ഹദീഥുകൾ നബിയുടെ കാലത്ത് എഴുതി സൂക്ഷിക്കുകയോ ക്രോഡീകരിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല എന്ന വസ്തുത എല്ലാവരും അംഗീകരിക്കുന്നു. അങ്ങനെയുള്ള ഹദീഥുകളാണ് നബി(സ) ജീവിച്ചിരുന്നുവെന്നതിനുള്ള പ്രധാനപ്പെട്ട തെളിവ്! നൂറ്റാണ്ടുകൾക്കു ശേഷം മാത്രമുണ്ടായ ഹദീഥുകളുടെ അടിസ്ഥാനത്തിൽ ഒരാളുടെ ചരിത്രപരത അംഗീകരിക്കണമെന്ന് പറയുന്നത് വങ്കത്തമല്ലേ?
ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന മുറയ്ക്ക് എഴുതി സൂക്ഷിക്കാറുണ്ടായിരുന്നതുപോലെ നബി വചനങ്ങളോ കര്‍മങ്ങളോ എഴുതി സൂക്ഷിക്കുന്ന പതിവ് മുഹമ്മദ് നബി(സ)യുടെ ജീവിതകാലത്ത് ഉണ്ടായിരുന്നില്ല എന്നത് ശരിയാണ്. . എന്നാല്‍ ചില സ്വഹാബികള്‍ നബി(സ)യുടെ വചനങ്ങള്‍ എഴുതിവെക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്നതായി രേഖകളുണ്ട്. ഖുര്‍ആന്‍ വചനങ്ങളും ഹദീഥുകളും തമ്മില്‍ കൂടിക്കലരരുതെന്ന് നിര്‍ബന്ധമുള്ളതിനാല്‍ ക്വുര്‍ആനല്ലാത്ത മറ്റൊന്നുംതന്നെ തന്നില്‍നിന്ന് എഴുതി സൂക്ഷിക്കരുതെന്ന് ആദ്യകാലത്ത് നബി(സ) വിലക്കിയിരുന്നുവെവെങ്കിലും പ്രത്യേക സന്ദര്‍ഭങ്ങളില്‍ അങ്ങനെ ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നതായും കാണാന്‍ കഴിയും. മക്കാവിജയകാലത്ത് മക്കയുടെ പവിത്രതയെക്കുറിച്ച് നബില നടത്തിയ ഒരു പ്രഭാഷണം കഴിഞ്ഞപ്പോള്‍ അത് തനിക്ക് എഴുതിത്തരണമെന്ന് യമന്‍കാരനായ അബൂശാഹ് ആവശ്യപ്പെട്ടതായും അദ്ദേഹത്തിന് അത് എഴുതിക്കൊടുക്കുവാന്‍ പ്രവാചകന്‍(സ) നിര്‍ദേശിച്ചതായും ബുഖാരിയും മുസ്‌ലിമും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകശിഷ്യനായിരുന്ന അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) , ഹദീഥുകള്‍ എഴുതി സൂക്ഷിച്ചിരുന്നതായി അബൂ ഹുറൈറ സാക്ഷ്യപ്പെടുത്തുന്ന ഹദീഥ് ബുഖാരിയിലുണ്ട്. തനിക്ക് ഹദീഥുകള്‍ എഴുതി സൂക്ഷിക്കുവാന്‍ പ്രവാചകന്‍(സ)അനുവാദം നല്‍കിയതായി അബ്ദുല്ലാഹിബ്‌നു അംറ്(റ)അവകാശപ്പെട്ടതായി അഹ്മദും അബൂദാവൂദും ഉദ്ധരിച്ചിട്ടുണ്ട്. നബിജീവിതത്തെക്കുറിച്ച് തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ സ്വഹാബിമാരില്‍ ചിലര്‍ എഴുതി സൂക്ഷിച്ചിരുന്നുവെങ്കിലും അത് വ്യാപകമായിരുന്നില്ല. തങ്ങള്‍ നേര്‍ക്കുനേരെ കണ്ട നബിജീവിതത്തിന്റെ വ്യത്യസ്ത വശങ്ങളെപ്പറ്റി അവര്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്ന രീതിയായിരുന്നു വ്യാപകമായി നിലനിന്നിരുന്നത്. വാമൊഴിയായാണ് പ്രധാനമായും നബിജീവിതത്തെ കുറിച്ച വര്‍ത്തമാനങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടതെന്ന് സാരം.
