മുഹമ്മദ് നബി (സ) വേദക്കാരിൽ നിന്ന് പകർത്തിയതോ?

/മുഹമ്മദ് നബി (സ) വേദക്കാരിൽ നിന്ന് പകർത്തിയതോ?
/മുഹമ്മദ് നബി (സ) വേദക്കാരിൽ നിന്ന് പകർത്തിയതോ?

മുഹമ്മദ് നബി (സ) വേദക്കാരിൽ നിന്ന് പകർത്തിയതോ?

Print Now

പ്രവാചകത്വപൂര്‍വകാലത്ത് പ്രവാചകന് അടുത്ത പരിചയമുണ്ടായിരുന്ന സയ്ദ്ബ്‌നു ഹാരിഥയില്‍ നിന്നും വറക്വത്ബ്‌നു നൗഫലില്‍ നിന്നുമാണ് ജൂതമതത്തെയും ക്രിസ്തുമതത്തെയും സംബന്ധിച്ച അറിവുകള്‍ പ്രവാചകന്‍ ശേഖരിച്ചത്. വേദക്കാരെ സംബന്ധിച്ചും അവരുടെ പ്രവാചകന്‍മാരെ സംബന്ധിച്ചുമുള്ള ക്വുര്‍ആനിക ദര്‍ശനം ഈ അറിവുകളെയാണ് പ്രതിഫലിപ്പിക്കുന്നത്. മക്കയില്‍ പ്രവാചകന്റെ ജീവിതപരിസരത്തുതന്നെ എപ്പോഴുമുണ്ടായിരുന്ന സയ്ദിന്റെയും വറക്വയുടെയും ക്രൈസ്തവപശ്ചാത്തലം ക്വുര്‍ആനിന്റെ മാനുഷിക സ്രോതസ്സുകളിലേക്ക് കൃത്യമായി വെളിച്ചം വീശുന്നുണ്ട്. ‘സിറിയന്‍ യാത്ര’കളെപ്പോലെത്തന്നെ ഓറിയന്റലിസ്റ്റുകളും മിഷനറിമാരും ക്വുര്‍ആനിന്റെ ദൈവികതയെ നിരാകരിക്കുവാന്‍ വേണ്ടി അവതരിപ്പിക്കുന്ന പരാമൃഷ്ട സയ്ദ്-വറക്വ സിദ്ധാന്തങ്ങളും കേവലം ഒരു മിത്താണോ?

തെ. മുഹമ്മദ് നബി (സ) തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയ മനുഷ്യരുടെ പട്ടിക അദ്ദേഹത്തെ സംബന്ധിച്ച ജീവചരിത്രപരമായ അറിവ് വര്‍ധിപ്പിക്കുമെന്നല്ലാതെ ക്വുര്‍ആനിക വചനങ്ങളുടെ ദൈവികതയെ നിഷേധിക്കുവാന്‍ ഒരു നിലക്കും ഉപകാരപ്പെടുകയില്ലെന്ന് ഓറിയന്റലിസ്റ്റുകള്‍ നിര്‍മിച്ച സിറിയന്‍ യാത്രാ കഥകള്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ നാം വിശദമായി വ്യക്തമാക്കിയതാണ്. പരിശുദ്ധ ക്വുര്‍ആനിന്റെ ഉള്ളടക്കവും ശൈലിയും മനുഷ്യനിഷ്പന്നമാവുക അസാധ്യമാണ് എന്നതിനാല്‍ സയ്ദില്‍ നിന്നും വറക്വയില്‍ നിന്നും ക്രിസ്തുമതജ്ഞാനം പ്രവാചകന് കിട്ടിയിരുന്നു എന്ന വിമര്‍ശകസിദ്ധാന്തത്തെ അപ്പടി സ്വീകരിച്ചാല്‍ പോലും അത് ക്വുര്‍ആനിലെ പൂര്‍വപ്രവാചക കഥനങ്ങള്‍ക്കോ ജൂത-ക്രിസ്തുമതാപഗ്രഥനങ്ങള്‍ക്കോ ഉള്ള വിശദീകരണമാവുകയില്ല. പ്രവാചകന്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ തന്റെ ചുറ്റുപാടുമുള്ളവരില്‍ നിന്ന് എന്തെല്ലാം പഠിച്ചു എന്നതല്ലാതെ, മറിച്ച് വെളിപാടുകളായി അദ്ദേഹം ലോകത്തിനുമുന്നിലവരതിപ്പിച്ച വചനങ്ങളുടെ സ്രോതസ്സ് ദൈവമല്ലാതെ മറ്റാരാണ് എന്നതാണ് മര്‍മപ്രധാനമായ വിഷയമെന്ന കാര്യം പോലും ഇത്തരം ‘കണ്ടെത്തലുകള്‍’ക്കായുള്ള ‘ഗവേഷണ’ബഹളങ്ങള്‍ക്കിടയില്‍ നബിവിമര്‍ശകര്‍ മറന്നുപോവുകയാണ്.

