പരേതന്ന് പുത്രനുള്ളപ്പോള്‍ അനാഥ പൗത്രന് അനന്തരാവകാശിയാവുകയില്ലെന്നാണോ ക്വുർആനിക നിയമം. ഇത് അന്യായവും അനാഥരോടുള്ള അനീതിയുമല്ലേ?
- ദായധനത്തെക്കുറിച്ച വിശുദ്ധ ഖുര്‍ആന്റെ സമീപനത്തിലേക്ക് ആഴത്തിലിറങ്ങിച്ചെല്ലാത്തതുകൊണ്ടുള്ള സംശയമാണ് ഇത്. ഇവ്വിഷയകമായ ഏറ്റവും ശാസ്ത്രീയവും നീതിയിലധിഷ്ഠിതവുമായ നിയമമാണ് ഖുര്‍ആന്‍ പ്രദാനം ചെയ്യുന്നതെന്നുള്ളതാണ് സത്യം.അനന്തരാവകാശത്തെക്കുറിച്ച് വിശദീകരിക്കുന്നത് സൂറത്തിന്നിസാഇലെ 11, 12 സൂക്തങ്ങളാണ്. പിതാവോ സന്താനങ്ങളോ ഇല്ലാത്ത വ്യക്തിയുടെ അനന്തരാവകാശത്തെക്കുറിച്ച് ഇതേ അധ്യായത്തിലെ അവസാനത്തിലെ സൂക്തത്തിലും (176) വിവരിക്കുന്നുണ്ട്. ഇവയില്‍നിന്നും പ്രവാചകചര്യയില്‍നിന്നുമാണ് ദായധനത്തെക്കുറിച്ച ഇസ്ലാമിക സമീപനം ഉരുത്തിരിഞ്ഞിരിക്കുന്നത്. പ്രസ്തുത സമീപനത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ താഴെ പറയുന്നവയാണ്.
1.ഒരാളുടെ സ്വത്തില്‍ അയാളുടെ ജീവിതകാലത്ത് അയാള്‍ക്കല്ലാതെ മറ്റൊരാള്‍ക്കും യാതൊരവകാശവുമില്ല.
2.അയാളുടെ ജീവിതകാലത്ത് മരിച്ചുപോയ പിന്തുടര്ച്ചക്കാര്ക്ക് അയാളുടെ അനന്തരസ്വത്തില്‍ അവകാശമൊന്നുമില്ല. (അനന്തര സ്വത്ത് രൂപപ്പെടുന്നതുതന്നെ അയാള്‍ മരിക്കുന്നതോടുകൂടിയാണല്ലോ. അതിനുമുമ്പ് അത് അയാളുടെ സ്വത്തു മാത്രമാണ്. അനന്തരസ്വത്തല്ല).
3.അയാളുടെ മരണസമയത്ത് ജീവിച്ചിരിക്കുന്ന പിന്തുടര്ച്ചക്കാര്ക്ക് മാത്രമേ അനന്തര സ്വത്തില്‍ അവകാശമുണ്ടാവുകയുള്ളൂ.
4.അനന്തരാവകാശത്തിന്റെ അടിസ്ഥാനമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് അടുത്ത ബന്ധമാണ്. വിവാഹബന്ധവും രക്തബന്ധവും ഇതില്‍ ഉള്‍പ്പെടുന്നു.
5.അയാളുടെ അടുത്ത ബന്ധുക്കള്‍ അതേ താവഴിയിലെ അകന്ന ബന്ധുക്കളുടെ അവകാശം തടയും. (മാതാപിതാക്കള്‍,ഭാര്യാഭര്ത്താക്കന്മാര്,പുത്രപുത്രിമാര്‍ എന്നിവരാണ് അടുത്ത ബന്ധുക്കള്‍. ഇവരുടെ സാന്നിധ്യത്തില്‍ അതേ താവഴിയിലുള്ള മറ്റാരും അവകാശികളായി തീരുകയില്ല.)
6.വ്യക്തിയുടെ സാമ്പത്തികാവസ്ഥയോ അവശതയോ അല്ല,മരിച്ചയാളുമായുള്ള ബന്ധത്തിന്റെ സ്വഭാവമാണ് ദായധനവിഭജനത്തിലെ അംഗീകൃത മാനദണ്ഡം.
