ഭ്രൂണവളര്‍ച്ചയുടെ ആദ്യത്തെ നാല്പതു ദിവസങ്ങള്‍ തികച്ചും ജൈവികവും യാന്ത്രികവുമായ മൂന്നു ഘട്ടങ്ങളുടേതാണെന്നും അതിനുശേ ഷമാണ് അല്ലാഹുവിന്റെ അനുഗ്രഹങ്ങളുമായി മലക്കുകളുടെ നിയോഗമുണ്ടാവുകയും വൈയക്തികമായ സവിശേഷതകള്‍ തീരുമാനിക്ക പ്പെടുകയും ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന നിരവധി ഹദീഥുകളുണ്ട്.
- അബ്ദുല്ലാഹിബ്നു മസ്ഊദില്‍ (റ) നിന്ന്: സത്യസന്ധനും വിശ്വസ്തനുമായ അല്ലാഹുവിന്റെ ദൂതന് ഞങ്ങളെ അറിയിച്ചു: നിങ്ങളിലുള്ള ഒരാളുടെ സൃഷ്ടികര്‍മം തന്റെ മാതാവിന്റെ ഉദരത്തില്‍ സംയോജിക്കുന്നത് നാല്പതു ദിവസങ്ങളിലായാണ്. പിന്നെ, അതേപോലെത്ത ന്നെ അത് അലഖയായിത്തീരുന്നു. അതേപോലെ പിന്നീടത് മുദ്വ്അയായി മാറുന്നു. അനന്തരം അല്ലാഹു ഒരു മലക്കിനെ അയക്കുകയും നാലുകാര്യങ്ങള്‍ രേഖപ്പെടുത്താന്‍ കല്പിക്കുകയും ചെയ്യുന്നു. അവന്റെ കര്‍മവും ആഹാരവും ആയുസ്സും സൗഭാഗ്യവാനോ നിര്‍ഭാഗ്യവാനോ എന്നീ കാര്യങ്ങള്‍. ശേഷം അവനിലേക്ക് ആത്മാവ് ഊതപ്പെടുന്നു.(1)
- ഹുദൈഫത്തുബ്നു ഉസൈദ് (റ)യില്‍ നിന്ന്: നുത്വ്ഫ ഗര്‍ഭാശയത്തിലെത്തി നാല്പതോ നാല്പത്തിയഞ്ചോ ദിവസങ്ങള്‍ കഴിഞ്ഞാല്‍ അതിന്മേല് ഒരു മലക്ക് എത്തുകയും ഇങ്ങനെ ചോദിക്കുകയും ചെയ്യുന്നു. ‘നാഥാ, സൗഭാഗ്യവാനോ നിര്‍ഭാഗ്യവാനോ?’ അത് രേഖപ്പെ ടുത്തുന്നു. അവന്റെ കര്‍മങ്ങളും പ്രവൃത്തികളും അന്ത്യവും ആഹാരവുമെല്ലാം രേഖപ്പെടുത്തുന്നു. പിന്നെ ആ രേഖ ചുരുട്ടപ്പെടുന്നു. ശേഷം അതില്‍ കൂട്ടിച്ചര്‍ക്കലുകളോ കിഴിക്കലുകളോ ഇല്ല.(2)
- അബ്ദുല്ലാഹിബ്നു മസ്ഊദില്‍ നിന്ന്: അല്ലാഹുവിന്റെ ദൂതന് ഇങ്ങനെ പറയുന്നത് താന്‍ കേട്ടതായി ഹുദൈഫത്തുബ്നു ഉസൈദുല്‍ ഗിഫാരി (റ) പറഞ്ഞു: നുത്വ്ഫയെത്തി നാല്പത്തിരണ്ടു ദിവസങ്ങള്‍ കഴിഞ്ഞാല്‍ അല്ലാഹു ഒരു മലക്കിനെ അയക്കുകയും അവന് ആകൃതി നല്‍കുകയും ചെയ്യുന്നു. ശേഷം അവന് കേള്‍വിശക്തിയും കാഴ്ചശക്തിയും ത്വക്കും മാംസപേശികളും അസ്ഥികളുമെല്ലാം നല്കുന്നു. അങ്ങനെ മലക്ക് ചോദിക്കുന്നു: നാഥാ, പുരുഷനോ സ്ത്രീയോ? നിന്റെ നാഥന് ഉദ്ദേശിക്കുന്നത് തീരുമാനിക്കുകയും മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യുന്നു. പിന്നെ മലക്ക് ചോദിക്കുന്നു: നാഥാ, അവന്റെ അന്ത്യമെന്നാണ്? നിന്റെ നാഥന് ഉദ്ദേശിക്കുന്നത് പറയുകയും അത് രേഖപ്പെടുത്തുകയും ചെയ്യുന്നു. പിന്നെ മലക്ക് ചോദിക്കുന്നു: അവന്റെ ഉപജീവനമെങ്ങനെയാണ്? നിന്റെ നാഥന് ഇച്ഛിക്കുന്ന പോലെ തീരുമാനിക്കുകയും മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യുന്നു. ശേഷം മലക്ക് തന്റെ കയ്യില്‍ ചുരുട്ടിയ രേഖയു മായി പോകുന്നു. പിന്നെ അതില്‍ കൂട്ടിച്ചേര്‍ക്കലുകളോ കിഴിക്കലുകളോ ഇല്ല.(3)
