സ്ത്രീകളുടെ യോനീസ്രവം മഞ്ഞ നിറത്തിലുള്ളതാണെന്നും അതാണ് കുഞ്ഞിന്റെ രൂപീകരണത്തിൽ പങ്കാളിയാകുന്നത് എന്നുമെല്ലാം വ്യക്തമാക്കുന്ന നിരവധി ഹദീഥുകളുണ്ട്. പ്രത്യുത്പാദനത്തിൽ പങ്കെടുക്കുന്ന സ്ത്രീയുടെ സ്രവം യോനിയിൽ പുറത്തേക്ക് കാണാൻ സാധ്യമല്ല. സ്ത്രീയുടെ സ്ഖലനത്തെയും അതിന്റെ നിറത്തെയുമെല്ലാം കുറിച്ച പരാമർശങ്ങൾ മുഹമ്മദ് നബിയുടെ തെറ്റിദ്ധാരണയിൽ നിന്നുണ്ടായതാണെന്നതല്ലേ ശരി? യോനീഭാഗത്തെ അണുബാധ നിമിത്തം യോനീസ്രവം ചിലപ്പോൾ മഞ്ഞ നിറത്തിലാകാറുണ്ട്. അത് കണ്ട് തെറ്റിദ്ധരിച്ച മുഹമ്മദ് നബി പറഞ്ഞപ്പോൾ വന്ന അബദ്ധമല്ലേ ഹദീഥുകളിലെ ഈ മഞ്ഞ ദ്രാവകം ??
സിൽഷിജ്.K
അല്ല. കുഞ്ഞിന്റെ നിർമ്മാണത്തിൽ പങ്കെടുക്കുന്ന സ്ത്രീദ്രാവകത്തിന് മഞ്ഞ നിറമാണെന്ന് പറഞ്ഞ മുഹമ്മദ് നബി(സ)ക്ക് തെറ്റുകളൊന്നും പറ്റിയിട്ടില്ല. ദൈവികബോധനത്തിന്റെ അടിസ്ഥാനത്തിൽ നബി (സ) പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ഒരു ശാസ്ത്രത്തിനും കഴിയില്ല. ഈ രംഗത്തെ പുതിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത് ഈ സത്യമാണ്.
ഥൗബാനിൽ(റ) നിന്ന് ഇമാം മുസ്ലിം തന്റെ സ്വഹീഹിൽ നിവേദനം ചെയ്ത, ജൂത പണ്ഡിതന്റെ ചോദ്യങ്ങള്‍ക്കുള്ള പ്രവാചകന്റെ(സ) ഉത്തരത്തെപ്പറ്റി വിശദീകരിക്കുന്ന ദീര്‍ഘമായ ഒരു ഹദീഥുണ്ട്. ആ ഹദീഥിൽ ശിശുവിന്റെ സൃഷ്ടിയെക്കുറിച്ച ചോദ്യത്തിനുള്ള വിശദമായ ഉത്തരം ആരംഭിക്കുന്നത് ‘പുരുഷസ്രവം വെളുത്തനിറത്തിലുള്ളതും സ്ത്രീസ്രവം മഞ്ഞനിറത്തിലുള്ളതുമാണ്’ എന്നു പറഞ്ഞുകൊണ്ടാണ്. ജൂത ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞ ശേഷം ‘അയാള്‍ എന്നോട് ചോദിച്ച കാര്യങ്ങളെക്കുറിച്ചൊന്നും അല്ലാഹു അറിയിച്ചുതരുന്നതുവരെ എനിക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല’ എന്ന് പറഞ്ഞതായുള്ള ഥൗബാനി(റ)ന്റെ പരാമര്‍ശം ശ്രദ്ധേയമാണ്. സ്വന്തം സ്രവത്തെക്കുറിച്ച് അറിയാത്ത സ്ത്രീകള്‍ക്കടക്കം നിങ്ങളുടെ സ്രവം മഞ്ഞനിറത്തിലുള്ളതാണ് എന്ന് പ്രവാചകന് (സ) പറഞ്ഞുകൊടുത്തത് വ്യക്തമായ ദൈവബോധനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുന്നതാണീ പ്രവാചകപരാമര്‍ശം. ബാഹ്യമായി കാണുന്ന ഏതെങ്കിലും സ്രവത്തെക്കുറിച്ചുള്ളതായിക്കൊള്ളണമെന്നില്ല ഈ പ്രവാചകപരാമർശമെന്ന് ഇതിൽ നിന്ന് വ്യക്തമാവുന്നുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമായി ബാഹ്യമായി കാണുന്ന ദ്രാവകത്തെക്കുറിച്ച് തന്നെയാണ് മഞ്ഞദ്രാവകമെന്ന് പ്രവാചകൻ(സ) പറഞ്ഞതെന്ന് ഖണ്ഡിതമായി മനസ്സിലാക്കിത്തരുന്ന നബിവചനങ്ങളൊന്നും തന്നെയില്ല.
