ബീജമുണ്ടാവുന്നത് നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയിൽ നിന്നോ ?

/ബീജമുണ്ടാവുന്നത് നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയിൽ നിന്നോ ?
/ബീജമുണ്ടാവുന്നത് നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയിൽ നിന്നോ ?

ബീജമുണ്ടാവുന്നത് നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയിൽ നിന്നോ ?

Print Now

ക്വുർആൻ 86: 5 -7 വചനങ്ങൾ പറയുന്നത് നട്ടെലിന്റെയും വാരിയെല്ലിന്റെയും ഇടയിൽ നിന്നാണ് ബീജമുണ്ടാവുന്നത് എന്നാണല്ലോ. അരക്കെട്ടിലുള്ള വൃഷണത്തിലാണ് ബീജങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നത് എന്നിരിക്കെ ഈ പരാമർശം ശുദ്ധ അബദ്ധമല്ലേ? ഗ്രീക്ക് വൈദ്യനായിരുന്ന ഹിപ്പോക്രാറ്റസിന്റെ ഭ്രൂണ ശാസ്ത്ര ചിന്തകളെ മുഹമ്മദ് നബി (സ) കോപ്പിയടിച്ചത് കൊണ്ടാണ് ഈ അബദ്ധം സംഭവിച്ചത് എന്ന വിമര്ശനനത്തിന് എന്ത് മറുപടി പറയും ?

അല്പം വിശദമായി മറുപടി പറയേണ്ട വിഷയമാണിത്. നിലവിലുള്ള മലയാളം ഖുർആൻ പരിഭാഷകളിലും പ്രധാന ഇംഗ്ലീഷ് പരിഭാഷകളിലുമെല്ലാം ഈ വചനത്തിന് നൽകിയിരിക്കുന്ന ഭാഷാന്തരം വിമർശകൻ സൂചിപ്പിക്കുന്നത് പോലെത്തന്നെയാണ്.
അത് ഇങ്ങനെയാണ്: ”എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്. തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു.”(1)

വിഷയം കൃത്യമായി മനസ്സിലാക്കാൻ മുകളിലെ വിമർശനത്തെ മൂന്നായി തരം തിരിച്ച് പരിശോധിക്കാം എന്ന് തോന്നുന്നു:

1) മുഹമ്മദ് നബി(സ)ക്ക് ബീജത്തിന്റെ ഉല്‍ഭവസ്ഥാനമാണ് വൃഷണങ്ങള്‍ എന്ന് അറിയുമായിരുന്നില്ല.

2) വാരിയെല്ലുകളുടെയും മുതുകെല്ലിന്റെയും മധ്യെ നിന്നാണ് ശുക്ലമുണ്ടാവുന്നതെന്ന ഹിപ്പോക്രാറ്റിസിന്റെ ഭ്രൂണപരിണാമ ചിന്തകളെ പകര്‍ത്തുകയാണ് ഖുര്‍ആനിൽ ചെയ്തിരിക്കുന്നത്.

3 ) ക്വുർആനിലെ ഈ പരാമർശം പരമാബദ്ധമാണ്.

ഈ ധാരണകള്‍ എത്രത്തോളം ശരിയാണ്? നാം പരിശോധിക്കുക:

1) ഖുര്‍ആനിന്റെ അവതരണകാലത്ത് ജീവിച്ചിരുന്ന അറബികള്‍ക്കെല്ലാം അറിയാമായിരുന്ന ഒരു യാഥാര്‍ഥ്യമായിരുന്നു പുനരുല്‍പാദനത്തിന് കാരണമാകുന്ന ബീജങ്ങളുടെ ഉല്‍പാദനം നടക്കുന്നത് വൃഷണങ്ങളിലാണെന്ന വസ്തുത. വരിയുടയ്ക്കലിനെ (castration) സംബന്ധിച്ച് അക്കാലത്ത് നിലനിന്നിരുന്ന ധാരണകളില്‍ നിന്ന് ഇക്കാര്യം ബോധ്യപ്പെടും. പച്ചിലകള്‍ ചേര്‍ത്ത ചൂടുവെള്ളത്തില്‍ ഇരുത്തിയശേഷം മെല്ലെമെല്ലെ വൃഷണത്തില്‍ തടവുകയും പിന്നെ ശക്തി ഉപയോഗിച്ച് വൃഷണം ഉടച്ചുകളയും ചെയ്യുന്ന രീതിയായിരുന്നു വ്യാപകമായി നിലവിലുണ്ടായിരുന്ന ഷണ്ഡീകരണ രീതി. ഇങ്ങനെ വന്ധ്യംകരണം നടത്തുന്നവര്‍ക്ക് വൃഷണങ്ങള്‍ക്കകത്താണ് പുനരുല്‍പാദനത്തിന് കാരണമാകുന്ന ബീജം ഉല്‍പാദിപ്പിക്കപ്പെടുന്നതെന്ന് കൃത്യമായി അറിയാമായിരുന്നുറപ്പാണല്ലോ.

