സ്രഷ്ടാവുണ്ടെന്നതിന് എന്താണ് തെളിവ്?

/സ്രഷ്ടാവുണ്ടെന്നതിന് എന്താണ് തെളിവ്?
/സ്രഷ്ടാവുണ്ടെന്നതിന് എന്താണ് തെളിവ്?

സ്രഷ്ടാവുണ്ടെന്നതിന് എന്താണ് തെളിവ്?

സൃഷ്ടിയാണ് സ്രഷ്ടാവിനുള്ള ഒന്നാമത്തെ തെളിവ്. പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെല്ലാം അവയ്ക്കു പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. യാദൃച്ഛികമായി അവയൊന്നും ഉണ്ടാവുകയില്ലെന്ന് വ്യക്തം. സൃഷ്ടികള്‍ സ്രഷ്ടാവിന്റെ അസ്തിത്വവും വൈഭവവും വെളിപ്പെടുത്തുന്നുവെന്നതാണ് വസ്തുത. ജീവന്‍ നിലനില്‍ക്കുന്ന ഒരേയൊരു പ്രദേശമായ ഭൂമിയിലെ അനുകൂലനങ്ങളെക്കുറിച്ചുമാത്രം പഠിച്ചാല്‍മതി. പ്രപഞ്ചസൃഷ്ടിയിലെ ആസൂത്രണം എത്രമാത്രം സൂക്ഷ്മവും കൃത്യവുമാണെന്ന് മനസ്സിലാക്കുവാന്‍. നാലുകാര്യങ്ങളെങ്കിലും പൂര്‍ണമായുണ്ടാവുമ്പോള്‍ മാത്രമാണ് ഒരു പ്രപഞ്ചപ്രദേശത്തില്‍ ജീവന്‍ നിലനില്‍ക്കുക. ആവശ്യമായ താപം, ലഭ്യമായ ജലം, കൃത്യമായ വാതകമിശ്രിതം, നിലനില്‍ക്കാനാവുന്ന അന്തരീക്ഷം എന്നിവയാണവ. ജീവന്‍ നിലനിര്‍ത്തുന്ന രീതിയില്‍ ഇവ നാലും ഒത്തുവരുന്നത് ഭൂമിയില്‍ മാത്രമാണ്. ജീവനുവേണ്ടി ഭൂമിയെ പ്രത്യേകം സജ്ജമാക്കിയതാണെന്നര്‍ത്ഥം.

