ഹിജ്റ നിർബന്ധമാണെന്ന ക്വുർആൻ വചനങ്ങൾ ഭീകരതയുണ്ടാക്കുന്നതല്ലേ?

/ഹിജ്റ നിർബന്ധമാണെന്ന ക്വുർആൻ വചനങ്ങൾ ഭീകരതയുണ്ടാക്കുന്നതല്ലേ?
/ഹിജ്റ നിർബന്ധമാണെന്ന ക്വുർആൻ വചനങ്ങൾ ഭീകരതയുണ്ടാക്കുന്നതല്ലേ?

ഹിജ്റ നിർബന്ധമാണെന്ന ക്വുർആൻ വചനങ്ങൾ ഭീകരതയുണ്ടാക്കുന്നതല്ലേ?

Print Now

ഹിജ്‌റ നിർബന്ധമാണെന്ന് വ്യക്തമാക്കുന്ന ഖുർആൻ വചനങ്ങൾ മറുനാട്ടിൽ പോയി ജനിച്ച നാടിനെതിരെ പോരാടുവാനുള്ള പ്രചോദനം നൽകി ഭീകരത വളർത്തുന്നതാണെന്ന ആരോപണം പ്രസ്തുത വചങ്ങളുടെ അവതരണ പശ്ചാത്തലത്തെ കുറിച്ച് അറിയാത്തതുകൊണ്ടുണ്ടാവുന്നതാണ്.

”തീര്‍ച്ചയായും വിശ്വസിക്കുകയും, സ്വദേശം വെടിഞ്ഞ് പോകുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും, അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും അന്യോന്യം ഉറ്റമിത്രങ്ങളാകുന്നു. വിശ്വസിക്കുകയും എന്നാല്‍ സ്വദേശം വെടിഞ്ഞ് പോകാതിരിക്കുകയും ചെയ്തവരോട് അവര്‍ സ്വദേശം വെടിഞ്ഞ് പോരുന്നത് വരെ നിങ്ങള്‍ക്ക് യാതൊരു സംരക്ഷണ ബാധ്യതയുമില്ല. ഇനി മതകാര്യത്തില്‍ അവര്‍ നിങ്ങളുടെ സഹായം തേടുകയാണെങ്കില്‍ സഹായിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ നിങ്ങളുമായി കരാറില്‍ ഏര്‍പെട്ടുകഴിയുന്ന ജനതയ്‌ക്കെതിരെ (നിങ്ങളവരെ സഹായിക്കാന്‍) പാടില്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.” (8:72)

”വിശ്വസിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മഹത്തായ പദവിയുള്ളവരാണ്. അവര്‍ തന്നെയാണ് വിജയം പ്രാപിച്ചവര്‍. അവര്‍ക്ക് അവരുടെ രക്ഷിതാവ് അവന്റെ പക്കല്‍ നിന്നുള്ള കാരുണ്യത്തെയും പ്രീതിയെയും സ്വര്‍ഗത്തോപ്പുകളെയും പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവര്‍ക്ക് അവിടെ ശാശ്വതമായ സുഖാനുഭവമാണുള്ളത്. അവരതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കലാണ് മഹത്തായ പ്രതിഫലമുള്ളത്.” (9:20-22)

”(അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം! എന്നാല്‍ യാതൊരു ഉപായവും സ്വീകരിക്കാന്‍ കഴിവില്ലാതെ, ഒരു രക്ഷാമാര്‍ഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാകുന്നു.” (4:97,98)

