ഹദീഥുകളുടെ ധര്‍മത്തെയും ദൗത്യത്തെയും പറ്റി വേണ്ടത്ര മനസ്സിലാക്കാത്തതുകൊണ്ട് ഉയര്‍ന്നുവരുന്നതാണീ അഭിപ്രായം. ചരിത്രപരമെന്നതിലേറെ ധാര്‍മികമായ ദൗത്യമാണ് ഹദീഥുകള്‍ നിര്‍വഹിക്കുന്നത്. മുഹമ്മദ് നബി(സ) ഒരു ചരിത്രപുരുഷനായിരുന്നുവെന്ന് സ്ഥാപിക്കുകയല്ല ഹദീഥുകളുടെ ധര്‍മം. ആ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്കി അദ്ദേഹത്തെ അനുധാവനം ചെയ്യാന്‍ മുസ്ലിംകളെ പര്യാപ്തരാക്കിത്തീര്‍ക്കുകയാണ് ഹദീഥുകള്‍ ചെയ്യുന്നത്. കേവലമൊരു ചരിത്രപുരുഷനോ ആത്മീയാചാര്യനോ ഭരണാ ധികാരിയോ അല്ല മുഹമ്മദ് നബി(സ). സര്‍വശക്തനില്‍നിന്ന് ബോധനം ലഭിച്ചുകൊണ്ടിരുന്ന പ്രവാചകനാണ്; ആ ബോധനപ്രകാരം സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും അനുവദിക്കുകയും ചെയ്ത ദൈവദൂതനാണ്. വാക്കും പ്രവൃത്തിയും അനുവാദവുമെല്ലാം ദൈവികബോധന പ്രകാരം ചിട്ടപ്പെടുത്തിയ അന്തിമപ്രവാചകന്റെ ജീവിതത്തില്‍ സംഭവിച്ചതും അദ്ദേഹം പറഞ്ഞതും ചെയ്തതും അനുവദിച്ചതുമായ കാര്യങ്ങളുടെ രേഖീകരണമാണല്ലോ ഹദീഥ്. ദൈവിക ബോധനങ്ങളാല്‍ സ്ഥിരപ്പടുത്തപ്പെടുന്ന കാര്യങ്ങള്‍ ശാസ്ത്രീയ മായ അപഗ്രഥനത്തിനതീതമാണ് എന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെയാകുമ്പോള്‍ നബി(സ)യുടെ ജീവിതത്തിന്റെ രേഖീകരണമായ ഹദീഥുകളെ ശാസ്ത്രീയ വിശകലനത്തിന് വിധേയമാക്കുന്നതെങ്ങനെയാണ്?
നബിജീവിതത്തിലെ അമാനുഷിക സംഭവങ്ങള്‍ ഉദാഹരണമായെടുക്കുക. ഒരു അത്ഭുതം കാണിക്കാനാവശ്യപ്പെട്ട മക്കാമുശ്രിക്കുകളുടെ മുന്നില്‍ വെച്ച് ചന്ദ്രന് പിളര്‍ന്നതായി വ്യക്തമാക്കുന്ന സ്വഹീഹായ ഹദീഥുകളുണ്ട്.( സ്വഹീഹുല്‍ ബുഖാരി, കിതാബു മനാക്വിബില്‍ അന്‍സ്വാര്‍; സ്വഹീഹു മുസ്ലിം, കിതാബു സ്വിഫാത്തില്‍ ക്വിയാമഃ വല്‍ജന്നഃ വന്നാര്; കിതാബുല്‍ ഈമാന്‍.) ക്വുര്‍ആനിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. (54:1,2). ഒരൊറ്റ രാത്രികൊണ്ട് നബി(സ) മക്കയിലുള്ള മസ്ജിദുല്‍ ഹറമില്‍ നിന്ന് ഫലസ്തീനിലുള്ള മസ്ജിദുല്‍ അഖ്സയിലേക്കും അവിടെനിന്ന് ആകാശലോകങ്ങളിലേക്കും യാത്രചെയ്തതായി സ്ഥിരികരിക്കപ്പെട്ട ഹദീഥുകള്‍ വ്യക്തമാക്കുന്നു.( സ്വഹീ ഹുല്‍ ബുഖാരി, കിതാബു മനാഖിബുല്‍ അന്‍സ്വാര്‍; സ്വഹീഹു മുസ്ലിം, കിതാബുസ്സ്വഹാബ.) മസ്ജിദുല്‍ ഹറമില്‍നിന്ന് അഖ്സയിലേക്കുള്ള നിശാപ്രയാണം ക്വുര്‍ആനും ശരിവെക്കുന്നുണ്ട്. (17:1)