- അബൂ തുഫൈലി(റ)ല്‍ നിന്ന്: ഞാന്‍ ഹുദൈഫത്തുബ്നു ഉസൈദ് അല്‍ ഗിഫാരി(റ)യെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവി ന്റെ ദൂതന് (സ) ഇങ്ങനെ പറയുന്നതായി ഞാനെന്റെ രണ്ടു ചെവികള്‍ കൊണ്ടു കേട്ടിട്ടുണ്ട്. നുത്വ്ഫ ഗര്‍ഭാശയത്തിലെത്തി നാല്പതു രാവുകള്‍ കഴിഞ്ഞാല്‍ പിന്നെ ഒരു മലക്കെത്തി അതിന് രൂപം നല്‍കും. സുഹൈര്‍ (റ) പറഞ്ഞു: അദ്ദേഹം ഇങ്ങനെകൂടി പറഞ്ഞുവെന്ന് ഞാന്‍ കരുതുന്നു: കണക്കാക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നവനോട് അവന് ചോദിക്കും: നാഥാ, സ്ത്രീയോ പുരുഷനോ? അങ്ങനെ അല്ലാഹു അതിനെ ആണോ പെണ്ണോ ആക്കിത്തീര്‍ക്കുന്നു. പിന്നെ അവന് ചോദിക്കുന്നു: നാഥാ, വൈകല്യമുള്ളവനോ ഇല്ലാത്ത വനോ? അങ്ങനെ അല്ലാഹു അവനെ പൂര്‍ണനോ വൈകല്യമുള്ളവനോ ആക്കുന്നു. പിന്നെ അവന് ചോദിക്കുന്നു: നാഥാ, അവന്റെ ഉപജീ വനമെന്താണ്? അന്ത്യമെന്നാണ്? പ്രകൃതമെന്താണ്? അങ്ങനെ അവന് സൗഭാഗ്യവാനോ നിര്‍ഭാഗ്യവാനോയെന്ന് അല്ലാഹു തീരുമാനി ക്കുന്നു.(4)
നുത്വ്ഫയുണ്ടായി നാല്‍പതുരാവുകള്‍ക്കു ശേഷമാണ് ഒരാളുടെ അവയവങ്ങള്‍ രൂപീകരിക്കപ്പെടുകയും വ്യക്തിത്വം തീരുമാനിക്കപ്പെ ടുകയും ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ ഹദീഥുകള്‍. നാല്പത് ദിവസങ്ങള്‍ കഴിഞ്ഞശേഷം സംഭവിക്കുന്നതായി ഈ ഹദീഥുകള്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍ താഴെ പറയുന്നവയാണ്:-
- ലിംഗ നിര്‍ണയം
- വ്യക്തിത്വ നിര്‍ണയം
- അവയവ രൂപീകരണം
- വൈകല്യങ്ങളുണ്ടെങ്കില് അവയുടെ പ്രകടനം
- വിധി നിര്‍ണയത്തിന്റെ രേഖീകരണം
മുദ്വ്അഃയെന്നു ക്വുര്‍ആന്‍ വിളിക്കുന്ന ചര്‍വ്വിതമാംസത്തിന്റെ പൂര്‍ണരൂപം പ്രാപിക്കുന്ന ആറാമത്തെ ആഴ്ചയുടെ അവസാനത്തിലുള്ള ഭ്രൂണത്തെയും അതിന്റെ രൂപത്തെയും അതിലുള്ള അവയവാടയാളങ്ങളെയും മുകുളങ്ങളെയും കുറിച്ചെല്ലാം നാം മനസ്സിലാക്കിക്കഴിഞ്ഞ താണ്. ആറാം ആഴ്ചക്കു മുമ്പുനടക്കുന്ന മൂന്ന് ഘട്ടങ്ങളും ക്രമപ്രവൃദ്ധമായി സംഭവിക്കുന്നതാണെന്നും നാം കണ്ടു. ഈ ഘട്ടങ്ങളുടെ നൈര ന്തര്യം സൂചിപ്പിക്കുന്ന ഒരു ഹദീഥുമുണ്ട്.