മുഹമ്മദ് നബി (സ)  മദീനയിലെത്തുകയും അവിടെ ഒരു ഇസ്‌ലാമികസമൂഹം രൂപപ്പെടുകയും ചെയ്തതോടെ മക്കയിലുള്ള മുസ്‌ലിംകള്‍ക്കെല്ലാം ഹിജ്‌റ നിര്‍ബന്ധബാധ്യതയായിത്തീര്‍ന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വചനങ്ങൾ. പീഡനങ്ങള്‍ സഹിക്കേണ്ടിവരുമെന്ന് പേടിച്ച് ആദര്‍ശം പുറത്തുപറയാതെ ജീവിക്കേണ്ടുന്ന അവസ്ഥ വെടിഞ്ഞ് ഹിജ്‌റ ചെയ്ത് മദീനയിലെത്തുവാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നവയാണിവ. ഇസ്‌ലാമിക രാഷ്ട്രങ്ങളുണ്ടായതിനു ശേഷം പിന്നെ മക്കയില്‍ ജീവിക്കുന്നവര്‍ യഥാര്‍ഥത്തില്‍ സ്വീകരിച്ചിരിക്കുന്നത് ആത്മഹത്യാപരമായ നിലപാടാണെന്നും അവരുടെ ആദര്‍ശം സ്വാഭാവികമായും ചോര്‍ന്നുപോകാന്‍ സാധ്യതയുണ്ടെന്നും നബി (സ) വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ‘ബഹുദൈവാരാധകരോടൊപ്പം ജീവിക്കുന്ന മുസ്‌ലിംകളുടെ കാര്യത്തില്‍ എനിക്കൊരു ഉത്തരവാദിത്തവുമില്ല; ‘അവരുടെ തീയില്‍ നിന്ന് നിങ്ങള്‍ വെളിച്ചമെടുക്കേണ്ടിവരരുത്'(സുനനു അബൂദാവൂദ്) എന്ന് പ്രവാചകൻ (സ) പഠിപ്പിച്ചത്. പ്രവാചകന്റെ നേതൃത്വത്തില്‍ ഇസ്‌ലാമികരാഷ്ട്രമുണ്ടാവുകയും അവിടെ സ്വതന്ത്രമായി മതമനുഷ്ഠിച്ച് ജീവിക്കുവാന്‍ കഴിയുന്ന അവസ്ഥയുണ്ടാവുകയും ചെയ്തശേഷം മുശ്‌രിക്കുകളോടൊപ്പം ജീവിച്ച് അവരുടെ പീഡനങ്ങള്‍ സഹിക്കേണ്ടതില്ലെന്നും അങ്ങനെ ചെയ്യുന്നപക്ഷം അവരുടെ ആശയങ്ങളില്‍ പലതും സ്വീകരിക്കേണ്ട അവസ്ഥയുണ്ടാകുമെന്നും അത്തരക്കാരുടെ കാര്യത്തില്‍ എനിക്ക് ഉത്തരവാദിത്തമൊന്നുമില്ലെന്നുമാണ് ഇവിടെ പ്രവാചകൻ (സ) നിഷ്‌കര്‍ഷിക്കുന്നത്.

ഇസ്‌ലാമികാദര്‍ശമനുസരിച്ച് ജീവിക്കുവാന്‍ സ്വാതന്ത്ര്യം നല്‍കപ്പെടുന്ന നാട്ടില്‍ നിന്ന് ഹിജ്‌റ പോവേണ്ടതില്ലെന്ന വസ്തുത ഹിജ്‌റ ആറാം വര്‍ഷം വരെ അബ്‌സീനിയയില്‍ കഴിയാന്‍ ജഅ്ഫറുബ്‌നു അബീത്വാലിബിനെയും  (റ)കൂടെയുള്ളവരെയും അനുവദിച്ച പ്രവാചകനടപടിയില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. മദീനാരാഷ്ട്രത്തിന്റെ സൈനിക ശക്തി വര്‍ധിപ്പിക്കുവാനാണ് എല്ലാ മുസ്‌ലിംകളോടും ഹിജ്‌റ ചെയ്യാന്‍ മുഹമ്മദ് നബി (സ)കല്‍പിച്ചതെന്ന് വിമര്‍ശിക്കുന്നവര്‍ നബി (സ) ക്ക് അത്തരമൊരു ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ തന്നെ അതിലെന്താണ് തെറ്റെന്ന് പറഞ്ഞുതരുവാന്‍ ബാധ്യസ്ഥരാണ്. മക്കയിലും മറ്റു സ്ഥലങ്ങളിലും പീഡനങ്ങളനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ മദീനയിലെത്തുകയും അതുവഴി ഇസ്‌ലാമികരാഷ്ട്രത്തിന്റെ സൈനികശക്തി വര്‍ധിക്കുകയും ചെയ്യണമെന്ന് ഒരു രാഷ്ട്രനേതാവെന്ന നിലയില്‍ മുഹമ്മദ് നബി (സ)ആഗ്രഹിച്ചുവെങ്കില്‍, ഏതു തരം നൈതികയുടെ അടിസ്ഥാനത്തിലാണ് അതില്‍ തെറ്റുകാണാന്‍ കഴിയുകയെന്ന് അവര്‍ വ്യക്തമാക്കേണ്ടത്.