പ്രവാചകന്‍ പ്രകൃതിയില്‍ നിന്നോ സഹജീവികളില്‍ നിന്നോ നേടിയെടുത്ത വിവരങ്ങളൊന്നുമല്ല ക്വുര്‍ആന്‍ വചനങ്ങളായി അദ്ദേഹം ലോകത്തെ കേള്‍പിച്ചത് എന്ന് ക്വുര്‍ആനിന്റെ ഉള്ളടക്കവും ശൈലിയും എത്ര നിശിതമായി വിശകലനം ചെയ്താലും ആര്‍ക്കും ബോധ്യപ്പെടും. പ്രസ്തുത വിശകലനത്തിനാണ് നബിവിമര്‍ശകര്‍ ഒന്നാമതായി സന്നദ്ധമാകേണ്ടത്. ക്വുര്‍ആനിന്റെ രചന പ്രവാചകനിലോ ചുറ്റുമുള്ളവരിലോ ആരോപിക്കുവാന്‍ ചരിത്രം ചികയുന്നത് വ്യര്‍ത്ഥമാണെന്ന് ആ വിശകലനം അവരെ ബോധ്യപ്പെടുത്താതിരിക്കില്ല. ഒരു സയ്ദിനെയോ വറക്വയെയോ പരിചയമുണ്ടായാല്‍ നടക്കുന്നതായിരുന്നു ക്വുര്‍ആനിന്റെ രചനയെങ്കില്‍ അത്തരത്തിലുള്ള പലരെയും പരിചയമുണ്ടായിരുന്ന, എത്രപേരെ വേണമെങ്കിലും സംഘടിപ്പിക്കാമായിരുന്ന അറേബ്യന്‍ സാഹിത്യസാമ്രാട്ടുകള്‍ക്ക് ക്വുര്‍ആനിനെപ്പോലൊരു ഗ്രന്ഥം കൊണ്ടുവരാനുള്ള പ്രവാചകന്റെ വെല്ലുവിളിയെ വളരെയളുപ്പത്തില്‍ മറികടക്കാന്‍ കഴിയുമായിരുന്നുവെന്നതാണ് വസ്തുത. അങ്ങനെയല്ല പക്ഷേ സംഭവിച്ചതെന്ന് ചരിത്രത്തില്‍ നിന്ന് വ്യക്തമാണല്ലോ.

മക്കയില്‍ ക്രൈസ്തവരുടെ സാമൂഹ്യസാന്നിധ്യമുണ്ടായിട്ടില്ല എന്നും സിറിയന്‍ യാത്രകളില്‍ നിന്നാണ് പ്രവാചകന്‍ ജൂത-ക്രൈസ്തവ മതങ്ങളെക്കുറിച്ചുള്ള അറിവുകള്‍ ക്വുര്‍ആനില്‍ ഉള്‍ചേര്‍ത്തതെന്ന സിദ്ധാന്തം അത്യന്തം പരിഹാസ്യമാണെന്നും ബോധ്യമുള്ളതുകൊണ്ടാണ് മക്കയില്‍ തന്നെ പ്രവാചകന് ‘വിവരദായകരെ’ സങ്കല്‍പിക്കുവാന്‍ കഴിയുന്നതിലുള്ള ആവേശത്തോടെ ചില നബിവിമര്‍ശകര്‍ സയ്ദിന്റെയും വറക്വയുടെയും കഥകള്‍ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ക്വുര്‍ആനിന്റെ രചനക്ക് ഒരു നിലയ്ക്കും വിശദീകരണമാകാന്‍ കഴിയാത്ത, ഒരു മനുഷ്യന്‍ എന്നനിലയില്‍ പലരില്‍ നിന്നും പലതും മനസ്സിലാക്കിയ  കൂട്ടത്തില്‍ ഈ രണ്ടുപേരില്‍ നിന്നും പ്രവാചകന്‍ ജൂത-ക്രൈസ്തവ വിശ്വാസങ്ങളെക്കുറിച്ച് ചിലതെല്ലാം മനസ്സിലാക്കിയിട്ടുണ്ടാകാം എന്ന ജീവചരിത്രപരമായ അറിവുമാത്രമാണ് ഈ ഗവേഷണം എത്ര കടന്നാലും സ്ഥാപിക്കുക എന്ന് നാം സൂചിപ്പിച്ചു. എന്നാല്‍ ആ ‘അറിവു’പോലും സയ്ദിനെയും വറക്വയെയും സംബന്ധിച്ച് പ്രവാചകനുമായി ബന്ധപ്പെടുത്തി ചരിത്രം നല്‍കുന്നില്ല എന്നതാണ് വാസ്തവം.

