ഇല്ല. മുഹമ്മദ് നബിക്കു (സ) ശേഷം രചിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കുന്ന പരാമർശങ്ങളും ശാസ്ത്രീയമായ അബദ്ധങ്ങളും ഹദീഥുകളിലുണ്ടെന്ന് സ്ഥാപിക്കുവാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട് എന്നത് ശരിയാണ്. അങ്ങനെ ഉണ്ടെന്നത് അടിസ്ഥാനരഹിതമായ ഒരു ആരോപണമാണ്.
ചരിത്രവിമര്‍ശന രീതിയില്‍ മത്നിനെ അപഗ്രഥിച്ച് അത് നബി(സ) പറഞ്ഞതല്ലെന്ന് സ്ഥാപിക്കണമെങ്കില്‍ അതില്‍ കാലാനുക്രമ പ്രമാദ (anarchonism) ങ്ങളെന്തെങ്കിലുമുണ്ടാവണം. നബി(സ)ക്കുശേഷം നിലവില്‍ വന്ന എന്തെങ്കി ലും കാര്യങ്ങളെക്കുറിച്ച പരാമര്‍ശങ്ങളുണ്ടാവുകയും പ്രസ്തുത പരാമര്‍ശങ്ങള്‍ നബി(സ)ക്കു ശേഷം രചിക്കപ്പെട്ടവയാണ് അതെന്ന് വ്യക്തമാക്കുകയും ചെയ്യുമ്പോഴാണ് അവയെ കാലാനുക്രമ പ്രമാദങ്ങളായി പരിഗണിക്കുന്നത്. അങ്ങനെയുള്ള എന്തെങ്കിലും സ്വഹീഹായ ഹദീഥുകളിലുള്ളതായി തെളിയിക്കുവാന്‍ വിമര്‍ശകര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. അത്തരം വല്ല പരാമര്‍ശങ്ങളും മത്ന് ഉള്‍ക്കൊള്ളുന്നു ണ്ടോയെന്ന പരിശോധന കൂടി കഴിഞ്ഞ ശേഷമാണ് ഒരു ഹദീഥ് സ്വഹീഹാണെന്ന് തീരുമാനിക്കുന്നത് എന്നതിനാലാണിത്. കാലാനുക്രമ പ്രമാദങ്ങളെ പരതിപ്പരിശോധിച്ച് ബൈബിളിനെപ്പോലെയുള്ള രചനകളുടെ ചരിത്രപരതയെ ചോദ്യം ചെയ്യുന്നതു പോലെ ഹദീഥുകളുടെ ചരിത്രപരതയെ നിഷേധിക്കുവാന്‍ ചരിത്ര വിമര്‍ശകര്‍ക്ക് കഴിയില്ല. ചരിത്ര വിമര്‍ശന രീതിയുടെ വക്താക്കള്‍ കാലാനുക്രമപ്രമാദങ്ങളെ പഠനവിധേയമാക്കി ഏതെങ്കിലുമൊരു പുരാതന സ്രോതസ്സിന്റെ ചരിത്രപരത നിര്‍ണയിക്കുവാനുള്ള സങ്കേതങ്ങള്‍ കണ്ടെത്തുന്നതിന് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പ്രസ്തുത സങ്കേതങ്ങള്‍ക്ക് പിടികൊടുക്കാത്തവണ്ണം ഹദീഥുകളെ അന്യൂനമാക്കുവാന്‍ ഹദീഥ് നിദാന ശാസ്ത്ര ജ്ഞര്‍ക്ക് കഴിഞ്ഞിരുന്നുവെന്നര്‍ഥം.
