുവദിക്കുക വഴി അടിമത്തത്തെ ഒരു തലമുറയോടെ ഇല്ലാതാക്കുവാനുള്ള സംവിധാനമാണുണ്ടാക്കുന്നത്. അതിന് ‘വിവാഹം‘ഒരു നിബന്ധനയായി വെക്കുകയാണെങ്കില്‍ ഇസ്‌ലാം ഉദ്ദേശിക്കുന്ന ഫലങ്ങളുണ്ടാക്കുവാന്‍ അതുമൂലം കഴിയുകയില്ല. അടിമസ്ത്രീയെ വിവാഹം ചെയ്യുവാന്‍ എല്ലാ ഉടമകളും തയാറാവുകയില്ലല്ലോ. നാല് ഭാര്യമാരുള്ളവര്‍ക്ക് അത് അസാധ്യവുമാണ്.

print