ഏതാണീ മഞ്ഞ ദ്രാവകം? കുഞ്ഞിന്റെ സൃഷ്ടിയില്‍ പങ്കെടുക്കുന്ന പുരുഷസ്രവത്തിന്റെ നിറം ‘അബ്യദ്വ്’ (വെള്ള) ആണെന്നു പറഞ്ഞതിനുശേഷമാണ് സ്ത്രീ സ്രവത്തിന്റെ നിറം ‘അസ്വ്ഫര്‍’ (മഞ്ഞ) ആണെന്ന് പ്രവാചകന് (സ) പറഞ്ഞത്. രണ്ടും കൂടിച്ചേര്‍ന്നാണ് കുഞ്ഞുണ്ടാകുന്നതെന്നും അതിനുശേഷം അദ്ദേഹം വ്യക്തമാക്കി. വെള്ള നിറത്തിലുള്ള പുരുഷസ്രവത്തെപോലെതന്നെ ബീജസങ്കലനത്തില്‍ പങ്കെടുക്കുന്ന സ്ത്രീസ്രവത്തിന്റെ നിറം മഞ്ഞയാണെന്നാണ് പ്രവാചകന് (സ) ഇവിടെ പഠിപ്പിക്കുന്നതെന്നുറപ്പാണ്. സ്ത്രീശരീരത്തില്‍നിന്ന് നിര്‍ഗളിക്കു ന്ന ഏതു സ്രവത്തിനാണ് മഞ്ഞനിറമുള്ളതെന്ന കാര്യത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര് ഏറെ ചര്‍ച്ച ചെയ്തതായി കാണാന്‍ കഴിയും. സ്ത്രീജനനേന്ദ്രിയത്തില്‍നിന്ന് നിര്‍ഗളിക്കുന്ന കാണാനാവുന്ന സ്രവങ്ങള്‍ക്കൊന്നും തന്നെ മഞ്ഞ നിറമില്ലെന്ന വസ്തുതയാണ് വിശാലമായ ഇത്തരം ചര്‍ച്ചകളുടെ ഉല്‍ഭവത്തിന് നിമിത്തമായത്.
സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍നിന്ന് പുറത്തുവരുന്ന സ്രവങ്ങള്‍ മൂന്നെണ്ണമാണ്. തന്റെ ശരീരം ലൈംഗികബന്ധത്തിന് സജ്ജമായിയെന്ന് അറിയിച്ചുകൊണ്ട് സ്ത്രീജനനേന്ദ്രിയത്തില്‍നിന്ന് കിനിഞ്ഞിറങ്ങുന്ന ബര്‍ത്തോലിന്‍ സ്രവം (Bartholin fluid) ആണ് ഒന്നാമത്തേത്. യോനീമുഖത്തിനകത്തായി സ്ഥിതി ചെയ്യുന്ന പയര്‍വിത്തിന്റെ വലിപ്പത്തിലുള്ള രണ്ട് ബര്‍ത്തോലിന്‍ ഗ്രന്ഥികള്‍ സ്ത്രീശരീരം ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ പുറപ്പെടുവിക്കുന്ന ഈ സ്രവത്തിന് നിറമില്ല. രതിമൂര്ച്ചയുടെ അവസരത്തില്‍ ചില സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍നിന്ന് പുറത്തുവരുന്ന പാരായുറിത്രല്‍ സ്രവമാണ് (Para urethral fluid) രണ്ടാമത്തെ യോനീ സ്രവം. യോനിയുടെ ആന്തരികഭിത്തിയില്‍ സ്ഥിതി ചെയ്യുന്ന പാരായുറിത്രല്‍ ഗ്രന്ഥികളില്‍നിന്നു വളരെ ചെറിയ അളവില്‍മാത്രം പുറത്തുവരുന്ന ഈ സ്രവം താരതമ്യേന കട്ടിയുള്ളതും വെള്ള നിറത്തിലുള്ളതുമായിരിക്കും. സ്ത്രീ ജനനേന്ദ്രിയത്തെ എല്ലായ്പ്പോഴും വരളാതെ സൂക്ഷിക്കുന്ന സെര്‍വിക്കല്‍ ശ്ലേഷ്മ (Cervical mucus) ആണ് മൂന്നാമത്തെ യോനീ സ്രവം. അണ്ഡോല്‍സര്‍ജനസമയമല്ലെങ്കില്‍ ഈ സ്രവം വഴുവഴുപ്പുള്ളതും നല്ല വെളുത്ത ക്രീം നിറത്തിലുള്ളതുമായിരിക്കും. അണ്ഡോല്‍സര്‍ജനത്തോടടുക്കുമ്പോള്‍ വെള്ളനിറം മങ്ങുകയും വഴുവഴുപ്പ് കുറയുകയും ചെയ്യുന്ന ഈ സ്രവം ഉല്‍സര്‍ജനസമയമാകുമ്പോഴേക്ക് ജലത്തെപ്പോലെ വര്‍ണരഹിതമാവുകയും മുട്ടയുടെ വെള്ളക്കരുവിനെപ്പോലെയായിത്തീരുകയും ചെയ്യും. അണുബാധയുണ്ടാകുമ്പോള്‍ മാത്രമാണ് സെല്‍വിക്കല്‍ ശ്ലേഷ്മത്തിന് മങ്ങിയ മഞ്ഞനിറമുണ്ടാകുന്നത്. സ്ത്രീജനനേന്ദ്രിയത്തില്‍നിന്ന് സാധാരണഗതിയില്‍ നിര്‍ഗളിക്കപ്പെടുന്ന മൂന്ന് സ്രവങ്ങളും വെളുത്തതോ നിറമില്ലാത്തതോ ആണെന്നും ഹദീഥുകളില്‍ പറഞ്ഞ മഞ്ഞസ്രവമല്ല ഇവയെന്നും വ്യക്തമാണ്. ഇവയ്ക്കൊന്നുംതന്നെ കുഞ്ഞിന്റെ രൂപീകരണത്തില്‍ നേരിട്ട് പങ്കൊന്നുമില്ലതാനും.