നബി(സ)യില്‍ നിന്നുള്ളതാണെന്ന രീതിയില്‍ നിവേദനം ചെയ്യപ്പെട്ട ഹദീഥുകളിലൊന്നും കാലാനുക്രമ പ്രമാദങ്ങളുണ്ടായിരുന്നില്ല എന്ന് ഇതിനര്‍ഥമില്ല. അന്തിമ പ്രവാചകന്റെ പേരില്‍ ആരോപിക്കപ്പെട്ടിരുന്ന വ്യാജ ഹദീഥുകളുടെ മത്നുകളില്‍ അത്തരം പ്രമാദങ്ങളുണ്ടാ യിരുന്നു. നബി(സ)ക്ക് പതിറ്റാണ്ടുകള്‍ക്കു ശേഷം രചിക്കപ്പെടുകയും നബി(സ)യുടെ പേരില്‍ ആരോപിക്കപ്പെടുകയും ചെയ്യുന്ന വൃത്താന്തങ്ങളില്‍ അത് സ്വാഭാവികമാണ്. വ്യാജഹദീഥുകള്‍ നിര്‍മിച്ചയാളുടെ ചരിത്രപരമായ അജ്ഞതയുടെ തോതനുസരിച്ച് അത്തരം പ്രമാദ ങ്ങളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്നേയുള്ളൂ. ‘ഇരുനൂറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലോകാവസാനത്തിന്റെ അടയാള ങ്ങള് പ്രത്യക്ഷപ്പെടുക’ എന്ന ഹദീഥ് തള്ളുന്നതിന് ഇരുനൂറു വര്‍ഷം കഴിഞ്ഞിട്ടും അത്തരം ലക്ഷണങ്ങളൊന്നും കണ്ടിട്ടില്ല എന്ന കാരണം കൂടി ഇമാം ബുഖാരി പറഞ്ഞതായി ഇമാം ദഹബി വ്യക്തമാക്കുന്നുണ്ട്.(അദ്ദഹബി: മീസാനുല്‍ ഇഅ്തിദാല്, വാല്യം 3, പുറം 306) ‘പ്രചാരത്തിലിരിക്കുന്ന മുസ്ലിം നാണയങ്ങളെ പൊട്ടിക്കുന്നത് പ്രവാചകന്(സ) വിലക്കിയിരിക്കുന്നു’ വെന്ന ഹദീഥ് നിവേദനം ചെയ്ത മുഹമ്മദ് ബിന്‍ ഫദാ സ്വീകരിക്കുവാന്‍ കൊള്ളാത്തവനാണെന്ന് വിധിക്കുവാനുള്ള കാരണങ്ങളിലൊന്നായി അമവിയ്യാക്കളുടെ കാലത്ത് മാത്രമാണ് മുസ്ലിംകള് നാണയങ്ങള്‍ അടിച്ചിറക്കാനാരംഭിച്ചത് എന്ന വസ്തുത എടുത്തുപറയുകയും നബി(സ)യുടെ കാലത്ത് നാണയം നിലനിന്നിരുന്നില്ലെന്നതിനാല്‍ അദ്ദേഹം അസ്വീകാര്യനാണെന്ന് ഇമാം ബുഖാരി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.(ഇമാം ബുഖാരിയുടെ അത്താരീഖുല്‍ ഔസത്തില്‍ നിന്ന് (വാല്യം 2, പുറം 110 -119) ഖൈബറിലെ യഹൂദന്മാരോട് നികുതിവാങ്ങിയതിന് സാക്ഷി സഅദ് ബ്നു മുആദും (റ)കരാര്‍ എഴുതിയത് മുആവിയയേുമായിരുന്നു’ എന്ന ഹദീഥ് തള്ളിക്കളയുന്നതിനു ള്ള കാരണമായി ഖൈബര്‍ യുദ്ധകാലത്ത് കപ്പം വാങ്ങുന്ന സമ്പ്രദായമുണ്ടായിരുന്നില്ലെന്നും സഅദ്ബ്നു മുആദ് (റ)പ്രസ്തുത യുദ്ധത്തിന് മുമ്പു തന്നെ മരണപ്പെട്ടിട്ടുണ്ടെന്നും മുആവിയ (റ)മുസ്ലിമായത് യുദ്ധത്തിന് ശേഷവുമാണെന്ന വസ്തുതകള്‍ കൂടി പണ്ഡിതന്മാര് എടുത്തു പറഞ്ഞതായി നടേ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രമാദങ്ങള്‍ കണ്ടെത്തുകയും അവയെ അപഗ്രഥിച്ച് മാറ്റിവെക്കുകയും ചെയ്ത ശേഷ മാണ് ഹദീഥ് നിദാന ശാസ്ത്രജ്ഞന്മാര് സ്വഹീഹായ ഹദീഥുകളെ വേര്‍തിരിച്ച് രേഖപ്പെടുത്തിയത്. സ്വഹീഹായ ഹദീഥുകളുടെ മത്നില്‍ ഇനിയുമൊരു ചരിത്ര വിമര്‍ശനാപഗ്രഥനം ആവശ്യമില്ലെന്നര്‍ഥം.
