പ്രപഞ്ചത്തിനകത്തുതന്നെയുള്ളവനാണോ അല്ലാഹു?

/പ്രപഞ്ചത്തിനകത്തുതന്നെയുള്ളവനാണോ അല്ലാഹു?
/പ്രപഞ്ചത്തിനകത്തുതന്നെയുള്ളവനാണോ അല്ലാഹു?

പ്രപഞ്ചത്തിനകത്തുതന്നെയുള്ളവനാണോ അല്ലാഹു?

അല്ല. പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ് അല്ലാഹു. പരമാണു മുതല്‍ നക്ഷത്രജാലങ്ങള്‍ വരെയുള്ള ചെറുതും വലുതുമായ പ്രാപഞ്ചികവസ്തുക്കളുടെയെല്ലാം സ്രഷ്ടാവാണവന്‍. പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും വസ്തുതക്കുമെല്ലാം കാരണങ്ങളന്വേഷിക്കുന്ന മനുഷ്യന്‍ അവസാനം കാരണങ്ങളാവശ്യമില്ലാത്ത ഒരു മഹാശക്തിയില്‍ എത്തിച്ചേരുകയാണ് ചെയ്യുന്നത്. അവനാണ് എല്ലാ അന്വേഷണങ്ങളുടെയും അന്ത്യം. സകലവിധ അന്വേഷണങ്ങളും തേട്ടങ്ങളും ഈ പരമമായ അന്ത്യത്തിലെത്തുമ്പോള്‍ അവസാനിക്കുന്നു. പ്രപഞ്ചത്തിലെ ഒരൊറ്റ പ്രതിഭാസവും കാരണമാവശ്യമില്ലാത്തതായി നമുക്ക് കാണാന്‍ കഴിയുന്നില്ല. ചെറുതും വലുതുമായ സകല വസ്തുക്കളും കാരണം തേടുന്നു. അപ്പോള്‍ കാരണങ്ങളാവശ്യമില്ലാത്ത പരാശക്തി പ്രപഞ്ചത്തിന് ഉപരിയായിരിക്കണം; പദാര്‍ഥാതീതനായിരിക്കണം. സകലമാന പ്രതിഭാസങ്ങളുടെയും സ്രഷ്ടാവാണ് അല്ലാഹു.  പ്രപഞ്ചത്തിന് ഉപരിയായ അല്ലാഹുവിന്റെ സത്ത പദാര്‍ഥാതീതമാണെന്ന് സാരം.

അല്ലാഹുവിന്റെ സൃഷ്ടിയാണ് സ്ഥല-കാല സാതത്യ (time-space continuum)ത്തിലധിഷ്ഠിതമായ നമ്മുടെ പ്രപഞ്ചം.  അല്ലാഹുവിന്റെ സത്ത സ്ഥല-കാല സാതത്യത്തിന് പുറത്തുള്ളതാണെന്ന് പറയുന്നത് അത് കൊണ്ടാണ്.  അത്തരമൊരു സത്തയെ സംബന്ധിച്ച് മനുഷ്യബുദ്ധിക്ക് സ്വന്തമായ നിഗമനങ്ങള്‍ നെയ്‌തെടുക്കുവാനോ മനസ്സിലാക്കുവാനോ കഴിയില്ല. അത് അവന്റെ വിവരങ്ങള്‍ക്ക് അതീതമാണ്. സ്ഥലകാല ബന്ധനത്തിലുള്ള മനുഷ്യ മസ്തിഷ്‌കത്തിന് സ്ഥലത്തിനും കാലത്തിനും അതീതനായ അല്ലാഹുവിനെക്കുറിച്ച ചിത്രങ്ങളുണ്ടാക്കാന്‍ കഴിയുകയില്ല.

‘അവനെ ദൃഷ്ടികള്‍ കണ്ടെത്തുകയില്ല; അവനാകട്ടെ ദൃഷ്ടികളെ കണ്ടെത്തുകയും ചെയ്യുന്നു; അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു'(6:103)വെന്ന ഖുര്‍ആനിക വചനം വിരല്‍ ചൂണ്ടുന്നത് ഈ വസ്തുതയിലേക്കാണ്.

