വ്യത്യസ്ത ഹർഫുകളിലുള്ള ക്വുർആനുകൾ എന്നാല്‍ പലതരം ക്വുർആനുകളല്ലേ?

/വ്യത്യസ്ത ഹർഫുകളിലുള്ള ക്വുർആനുകൾ എന്നാല്‍ പലതരം ക്വുർആനുകളല്ലേ?
/വ്യത്യസ്ത ഹർഫുകളിലുള്ള ക്വുർആനുകൾ എന്നാല്‍ പലതരം ക്വുർആനുകളല്ലേ?

വ്യത്യസ്ത ഹർഫുകളിലുള്ള ക്വുർആനുകൾ എന്നാല്‍ പലതരം ക്വുർആനുകളല്ലേ?

Print Now

ല്ല. ക്വുർആൻ മനുഷ്യസമൂഹത്തിന് മുന്നിൽ പാരായണം ചെയ്തു കേൾപ്പിച്ച മുഹമ്മദ് നബി (സ) തന്നെ അത് ഏഴ് ശൈലികളിൽ അവതരിക്കപ്പെട്ടതാണെന്ന് പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു ജിബ്‌രീലിലൂടെ (അ) നബി (സ)ക്ക് ഏഴു ശൈലികളിൽ (ഹർഫുകൾ) ക്വുർആൻ അവതരിപ്പിച്ചതായി സ്വഹീഹായ നിരവധി ഹദീഥുകളാൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഏഴ് വ്യത്യസ്ത ശൈലികളില്‍ ക്വുര്‍ആന്‍ അവതരിക്കപ്പെട്ടതിനാല്‍ തന്നെ പലരും പാരായണം ചെയ്തിരുന്നത് പല ശൈലികളിലായിരുന്നുവെന്ന് കാണാന്‍ കഴിയും. ഏഴു ഹര്‍ഫുകളിലായാണ് അവസാനത്തെ ദൈവിക ഗ്രന്ഥം അവതരിക്കപ്പെട്ടത് എന്നറിയാതെ ചില സ്വഹാബിമാര്‍ തമ്മില്‍ ഇവ്വിഷ യക മായി നടന്ന തര്‍ക്കങ്ങളെക്കുറിച്ച വിവരണങ്ങളില്‍ നിന്ന് ഇവയെല്ലാം അല്ലാഹുവില്‍ നിന്ന് അവതരിക്കപ്പെട്ടതാണെന്നും അവന്റെ നിര്‍ദേ ശമാണ് ഇവയില്‍ ക്വുര്‍ആന്‍ പാരായണം ചെയ്യാനെന്നും ഇവയിലേതിലെങ്കിലും ഒന്നില്‍ പാരായണം ചെയ്താല്‍ മതിയെന്നും ഒന്ന് മറ്റേതി ല്‍ നിന്ന് ഉത്തമമോ അധമമോ അല്ലെന്നുമുള്ള വസ്തുതകള്‍ മനസ്സിലാവും. രണ്ട് ഹദീഥുകള്‍ കാണുക.