രാഷ്ട്രീയവും സൈദ്ധാന്തികവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി വ്യാജഹദീഥുകള്‍ നിര്‍മിക്കപ്പെടുന്ന അവസ്ഥയുണ്ടായപ്പോള്‍ അതിനെതിരെ വിശ്വാസീസമൂഹം ജാഗരൂകരായി. രണ്ടാം ഖലീഫ ഉമര്‍(റ)തന്റെ ഭരണകാലത്ത് ഹദീഥുകള്‍ ശേഖരിച്ച് ക്രോഡീകരിക്കുവാന്‍ ആഗ്രഹിച്ചെങ്കിലും ക്വുര്‍ആന്‍ വചനങ്ങളും ഹദീഥുകളും തമ്മില്‍ കൂടിക്കലര്‍ന്നു പോകുമോയെന്ന ഭയം കാരണം അത് ഉപേക്ഷിച്ചതായി മുഹമ്മദ് ബ്‌നു സഅദ്(7) രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഈ രംഗത്ത് ക്രിയാത്മകമായ ഒരു ഇടപെടല്‍ നടത്തിയത് രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമറുബ്‌നു അബ്ദുല്‍ അസീസ്(റ)ആണ്. താബിഉകളില്‍പ്പെട്ട സുപ്രസിദ്ധനായ ഭരണാധികാരിയായിരുന്ന അദ്ദേഹത്തിന്റെ കാലമായപ്പോഴേക്ക് വ്യാജ ഹദീഥുകളുടെ നിര്‍മാണം വ്യാപകമായിക്കഴിഞ്ഞിരുന്നു. മദീനയിലെ അദ്ദേഹത്തിന്റെ ന്യായാധിപനായിരുന്ന അബൂബക്കര്‍ ബിനു ഹസമിന് അദ്ദേഹം എഴുതി: ‘ദൈവദൂതരില്‍നിന്നുള്ള ഹദീഥുകള്‍ താങ്കള്‍ നോക്കുകയും എഴുതി രേഖപ്പെടുത്തുകയും ചെയ്യണം. കാരണം അറിവ് തേഞ്ഞുമാഞ്ഞു പോകുന്നതും ജ്ഞാനികള്‍ കാലംകഴിഞ്ഞു പോകുന്നതും ഞാന്‍ ഭയപ്പെടുന്നു. അല്ലാഹുവിന്റെ ദൂതരില്‍നിന്നുള്ള ഹദീഥുകളല്ലാതെ മറ്റൊന്നും സ്വീകരിക്കരുത്. അറിവ് പകര്‍ന്നുകൊടുക്കുകയും അറിവില്ലാത്തവരെ പഠിപ്പിക്കുകയും ചെയ്യുക; ജ്ഞാനം എല്ലാവരും രഹസ്യമാക്കുമ്പോഴല്ലാതെ നശിക്കുകയില്ല. ഉമര്‍ ബ്‌നു അബ്ദുല്‍ അസീസ്‌ന്റെ നിര്‍ദേശപ്രകാരം മദീനയിലെ സ്വഹാബികളില്‍ നിന്നും താബിഉകളില്‍നിന്നും അബൂബക്കര്‍ ബ്‌നു ഹസം ഹദീഥുകള്‍ ശേഖരിച്ചു. അന്നു ജീവിച്ചിരുന്ന മഹാപണ്ഡിതനായിരുന്ന മുഹമ്മദ്ബ്‌നു മുസ്‌ലിബിനു ശിഹാബ് അസ്‌സുഹ്‌രിയും രണ്ടാം ഉമറിന്റെ ഭരണകാലത്ത് ഹദീഥുകള്‍ ശേഖരിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുവാന്‍ മുന്നോട്ടുവന്നു. ഇതോടൊപ്പം തന്നെ, ഇസ്‌ലാമികരാഷ്ട്രത്തിന്റെ വ്യത്യസ്ത കോണുകളിലേക്ക് ഹദീഥുകള്‍ ശേഖരിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉമറുബ്‌നു അബ്ദുല്‍ അസീസ് കത്തുകളയിച്ചിരുന്നുവെന്ന് അബൂനുഐമിന്റെ താരിഖുല്‍ ഇസ്ബഹാനില്‍ നിന്ന് ഇബ്‌നുഹജറുല്‍ അസ്ഖലാനി ഉദ്ധരിക്കുന്നുണ്ട്. ഇങ്ങനെ ശേഖരിക്കപ്പെട്ട ഹദീഥുകള്‍ ക്രോഡീകരിച്ചു രേഖപ്പെടുത്തിയത് ഇമാം സുഹ്‌രിയായിരുന്നു. അതിനുശേഷം വ്യത്യസ്ത ദേശക്കാരായ പല താബിഉകളും ഹദീഥുകള്‍ ശേഖരിക്കുവാന്‍ തുടങ്ങി.