ഇങ്ങനെ നിരവധി അത്ഭുതസംഭവങ്ങള്‍ നബിജീവിതത്തിലുണ്ടായിട്ടുണ്ട്. ഇവ അത്ഭുതങ്ങളാവുന്നതു തന്നെ ശാസ്ത്രത്തിന് വിശദീകരിക്കു വാന്‍ കഴിയാത്തതുകൊണ്ടാണ്. ഇവയുള്‍ക്കൊള്ളുന്ന ഹദീഥുകളെ ചരിത്രവിമര്‍ശന രീതിയില്‍ അപഗ്രഥിക്കുന്നതെങ്ങനെയാണ്? അത്തരമൊരു അപഗ്രഥനത്തിന് വിധേയമാക്കിയാല്‍ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് പറയാനേ ചരിത്രവിമര്‍ശകര്‍ക്ക് കഴിയൂ. അവരുടെ പരിശോധനാ സങ്കേതങ്ങളുടെ വരുതിയിലൊതുങ്ങുന്നതല്ല ഈ സംഭവങ്ങള്‍ എന്നു പറയുന്നതാവും ശരി. ചരിത്രവിമര്‍ശന ത്തിന്റെ പരീക്ഷണനാളിക്ക് ഉള്‍ക്കൊള്ളാനാവാത്ത വിധം ബൃഹത്തായ വിഷയങ്ങളാണ് ഹദീഥുകള്‍ കൈകാര്യം ചെയ്യുന്നതെന്നര്‍ഥം.
നബി(സ) പറയുകയോ ചെയ്യുകയോ അനുവദിക്കുകയോ ചെയ്തുവെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യാതെ അനുധാവനം ചെയ്യു ന്നവനാണ് മുസ്ലിം. അത് ഉറപ്പിക്കുകയാണ് ഹദീഥ് നിദാനശാസ്ത്രത്തിന്റെ ധര്‍മം. മത്നിനെ ചരിത്രവിമര്‍ശനത്തിന്റെ രീതിയില്‍ അപഗ്രഥിച്ചാല്‍ പരമാവധി പറയാന്‍ കഴിയുക നബി(സ) അത് ചെയ്തിട്ടില്ലെന്നോ ചെയ്തിരിക്കാന്‍ സാധ്യതയുണ്ടെന്നോ മാത്രമാണ്. ചെയ്തിട്ടില്ലെന്ന് ഉറപ്പിക്കുവാനല്ലാതെ ചെയ്തിട്ടുണ്ടെന്ന് ഉറപ്പിക്കാനാവശ്യമായ സങ്കേതങ്ങള്‍ ചരിത്രവിമര്‍ശകന്‍മാര്‍ക്ക് വികസിപ്പിച്ചെ ടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഹദീഥ് നിദാനശാസ്ത്രത്തിന്റെ ദൗത്യം നബി(സ) ചെയ്യുകയോ പറയുകയോ അനുവദിക്കുകയോ ചെയ്തിട്ടു ണ്ടെന്ന് ഉറപ്പിക്കുകയാണ്. അതിന് മത്ന് വിമര്‍ശനം തീരെ അപര്യാപ്തമാണ്. നബി(സ)യില്‍ നിന്നുണ്ടായതല്ലെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ മത്നില്‍ ഉണ്ടെങ്കില്‍ അത് അസ്വീകാര്യമാണെന്ന് ഹദീഥ് നിദാനശാസ്ത്രജ്ഞര്‍ വിധിച്ചിട്ടുമുണ്ട്.