മുഹമ്മദ് നബി(സ)ക്കും സമകാലികര്‍ക്കുമെല്ലാം വരിയുടച്ച് ഷണ്ഡീകരിക്കുന്ന രീതിയെക്കുറിച്ച് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി ഹദീഥുകളുണ്ട്. സ്വഹീഹുല്‍ ബുഖാരി, കിത്താബുത്തഫ്‌സീറിലും സ്വഹീഹു മുസ്‌ലിം കിത്താബുന്നികാഹിലും ഇബ്‌നു മസ്ഊദിൽ (റ) നിന്ന് നിവേദനം ചെയ്യുന്ന ഹദീഥും സ്വഹീബുല്‍ ബുഖാരി, കിത്താബുന്നികാഹിലും സ്വഹീഹു മുസ്‌ലിം, കിത്താബുന്നികാഹിലും അബൂഹുറൈറയിൽ (റ) നിന്ന് നിവേദനം ചെയ്യുന്ന ഹദീഥും ഇതേ കിതാബുകളിൽ സഅദിൽ (റ) നിന്ന് നിവേദനം ചെയ്യുന്ന ഹദീഥും ഇവയിൽ ചിലതാണ്. പ്രത്യുല്‍പാദനത്തിന് കാരണമാകുന്ന ബീജത്തിന്റെ ആവിര്‍ഭാവം വൃഷണത്തില്‍ നിന്നാണെന്ന് അറിയാമായിരുന്നു എന്നതുകൊണ്ടാണല്ലോ വൃഷണമുടച്ച് ലൈംഗികശേഷിയെയും പ്രത്യുല്‍പാദനത്തെയും ഇല്ലാതാക്കുന്നത് വിരോധിക്കപ്പെട്ടത്. വൃഷണങ്ങളാണ് ബീജോല്‍പാദനത്തിന്റെ കേന്ദ്രമെന്ന വസ്തുത മുഹമ്മദ് നബി(സ) ക്കും അനുചരന്‍മാര്‍ക്കും അക്കാലത്ത് ജീവിച്ചിരുന്ന അറബികള്‍ക്കുമെല്ലാം അറിയാമായിരുന്നുവെന്നാണ് ഇതില്‍നിന്ന് വ്യക്തമായി മനസ്സിലാകുന്നത്.

2) ഗ്രീക്ക് വൈദ്യനായിരുന്ന ഹിപ്പോക്രാറ്റസിന്റെ ബീജോല്‍പാദനത്തെക്കുറിച്ച അഭിപ്രായങ്ങളുള്ളത് The seed and the Nature of the child, On Generation എന്നീ പ്രബന്ധങ്ങളിലാണ്. ഇവയിലൊന്നും തന്നെ നെഞ്ചെല്ലിനും മുതുകെല്ലിനും മധ്യെ നിന്നാണ് ബീജോല്‍പാദനം നടക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നില്ല. ബീജോല്‍പാദനത്തെക്കുറിച്ച് ഹിപ്പോക്രാറ്റസ് പറയുന്ന കാര്യങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം.

a) ശരീരത്തിലാകമാനം വ്യാപിച്ചുകിടക്കുന്ന രസത്തിന്റെ ഏറ്റവും ശക്തമായ ഭാഗമാണ് ബീജമായി പുറത്തേക്കു വരുന്നത്.

b) ശരീരത്തിന്റെ എല്ലാഭാഗത്തുനിന്നും ലിംഗത്തിലേക്ക് നീളുന്ന ധമനികളുണ്ട്. അതിലൂടെയാണ് രസം പ്രവഹിക്കുന്നത്.

c) തലച്ചോറില്‍നിന്ന് അരക്കെട്ടുവരെയുള്ള ശരീരഭാഗങ്ങളിലെല്ലാം വിശേഷിച്ചും നട്ടെല്ലിന്റെ മജ്ജയില്‍ രസം വ്യാപിക്കുന്നു.

d) സുഷുമ്‌നാ മജ്ജയിലെത്തുന്ന ശുക്ലം വൃക്കയിലൂടെയുള്ള ധമനികളിലൂടെ കടന്നുപോകുന്നു.

e) വൃക്കയില്‍നിന്നും ഇത് വൃഷണങ്ങളിലൂടെ ലിംഗത്തിലേക്ക് ഒഴുകുന്നു.

ഇതിലെവിടെയും തന്നെ വാരിയെല്ലിന്റെയും മുതുകെല്ലിന്റെയും മധ്യത്തുനിന്നാണ് ബീജം ഉല്‍പാദിപ്പിക്കപ്പെടുന്നതെന്നു പറയുന്നില്ല.
ഹിപ്പോക്രാറ്റസിന് ഇല്ലാത്ത ഒരു വാദം അദ്ദേഹത്തില്‍നിന്ന് കോപ്പിയടിക്കുന്നതെങ്ങനെയാണ്? ഹിപ്പോക്രാറ്റസിന്റെ ഭ്രൂണശാസ്ത്രചിന്തകള്‍ അറബികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നുവെന്നത് തെളിവുകളൊന്നും ഇല്ലാത്ത ഒരു ഊഹംമാത്രമാണെന്ന വസ്തുത കൂടി ഇതോട് ചേർത്ത് വായിക്കുക.

മുഹമ്മദ് നബി(സ) ജീവിച്ചിരുന്ന കാലത്ത് വാരിയെല്ലുകള്‍ക്കും മുതുകെല്ലിനുമിടയില്‍ നിന്നാണ് ബീജം ഉല്‍പാദിപ്പിക്കപ്പെടുന്നതെന്ന വിശ്വാസം അറബികള്‍ക്കിടയില്‍ നിലനിന്നിരുന്നുവെങ്കില്‍ ഇസ്‌ലാം പൂര്‍വകാലത്തെ രചനകളിലോ പ്രവാചകശിഷ്യന്‍മാരുടെ വര്‍ത്തമാനങ്ങളിലോ അതിന്റെ സൂചനകളെന്തെങ്കിലുമുണ്ടാകുമായിരുന്നു. അങ്ങനെ ഇല്ലെന്നുമാത്രമല്ല, ഇത്തരമൊരു പരാമര്‍ശം നടത്തുന്ന ഒരേയൊരു കൃതി ഖുര്‍ആനാണുതാനും. അറബികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഹിപ്പോക്രാറ്റിയന്‍ ചിന്തകളെ പകര്‍ത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നതെന്ന വാദം തീരെ അടിസ്ഥാന രഹിതമാണെന്നർത്ഥം.