കുഞ്ഞിന്റെ രൂപീകരണത്തിന് നിമിത്തമാകുന്ന സ്രവമെന്താണ് എന്ന ചോദ്യത്തിന് ഉത്തരം കാണാന്‍ ശ്രമിക്കുമ്പോഴാണ് ഹദീഥുകളില്‍ പറഞ്ഞ മഞ്ഞ സ്രവമേതാണെന്ന് നമുക്ക് മനസ്സിലാവുക. ആര്‍ത്തവചക്രത്തിന്റെ പതിനാലാം ദിവസം അണ്ഡാശയത്തിനകത്തെ പൂര്‍ണ വളര്‍ച്ചയെത്തിയ ഫോളിക്കിളില്‍ പ്രത്യക്ഷപ്പെടുന്ന ദ്വാരത്തിലൂടെ പ്രായപൂര്‍ത്തിയെത്തിയ അണ്ഡത്തെവഹിച്ചുകൊണ്ട് ഫോളിക്കുളാര്‍ ദ്രവവും ക്യൂമുലസ് കോശങ്ങളും പുറത്തേക്ക് തെറിച്ച് ഫലോപ്പിയന്‍ നാളിയുടെ അറ്റത്തുള്ള ഫിംബ്രയകളില്‍ പതിക്കുന്നതിനാണ് അണ്ഡോല്‍സര്‍ജനം (Ovulation) എന്നു പറയുന്നത്. രതിമൂര്‍ച്ചയോടനുബന്ധിച്ച് പുരുഷശരീരത്തില്‍ നടക്കുന്ന ശുക്ലസ്ഖലന(Ejaculation)ത്തിന് തുല്യമായി സ്ത്രീശരീരത്തില്‍ നടക്കുന്ന പ്രക്രിയയാണ് ഇതെങ്കിലും ഒരു ആര്‍ത്തവചക്രത്തില്‍ ഒരു തവണ മാത്രമാണ് ഇത് സംഭവിക്കുന്നത്. ശുക്ല സ്ഖലനവും അണ്ഡോല്‍സര്‍ജനവുമാണ് കുഞ്ഞിന്റെ സൃഷ്ടിക്ക് നിദാനമായി പുരുഷശരീരത്തിലും സ്ത്രീശരീരത്തിലും സംഭവിക്കുന്ന രണ്ട് പ്രക്രിയകള്‍. പുരുഷബീജങ്ങളെ വഹിക്കുന്ന ശുക്ലദ്രാവകത്തെപ്പോലെ സ്ത്രീയുടെ അണ്ഡത്തെ വഹിക്കുന്ന ഫോളിക്കുളാര്‍ ദ്രവവും കുഞ്ഞിന്റെ നിര്‍മാണത്തിന് നിമിത്തമാകുന്ന ദ്രാവകമാണ്. ഹദീഥുകളില്‍ പറഞ്ഞ കുഞ്ഞിന്റെ സൃഷ്ടിക്ക് കാരണമായ സ്ത്രീസ്രവം അണ്ഡത്തെ വഹിക്കുന്ന ഫോളിക്കുളാര്‍ ദ്രാവകമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. അങ്ങനെയാണെങ്കില്‍ പുരുഷദ്രാവകം വെളുത്തതും സ്ത്രീദ്രാവകം മഞ്ഞയുമെന്ന് പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍ ഫോളിക്കുളാര്‍ ദ്രാവകത്തിന്റെ നിറം മഞ്ഞയായിരിക്കണം. എന്നാല്‍ എന്താണ് വസ്തുത?