പ്രവാകാനുചരന്‍മാരില്‍ നിന്ന് മതം പഠിച്ച താബിഉകള്‍ക്കുശേഷം, അവരില്‍ നിന്ന് ഇസ്‌ലാമിക വിഷയങ്ങളെക്കുറിച്ച് മനസ്സിലാക്കിയ താബിഉത്താബിഉകളുടെ തലമുറയില്‍ ഹദീഥ് പഠന-ശേഖരണ രംഗത്ത് വമ്പിച്ച മുന്നേറ്റം തന്നെയുണ്ടായി. അതിനായി ജീവിതം ഉഴിഞ്ഞുവെച്ച ത്യാഗികളുടെ കാലമായിരുന്നു അത്. ഇസ്‌ലാമിക കര്‍മശാസ്ത്രവിഷയങ്ങള്‍ ക്രമരൂപത്തില്‍ നല്‍കികൊണ്ട് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങളാണ് അന്നത്തെ പണ്ഡിതന്‍മാര്‍ രചിച്ചത്. ഓരോ വിഷയത്തെയും സംബന്ധിച്ച ഹദീഥുകള്‍ ആ വിഷയത്തെക്കുറിച്ച് പറയുന്നതിനിടക്ക് ഉദ്ധരിക്കുകയായിരുന്നു അവര്‍ പൊതുവെ ചെയ്തിരുന്നത്. ഇത്തരം ഹദീഥ് ശേഖരങ്ങളെ മുസ്വന്നഫ് എന്നോ മുവത്വഅ് എന്നോ ആണ് വിളിക്കുന്നത്.
കുഴപ്പങ്ങളില്‍നിന്നും വ്യതിയാനങ്ങളില്‍നിന്നും മുസ്‌ലിം ബഹുജനങ്ങളെ സംരക്ഷിച്ച് വിശുദ്ധ ക്വുര്‍ആനിലൂടെയും പ്രവാചകചര്യയിലൂടെയും അവരെ നയിക്കുന്നതിനു വേണ്ടി വ്യാജ ഹദീഥുകളെയും യഥാര്‍ഥ നബിചര്യകളെയും വേര്‍തിരിച്ച് മനസ്സിലാക്കുവാനും രേഖപ്പെടുത്തുവാനുമുള്ള ത്യാഗപൂര്‍ണമായ പണ്ഡിത പരിശ്രമത്തോടൊപ്പം തന്നെ, വാമൊഴിയായി ലഭിച്ച ഹദീഥുകളുടെ വെളിച്ചത്തില്‍ ദൈവികമാര്‍ഗദര്‍ശനത്തിലൂടെ ജനങ്ങളെ നയിക്കുന്നതിനുവേണ്ടി അവര്‍ക്ക് മതവിധികള്‍ പറഞ്ഞുകൊടുക്കുന്നതിന്നായുള്ളപരിശ്രമങ്ങളുമുണ്ടായി. ഇതിന്‌വേണ്ടി പരിശ്രമിച്ച പ്രധാനപ്പെട്ട പണ്ഡിതമാരുടെ പേരില്‍ സ്ഥാപിക്കപ്പെട്ടതാണ് നാല് കര്‍മശാസ്ത്രധാരകളായ മദ്ഹബുകള്‍.