ഉമറുബ്‌നുല്‍ ഖത്ത്വാബില്‍ (റ) നിന്ന്: ‘റസൂലിന്റെ കാലത്ത് ഹിശാമുബ്‌നു ഹകീം ഒരിക്കല്‍ ‘സൂറത്തുല്‍ ഫുര്‍ഖാന്‍’ ഓതുന്നത് ഞാന്‍ കേട്ടു. ഞാന്‍ അദ്ദേഹത്തിന്റെ പാരായണം ശ്രദ്ധിച്ചു. എനിക്ക് റസൂല്‍ ഓതിത്തന്നിട്ടില്ലാത്ത പലവിധ ശൈലികളിലും അദ്ദേഹം ഓതുന്നു. നമസ്‌ കാരത്തിലായിരിക്കെത്തന്നെ, അദ്ദേഹവുമായി വഴക്കിടാന്‍ എനിക്ക് തോന്നി. നമസ്‌കാരം കഴിയുംവരെ ഞാന്‍ ക്ഷമിച്ചു. നമസ്‌കാരത്തി ല്‍നിന്ന് വിരമിച്ചയുടനെ, അദ്ദേഹത്തിന്റെ തട്ടം കഴുത്തിന് ചുറ്റിപ്പിടിച്ച് ഞാന്‍ ചോദിച്ചു: ‘നിങ്ങളിപ്പോള്‍ ഓതുന്നതായി ഞാന്‍ കേട്ട സൂറത്ത് നിങ്ങള്‍ക്കാരാണ് ഓതിത്തന്നത്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലാണ് എന്നെയത് ഓതിപ്പഠിപ്പിച്ചത്.’ ഞാന്‍ പറഞ്ഞു: ”കള്ളം. റസൂല്‍ എനിക്ക് പഠിപ്പിച്ചുതന്നത് നിങ്ങള്‍ ഓതിയ രൂപത്തിലല്ല.’ അദ്ദേഹത്തെയും പിടിച്ച് ഞാന്‍ റസൂലിന്റെ അടുത്തേക്ക് പുറപ്പെട്ടു. ഞാന്‍ റസൂലിനോട് പറഞ്ഞു: ‘നിങ്ങള്‍ എനിക്ക് ഓതിത്തരാത്തവിധം സൂറത്തുല്‍ ഫുര്‍ഖാന്‍ ഇദ്ദേഹം ഓതുന്നത് ഞാന്‍ കേട്ടു.’ റസൂല്‍ പറഞ്ഞു: ‘അദ്ദേഹത്തെ വിട്ടേക്കൂ. ഹിശാം, നിങ്ങള്‍ ഓതൂ.’ ഹിശാം ഞാന്‍ കേട്ട അതേപ്രകാരം തന്നെ ഓതി. അപ്പോള്‍ റസൂല്‍ പറഞ്ഞു: ‘ഇപ്രകാരം തന്നെയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്.’ തുടര്‍ന്ന് അവിടുന്ന് പറഞ്ഞു: ‘ഉമറേ, നിങ്ങളൊന്ന് ഓതൂ.’ റസൂല്‍ എന്നെ പഠിപ്പിച്ചപോലെ ഞാന്‍ ഓതി. അപ്പോള്‍ റസൂല്‍ പറഞ്ഞു: ‘ഇങ്ങനെയും ഇത് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ക്വുര്‍ആന്‍ ഏഴ് വ്യത്യസ്ത ശൈലികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് എളുപ്പമായ വിധം അത് ഓതിക്കൊള്ളുക.'(സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍; സ്വഹീഹു മുസ്‌ലിം, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍ വ മാ യതഅല്ലഖു ബിഹി)

അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍ (റ) നിന്ന്: ‘നബി പാരായണം ചെയ്തതില്‍നിന്ന് വ്യത്യസ്തമായി ഒരാള്‍ ഒരു സൂക്തം പാരായണം ചെയ്തത് ഞാന്‍ കേട്ടു. ഞാന്‍ അയാളുടെ കൈക്ക് പിടിച്ച് നബിയുടെ അടുത്ത് കൊണ്ടുവന്ന് കാര്യം ബോധിപ്പിച്ചു. അപ്പോള്‍ നബി പറഞ്ഞു: നിങ്ങളി രുവരും (പാരായണം ചെയ്തത്) ശരിയാണ്. നിങ്ങള്‍ ഭിന്നിക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ ഭിന്നിച്ചു; അങ്ങനെ അവര്‍ നശിച്ചു.’ (സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഖുസ്വൂമാത്)