3) വിമര്‍ശിക്കപ്പെടുന്ന വചനങ്ങള്‍ പരിശോധിക്കുക:

”ഖുലിഖ മിന്‍ മാഇന്‍ ദാഫിഖ്. യഖ്‌റുജു മിന്‍ ബൈനിസ്സ്വുല്‍ബി വ ത്തറാഇബ്”

”തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വുല്‍ബിനും, തറാഇബിനുമിടയില്‍ നിന്ന് അത് പുറത്തുവരുന്നു.”

ഈ വചനങ്ങൾക്ക് പ്രവാചകനോ(സ) അനുചരന്മാരോ വല്ല വ്യാഖ്യാനവും നൽകിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്താണ് ? അതാണ് ആദ്യം പരിശോധിക്കേണ്ടത്. സൂറത്തുത്വാരിഖിലുള്ള ‘ബൈന സ്വുല്‍ബി വത്തറാഇബി’ എന്ന പ്രയോഗത്തിന് ‘പുരുഷന്റെ സ്വുല്‍ബില്‍നിന്നും സ്ത്രീയുടെ തറാഇബുകളില്‍നിന്നും എന്ന അര്‍ഥമാണ് ആദ്യകാല ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ മിക്കവരും നല്‍കിയിട്ടുള്ളത്. സ്വഹാബിമാരില്‍ നിന്നുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഇബ്‌നു അബ്ബാസ്(റ) ഈ വചനത്തിന് നല്‍കിയ വ്യാഖ്യാനം ”സ്വുല്‍ബുര്‍റജുലി വതറാഇബുല്‍ മര്‍അത്തി വല്‍ വലദു ലാ യകൂനു ഇല്ലാ മിനല്‍ മാഅയ്‌നി” എന്നാണെന്ന് ഇമാം ത്വബ്‌റാനി ഉദ്ധരിച്ചതായി കാണാം. ‘പുരുഷന്റെ സ്വുല്‍ബില്‍ നിന്നും സ്ത്രീയുടെ തറാഇബില്‍ നിന്നുമുള്ള രണ്ട് ദ്രാവകങ്ങളില്‍ നിന്നുമായാണ് കുഞ്ഞുണ്ടാവുന്നത്’ എന്നര്‍ഥം. മറ്റൊരു സ്വഹാബിയായ ഇക്‌രിമ (റ)വും ഇതേ അര്‍ഥം പറഞ്ഞതായി ഇമാം ത്വബ്‌രി തന്റെ തഫ്‌സീറില്‍ ഉദ്ധരിക്കുന്നുണ്ട്. സ്വഹാബിമാരുടെ അഭിപ്രായങ്ങളുടെ വെളിച്ചത്തില്‍, പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ത്വബ്‌രി, സമഖ്ശരി, ത്വബ്‌റാനി, റാസി, ഖുര്‍തുബി, ഇബ്‌നു കഥീര്‍, ജലാലൈനി, ശൗക്കാനി തുടങ്ങിയവരെല്ലാം ‘പുരുഷന്റെ സ്വുല്‍ബില്‍ നിന്നും സ്ത്രീയുടെ തറാഇബില്‍ നിന്നുമുള്ള ദ്രാവകങ്ങളുടെ സംയോജനത്തിൽ നിന്നാണ് കുഞ്ഞുണ്ടാവുന്നത് എന്നാണ് ഈ ആയത്തുകള്‍ക്ക് നല്‍കിയ വ്യാഖ്യാനം. പ്രവാചകനിൽ നിന്ന് നേർക്ക് നേരെ ഖുർആൻ വ്യാഖ്യാനം മനസ്സിലാക്കിയ ഇബ്നു അബ്ബാസും ഇക്‌രിമയും (റ) മനസ്സിലാക്കിയത് സ്ത്രീയുടെ സ്രവവും പുരുഷന്റെ സ്രവവും കൂട്ടിച്ചെർന്നാണ് കുഞ്ഞുണ്ടാവുന്നതെന്ന വസ്തുതയാണ് ഈ വചങ്ങൾ പഠിപ്പിക്കുന്ന ആശയം എന്നാണ് ഇത് വ്യക്തമാക്കുന്നത്.

എന്താണ് സ്വുല്‍ബ് ? സ്വാദ്, ലാമ്, ബാഅ് തുടങ്ങിയ മൂലാക്ഷരങ്ങളില്‍നിന്ന് നിഷ്പന്നമായ സ്വുല്‍ബ് എന്ന പദം ക്രിയാരൂപത്തില്‍ വരുമ്പോള്‍ ഉറച്ചതായിത്തീരുക, ശക്തമാവുക, മാറ്റമില്ലാതാവുക എന്നെല്ലാമാണ് അർഥം. സ്വുല്‍ബ് എന്ന് നട്ടെല്ലിനും (back bone) അരക്കെട്ടിനും (loins) പറയാറുണ്ട്. Loins എന്ന ഇംഗ്ലീഷ് പദത്തിന് The Concise Oxford Arabic-English Dictionary യും Hippocrene Standard Dictionary (Arabic-English) യും നല്‍കുന്ന അറബി അര്‍ഥം സ്വുല്‍ബ് എന്നാണ്. അടിയിലെ വാരിയെല്ലുകള്‍ക്കും (lower ribs) വസ്തിപ്രദേശത്തിനു (pelvis) മിടയ്ക്കുള്ള ശരീരഭാഗമാണ് അരക്കെട്ട് അഥവാ കടിപ്രദേശം (loins). ‘സ്വുല്‍ബ്’ എന്ന ഖുര്‍ആനിക പ്രയോഗത്തിന് (loin) എന്ന് അര്‍ഥം പറഞ്ഞവരാണ് മിക്ക ഇംഗ്ലീഷ് പരിഭാഷകരുമെന്നതാണ് വസ്തുത. ഇതില്‍ ആദ്യകാല ഇംഗ്ലീഷ് പരിഭാഷകനും ഓറിയന്റലിസ്റ്റുമായ ജോര്‍ജ് സെയിലും ഉള്‍പ്പെടുന്നു. ക്രിസ്തുമതത്തില്‍നിന്ന് ഇസ്‌ലാം സ്വീകരിച്ച ഖുര്‍ആന്‍ പരിഭാഷകനായ മുഹമ്മദ് മാര്‍മഡ്യൂക് പിക്താളും ജൂതമതത്തില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ചശേഷം ഖുര്‍ആന്‍ പരിഭാഷപ്പെടുത്തിയ മുഹമ്മദ് അസദും ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ ഖുര്‍ആന്‍ പരിഭാഷകന്‍ ആര്‍തര്‍ ജോണ്‍ ആര്‍ബെറിയുമെല്ലാം സ്വുല്‍ബിന് നല്‍കിയിട്ടുള്ള അര്‍ഥം loins എന്നു തന്നെയാണ്.