ആരാണ് സയ്ദ്ബ്‌നു ഹാരിഥ (റ)? ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രസിദ്ധനായ  പ്രവാചകാനുചരന്‍മാരിലൊരാള്‍. അദ്ദേഹം പ്രവാചകന് എന്തെങ്കിലും ക്രിസ്തുമതാറിവുകള്‍ പകര്‍ന്നു നല്‍കിയതായി വ്യക്തമാക്കുന്ന ഒരൊറ്റ ചരിത്രരേഖയുമില്ല. ഇസ്‌ലാം പൂര്‍വകാലത്ത് ജൂതനോ ക്രിസ്ത്യാനിയോ ആയി ജീവിച്ച വ്യക്തിയുമല്ല അദ്ദേഹം. അദ്ദേഹത്തിന്റെ മാതാപിതാക്കളും ജൂതന്‍മാരോ ക്രിസ്ത്യാനികളോ അല്ല. നജ്ദിലെ കല്‍ബ് ഗോത്രത്തില്‍ യമനീ വേരുകളുള്ള ഒരു അറബ് കുടുംബത്തില്‍ ഒരു സാധാരണ അറബിയായിട്ടാണ് സയ്ദ് ജനിച്ചതും വളര്‍ന്നതും. പിതാവ് ഹാരിഥയുടെയും മാതാവ് സുഅ്ദ ബിന്‍ത് ഥഅ്‌ലബയുടെയും കുടുംബങ്ങള്‍ തമ്മിലുണ്ടായ ചില തര്‍ക്കങ്ങളെ തുടര്‍ന്ന് ഉമ്മയുടെ കയ്യില്‍നിന്ന് ചില അക്രമികള്‍ കേവലം എട്ടുവയസ്സിനോടടുത്ത് പ്രായമുള്ള സമയത്ത് തട്ടിയെടുത്ത് മക്കയ്ക്കടുത്തുള്ള ഒരടിമച്ചന്തയില്‍ കൊണ്ടുവന്ന് വിറ്റതാണ് സയ്ദിനെ. പിന്നീടുള്ള സയ്ദിന്റെ ജീവിതം മക്കയിലാണ്. പില്‍ക്കാലത്ത് പ്രവാചകപത്‌നിയായിത്തീര്‍ന്ന ഖദീജ ബിന്‍ത് ഖുവയ്‌ലിദിനുവേണ്ടി അവരുടെ സഹോദരീപൂത്രന്‍ ഹക്കീം ആണ് സയ്ദിനെ അടിമച്ചന്തയില്‍ നിന്നുവാങ്ങിയത്. സ്വാഭാവികമായും ഖദീജയുടെ ഭൃത്യനായി അവരുടെ വീട്ടിലാണ് സയ്ദിന്റെ അവിടുന്നങ്ങോട്ടുള്ള ജീവിതം.

പ്രവാചകന്‍ അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ ഖദീജയെ വിവാഹം കഴിച്ച് അവര്‍ ഒരുമിച്ച് താമസമാക്കിയപ്പോള്‍ സയ്ദിനെ ഖദീജ പ്രവാചകന് സമ്മാനമായി നല്‍കി. പ്രവാചകന്റെ അധീനതയിലുള്ള അടിമയായാണ് സയ്ദ് പിന്നെ മക്കയില്‍ ജീവിക്കുന്നത്. ഇതാണ് സയ്ദ്ബ്‌നു ഹാരിഥ; ഇതാണ് അദ്ദേഹത്തിന് പ്രവാചകനുമായുള്ള ബന്ധം. സയ്ദിന്റെ വിപുലമായ ഗോത്രബന്ധങ്ങളില്‍ എവിടെയൊക്കെയോ ചിലര്‍ ഏതൊക്കെയോ കാലത്ത് ക്രിസ്തുമതം സ്വീകരിച്ചവരുണ്ടായിരുന്നുവെന്നും അവരില്‍നിന്ന് സയ്ദ് ധാരാളം ക്രിസ്തുമതജ്ഞാനങ്ങള്‍ എട്ടുവയസ്സിനകം സമ്പാദിച്ചുവെന്നും വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം അവ മുഹമ്മദിന് പകര്‍ന്നുകൊടുത്തുവെന്നുമാണ് ചില ഓറിയന്റലിസ്റ്റുകള്‍ സമര്‍ത്ഥിച്ചിട്ടുള്ളത്. ഓറിയന്റലിസ്റ്റുകള്‍ ക്രമത്തില്‍ പറയുന്ന ഈ മൂന്ന് വാദങ്ങളില്‍ ആദ്യത്തേതിനുമാത്രമാണ് അവര്‍ വസ്തുതാപരമായ തെളിവുകള്‍ ഹാജരാക്കാന്‍ ശ്രമിക്കുന്നത്. മറ്റേത് രണ്ടും യാതൊരു ചരിത്രാടിത്തറയുമില്ലാത്ത വന്യഭാവനകളാണ്. സങ്കല്‍പത്തിനും ഭാവനയ്ക്കുമാണെങ്കില്‍ പോലും ചില അടിസ്ഥാന ധാര്‍മികതകള്‍ ആവശ്യമില്ലേ? തീരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ബന്ദിയാക്കി അടിമച്ചന്തയില്‍ വില്‍ക്കപ്പെട്ട ഒരാള്‍ ആയുളുടെ അടിമജീവിതത്തിനുമുമ്പുള്ള അതിഹൃസ്വമായ ബാല്യത്തില്‍ അതിവിദൂരമായ ഗോത്രബന്ധങ്ങളിലെവിടെയോ ഉണ്ടായിരുന്ന ക്രിസ്തുമതത്തെക്കുറിച്ച് ‘നേടിയെടുക്കുക’യും പ്രായപൂര്‍ത്തിയാവുകയും ജീവിതസാഹചര്യങ്ങള്‍ അടിമുടി മാറുകയും ചെയ്തിട്ടും ‘അക്ഷരംപ്രതി ഓര്‍ത്തുവെക്കുക’യും ചെയ്ത വിവരങ്ങളാണ് ക്വുര്‍ആനിനെപ്പോലൊരു ഗ്രന്ഥത്തിന്റെ ഉള്ളടക്കം നിര്‍ണയിച്ചതെന്ന് സങ്കല്‍പിക്കുന്നവര്‍ സ്വയം പരിഹാസ്യരാവുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നത്? സയ്ദ്ബ്‌നു ഹാരിഥ(റ)യെ ക്വുര്‍ആനിലെ ക്രിസ്തുമത പ്രതിപാദനങ്ങളുടെ സ്രോതസ്സായി പ്രതിഷ്ഠിക്കുവാനുള്ള വിമര്‍ശകപരിശ്രമം മൂര്‍ത്തമായ തെളിവുകളുടെ അഭാവം അവരെ എത്രത്തോളം ഹതാശരാക്കുന്നുവെന്ന് മാത്രമാണ് വ്യക്തമാക്കുന്നതെന്ന് ചുരുക്കം.