7.മരിച്ചയാളുടെ ബന്ധുക്കളായി ഏറ്റവും അടുത്ത കണ്ണികളില്ലെങ്കില്‍ അവകാശം തൊട്ടടുത്ത കണ്ണികളിലേക്ക് നീങ്ങുന്നു. പിതാവില്ലെങ്കില്‍ പിതാമഹനും പുത്രനില്ലെങ്കില്‍ പൗത്രനും പിന്തുടര്ച്ചാവകാശം ലഭിക്കുന്നത് ഇതുകൊണ്ടാണ്.
ഈ അടിസ്ഥാനതത്ത്വങ്ങളുടെ വെളിച്ചത്തില്‍ പിതാവ് ജീവിച്ചിരിക്കെ മരണപ്പെട്ട മക്കളുടെ മക്കള്‍ക്ക് അദ്ദേഹത്തിന്റെ മരണസമയത്ത് ജീവിച്ചിരിക്കുന്ന മക്കളുണ്ടെങ്കില്‍ നിയമപ്രകാരം ദായധനം ലഭിക്കുകയില്ല. കുടുംബ ശൃംഖലയുടെ ആദ്യത്തെ കണ്ണിയായ മക്കള്‍ ജീവിച്ചിരിക്കുന്നതിനാല്‍ രണ്ടാമത്തെ കണ്ണിയായ പൗത്രന്മാരിലേക്ക് അനന്തരാവകാശം എത്തുന്നില്ലെന്നതാണ് ഇതിന് കാരണം. ഇത് അനീതിയല്ലേ എന്നാണ് ചോദ്യം.
ദായധനത്തിന്റെ വിതരണത്തില്‍ സമ്പൂര്‍ണ നീതി നടപ്പാക്കാന്‍ നിയമങ്ങളെക്കൊണ്ട് കഴിയുമോ എന്ന മറുചോദ്യമാണ് ഇതിനുള്ള ആദ്യത്തെ മറുപടി. ഒരു നിയമവ്യവസ്ഥക്കും ഇക്കാര്യത്തില്‍ നൂറു ശതമാനം നീതി നടപ്പാക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത. ഈ വസ്തുതക്ക് ഉപോദ്ബലകമായി അവതരിപ്പിക്കാവുന്ന ഏതാനും മോഡലുകള്‍ കാണുക.
1.പരേതന് രണ്ടു മക്കള്‍. ഒരാള്‍ വികലാംഗന്. മറ്റെയാള്‍ അരോഗദൃഢഗാത്രന്‍. ഒന്നാമത്തെയാള്‍ക്ക് അധ്വാനിക്കാനാവില്ല. രണ്ടാമന് അധ്വാനിച്ച് പണം സമ്പാദിക്കാം. എങ്ങനെ സ്വത്ത് ഓഹരിവെക്കും?അധ്വാനിക്കാന്‍ കഴിയുന്നവന് കുറച്ചും കഴിയാത്തവന് കൂടുതലുമായി ഓഹരിവെക്കുന്നതാണ് നീതി. ഏതെങ്കിലും വ്യവസ്ഥകള്‍ക്ക് ഈ നീതിയെ നിയമമാക്കുവാന്‍ കഴിയുമോ?
2.പരേതന് മൂന്നു മക്കള്‍. മൂത്തയാള്‍ നാല്പതുകാരന്. കച്ചവടക്കാരന്. പിതാവിന്റെ കച്ചവടത്തില്‍ സഹകാരിയായി തുടങ്ങി സ്വന്തമായി കച്ചവടത്തിലെത്തിച്ചേര്‍ന്നയാള്‍.രണ്ടാമത്തെയാള്‍ ഭിഷഗ്വരന്. പിതാവിന്റെ പണം ചെലവഴിച്ചുകൊണ്ടാണയാള്‍ പഠിച്ചത്. ഇന്നയാള് പണം വാരുന്നു. മൂന്നാമന് പതിനെട്ടുകാരന്. വിദ്യാര്‍ഥി. എവിടെയെങ്കിലുമെല്ലാം എത്തുന്നതിനുമുമ്പ് പിതാവ് മരിച്ചുപോയി. എങ്ങനെ സ്വത്ത് ഓഹരിവെക്കണം? മൂത്തവര്‍ രണ്ടും സ്വയം സമ്പാദിക്കുന്നവരാണ്. പിതാവിന്റെ സ്വത്തില്‍നിന്നാണവര്‍ സമ്പാദ്യം തുടങ്ങിയത്. ഇളയവനാകട്ടെ പിതാവ് ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വത്തില്‍നിന്ന് കാര്യമായി ഒന്നും ലഭിച്ചില്ല. അപ്പോള്‍ ദായധനമെങ്കിലും ഇളയപുത്രന് കൂടുതല്‍ ലഭിക്കണമെന്നതാണ് നീതി. പക്ഷേ, ഈ നീതി നടപ്പാക്കുന്ന രീതിയില്‍ ദായധനം ഓഹരി വെക്കുന്നതിനാവശ്യമായ നിയമം ഉണ്ടാക്കുവാന്‍ കഴിയുമോ?