സ്വഹീഹായ ഹദീഥുകളില്‍ ആരോപിക്കപ്പെടുന്ന ശാസ്ത്രാബദ്ധങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണ്. ഖണ്ഡിതമായി തെളിയിക്കപ്പെട്ട ശാസ്ത്രവസ്തുതകളൊന്നും സ്വഹീഹായ ഹദീഥുകള്‍ നിഷേധിക്കുന്നില്ല. എന്നാല്‍ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത കാര്യങ്ങളെക്കു റിച്ച പരാമര്‍ശങ്ങള്‍ അവയിലുണ്ടാവാം. നിലനില്‍ക്കുന്ന അറിവിന്റെ മാത്രം അടിസ്ഥാനത്തില്‍ അത്തരം പരാമര്‍ശങ്ങളെ അബദ്ധമായി ഗണിച്ച് ഹദീഥുകള്‍ അസ്വീകാര്യമാണെന്ന് വിധിക്കുന്നത് അപകടകരമാണ്. മനുഷ്യന്റെ വൈജ്ഞാനിക മണ്ഡലം ഇനിയെത്ര വളരാനിരി ക്കുന്നു?! പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച അറിവിന്റെ ചുരുളുകള്‍ ഇനിയുമെത്ര നിവരാനിരിക്കുന്നു?! വിജ്ഞാനമഹാസാഗര ത്തിലെ തുള്ളികള്‍ മാത്രം ആസ്വദിക്കാന്‍ അവസരം ലഭിച്ച മനുഷ്യര്‍ക്കെങ്ങനെയാണ് പ്രസ്തുത സാഗരത്തിന്റെ ഉടമസ്ഥനായ അല്ലാഹു വിന്റെ ബോധനത്തെ തനിക്കു ലഭിച്ച ചെറിയ അറിവിന്റെ വെളിച്ചത്തില്‍ തള്ളിക്കളയാനാവുക? നമുക്ക് മനസ്സിലായിക്കഴിഞ്ഞിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് സ്വഹീഹായ ഹദീഥുകള്‍ എന്തെങ്കിലും പറയുന്നുവെങ്കില്‍, നമ്മുടെ വൈജ്ഞാനിക മണ്ഡലം അവിടെയെത്തിക്കഴി ഞ്ഞിട്ടില്ലെന്ന് കരുതി കാത്തിരിക്കുന്നതല്ലേ ശരി?! സ്വഹീഹായ ഹദീഥുകളില്‍ അശാസ്ത്രീയത പരതുന്നവര്‍ക്ക്, അറിയാനുള്ളതെല്ലാം അറിഞ്ഞുകഴിഞ്ഞവരാണ് തങ്ങളെന്ന് അഭിപ്രായമുണ്ടോ? ഇല്ലെങ്കില്‍, എങ്ങനെയാണ് ഹദീഥുകളെ തള്ളിക്കളയാന്‍ ശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ ഉപയുക്തമാവുക?