ദൈവിക സത്തയെക്കുറിച്ച് സ്വന്തമായ എന്തെങ്കിലും നിഗമനത്തിലെത്താന്‍ പര്യാപ്തമായ രീതിയിലല്ല മനുഷ്യബുദ്ധി സംവിധാനിക്കപ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞുവല്ലോ. അല്ലാഹുവിന്റെ സത്തയെ സംബന്ധിച്ച് അവന്‍തന്നെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ സ്വീകരിക്കുക മാത്രമേ നമുക്ക് നിര്‍വാഹമുള്ളൂ. വിശുദ്ധ ഖുര്‍ആനും തിരുനബിയുടെ മൊഴികളും അല്ലാഹുവിനെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ അപ്പടി സ്വീകരിക്കുകയും അവ പരിമിതമായ നമ്മുടെ മസ്തിഷ്‌കപരിധിക്കകത്ത് വിശദീകരിക്കുവാന്‍ അസാധ്യമായതാണെങ്കില്‍ ‘അല്ലാഹുവിന്നറിയാം’ എന്നു മാത്രം വിനീതമായി പറയുകയും ചെയ്യുന്ന രീതിയാണ് സച്ചരിതരായ പൂര്‍വപണ്ഡിതന്മാര്‍ സ്വീകരിച്ചുപോന്നിട്ടുള്ളത്; അതാണ് ശരിയും. ഇതില്‍നിന്ന് തെറ്റി, തങ്ങളുടെ ബുദ്ധിക്കും യുക്തിക്കുമനുസൃതമായ രീതിയില്‍ ദൈവികസത്തയെ വ്യാഖ്യാനിക്കുവാനും വിശദീകരിക്കുവാനും ശ്രമിച്ചവര്‍  തത്ത്വശാസ്ത്രത്തിന്റെ ഊരാക്കുടുക്കുകളില്‍പെട്ട് ചര്‍ച്ചകളും ചര്‍ച്ചോപ ചര്‍ച്ചകളുമായി ദൈവത്തെക്കുറിച്ച വിചിത്രവും വികലവുമായ ചിത്രങ്ങളുണ്ടാക്കുകയാണ് അവസാനം ചെയ്തിട്ടുള്ളത്. മുസ്‌ലിം സമൂഹത്തിന് പുറത്തും അകത്തുമുള്ളവര്‍ ഇത്തരം ചുഴികളിലകപ്പെട്ടിട്ടുണ്ട്. ‘ദാത്ത്’ എന്നതിന്റെ മലയാളപരിഭാഷയാണ് സത്ത. അല്ലാഹുവിനെ സംബന്ധിച്ച പരാമര്‍ശങ്ങളിലൊരിടത്തും ‘ദാത്ത്’ എന്ന് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടില്ല. മറ്റു സ്ഥലങ്ങളില്‍ ഖുര്‍ആന്‍ പ്രയോഗിച്ച ‘ദാത്തി’ന് സത്തയെന്ന വിവക്ഷയില്ലതാനും.

മനുഷ്യവിഭാവനക്കും ചിന്തയ്ക്കുമതീതമാണ് അല്ലാഹുവിന്റെ ദാത്ത് എന്നാണ് ഖുര്‍ആനും നബിവചനങ്ങളും പഠിപ്പിക്കുന്നത്. ഈ പ്രമാണങ്ങളെ പൂര്‍ണമായി സ്വീകരിച്ചുകൊണ്ട് അല്ലാഹുവിനെ സംബന്ധിച്ച് ഖുര്‍ആനില്‍ പറഞ്ഞ കാര്യങ്ങള്‍ അപ്പടി വിശ്വസിച്ചംഗീകരിക്കുക മാത്രമേ സൂക്ഷ്മാലുക്കള്‍ക്ക് നിര്‍വാഹമുള്ളൂ.

പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് പ്രപഞ്ചാതീതനായിരിക്കുമെന്നത് സരളമായ യുക്തിയാണ്. ഒരു വസ്തുവിന്റെ സ്രഷ്ടാവ് അതിന്നു പുറത്തായിരിക്കുമെന്ന വസ്തുത മനസ്സിലാക്കുവാന്‍ തത്ത്വശാസ്ത്രത്തിന്റെ ഊരാക്കുടുക്കുകളൊന്നും ആവശ്യമില്ല. ഈ സരളമായ വസ്തുതയാണ് ഉപരിലോകത്തുള്ളവനായി അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നത്.

”ഉപരിയിലുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ അത് (ഭൂമി) ഇളകിമറിഞ്ഞുകൊണ്ടിരിക്കും. അതല്ല ഉപരിയിലുള്ളവന്‍ നിങ്ങളുടെ നേരെ ഒരു ചരല്‍ വര്‍ഷം അയക്കുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? എന്റെ താക്കീത് എങ്ങനെയുണ്ടെന്ന് വഴിയേ നിങ്ങള്‍ അറിഞ്ഞുകൊള്ളും”(67:16,17).

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