മുസ്‌നദുകള്‍ എന്ന പേരില്‍ ഹദീഥുകള്‍ ക്രോഡീകരിക്കുന്ന രീതി ഇമാം ഷാഫിയുടെ (റ) കാലം മുതലാണ് ആരംഭിച്ചത്. പ്രവാചകനില്‍നിന്ന് ഹദീഥുകള്‍ നിവേദനം ചെയ്ത സ്വഹാബിമാരുടെ അടിസ്ഥാനത്തില്‍ ക്രോഡീകരിക്കപ്പെട്ട ഹദീഥ് ഗ്രന്ഥങ്ങളാണ് മുസ്‌നദുകള്‍ എന്നറിയപ്പെട്ടത്. ഓരോ പ്രത്യേക സ്വഹാബിയില്‍നിന്നും നിവേദനം ചെയ്യപ്പെട്ട ഹദീഥുകള്‍ പ്രത്യേക അധ്യായമായാണ് മുസ്‌നദുകളില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. ഇമാം ശാഫിഈയുടെ ശിഷ്യനും നാലാമത്തെ മദ്ഹബിന്റെ ഇമാമുമായ ഇമാം അഹ്മദ് ബ്ന്‍ ഹന്‍ബലിന്റെ ഹദീഥ് ശേഖരമാണ് മുസ്‌നദുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി അറിയപ്പെടുന്നത്. വ്യാജ ഹദീഥുകള്‍ക്ക് ഹദീഥ് ഗ്രന്ഥങ്ങളില്‍ സ്ഥാനം കുറയാന്‍ മുസ്‌നദുകള്‍ നിമിത്തമായി. ഒരാള്‍ പ്രവാചകന്റെ പേരില്‍ വല്ലതും പറയുകയും അയാള്‍ക്ക് നബിയില്‍നിന്ന് അയാള്‍വരെയുള്ള നിവേദകന്‍മാരുടെ ശൃംഖല അവതരിപ്പിക്കാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ അതിന്റെ സ്ഥാനം മുസ്‌നദുകളില്‍നിന്ന് സ്വാഭാവികമായും പുറത്തായിരിക്കും.
വിഷയക്രമത്തില്‍ ഹദീഥുകളും സഹാബിമാരുടെയും താബിഉകളുടെയും അഭിപ്രായങ്ങളും ക്രോഡീകരിച്ചുകൊണ്ടുള്ള മുസന്നഫുകള്‍ക്കും പ്രവാചകരില്‍ നിന്നുള്ള പൂര്‍ണമായ ഇസ്‌നാദിന്റെ അടിസ്ഥാനത്തില്‍ ക്രോഡീകരിക്കപ്പെട്ട മുസ്‌നദുകളുടെയും നന്‍മകള്‍ സ്വാംശീകരിച്ചുകൊണ്ട് ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രചിക്കപ്പെട്ട ഹദീഥ് സമാഹാരങ്ങളാണ് ‘സുനന്‍’എന്ന് അറിയപ്പെടുന്നത്. വിഷയക്രമത്തില്‍ ക്രോഡീകരിക്കപ്പെട്ടതും പൂര്‍ണമായ ഇസ്‌നാദോടുകൂടി ഉദ്ധരിക്കപ്പെട്ടതുമായ ഹദീഥുകളാണ് സുനന്‍ ഗ്രന്ഥങ്ങളില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്.
ഹദീഥ് പഠനരംഗത്തെ നെല്ലും പതിരും വേര്‍തിരിച്ച് സംസ്‌കരിക്കുകയും പ്രവാചകനില്‍ നിന്നുള്ളതാണെന്ന് ഉറപ്പുള്ള ഹദീഥുകള്‍ മാത്രം ശേഖരിച്ച് മുസ്‌ലിംലോകത്തിന് നല്‍കുകയും ചെയ്ത മഹാ പ്രതിഭാശാലിയാണ് മുഹമ്മദ് ബ്ന്‍ ഇസ്മായീല്‍ അല്‍ ബുഖാരി (ഹിജ്‌റ 196-256). ഇമാം അഹ്മദ് ബ്ന്‍ ഹന്‍ബലിന്റെ ശിഷ്യനാകുവാന്‍ അവസരം ലഭിച്ച ഇമാം ബുഖാരി, തന്റെ പതിനാറാമത്തെ വയസ്സില്‍ ഹജ്ജ് നിര്‍വഹിച്ചശേഷം തുടങ്ങിയ ത്യാഗപൂര്‍ണമായ പരിശ്രമങ്ങളുടെ ഫലമായാണ് സ്വഹീഹായ ഹദീഥുകളുടെ മാത്രമായുള്ള ഒന്നാമത്തെ സമാഹാരമായ സ്വഹീഹുല്‍ ബുഖാരി മുസ്‌ലിംലോകത്തിന് ലഭിച്ചത്. പതിനാറ് വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിരന്തരമായ യാത്രകളിലൂടെ ഹദീഥുകളറിയാവുന്ന ആയിരത്തിലധികം പേരുമായി ആശയക്കൈമാറ്റം നടത്തിക്കൊണ്ട് അദ്ദേഹം ശേഖരിച്ച ഏഴു ലക്ഷത്തോളം ഹദീഥുകളില്‍നിന്ന് ഇസ്‌നാദ് പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം 7397 ഹദീഥുകളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബുഖാരി തന്റെ അല്‍ജാമിഉ സ്‌സ്വഹീഹ് രചിച്ചത്. ഇതില്‍ തന്നെ പല ഹദീഥുകളും ഒരേ പ്രവാചകചര്യയുടെ തന്നെ വ്യത്യസ്ത രൂപത്തിലുള്ള ആവര്‍ത്തനങ്ങളാണ്. ആകെ 2602 പ്രവാചകവചനങ്ങള്‍ വ്യത്യസ്ത നിവേദകരിലൂടെ കടന്നുവന്നവയാണ് ബുഖാരിയിലുള്ള ഹദീഥുകളെന്ന് അതിന്റെ വ്യാഖ്യാതാവായ ഇബ്‌നു ഹജറുല്‍ അസ്ഖലാനി വ്യക്തമായിട്ടുണ്ട്.