അനസുബ്നു മാലിക് (റ)യില്‍ നിന്ന്: അത്യുന്നതനായ അല്ലാഹു ഗര്‍ഭാശയത്തിന്റെ സംരക്ഷകനായി ഒരു മലക്കിനെ നിയോഗിക്കും. അപ്പോള്‍ മലക്ക് പറയും: നാഥാ, നുത്വ്ഫ; നാഥാ, അലഖഃ; മുദ്വ്അഃ; അതിന്റെ സൃഷ്ടി പൂര്‍ത്തിയാക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെ ങ്കില്‍ മലക്ക് ചോദിക്കും: നാഥാ, ആണോ അതല്ല പെണ്ണോ? സൗഭാഗ്യവാനോ അതല്ല നിര്‍ഭാഗ്യവാനോ? ഉപജീവനമെന്താണ്? അന്ത്യമെങ്ങനെയാണ്? മാതാവിന്റെ ഗര്‍ഭാശയത്തില്‍ വെച്ചുതന്നെ അതെല്ലാം എഴുതപ്പെടും.(5)
ഈ ഹദീഥുകളില്‍ നിന്നെല്ലാം തന്നെ നുത്വ്ഫ, അലഖഃ; മുദ്വ്അഃ എന്നിങ്ങനെ ക്വുര്‍ആന്‍ പരാമര്‍്വശിച്ച മൂന്ന് ഭ്രൂണഘട്ടങ്ങളും നടക്കു ന്നത് ആദ്യത്തെ ആറ് ആഴ്ചകളിലാണെന്നു വ്യക്തമാണ്. എന്നാല്‍ മുകളില്‍ ആദ്യമായി ഉദ്ധരിച്ചിരിക്കുന്ന ബുഖാരിയും മുസ്ലിമും അബ്ദുല്ലാഹിബ്നു മസ്ഊദില്‍ (റ) നിന്ന് നിവേദനം ചെയ്തിരിക്കുന്ന ഹദീഥില്‍ നിന്ന് ഭ്രൂണത്തിന്റെ നുത്വ്ഫ ഘട്ടവും അലഖ ഘട്ടവും മുദ്വ്അ ഘട്ടവും നാല്പത് ദിവസം വീതം ദിവസങ്ങളുള്‍ക്കൊള്ളുന്നതാണെന്ന ഒരു ധാരണ ആദ്യകാല ഹദീഥ് പണ്ഡിതന്മാര് മുതല്‍ തന്നെ വെച്ചുപുലര്‍ത്തിയിരുന്നതായി നമുക്ക് കാണാന്‍ കഴിയും. പ്രസ്തുത ധാരണ എടുത്തുദ്ധരിച്ചുകൊണ്ട് ക്വുര്‍ആനിലും ഹദീഥുകളിലും പ്രതിപാദിച്ചിട്ടുള്ള നുത്വ്ഫ, അലഖ, മുദ്വ്അ പരാമര്‍ശങ്ങളെല്ലാം അശാസ്ത്രീയവും അബദ്ധജഡിലവുമാണെന്ന് വിമര്‍ശിക്കുന്നവരുണ്ട്. ഭ്രൂണഘടനയെക്കുറിച്ച് പരാമര്‍ശിക്കുന്ന ക്വുര്‍ആന്‍ വചനങ്ങളും മുഴുവന്‍ ഹദീഥുകളും താരതമ്യം ചെയ്തുകൊണ്ട് പരിശോധിച്ചാല്‍ ഈ വിമര്‍ശനങ്ങളിലൊന്നും യാതൊരുവിധ കഴമ്പുമില്ലെന്നു മനസ്സിലാകും. താഴെ പറയുന്ന വസ്തുതകള്‍ ശ്രദ്ധിക്കുക.