മുഹമ്മദ് നബി(സ) യുടെ ആവശ്യപ്രകാരം അല്ലാഹു അവതരിപ്പിച്ചതാണ് ക്വുര്‍ആനിന്റെ ഈ ഏഴ് ശൈലികളുമെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇബ്‌നു അബ്ബാസില്‍നിന്ന്: നബി പറഞ്ഞു: ജിബ്‌രീല്‍ ഭാഷയിലെ, ഒരു ശൈലിയിലാണ് ക്വുര്‍ആന്‍ എനിക്ക് ഓതിത്തന്നത്. ഒന്നിലധികം (ശൈലികളില്‍) വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ അത് ഏഴു ഹര്‍ഫുകളില്‍ എത്തിനിന്നു. (സ്വഹീഹുല്‍ ബുഖാരി, കിതാബു ബദ്ഉല്‍ ഖല്‍ഖ്)

ഉബയ്യ്ബ്‌നു കഅ്ബില്‍ (റ) നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ ജിബ്‌രീലിനോട്(റ) പറഞ്ഞു: ”ഓ, ജിബ്‌രീല്‍! പ്രായമായ സ്ത്രീകളും പുരുഷന്‍മാരും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന ഒരു നിരക്ഷര സമുദായത്തിലേക്കാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. അവര്‍ക്കെല്ലാവര്‍ക്കും ഒരേ ഗ്രന്ഥം പാരായണം ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ ജിബ്‌രീല്‍(റ) പറഞ്ഞു: ഓ, മുഹമ്മദ്! ക്വുര്‍ആന്‍ ഏഴു ഹര്‍ഫുകളിലാണ് (ശൈലികള്‍) അവതരിക്കപ്പെട്ടിട്ടുള്ളത്, തീര്‍ച്ച”. (ജാമിഉ ത്തിര്‍മിദി, കിതാബുല്‍ ക്വിറാആത്; മുസ്‌നദ് ഇമാം അഹ്മദ്, 5/132 ഹദീഥ്: 21523: ഇബ്‌നു ഹിബ്ബാന്‍ (ഹദീഥ് 736) ഉദ്ധരിച്ചിട്ടുള്ള ഈ ഹദീഥ് (Abu Khaliyl: Opt. Cit., page 269) ശൈഖ് ശുഐബ് അല്‍ അര്‍നാഊത്ത്വ് ഹസനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇമാം അല്‍ബാനി ഈ ഹദീഥ് ഹസനും സ്വഹീഹുമാണെന്നാണ്പറഞ്ഞിട്ടുള്ളത്:ജാമിഉത്തിര്‍മിദി, ഹദീഥ് 2942

ഉബയ്യുബ്‌നു കഅ്ബില്‍(റ) നിന്ന്: ബനൂ ഗിഫാറുകാരുടെ തടാകത്തിനരികിലിരിക്കുമ്പോള്‍ പ്രവാചകൻ(സ) ജിബ്‌രീല്‍ സന്ദര്‍ശിച്ചുകൊണ്ട് പറഞ്ഞു: താങ്കളുടെ ജനതയ്ക്ക് ക്വുര്‍ആന്‍ ഒരു പാരായണശൈലി (ഹര്‍ഫ്) യില്‍ പഠിപ്പിക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു.’നബി(സ) പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് ക്ഷമ യാചിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നു. എന്റെ ജനതയ്ക്ക് അതിന് കഴിയില്ല . ജിബ്‌രീല്‍ അദ്ദേഹത്തിന്റെയടുക്കല്‍ രണ്ടാമത് വന്നുകൊണ്ട് പറഞ്ഞു: താങ്കളുടെ ജനതയ്ക്ക് ക്വുര്‍ആന്‍ രണ്ടു ഹര്‍ഫുകളില്‍ പഠിപ്പിക്കു വാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു.’നബി(സ) പറഞ്ഞു: ‘ഞാന്‍ അല്ലാഹുവിനോട് ക്ഷമ യാചിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നു. എന്റെ ജനതയ്ക്ക് അതിന് കഴിയില്ല.’ ജിബ്‌രീല്‍ അദ്ദേഹത്തിന്റെയടുക്കല്‍ മൂന്നാമത് വന്നുകൊണ്ട് പറഞ്ഞു: താങ്കളുടെ ജനതയ്ക്ക് ക്വുര്‍ആന്‍ മൂന്നു ഹര്‍ഫുകളില്‍ പഠിപ്പിക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു. നബി(സ) പറഞ്ഞു: ‘ഞാന്‍ അല്ലാഹുവിനോട് ക്ഷമ യാചിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നു. എന്റെ ജനതയ്ക്ക് അതിന് കഴിയില്ല. ജിബ്‌രീല്‍ അദ്ദേഹത്തിന്റെയടുക്കല്‍ നാലാം തവണ വന്നുകൊണ്ട് പറഞ്ഞു: താങ്കളുടെ ജനതയ്ക്ക് ക്വുര്‍ആന്‍ ഏഴ് ഹര്‍ഫുകളില്‍ പഠിപ്പിക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കു ന്നു. ഇതില്‍ ഏതുതരം പാരായണശൈലിയില്‍ അവര്‍ പാരായണം ചെയ്താലും അത് ശരിയായിരിക്കും.” (സ്വഹീഹു മുസ്‌ലിം, കിതാബു സ്‌സ്വലാത്ത്)