3.പരേതന് മൂന്നു മക്കള്‍. ഒരാള്‍ സമര്‍ഥന്‍. പണം കൊണ്ട് പണം വാരാന്‍ കഴിവുള്ളവന്. രണ്ടാമന് സാമൂഹിക സേവകന്. പണം ചെലവഴിച്ച് മറ്റുള്ളവരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്ത്തിക്കുന്നവന്. അവസാനത്തെയാള്‍ മഠയന്‍. കിട്ടിയ പണം സൂക്ഷിച്ചുവെച്ച് അതില്‍നിന്ന് മാത്രമായി ചെലവ് കണ്ടെത്തുന്നവന്. മൂന്നു പേര്‍ക്കും പത്തു രൂപ വീതം നല്കിയാല് ഒന്നാമന് അത് ഇരുപത് രൂപയാക്കും. രണ്ടാമന് തനിക്കും അയല്‍ക്കാരനായ ദരിദ്രനും കൂടി ഒരു നേരത്തെ ഭക്ഷണം ഒരുക്കും,മൂന്നാമന് രണ്ടു നേരത്തെ ഭക്ഷണം കഴിക്കും. ഇവര്‍ക്ക് മൂന്നുപേര്‍ക്കും ദായധനം ഒരേ പോലെ വീതിക്കുകയാണോ വേണ്ടത്? നീതിയതല്ല. പക്ഷേ, പ്രസ്തുത നീതി ഒരു നിയമക്രമത്തിലൂടെ നടപ്പാക്കുക പ്രായോഗികമല്ലെന്നു മാത്രം.
ദായധനത്തിന്റെയും മറ്റു സാമ്പത്തിക പ്രശ്നങ്ങളുടെയും കാര്യത്തില്‍ കേവല നിയമങ്ങള്‍ക്ക് എല്ലാ അര്‍ഥത്തിലുമുള്ള സമ്പൂര്‍ണ നീതി നടപ്പിലാക്കുവാന്‍ കഴിയുകയില്ലെന്ന വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്. ഇസ്ലാം ഇത്തരം പ്രശ്നങ്ങളില്‍ കേവല നിയമങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ടല്ല പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നത്. മനുഷ്യരുടെ ധര്‍മബോധത്തെ ഉത്തേജിപ്പിക്കുകയും പ്രയാസങ്ങളനുഭവിക്കുന്നവരോട് കരുണ കാണിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളില്‍ നീതി നടപ്പാക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്നത്.
എന്തുകൊണ്ട് അനാഥ പൗത്രന് സ്വത്തവകാശം നല്‍കിക്കൊണ്ട് ഒരു നിയമം ഉണ്ടാക്കിക്കൂടാ? അത്തരം ഒരു നിയമം ഉണ്ടാക്കുന്നത് ദായധനക്രമത്തില്‍ ഇസ്ലാം മുന്നോട്ടുവെക്കുന്ന അടിസ്ഥാനാശയങ്ങളെയെല്ലാം തകര്‍ത്തുകളയുമെന്നതാണ് യാഥാര്‍ഥ്യം.
