പല്ലിയെ കൊല്ലാൻ അനുവദിച്ചതിലെ യുക്തിയെന്ത് ?

/പല്ലിയെ കൊല്ലാൻ അനുവദിച്ചതിലെ യുക്തിയെന്ത് ?
/പല്ലിയെ കൊല്ലാൻ അനുവദിച്ചതിലെ യുക്തിയെന്ത് ?

പല്ലിയെ കൊല്ലാൻ അനുവദിച്ചതിലെ യുക്തിയെന്ത് ?

Print Now

മനുഷ്യർക്ക് ഉപദ്രവമുണ്ടാക്കുന്ന ചില ജീവികളെ ആവശ്യ സന്ദർഭത്തിൽ കൊല്ലാനുള്ള അനുവാദം പ്രവാചകൻ (സ) നൽകിയിട്ടുണ്ട്. ഇത്തരം ഉപദ്രവകാരികളായ ജീവികളെ ‘ഫവാസിക്‘ (فَوَاسِقُ) എന്നാണ് ഹദീസുകളിൽ വിളിച്ചിട്ടുള്ളത്. ഇത്തരം ജീവികളെ സാധാരണയായി Animal rights activist കളല്ലാത്ത എല്ലാവരും – മതത്തിന്റെയൊ ആദർശത്തിന്റെയൊ വ്യത്യാസമില്ലാതെ കൊല്ലാറുമുണ്ട്. (പക്ഷെ ഇത്തരം ഉപദ്രവകാരികളായ ജീവികളെ കൊല്ലാൻ, മുഹമ്മദ് നബി (സ) അനുവാദം നൽകി എന്നതുകൊണ്ട് ‘താൽകാലിക’ അഹിംസ വാദികളായി ഇസ്‌ലാം വിമർശകർ നാട്യം കളിക്കാറുണ്ടെന്ന് മാത്രം.) ഫവാസിക് (فَوَاسِقُ) ഉപദ്രവകാരികളായ ജീവികൾ എന്ന് പ്രവാചകൻ (സ) എണ്ണിയവ ഹദീസുകളിൽ നിന്ന് വായിക്കാം:
خَمْسٌ مِنَ الدَّوَابِّ كُلُّهَا فَوَاسِقُ تُقْتَلُ فِي الْحَرَمِ: الْغُرَابُ، وَالْحِدَأَةُ، وَالْكَلْبُ الْعَقُورُ، وَالْعَقْرَبُ، وَالْفَارَةُ.

“മൃഗങ്ങളിൽ നിന്നുള്ള അഞ്ചെണ്ണം ‘ഫവാസികുകൾ’ (ഉപദ്രവകാരികൾ) ആകുന്നു. അവയെ ഹറമിൽ വെച്ചായാൽ (പോലും) കൊല്ലൽ അനുവദനീയമാണ്. അവ: കാക്ക, ഗരുഡൻ, കടിക്കുന്ന നായ്, തേൾ, എലി എന്നിവയാണ്.”

ചില നിവേദനത്തിൽ തേളിന് പകരം സർപ്പത്തെ പറയപ്പെട്ടിരിക്കുന്നു. മറ്റൊരു നിവേദനത്തിൽ കാക്കയെ ”അൽ ഗുറാബുൽ അബ്കഅ്” (وَالْغُرَابُ الأَبْقَعُ) എന്ന് പ്രത്യേകമായി വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു.

“അവയെ കൊല്ലുന്നതിൽ പാപമില്ല” എന്ന് ഒരു നിവേദനത്തിൽ കാണാം.
(ബുഖാരി: 1829, മുസ്‌ലിം: 1198, തുർമുദി: 837, നസാഈ: 2888, ഇബ്നുമാജ: 3087)

മറ്റു ചില നിവേദനങ്ങളിൽ ഈ ‘ഫവാസിക്കു’കളുടെ കൂട്ടത്തിൽ ചെന്നായ, പുലി എന്നിവയെയൊക്കെ പ്രസ്ഥാവിച്ചതായും വന്നിരിക്കുന്നു(ഫത്ഹുൽ ബാരി: 4: 30) എന്നതിൽ നിന്നെല്ലാം ഇവയെ കൊല്ലാൻ അനുവാദം നൽകിയതിന്റെ കാരണം വ്യക്തമാണ്. അവ സാധാരണ വളർത്തു മൃഗങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഉപദ്രവകാരികളാണ് എന്നതാണത്.

ഇമാം മാലിക് പറഞ്ഞു: മനുഷ്യനെ കടിക്കുകയും ആക്രമിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന പുലി, സിംഹം, ചെന്നായ എന്നിവയും കടിക്കുന്ന നായയുടെ സ്ഥാനത്ത് തന്നെയാണ്.
(അൽ മുൻതകാ ശർഹുൽ മുവത്വഅ് 2: 262)

ഇമാം ഐനി പറഞ്ഞു: “ഫവാസിക്കുകളിൽ കാക്കയെ എണ്ണിയപ്പോൾ, “വെള്ളയും കറുപ്പും നിറം കലർന്ന കാക്ക” (ഗുറാബുൽ അബ്കഅ് وَالْغُرَابُ الأَبْقَعُ) എന്ന് ഒരു ഹദീസിൽ പ്രത്യേകമായി വിശേഷിപ്പിച്ചിരിക്കുന്നു. കാക്കയെ കൊല്ലാൻ അനുവാദം നൽകിയത് കാക്ക ഇങ്ങോട്ട് ഉപദ്രവിക്കുന്നു എന്നതിനാലാണ്. “വെള്ളയും കറുപ്പും നിറം കലർന്ന കാക്ക”കളാണ് ഇങ്ങോട്ട് ഉപദ്രവിക്കുക. അതല്ലാത്ത, ഉപദ്രവകാരികളല്ലാത്ത കാക്കകളെ കൊല്ലാനും പാടില്ല എന്ന് ഹദീസിൽ നിന്ന് മനസ്സിലാക്കാം.” (ഉംദത്തുൽ കാരി 10:180)

ഇമാം ഇബ്നു ഹജർ പറഞ്ഞു: “ഹദീസിന്റെ ആശയത്തിൽ നിന്ന് കൊല്ലാൻ അനുവാദം നൽകിയതിന് കാരണം മനുഷ്യരെ ഉപദ്രവിക്കുക എന്നതാണ് എന്ന് വരുന്നു. അപ്പോൾ മനുഷ്യരെ ഉപദ്രവിക്കുന്ന ഏത് ജീവിയേയും ആവശ്യഘട്ടത്തിൽ ഫവാസിക്ക് എന്നതിൽ ഉൾപ്പെടുത്താം.” (ഫത്ഹുൽ ബാരി: 4: 30)

ഈ ഒരു അടിസ്ഥാനത്തിൽ നിന്നുകൊണ്ട്, പല്ലി ശല്യം അധികരിച്ചാൽ അവയുടെ ഉപദ്രവകാരണത്താൽ അവയെ കൊല്ലാനും പ്രവാചകൻ (സ) അനുവാദം നൽകി.
പല്ലിയുൾപ്പെടെയുള്ള ‘ഫവാസിക്കു’കളെ തേടിപ്പിടിച്ച് കൊല്ലാനല്ല പ്രവാചക കൽകപ്പനയുടെ ഉദ്ദേശമെന്ന് “അവയെ കൊല്ലുന്നതിൽ കുറ്റമില്ല.” (لا حرج على من قتلهن) എന്ന ഹദീസിലെ (ബുഖാരി: 1828) വാചകത്തിൽ നിന്ന് മനസ്സിലാക്കാം. വേട്ടയാടേണ്ട ഒന്നല്ല പല്ലി എന്ന കാര്യത്തിൽ മുസ്‌ലിം പണ്ഡിതന്മാരെല്ലാം ഏകോപിച്ചിരിക്കുന്നു എന്ന് അബൂ അംറ് അൽ കുർതുബി (മരണം: 463 ഹി) പറയുന്നു.
(അത്തംബീഹ് ലിമാ ഫിൽ മുവത്വഅ് മിനൽ മആനി വൽ അസാനീദ് 15:187)

കൂടാതെ, “പല്ലികളെ കൊല്ലുവാൻ പ്രവാചകൻ (സ) കൽപ്പിച്ചതായി ‘ഞാൻ’ കേട്ടിട്ടില്ല” എന്ന് പ്രവാചക പത്നി ആഇശ (റ) പറഞ്ഞതിന്റെ (സ്വഹീഹുൽ ബുഖാരി: 1831) അർത്ഥമെന്താണ്? പ്രിയ പത്നി ആഇശയോട് പല്ലികളെ കൊല്ലുന്നതിനെ സംബന്ധിച്ച് പ്രവാചകൻ (സ) സംസാരിച്ചിട്ടേയില്ല എന്നാണ് ! അഥവാ പല്ലിയെ കൊല്ലാൻ പറഞ്ഞത് പല്ലി ശല്യവും ഉപദ്രവവും ഉള്ളവരോട് മാത്രമാണ്. പ്രവാചകൻ (സ) സ്വയം പല്ലിയെ കൊന്നതായും ഒരു ഹദീസിലും ഇല്ല !!! (പല്ലിയെ കൊല്ലൽ മതത്തിൽ ഒരു പുണ്യകർമമായിരുന്നെങ്കിൽ പ്രവാചകൻ (സ) അത് നിരന്തരമായി അനുഷ്ടിക്കാതിരിക്കില്ലല്ലൊ.) ഇതും സൂചിപ്പിക്കുന്നത് പല്ലിയെ കൊല്ലൽ പല്ലി ശല്യവും ഉപദ്രവവും ഉള്ളവർക്കുള്ള ഒരു സ്വഭാവിക അനുമതി മാത്രമാണ്. അല്ലാതെ പല്ലിയെ കൊല്ലൽ ഒരു പ്രമേയമായോ കാമ്പയിനായോ അദ്ദേഹം അവതരിപ്പിച്ചിട്ടില്ല എന്നർത്ഥം.

പല്ലിയെ കൊല്ലാൻ അനുവാദം നൽകിയ ഹദീസുകളിൽ അതിനുള്ള കാരണവും വ്യക്തമാക്കിയിട്ടുണ്ട്. അവ ‘ഫുവൈസിക്ക്’ അഥവാ ‘കുറിയ ഉപദ്രവകാരികളാണ്’ എന്നതാണത്.

أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ لِلْوَزَغِ: فُوَيْسِقٌ…

“അല്ലാഹുവിന്റെ തിരുദൂതൻ (സ) പല്ലികളെ സംബന്ധിച്ച് ‘ഫുവൈസിക്ക്’ (കുറിയ ഉപദ്രവകാരി) എന്ന് പറഞ്ഞു…” (സ്വഹീഹുൽ ബുഖാരി: 1831)

أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ” أَمَرَ بِقَتْلِ الْوَزَغِ ، وَسَمَّاهُ فُوَيْسِقًا”

“പല്ലികളെ കൊല്ലാൻ (അനുവാദം നൽകിക്കൊണ്ട്) പ്രവാചകൻ (സ) കൽപ്പന പുറപ്പെടുവിച്ചു. അതിനെ ‘ഫുവൈസിക്ക്’ (കുറിയ ഉപദ്രവകാരി) എന്ന് അദ്ദേഹം വിളിച്ചു.”
(സ്വഹീഹു മുസ്‌ലിം: 2238)

ഒരു അന്ധവിശ്വാസത്തിന്റെയൊ മിഥ്യാ ധാരണയുടെയൊ അടിസ്ഥാനത്തിലല്ല പല്ലികളെ കൊല്ലാൻ പ്രവാചകൻ (സ) അനുവാദം നൽകിയത്. അവ മനുഷ്യർക്ക് ശല്യവും ഉപദ്രവവുമായി മാറുന്നതിന്റെ അടിസ്ഥാനത്തിലാണ് എന്ന് ഹദീസുകളിൽ വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് ചുരുക്കം.

ഇമാം ദിംയരി പറഞ്ഞു: “പല്ലിയെ സംബന്ധിച്ച് ‘ഫുവൈസിക്ക്’ (കുറിയ ഉപദ്രവകാരി) എന്ന് വിശേഷിപ്പിക്കാൻ കാരണം, ഹറമിലും അല്ലാത്തിടത്തും കൊല്ലാൻ അനുവാദം നൽകപ്പെട്ട ഉപദ്രവകാരികളായ (ഫവാസിക്ക്) ജീവികളിൽ പല്ലി പെടുന്നു എന്നതിനാലാണ്. ‘ഫിസ്ക്’ (الفسق) എന്ന പദത്തിന്റെ അടിത്തറ ‘ഖുറൂജ് ‘ (الخروج പുറത്തുപോവുക) എന്നതാണ്. ഇപ്പറഞ്ഞ (അഞ്ച് ഉപദ്രവകാരികളായ ജീവികളും) മനുഷ്യനെ കടിച്ചും ഉപദ്രവിച്ചും ശാരീരിക അപായങ്ങൾ വരുത്തിയും ഭൂരിഭാഗം ജീവികളുടെയും സ്വഭാവത്തിൽ നിന്നും പ്രകൃതത്തിൽ നിന്നും ‘പുറത്തുപ്പോവുന്നു’ എന്നതിനാലാണ് അവക്ക് ഫവാസിക്ക് എന്ന പേര് നൽകപ്പെട്ടത്.
(ഹയാത്തുൽ ഹയവാനുൽ കുബ്റാ: 2:546)

ശൈഖ് മുനജ്ജിദ് പറഞ്ഞു: فعلة قتله :الأذى والضرر.
“അപ്പോൾ അവയെ കൊല്ലാനുള്ള കാരണം മനുഷ്യന് ഉപദ്രവങ്ങളും ശാരീരിക അപായങ്ങളും വരുത്തുന്നവയാണ് അവ എന്നതാണ്.” (ഇസ്‌ലാം: സുആൽ വൽജവാബ്: 289055)

“പല്ലിയെ ‘ഫുവൈസിക്ക’ എന്നാണ് വിളിക്കപ്പെട്ടത്. ത്വയ്യിബി പറഞ്ഞു: പല്ലിയെ ഇപ്രകാരം വിളിക്കാൻ കാരണം (ഫവാസിക്) ഉപദ്രവകാരികളായ അഞ്ച് ജീവികളെ പോലെ പല്ലിയിൽ നിന്നും ഉപദ്രവമുണ്ടാകാം എന്നതിനാലാണ്.”
(ശർഹു സുനനു ഇബ്നുമാജ: 1: 232)

പല്ലികളെ കൊല്ലാൻ അനുവദിച്ചതിലെ കാരണം ചർച്ച ചെയ്യവെ ഇമാം നവവി പറഞ്ഞു: പല്ലികൾ പല ഉപദ്രവങ്ങളുമുണ്ടാക്കുന്ന ജീവിയാണെന്നതിൽ ഏകാഭിപ്രായമുണ്ട്… അവയെ കൊല്ലുന്നത് പ്രവാചകൻ (സ) പ്രോത്സാഹിപ്പിക്കാൻ കാരണം അവയിലെ ഉപദ്രവങ്ങളാണ്.” (ശർഹു മുസ്‌ലിം: 14:236)

അവ വെള്ള പാത്രങ്ങളിൽ മനുഷ്യന് ഉപദ്രവകരമായ പലതും നിക്ഷേപിച്ചു കൊണ്ടും ഗുരുതരമായ രോഗങ്ങളും വിഷങ്ങളും പടർത്തിക്കൊണ്ടും ഉപദ്രവങ്ങൾ ഏൽപ്പിക്കുന്നുവെന്ന് ഇമാം ഐനി വ്യക്തമാക്കുന്നു. (ഉംദത്തുൽ കാരി: 15: 250)

അബൂബക്കർ ഇബ്നുൽ അറബി പറഞ്ഞു: മൃഗങ്ങൾ രണ്ടു വിതമുണ്ട്. ഉപദ്രവിക്കുന്നവയും ഉപദ്രവിക്കാത്തവയും. ഉപദ്രവിക്കുന്നവയെ കൊല്ലാം. ഉപദ്രവിക്കാത്തവയെ കൊല്ലരുത്. പല്ലിയെ കൊല്ലാൻ അനുവദിച്ചത് അവ ഉപദ്രവകാരിയാണ് എന്ന അടിസ്ഥാനത്തിലാണ്. (ആരിദത്തുൽ അഹ്‌വദി: 6:276)

പല്ലികളെ കൊല്ലാനുള്ള ഭൗതീകമായ, മുഖ്യ കാരണം അവയിലെ ഉപദ്രവമാണ് എന്ന് ചുരുക്കം. ഇതാകട്ടെ ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഒരു മണ്ടത്തരമൊ മിഥ്യയൊ ആണെന്ന വ്യാഖ്യാനത്തിനെതിരായാണ് വസ്തുതകൾ സംസാരിക്കുന്നത്.

പല്ലികളുൾപ്പെടെ ഗൗളിവർഗ ജീവികളിൽപ്പെട്ട (Lizard) അയ്യായിരത്തിലധികം വർഗങ്ങൾ ലോകത്തുണ്ട്. ഹദീസിലെ ‘വസഗ് ‘ (الْوَزَغِ ،الوَزَغَة) എന്ന പദം പല്ലി വർഗത്തിൽപ്പെട്ട (Lizard) ആയിരത്തോളം വരുന്ന വിഭാഗങ്ങളെ വിശേഷിപ്പിക്കാവുന്ന പേരാണ്; വീട്ടു പല്ലികളെ സംബന്ധിച്ച് മാത്രമല്ല.
(https://mawdoo3.com/%D9%85%D8%A7_%D9%87%D9%88_%D8%AD%D9%8A%D9%88%D8%A7%D9%86_
%D8%A7%D9%84%D9%88%D8%B2%D8%BA)
ഗെക്കോ (പല്ലി), പല്ലി വർഗത്തിൽപ്പെട്ട (Lizard) ആയിരത്തിലധികം ഇനം പല്ലികളിൽ ഏതെങ്കിലുമാണെന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക വ്യക്തമാക്കുന്നു. (https://www.britannica.com/animal/gecko)

സൗദി അറേബ്യയിൽ കുറഞ്ഞത് 100 പല്ലികളും ഗൗളിവർഗ (Lizard) ഇനങ്ങളുണ്ട്, അവയിൽ പലതും പാശ്ചാത്യർക്ക് അജ്ഞാതമാണ്. സൗദി അറേബ്യ, ഉരകങ്ങളുടെ ഒരു അപൂർവ്വ കലവറയാണ്. മറ്റൊരു വാചകത്തിൽ പറഞ്ഞാൽ, പൗരാണിക കാലഘട്ടത്തിൽ, പൂർണമായും നാഗരികമായിട്ടില്ലാത്ത മരുഭൂ പ്രദേശങ്ങളിൽ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം നൂറു കണക്കിന് പല്ലി വർഗങ്ങൾ ശല്യം കൊണ്ടും ഉപദ്രവങ്ങൾ കൊണ്ടും അവരുടെ ദുസ്വപ്നമായി (Nightmare) അവ മാറിയിട്ടുണ്ടാവണം.

“വടക്കുകിഴക്കൻ ആഫ്രിക്ക മുതൽ തെക്കുപടിഞ്ഞാറൻ ഏഷ്യ വരെയുള്ള അറേബ്യൻ പ്രദേശങ്ങളിൽ ഗെക്കോകളുടേയും മറ്റു പല്ലി വർഗങ്ങളുടേയും സമൃദ്ധി നിലനിന്നിരുന്നു.
പ്രോജക്റ്റ് സൈറ്റുകൾ ഇൻഡസ്ട്രിയൽ കോംപ്ലക്സുകൾ എന്നിവയുടെ ഭാഗമായ ശുദ്ധീകരണവും നഗരവികസനവും മൂലമുണ്ടായ പാരിസ്ഥിതിക മാറ്റങ്ങൾ, പല്ലി വർഗങ്ങളുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള ഇടിവിന് കാരണമായി. എത്രത്തോളമെന്നാൽ തുരൈഫ് പ്രദേശത്തെ പല്ലി വൈവിധ്യത്തിന്റെ -പഠന കാലയളവിലെ- 16 ഇനം പല്ലികളെ രേഖപ്പെടുത്തപ്പെട്ടിരുന്നത്, ഇപ്പോഴത്തെ സർവേയിൽ -ഏറ്റവും സമൃദ്ധമായ കുടുംബം- 9 ഇനങ്ങളുള്ള ലാസെർട്ടിഡേ ആയി ചുരുങ്ങി.”
(https://www.ncbi.nlm.nih.gov/pmc/articles/PMC4992096/)

വിവിധ തരം മരുഭൂ പല്ലികൾ, ഓന്തുകൾ, അരണകൾ തുടങ്ങിയ പല്ലിവർഗങ്ങളുടെ (Lizards) ആധിക്യത്തിൽ കേവലം പതിറ്റാണ്ടുകൾ കൊണ്ട് സംഭവിച്ച ഇടിവാണ് ഈ പഠനം സൂചിപ്പിക്കുന്നത്. എങ്കിൽ 14 നൂറ്റാണ്ടുകൾക്ക് മുമ്പ്, നാഗരിക വികസനങ്ങൾ സംഭവിക്കുന്നതിനപ്പുറം പൗരാണിക അറേബ്യയിലെ ജനങ്ങൾ ജീവിച്ചിരുന്ന മരുഭൂവന്യതയിൽ നിന്നു കൊണ്ടാകണം ഉപദ്രവകാരികളായ പല്ലികളെ കൊല്ലാൻ പ്രവാചകൻ (സ) അനുവാദം നൽകിയതിനെ സംബന്ധിച്ച് ചിന്തിക്കാൻ.