സൂര്യനില്‍നിന്ന് ഭൂമിയിലേക്കുള്ള 1496 ലക്ഷം കിലോമീറ്റര്‍ ദൂരം, ഭൂമിയില്‍ മാത്രം നിലനില്‍ക്കുന്ന ഹരിതഗേഹ പ്രഭാവം (Green house effect)എന്നിവയാണ് ഭൂമിയുടെ താപം -500 സെല്‍ഷ്യസിനും +500 സെല്‍ഷ്യസിനുമിടയില്‍ നിലനിര്‍ത്തുന്നത്. ജീവന്‍ നിലനില്‍ക്കാനാവശ്യമായ താപനിലയുള്ള പ്രദേശത്തെയാണ് ഗോള്‍ഡിലോക്‌സ് സ്ഥലം (goldilocks zone) അഥവാ വാസയോഗ്യസ്ഥലം (habitable zone) എന്നുപറയുന്നത്. ആവശ്യമായ കാര്‍ബണ്‍-നീരാവി സാന്നിധ്യമുള്ള അന്തരീക്ഷമുള്ളതുകൊണ്ടാണ് ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നത്. പ്രസ്തുത സാന്നിധ്യത്തിന് നക്ഷത്രത്തില്‍നിന്ന് ഗ്രഹത്തിലേക്കുള്ള ദൂരം കൃത്യമാവുകയും ഒപ്പം തന്നെ അത് നിലനില്‍ക്കാനാവശ്യമായ ഗ്രഹസാഹചര്യമുണ്ടാവുകയും വേണം. ഭൂമിയും സൂര്യനും തമ്മില്‍ നിലനില്‍ക്കുന്ന ദൂരം കുറയുകയോ കൂടുകയോ ചെയ്താല്‍ ഇവിടെ ജീവനുണ്ടാവുകയില്ല. ഹരിതഗേഹപ്രഭാവമില്ലെങ്കില്‍ ജീവന്‍ നിലനില്‍ക്കുകയുമില്ല. ഭൂമിയിലെ ഹരിതഗേഹപ്രഭാവം നിലനിര്‍ത്തുന്നത് സസ്യങ്ങളാണ്. പ്രകാശസംശ്ലേഷണസമയത്ത് ഓക്‌സിജനും നീരാവിയും പുറത്തുവിടുന്നതുകൊണ്ടാണ് ഈ പ്രതിഭാസം നിലനില്‍ക്കുന്നത്. ആവശ്യമായ കാര്‍ബണ്‍-ജല അനുപാതം നിലനിന്നിട്ടില്ലെങ്കില്‍ ഭൂമി -73 ഡിഗ്രിയിലുള്ള തണുത്തുറച്ച ഗ്രഹമാകുമായിരുന്നു. ഈ അനുപാതം നിലനിര്‍ത്തുന്നത് സസ്യങ്ങളാണ്. സസ്യങ്ങള്‍ക്ക് നിലനില്‍ക്കാനാവശ്യമായ കാര്‍ബണ്‍ ഡയോക്‌സൈഡ് നിര്‍മിക്കുന്നത് ജന്തു പ്രവര്‍ത്തനങ്ങളാണ്. ഭൂമിയില്ലെങ്കില്‍ സസ്യങ്ങളില്ല! സസ്യങ്ങളില്ലെങ്കില്‍ ഭൂമിയില്ല! ജന്തുക്കളില്ലെങ്കില്‍ സസ്യങ്ങളില്ല! സസ്യങ്ങളും ഭൂമിയുമില്ലെങ്കില്‍ ജന്തുക്കളുമില്ല! എന്തൊരു പാരസ്പര്യം! ഈ പാരസ്പര്യം യാദൃച്ഛികമാവുമോ?

ജീവന്‍ നിലനില്‍ക്കണമെങ്കില്‍ ജലസാന്നിധ്യമുണ്ടാകണം. ഭൂമിയിലെ ജലസാന്നിധ്യം സ്ഥിരമാക്കുന്നതില്‍ ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും പങ്കുണ്ട്. ഭൗമാന്തരീക്ഷത്തില്‍ 78 ശതമാനം നൈട്രജനും 21 ശതമാനം ഒക്‌സിജനും 0.03 ശതമാനം കാര്‍ബണ്‍ഡയോക്‌സൈഡുമാണുള്ളത്. ഈ അനുപാതം നിലനിന്നാലേ ജീവനുണ്ടാവൂ. അത് നിലനിര്‍ത്തുന്നതില്‍ സസ്യങ്ങള്‍ക്കും ജീവികള്‍ക്കും പങ്കുണ്ട്. ജീവനും അതുനിലനില്‍ക്കുവാനുള്ള സംവിധാനങ്ങളുമെല്ലാം കൃത്യവും സൂക്ഷ്മവുമായി സംരക്ഷിക്കപ്പെടണമെങ്കില്‍ അതിനാവശ്യമായ അന്തരീക്ഷമുണ്ടാവണം. എണ്‍പതു മുതല്‍ നൂറു വരെ കിലോമീറ്റര്‍ കനത്തില്‍ ഭൂമിയെ ആവരണം ചെയ്യുന്ന വാതകങ്ങളുടെ മതിലാണ് അന്തരീക്ഷം. അപകടകരമായ പ്രപഞ്ചരശ്മികളില്‍ നിന്നും വസ്തുക്കളില്‍ നിന്നും ഭൂമിയെ രക്ഷപെടുത്താന്‍ കഴിയുന്ന അന്തരീക്ഷമുള്ളതുകൊണ്ടാണ് ഇവിടെ ജീവന്‍ നിലനില്‍ക്കുന്നത്. അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് 21 ശതമാനത്തില്‍ കുറവാണെങ്കില്‍ ജന്തുക്കള്‍ക്ക് ജീവിക്കാനാവുകയില്ല. 25 ശതമാനത്തില്‍ കൂടിയാല്‍ സസ്യങ്ങളെല്ലാം കത്തി ചാമ്പലാവുകയും ചെയ്യും.