സയ്ദ്ബ്‌നു ഹാരിഥ(റ)യെ സംബന്ധിച്ച് ഉപലബധമായ എല്ലാ വിവരങ്ങളും പ്രവാചകന്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചതായല്ല, മറിച്ച് പ്രവാചകവ്യക്തിത്വത്തില്‍ അഗാധമായി ആകര്‍ഷിക്കപ്പെട്ട് പ്രവാചകന്റെ ഉത്തമശഷ്യനായി സയ്ദ് മാറിയതിനെക്കുറിച്ചാണ് അസന്നിഗ്ധമായി സൂചിപ്പിക്കുന്നത്. പ്രവാചകനില്‍നിന്ന് പഠിക്കുവാന്‍ ധൃതിപ്പെട്ട സയ്ദ് ആണ്, പ്രവാചകനെ പഠിപ്പിച്ച സയ്ദ് അല്ല ചരിത്രത്തിലുള്ളത്. പ്രവാചകനെ കണ്ടുമുട്ടിയതുമുതല്‍ക്കുതന്നെ നബി വ്യക്തിത്വത്തിന്റെ വിശുദ്ധിയെയും സമഗ്രതയെയും കുറിച്ച് ആഴത്തില്‍ ബോധ്യം വരികയും ആ ബോധ്യം ജീവിതാന്ത്യം വരെ കെടാതെ കാക്കുകയും പ്രവാചകനിലുള്ള അടിയുറച്ച വിശ്വാസം കാരണമായി അദ്ദേഹത്തിനുവേണ്ടി എന്തും ചെയ്യാന്‍ സദാ സന്നദ്ധനായി നില്‍ക്കുകയും ചെയ്ത നിഷ്‌കളങ്കനായ പ്രവാചകാനുചരനാണ് ചരിത്രത്തിലെ സയ്ദ്ബ്‌നു ഹാരിഥ. പ്രവാചകന്റെ വെളിപാടുകളുടെ അവലംബം തന്നില്‍ നിന്ന് ലഭിച്ച വിവരങ്ങളാണെന്ന് ബോധ്യമുള്ള ഒരാളുടെ യാതൊരു ലക്ഷണവും ചരിത്രത്തില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുള്ള സയ്ദിന്റെ ജീവിതത്തില്‍ നാം കാണുന്നില്ല.

പരസ്പരം നിഷ്‌കളങ്കത ബോധ്യപ്പെട്ടുള്ള പ്രാവചകന്റെയും സയ്ദിന്റെയും ഹൃദയഹാരിയായ ആത്മബന്ധം മക്കയില്‍ മുഴുവന്‍ പ്രശസ്തമായിരുന്നു. ‘ഹിബ്ബുറസൂലില്ലാഹ്’ (അല്ലാഹുവിന്റെ ദൂതന്റെ പ്രിയപ്പെട്ടവന്‍) എന്നാണ് സയ്ദ് (റ) ചരിത്രത്തില്‍ അറിയപ്പെടുന്നതുതന്നെ. ഭൃത്യനായി പ്രവാചകന്റെ കൂടെ ജീവിതമാരംഭിച്ച കാലം മുതല്‍ക്കുതന്നെ പ്രവാചകന്റെ വ്യക്തിവിശുദ്ധിയെക്കുറിച്ച് ബോധ്യം വന്നതുകൊണ്ടാണ് സയ്ദിന് മനസ്സിന്റെ ആഴങ്ങളില്‍നിന്ന് അദ്ദേഹത്തോടുള്ള സ്‌നേഹവും ആദരവും നിര്‍ഗളിച്ചത്; അതുതന്നെയാണ് അവര്‍ തമ്മിലുള്ള ഗാഢസൗഹൃദത്തിന്റെ അടിത്തറ കെട്ടിയതും. പ്രവാചകത്വപൂര്‍വകാലത്ത്, ചെറുപ്പത്തില്‍ തങ്ങളില്‍ നിന്ന് വേര്‍പെട്ടുപോയ സയ്ദ് മക്കയില്‍ മുഹമ്മദിന്റെ കൂടെയുണ്ടെന്ന് മനസ്സിലാക്കി അദ്ദേഹത്തെ തിരിച്ചുകൊണ്ടുപോകാന്‍ വന്ന പിതാവടക്കമുള്ള വീട്ടുകാരെ, നബി(സ)യെ പിരിയാന്‍ തനിക്കാവില്ലെന്നും തന്നെക്കുറിച്ച് യാതൊരാകുലതയുമാവശ്യമില്ലെന്നും അത്രയും കറകളഞ്ഞ ഒരു രക്ഷിതാവിനെയാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി തിരിച്ചയച്ച സയ്ദിന്റെ (റ) ചരിത്രപ്രസിദ്ധമായ നടപടി, നബി വ്യക്തിത്വത്തെക്കുറിച്ച് വര്‍ഷങ്ങളുടെ സഹവാസം വഴി അദ്ദേഹത്തില്‍ അടിയുറച്ചുവന്ന ബോധ്യമാണ് കാണിക്കുന്നത്. തന്നെക്കാള്‍ പത്തുവയസ്സോളം പ്രായം കുറവുള്ള സയ്ദിനെ ഒരനിയനെയോ മകനെയോ പോലെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത പ്രവാചകത്വപൂര്‍വ നബിജീവിതത്തില്‍ കൃത്രിമത്വത്തിന്റെയോ തട്ടിപ്പിന്റെയോ ചെറിയ ലാഞ്ചനപോലും സയ്ദിനനുഭവപ്പെട്ടില്ല എന്നതിന്റെ രേഖയാണീ സംഭവം. പ്രവാചകന് വെളിപാട് ലഭിച്ചുതുടങ്ങുകയും അദ്ദേഹം തന്റെ പ്രവാചകത്വം പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ഉടനടി അദ്ദേഹത്തില്‍ വിശ്വസിച്ച ഒരാള്‍ സയ്ദ് ആയിരുന്നുവെന്ന വസ്തുതയെ ഇതിനോട് ചേര്‍ത്തുവായിക്കുക. ഓറിയന്റലിസ്റ്റുകള്‍ സങ്കല്‍പിക്കുന്ന ഛായയില്‍ വരക്കുക അസാധ്യമാണ് സയ്ദിന്റെ (റ) പ്രവാചകനുമായുള്ള ബന്ധമെന്ന കാര്യം ഇതില്‍ നിന്നെല്ലാം സുതരാം വ്യക്തമാണ്. പിന്നീട് മരിക്കുവോളം തിരുനബി(സ)യുടെ വിശ്വസ്തനായ സന്തതസഹചാരിയാണ് സയ്ദ് (റ).

മക്കയില്‍ പീഡനങ്ങള്‍ കനത്തപ്പോള്‍ ത്വാഇഫിലേക്ക് അഭയം തേടിപ്പോകുമ്പോഴും അവിടെ നിന്ന് കല്ലേറുകൊണ്ട് മടങ്ങിവരുമ്പോഴും പ്രവാചകന്റെ നിഴലായി കൂടെയുണ്ട് സയ്ദ്ബ്‌നു ഹാരിഥ. സയ്ദിനോടുള്ള ഇഷ്ടം കാരണം പ്രവാചകത്വപൂര്‍വകാലത്ത് നബി (സ) അദ്ദേഹത്തെ തന്റെ ദത്തുപുത്രനായി പ്രഖ്യാപിച്ച കാര്യം പ്രസിദ്ധമാണ്. പില്‍ക്കാലത്ത് മദീന കാലഘട്ടത്തില്‍ ക്വുര്‍ആനില്‍ ദത്തുപുത്ര സമ്പ്രദായം നിരോധിക്കുകയും സയ്ദ് (റ) വിവാഹമോചനം ചെയ്ത് സയ്‌നബ്(റ)നെ പ്രവാചകന്‍  വിവാഹം  ചെയ്തുകൊണ്ട് നിരോധനത്തിന്റെ  സാമൂഹ്യമായ അംഗീകാരം നേടിയെടുക്കണമെന്ന് കല്‍പ്പിക്കുകയും ചെയ്യുന്ന വചനങ്ങള്‍ സയ്ദിന്റെ പേരടക്കമുദ്ധരിച്ചുകൊണ്ട് അവതരിപ്പിക്കപ്പെടുകയും  അത് അറേബ്യയിലൊന്നടങ്കം പ്രവാചകന്റെ ശത്രുക്കള്‍ വന്‍വിവാദമാക്കുകയും ചെയ്തപ്പോഴും സയ്ദ് (റ) നബി(സ)യുടെ കൂടെ അടിയുറച്ചു നിന്നുവെന്ന വസ്തുത, ഓറിയന്റലിസ്റ്റ് ഭാവനകളെ മുഴുവന്‍ കശക്കിയെറിയുന്നെണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. മദീനയില്‍ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സംരക്ഷണാര്‍ത്ഥം നബി (സ) നിയോഗിച്ചയച്ച അനേകം  സൈനിക ദൗത്യ സംഘങ്ങളുടെ നായകസ്ഥാനത്തുണ്ടായിരുന്നയാള്‍  കൂടിയാണ് സയ്ദ്(റ). പ്രതിബദ്ധതയില്‍ നബി(സ)ക്ക്  യാതൊരു  സംശയവുമില്ലാതിരുന്ന, പ്രവാചകനിലും വെളിപാടുകളിലുമുള്ള അടിയുറച്ച വിശ്വാസം കാരണം ഇസ്‌ലാമിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ പോലും സദാസന്നദ്ധനായിരുന്ന കളങ്കരഹിതനായ ഭക്തമുസ്‌ലിം ആയിരുന്നു സയ്ദ് (റ) എന്നര്‍ത്ഥം.