“പല്ലിവർഗങ്ങളുമായും പാമ്പുകളുമായുള്ള മനുഷ്യന്റെ ഇടപെടലിന്റെ വർദ്ധനവ് മനുഷ്യ സാൽമൊണെല്ലോസിസ് രോഗത്തിന്റെ വ്യാപനത്തിൽ പ്രാധാന പങ്കു വഹിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു, പ്രത്യേകിച്ചും ചെറിയ കുട്ടികളിൽ കണ്ടുവരുന്ന കൂടുതൽ ആക്രമണാത്മക അണുബാധകൾക്ക് കാരണമിതാണ്.”
(https://www.ncbi.nlm.nih.gov/pmc/articles/PMC5617995/)

ഊഷര ഭൂമിയിൽ, ഒട്ടകപ്പുറത്ത് ദിവസങ്ങളോളവും മാസങ്ങളോളവും യാത്ര ചെയ്തും, മരച്ചുവട്ടിലും ഓലപ്പുരയിലും കിടന്നുറങ്ങിയുമെല്ലാം ജീവിച്ചിരുന്ന പൗരാണിക അറബിയെ വലച്ചിരുന്ന പ്രശ്നത്തെയാണ് പ്രവാചകൻ (സ) അഭിസംബോധന ചെയ്യുന്നത്. അല്ലാതെ ഇന്ന്, മിനുമിനുത്ത, റബ്ബറൈസ്ഡ് എക്സ്പ്രസ് ഹൈവേകളും, ശീതീകരിച്ച ആഡംഭര കാറുകളും, അംബരചുമ്പികളായ കെട്ടിടങ്ങളുമെല്ലാം ജീവിത ചിത്രങ്ങളായി പരിണമിച്ച പരിഷ്‌കൃത നഗകവാസികളോട്, കെട്ടിടത്തിന്റെ ഏതോ നിലയിലെ, ഏതോ മുറിയിൽ… ഏതോ മൂലയിൽ ആരുമറിയാതെ പതുങ്ങിയിരിക്കുന്ന പല്ലിയെ തേടിപ്പിടിച്ച് ‘ശിക്ഷിക്കാനു’ള്ള ആഹ്വാനമല്ല അത്. അങ്ങനെ ആ ഹദീസിനെ വ്യഖ്യാനിക്കുമ്പോൾ മാത്രമാണ് തെറ്റിദ്ധാരണകൾ ഉടലെടുക്കുന്നത്.

അറേബ്യൻ ഉപദ്വീപിലെ മരുഭൂമികളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഗൗളിവർഗ ജീവികളിൽ പല്ലികളോട് അടുത്ത ഒന്നാണ്, ഇരുണ്ട പുള്ളികളുള്ള, മണൽ നിറമുള്ള ‘ഡെസേർട്ട് മോണിറ്റർ’. അവ മരുഭൂമിയിലെ അന്തരീക്ഷവുമായി മികച്ച രീതിയിൽ ഇണങ്ങിച്ചേരുന്നു. മരുഭൂമിയിലെ ഏറ്റവും ആക്രമണാത്മക ഉരഗങ്ങളിൽ ഒന്നാണിത്. ഭീഷണി നേരിടുന്നതായി അനുഭവപ്പെട്ടാൽ അവ ‘ശരീരം വായു കൊണ്ട് വീർപ്പിക്കുകയും ഉച്ചത്തിൽ ചീറ്റുകയുകയും’ ചെയ്യും. പ്രതിരോധത്തിനായി വാൽ ഉപയോഗിച്ച് ചാട്ടവാറടി പോലെ വീശിയടിക്കുമെന്നതിന് പുറമെ വേദനാജനകമായ അവയുടെ കടി പലപ്പോഴും രോഗബാധയായി പരിണമിക്കാറുമുണ്ട്. ‘ഡെസേർട്ട് മോണിറ്റർ’ ഒരു സജീവ വേട്ടക്കാരനാണ്, വേട്ടയാടി പിടിക്കാനും കീഴടക്കാനും കഴിയുന്ന എന്തും അവ ഭക്ഷിക്കും; ഇതിൽ പെരുച്ചാഴി, എലി, അണ്ണാൻ, എട്ടുകാലി തുടങ്ങി മറ്റ് ഉരഗങ്ങൾ, ചെറിയ സസ്തനികൾ, പക്ഷികൾ, ചീഞ്ഞുനാറുന്ന ശവം വരെ ഉൾപ്പെടുന്നു. അറേബ്യൻ ഉപദ്വീപിലുടനീളം അതിന്റെ വിഹാര പരിധി വ്യാപിച്ച് കിടക്കുന്നു.
(https://www.ddcr.org/FloraFauna/Detail.aspx?Class=Reptiles&Order=Reptiles&Referrer=Monitors&
Subclass=Lizard%20Family&Name=Desert%20Monitor&Id=169)

മറ്റു ചില പല്ലികളും അവയുടെ ഉപദ്രവങ്ങളും പഠനങ്ങളിൽ നിന്ന് നമുക്ക് വായിക്കാം:

“ഹവായ് ദ്വീപിലുടനീളം നടത്തപ്പെട്ട ചില പഠനഫലങ്ങൾ സാൽമൊണെല്ല രോഗം ബാധിച്ച പല്ലികൾ ദ്വീപുകളിൽ വ്യാപകമായി വസിച്ചു വരുന്നുവെന്ന് കാണിക്കുന്നു. ഹവായ് ദ്വീപുകളിലെ പല്ലികൾ, പഴയ കെട്ടിടങ്ങളിൽ, ഇരുമ്പ് മേൽക്കൂരയുടെ ആവരണത്തിനും ചുമരിനും ഇടയിലും മതിലുകളിലെ വിള്ളലുകളിലും പ്രധാനമായും താമസിക്കുന്നു. മാത്രമല്ല, ലൈറ്റ് ഫർണിച്ചറുകളേയും ജനലുകളേയും ചുറ്റിപ്പറ്റി അവ ജീവിക്കുന്നു. സർവേയിൽ ഉൾപ്പെടുത്തിയ 13 സൈറ്റുകളിൽ, 76.9 ശതമാനം സാൽമൊണെല്ല ബാധിച്ച 10 പല്ലികളെ കണ്ടെടുക്കപ്പെട്ടു. ഇവിടെയുള്ള 9 വീടുകളിൽ 23ൽ 7 പല്ലികളുടെ കാഷ്ടത്തിൽ (30.4 ശതമാനം) സാൽമൊണെല്ല പോസിറ്റീവ് ആയി കണ്ടെത്തി. ഈ വീടുകളിൽ 63 പല്ലികളിൽ 27 എണ്ണം സാൽമൊണെല്ലക്ക് (42.9 ശതമാനം) പോസിറ്റീവ് ആണ് എന്ന് 1981 ൽ ഹെൽമ് കണ്ടെത്തി. ദ്വീപുകളിൽ പല്ലികളിൽ നിന്ന് മനുഷ്യരിലേക്ക് സാൽമൊണെല്ല പകരുന്നത് ഭക്ഷണവും വെള്ളവും അവയുടെ കാഷ്ടത്തിലൂടെ മലിനീകരിക്കപ്പെടുന്നതിലൂടെയാണ്.”

(Salmonella in Two Gecko Species on the Island of Hawaii: John G. Chan, Charlene Shero, Laura Young, Barney Bareng, Biology Discipline: University of Hawaii at Hilo: Hilo, Hawaii 96720)

മലേഷ്യയിൽ നടത്തിയ ഒരു പഠനത്തിൽ 83.3% വീട്ടിൽ വളർത്താനായി പിടിക്കപ്പെടുന്ന പല്ലികളും (Iguanidae, Agamidae, Scincidae, Gekkonidae, Varanidae) 25% കാട്ടു പല്ലികളും (Agamidae, Scincidae, Gekkonidae) സാൽമൊണെല്ല അണുബാധ വാഹകരാണെന്ന് തെളിയിക്കപ്പെട്ടു.

ജപ്പാനിൽ ഒരു വളർത്തുമൃഗ സ്റ്റോറിൽ നിന്ന് മാത്രം 66% (47/71) പല്ലിവർഗവും (Lizards) 100% (23/23) പാമ്പുകളും സാൽമൊണെല്ലയ്ക്ക് കാരണകാരികളായി കണ്ടെത്തപ്പെട്ടു.

ക്രൊയേഷ്യയിൽ, ഒരു സ്വകാര്യ ഉടമയുടെ അടുക്കലുണ്ടായിരുന്ന 48.4% വീട്ടിൽ വളർത്താനായി പിടിക്കപ്പെട്ട പല്ലിവർഗങ്ങളും, 8.9% പിടിക്കപ്പെട്ട പാമ്പുകളും സാൽമൊണെല്ലയ്ക്ക് പോസിറ്റീവായതായി കണ്ടെത്തി.

പോളണ്ടിലെ മൃഗശാലകളിലും സ്വകാര്യ സൂക്ഷിപ്പുകാരുടെ അടുക്കലുമുണ്ടായിരുന്ന മുപ്പത്തൊമ്പത് ശതമാനം (58/149) പല്ലിവർഗങ്ങളും, 29% (31/106) പാമ്പുകളും സാൽ‌മണെല്ലയ്ക്ക് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. കാനഡയിൽ, പോസ്റ്റ്‌മോർട്ടത്തിനായി സമർപ്പിച്ച 51% വളർത്തുമൃഗ പാമ്പുകളും 48% വളർത്തുമൃഗ പല്ലിവർഗങ്ങളും സാൽമൊണെല്ലയ്ക്ക് പോസിറ്റീവ് ആണെന്ന് കണ്ടെത്തി, സാൽമൊണെല്ല പോസിറ്റീവ് ആയ മൃഗങ്ങളിൽ മൂന്നിലൊന്നിന്റെയും മരണത്തിന് കാരണമായത് ‘സാൽമൊനെല്ലോസി’സാണ്.
(https://www.ncbi.nlm.nih.gov/pmc/articles/PMC5617995/)

അമേരിക്കയിലെ ഒരു പഠനത്തിൽ കാട്ടിൽ നിന്ന് പിടികൂടി യു‌.എസ്‌.എയിലേക്ക് ഇറക്കുമതി ചെയ്ത 80% (88/110) ഇന്തോനേഷ്യൻ ‘ടോക്കെയ് ഗെക്കോസ്’ പല്ലികൾ (ഗെക്കോ ഗെക്കോ) ‘സാൽമൊണെല്ലയ്ക്ക് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതിൽ 14 വ്യത്യസ്ത സെറോഗ്രൂപ്പുകളും, 17 പ്രത്യേക സെറോടൈപ്പുകളും ഉൾപ്പെടുന്നു, അവയിൽ പലതും ആൻറിബയോട്ടിക്കുകളെ ചെറുക്കാൻ ശേഷിയുള്ളവയാണ്.
(https://pubmed.ncbi.nlm.nih.gov/22607081/)

വിയറ്റ്നാമിലെ മെകോംഗ് ഡെൽറ്റയിൽ നിന്ന് 201 കാട്ടു പല്ലികളെ ശേഖരിച്ചു, അവയുടെ കാഷ്ടത്തിൽ സാൽമൊണെല്ലയുടെ അതിജീവന കാല പരിധിയെ നിർണ്ണയിക്കാൻ നടത്തിയ പഠനത്തിൽ, പരിശോധിച്ച 101 സാമ്പിളുകളിൽ 24 എണ്ണം (23.8%) സാൽമൊണെല്ല പോസിറ്റീവ് ആയിരുന്നു.