- ഹദീഥുകള്‍ പ്രവാചകനില്‍ നിന്നുള്ളതാണെന്ന് ഉറപ്പാണെങ്കില്‍ അതിലെ ആശയങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ളതും അതുകൊണ്ടു തന്നെ അമാനുഷികവുമായിരിക്കും. എന്നാല്‍ ക്വുര്‍ആനിലെ പദങ്ങള്‍ക്കുള്ളതുപോലെ ഹദീഥുകളുടെ പദങ്ങള്‍ക്ക് അമാനുഷികതയൊന്നുമില്ല. അല്ലാഹുവില്‍ നിന്നുള്ള ബോധനത്തിന്റെ വെളിച്ചത്തില്‍ പ്രവാചകന് (സ) പറഞ്ഞ കാര്യങ്ങള്‍ അതുകേട്ട സ്വഹാബിമാര്‍ അവരുടെ ഭാഷയില്‍ ആവിഷ്കരിച്ചതാണ് ഹദീഥുകളിലെ പ്രവാചകവചനങ്ങള്‍. മാറ്റാന്‍ പാടില്ലെന്ന് ദൈവദൂതരാല്‍ നിഷ്കര്ഷിക്കപ്പെട്ട പ്രാര് ത്ഥനകളെപ്പോലെയുള്ളവ യാതൊരുവിധ മാറ്റവുമില്ലാതെ നിവേദനം ചെയ്ത സ്വഹാബിമാര്‍ തന്നെ പ്രവാചകനില്‍ (സ) നിന്ന് ലഭിച്ച ആശയങ്ങള്‍ തങ്ങളുടേതായ ഭാഷയില്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുത്തതായി കാണാന്‍ കഴിയും. പ്രവാചകന് ഉപയോഗിച്ച പദങ്ങ ള്‍ക്ക് അമാനുഷികതയില്ലെന്നും അതിലെ ആശയങ്ങള്‍ മാത്രമാണ് ദൈവപ്രോക്തമെന്നുമായിരുന്നു അവര്‍ മനസ്സിലാക്കിയിരുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. പ്രവാചകനില്‍ (സ) നിന്നുകേട്ട ഒരേകാര്യം തന്നെ വ്യത്യസ്ത സ്വഹാബിമാര്‍ വ്യത്യസ്ത പദങ്ങളും ശൈലിയു മുപയോഗിച്ച് അടുത്ത തലമുറക്ക് പറഞ്ഞുകൊടുത്തതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഹദീഥുകളില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്ന പദങ്ങള്‍ പലപ്പോഴും സ്വഹാബിമാരുടേതായിരിക്കുമെന്നും അവയുള്‍ക്കൊള്ളുന്ന ആശയം മാത്രമാണ് ദൈവികമെന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്ന വസ്തുത മനസ്സിലാക്കാതെയാണ് ഇതടക്കമുള്ള പല വിമര്‍ശനങ്ങളും ഉന്നയിക്കപ്പെടുന്നത്.
- നുത്വ്ഫ, അലഖ, മുദ്വ്അ തുടങ്ങിയ ഘട്ടങ്ങളിലോരോന്നും നാല്പത് ദിവസം വീതം ഉള്‍ക്കൊള്ളുന്നുവെന്ന് സ്വഹീഹുല്‍ ബുഖാരി, സ്വഹീഹുമുസ്ലിം, സുനനു അബൂദാവൂദ്, ജാമിഉത്തിര്‍മിദി, സുനനു ഇബ്നു മാജ, മുസ്നദ് അഹ്മദ് തുടങ്ങിയ ഹദീഥ് ഗ്രന്ഥങ്ങളിലൊ ന്നും തന്നെയില്ല. പ്രസ്തുത ഗ്രന്ഥങ്ങളിലെല്ലാം അബ്ദുല്ലാഹിബ്നു മസ്ഊദില്‍ (റ) നിന്ന് നിവേദനം ചെയ്യുന്ന ഹദീഥ് തുടങ്ങുന്നത് ഇങ്ങ നെയാണ്: ‘നിങ്ങളിലുള്ള ഒരാളുടെ സൃഷ്ടികര്‍മം തന്റെ മാതാവിന്റെ ഉദരത്തില്‍ സംയോജിക്കുന്നത് നാല്പതു ദിവസങ്ങളിലായാണ്. പിന്നെ അതേപോലെ അത് അലഖയാകുന്നു; പിന്നെ അതേപോലെ അത് മുദ്വ്അയാകുന്നു. ഇവിടെ നാല്പതു ദിവസത്തില്‍ നടക്കുമെന്ന് പറഞ്ഞത് മാതൃശരീരത്തിലെ സംയോജനമാണ് (ജംഉല്‍ ഖല്‍ഖ്); അത് നുത്വ്ഫയല്ല. ജംഉല്‍ ഖല്‍ഖ് എന്നുപറഞ്ഞത് നുത്വ്ഫയെ ഉദ്ദേശി ച്ചുകൊണ്ടാണെന്ന തെറ്റിദ്ധാരണ കൊണ്ടാണ് ഈ ഹദീഥിന്റെ അടിസ്ഥാനത്തില്‍ നുത്വ്ഫ, അലഖ, മുദ്വ്അ എന്നീ മൂന്നുഘട്ടങ്ങള്‍ക്കും നാല്പതുവീതം ദിവസങ്ങളാണെന്ന നിഗമനത്തില്‍ ഹദീഥ് പണ്ഡിതന്മാരില് ചിലര്‍ എത്തിച്ചേര്‍ന്നത്.
- സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹുല്‍ മുസ്ലിമിലും നിരവധി തവണ ഉദ്ധരിക്കപ്പെട്ടതാണ് ഈ ഹദീഥ്. സ്വഹീഹുല്‍ ബുഖാരിയില്‍ തന്നെ കിതാബു ബദ്ഉല്‍ ഖല്‍ഖ്, കിതാബു അഹാദീഥുല്‍ അന്‍ബിയാഅ്, കിതാബുല്‍ ഖദ്റ്, കിതാബുത്തൗഹീദ് എന്നീ നാല് അധ്യായങ്ങ ളില്‍ ഈ ഹദീഥ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. സ്വഹീഹു മുസ്ലിമിലെ കിതാബുല്‍ ഖദ്റില്‍ ഉദ്ധരിക്കപ്പെട്ട ഇതേ ഹദീഥിന് ഇമാം നവവി നല്കു ന്ന വ്യാഖ്യാനത്തിലാണ് നാല്പത്, നാല്പത്തിരണ്ട്, നാല്പത്തിയഞ്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ നുത്വ്ഫക്കുമേല്‍ മലക്ക് വരുമെന്ന് പ്രസ്താവിക്കുന്ന നടേ ഉദ്ധരിക്കപ്പെട്ട രണ്ടു മുതല്‍ നാലുവരെയുള്ള ഹദീഥുകളിലെ ആശയങ്ങളെയും ഈ ഹദീഥിലെ ആശയത്തെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ആദ്യത്തെ നാല്‍പതുദിവസത്തില്‍ നടക്കുമെന്ന് പറഞ്ഞ ജംഉല്‍ ഖല്‍ഖ് കൊണ്ടു വിവക്ഷിക്കുന്നത് നുത്വ്ഫ യാണെന്നും നാല്പതു ദിവസങ്ങള്‍കൂടി കഴിഞ്ഞ് അലഖയും വീണ്ടും നാല്പതു ദിവസങ്ങള്‍കൂടി കഴിഞ്ഞ് മുദ്വ്അയുമുണ്ടാവുകയാണ് ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ ആത്മാവ് ഊതുന്നത് നാല് മാസങ്ങള്‍ക്കുശേഷമാണ് എന്നുമുള്ള അഭിപ്രായങ്ങളുന്നയിക്കുന്നത്.(6) ഈ അഭിപ്രായം പ്രവാചകന്റേതായി നിവേദനം ചെയ്യപ്പെട്ടതല്ല എന്നതുകൊണ്ടുതന്നെ അത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതായി മുസ്ലിംകളാരും കരുതുന്നില്ല. ഗര്‍ഭാശയത്തിലെന്ത് നടക്കുന്നുവെന്നറിയാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ഹദീഥിലെ പദങ്ങളുടെ വിവക്ഷയെക്കുറിച്ച് നടത്തിയ ഊഹങ്ങള്‍ മാത്രമാണ് ഇമാം നവവിയുടേത്. പ്രസ്തുത ഊഹം തെറ്റാണെന്ന് ശാസ്ത്രീയമായ പഠനങ്ങളിലൂടെ മനസ്സിലായാല്‍ അത് സ്വീകരിക്കുവാന്‍ മുഹമ്മദ് നബി(സ)യെ പിന്‍പറ്റുന്ന മുസ്ലിംകള്ക്ക് യാതൊരു വൈമനസ്യവുമുണ്ടാവില്ല.
- ഭ്രൂണഘട്ടങ്ങളുടെ നാല്പത് ദിവസത്തെക്കുറിച്ച് പറയുന്ന മുകളിലെ ഹദീഥുകളും ഭ്രൂണപരിണാമത്തിന്റെ ഘട്ടങ്ങളെ പ്രതിപാദിക്കുന്ന ക്വുര്‍ആന്‍ ആയത്തുകളും മുന്നില്‍വെച്ചുകൊണ്ട് പരിശോധിച്ചാല്‍ നുത്വ്ഫ മുതല്‍ മുദ്വ്അ വരെയുള്ള മൂന്നുഘട്ടങ്ങളും നാല്പതു ദിവസത്തിനകം പൂര്‍ണമാകുന്നതാണ് എന്നു മനസ്സിലാകും.