പ്രായപൂര്‍ത്തിയെത്തുന്നതിനുമുമ്പുള്ള അണ്ഡാവസ്ഥയായ അണ്ഡത്തെ (Oocyte) സംരക്ഷിക്കുകയും വളര്‍ത്തിക്കൊണ്ടുവന്ന് ബീജസങ്കലനത്തിന് പറ്റിയ അണ്ഡമാക്കിത്തീര്‍ക്കുകയും ചെയ്യുകയാണ് ഫോളിക്കിളിന്റെ ധര്‍മം. പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അവളുടെ അണ്ഡാശയത്തിലുള്ള പ്രായപൂര്‍ത്തിയെത്താത്ത അണ്ഡകങ്ങളെ പൊതിഞ്ഞ് ആദിമ ഫോളിക്കിളുകളുണ്ടാവും (Primordial follicles). അവള് പ്രായപൂര്‍ത്തിയാകുന്നതോടെ ഇതില്‍ ചില ഫോളിക്കിളുകള്‍ വളര്‍ന്നുവരികയും ഓരോ ആര്‍ത്തവചക്രത്തിന്റെയും ശരാശരി 14-16 ദിവസങ്ങള്‍ കഴിഞ്ഞ് പൊട്ടി പൂര്‍ണവളര്‍ച്ചയെത്തിയ അണ്ഡത്തെ (Ovum) പുറത്തുവിടുന്നതോടെ അവയുടെ ധര്‍മം അവസാനിക്കുകയും ചെയ്യുന്നു. ജനനസമയത്തുള്ള ഏകദേശം 1,80,000 ഫോളിക്കിളുകളില്‍ നാനൂറെണ്ണത്തോളം മാത്രമാണ് അണ്ഡോല്‍സര്‍ജനത്തിനുമുമ്പത്തെ വളര്‍ച്ചയെത്തുവാനുള്ള ഭാഗ്യമുണ്ടാകുന്നത്. പ്രസ്തുത വളര്‍ച്ചയ്ക്ക് വ്യത്യസ്തങ്ങളായ ഘട്ടങ്ങളുണ്ട്. ഇതിലെ ഓരോ ഘട്ടങ്ങളിലും അതു കടന്നുപോകാന്‍ കഴിയാത്ത ഫോളിക്കിളുകള്‍ മരിച്ചുപോകുന്നുണ്ട്. ഓരോ ആര്‍ത്തവചക്രത്തിലും ഇരുപതോളം ഫോളിക്കിളുകള്‍ വളര്‍ച്ചയെത്തുന്നുവെങ്കിലും ഒരെണ്ണത്തിന് മാത്രമാണ് ഫോളിക്കിള്‍ മരണമായ അട്രീഷ്യ(atresia)യില്നിന്ന് രക്ഷപ്പെട്ട് അണ്ഡോല്‍സര്‍ജനത്തിന് കഴിയുന്നത്. അട്രീഷ്യയില്‍ നിന്ന് രക്ഷപ്പെട്ട് അണ്ഡോല്‍സര്‍ജനത്തിന് കഴിയുന്ന ഫോളിക്കിളുകള്‍ രണ്ട് ദശകളിലൂടെയാണ് കടന്നു പോകുന്നത്. അണ്ഡോല്‍സര്‍ജനത്തിലൂടെ അവസാനിക്കുന്ന ഒന്നാമത്തെ ദശയെ ഫോളിക്കുളാര്‍ ദശ (follicular phase) എന്നും അതിനുശേഷ മുള്ള ദശയെ ലൂടിയല്‍ ദശ (luteal phase) എന്നുമാണ് വിളിക്കുക. ആര്‍ത്തവം മുതല്‍ അണ്ഡോല്‍സര്‍ജനം വരെയുള്ള ഫോളിക്കുളാര്‍ ദശയില്‍ അണ്ഡകം പൂര്‍ണവളര്‍ച്ചയെത്തിയ അണ്ഡമായിത്തീരുന്നതിനും യഥാരൂപത്തിലുള്ള അണ്ഡോല്‍സര്‍ജനം നടക്കുന്നതിനും വേണ്ടി വ്യത്യസ്തങ്ങളായ പ്രക്രിയകള്‍ നടക്കേണ്ടതുണ്ട്. ഈ പ്രക്രിയകളുടെ അവസാനമായി ശരീരത്തിലെ ഈസ്ട്രജന് നില പരമാവധി ഉയരുകയും ലൂറ്റിനൈസിംഗ് ഹോര്‍മോണ്‍ (LH), ഫോളിക്കിള്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (FSH) എന്നീ ഹോര്‍മോണുകളെ ഇതിന്റെ ഫലമായി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. 24 മുതല്‍ 36 വരെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഈ പ്രക്രിയയുടെ അന്ത്യം കുറിച്ചുകൊണ്ടാണ് അണ്ഡം വഹിക്കുന്ന പൂര്‍ണവളര്‍ച്ചയെത്തിയ ഫോളിക്കിളില്‍ (Ovarian follicle) സ്റ്റിഗ്മയെന്ന് പേരുള്ള ദ്വാരമുണ്ടാവുകയും അത് പൊട്ടി അണ്ഡത്തെ വഹിച്ചുകൊണ്ട് ഫോളിക്കുളാര്‍ ദ്രവം പുറത്തേക്ക് തെറിക്കുകയും ചെയ്യുന്നത്. ഈ പുറത്തേക്കു തെറിക്കല്‍ പ്രക്രിയക്കാണ് അണ്ഡോല്‍സര്‍ജനം (Ovulation) എന്നു പറയുക
ഫോളിക്കുളാര്‍ ദശയിലുടനീളം നടക്കുന്ന അണ്ഡവളര്‍ച്ചയ്ക്കും അതിന് ഉല്‍സര്‍ജിക്കാനാവശ്യമായസംവിധാനങ്ങളൊരുക്കുന്നതിനും നിമിത്തമാകുന്നത് FSHന്റെ പ്രവര്‍ത്തനങ്ങളാണ്. പ്രസ്തുത ഉത്പാദനത്തോടനുബന്ധിച്ചാണ് ഹൈപ്പോതലാമസില്‍നിന്നുള്ള ഗൊണാടോട്രോ പിന് റിലീസിംഗ് ഹോര്‍മോണിന്റെ (GnRH) പ്രേരണയാല്‍ പിറ്റിയൂട്ടറിയില്‍നിന്ന് LHന്റെ ഉത്പാദനം നടക്കുന്നത്. ഈ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന പ്രോട്ടീന്‍ വിഘാടക രസങ്ങളായ പ്രോട്ടിയോലിറ്റിക് എന്‍സൈമുകളാണ് (Proteolytic enzymes) ഫോളിക്കിളിലുണ്ടാവുന്ന ദ്വാരമായ സ്റ്റിഗ്മക്ക് കാരണമാകുന്നത്. അണ്ഡോല്‍സര്‍ജനത്തിനുശേഷമുള്ള ഫോളിക്കിള്‍ അവശിഷ്ടങ്ങളെ നിയന്ത്രിക്കുന്നതും പ്രധാനമായി ഈ ഹോര്‍മോണാണ്. ലൂട്ടിയല്‍ ദശയില്‍ അണ്ഡം നഷ്ടപ്പെട്ട ഫോളിക്കിള്‍ അവശിഷ്ടങ്ങള്‍ കോര്‍പസ് ലൂടിയം (Lorpus Luteum) ആയിത്തീരുകയും മാതൃസ്വഭാവങ്ങളെ ഉദ്ദീപിക്കുന്ന പ്രോജസ്റ്ററോണ്‍ (Progesterone) ഹോര്‍മോണിന്റെ വര്‍ധിതമായ ഉത്പാദനത്തിന് നിമിത്തമാവുകയും ചെയ്യുന്നു.
