ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന മുറയ്ക്ക് എഴുതി സൂക്ഷിക്കാറുണ്ടായിരുന്നതുപോലെ നബി വചനങ്ങളോ കര്‍മങ്ങളോ എഴുതി സൂക്ഷിക്കുന്ന പതിവ് മുഹമ്മദ് നബി(സ)യുടെ ജീവിതകാലത്ത് ഉണ്ടായിരുന്നില്ല എന്നത് ശരിയാണ്. എന്നാല്‍ ചില സ്വഹാബികള്‍ നബി(സ)യുടെ വചനങ്ങള്‍ എഴുതിവെക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്നതായി രേഖകളുണ്ട്. ഖുര്‍ആന്‍ വചനങ്ങളും ഹദീഥുകളും തമ്മില്‍ കൂടിക്കലരരുതെ ന്ന് നിര്‍ബന്ധമുള്ളതിനാല്‍ ‘ക്വുര്‍ആനല്ലാത്ത മറ്റൊന്നുംതന്നെ തന്നില്‍നിന്ന് എഴുതി സൂക്ഷിക്കരുതെന്ന് ആദ്യകാലത്ത് നബി(സ) വിലക്കിയി രുന്നു'(അബൂസഈദുല്‍ ഖുദ്രിയില്‍ നിന്ന് മുസ്ലിം ഉദ്ധരിച്ചത്) വെങ്കിലും പ്രത്യേക സന്ദര്‍ഭങ്ങളില്‍ അങ്ങനെ ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നതായും കാണാന്‍ കഴിയും. മക്കാവിജയകാലത്ത് മക്കയുടെ പവിത്രതയെക്കുറിച്ച് നബി(സ) നടത്തിയ ഒരു പ്രഭാഷണം കഴിഞ്ഞപ്പോള്‍ അത് തനിക്ക് എഴുതിത്തരണമെന്ന് യമന്‍കാരനായ അബൂശാഹ് ആവശ്യപ്പെട്ടതായും അദ്ദേഹത്തിന് അത് എഴുതിക്കൊടുക്കുവാന്‍ പ്രവാചകന്‍ല നിര്‍ദേശിച്ചതായും ബുഖാരിയും മുസ്ലിമും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകശിഷ്യനായിരുന്ന അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ ആസ്വ്(റ) , ഹദീഥുകള്‍ എഴുതി സൂക്ഷി ച്ചിരുന്നതായി അബൂ ഹുറൈറ സാക്ഷ്യപ്പെടുത്തുന്ന ഹദീഥ് ബുഖാരിയിലുണ്ട്. തനിക്ക് ഹദീഥുകള്‍ എഴുതി സൂക്ഷിക്കുവാന്‍ പ്രവാച കന്(സ) അനുവാദം നല്‍കിയതായി അബ്ദുല്ലാഹിബ്നു അംറ് (റ) അവകാശപ്പെട്ടതായി അഹ്മദും അബൂദാവൂദും ഉദ്ധരിച്ചിട്ടുണ്ട്.
നബി ജീവിതത്തെക്കുറിച്ച് തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ സ്വഹാബിമാരില്‍ ചിലര്‍ എഴുതി സൂക്ഷിച്ചിരുന്നുവെങ്കിലും അത് വ്യാപകമായി രുന്നില്ല. തങ്ങള്‍ നേര്‍ക്കുനേരെ കണ്ട നബിജീവിതത്തിന്റെ വ്യത്യസ്ത വശങ്ങളെപ്പറ്റി അവര്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്ന രീതിയാ യിരുന്നു വ്യാപകമായി നിലനിന്നിരുന്നത്. വാമൊഴിയായാണ് പ്രധാനമായും നബിജീവിതത്തെ കുറിച്ച വര്‍ത്തമാനങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടതെന്ന് സാരം.