ഹിജ്‌റ എട്ടാം വര്‍ഷം പ്രസിദ്ധമായ മുഅ്താ യുദ്ധത്തില്‍ രണ്ടു ലക്ഷത്തോളം വരുന്ന ക്രൈസ്തവ ബയ്‌സന്റയ്ന്‍ പടയാളികളോട് മൂവായിരത്തോളം മാത്രം വരുന്ന മുസ്‌ലിം സേനയെവെച്ച് സേനാനായകസ്ഥാനത്തിരുന്ന് പൊരുതവെ രക്തസാക്ഷിത്വം വരിച്ചുകൊണ്ടാണ് സയ്ദിന്റെ മരണമെന്ന സത്യമെങ്കിലും പരിഗണിച്ചിരുന്നുവെങ്കില്‍ സയ്ദിനെക്കുറിച്ച്  ഇത്തരമൊരു കഥ വിമര്‍ശകര്‍ക്ക് മെനയാന്‍ കഴിയുമായിരുന്നില്ലെന്നതല്ലേ യാഥാര്‍ത്ഥ്യം?

ഇനി വറക്വത്ബ്‌നു നൗഫലിന്റെ കാര്യത്തിലേക്കു വരാം. പ്രവാചക പത്‌നി ഖദീജ(റ)യുടെ പിതൃപുത്രനായിരുന്നു ഖുറയ്ശ് ഗോത്രക്കാരനും മക്കകാരനും തന്നെയായിരുന്നു വറക്വത്ബ്‌നു നൗഫല്‍. വറക്വ, ജാഹിലിയ്യാ അറബികളുടെ വിഗ്രഹാരാധനയോട് വിരക്തി പ്രകടിപ്പിച്ച് ഏകദൈവാരാധനയുള്‍ക്കൊള്ളുകയും അതിന് ഇബ്‌റാഹീമി പൈതൃകത്തിന്റെ പിന്തുണ അവകാശപ്പെടുകയും  ചെയ്തിരുന്ന മക്കന്‍ ഹനീഫുകളില്‍ ഒരാളായിരുന്നുവെന്ന് പറയുന്ന നിവേദനങ്ങളുണ്ട്. മറ്റു ഹനീഫുകളില്‍നിന്ന് വ്യത്യസ്തമായി ജൂത-ക്രൈസ്തവ മതഗ്രന്ഥങ്ങള്‍ പഠിക്കുകയും അവയില്‍ നിന്ന് ഏകദൈവാരാധനയുടെ വഴി നിര്‍ധരിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത വ്യക്തിയായിരുന്നു വറക്വ എന്നു സൂചിപ്പിക്കുന്ന നിവേദനങ്ങളുമുണ്ട്. അദ്ദേഹം വേദക്കാരുടെ  മതം പിന്തുടര്‍ന്നിരുന്നുവെന്ന് തന്നെ ചില ചരിത്ര പണ്ഡിതന്‍മാര്‍ക്കഭിപ്രായമുണ്ട്. വറക്വക്ക് ഹിബ്രു ഭാഷയില്‍ പ്രാവീണ്യമുണ്ടായിരുന്നുവെന്നും വേദക്കാരുടെ മതഗ്രന്ഥങ്ങള്‍ അദ്ദേഹം ഹിബ്രുവില്‍ പകര്‍ത്തിയെഴുതിരുന്നുവെന്നും  ആയിശ(റ)യില്‍ നിന്നുദ്ധരിക്കപ്പെടുന്ന സ്വഹീഹുല്‍ ബുഖാരിയിലെ ഫദീഥിലുണ്ട്. (കിതാബുല്‍ വഹ്‌യ്).

ഇദ്ദേഹത്തില്‍ നിന്ന് നബി(സ)ക്ക് എന്ത് വിവരങ്ങള്‍ കിട്ടിയെന്നാണ് വിമര്‍ശകര്‍ക്ക് സ്ഥാപിക്കാനാവുക? ബൈബിള്‍ പഴയ-പുതിയ നിയമഗ്രന്ഥങ്ങളിലെ വിവരങ്ങള്‍ കിട്ടിയെന്നാണ് പരമാവധി പോയാല്‍ തെളിയിക്കാന്‍ കഴിയുക. എന്നാല്‍ ബൈബിള്‍ പരിജ്ഞാനം കുര്‍ആനിന്റെ രചനയ്ക്ക്  ഒരു നിലയ്ക്കും  വിശദീകരണമാവുകയില്ല എന്ന് സിറിയന്‍ സമ്പര്‍ക്ക ചര്‍ച്ചയെ വിശകലനം ചെയ്തപ്പോള്‍ നാം വ്യക്തമാക്കിയതാണ്.  ഇനി, ഒരു വൈജ്ഞാനികാന്വേഷണം എന്ന നിലയില്‍  നബി (സ) വറക്വയില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയങ്ങള്‍ ആര്‍ജ്ജിച്ചതിന് ചരിത്രത്തില്‍ രേഖയുണ്ടോ എന്ന് നാം പരിശോധിക്കുക. ഇല്ല! ബൈബിളികമോ അല്ലാത്തതോ ആയ ഒരു ജൂത/ക്രിസ്തുമത പാഠവും  വറക്വ നബി(സ)ക്ക്  പറഞ്ഞുകൊടുത്തതായി ഒരു തെളിവും ചരിത്രത്തിലില്ല. കേവലം ഭാവനകള്‍ മാത്രമാണ് നബിവിമര്‍ശകരുടെ ‘വറക്വ തിസീസുകളില്‍’ മുഴുവനുമുള്ളത്. നബി(സ)യും വറക്വത്ബ്‌നു നൗഫലും തമ്മില്‍  നടന്നതായി തെളിവുള്ള സമ്പര്‍ക്കം പ്രവാചകത്വലബ്ധിക്കുശേഷമുള്ളതാണ്.