എന്താണീ ലൂറ്റിനൈസിംഗ് ഹോര്‍മോണ്‍? മഞ്ഞയെന്ന് അര്‍ത്ഥം വരുന്ന ലൂറ്റിയസ് (Luteus) എന്ന ലാറ്റിന്‍ പദത്തിന്റെ നപുംസകരൂപമായ ലൂറ്റിയത്തില്‍നിന്നാണ് (Luteum) ലൂറ്റിനൈസ് (Luteinize) എന്ന ക്രിയയുണ്ടായിരിക്കുന്നത്. കോര്‍പ്പസ് ലൂടിയത്തിന്റെ നിര്‍മിതിക്ക് നിമിത്ത മായ പ്രവര്‍ത്തനങ്ങള്‍ക്കാണ് സാങ്കേതികമായി ലൂറ്റിനൈസ് എന്ന് പറയുന്നതെങ്കിലും പദപരമായി അതിനര്‍ത്ഥം ‘മഞ്ഞയാക്കുന്നത്’ എന്നാണ്. ലൂറ്റിനൈസിംഗ് ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായാണ് ഫോളിക്കുളാര്‍ ദശ പിന്നിട്ട ഫോളിക്കിള്‍ അവശിഷ്ടങ്ങള്‍ കോര്‍ പസ് ലൂടിയം ആയിത്തീരുന്നത്. കോര്‍പസ് ലൂടിയം എന്ന പദദ്വയത്തിനര്‍ത്ഥം മഞ്ഞ വസ്തുവെന്നാണ് (Yellow body). ലൂടിയല്‍ ദശയിലേക്ക് കടന്ന അണ്ഡം നഷ്ടപ്പെട്ട ഫോളിക്കിള്‍ അവശിഷ്ടങ്ങളെല്ലാം കൂടി രണ്ടു മുതല്‍ അഞ്ചു സെന്റീമീറ്റര്‍ വരെ വ്യാസത്തില്‍ ശരീരത്തില്‍ ഏതാ നും ദിവസങ്ങള്‍ കൂടി അവശേഷിക്കും. മനുഷ്യരില്‍ ഇത് ഓറഞ്ചു നിറത്തിലാണ് കാണപ്പെടുന്നത്. അണ്ഡോല്സര്ജനത്തിന്റെ അവസാനഘട്ടത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന LH അതിന്റെ പ്രവര്‍ത്തനമാരംഭിക്കുകയും ഫോളിക്കുളാര്‍ ദ്രവത്തെ മഞ്ഞവല്‍ക്കരിക്കുകയും ചെയ്യും. ഫോളിക്കിളിലെ സ്റ്റിഗ്മ പൊട്ടി അണ്ഡത്തോടെ പുറത്തേക്ക് തെറിക്കുന്ന ഫോളിക്കുളാര്‍ ദ്രാവകത്തിന്റെ നിറം മഞ്ഞയായിരിക്കും. പുരുഷ ശുക്ലവുമായി താരതമ്യം ചെയ്യുമ്പോള്‍ കട്ടിയില്ലാത്തതും മഞ്ഞ നിറത്തിലുള്ളതുമായ ദ്രാവകമാണ് ഫോളിക്കിള്‍ പൊട്ടി പുറത്തേക്കൊഴുകുന്ന കുഞ്ഞിന്റെ നിര്‍മാണത്തിന് നിമിത്തമാകുന്ന സ്ത്രീസ്രവം എന്നര്‍ത്ഥം.
മഞ്ഞ നിറത്തിലുള്ള സ്ത്രീയുടെ സ്രവമാണ് വെളുത്ത നിറത്തിലുള്ള പുരുഷന്റെ സ്രവവുമായി ചേർന്ന് കുഞ്ഞുണ്ടാവുന്നത് എന്ന പ്രവാചകന്റെ പരാമർശം തന്നെയാണ് ശരിയെന്ന് ഇവ വ്യക്തമാക്കുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാത്രം ഭ്രൂണശാസ്ത്രജ്ഞർ മനസ്സിലാക്കിയ കാര്യങ്ങൾ പതിനാലു നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രസ്താവിച്ചതിനു ശേഷം നബി (സ) വ്യക്തമാക്കിയ കാര്യം ഇവിടെ എടുത്ത് പറയേണ്ടതുണ്ടെന്ന് തോന്നുന്നു. “അയാള്‍ എന്നോട് ചോദിച്ച കാര്യങ്ങളെക്കുറിച്ചൊന്നും അല്ലാഹു അറിയിച്ചുതരുന്നതുവരെ എനിക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല”.
👍. مشاء الله