അസ്വാതന്ത്ര്യത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള പലായനമാണ് ഹിജ്‌റ. ഒരു രാജ്യം ഇസ്‌ലാമികമാണോ അല്ലേയെന്നതല്ല പ്രത്യുത മുസ്‌ലിമായി ജീവിക്കുവാന്‍ അനുവദിക്കുന്നതാണോ അല്ലേയെന്നതാണ് അവിടെ നിന്ന് മുസ്‌ലിംകള്‍ ഹിജ്‌റ പോകേണ്ടതുണ്ടോ ഇല്ലേയെന്ന് തീരുമാനിക്കുന്നത്. രാജ്യങ്ങളെ ദാറുല്‍ ഇസ്‌ലാം, ദാറുല്‍ ഹര്‍ബ്, ദാറുല്‍ അഹദ് എന്നിങ്ങനെ വര്‍ഗീകരിക്കുന്ന പില്‍ക്കാല രീതിയനുസരിച്ച് ദാറുല്‍ ഹര്‍ബില്‍ നിന്ന്- (മുസ്‌ലിംകളുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന അമുസ്‌ലിം രാഷ്ട്രം) ദാറുല്‍ ഇസ്‌ലാമിലേക്കാണ് (ഇസ്‌ലാമികരാഷ്ട്രം) ഹിജ്‌റ നടക്കേണ്ടത്. ദാറുല്‍ അഹദ് ഇസ്‌ലാമികരാഷ്ട്രവുമായി സന്ധിയിലേര്‍പ്പെട്ടിരിക്കുന്ന രാജ്യമാണ്; അവിടെ മുസ്‌ലിംകള്‍ക്ക് സ്വാതന്ത്ര്യത്തോടെ മതമനുഷ്ഠിച്ച് ജീവിക്കുവാന്‍ സാധിക്കുന്നതിനാല്‍ അത്തരം രാജ്യങ്ങളില്‍ നിന്ന് ഹിജ്‌റ ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇസ്‌ലാമികരാഷ്ട്രമുണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അബ്‌സീനിയയില്‍ ജീവിക്കുവാന്‍ മുസ്‌ലിംകളെ അനുവദിച്ച പ്രവാചകന്റെ നടപടി. ജനാധിപത്യക്രമം നിലനില്‍ക്കുന്ന രാഷ്ട്രസംവിധാനങ്ങളില്‍ മതസ്വാതന്ത്ര്യം അനുവദിക്കപ്പെടുന്നുവെങ്കില്‍ അതിനെ വിളിക്കുവാന്‍ ഏറ്റവും അനുയോജ്യമായ പദം ‘ദാറുല്‍ അംന്’-സുരക്ഷിത നാട്- എന്നാണ്. മുസ്‌ലിമായി ജീവിക്കുവാന്‍ സ്വാതന്ത്ര്യം നല്‍കുകയും അത് പ്രബോധനം ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്ന രാഷ്ട്രമാണ് ദാറുല്‍ അംന്. അത്തരം രാജ്യങ്ങളോട് കലാപത്തിലേര്‍പ്പെടുകയോ അവിടെ നിന്ന് പലായനം ചെയ്യുകയോ അല്ല; മാതൃകായോഗ്യരായി ജീവിക്കുകയും സഹജീവികള്‍ക്ക് സത്യസന്ദേശമെത്തിക്കുകയുമാണ് മുസ്‌ലിമിന്റെ കടമ.