വാര്‍ധക്യവും അന്ധതയുംകൊണ്ട്  വറക്വ വിശ്രമജീവിതം നയിക്കുന്ന സമയത്താണ് പ്രവാചകന്റെ മുന്നില്‍  ഹിറാഗുഹയില്‍ വെച്ച് ജിബ്‌രില്‍ എന്ന മലക്ക് പ്രത്യക്ഷപ്പെടുന്നതും ക്വുര്‍ആന്‍ അവതരണത്തിന്  നാന്ദി കുറിക്കുന്നതും എന്ന് വറക്വയെ പരാമര്‍ശിക്കുന്ന സ്വഹീഹുല്‍ ബുഖാരിയിലെ പരാമൃഷ്ട നിവേദനത്തിലുണ്ട്. ഖജീദ (റ) നബി(സ)യെയും കൂട്ടി വറക്വയുടെയടുക്കല്‍ പോകുന്നതും പ്രവാചകന്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ വറക്വയെ കേള്‍പ്പിക്കുന്നതുമാണ് കഥാ സന്ദര്‍ഭം. വറക്വയുടെ പ്രതികരണം ഹഥീസ് രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: ”ഇത് മൂസായുടെ (മോശയുടെ) അടുത്തേയ്ക്ക് അല്ലാഹു പറഞ്ഞയച്ച ‘നാമൂസ്’ (ജിബ്‌രീല്‍ മലക്ക്) ആണ്. ഞാന്‍ ഇപ്പോള്‍ എന്റെ യൗവ്വനത്തിലായിരുന്നെങ്കില്‍ എത്ര  നന്നായിരുന്നേനെ! താങ്കളുടെ ജനത താങ്കളെ നാട്ടില്‍നിന്ന് പുറത്താക്കുമ്പോള്‍ ഞാന്‍ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍!” തന്റെ ജനത തന്നെ പുറത്താക്കുകയോ എന്ന് നബി (സ) വറക്വയോട് ചോദിച്ചു. അപ്പോള്‍  അദ്ദേഹം പറഞ്ഞു: ”അതെ, താങ്കള്‍ക്ക് വന്നു കിട്ടിയതുപോലുള്ള സന്ദേശങ്ങള്‍ പ്രബോധനം ചെയ്ത ആരും ശത്രുത സമ്പാദിക്കാതിരുന്നിട്ടില്ല. താങ്കളുടെ  ദിവസത്തിന് സാക്ഷിയാകാന്‍  എനിക്കായുസ്സുണ്ടെങ്കില്‍  എന്റെ കഴിവിന്റെ പരമാവധി ഞാന്‍ താങ്കളെ സഹായിക്കും.” എന്നാല്‍ അധികം കഴിയുന്നതിനുമുമ്പേ വറക്വ മരണപ്പെടുകയാണ് ചെയ്തതെന്ന് ഹഥീസ് രേഖപ്പെടുത്തുന്നു. (സ്വഹീഹുല്‍ ബുഖാരി/കിതാബുല്‍ വഹ്‌യ്)

വറക്വയും നബി(സ)യും തമ്മില്‍ നടന്നതായി ചരിത്രത്തില്‍ ആധികാരികമായ രേഖയുള്ള സംഭാഷണം ഇതാണ്. ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്താണ് ?

1.    നബി(സ)ക്കുണ്ടായ ദിവ്യവെളിപാടിനെ വറക്വ ഒരിക്കലും സംശയിച്ചില്ല.

2.    വെളിപാടിനെ സംബന്ധിച്ച് ബൈബിള്‍  പഠനത്തില്‍ നിന്ന് ലഭിച്ച ധാരണകള്‍, മുഹമ്മദിനുണ്ടായത് ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട പൂര്‍വ്വ പ്രവാചകന്മാര്‍ക്കുണ്ടായ ദൈവികാനുഭവം തന്നെയാണെന്ന് മനസ്സിലാക്കാന്‍  വറക്വയെ സഹായിച്ചു.