വിശ്വാസം, കര്‍മം, സ്വഭാവം, മര്യാദ, നിയമം തുടങ്ങിയ കാര്യങ്ങളാണ് ഹദീഥുകള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍. ദൈവിക ബോധ നപ്രകാരമുള്ള നബി നിര്‍ദേശങ്ങള്‍ അപ്പടി സ്വീകരിക്കുകയാണ് ഇത്തരം വിഷയങ്ങളില്‍ മുസ്ലിം ചെയ്യേണ്ടതെന്നാണ് പഠിപ്പിക്കപ്പെട്ടി രിക്കുന്നത്. തന്നിഷ്ട പ്രകാരമല്ല, ദൈവികബോധനത്തിന്റെ അടിസ്ഥാനത്തിലാണ് നബി(സ) സംസാരിച്ചതെന്ന് ഖുര്‍ആന്‍ (53:3,4) വ്യക്തമാ ക്കുന്നുണ്ട്. ഒരു പ്രത്യേക കര്‍മം മുഹമ്മദ് നബി(സ) പഠിപ്പിച്ചിട്ടുണ്ടോ ഇല്ലേയെന്ന് മനസ്സിലാക്കാന്‍ ചരിത്രവിമര്‍ശന രീതിയില്‍ മത്നിനെ അപഗ്രഥന വിധേയമാക്കിയാല്‍ കഴിയുമോ? വുദുവെടുക്കുമ്പോള്‍ ഏതെല്ലാം അവയവങ്ങള്‍ എത്ര തവണ വീതമാണ് നബി(സ) കഴുകിയ തെന്ന് പഠിപ്പിക്കുന്ന ഹദീഥിനെ അപഗ്രഥിച്ച് അത് നബി(സ)യില്‍ നിന്നുള്ളതാണോ അല്ലേയെന്ന് വ്യക്തമാക്കുവാന്‍ ചരിത്രവിമര്‍ശന രീതി യുടെ അപ്രമാദിത്വത്തില്‍ അഹങ്കരിക്കുന്നവര്‍ക്ക് കഴിയുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ‘ഇല്ല’യെന്നാണ്. മത്ന് വിമര്‍ശനം വഴി ഹദീഥ് നിദാനശാസ്ത്രത്തിന് അതിന്റെ ദൗത്യം നിര്‍വഹിക്കാനാവില്ലെന്നര്‍ഥം.
നബിജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരമാണ് തങ്ങള്‍ക്ക് ലഭിക്കേണ്ടത് എന്നതിനാല്‍ അതിന് ഉപയുക്തമായ ഏറ്റവും ശാസ്ത്രീ യമായ രീതിയാണ് ഹദീഥ് നിദാനശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തത്. മത്ന് വിമര്‍ശനം വഴി തങ്ങള്‍ക്കാവശ്യമായത് ലഭിക്കില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. സ്വീകാര്യമായ മത്നുകള് ഏതൊക്കെയാണെന്നായിരുന്നു അവര്‍ അന്വേഷിച്ചത്. അപഗ്രഥിക്കുവാനാകാത്ത വിവരങ്ങളുള്‍ക്കൊള്ളുന്നതും തങ്ങള്‍ നിര്‍ബന്ധമായും പിന്തുടരേണ്ടതുമായ മത്നുകള് വേര്‍തിരിച്ചു മനസ്സിലാക്കുവാനാണ് അവര്‍ സനദിനെ നിഷ്കൃഷ്ടമായി അപഗ്രഥിച്ചത്. അവര്‍ക്കാവശ്യമായത് അതില്‍ നിന്ന് അവര്‍ക്ക് ലഭിക്കുകയും ചെയ്തു. ഹദീഥ് നിദാനശാ സ്ത്രത്തിന്റെ ധര്‍മത്തെയും ദൗത്യത്തെയും കുറിച്ച് മനസ്സിലാകാത്തുകൊണ്ടാണ് സനദ് അപഗ്രഥനമല്ല മത്ന് വിമര്‍ശനമാണ് ശാസ്ത്രീയം എന്ന് ചിലര്‍ കരുതാനുള്ള കാരണമെന്ന് പറയുന്നത് അതുകൊണ്ടാണ്.