വിയറ്റ്നാമിലെ ഊഷ്മാവിൽ, പല്ലി കാഷ്ടത്തിലെ സാൽമൊണെല്ലയ്ക്ക് 6 ആഴ്ച അതിജീവിക്കാൻ കഴിയും. തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ മനുഷ്യരിൽ സാൽമൊണെല്ലയുടെ സംഭരണത്തിലും സാൽമൊണെല്ല അണുബാധയുടെ ഉറവിടമായി വർത്തിക്കുന്നതിലും കാട്ടു പല്ലികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഫലങ്ങൾ തെളിയിക്കുന്നു.
(https://www.jstage.jst.go.jp/article/jvms/80/8/80_18-0233/_article)

‘സാൽമൊണെല്ല ബാക്ടീരിയ പ്രതിവർഷം 19,000 പേരെ ആശുപത്രികളിലേക്കും 380 മരണങ്ങളിലേക്കും നയിച്ചുവെന്ന് അമേരിക്കയിലെ Centers for Disease Control and Prevention റിപ്പോർട്ട് ചെയ്യുന്നു.

പല്ലികളെ വളർത്തുമൃഗങ്ങളായി ഉപയോഗിക്കപ്പെടുന്നത് വ്യാപകമായതോടെ, യുഎസിലെ 16 സംസ്ഥാനങ്ങളിൽ അപകടകരമായ സാൽമൊണെല്ല പൊട്ടിപ്പുറപ്പെടലുകൾ ഉണ്ടായി എന്ന് പുതിയ വാർത്താ റിപ്പോർട്ടുകൾ പുറത്തു വരുന്നു.’ (abcnews.go.com)

പ്രവാചക കാലഘട്ടത്തിൽ മരുഭൂവാസികളായ പൗരാണിക അറബികൾക്ക്, ഈ പല്ലികളിലും ഗൗളിവർഗ ജീവികളിലും (Lizard) ഉപദ്രവകാരികളായ വിഭാഗങ്ങളിൽ നിന്നും നിരന്തരം ഉപദ്രവമേൽക്കുന്നവരായിരുന്നു എന്നത് മുന്നിൽ വെച്ചാണ് ഹദീസിനെ സമീപിക്കേണ്ടത്. ഇത്തരം പല്ലികളെയാണ് കൊല്ലാൻ അനുവാദം നൽകപ്പെട്ടത് എന്നതാണ് പല ഗവേഷകരുടേയും പണ്ഡിതരുടെയും വീക്ഷണം. അറേബ്യ നാഗരീകമായി വികസിച്ചിട്ടില്ലാത്ത അക്കാലഘട്ടത്തിൽ ഇവയുടെ വിഹാര പരിധിയും തോതും ഇന്നത്തേക്കാൾ എത്രയൊ ഇരട്ടി കൂടുതലായിരിക്കും എന്ന് ചിന്തിക്കാവുന്നതെയുള്ളു.

ഈ ഗൗളിവർഗ ജീവികളെ (Lizards) സംബന്ധിച്ചാണ് ഹദീസ് സംസാരിക്കുന്നത് എങ്കിലും -ഉപദ്രവ ഹേതുവാണെങ്കിൽ – വീട്ടു പല്ലി ഉൾപ്പെടെ ഏത് പല്ലിയെയും കൊല്ലലും ഹദീസിലെ അനുവദിക്കപ്പെട്ട വിഭാഗമായി പരിഗണിക്കപ്പെടും എന്ന മറ്റൊരു വീക്ഷണവുമുണ്ട്. രണ്ടിലും തെറ്റൊന്നും കാണുന്നില്ല.

നമ്മെ ചുറ്റിപറ്റി ജീവിക്കുന്ന പല്ലികളിൽ വളരെ സാധാരണയായി കാണപ്പെടുന്ന ഒരു വിഭാഗമാണ് House geckos എന്നറിയപ്പെടുന്ന, വീട്ടു പല്ലികൾ അല്ലെങ്കിൽ ചുമർ പല്ലികൾ. ഹദീസിൽ കൊല്ലാൻ അനുവാദം നൽകപ്പെട്ടത് ഈ പല്ലി വർഗത്തെ സംബന്ധിച്ചു കൂടിയാണ് എന്ന് മനസ്സിലാക്കിയാൽ തന്നെ, മനുഷ്യർക്ക് അറപ്പുളവാക്കുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്യുന്നവയാണ് അവ എന്നതിലുപരി മനുഷ്യരിൽ ഗുരുതരമായ രോഗങ്ങൾക്ക് കാരണമായ സാൽമൊണെല്ല (Salmonella) എന്ന അണുക്കളുടെ വാഹകർ കൂടിയാണ് അവ എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. ഉരഗങ്ങളുമായുള്ള സമ്പർക്കം പുലർത്തുന്നതിലൂടെയും സാൽമൊണെല്ല അണുബാധ ഉണ്ടാകാം, അവ സമ്പർക്കം പുലർത്തിയ പാത്രങ്ങൾ, ഭക്ഷണം, വെള്ളം ഉൾപ്പെടെ എന്തിൽ നിന്നും അണുബാധ ഉണ്ടാകാം.
(https://www.cdc.gov/healthypets/diseases/salmonella.html)
ഉഭയജീവികളുമായോ (ഉദാ. തവളകൾ), ഉരഗങ്ങളുമായോ (ഉദാ. പല്ലികൾ) അല്ലെങ്കിൽ അവയുടെ വിസർജ്ജത്തിൽ നിന്നോ കാഷ്ടത്തിൽ നിന്നോ നേരിട്ടോ അല്ലാതെയോ സമ്പർക്കം പുലർത്തുന്നതിലൂടെ സാൽമൊണെല്ല പടരാം. സാൽമൊണെല്ല ബാക്റ്റീരിയ സാധാരണയായി കുടലിനെയും, ചിലപ്പോഴെല്ലാം രക്തപ്രവാഹത്തെയും ബാധിക്കുന്നു. പല്ലികൾ ഈ ബാക്ടീരിയകളെ കുടൽ, വായ, കാഷ്ടം എന്നിവയിൽ വഹിക്കാറുണ്ട്.

ഈ ബാക്ടീരിയകൾ വയറിളക്കരോഗത്തിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ്. ന്യൂയോർക്ക് സ്റ്റേറ്റിൽ ഓരോ വർഷവും ഇക്കാരണത്താലുണ്ടാകുന്ന ആയിരക്കണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. മിക്ക കേസുകളും വേനൽക്കാലത്ത് സംഭവിക്കുന്നു. ചിലരിൽ ജീവനു ഭീഷണിയാവുന്ന അപകടങ്ങളും സൃഷ്ടിച്ചേക്കും.
(https://www.health.ny.gov/diseases/communicable/zoonoses/salmonella/amphibian_reptilian_questions_and_answers.htm)

സാൽമൊണെല്ലയെ ഒരു ഭക്ഷ്യ രോഗകാരണമായ അണുവായാണ് കണക്കാക്കപ്പെടുന്നത്. അവ മൂലം മലിനമായ ഭക്ഷണത്തിലൂടെ -ലോകത്ത്- പ്രതിവർഷം 80 ദശലക്ഷം സാൽമൊനെലോസിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. യു‌.എസ്‌.എയിൽ 6% സ്‌പോറാഡിക് സാൽമൊനെലോസിസ് കേസുകളും, 21 വയസ്സിന് താഴെയുള്ളവരിൽ 11% കേസുകളും ഉരഗങ്ങളും ഉഭയജീവികളുമായുള്ള സമ്പർക്കം മൂലമാണെന്ന് കണക്കാക്കപ്പെടുന്നു.

നൈജീരിയയിലെ സുക്കയിൽ, വീട്ടു പല്ലികളിലുള്ള സാൽമൊണെല്ല അണുബാധയെ സംബന്ധിച്ച അന്വേഷണ പഠനത്തിൽ തൊന്നൂറിൽ ഇരുപത് പല്ലികളിൽ സാൽമൊണെല്ല സാന്നിദ്ധ്യം കണ്ടെത്തി; 30 ശതമാനം വാഹക നിരക്കിൽ.
(https://pubmed.ncbi.nlm.nih.gov/3833829 /)

150 ചുമർ പല്ലികളുടെ (Hemidactylus brookei) കുടലിലെ എയറോബിക് ബാക്ടീരിയ വ്യൂഹത്തെ കുറിച്ചു പഠനം നടത്തപ്പെട്ടപ്പോൾ സാൽമൊണെല്ലയുടെ 35 ഇൻസുലേറ്റുകളും എന്ററോബാക്ടീരിയേസിയിലെ (Enterobacteriaceae) മറ്റ് പല ഇനങ്ങളും ഉൾപ്പെടെ വിവിധതരം ബാക്ടീരിയകൾ കണ്ടെടുത്തു. ഷിഗെല്ല സോനെയി – 2, എഡ്വേർഡീസെല്ല ടാർഡ – 4, എന്റർ‌ടോബാക്റ്റർ എസ്‌പിപി – 8, സിട്രോബാക്റ്റർ ഫ്രോയിഡി – 3, സെറാട്ടിയ മാർസെസെൻസ് – 3, പ്രോട്ടിയസ് എസ്‌പിപി – 35, ക്ലെബ്സില്ല ന്യൂമോണിയ – 13, എസ്ഷെറിച്ച കോളി – 17, ഇൻസുലേറ്റുകൾ. എട്ട് സാൽമൊണല്ല സെറോടൈപ്പുകൾ എന്നിവ തിരിച്ചറിഞ്ഞു, അവയിൽ പ്രധാനം എസ്. വിറ്റിംഗ്ഫോസ് (S. hvittingfoss), എസ്. ടൈഫിമുറിയം (S.typhimurium) എന്നിവയാണ്. മനുഷ്യ ശരീരത്തിലെ എന്ററോപാഥോജനുകളുടെ വ്യാപനവുമായി ഈ കണ്ടെത്തലുകൾക്കുള്ള ബന്ധം വളരെ പ്രസക്തമാണ്.
(https://pubmed.ncbi.nlm.nih.gov/3729372/)

“എല്ലാ ഉരഗങ്ങളിലും ബാക്ടീരിയ, വൈറസ്, പരാന്നഭോജികൾ, പുഴുക്കൾ എന്നിവയുൾപ്പെടെ നിരവധി അണുക്കൾ ഉണ്ട്. ഇവയിൽ പലതും ഉരഗ ഉടമകളുടെ കുടുംബത്തിലേക്ക് പകരാം. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടവ ഇനി പറയുന്നവയാണ്:

സാൽമൊണെല്ല: സാൽമൊണെല്ല സാധാരണയായി എല്ലാത്തരം ഉരഗങ്ങളിലും കാണപ്പെടുന്നു. ഉരഗങ്ങളുടെ കാഷ്ടവുമായി സമ്പർക്കത്തിൽ വന്ന എന്തെങ്കിലും വായിൽ വെക്കുമ്പോൾ ഉരഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് ഇത് വ്യാപിച്ചേക്കാം. ഉദാഹരണത്തിന് ഉരഗങ്ങൾ/ ഉരഗജീവികളുമായുള്ള സമ്പർക്കം വഴി മലിനമായ ഫോർമുല കുപ്പികൾ കുടിക്കുന്നതിലൂടെ ശിശുക്കൾക്ക് സാൽമൊണെല്ല ബാധിക്കാം. സാൽമൊണല്ല അണുബാധ വയറിളക്കം, തലവേദന, പനി, വയറു വേദന എന്നിവയ്ക്ക് കാരണമാവുകയും സെപ്റ്റിസീമിയ (രക്തത്തിലെ വിഷബാധ) ഉണ്ടാവുകയും ചെയ്യാം. കഠിനമായ നിർജ്ജലീകരണവും സംഭവിക്കാം. 2008 ൽ 449 സാൽമൊനെലോസിസ് കേസുകൾ ഉണ്ടായിരുന്നു, ഇതിൽ പതിനഞ്ച് കേസുകൾ ഉരഗങ്ങളുമായി അടുത്തിടെ സമ്പർക്കമുണ്ടായ ആളുകളായിരുന്നു. ഈ പതിനഞ്ച് കേസുകളിൽ ഒമ്പത് പേർ ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾ ആയിരുന്നു.

