വിമർശനം:
“സൂര്യൻ ചൂടുള്ള ജലാശയത്തിൽ അസ്തമിക്കുന്നു” എന്ന് മുഹമ്മദ് നബി തന്റെ അനുചരനായ അബൂദർറിനോട് പറഞ്ഞതായി ഹദീസ് പ്രസ്ഥാവിക്കുന്നു.
മറുപടി:
സൂര്യൻ ചൂടുള്ള ജലാശയത്തിൽ അസ്തമിക്കുന്നുവെന്ന് പ്രവാചകൻ (സ) പറഞ്ഞതായി സ്വഹീഹായ ഒരു ഹദീസിലൂടെയും സ്ഥാപിതമായിട്ടില്ല.
വിമർശകർ പ്രശ്നവൽകരിക്കുന്ന ഹദീസാകട്ടെ ദുർബലമാണ് (ദഈഫ് ضعيف).
ഹദീസിന്റെ നിവേദക പരമ്പര ഇപ്രകാരമാണ്:
ﺣﺪﺛﻨﺎ ﻋﺜﻤﺎﻥ ﺑﻦ ﺃﺑﻲ ﺷﻴﺒﺔ، ﻭﻋﺒﻴﺪ اﻟﻠﻪ ﺑﻦ ﻋﻤﺮ ﺑﻦ ﻣﻴﺴﺮﺓ اﻟﻤﻌﻨﻰ، ﻗﺎﻻ: ﺣﺪﺛﻨﺎ ﻳﺰﻳﺪ ﺑﻦ ﻫﺎﺭﻭﻥ، ﻋﻦ ﺳﻓﻲاﻥ ﺑﻦ ﺣﺴﻴﻦ، ﻋﻦ اﻟﺤﻜﻢ ﺑﻦ ﻋﺘﻴﺒﺔ، ﻋﻦ ﺇﺑﺮاﻫﻴﻢ اﻟﺘﻴﻤﻲ، ﻋﻦ ﺃﺑﻴﻪ، ﻋﻦ ﺃﺑﻲ ﺫﺭ، ﻗﺎﻝ:
(സുനനു അബൂദാവൂദ്: 4002)
വിമർശനവിധേയമായ ഹദീസ് ദുർബലമാണ് (ദഈഫ് ضعيف). (അതിനാൽ തന്നെ പ്രവാചകന്റെ (സ) പ്രസ്ഥാവനയായി അത് സ്ഥാപിതമാവുന്നില്ല.)
കാരണങ്ങൾ:
1. ഹദീസിന്റെ നിവേദക പരമ്പരയിൽ സുഫ്‌യാനിബ്നു ഹുസൈൻ എന്ന റാവി (നിവേദകൻ) ഉണ്ട്. അദ്ദേഹം ദുർബലനാണ് (ദഈഫ്).
യഅ്കൂബിബ്നു ശൈബ പറഞ്ഞു: അദ്ദേഹത്തിന്റെ ഹദീസിൽ ദുർബലമായവയുണ്ട്.
ഉസ്മാനുബ്നു അബീ ശൈബ പറഞ്ഞു: അദ്ദേഹം വിശ്വസ്ഥനാണെങ്കിലും ഹദീസ് ഉദ്ധരിക്കുന്നതിൽ (ഓർമ്മക്കുറവ് കാരണം) വൈരുദ്ധ്യങ്ങൾ സംഭവിക്കാറുണ്ട്.
ഇബ്നു സഅ്ദ് പറഞ്ഞു: അദ്ദേഹം വിശ്വസ്ഥനാണെങ്കിലും ഹദീസ് ഉദ്ധരിക്കുന്നതിൽ ധാരാളം തെറ്റുകൾ സംഭവിക്കാറുണ്ട്.
(വിമർശനവിധേയമായ ഹദീസ് ഉദ്ധരിച്ച) അബൂദാവൂദ് തന്നെ, ഇബ്നു മഈനിൽ നിന്ന് ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്:
‘സുഫ്‌യാനിബ്നു ഹുസൈൻ’ ഹദീസ് മനപാഠശേഷിയിൽ ഉന്നതശ്രേണി വഹിക്കുന്ന പണ്ഡിതന്മാരിൽപ്പെട്ട വ്യക്തിയായിരുന്നില്ല.
(തഹ്ദീബു ത്തഹ്ദീബ്: 4:190)
2. മാത്രമല്ല, സൂര്യന്റെ അസ്തമയത്തെ സംബന്ധിച്ച്, ബുഖാരിയും മുസ്‌ലിമും -വിശ്വസ്ഥതയിലും ഓർമ്മശക്തിയിലും ഉന്നതശ്രേണിയലങ്കരിക്കുന്ന നിവേദകന്മാരിൽ നിന്ന്- ഉദ്ധരിച്ച ഹദീസിൽ നിന്നും വ്യത്യസ്ഥമായ ഒറ്റപ്പെട്ട വാചകങ്ങളോടെയാണ് ‘സുഫ്‌യാനുബ്നു ഹുസൈൻ’ ഉദ്ധരിച്ചിരിക്കുന്നത് എന്ന് ഇമാം ബസ്സാർ തന്റെ മുസ്നദിലും സൂചിപ്പിക്കുന്നുണ്ട്.
(മുസ്നദുൽ ബസ്സാർ: 4010)
“സൂര്യൻ ചൂടുള്ള ജലാശയത്തിൽ അസ്തമിക്കുന്നുവെന്ന” പ്രസ്ഥാവന (ദുർബല റാവിയായ) ‘സുഫ്‌യാനുബ്നു ഹുസൈന്റെ’ നിവേദനത്തിൽ മാത്രമെ കണ്ടെത്താനാവു.
സൂര്യാസ്തമയത്തെ സംബന്ധിച്ച്, വിശ്വസ്ഥതയിലും ഓർമ്മശക്തിയിൽ ഉന്നതശ്രേണിയലങ്കരിക്കുന്ന നിവേദകന്മാർ ഉദ്ധരിച്ച ഹദീസിന് വിപരീതമായ, ഓർമ്മക്കുറവുള്ള ഒരു ദുർബലനായ റാവി ഉദ്ധരിച്ച നിവേദനമായതിനാൽ പ്രവാചകൻ (സ) പറഞ്ഞതായി ഈ ഹദീസ് സ്ഥാപിതമാകുന്നില്ല.
(അന്നദ്റുൽ മകാസ്വിദി വദവാബിതുഹു: 47)