മനുഷ്യരെക്കുറിച്ച് ‘പുരുഷന്റെ അരക്കെട്ടില്‍ നിന്ന് ഉണ്ടാകുന്നവര്‍’ എന്ന അര്‍ഥത്തില്‍ ‘സ്വുല്‍ബില്‍ നിന്നുള്ളവര്‍’ എന്ന പ്രയോഗം മധ്യപൂര്‍വദേശത്ത് വ്യാപകമായിരുന്നു. ഇക്കാര്യം ബൈബിളില്‍ നിന്ന് വ്യക്തമായി മനസ്സിലാകുന്നുണ്ട്. ഒരു ബൈബിള്‍ വചനം കാണുക:
”ദൈവം പിന്നെയും അവനോട് ഞാന്‍ സര്‍വശക്തിയുള്ള ദൈവമാകുന്നു. നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക. ഒരു ജാതിയും ജാതികളുടെ കൂട്ടവും നിന്നില്‍ നിന്ന് ഉല്‍ഭവിക്കും. രാജാക്കന്മാരും നിന്റെ അരക്കെട്ടിൽ നിന്ന് പുറപ്പെടും.”(ഉല്‍ 35:11)

മക്കളെക്കുറി ച്ച് ‘അരക്കെട്ടിൽ നിന്നുണ്ടാവുന്നവർ’ എന്ന പ്രയോഗം രാജാക്കന്മാർ 8:19, 2 ദിനവൃത്താന്തം 6:9
പുറപ്പാട് 1:5 എന്നീ പഴയനിയമ ഉദ്ധരണികളിൽ കാണാം. പുതിയനിയമത്തിലെ അപ്പോസ്തലപ്രവൃത്തികള്‍2:30, എബ്രായര്‍7:5, എബ്രായര്‍7:10 എന്നീ വചനങ്ങളിലും സമാനമായ പ്രയോഗങ്ങൾ കാണാം. ഉല്‍പത്തി 35:11ലെ “നിന്റെ അരക്കെട്ടിൽ നിന്ന് പുറപ്പെടും” എന്ന പ്രയോഗത്തിന് അറബി ബൈബിളില്‍ നല്‍കപ്പെട്ടിരിക്കുന്ന പരിഭാഷ ‘മിന്‍ സ്വുല്‍ബിക്ക’ എന്നാണ്. ‘നിന്റെ കടിപ്രദേശത്തുനിന്നുണ്ടാകുന്നവര്‍’ എന്ന അര്‍ഥത്തില്‍ ‘മിന്‍ സ്വുല്‍ബിക്ക’ എന്ന പ്രയോഗം അറബികള്‍ക്കിടയിലും തത്തുല്യമായ പ്രയോഗങ്ങള്‍ മധ്യപൂര്‍വപ്രദേശത്തെ മറ്റു ഭാഷക്കാര്‍ക്കിടയിലും വ്യാപകമായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഇത്തരത്തിലുള്ള ചില പ്രയോഗങ്ങള്‍ ഖുര്‍ആനിലും ഹദീഥുകളിലുമെല്ലാം കാണാന്‍ കഴിയും. ഖുര്‍ആന്‍ സൂറത്തുന്നിസാഇലെ ഇരുപത്തിമൂന്നാമത്തെ വചനത്തിലും സ്വഹീഹു മുസ്‌ലിം, കിത്താബുല്‍ ഖദ് റിൽ ആയിഷയിൽ (റ) നിന്ന് നിവേദനം ചെയ്ത ഹദീഥിലും സമാനമായ പ്രയോഗമാണ് കാണാം. സ്വുല്‍ബിന്റെ ബഹുവചനമായ അസ്വ്്‌ലാബ് എന്നാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ഇവയിലെ ‘മിന്‍ അസ്വ്്‌ലാബിക്കും’ എന്ന പ്രയോഗത്തിന് ‘നിങ്ങളുടെ അണക്കെട്ടുകളിൽ നിന്നുള്ള ‘ എന്ന അര്‍ഥമാണുള്ളത്. ഖുര്‍ആനിന്റെ അവതരണകാലത്ത് മക്കളെ ഉദ്ദേശിച്ചുകൊണ്ട് ‘സ്വുല്‍ബില്‍ നിന്നുള്ളവര്‍’ എന്ന പ്രയോഗം വ്യാപകമായിരുന്നുവെന്ന വസ്തുതയാണിത് കാണിക്കുന്നത്. സ്വുല്‍ബ് എന്ന പദത്തിന് ഉറച്ചത്, നട്ടെല്ല്, കടിപ്രദേശം തുടങ്ങിയ അര്‍ഥങ്ങളുണ്ടെന്നും, മനുഷ്യജനനവുമായി ബന്ധപ്പെട്ട് പ്രയോഗിക്കുമ്പോള്‍ ‘സ്വുല്‍ബില്‍ നിന്ന്’ എന്ന പ്രയോഗം ഖുര്‍ആനിന്റെ അവതരണത്തിന് മുമ്പുതന്നെ മധ്യപൂര്‍വദേശത്ത് വ്യാപകമായിരുന്നുവെന്നും ഈ പ്രയോഗത്തിന് അവര്‍ അര്‍ഥമാക്കിയത് അരക്കെട്ടിൽ നിന്ന് എന്നാണെന്നുമുള്ള വസ്തുതകളാണ് ഇതിൽ നിന്നെല്ലാം മനസ്സിലാവുന്നത് സൂറത്തു ത്വാരിഖിലെ ഏഴാമത്തെ വചനത്തിലെ ‘സ്വുല്‍ബി’നും അരക്കെട്ട് (loins) എന്ന അര്‍ഥം തന്നെയാണ് പ്രമുഖരായ ഇംഗ്ലീഷ് പരിഭാഷകരെല്ലാം നല്‍കിയിരിക്കുന്നത്. ആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളും നൽകിയ അർഥം അത് തന്നെ!