ബോട്ടുലിസം: പക്ഷാഘാതത്തിനും മരണത്തിനും കാരണമാകുന്ന ക്ലോസ്ട്രിഡിയം ബാക്ടീരിയം പുറത്തുവിടുന്ന വിഷവസ്തു മൂലമുണ്ടാകുന്ന ഗുരുതരവും ജീവന് ഭീഷണിയുമായ രോഗമാണ് ബോട്ടുലിസം.

ക്യാംപിലോബാക്ടീരിയോസിസ് (മലവിസർജ്ജനം), ലെപ്റ്റോസ്പിറോസിസ് (കരൾ രോഗം), ട്രിച്ചിനെല്ലോസിസ് (നാഡീവ്യവസ്ഥ, ഹൃദയം, ശ്വാസകോശം, പേശികൾ എന്നിവയെ ബാധിക്കുന്ന രോഗം) എന്നിവ ഉരഗങ്ങളെ വളർത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. മിക്കതും ചികിത്സിക്കാവുന്നവയാണെങ്കിലും ചിലത് വളരെ ഗുരുതരമാണ്.”
(https://www.hpsc.ie/a-z/zoonotic/reptilesandrisksofinfectiousdiseases/)

57 വീടുകളിൽ നിന്ന്, നൂറ് ‘ഏഷ്യൻ ഹൗസ് ഗെക്കോ’ പല്ലികളെ ശേഖരിച്ച് നടത്തിയ പഠനങ്ങളിൽ സാൽമൊണല്ലയുടെ മൂന്ന് സെറോടൈപ്പുകൾ കണ്ടെത്തി. അതിൽ ഒന്നായ ‘സാൽമൊണെല്ല വിർചോവ്’ (ഫേജ് തരം 8) ആക്രമണാത്മക രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ സാൽമൊനെലോസിസ് എന്ന പകർച്ചവ്യാധിയിൽ ഏഷ്യൻ ഹൗസ് ഗെക്കോയ്ക്ക് ഒരു പ്രധാന പങ്കുണ്ടെന്ന് കണ്ടെത്തി.
(https://pubmed.ncbi.nlm.nih.gov/20973656/)

നമ്മെ ചുറ്റിപറ്റി ജീവിക്കുന്ന മറ്റൊരു പല്ലി വർഗമായ, iguanas പല്ലികൾ വീടിനകത്ത് എത്തുകയൊ, മുറ്റത്ത് കറങ്ങി നടക്കുകയൊ ചെയ്യാറുണ്ട്. അവയുടെ വേദനയേറിയ ദംശനം, മാംസം കീറുകയും, അവയുടെ പല്ലുകൾ ത്വക്കിൽ തറച്ചിരിക്കുകയും ചെയ്യും.

ഇവയിലൂടെ മനുഷ്യരിലേക്ക് എത്തുന്ന സാൽമൊനെലോസിസ്, അസുഖകരമായ ഇൻഫ്ലുവൻസക്ക് പുറമെ, ജീവനു ഭീഷണിയാവുന്ന അപകടങ്ങളും സൃഷ്ടിച്ചേക്കും.
(https://www.crittercontrol.com/wildlife/lizard/lizards-in-the-house)

iguanas പല്ലികൾ പാമ്പുകളേയും അപകടകരമായ വേട്ട ജീവികളേയും വിഷജന്തുക്കളേയും വീട്ടിലേക്കും മുറ്റത്തേക്കും ആകർഷിച്ചേക്കാം.
(https://www.crittercontrol.com/wildlife/lizard/lizards-in-the-house)

വേലി പല്ലികൾ, ഗെക്കോകൾ, ഏങ്കിൾസുകൾ എന്നിവ വൃത്തികെട്ട കാഷ്ടങ്ങൾ കൊണ്ട് പരിസരങ്ങളും വസ്ത്രങ്ങളും ഭക്ഷണപദാർത്ഥങ്ങളും മലിനമാക്കുകയും, പൊടുന്നനെയുള്ള ചലനങ്ങളിലൂടെ ആളുകളെ സംഭ്രമത്തിലാക്കുകയും ഭീതിപ്പെടുത്തുകയും ചെയ്യുന്നു.

വലിയ ഇഗുവാന പല്ലികൾക്ക് കടിക്കാനും മാന്താനും വാലുകൾ കൊണ്ട് അടിക്കാനും കഴിയും. അവ പുൽത്തകിടികൾ മാന്തികുഴിക്കുകയും നടപ്പാതകൾ തകർക്കുകയും ഫലങ്ങൾ കഴിക്കുകയും, പൂന്തോട്ടങ്ങളിൽ നാശങ്ങളുണ്ടാക്കുകയും ചെയ്യുന്നു.

പാശ്ചാത്യ വേലി പല്ലികൾ, ഗെക്കോകൾ, തവിട്ട്/പച്ച അനോളുകൾ തുടങ്ങിയ പല്ലി വർഗങ്ങൾ ജനലുകൾ, വാതിലുകൾ, തറകൾ എന്നിവയ്ക്ക് ചുറ്റുമുള്ള വിള്ളലുകളിലൂടെ സഞ്ചരിക്കുന്നതിൽ വിദഗ്ധരാണ്.
(https://www.crittercontrol.com/wildlife/lizard/lizards-in-the-house)

ഇവക്കു പുറമെ ദോഷകാരികളും അപകടകാരികളുമായ അനേകം ഇനം പല്ലികൾ വേറെയുമുണ്ട്. ഉദാഹരണത്തിന്, ടോക്കെ ഗെക്കോ (Tokay gecko) പല്ലി വർഗം കടിക്കുന്നവയാണ്. ടോക്കെ പല്ലികൾ വളരെ ആക്രമണാത്മക സ്വഭാവമുള്ള പല്ലിയാണിത്. ഭീഷണിപ്പെടുത്തുമ്പോഴോ, ഭയപ്പെടുമ്പോഴോ മാത്രമല്ല അവ കോപിക്കുമ്പോഴും സമ്മർദ്ദം അനുഭവിക്കുമ്പോഴും കടിക്കും. പൂർണ്ണമായി വളർന്ന ടോക്കെയ് പല്ലിക്ക് ശക്തമായ താടിയെല്ലുണ്ട്, ഇത് ചർമ്മത്തിൽ മുറുകെ പിടിക്കുന്നു. അവയെ വെള്ളത്തിൽ മുക്കിയാലല്ലാതെ അവ കടി വിടുകയില്ല. ചർമ്മത്തിൽ നിന്ന് അവയെ വലിച്ചെടുക്കാൻ ശ്രമിക്കുന്നതോടെ അവ കടി മുറുക്കുകയെ ഉള്ളു. ടോക്കെ പല്ലികൾ രോഗകാരികളായ സൂക്ഷ്മ ജീവികളുടേയും വൈവിധ്യമാർന്ന അണുക്കളുടേയും വാഹകരാവാം. ഇവയിൽ ഭൂരിഭാഗവും മനുഷ്യർക്ക് അപകടകരമല്ല എങ്കിലും അവയിൽ ചിലത് ദോഷകരമായ ബാക്ടീരിയകളാണ്. കൂടാതെ ടോക്കെയുടെ തുളച്ചുകയറുന്ന ഒരു കടിയിലൂടെ ദോഷകരമായ പ്രോട്ടോസോവകളും കടന്നുപോയേക്കാം. ഇത്തരം അണുബാധകൾ കുട്ടികളെ എളുപ്പത്തിൽ അപകടത്തിലേക്ക് എത്തിച്ചേക്കും.
(https://tokaygeckoguide.com/why-you-dont-want-to-get-bitten-by-a-tokay-gecko/1603/)

ഇബ്‌റാഹിം നബിയെ ശത്രുക്കൾ അഗ്നിയിലേക്ക് എറിഞ്ഞപ്പോൾ പല്ലികൾ തീ ഊതി ആളി കത്തിക്കാൻ ശ്രമിച്ചതിനാലാണ് തലമുറകൾക്കിപ്പുറവും പല്ലികളെ മുസ്‌ലിംകൾ കൊന്നു കൊണ്ടിരിക്കുന്നത് എന്ന വിമർശനത്തിന് യാതൊരു യാഥാർത്ഥ്യവുമില്ല. ഒരാൾ ചെയ്ത തെറ്റിന് അയാളുടെ സന്ധതികളിൽ കുറ്റമാരോപിക്കുന്ന മൗഢ്യതയെ നിശിതമായി വിമർശിച്ച മതമാണ് ഇസ്‌ലാം.