3.    വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച ബൈബിള്‍ പ്രവചനങ്ങള്‍, വിശേഷിച്ചും മോശയെപ്പോലുള്ള പ്രവാചകനെ സംബന്ധിച്ച സൂചനകള്‍, നബി(സ)യില്‍ പൂര്‍ത്തീകരിക്കപ്പടുന്നതായി  വറക്വ മനസ്സിലാക്കി.
ക്വുര്‍ആനിന്റെ രചനയ്ക്ക് വറക്വ നബി(സ)യെ സഹായിച്ചു എന്ന വാദം പൊള്ളയാണെന്ന് ഒന്നാമത്തെ വസ്തുത സുതരാം വ്യക്തമാക്കുന്നു. രണ്ടും മൂന്നും വസ്തുതകളാകട്ടെ, നബി(സ)യുടെ സമകാലികനായിരുന്ന ഒരു ബൈബിള്‍  പണ്ഡിതന്‍  നബി(സ)യുടെ വ്യക്തിത്വവും അദ്ദേഹത്തിനുണ്ടായ വെളിപാടനുഭവവും ശ്രദ്ധിച്ച് അദ്ദേഹം  പ്രവാചകനാണെന്ന് സാക്ഷീകരിച്ചുവെന്ന് തെളിയിക്കുന്നു. ബൈബിളിന്റെ അനുയായികള്‍ എന്നവകാശപ്പെടുന്നവര്‍ വറക്വയില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് പ്രവാചകനെ നിന്ദിക്കുന്നത് അന്ധമായ  കുടിപ്പക കൊണ്ടാണെന്നും ബൈബിള്‍ വചനങ്ങളൊന്നും തന്നെ മുഹമ്മദ്  നബി(സ)യുടെ പ്രവാചകത്വത്തെ സത്യപ്പെടുത്തുകയല്ലാതെ  നിരാകരിക്കുന്നില്ലെന്നുമാണ് വറക്വയുടെ ചരിത്രം ആത്യന്തികമായി തെളിയിക്കുന്നതെന്ന് ചുരുക്കം. നബിവിമര്‍ശകര്‍ ഉദ്ദേശിക്കുന്നതിന് നേര്‍വിപരീതമായ കാര്യങ്ങള്‍ മാത്രമാണ് ആ ചരിത്രത്തില്‍ നിന്ന് നിര്‍ധരിച്ചെടുക്കാനാവുക. അവരാഗ്രിക്കുന്ന യാതൊന്നും അതിലില്ല തന്നെ!

സയ്ദ്ബ്‌നു ഹാരിഥ(റ)യും വറക്വത്ബ്‌നു നൗഫലും മക്കകാര്‍ക്ക് സുപരിചിതരായിരുന്ന വ്യക്തിത്വങ്ങളാണ്. നബി(സ)യുടെ പ്രവാചകത്വാരംഭത്തില്‍ തന്നെ അതിനെ സാക്ഷീകരിക്കുകയും പിന്തുണ പ്രഖ്യപിക്കുകയും ചെയ്ത വറക്വയാണ് നബി (സ) ഓതിക്കേള്‍പ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങളുടെ ആശയസ്രോതസ്സെന്ന് വാദിക്കാന്‍ മക്കയില്‍ ക്വുര്‍ആനെതിരെ ആരോപണങ്ങളുന്നയിക്കുവാന്‍  സകല സാധ്യതകളും തിരഞ്ഞുനടന്ന പ്രഗല്‍ഭരായ പ്രവാചകശത്രുക്കളൊന്നും ഒരിക്കലും സന്നദ്ധമാകാതിരുന്നതെന്തുകൊണ്ടാണ്? നബി(സ)യുടെ യൗവ്വനം  മുതല്‍ അദ്ദേഹത്തിന്റെ  സന്തത സഹചാരിയായിരുന്ന, മദീനയില്‍ ജൂതന്‍മാര്‍ക്കിടയില്‍ വരെ പ്രവാചകന്റെ കൂടെ എട്ടുവര്‍ഷം ജീവിച്ച, പ്രവാചകവിയോഗത്തിന് കേവലം  രണ്ടു വര്‍ഷം മുമ്പുമാത്രം ഈ ലോകത്തോട് വിട പറഞ്ഞ സയ്ദ്ബ്ന്‍ ഹാരിഥ(റ)യെ ചൂണ്ടി മക്കയിലെയോ മദീനിയിലെയോ ബഹുദൈവാരാധകരോ മദീനയിലെ ജൂതന്‍മാരോ ഒന്നും ഒരിക്കലും അദ്ദേഹമാണ് നബി(സ)യുടെ നാവില്‍  നിന്ന് കേള്‍ക്കുന്ന ചില ക്വുര്‍ആന്‍  വചനങ്ങളുടെ  വൈജ്ഞാനിക സ്രോതസ്സെന്ന് ആരോപിക്കാതിരുന്നതെന്തുകൊണ്ടാണ്? ഓറിയന്റലിസ്റ്റുകളും മിഷനറിമാരും കണ്ടെടുക്കുന്ന പുതിയ ‘സാധ്യതകള്‍’ ചരിത്രത്തിന്റെ ലിറ്റ്മസ് ടെസ്റ്റിനെ അതിജീവിക്കുവാനുള്ള ദുര്‍ബലമായ ശേഷിപോലും ഇല്ലാത്തവയായിത്തീരുന്നതില്‍ സഹതപിക്കുക നാം!