എന്താണ് തറാഇബ്? ത,റ,ബ എന്നീ മൂലാക്ഷരങ്ങളില്‍ നിന്ന് നിഷ്പന്നമായ ‘തരീബത്തി’ന്റെ ബഹുവചനമായ ‘തറാഇബി’നെയാണ് ഈ വചനത്തില്‍ വാരിയെല്ലുകള്‍ എന്ന് പരിഭാഷപ്പെടുത്താറുള്ളത്. ഇംഗ്ലീഷ് പരിഭാഷകളിൽ തറാഇബി’ന് breast bone എന്നും ribs എന്നും അര്‍ഥം നല്‍കിയിട്ടുണ്ട്.. ഇതില്‍നിന്ന് വ്യത്യസ്തമായി മുഹമ്മദ് അസദ് നല്‍കിയിട്ടുള്ള പരിഭാഷ pelvic arch എന്നാണ്; ഇത് സ്ത്രീ ശരീരത്തെ കുറിക്കുന്ന പദപ്രയോഗമാണെന്നാണ് ഖുര്‍ആനില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്ന അസാധാരണ പ്രയോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ളവരുടെ അഭിപ്രായമെന്നും മുഹമ്മദ് അസദ് രേഖപ്പെടുത്തുന്നുണ്ട്.

തറാഇബ് എന്ന പ്രയോഗം അറബിസാഹിത്യങ്ങളില്‍ സാധാരണയായി കാണപ്പെടാത്തതാണ്. ഖുര്‍ആനില്‍ ഒരു തവണ മാത്രമെ ഇങ്ങനെ പ്രയോഗിച്ചിട്ടുള്ളൂ. പ്രവാചകവചനങ്ങളില്‍ വ്യാപകമായി ‘തറാഇബ്’ എന്നോ അതിന്റെ ഏകവചനരൂപമായ ‘തരീബത്ത്’ എന്നോ പ്രയോഗിക്കപ്പെട്ടിട്ടില്ല. ഖുര്‍ആനിനു മുമ്പുള്ള കവിതകളില്‍നിന്ന് ഇംറുല്‍ ഖൈസിന്റെ ഒരു കവിതയെ ഉദ്ധരിച്ചുകൊണ്ടാണ് ഇത് സ്ത്രീയുടെ ശരീരഭാഗങ്ങളെ കുറിക്കുവാന്‍ മാത്രമുപയോഗിക്കുന്നതാണെന്ന് ലിസാനുന്‍ അറബ്, താജുല്‍ അറൂസ് തുടങ്ങിയ ആധികാരിക അറബിഭാഷാ നിഘണ്ടുകള്‍ അഭിപ്രായപ്പെടുന്നത്. ആധുനിക അറബിഭാഷാ നിഘണ്ടുകളില്‍ പലതിലും ഈ പദം തന്നെയില്ല. വാരിയെല്ലിനെ കുറിക്കുന്നതിന് ‘ള്വില്‍അ്’ എന്നും അതിന്റെ ബഹുവചനമായി ‘ള്വുലൂഅ്’ എന്നുമാണ് അവയിലുള്ളത്. ‘സ്വുല്‍ബി’നെപ്പോലെ വ്യാപകമായ പ്രയോഗത്തിലുള്ളതോ സാഹിത്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതോ ആയ പദമല്ല ‘തറാഇബ്’ എന്നര്‍ഥം.

വാരിയെല്ലുകള്‍ക്ക് മാത്രമാണോ ഇങ്ങനെ പ്രയോഗിക്കാറുള്ളത്? അല്ലെന്ന വസ്തുത പുരാതന അറബി നിഘണ്ടുകളെല്ലാം സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്തനങ്ങള്‍, സ്തനങ്ങള്‍ക്കിടയിലുള്ള സ്ഥലം, നെഞ്ചെല്ല്, മാറിടം, വാരിയെല്ലുകളില്‍ താഴത്തെ നാലെണ്ണം, സ്തനങ്ങള്‍ക്കും, പൂണെല്ലിനു (collar bone) മിടയിലുള്ള സ്ഥലം, പൂണെല്ലിനടുത്തുള്ള വാരിയെല്ലുകള്‍, രണ്ടു കൈകളും രണ്ടുകാലുകളും രണ്ട് കണ്ണുകളും ഇങ്ങനെ വിവിധ അര്‍ഥങ്ങളില്‍ തറാഇബ് എന്ന് പ്രയോഗിക്കാമെന്നാണ് നിഘണ്ടുകള്‍ വ്യക്തമാക്കുന്നത്. വില്യം ലെയിനിന്റെ പ്രസിദ്ധമായ ലെക്‌സിക്കണില്‍ നല്‍കുന്ന അര്‍ഥങ്ങളും ഇങ്ങനെത്തന്നെയാണ്