ഭൂമി, 23.5 ഡിഗ്രി ചരിഞ്ഞ് (സാങ്കല്‍പിക അച്ചുതണ്ടില്‍), സ്വയം ഭ്രമണം നടത്തുന്നതുകൊണ്ടാണ് നമ്മുടെ ഭൂഖണ്ഡങ്ങള്‍ തണുത്തുറച്ച് ഹിമഗ്രഹമാകാതിരിക്കുന്നത്. ഒരു മണിക്കൂറില്‍ ആയിരത്തി അറുന്നൂറ് കിലോമീറ്റര്‍ വേഗതയിലുള്ള സ്വംയഭ്രമണം വഴിയാണ് ഓരോ ഭൂഖണ്ഡങ്ങളിലും ആവശ്യമായ തോതിലുള്ള സൂര്യപ്രകാശത്തിന്റെ വിതരണം നടക്കുന്നത്. അത് അല്‍പം കുറയുകയോ കൂടുകയോ ചെയ്താല്‍ ജീവന്‍ സാധ്യമാവുമായിരുന്നില്ല. സൗരോപരിതലത്തിന്റെ താപമായ 5778 ഡിഗ്രിയാണ് ഭൂമിക്ക് ആവശ്യമായ ചൂട് നല്‍കുന്നത്. ഇത് കൂടുകയോ കുറയുകയോ ചെയ്താല്‍ ഭൂമിയില്‍ ജീവനുണ്ടാകുമായിരുന്നില്ല. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരവും ചന്ദ്രപ്രതിഭാസങ്ങളുമെല്ലാം ജീവന്റെ സാധ്യതയെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. ചന്ദ്രന്‍ ഇന്നുള്ള 384400 കിലോമീറ്ററിനെക്കാള്‍ അടുത്തായിരുന്നു നിലനിന്നിരുന്നതെങ്കില്‍ സ്ഥിരമായ വേലിയേറ്റം കാരണം ഭൂമിയില്‍ ജീവന്‍ അസാധ്യമാകുമായിരുന്നു. ഭൂമിയുടെ മൂന്നില്‍രണ്ടു ഭാഗം സമുദ്രമായതും അവയുടെ ആഴവുമെല്ലാം ഇവിടുത്തെ ജീവന്‍ നിലനില്‍ക്കുന്നതിന് കാരണമായി ഭവിക്കുന്ന അനുകൂലനങ്ങളാണ്. ജീവന്‍ നിലനില്‍ക്കാന്‍ പാകത്തില്‍ ഭൂമിയെ ഒരുക്കിയവന്റെ ആസൂത്രണമല്ലാതെ മറ്റെന്താണ് ഇവിടെയെല്ലാം കാണാനാവുന്നത്! ക്വുര്‍ആന്‍ പറഞ്ഞതെത്ര ശരി!

”ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. (സത്യത്തിലേക്ക്) മടങ്ങുന്ന ഏതൊരു ദാസനും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി.” (50:7,8)

സൃഷ്ടിപ്രപഞ്ചത്തിലെ സൂക്ഷ്മതയും ആസൂത്രണവും എല്ലാപ്രതിഭാസങ്ങള്‍ക്കും പിന്നിലുള്ള സര്‍ഗധനനായ സൃഷ്ടാവിനെ വെളിപ്പെടുത്തുന്നുണ്ട്. സ്വന്തത്തെയും ചുറ്റുപാടിനെയും കണ്ണും കാതും തുറന്നുവെച്ച് നിരീക്ഷിക്കുകയും അവയ്ക്ക് പിന്നിലുള്ള സര്‍ഗവൈഭവത്തെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം, അവര്‍ കളങ്കരഹിതമായ മനസ്സിന് ഉടമകളാണെങ്കില്‍ സര്‍വജ്ഞനായ പടച്ചവന്റെ അസ്തിത്വം ബോധ്യപ്പെടുക തന്നെ ചെയ്യും.