ഇമാം അഹ്മദ് ബ്ന്‍ ഹന്‍ബലിന്റെയും ഇമാം ബുഖാരിയുടെയും ശിഷ്യനാകുവാന്‍ ഭാഗ്യം ലഭിച്ച അബുല്‍ ഹുസൈന്‍ മുസ്‌ലിമിബ്‌നുല്‍ ഹജ്ജാജ് അല്‍ നൈസാപൂരി (ഹി 202-261) ആണ് സ്വഹീഹായ ഹദീഥുകളെ മാത്രം ക്രോഡീകരിച്ചുകൊണ്ട് ഗ്രന്ഥരചന നടത്തിയ മറ്റൊരു മഹാവ്യക്തിത്വം. നാല്‍പത്തിമൂന്ന് അധ്യായങ്ങളിലായി 7563 ഹദീഥുകളാണ് അദ്ദേഹത്തിന്റെ സ്വഹീഹു മുസ്‌ലിമിലുള്ളത്;(29) ആവര്‍ത്തനങ്ങള്‍ ഒഴിവാക്കിയാല്‍ 2200 ഹദീഥുകളാണ് സ്വഹീഹു മുസ്‌ലിമിലുള്ളതെന്ന് പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബുഖാരിയിലും മുസ്‌ലിമിലും ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള ഹദീഥുകളുടെ എണ്ണം 2326 ആണ്.
ഇതിനുശേഷം പലരും ഹദീഥുകള്‍ ക്രോഡീകരിച്ച് ഗ്രന്ഥങ്ങളെഴുതിയെങ്കിലും മുസ്‌ലിം ലോകത്ത് പരക്കെ അറിയപ്പെട്ടത് ഇവയിലുള്ള പ്രധാനപ്പെട്ട നാല് ഹദീഥ് സമാഹാരങ്ങളാണ്. സുനനു അബീദാവൂദ്, അല്‍ജാമിഉത്തിര്‍മിദി, സുനനുന്നസാഈ, സുനനു ഇബ്‌നിമാജ എന്നിവയാണീ ഗ്രന്ഥങ്ങള്‍. സുനനു അബൂദാവൂദില്‍ 4800 ഹദീഥുകളും ജാമിഉത്തിര്‍മിദിയില്‍ 3950 ഹദീഥുകളും സുനനുന്നസാഇയില്‍ 5750 ഹദീഥുകളും സുനനു ഇബ്‌നുമാജയില്‍ 4485 ഹദീഥുകളുമാണുള്ളത്. കൃത്യമായി പ്രവാചകനിലല്‍ നിന്ന് തുടങ്ങി ഗ്രന്ഥം ക്രോഡീകരിച്ചവരില്‍ അവസാനിക്കുന്ന വിശ്വസ്തരുടെ ശൃംഖലയായ ഇസ്‌നാദുള്ളവയല്ല ഈ നാല് ഹദീഥ് സമാഹാരങ്ങളിലെയും ചില ഹദീഥുകളെന്ന വസ്തുത അവയുടെ സമാഹര്‍ത്താക്കള്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സഹീഹുല്‍ ബുഖാരിയിലെയും സഹീഹു മുസ്‌ലിമിലെയും ഹദീഥുകള്‍ മുസ്‌ലിംലോകം ചോദ്യം ചെയ്യാതെ സ്വീകരിക്കുമ്പോള്‍ മറ്റ് നാല് ഗ്രന്ഥങ്ങളിലെയും ഹദീഥുകള്‍ അവയുടെ ഇസ്‌നാദ് പരിശോധിച്ച ശേഷം അവ സ്വീകാര്യമാണെന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രമെ സ്വീകരിക്കപ്പെടുകയുള്ളൂ.