എന്താണ് ‘തറാഇബ്’ എന്ന വിഷയത്തില്‍ ആദ്യകാലം മുതല്‍ക്കേ പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്ന വസ്തുത ഇമാം റാസി തന്റെ തഫ്‌സീറില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സ്വഹാബിമാരും ആദ്യകാല വ്യാഖ്യാതാക്കളുമെല്ലാം ഇത് സ്ത്രീയുടെ ശരീരഭാഗമാണെന്ന നിലയ്ക്കു തന്നെയാണ് കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. സ്ത്രീയുടെ കഴുത്തിനു താഴെയുള്ള ശാരീരികാവയവങ്ങളിലേതോ ഒന്നാണ് തറാഇബു കൊണ്ട് വിവക്ഷിച്ചത് എന്ന് ഇവയില്‍നിന്ന് മനസ്സിലാക്കാം.

സ്വുല്‍ബ്, തറാഇബ് എന്നീ പദങ്ങളെക്കുറിച്ച പഠനത്തെ ഇങ്ങനെ സംഗ്രഹിക്കാം:

1) ബലിഷ്ഠമായത്, നട്ടെല്ല്, അരക്കെട്ട്, എന്നിങ്ങനെ അര്‍ഥങ്ങളുള്ള അറബിപദമാണ് സ്വുല്‍ബ്. പുരുഷന്റെ സ്വുല്‍ബില്‍നിന്നാണ് കുഞ്ഞുങ്ങളുണ്ടാകുന്നെതന്ന മധ്യപൂര്‍വദേശത്ത് നൂറ്റാണ്ടുകളായി നിലനിന്ന പ്രയോഗം അവന്റെ അരക്കെട്ടിനെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. അരക്കെട്ടിലുള്ള വൃഷണമായിരിക്കണം സൂറത്തുത്വാരിഖിലെ സ്വുല്‍ബു കൊണ്ടുള്ള വിവക്ഷ.

2) വാരിയെല്ലുകള്‍, സ്തനങ്ങള്‍, കൈകാലുകള്‍, വസ്തികമാനം എന്നിങ്ങനെയുള്ള അര്‍ഥങ്ങളില്‍ പ്രയോഗിക്കപ്പെട്ടിരുന്ന അപൂര്‍വപദങ്ങളിലൊന്നാണ് ‘തറാഇബ്’. അറബി ഭാഷാകാരന്‍മാരും ആദ്യകാല ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായപ്രകാരം ഈ പദപ്രയോഗം മാലയിടുന്ന ഭാഗത്തുള്ള ഏതോ പെണ്ണവയവത്തെക്കുറിക്കുന്നതാണ്. അന്ധരാശയം സ്ഥിതിചെയ്യുന്ന ഭാഗത്തെക്കുറിച്ച കൃത്യമായ പ്രയോഗമാണിത്.

ഇനി പ്രവാചകനിൽ (സ) നിന്ന് ക്വുർആൻ പഠിച്ച ഇബ്നു അബ്ബാസും ഇക്രിമയുമെല്ലാം മനസ്സിലാക്കിയ രൂപത്തിൽ സൂറത്തുത്വാരികിലെ വചനങ്ങളുടെ മലയാള അർഥം ഇങ്ങനെ എഴുതാം:

”തെറിച്ചു വീഴുന്ന ദ്രാവകത്തില്‍ നിന്നാണ് അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പുരുഷന്റെ അരക്കെട്ടിൽ നിന്നും സ്ത്രീയുടെ മാലയിടുന്ന ഭാഗത്ത് നിന്നുമായി അത് പുറത്ത് വരുന്നു.”

പ്രവാചകനിൽ നിന്ന് സ്വഹാബിമാരും അവരിൽ നിന്ന് താബിഉകളുമെല്ലാം ഈ അർത്ഥമാണ് മനസ്സിലാക്കിയതെങ്കിൽ പിന്നെയെങ്ങനെയാണ് നട്ടെല്ലിനും വാലിയെല്ലിനുമിടയിൽ നിന്ൻ പുറത്തുവരുന്ന ശുക്ലത്തിൽ നിന്നാണ് കുഞ്ഞുണ്ടാവുന്നതെന്നാണ് ഈ വചനം അര്ഥമാക്കുന്നതെന്ന വ്യാഖ്യാനമുണ്ടായത് എന്ന ചോദ്യം പ്രസക്തമാണ്. സ്വഹാബിമാരുടെ വ്യാഖ്യാനത്തിൽ നിന്ന് വ്യത്യസ്തമായി പുരുഷാവയവത്തിനും ‘തറാഇബ്’ എന്നു പറയാമെന്നും ശുക്ളത്തെക്കുറിച്ച് മാത്രമായിരിക്കണം ഈ വചനങ്ങളിൽ പറഞ്ഞിരിക്കുന്നതെന്നും വ്യാഖ്യാനിച്ച പണ്ഡിതന്‍മാരുമുണ്ട്. ഇബ്‌നുല്‍ഖയ്യിം (റഹ്) അവരില്‍ പ്രധാനിയാണ്. പുരുഷന്റെ തന്നെ സ്വുല്‍ബിനും തറാഇബിനുമിടയില്‍നിന്ന് പ്രവഹിക്കുന്ന ശുക്ലദ്രാവകത്തെ കുറിച്ചാണ് സൂറത്തുത്വാരിഖിലെ പരാമര്‍ശമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. താബിഉകളില്‍പെട്ട ഖത്താദ (റഹ്) യില്‍നിന്നും ഇത്തരമൊരു അഭിപ്രായം ജലാലുദ്ദീന്‍ സുയൂത്വി (റഹ്) തന്റെ ദുര്‍റുല്‍ മന്‍ഥൂറില്‍ ഉദ്ധരിച്ചിട്ടുമുണ്ട്. സ്ത്രീയുടെ തറാഇബില്‍നിന്നും പുരുഷന്റെ സ്വുല്‍ബില്‍നിന്നും തെറിച്ചുവീഴുന്ന ദ്രാവകങ്ങളുടെ സംഗമത്തെക്കുറിച്ചാണ് സൂറത്തു ത്വാരിഖിലെ വചനങ്ങള്‍ വ്യക്തമാക്കുന്നതെന്ന വ്യാഖ്യാനത്തില്‍ സംശയം പ്രകടിപ്പിച്ചവര്‍ പ്രധാനമായും ഉന്നയിച്ചത് ‘സ്ത്രീയുടെ ദ്രാവകം തെറിച്ചുവീഴുന്നതല്ലല്ലോ’യെന്ന ന്യായമായിരുന്നു.