- മുദ്വ്അയില്‍ നിന്നാണ് ഇദ്വാം അഥവാ അസ്ഥികള്‍ ഉണ്ടാകുന്നതെന്നാണ് ക്വുര്‍ആന്‍ പറയുന്നത് (23:14). നാല്പത്തിരണ്ട് ദിവസങ്ങള്‍ ക്കുശേഷമാണ് ഭ്രൂണത്തിന് അസ്ഥിയുണ്ടാകുന്നതെന്ന് ഹുദൈഫ(റ)യില്‍ നിന്ന് അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) നിവേദനം ചെയ്തതായി സ്വഹീഹു മുസ്ലിമിലുള്ള ഹദീഥിലുണ്ട് (മുകളിലത്തെ മൂന്നാമത്തെ ഹദീഥ്). ഈ ഹദീഥ് മുഹദ്ദിസുകളായ അബൂദാവൂദും ത്വബ്റാനി യും തങ്ങളുടെ ഹദീഥ് ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചിട്ടുമുണ്ട്. നുത്വ്ഫ മുതല്‍ മുദ്വ്അ വരെയുള്ള ഓരോ ഘട്ടങ്ങള്‍ക്കും നാല്പതു ദിവസങ്ങള്‍ വീതമുണ്ടെങ്കില്‍ ക്വുര്‍ആന്‍ വചനപ്രകാരം നാലുമാസങ്ങള്‍ക്കുശേഷമാണ് അസ്ഥിയുണ്ടാവുക. ഈ ഹദീഥിലാണെങ്കില്‍ നാല്പത്തി രണ്ടു രാത്രികള്‍ക്കുശേഷം അസ്ഥികളുണ്ടാവാന്‍ തുടങ്ങുന്നുവെന്നാണുള്ളത്. നാല്പത്തിരണ്ടു ദിവസങ്ങള്‍ക്കു മുമ്പ് മുദ്വ്അയെന്ന ഘട്ടം കഴിഞ്ഞുപോയിയെന്നാണ് ഇതിനര്‍ത്ഥം. ഈ ഹദീഥും ആയത്തും യോജിപ്പിച്ചാല്‍ ഇക്കാര്യം വ്യക്തമായി മനസ്സിലാകും.
- മുദ്വ്അയുണ്ടായതിനു ശേഷമാണ് അവയവ രൂപീകരണങ്ങളെല്ലാം നടക്കുന്നതെന്ന് മുകളിലെ ഹദീഥുകള്‍ വ്യക്തമാക്കുന്നു. മുദ്വ്അയാ യിത്തീര്‍ന്ന് നാല്പതു ദിവസം കഴിഞ്ഞാണ് അവയവ രൂപീകരണം നടക്കുന്നതെന്നു പറഞ്ഞാല്‍ നാലു മാസങ്ങള്‍ക്കുശേഷമാണ് അവയ വ രൂപീകരണം നടക്കുന്നതെന്നാണ് അതിനര്‍ത്ഥം. മൂന്നുമാസം പ്രായമായ സന്ദര്‍ഭത്തില്‍ ഗര്‍ഭം അലസിപ്പോകുമ്പോള്‍ ആ പ്രായത്തി ലുള്ള കുഞ്ഞുങ്ങള്‍ക്ക് ഒരുവിധം എല്ലാ ബാഹ്യാവയവങ്ങളും രൂപീകരിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രവാചകകാലത്ത് ജീവിച്ചിരുന്നവര്‍ക്ക് മനസ്സിലാവുമായിരുന്നു. നൂറ്റിയിരുപത് ദിവസങ്ങള്‍ക്കുശേഷമാണ് അവയവ രൂപീകരണമെന്ന് അവര്‍ പ്രവാചകനില്‍ (സ) നിന്ന് മനസ്സിലാക്കിയിരുന്നുവെങ്കില്‍ തങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ അദ്ദേഹത്തോട് സംശയമുന്നയിക്കുമായിരുന്നു. ഇക്കാര്യത്തില്‍ അനുയായികളാരെങ്കിലും സംശയമുന്നയിച്ചതായോ എതിരിളികളാരെങ്കിലും വിമര്‍ശനമുന്നയിച്ചതായോ യാതൊരു വിധ നിവേദനങ്ങളുമില്ല. നൂറ്റിയിരുപത് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമേ മുദ്വ്അ ഘട്ടം കഴിയൂവെന്ന് അവരാരും പ്രവാചകനില്‍ (സ) നിന്ന് മനസ്സിലാക്കിയിട്ടില്ലെന്നാണ് ഇതിനര്‍ത്ഥം.