നിസ്തുലമായ സ്വന്തം ശരീരത്തെയും തനിക്ക് നല്‍കപ്പെട്ട അത്യത്ഭുതകരമായ സവിശേഷതകളെയും പറ്റി ചിന്തിച്ചാല്‍-

ജൈവലോകത്തെ ഉല്‍പാദകരായ സസ്യങ്ങളെയും ആഹാരനിര്‍മിതിക്കു വേണ്ടിയുള്ള സസ്യശരീരത്തിലെ അനുകൂലനങ്ങളെയുംകുറിച്ചു പഠിച്ചാല്‍-

കരയുടെ ഇരട്ടിവരുന്ന സമുദ്രത്തിലെ ജൈവവൈവിധ്യത്തെയും ആഴിയിലും ആഴത്തിലും ജീവിക്കുവാനായി അവയ്ക്കുനല്‍കിയ സവിശേഷതകളെയുംപറ്റി മനസ്സിലാക്കിയാല്‍-

വിമാനനിര്‍മാണത്തിന് മനുഷ്യരെ പഠിപ്പിച്ച പറവകളിലെ പറക്കാനുള്ള കഴിവുകളെയും അവ സംവിധാനിച്ച രീതിയെയും കുറിച്ച് അറിയാന്‍ ശ്രമിച്ചാല്‍-

തേനീച്ചയെപ്പോലെയുള്ള ചെറുപ്രാണികള്‍ക്കുപോലും നല്‍കപ്പെട്ട അനുകൂലനങ്ങളെയും പ്രകൃതിയില്‍ അവ നിര്‍വഹിക്കുന്ന ധര്‍മങ്ങളെയും അപഗ്രഥിച്ചാല്‍-

പരിസ്ഥിതി സന്തുലനത്തിനായി ഓരോ ജീവിയും നിര്‍വഹിക്കുന്ന ദൗത്യങ്ങളെയും അവയ്ക്കനുസൃതമായി അവയ്ക്ക് ലഭിച്ച ജന്മവാസനകളെയും പറ്റി ചിന്തിച്ചാല്‍-

ജൈവലോകത്ത് നിലനില്‍ക്കുന്ന പാരസ്പര്യത്തെയും പ്രസ്തുത പാരസ്പര്യം വഴി നിലനില്‍ക്കുന്ന പരിസ്ഥിതി സംതുലനത്തെയും വ്യക്തമായി അറിഞ്ഞാല്‍-

ജീവനുവേണ്ടി സൃഷ്ടിക്കപ്പെട്ട ഒരേയൊരു ഭൂമിയെയും അതിനുവേണ്ടി മാത്രമായി നല്‍കപ്പെട്ട സവിശേഷതകളെയും അപഗ്രഥിക്കാന്‍ സന്നദ്ധമായാല്‍-

അറിയുന്തോറും അറിയാത്തതാണ് കൂടുതലെന്ന് ബോധ്യപ്പെടുത്തുന്ന പ്രപഞ്ചത്തെയും മനുഷ്യബുദ്ധിക്ക് ചെന്നെത്താനാകാത്ത പ്രഹേളികയായി പ്രപഞ്ചം തുടരുമെന്ന അത്ഭുതം പ്രസ്താവിക്കുന്ന പ്രപഞ്ചപഠന സിദ്ധാന്തങ്ങളെയും മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍-

ആര്‍ക്കാണ് ഈ മഹാസംവിധാനങ്ങള്‍ക്കെല്ലാം പിന്നിലുള്ള സര്‍വശക്തനായ സ്രഷ്ടാവിനെ നിഷേധിക്കാന്‍ കഴിയുക!?

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