‘ഇനി ഹിജ്‌റയില്ല'(സ്വഹീഹുല്‍ ബുഖാരി) യെന്ന് മക്കാ വിജയ ദിവസം പ്രവാചകൻ (സ) പ്രഖ്യാപിച്ചതില്‍ നിന്നും ‘മക്കാ വിജയത്തിനു ശേഷം ഹിജ്‌റയില്ല'(സ്വഹീഹുമുസ്‌ലിം) യെന്ന് അദ്ദേഹം വ്യക്തമാക്കിയതില്‍ നിന്നും സമാധാനത്തോടെ ജീവിക്കുവാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ സംജാതമായിക്കഴിഞ്ഞാല്‍ പിന്നെ പലായനം വേണ്ടതില്ലെന്ന് മനസ്സിലാവുന്നുണ്ട്. മക്കയില്‍ മുസ്‌ലിമായി ജീവിക്കുവാനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി മക്കയില്‍ നിന്ന് മദീനയിലേക്കുള്ള ഹിജ്‌റയുടെ ആവശ്യമില്ലെന്നാണ് ഇതു പഠിപ്പിക്കുന്നത്. എന്നാല്‍, മതത്തിന്റെ പേരിലുള്ള പീഡനങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം ഹിജ്‌റ അനിവാര്യമായിത്തീരുമെന്നും പ്രവാചകൻ (സ)പഠിപ്പിച്ചിട്ടുണ്ട്. ‘പശ്ചാത്താപം നിലയ്ക്കുന്നതുവരെ ഹിജ്‌റ അവസാനിക്കുകയില്ല. സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിച്ചുയരുന്നതുവരെ പശ്ചാത്താപം അവസാനിക്കുകയില്ല'(സുനനു അബൂദാവൂദ് ) എന്ന പ്രവാചകവചനം വ്യക്തമാക്കുന്നത് ഇക്കാര്യമാണ്. മതത്തിന്റെ പേരിലുള്ള പീഡനങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം, അവസാനനാളു വരെ ഹിജ്‌റ പ്രസക്തമായിരിക്കുമെന്ന് സാരം.

ജനിച്ചു വളര്‍ന്ന നാടിനെക്കാളും പോറ്റി വളര്‍ത്തിയ മാതാപിതാക്കളേക്കാളും അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യത്തേക്കാളുമെല്ലാം മുസ്‌ലിംകള്‍ വിലമതിക്കുന്നത് ദൈവിക മാര്‍ഗദര്‍ശനപ്രകാരമുള്ള ജീവിതവും അതെപ്പറ്റി സഹജീവികള്‍ക്ക് പറഞ്ഞുകൊടുക്കുവാനുള്ള അവസരവുമാണെന്നതാണ് ഹിജ്‌റ നല്‍കുന്ന സന്ദേശം. കലാപവും കുഴപ്പവുമുണ്ടാക്കി ജീവിക്കുന്ന നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതിനല്ല ആദര്‍ശജീവിതത്തിന് പറ്റുന്നിടത്തേക്ക് പലായനം ചെയ്യുവാനാണ് ഇസ്‌ലാം അനുശാസിക്കുന്നത്. അങ്ങനെ പലായനം ചെയ്യുന്നവര്‍ക്കാണ് അല്ലാഹുവിന്റെയടുക്കല്‍ ഉന്നതമായ പദവിയും സ്വര്‍ഗീയ സുഖസൗകര്യങ്ങളുമുണ്ടെന്ന് ക്വുര്‍ആന്‍ സന്തോഷവാര്‍ത്തയറിയിക്കുന്നത്.

”വിശ്വസിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മഹത്തായ പദവിയുള്ളവരാണ്. അവര്‍ തന്നെയാണ് വിജയം പ്രാപിച്ചവര്‍. അവര്‍ക്ക് അവരുടെ രക്ഷിതാവ് അവന്റെ പക്കല്‍ നിന്നുള്ള കാരുണ്യത്തെയും പ്രീതിയെയും സ്വര്‍ഗത്തോപ്പുകളെയും പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവര്‍ക്ക് അവിടെ ശാശ്വതമായ സുഖാനുഭവമാണുള്ളത്. അവരതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കലാണ് മഹത്തായ പ്രതിഫലമുള്ളത്.” (9:20-22)