എഴുത്ത് വ്യാപകമായി നിലനിന്നിരുന്നിട്ടില്ലാത്ത കാലത്ത്, വ്യത്യസ്ത നിലവാരത്തിലുള്ളവര്‍ക്ക് ഒരേ ശൈലിയില്‍ പാരായണം പ്രയാസ കരമാണെന്നതിനാല്‍ അല്ലാഹു തന്നെ അവതരിപ്പിച്ച ഏഴ് ഹര്‍ഫുകളിലായുള്ള ക്വുര്‍ആന്‍ പാരായണം നബി(സ)യുടെ കാലത്ത് തന്നെ നിലനിന്നിരുന്നുവെന്ന വസ്തുത മനസ്സിലാക്കാത്തതുകൊണ്ടാണ് വ്യത്യസ്ത ശൈലികളിലുള്ള ക്വുര്‍ആനുകള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് ചില വിമര്‍ശകന്മാര്‍ ആരോപിക്കുന്നത്. അല്ലാഹു അവതരിപ്പിച്ച ഏഴ് ശൈലികളിലുമുള്ള ക്വുര്‍ആന്‍ പാരായണം നബി(സ) തന്റെ അനുയായികളെ പഠിപ്പിച്ചിരുന്നുവെന്ന വസ്തുത നടേ ഉദ്ധരിച്ച നിവേദനങ്ങള്‍ വ്യക്തമാക്കുന്നു. ഏഴ് ശൈലികളില്‍ അവതരിക്കപ്പെട്ടിട്ടും ക്വുര്‍ആനില്‍ യാതൊരു വൈരുധ്യവുമില്ലെന്നത് അത്ഭുതകരമാണ്. ”അവര്‍ ക്വുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു.” (4:82) വെന്ന ക്വുര്‍ആന്‍” വചനത്തിലെ പരാമര്‍ശം ഏഴ് ഹര്‍ഫുകള്‍ക്കും ഒരേപോലെ ബാധകമാണ്. ഒരേ ഹര്‍ഫിലുള്ള ക്വുര്‍ആനിലെ വചനങ്ങള്‍ തമ്മിലോ വ്യത്യസ്ത ഹര്‍ഫുകള്‍ തമ്മിലോ വൈരുധ്യങ്ങളൊന്നുമില്ല. വ്യത്യസ്ത നിലവാരത്തിലുള്ളവരെ പരിഗണിച്ചുകൊണ്ട് വ്യത്യസ്ത ശൈലികളില്‍ അവതരിക്കപ്പെട്ടിട്ടുപോലും ക്വുര്‍ആനില്‍ വൈരുധ്യങ്ങളൊന്നുമില്ലെന്ന അത്ഭുതകരമായ വസ്തുത അതിന്റെ ദൈവികത വ്യക്തമാക്കുന്ന പല തെളിവുകളിലൊന്നാണ്.