മുഹമ്മദ് നബി (സ) പറഞ്ഞു:

لا تَجْني نفسٌ على الأخرى

“ഒരാളുടെ കുറ്റം മറ്റൊരാളുടെ മേൽ ചുമത്തപ്പെടില്ല.”
(സുനനു നസാഈ: 4833, ത്വബ്റാനി: 1384, മഅ്രിഫത്തു സ്വഹാബ: അബൂ നുഐം: 1391)

لا تَجْني أمٌّ على ولَدٍ

“മാതാവിന്റെ കുറ്റം സന്താനത്തിനു മേൽ ചുമത്തപ്പെടില്ല.”
(സുനനു നസാഈ: 2/ 251, സുനനു ഇബ്നുമാജ: 2/ 147, സുനനു ഇബ്നു ഹിബ്ബാൻ: 1683)

ഇബ്‌റാഹിം നബിയുമായി ബന്ധപ്പെടുത്തി കൊണ്ട് ബുഖാരിയിൽ വന്ന ഹദീസ് ഇപ്രകാരമാണ്: “പല്ലികളെ കൊല്ലാൻ (അനുവാദം നൽകി കൊണ്ട്) പ്രവാചകൻ (സ) കൽപ്പന പുറപ്പെടുവിച്ചു. അദ്ദേഹം (സ) പറഞ്ഞു: അത് ഇബ്‌റാഹിം നബിയുടെ (അ) മേൽ തീ ഊതാൻ ശ്രമിച്ചിരുന്നു.”
(സ്വഹീഹുൽ ബുഖാരി: 2628)

ഈ ഹദീസുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ മനസ്സിലാക്കുന്നതോടെ ഹദീസ് സംബന്ധമായ തെറ്റിദ്ധാരണകൾ ഇല്ലാതാവുന്നതാണ്:

* പല്ലികളെ കൊല്ലാൻ അനുവദിച്ചതിലെ മുഖ്യ കാരണം അവയിലെ ഉപദ്രവങ്ങൾ തന്നെയാണ്. ആ മുഖ്യ കാരണം ധാരാളം ഹദീസുകളിലൂടെ പ്രവാചകൻ (സ) പഠിപ്പിച്ചു കഴിഞ്ഞു. അതിനു പുറമെ ഒരു അധിക കാരണം കൂടി പങ്കു വെക്കുകയാണ് ഈ ഹദീസിലൂടെ അദ്ദേഹം ചെയ്യുന്നത്.

* വീട്ടിലെ പല്ലികളെയല്ല ഹദീസിൽ തീയിലേക്ക് ഊതാൻ ശ്രമിച്ചു എന്ന് പറഞ്ഞത്. കാരണം, ഇബ്‌റാഹിം നബിയെ(അ) തീക്കുണ്ടാരമുണ്ടായി എറിഞ്ഞത് വീട്ടിനുള്ളിൽ അല്ലല്ലൊ. മരുഭൂമിലെ വിശാല മൈതാനത്താണ്.

* പല്ലികൾക്കും മറ്റു ഉരഗങ്ങൾക്കും – മനുഷ്യരെ പോലെ തന്നെ – ശ്വാസകോശമുണ്ട്. മനുഷ്യന്റെ ശ്വാസകോശം പോലെ തന്നെ അവയുടെ ശ്വാസകോശം വാരിയെല്ലുകൾക്കും വയറിലെ പേശികൾക്കുമിടയിലായാണ് സ്ഥിതി ചെയ്യുന്നത്. അവയും ഓക്സിജൻ ഉള്ളിലേക്ക് എടുക്കുകയും കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഊതുക എന്നത് അവക്ക് ശാരീരികമായി അസാധ്യമായ ഒരു കാര്യമൊന്നുമല്ല.

‘ആക്രമണാത്മക ഉരഗങ്ങളിൽ ഒന്നായ ‘ഡെസേർട്ട് മോണിറ്റർ’ ഭീഷണി നേരിടുമ്പോൾ ‘ശരീരം, വായു കൊണ്ട് വീർപ്പിക്കുകയും ഉച്ചത്തിൽ ഊതുകയുകയും’ ചെയ്യും. മെഡിറ്ററേനിയൻ വീട്ടു പല്ലികൾ വഴക്കിനിടയിലും ഇണകളെ ആകർഷിക്കാനും ‘ചിലക്കുക’ പതിവാണ്.
മധ്യ, തെക്കേ അമേരിക്കയിലെ ടേണിപ്പ്-ടെയിൽഡ് പല്ലികൾ തങ്ങളുടെ വിഹാര പരിധി അടയാളപ്പെടുത്തുന്നതിനായി പ്രാണികളെ അനുകരിക്കുന്ന ശബ്ദത്തിൽ ശബ്ദം പുറപ്പെടുവിക്കുന്നു. 14 ഇഞ്ച് (36 സെന്റീമീറ്റർ) ഉയരമുള്ള ഗെക്കോയായ ന്യൂ കാലിഡോണിയൻ പല്ലി ഉച്ചത്തിൽ അലറുന്നത് കാരണം, അത് “മരങ്ങളിലെ രാക്ഷസൻ” എന്ന പ്രാദേശിക വിളിപ്പേര് നേടി. ഏഷ്യയിൽ കാണപ്പെടുന്ന പുരുഷ ടോക്കെയ് പല്ലികൾ, ഇണചേരാൻ സൂചിപ്പിച്ചു കൊണ്ട് “ടോകേ-ടോക്കേ!” എന്ന് അത്യുച്ചത്തിൽ ശബ്ദിക്കുന്നു. ‘വായു ശ്വാസകോശങ്ങളിൽ നിന്ന് ഗ്ലോട്ടിസിലൂടെ പുറന്തള്ളുന്നതിലൂടെ’യാണ് പല്ലികൾ ഈ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നത്.’
(https://www.nationalgeographic.com/animals/article/151024-animal-behavior-lizards-reptiles-geckos-science-anatomy )

ഗൗളിവർഗത്തിന് വായു ഊതാനും വായു പുറം തള്ളി ചീറ്റാനും ചീറാനും അലറാനുമൊക്കെ കഴിയുമെന്ന് ചുരുക്കം.

* പല്ലികൾ തീ ഊതുന്ന ഡ്രാഗണാണോ എന്ന് പരിഹസിക്കുന്നവരുണ്ട്. പല്ലികൾ തീ ഊതി എന്ന് ഹദീസിൽ വന്നിട്ടില്ല എന്നതാണ് അവർക്കുള്ള മറുപടി. പല്ലി തീയിലേക്ക് ഊതിയാൽ എന്ത് സംഭവിക്കാനാണ്? അത് എങ്ങനെ ആളിക്കത്താനാണ്? എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, ശക്തമായി ഊതാൻ കഴിയുന്ന പല്ലികളുടെ ചില സവിശേഷതകളെ സംബന്ധിച്ച് നാം വിവരിച്ചു കഴിഞ്ഞു. രണ്ട്, പല്ലിയുടെ ഊത്തിന് വല്ല സ്വാധീനവും ആ തീയിൽ വരുത്താൻ കഴിഞ്ഞുവെന്ന് ഹദീസിൽ ഇല്ല. മറിച്ച്, ഹദീസ് സംസാരിക്കുന്നത് തീ ഊതി ആളിക്കത്തിക്കാൻ ആ ജീവികൾ ആശിക്കുകയും ശ്രമിക്കുകയും ചെയ്തുവെന്ന മനസ്ഥിതിയുടെ ജീർണതയെ മാത്രമാണ്.

ശാഹ് വലിയുല്ലാഹ് ദഹ്‌ലവി പറഞ്ഞു:
“‘അവയുടെ ഊത്ത് തീയിൽ യാതൊരു സ്വാധീനവും സൃഷ്ടിക്കില്ലാ എന്നിരുന്നിട്ടും’ പിശാചിന്റെ പ്രേരണയോട് പ്രകൃത്യാ ഉള്ളതായ അവയുടെ അടുപ്പം കാരണം അവ ഇബ്‌റാഹിമിന്റെ തീ ഊതാൻ ശ്രമിച്ചു. പല്ലികളുടെ ഈ പ്രകൃതത്തിലെ പൈശാചികത പ്രവാചകൻ (സ) ദിവ്യബോധത്തിലൂടെ അറിഞ്ഞു. അതിനെ പറ്റി ഉണർത്തുകയും ചെയ്തു.”
(ഹുജ്ജത്തുല്ലാഹിൽ ബാലിഗ: 2:282)

* പല്ലികളെ കൊല്ലാൻ അനുവദിച്ചതിലെ ‘ഭൗതീകമായ’ മുഖ്യ കാരണം പങ്കു വെച്ചതിന് ശേഷം ‘അഭൗതീകമായ’ ഒരു അറിവു കൂടി അനുബന്ധമായി പഠിപ്പിക്കുക മാത്രമാണ് ഈ ഹദീസിലൂടെ അദ്ദേഹം ചെയ്യുന്നത്. മറ്റു ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി പല്ലികളുടെ പ്രകൃതത്തിലുള്ള മാനസികവും സ്വഭാവപരവുമായ വ്യതിയാനവും നീചതയുമാണ് ആ ‘അഭൗതീക’ജ്ഞാനം. ആ ജ്ഞാനം പല്ലികളെ സൃഷ്ടിച്ച, പല്ലികളുടെ ജൈവ പ്രകൃതിയും മനോ വിഹാരങ്ങളും രഹസ്യങ്ങളുമെല്ലാം അറിയുന്ന സ്രഷ്ടാവിന് മാത്രം ലഭ്യമാകുന്ന അറിവാണ്.

“ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവര്‍ത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? ഓരോരുത്തര്‍ക്കും തന്‍റെ പ്രാര്‍ത്ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് അറിവുണ്ട്‌. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനത്രെ.”
(കുർആൻ: 24:41)

“കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങള്‍ മറച്ച് വെക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു.”
(കുർആൻ: 40:19)

“അവന്‍റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്‍റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല.”
(കുർആൻ: 6:59)

പല്ലികളുടെ ജൈവ പ്രകൃതിയെയും മനോ വിഹാരങ്ങളെയും സംബന്ധിച്ച അവയുടെ സ്രഷ്ടാവിന്റെ ഈ ‘അഭൗതീക’ജ്ഞാനം യാതാർഥ്യമല്ലെന്ന് വിമർശകർക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് വാദിക്കാനാവുക?! ആ ആദൃശ്യവും അഭൗതീകവുമായ ഒരു വിവരം തെറ്റാണെന്ന് ഭൗതീകമായ ഏത് ശാസ്ത്രം കൊണ്ടാണ് വിമർശകർ തെളിയിക്കുക ?!!

* ഏതൊ ഒരു പല്ലി, ഇബ്‌റാഹിം നബിയെ(അ) ശത്രുക്കൾ തീക്കുണ്ടാരത്തിൽ എറിഞ്ഞപ്പോൾ തീ ആളിക്കത്തിക്കാൻ ശ്രമിച്ചു അതു കാരണം എല്ലാ തലമുറയിലുള്ള പല്ലികളെയും കൊല്ലണം എന്നല്ല ഹദീസിൽ ഉള്ളത്. ഒരു പല്ലിയെ പറ്റിയുള്ള നിരൂപണമല്ല ഈ ഹദീസ്. പല്ലി വർഗത്തെ സംബന്ധിച്ചാണ് ഹദീസ്. ഒരാളെ പോലും കൊന്നിട്ടില്ലാത്ത ഒരു നിരപരാധിയായ മനുഷ്യനെ ആദർശത്തിന്റെ പേരിൽ മാത്രം തീക്കുണ്ടാരത്തിലേക്ക് എറിഞ്ഞപ്പോൾ ജീവജാലങ്ങളിൽ പലതും ആ തീ കെടാൻ വേണ്ടി ആശിച്ചു. എന്നാൽ പല്ലി വർഗം (ഒരു പല്ലിയല്ല) അത് ആളിക്കത്തിക്കാൻ ആശിക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്തു എന്ന ഒരു സംഭവത്തെ ആ ജീവവർഗത്തിന്റെ പ്രകൃതിപരവും മാനസികവുമായ നീചതക്ക് തെളിവായി അവയെ പടച്ച സ്രഷ്ടാവ് പഠിപ്പിച്ചു. ഇബ്‌റാഹിം നബിയുമായി ബന്ധപ്പെട്ട ഈ സംഭവം, പല്ലികളുടെ പ്രകൃതവുമായി ബന്ധപ്പെട്ട് അവയുടെ സ്രഷ്ടാവായ അല്ലാഹു അറിയുന്ന ഒരു വസ്തുതക്കുള്ള ഒരു ഉദാഹരണം മാത്രമാണ്. അല്ലാതെ മൂല കാരണമല്ല.