സ്ത്രീയുടെ ദ്രാവകം കൊണ്ട് വിവക്ഷിക്കുന്നത് രതിബാഹ്യലീലകള്‍ നടക്കുമ്പോള്‍ പുറത്തുവരുന്ന ബര്‍ത്തോലിന്‍ സ്രവമോ (bartholin fluid) രതിമൂര്‍ച്ഛാ സമയത്ത് പാരായുറിത്രല്‍ നാളികളില്‍നിന്ന് (paraurethral ducts) പുറത്തുവരുന്ന ദ്രാവകമോ ആണെന്ന് ധരിച്ചവരായിരുന്നു ഈ വാദമുന്നയിച്ച വ്യാഖ്യാതാക്കള്‍. ഈ രണ്ട് ദ്രാവകങ്ങളും തെറിച്ചു വീഴുന്നതല്ലെന്ന് അവർ മനസ്സിലാക്കിയിരുന്നു. അണ്ഡോല്‍സര്‍ജനത്തെയോ ആ സമയത്തുണ്ടാവുന്ന ശാരീരിക മാറ്റങ്ങളെയോ കുറിച്ച അറിവ് അവര്‍ ഈ വാദമുന്നയിക്കുന്ന കാലത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്ത്രീപുരുഷ ദ്രാവകങ്ങളുടെ സമന്വയത്തെപ്പറ്റിത്തന്നെയാണോ സ്വുല്‍ബില്‍നിന്നും തറാഇബില്‍നിന്നും പുറത്തുവരുന്ന ദ്രാവകത്തെകുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുമ്പോള്‍ അര്‍ഥമാക്കുന്നതെന്ന് അവര്‍ സംശയിച്ചു. പുരുഷദ്രാവകം തെറിച്ചു വീഴുന്നതാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ സ്ത്രീയുടെ ദ്രാവകം തെറിച്ചുവീഴുന്നതല്ലെന്ന അന്നത്തെ അറിവിന്റെ വെളിച്ചത്തില്‍ ഈ വചനം പുരുഷബീജത്തെക്കുറിച്ചു മാത്രമാണെന്ന് വാദിക്കുകയാണ് അവര്‍ ചെയ്തത്. എന്നാല്‍ ഇന്നു നമുക്കറിയാം, ബര്‍ത്തോലിന്‍ സ്രവമോ പാരായുറിത്രല്‍ സ്രവമോ കുഞ്ഞിന്റെ പിറവിയില്‍ പങ്കാളിയാവുന്നില്ലെന്നും അതില്‍ പങ്കാളിയാവുന്നത് അണ്ഡാശയത്തിനകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന അണ്ഡദ്രാവകം മാത്രമാണെന്നും.

ശുക്ലദ്രാവകത്തെപ്പോലെ അണ്ഡദ്രാവകവും തെറിച്ചു വീഴുന്നതാണോ? പെൺശരീരത്തിന്റെ ആന്തരിക ഭാഗത്ത് നടക്കുന്ന അണ്ഡോൽസർജനത്തെപ്പറ്റി ഈയടുത്ത കാലം വരെ നമുക്ക് കാര്യമായൊന്നും അറിയില്ലായിരുന്നു. ആന്തരികാവയവങ്ങളിൽ നടക്കുന്നതെന്താണെന്ന് ക്രത്യമായി മനസ്സിലാക്കാൻ ഇന്ന് മാർഗങ്ങളുണ്ട്. ആര്‍ത്തവചക്രത്തിന്റെ പതിനാലാം ദിവസം ഹൈപോതലാമസിന്റെ ഉദ്ദീപനത്തിന് വിധേയമാകുന്ന അണ്ഡാശയത്തിനകത്തെ പൂര്‍ണവളര്‍ച്ചയെത്തിയ ഫോളിക്കിളില്‍ പ്രത്യക്ഷപ്പെടുന്ന സ്റ്റിഗ്മയെന്ന ദ്വാരത്തിലൂടെ പ്രായപൂര്‍ത്തിയായ അണ്ഡത്തെ വഹിച്ചുകൊണ്ട് ഫോളിക്കുളാര്‍ ദ്രവവും ക്യുമുലസ് കോശങ്ങളും പുറത്തേക്ക് തെറിക്കുകയും അത് ഫലോപ്പിയന്‍ നാളിയുടെ അറ്റത്തുള്ള ഫിംബ്രയകളില്‍ പതിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് അണ്ഡോല്‍സര്‍ജനം (ovulation). ഇങ്ങനെ ഉല്‍സര്‍ജിക്കപ്പെട്ടഅണ്ഡമാണ് പുരുഷബീജവുമായി സംയോജിക്കുന്നത്. ഇതെല്ലാം നടക്കുന്നത് വാരിയെല്ലിന്റെ കൂടിനുതാഴെ വസ്തികമാനത്തിന് മുകളിലായി സ്ഥിതിചെയ്യുന്ന ഗര്‍ഭാശയത്തിന്റെ രണ്ടറ്റത്തായി കാണപ്പെടുന്ന അണ്ഡാശയങ്ങളിലും അനുബന്ധ അവയവങ്ങളിലുമായാണ്. പുരുഷലിംഗത്തിൽ നിന്ന് ശുക്ലം തെറിച്ചു വീഴുന്നതുപോലെ ഫോളിക്യൂൾ പൊട്ടി അണ്ഡദ്രാവകം തെറിച്ചു വീഴുന്നത് ഇന്ന് നമുക്ക് കാണാൻ കഴിയും. കാണണമെന്നാഗ്രഹിക്കുന്നവർ ഈ ലിങ്ക് സന്ദർശിക്കുക: https://www.youtube.com/watch?v=dq3MdeSDDC4