മുഹമ്മദ് നബി(സ)യുടെ ജീവിതത്തെക്കുറിച്ച് നമുക്ക് അറിവു നല്‍കുന്ന രണ്ടാമത്തെ സ്രോതസ്സായ ഹദീഥുകള്‍ എത്രത്തോളം കൃത്യവും സൂക്ഷ്മവുമായാണ് രേഖപ്പെടുത്തപ്പെട്ടതെന്ന് ഹദീഥ് നിദാനശാസ്ത്രത്തിന്റെ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യമാകും. പ്രവാചകന്‍(സ)യോടൊപ്പം സഹവസിച്ചവര്‍, തെറ്റുകളൊന്നും വരുത്താതെ, സൂക്ഷ്മവും കൃത്യവുമായി അടുത്ത തലമുറക്ക് പറഞ്ഞുകൊടുത്തതെന്ന് ഉറപ്പുള്ള നിവേദനം മാത്രമെ സ്വഹീഹായ ഹദീഥായി പരിഗണിക്കപ്പെടുകയുള്ളൂ. ഇത്രയ്ക്കും കൃത്യവും സൂക്ഷ്മവുമായി രേഖപ്പെടുത്തപ്പെട്ട മറ്റൊരു ജീവചരിത്രവുമില്ലെന്നതാണ് വാസ്തവം. ആധുനിക കാലത്തെ ചരിത്രരചനയില്‍ പോലും രചയിതാവിന്റെവ്യക്തിത്വത്തെ വിമര്‍ശനവിധേയമാക്കി പറയുന്ന കാര്യങ്ങളുടെ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതിനു വേണ്ടിയുള്ള സങ്കേതങ്ങള്‍ വേണ്ടവിധം വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരേ വ്യക്തിയുടെ ജീവിതത്തെ രണ്ടു രൂപത്തില്‍ നോക്കിക്കാണുന്നവര്‍ എഴുതിയ ചരിത്ര ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളുടെ സത്യത പരിശോധിക്കുവാന്‍ നമ്മുടെ പക്കല്‍ കാര്യമാത്രപ്രസക്തമായ മാനദണ്ഡങ്ങളൊന്നുമില്ല.
സ്വഹീഹായ ഹദീഥുകളില്‍നിന്ന് നിര്‍ധരിക്കപ്പെടുന്ന നബിചരിത്രത്തിന്റെ സ്ഥിതിയതല്ല. നബി(സ)യോടൊപ്പം ജീവിക്കുകയും അദ്ദേഹത്തിന്റെ ജീവിതം നേര്‍ക്കുനേരെ മനസ്സിലാക്കുകയും അത് രേഖപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുകയോ ചെയ്യുമ്പോള്‍ അബദ്ധങ്ങളോ അസത്യങ്ങളോ കടന്നുകൂടാതിരിക്കുവാന്‍ സൂക്ഷ്മത പ്രകടിപ്പിക്കുകയും ചെയ്തവരില്‍നിന്ന് നിവേദനം ചെയ്യപ്പെട്ട നബിചരിത്രമാണത്; നബി(സ)യുടെ അകവും പുറവും മനസ്സിലാക്കിയവരുടെ നേര്‍ക്കുനേരെയുള്ള ചിത്രീകരണം. ആ രൂപത്തില്‍ ഒരാളുടെയും ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ആത്മകഥയ്ക്ക്‌പോലും ഇത്രയ്ക്ക് സൂക്ഷ്മമായ ഒരു ജീവിതാഖ്യാനം നടത്താന്‍ കഴിയില്ല. സ്വന്തത്തിന്റെ കുറവുകള്‍ കാണാന്‍ ആത്മകഥാകാരന് കഴിയില്ലല്ലോ. ഒരു ലക്ഷത്തിലധികം പേരുടെ ദൃക്‌സാക്ഷി വിവരണത്തിന്റെ സാക്ഷ്യമാണ് സ്വഹീഹായ ഹദീഥുകള്‍ക്കുള്ളത്. നബി(സ) മരണപ്പെടുമ്പോള്‍ ജീവിച്ചിരുന്ന സ്വഹാബിമാരുടെ എണ്ണം ഒരു ലക്ഷത്തിലധികമായിരുന്നല്ലോ.