അപ്പോൾ പിന്നെ ഈ നീച വർഗത്തെ എന്തിന് സൃഷ്ടിച്ചു എന്നതാണ് മറ്റൊരു ചോദ്യം. പിശാചിനെ എന്തിന് സൃഷ്ടിച്ചു ? എന്ന് ചോദിക്കും പോലെ നിരർത്ഥകമാണ് ഈ ചോദ്യം. അല്ലാഹുവിന്റെ സൃഷ്ടികളിൽ നീച സൃഷ്ടികൾക്കും സ്ഥാനവും പ്രസക്തിയുമുണ്ട്. കൃത്യമായ യുക്തിയും തേട്ടവുമുണ്ട്. ഉദാഹരണത്തിന്, പല്ലിയെ കൊണ്ടുള്ള ഭൗതീകമായ ചില ഉപകാരങ്ങളും മാറ്റി വെച്ചാൽ തന്നെ, പല്ലിയുടെ ഈ പ്രകൃതത്തെ സംബന്ധിച്ച ഹദീസ് ആരെല്ലാം വിശ്വസിച്ച് സത്യവിശ്വാസിയാവും ആരെല്ലാം പരിഹസിച്ച് തള്ളി സത്യനിഷേധിയാവും എന്ന പരീക്ഷണം തന്നെ പല്ലിയുടെ സൃഷ്ടിപ്പിനു പിന്നിലെ യുക്തികളിൽ ഒന്നാണ്.

“തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക് ഒരു പരീക്ഷണമാക്കിയിരിക്കുന്നു.”
(കുർആൻ: 37:63)

മുല്ലാ അലിയുൽകാരി പറഞ്ഞു: “പല്ലി ഉപദ്രവങ്ങൾ ചെയ്യുന്ന ഒരു ചെറു ജീവിയാണ്…
പല്ലി ഇബ്‌റാഹിമിന്റെ മേൽ തീ ഊതാൻ ശ്രമിച്ചിരുന്നു എന്ന് പറഞ്ഞതിന്റെ ഉദ്ദേശം ഇബ്‌റാഹീമിന്റെ ശരീരത്തിന് താഴെ ശത്രുക്കൾ കത്തിച്ച തീയിൽ അത് ഊതി എന്നാണ്.

കാദി പറഞ്ഞു: ഇത് പ്രവാചകൻ (സ) പറയാൻ കാരണം പല്ലി വർഗത്തിന്റെ (സ്വഭാവപരമായ) നികൃഷ്ടത കൂടി വ്യക്തമാക്കാനാണ്. ഇബ്‌റാഹിം നബിയെ (അ) ശത്രുക്കൾ തീക്കുണ്ടാരത്തിൽ എറിഞ്ഞ സമയത്ത് പിശാച് പല്ലികളുടെ (പ്രകൃതത്തിലെ) നീചത കാരണം, ആ തീ ആളിക്കത്തിക്കാൻ (പലതിനേയും ഉപയോഗപ്പെടുത്തുന്ന കൂട്ടത്തിൽ) അവയെയും ഉപയോഗപ്പെടുത്താൻ ശ്രമിച്ചു. (ഈ മാനസികമായ നീച പ്രകൃതിക്ക് പുറമെ) അവ ശാരീരികമായും ഉപദ്രവകാരികളാണ്.

ഇബ്നുൽ മലക്ക് പറഞ്ഞു: അവയുടെ ഉപദ്രവത്തിൽ പെട്ടതാണ് അവ ഭക്ഷണങ്ങൾ കേടു വരുത്തുകയും പലയിടത്തും കാഷ്ടിച്ചിട്ട് വൃത്തികേടാക്കുകയും ചെയ്യുക എന്നത്. പ്രകൃത്യാ അവ ഉപദ്രവകാരികളാണ് എന്നർത്ഥം.”
(മിർക്കാത്തുൽ മഫാത്തീഫ്: 7:2671)

ശൈഖ് മുനജ്ജിദ് പറഞ്ഞു: “ഇബ്‌റാഹിം നബിയെ(അ) ശത്രുക്കൾ തീക്കുണ്ടാരത്തിൽ എറിഞ്ഞ സമയത്ത് പിശാച് പല്ലി തീയിൽ ഊതാൻ ശ്രമിച്ചു എന്ന് പ്രവാചകൻ (സ) പറയാൻ കാരണം പല്ലി വർഗത്തിന്റെ (ആത്മീയമായവും മാനസികവുമായ) നീചതയെയും നികൃഷ്ടതയെയും അറിയിക്കാൻ വേണ്ടിയാണ്. എന്നാൽ അവയെ കൊല്ലാൻ അനുവാദം നൽകിയത് അക്കാരണത്താൽ മാത്രമല്ല. (അവയിലെ ഉപദ്രവങ്ങൾ കാരണമാണ്.)”
(ഇസ്‌ലാം: സുആൽ വൽജവാബ്: 289055)

ഇനി, പല്ലികളെ കൊല്ലുന്നതിന്റെ മികവിനനുസരിച്ച് ഇനാം പ്രഖ്യാപിക്കുക വഴി ആ ജീവിയോട് ക്രൂരതയല്ലെ ചെയ്യുന്നത് എന്നാണ് മറ്റൊരു വിമർശനം. പല്ലിയെ അടിക്കുന്നതിന്റെ പ്രതിഫലത്തെ സംബന്ധിച്ച ഹദീസ് ഇപ്രകാരമാണ്:

“പല്ലിയെ ആരെങ്കിലും ഒരു അടിക്ക് കൊന്നാൽ അവന് നൂറ് നന്മ രേഖപ്പെടുത്തപ്പെടും. രണ്ടാമത്തെ അടിയിൽ കൊല്ലുന്നവന് (ആദ്യത്തെ അടിയിൽ തന്നെ കൊല്ലുന്നവനേക്കാൾ) താഴെ പ്രതിഫലമാണ് ലഭിക്കുക. മൂന്നാമത്തെ അടിയിൽ കൊല്ലുന്നവന് (രണ്ടാമത്തെ അടിയിൽ തന്നെ കൊല്ലുന്നവനേക്കാൾ) താഴെ പ്രതിഫലമാണ് ലഭിക്കുക.”
(സ്വഹീഹു മുസ്‌ലിം: 3359)

അടി മത്സരത്തിനുള്ള ആഹ്വാനമല്ല. യഥാർത്ഥത്തിൽ, ജീവജാലങ്ങളോടുള്ള പ്രവാചകന്റെ(സ) കാരുണ്യത്തിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഈ ഹദീസ്. ക്രൂരതയായിരുന്നു ഈ വാചകത്തിന്റെ ഉൾപ്രേരണയെങ്കിൽ ആ ജീവിയെ ഇഞ്ചിഞ്ചായി കൊല്ലാനാണ് അഹ്വാനം നൽകപ്പെടുമായിരുന്നത്. അതിന് പകരം അവയെ കൊല്ലുകയാണെങ്കിൽ ഒറ്റ അടിക്ക് കൊന്ന് വേദനയിൽ നിന്ന് പൊടുന്നനെ ആശ്വാസം നൽകാനും അതിനാണ് കൂടുതൽ പ്രതിഫലമെന്നുമാണ് ഹദീസ്. രണ്ടാമതൊരടി ആവശ്യമുണ്ടെങ്കിൽ അതിൽ കൊന്നിരിക്കണം എന്നതിനാലും വീണ്ടും ആ ജീവിയെ വേദനയിൽ തളച്ചിടരുത് എന്നതിനാലും മൂന്നാമത്തെ അടിയേക്കാൾ പ്രതിഫലം രണ്ടാമത്തെ അടിക്ക് നിശ്ചയിച്ചു. അടിയുടെ എണ്ണം കൂടും തോറും പ്രതിഫലം കുറയുമ്പോൾ ഏറ്റവും കുറഞ്ഞ എണ്ണത്തിൽ അതിനെ കൊല്ലാൻ ആളുകൾ ശ്രദ്ധിക്കുകയാണ് സംഭവിക്കുക.

പല്ലികൾ ഉപദ്രവകാരികളാണ് എന്ന മുഖ്യ കാരണത്തിന് പുറമെ അവ പ്രകൃത്യാ നീച ചിന്തയുള്ളവയാണ് എന്ന അധിക കാരണവും ഉണ്ടായിട്ടും അവയെ കൊല്ലേണ്ടി വന്നാൽ, ഇഞ്ചിഞ്ചായി ക്രൂരമായി കൊല്ലരുത് എന്ന് നിഷ്കർഷിച്ചത് കാരുണ്യമല്ലെ.

പ്രവാചകൻ (സ) പറഞ്ഞു: “അല്ലാഹു സുകൃതവാനാണ്. നന്മയെ അവൻ ഇഷ്ടപ്പെടുന്നു. അതിനാൽ നിങ്ങൾ വിധിക്കുകയാണെങ്കിൽ നീതിയോടെ വിധിക്കുക. നിങ്ങൾ കൊല്ലുകയാണെങ്കിൽ (പോലും) അതിലും (കാരുണ്യമായ) നന്മ കാണിക്കണം.
(മുഅ്ജമുൽ അവ്സത്ത്: ത്വബ്റാനി: 5735)

“അല്ലാഹു സുകൃതവാനാണ്. നന്മയെ അവൻ ഇഷ്ടപ്പെടുന്നു. അതിനാൽ നിങ്ങൾ വിധിക്കുകയാണെങ്കിൽ നീതിയോടെ വിധിക്കുക. നിങ്ങൾ കൊല്ലുകയാണെങ്കിൽ (പോലും) ഉരുവിനോട് നന്മ (കരുണ) പ്രവർത്തിക്കുക. (മൃഗത്തെ) അറുക്കുകയാണെങ്കിൽ നല്ല രീതിയിൽ അറുക്കുക. ആയുധത്തിന് മൂർച്ച കൂട്ടി ഉരുവിന് (വേദനയിൽ നിന്ന്) പെട്ടെന്ന് ആശ്വാസം നൽകുക.” (ത്വബ്റാനി: 7121, സ്വഹീഹുൽ ജാമിഅ്: 1824)

വല്ല ജീവികളും മനുഷ്യരെ ഉപദ്രവിക്കുകയും അപായപ്പെടുത്തുകയും അവയെ കൊല്ലൽ ആവശ്യമായി വരികയും ചെയ്താൽ ആ കൊലയിൽ പോലും കരുണയുണ്ടാകണം എന്നാണ് പ്രവാചകൻ (സ) പഠിപ്പിച്ചത്.