- ബുഖാരിയിലും മുസ്ലിമിലുമുള്ള ഈ ഹദീഥിലെ വാചകങ്ങളില്‍ പ്രധാനപ്പെട്ട ഒരു വ്യത്യാസമുണ്ട്. നിങ്ങളോരോരുത്തരും മാതൃവ യറ്റില്‍ നാല്പതു ദിവസം കൊണ്ടാണ് സംയോജിക്കുന്നത് എന്നുപറഞ്ഞശേഷം അങ്ങനെ അതേപോലെത്തന്നെ അലഖയാകുന്നു; അങ്ങ നെ അതേപോലെത്തന്നെ മുദ്വ്അയാകുന്നു’ (ഥുമ്മ യകൂനു അലഖത്തുന്‍ മിഥ്ല ദാലിക്ക; ഥുമ്മ യകൂനു മുദ്വ്അത്തുന്‍ മിഥ്ല ദാലിക്ക) എന്നാണ് ബുഖാരിയിലുള്ളത്. മുസ്ലിമിലാകട്ടെ ‘അങ്ങനെ അതേപോലെത്തന്നെ അതില്‍വെച്ചുതന്നെ അലഖയാകുന്നു; അങ്ങനെ അതേ പോലെത്തന്നെ അതില്‍വെച്ചുതന്നെ മുദ്വ്അയാകുന്നു’ (ഥുമ്മ യകൂനു ഫീദാലിക അലഖത്തുന്‍ മിഥ്ല ദാലിക്ക; ഥുമ്മ യകൂനു മുദ്വ്അത്തു ന് ഫീദാലിക മിഥ്ല ദാലിക്ക)(7) എന്നാണുള്ളത്. രണ്ടുതവണ ‘ഫീദാലിക്ക’യെന്ന് ആവര്‍ത്തിച്ചു വന്നിട്ടുണ്ട്, ഇവിടെ. ‘അതില്‍ വെച്ചുത ന്നെ’യെന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഫീദാലിക്കെയന്ന് ഉപയോഗിച്ചത് നാല്പതു ദിവസത്തെക്കുറിക്കുവാനാകാനാണ് കൂടുതല്‍ സാധ്യതയെന്നാണ് വാചകത്തിന്റെ ഘടനയില്‍ നിന്ന് മനസ്സിലാവുക. അങ്ങനെയാണെങ്കില്‍ ഈ ഹദീഥിന്റെ നേര്‍ക്കുനേരെയുള്ള വിവ ക്ഷ നാല്പതു ദിവസങ്ങള്‍ക്കകത്താണ് അലഖ, മുദ്വ്അ എന്നീ ഘട്ടങ്ങള്‍ എന്നായിരിക്കും. മുസ്ലിമിലുള്ള ഈ ഹദീഥിന്റെ വാചകഘട നയോടും മറ്റുസമാനമായ ഹദീഥുകളിലെ ആശയങ്ങളോടും നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുതകളോടും പൊരുത്തപ്പെടുന്ന അര്‍ത്ഥമതാണ്.