വിമര്ശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വചനത്തിന് സ്വഹാബിമാർ നൽകിയ അർഥം നമുക്കൊന്ന് കൂടി വായിക്കാം:

‘തെറിച്ചു വീഴുന്ന ദ്രാവകത്തില്‍ നിന്നാണ് അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പുരുഷന്റെ അരക്കെട്ടിൽ നിന്നും സ്ത്രീയുടെ മാലയിടുന്ന ഭാഗത്ത് നിന്നുമായി അത് പുറത്ത് വരുന്നു.”

താഴെപറയുന്ന വസ്തുതകൾ ശ്രദ്ധിക്കുക:

1) രതിമൂര്‍ച്ഛയിലെത്തുമ്പോള്‍ അനുതപ്ത നാഡീവ്യവസ്ഥയുടെ ഉദ്ദീപനപ്രകാരം വൃഷണത്തില്‍നിന്ന് ബീജാണുക്കള്‍ ബീജവാഹിനിക്കുഴലിലൂടെ മുകളിലേക്ക് കയറി സ്ഖലനനാളിയിലെത്തുകയും അതോടടുത്തുള്ള പ്രോസ്റ്റേറ്റ്, സെമിനല്‍ വെസിക്കിളുകള്‍, കൗപേഴ്‌സ് ഗ്രന്ഥി എന്നിവയില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന സ്രവങ്ങളുമായിച്ചേര്‍ന്ന് സ്ഖലനനാളിയില്‍ നിന്ന് ലിംഗനാളിയിലൂടെ പുറത്തേക്ക് തെറിക്കുകയും ചെയ്യുന്നു. നട്ടെല്ലിന്റെ വാലിന് (coccyx) മുന്‍പിലായാണ് സെമിനല്‍ വെസിക്കിളുകളും പ്രോസ്റ്റേറ്റും കൗപേഴ്‌സ് ഗ്രന്ഥിയും സ്ഖലനനാളിയുമെല്ലാം സ്ഥിതിചെയ്യുന്നത്. പുരുഷശുക്ലം പുറത്തേക്ക് തെറിക്കുന്നത് അരക്കെട്ടിലെ വ്യത്യസ്ത അവയവങ്ങളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനം വഴിയാണ്. കൃത്യമായും അരക്കെട്ടിൽ നിന്നുതന്നെയാണ് പുരുഷദ്രാവകം പുറത്തേക്ക് തെറിക്കുന്നത് സ്വുല്‍ബില്‍നിന്നുതന്നെ!

2) ആര്‍ത്തവചക്രത്തിന്റെ പതിനാലാം ദിവസം ഹൈപോതലാമസിന്റെ ഉദ്ദീപനത്തിന് വിധേയമാകുന്ന അണ്ഡാശയത്തിനകത്തെ പൂര്‍ണവളര്‍ച്ചയെത്തിയ ഫോളിക്കിളില്‍ പ്രത്യക്ഷപ്പെടുന്ന സ്റ്റിഗ്മയെന്ന ദ്വാരത്തിലൂടെ പ്രായപൂര്‍ത്തിയായ അണ്ഡത്തെ വഹിച്ചുകൊണ്ട് ഫോളിക്കുളാര്‍ ദ്രവവും ക്യുമുലസ് കോശങ്ങളും പുറത്തേക്ക് തെറിക്കുകയും അത് ഫലോപ്പിയന്‍ നാളിയുടെ അറ്റത്തുള്ള ഫിംബ്രയകളില്‍ പതിക്കുകയും ചെയ്യുന്നു. ഇത് നടക്കുന്നത് വാരിയെല്ലിന്റെ കൂടിനുതാഴെ വസ്തികമാനത്തിന് മുകളിലായി സ്ഥിതിചെയ്യുന്ന ഗര്‍ഭാശയത്തിന്റെ രണ്ടറ്റത്തായി കാണപ്പെടുന്ന അണ്ഡാശയങ്ങളിലും അനുബന്ധ അവയവങ്ങളിലുമായാണ്. ഖുര്‍ആന്‍ ‘തറാഇബ്’ എന്നു വിളിച്ച സ്ഥലത്തുവെച്ചുതന്നെയാണ് അണ്ഡദ്രാവകം (ovular fluid) അണ്ഡാശയത്തില്‍നിന്ന് പുറത്തേക്ക് തെറിക്കുന്നത്. കൃത്യമായും ‘തറാഇബിൽ നിന്ന് തന്നെ !

ഇനി നാം ചിന്തിക്കുക. ക്വുർആനിനാണോ വിമര്ശകര്ക്കാനോ തെറ്റുപറ്റിയതെന്ന്…!!!

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