രാഷ്ട്രീയവും സൈദ്ധാന്തികവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി വ്യാജഹദീഥുകള്‍ നിര്‍മിക്കപ്പെടുന്ന അവസ്ഥയുണ്ടായപ്പോള്‍ അതിനെതിരെ വിശ്വാസീസമൂഹം ജാഗരൂകരായി. രണ്ടാം ഖലീഫ ഉമര്‍ (റ) തന്റെ ഭരണകാലത്ത് ഹദീഥുകള്‍ ശേഖരിച്ച് ക്രോഡീകരിക്കുവാന്‍ ആഗ്രഹി ച്ചെങ്കിലും ക്വുര്‍ആന്‍ വചനങ്ങളും ഹദീഥുകളും തമ്മില്‍ കൂടിക്കലര്‍ന്നു പോകുമോയെന്ന ഭയം കാരണം അത് ഉപേക്ഷിച്ചതായി മുഹമ്മദ് ബ്നു സഅദ് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഈ രംഗത്ത് ക്രിയാത്മകമായ ഒരു ഇടപെടല്‍ നടത്തിയത് രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമറുബ്നു അബ്ദുല്‍ അസീസ് (റ) ആണ്. താബിഉകളില്‍പ്പെട്ട സുപ്രസിദ്ധനായ ഭരണാധികാരിയായിരുന്ന അദ്ദേഹത്തിന്റെ കാലമായപ്പോ ഴേക്ക് വ്യാജ ഹദീഥുകളുടെ നിര്‍മാണം വ്യാപകമായിക്കഴിഞ്ഞിരുന്നു. മദീനയിലെ അദ്ദേഹത്തിന്റെ ന്യായാധിപനായിരുന്ന അബൂബക്കര്‍ ബിനു ഹസമിന് അദ്ദേഹം എഴുതി: ‘ദൈവദൂതരില്‍നിന്നുള്ള ഹദീഥുകള്‍ താങ്കള്‍ നോക്കുകയും എഴുതി രേഖപ്പെടുത്തുകയും ചെയ്യണം. കാരണം അറിവ് തേഞ്ഞുമാഞ്ഞു പോകുന്നതും ജ്ഞാനികള്‍ കാലംകഴിഞ്ഞു പോകുന്നതും ഞാന്‍ ഭയപ്പെടുന്നു. അല്ലാഹുവിന്റെ ദൂതരില്‍ നിന്നുള്ള ഹദീഥുകളല്ലാതെ മറ്റൊന്നും സ്വീകരിക്കരുത്. അറിവ് പകര്‍ന്നുകൊടുക്കുകയും അറിവില്ലാത്തവരെ പഠിപ്പിക്കുകയും ചെയ്യുക; ജ്ഞാനം എല്ലാവരും രഹസ്യമാക്കുമ്പോഴല്ലാതെ നശിക്കുകയില്ല’. ഉമര്‍ ബ്നു അബ്ദുല്‍ അസീസ്ന്റെ നിര്‍ദേശപ്രകാരം മദീനയിലെ സ്വഹാ ബികളില്‍ നിന്നും താബിഉകളില്‍നിന്നും അബൂബക്കര്‍ ബ്നു ഹസം (റഹ്) ഹദീഥുകള്‍ ശേഖരിച്ചു. അന്നു ജീവിച്ചിരുന്ന മഹാപണ്ഡിതനാ യിരുന്ന മുഹമ്മദ്ബ്നു മുസ്ലിബിനു ശിഹാബ് അസ്സുഹ്രിയും രണ്ടാം ഉമറിന്റെ ഭരണകാലത്ത് ഹദീഥുകള്‍ ശേഖരിക്കുകയും ക്രോഡീ കരിക്കുകയും ചെയ്യുവാന്‍ മുന്നോട്ടുവന്നു. ഇതോടൊപ്പം തന്നെ, ഇസ്ലാമികരാഷ്ട്രത്തിന്റെ വ്യത്യസ്ത കോണുകളിലേക്ക് ഹദീഥുകള്‍ ശേഖരിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉമറുബ്നു അബ്ദുല്‍ അസീസ് കത്തുകളയിച്ചിരുന്നുവെന്ന് അബൂനുഐമിന്റെ താരിഖുല്‍ ഇസ്ബ ഹാനില്‍ നിന്ന് ഇബ്നുഹജറുല്‍ അസ്ഖലാനി ഉദ്ധരിക്കുന്നുണ്ട്.(ഫത്ഹുല്‍ബാരി, വാല്യം 1, കിത്താബുല്‍ ഇല്മ്) ഇങ്ങനെ ശേഖരിക്കപ്പെട്ട ഹദീഥുകള്‍ ക്രോഡീകരിച്ചു രേഖപ്പെടുത്തിയത് ഇമാം സുഹ്രിയായിരുന്നു. അതിനുശേഷം വ്യത്യസ്ത ദേശക്കാരായ പല താബിഉകളും ഹദീഥുകള്‍ ശേഖരിക്കുവാന്‍ തുടങ്ങി. ഹിജ്റ 150ല്‍ അന്തരിച്ച അബ്ദുല്‍ മലിക്കു ബ്നു അബ്ദുല്‍ അസീസ് ബ്നു ജുറൈജ് മക്കയിലും ഹിജ്റ 157ല്‍ അന്തരിച്ച സഈദ്ബിനു അബിഅറൂബ മെസപ്പെട്ടോമിയയിലും ഹിജ്റ 159ല്‍ അന്തരിച്ച അബൂഅംറില്‍ ഔസാഈ സിറിയയിലും ഹിജ്റ 159ല്‍ തന്നെ അന്തരിച്ച മുഹമ്മദ് ബ്നു അബ്ദിര്‍ റഹ്മാന് മദീനയിലും ഹിജ്റ 160ല്‍ അന്തരിച്ച സൈദ് ബ്നുക്വുദാമയും സുഫ്യാനുഥൗരിയും കൂഫയിലും ഹിജ്റ 165ല്‍ അന്തരിച്ച ഹമ്മാദ് ബ്നു സലമ ബസറയിലും വെച്ച് ഹദീഥുകള്‍ ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തതായി രേഖകളുണ്ട്.(ഇബ്നുല്‍ നദീമിന്റെ അല്‍ ഫിഹിരിസ്തില്‍ നിന്ന് )
സ്വഹാബിമാരും താബിഉകളുമെല്ലാം ഹദീഥുകൾ രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നുവെന്ന് ഇവ വ്യക്തമാക്കുന്നുണ്ട്. എന്നാൽ അവർക്കു ശേഷം മൂന്നാം തലമുറ മുതൽക്കാണ് ഹദീഥ് രേഖീകരണം വ്യാപകമായി ആരംഭിച്ചത് . ഹദീഥ് നിദാനശാസ്ത്രം വളർച്ച പ്രാപിച്ചതും അക്കാലത്ത് തന്നെയായിരുന്നു