- പരാമര്‍ശിക്കപ്പെട്ട ഹദീഥിലെ മിഥ്ല ദാലിക്ക (അതേപോലെത്തന്നെ)യെന്ന അലഖയെയും മുദ്വ്അയെയും കുറിച്ച പരാമര്‍ശങ്ങള്‍ക്കു ശേഷം ആവര്‍ത്തിക്കപ്പെട്ടിരിക്കുന്ന പദപ്രയോഗം, ‘നാല്പതു ദിവസം’ എന്ന ആദ്യഭാഗത്തിന്റെ ആവര്‍ത്തനത്തെയാണ് കുറിക്കുന്ന തെന്ന വീക്ഷണത്തില്‍ നിന്നാണ് അലഖ, മുദ്വ്അ എന്നീ ഘട്ടങ്ങളില്‍ ഓരോന്നിനും നാല്പതു ദിവസങ്ങള്‍ വീതം ഉണ്ടെന്ന നിഗമനത്തിലെ ത്തുവാന്‍ ഇമാം നവവിയെപ്പോലെയുള്ള ഹദീഥ് വിശാദരന്‍മാരെ പ്രേരിപ്പിച്ചത്. എന്നാല്‍ ഈ വിഷയം പറയുന്ന മറ്റു ഹദീഥുകളുമാ യി താരതമ്യം ചെയ്യുകയും വാചകഘടനയെ സൂക്ഷ്മമായി വിശകലനം നടത്തുകയും ചെയ്താല്‍ അത് മാതൃശരീരത്തിലെ സംയോജന ത്തെയാണ് (ജംഉല്‍ ഖല്‍ഖ്) കുറിക്കുന്നതെന്നാണ് മനസ്സിലാവുകയെന്ന് പല പണ്ഡിതന്മാരും സൂചിപ്പിച്ചിട്ടുണ്ട്. ക്രിസ്താബ്ദം പതി മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച കമാല്‍ അബ്ദുല്‍ വാഹിദ് ബ്നു അബ്ദുല്‍ കരീം അസ്സംലക്കാനിയെന്ന ക്വുര്‍ആന്‍ പണ്ഡിതന് തന്റെ അല്‍ ബുര്‍ഹാനല്‍ കാശിഫ് അന്‍ഇഅ്ജാസുല്‍ ക്വുര്‍ആന്‍(8) എന്ന കൃതിയില്‍ ഇക്കാര്യം സമര്‍ത്ഥിക്കുന്നുണ്ട്. ഭ്രൂണശാസ്ത്ര വസ്തുതകള്‍ മനസ്സിലാക്കിയതിനുശേഷം ഇസ്ലാമിക പ്രബോധകര്‍ നടത്തുന്ന ദുര്‍വ്യാഖ്യാനമല്ല ഇതെന്നര്‍ത്ഥം.
ആറ് ആഴ്ചകള്‍ക്കുശേഷമാണ് ഭ്രൂണത്തിന്റെ ലിംഗനിര്‍ണയവും വ്യക്തിത്വത്തിന്റെ പാരമ്പര്യനിര്‍ണയവും അവയവ രൂപീകരണവും വൈകല്യങ്ങളുണ്ടെങ്കില് അവയുടെ സ്ഥിരീകരണവും നടക്കുകയെന്ന ഹദീഥുകള്‍ സൂചിപ്പിക്കുന്ന കാര്യങ്ങളെല്ലാം കൃത്യമാണെന്ന് ആധു നിക ശാസ്ത്രം നമുക്ക് പറഞ്ഞുതരുന്നു. ബീജസങ്കലനം, പ്രതിഷ്ഠാപനം, സോമൈറ്റ് രൂപീകരണം എന്നീ ഭ്രണവളര്‍ച്ചയുടെ പ്രാഥമികമായ മൂന്ന് ഘട്ടങ്ങളും ക്രമപ്രവൃദ്ധമായി നടക്കുന്നത് ആദ്യത്തെ നാല്പതു ദിവസങ്ങള്‍ക്കുള്ളിലാണെന്ന് ഭ്രൂണശാസ്ത്രം പറയുമ്പോള്‍ അത് ഹദീഥുകളുടെ സത്യതയുടെ പ്രഘോഷണമാണെന്നതാണ് സത്യം; ക്വുര്‍ആന്‍ വിമര്‍ശകര്‍ എത്രതന്നെ ശക്തമായി നിഷേധിച്ചാലും അതാണ് വസ്തുത. സത്യാന്വേഷികള്‍ക്കെല്ലാം അത് സുതരാം മനസ്സിലാവും, തീര്‍ച്ച.
കുറിപ്പുകള്‍:
- സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഖദ്ര്, ഹദീഥ്
- സ്വഹീഹ് മുസ്ലിം, കിതാബുല്‍ ഖദ്ര്, ഹദീഥ്
- സ്വഹീഹ് മുസ്ലിം, കിതാബുല്‍ ഖദ്ര്, ഹദീഥ്
- സ്വഹീഹ് മുസ്ലിം, കിതാബുല്‍ ഖദ്ര്, ഹദീഥ്
- സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഖദ്ര്, ഹദീഥ് 6595, സ്വഹീഹ് മുസ്ലിം, കിതാബുല്‍ ഖദ്ര്, ഹദീഥ്
- ഇമാം നവവി: സ്വഹീഹ് മുസ്ലിം http://hadith.al-islam.com/.
- സ്വഹീഹ് മുസ്ലിം, കിതാബുല്‍ ഖദ്ര്, ഹദീഥ്
- Abdul-Majeed A. Zindani, Mustafa A. Ahmed, Joe Leigh Simpson: Embryogenesis and Human Development in the first 40 days in Abdul-Majeed A. Zindani: Human Development as Described in the Quran and Sunnah, Riyadh, 1983, Page 122.