മനുഷ്യരെ ഉപദ്രവിക്കാത്ത മൃഗങ്ങളെയും ജീവികളേയും തിരിച്ച് ഉപദ്രവിക്കാനൊ കൊല്ലാനൊ പ്രവാചകൻ (സ) അനുവാദം നൽകിയിട്ടില്ല. എന്നു മാത്രമല്ല ഒരു ജീവി ഉപദ്രവിച്ചു എന്നതിന്റെ പേരിൽ ആ വർഗത്തിൽപ്പെട്ട ഉപദ്രവിക്കാത്ത മറ്റു അംഗങ്ങളെ കൊല്ലുന്നതു പോലും അല്ലാഹു വിലക്കി. ഫവാസിക്കുകളിൽ എല്ലാ നായകളെയും പ്രവാചകൻ (സ) ഉൾപ്പെടുത്തിയില്ല, “കടിക്കുന്ന നായ” യെയാണ്‌ കൊല്ലാൻ അനുവധിച്ചത് എന്ന് ശ്രദ്ധിക്കുക.

ഒരിക്കൽ ഒരു പ്രവാചകനെ ഉറുമ്പ് കടിച്ചു. അപ്പോൾ അദ്ദേഹം ഉറുമ്പും കൂട്ടിലെ മുഴുവൻ ഉറുമ്പുകളേയും കൊന്നു. അതിന്റെ പേരിൽ അല്ലാഹു ആ പ്രവാചകനെ ചോദ്യം ചെയ്യുകയുണ്ടായി.

أنْ قَرَصَتْكَ نَمْلَةٌ أحْرَقْتَ أُمَّةً مِنَ الأُمَمِ تُسَبِّحُ!

“ഒരു ഉറുമ്പ് കടിച്ചു എന്നതിന്റെ പേരിൽ അല്ലാഹുവെ സ്തുതിക്കുന്ന ഒരു സമൂഹത്തെ തന്നെ നീ ചുട്ട് ചാമ്പലാക്കിയൊ !” (സ്വഹീഹുൽ ബുഖാരി: 3019)

മൃഗങ്ങളോടുള്ള കാരുണ്യം പ്രവാചകനോളം ഊന്നിപ്പറഞ്ഞ മറ്റൊരു മത വ്യക്തിത്വങ്ങൾ വിരളമാണ്. ചില ഉദാഹരണങ്ങൾ കാണുക:

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നിവേദനം: അല്ലാഹുവിന്റെ ദൂതൽ ഒരു വ്യക്തിയുടെ അടുത്തു കൂടെ കടന്നുപോയി; അയാൾ തന്റെ കാൽ ഒരു ആടിന്റെ പുറത്തു വെച്ച് കത്തി മൂർച്ച കൂട്ടുകയാണ്. അടാകട്ടെ അയാളിലേക്ക് തുറിച്ച് നോക്കി കൊണ്ടിരിക്കുകയുമാണ്. പ്രവാചകൻ (സ) പറഞ്ഞു: ഇതിന് മുമ്പ് (കത്തിക്ക് മൂർച്ച കൂട്ടുക എന്ന പണി) ചെയ്യാമായിരുന്നില്ലേ ? (ഉരുവിന്റെ മുമ്പിൽ വെച്ചു തന്നെ അത് ചെയ്യണമായിരുന്നോ ?) അതിന് രണ്ട് വട്ടം കൊല്ലാനാണോ നീ ഉദ്ദേശിക്കുന്നത് ?!
(മുസ്തദ്റക് ഹാകിം: 7570)

ഭക്ഷിക്കുവാനായി അറുക്കുക എന്ന ന്യായമായ കാരണത്താലാണെങ്കിലും അവയെ അതിയായി ഭയപ്പെടുത്തുന്നത് ക്രൂരതയാണെന്ന് പ്രവാചകൻ (സ) പ്രഖ്യാപിച്ചു.

മൃഗങ്ങൾക്കും അവയുടെ പ്രകൃതത്തിന് യോജിച്ച അവകാശങ്ങളുണ്ടെന്ന് അദ്ദേഹം നൂറ്റാണ്ടുകൾക്ക് മുമ്പ് പഠിപ്പിച്ചു :

അബ്ദുല്ലാഹിബ്നു ജഅ്ഫർ (റ) പറഞ്ഞു: അൻസ്വാരികളിൽ പെട്ട ഒരാളുടെ തോട്ടത്തിൽ പ്രവാചകൻ (സ) പ്രവേശിച്ചു. അപ്പോൾ അവിടെയതാ ഒരു ഒട്ടകം; അല്ലാഹുവിന്റെ ദൂതനെ (സ) കണ്ടതും അത് തേങ്ങി, അതിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി. അപ്പോൾ പ്രവാചകൻ (സ) അതിനടുത്ത് ചെന്ന് അതിന്റെ പൂഞ്ഞയും തലയുടെ പിൻഭാഗം തലോടി. അപ്പോൾ അത് ശാന്തമായി. അദ്ദേഹം ചോദിച്ചു: ഈ ഒട്ടകത്തിന്റെ ഉടമ ആരാണ് ? ആരുടേതാണ് ഈ ഒട്ടകം? അൻസ്വാരികളിൽ പെട്ട ഒരു യുവാവ് വന്ന് അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഈ ഒട്ടകം എന്റേതാണ്. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: “അല്ലാഹു താങ്കൾക്ക് ഉടമപ്പെടുത്തി തന്ന ഈ മൃഗത്തിന്റെ കാര്യത്തിൽ താങ്കൾ അല്ലാഹുവെ സൂക്ഷിക്കുന്നില്ലേ ? താങ്കൾ അതിനെ പട്ടിണിക്കിടുന്നതായും (പ്രയാസകരമായ ജോലികൾ നൽകി) ക്ഷീണിപ്പിക്കുന്നതായും അത് എന്നോട് പരാതിപ്പെടുന്നു.”
(സുനനു അബൂദാവൂദ്: 2549, മുസ്നദു അഹ്മദ്: 1745 )

ഏതു മൃഗത്തോടും കരുണ കാണിക്കൽ പുണ്യമാണ് എന്നതാണ് ഇസ്‌ലാമിലെ അടിസ്ഥാന തത്ത്വം.

അബൂഹുറൈറയിൽ നിന്ന്: (പ്രവാചകാനുചരന്മാർ) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, മൃഗങ്ങളോട് നന്മ ചെയ്യുന്നതിൽ ഞങ്ങൾക്ക് പ്രതിഫലമുണ്ടോ ? അദ്ദേഹം പറഞ്ഞു: പച്ച കരളുള്ള എന്തിനോടും നന്മ ചെയ്യുന്നതിന് പ്രതിഫലമുണ്ട്.
(സ്വഹീഹുൽ ബുഖാരി: 2363)

സ്വാഭാവികമായും പല്ലിയും ഇതിൽ ഉൾപ്പെടും. അതുകൊണ്ട് തന്നെ ആവശ്യമില്ലാതെ, തിരഞ്ഞു നടന്ന് പല്ലികളെ കൊല്ലാനൊന്നും ഹദീസുകളിലില്ല. ഇനി കൊല്ലേണ്ടി വന്നാൽ തന്നെ പെട്ടെന്ന് കൊല്ലുവാനും അദ്ദേഹം കൽപ്പിച്ചു.

കൊല്ലൽ അനുവദനീയമായ ഫവാസിക്കുകളിൽ കടിക്കുന്ന നായയെ എണ്ണിയ അതേ പ്രവാചകൻ (സ) കടിക്കാൻ വരാത്ത നായ്ക്കളോട് പുണ്യം ചെയ്യാൻ പഠിപ്പിച്ചു:

അബൂഹുറൈറ (റ) നിവേദനം: പ്രവാചകൻ (സ) പറഞ്ഞു: ഒരു നായ ഒരു കിണറിന് ചുറ്റും ചുറ്റിനടക്കുകയായിരുന്നു; ദാഹം കൊണ്ട് അത് ചാകാറായിട്ടുണ്ടായിരുന്നു. അപ്പോൾ ഇസ്റാഈല്യരിലെ ഒരു അഭിസാരിക അതിനെ കണ്ടു. അവർ അവരുടെ ചെരുപ്പിന്റെ മേലാവരണമൂരി (അതിൽ കിണറ്റിലെ വെള്ളം നിറച്ച്,) നായയെ കുടിപ്പിച്ചു. അത് മൂലം അവരുടെ പാപങ്ങൾ അവർക്ക് പൊറുത്തു കൊടുക്കപ്പെട്ടു.
(സ്വഹീഹുൽ ബുഖാരി: 3308)

അബ്ദുർ റഹ്മാനിബ്നു അബ്ദുല്ല തന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു:

ഞങ്ങൾ അല്ലാഹുവിന്റെ ദൂതനോടൊപ്പം(സ) ഒരു യാത്രയിലായിരിക്കേ അദ്ദേഹം അൽപ്പ നേരം വിശ്രമിക്കാൻ പോയി. ഈ സമയം ഞങ്ങൾ ഒരു പക്ഷിയേയും അതിന്റെ രണ്ട് കുഞ്ഞുങ്ങളേയും കണ്ടു. ഞങ്ങൾ അതിന്റെ കുഞ്ഞുങ്ങളെ എടുത്തു കൊണ്ടുപോയി. തള്ള പക്ഷി വന്ന് ചിറകുവിരിച്ച് വട്ടമിട്ട് പറക്കാൻ തുടങ്ങി. അപ്പോൾ അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു: ആരാണ് കുഞ്ഞുങ്ങളെ എടുത്ത് അതിനെ സങ്കടത്തിലാക്കിയത്. അതിന്റെ കുഞ്ഞുങ്ങളെ അതിന് തിരിച്ച് നൽകുക.
(സുനനു അബൂദാവൂദ് : 2675)

ജീവജാലങ്ങളെ അനാവശ്യമായും വിനോധത്തിനായും കൊല്ലുന്നത് പോയി അവയെ ശകാരിക്കുന്നതും ശപിക്കുന്നതും വരെ പ്രവാചകൻ (സ) വിലക്കി:

“നിങ്ങൾ കോഴിയെ ശകാരിക്കരുത്; തീർച്ചയായും അത് നമ്മെ നമസ്ക്കാരത്തിന് (പ്രഭാതവേളയിൽ) ഉണർത്തുന്നു.”
(സുനനു അബൂദാവൂദ്: 5101, സുനനുൽ കുബ്റാ: നസാഈ: 10781)

ചുരുക്കത്തിൽ, പല്ലിയെ കൊല്ലാൻ അനുവാദം നൽകി കൊണ്ടുള്ള ഹദീസ് വിവാദവൽക്കരിക്കുന്നത്, മൃഗശാലയിലെ Do not feed Monkeys’ ഫലകം കുരങ്ങുകളെ പട്ടിണിക്കിട്ട് കൊല്ലാൻ ആഹ്വാനം ചെയ്യുന്ന ക്രൂരതയാണെന്ന് മുദ്രാവാക്യം വിളിക്കുന്നതു പോലെ ബാലിശമാണ്.