അനാഥപൗത്രന് സ്വത്തവകാശം നല്‍കുന്നതിന് ഒരു മാര്‍ഗമേയുള്ളൂ. മരിച്ച മകന് ജീവിച്ചിരിക്കുന്നതായി സങ്കല്പിക്കുക. അയാളുടെ സന്താനങ്ങളെ മരിച്ചയാളുടെ പ്രതിനിധികളാക്കി തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുക. എന്നിട്ട് മരിച്ച മകനു നല്‍കേണ്ട സ്വത്ത് അയാളുടെ മക്കള്‍ക്ക് വിഭജിച്ച് നല്‍കുക. ഒരാള്‍ക്ക് രണ്ടു മക്കളുണ്ട്, മൂത്ത മകന് മൂന്നും ഇളയവന് രണ്ടും മക്കള്‍ വീതമുണ്ട്. പിതാവ് ജീവിച്ചിരിക്കെ മൂത്തയാള്‍ മരിച്ചു. പിതാവ് മരിക്കുമ്പോള്‍ ഇളയമകനേയുള്ളൂ. അനന്തര സ്വത്തായി ആയിരം രൂപയുണ്ട്. ഇളയമകന് അഞ്ഞൂറ് രൂപയെടുക്കുക. ബാക്കി അഞ്ഞൂറു രൂപ മരിച്ച മൂത്തമകന്റെ മൂന്നു മക്കള്‍ക്കും വിഭജിച്ച് നല്‍കുക. ഇതാണ് പൊതുവായി നിര്‍ദേശിക്കപ്പെടുന്ന പ്രാതിനിധ്യതത്ത്വം.
ഇസ്ലാമികദായക്രമത്തില്‍ ഈ പ്രാതിനിധ്യതത്ത്വം എന്തുമാത്രം പ്രായോഗികമാണ്? അനന്തരാവകാശ വ്യവസ്ഥയിലെവിടെയെങ്കിലും പ്രാതിനിധ്യതത്ത്വം അംഗീകരിക്കുകയാണെങ്കില്‍ അതിന്റെ എല്ലാ വശങ്ങളിലും അതു നടപ്പാക്കേണ്ടിവരുമെന്ന വസ്തുത മറക്കരുത്. ഇത് എത്രമാത്രം ശരിയാവും? പരിശോധിക്കുക. ഏതാനും ചില കാര്യങ്ങള്‍ കാണുക:
1.ഭാര്യയുടെ അനന്തര സ്വത്തില്‍ ഭര്‍ത്താവിന് അവകാശമുണ്ട്. സന്തതിയുണ്ടെങ്കില്‍ നാലിലൊന്നും ഇല്ലെങ്കില്‍ പകുതിയുമാണ് അയാളുടെ അവകാശം. ഭാര്യ മരിക്കുന്നതിനു മുമ്പ് ഭര്‍ത്താവ് മരിച്ചുവെന്ന് കരുതുക. പ്രാതിനിധ്യതത്ത്വം അംഗീകരിക്കുകയാണെങ്കില്‍ ഭാര്യയുടെ അനന്തര സ്വത്തില്‍ ഭര്‍ത്താവിന്റെ പിതാവ്,മാതാവ്, മറ്റു ഭാര്യമാരിലുള്ള മക്കള്‍ എന്നിവര്‍ക്കെല്ലാം അവകാശമുണ്ടായിരിക്കും.
2.ഭര്‍ത്താവിന്റെ അനന്തരസ്വത്തില്‍ ഭാര്യക്കുള്ള അവകാശത്തിന്റെ സ്ഥിതിയും ഇതുതന്നെ. ഭാര്യയുടെ മരണശേഷമാണ് ഭര്‍ത്താവിന്റെ മരണമെങ്കില്‍ അവളുടെ വിഹിതം അവളുടെ മാതാവ്,പിതാവ് തുടങ്ങിയ ബന്ധുക്കള്‍ക്ക് നല്‍കേണ്ടിവരും.
3.മക്കളുടെ സ്വത്തില്‍ പിതാക്കന്മാര്ക്ക് അവകാശമുണ്ട്. മകന്റെ മുമ്പ് പിതാവ് മരണപ്പെട്ടു എന്ന് കരുതുക. പിതാവിന് വേറെയും മക്കളുണ്ട്താനും. മകന് മക്കളുണ്ടെങ്കിലും അയാളുടെ മരണശേഷം പിതാവ് ജീവിച്ചിരിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ലഭിക്കുമായിരുന്ന അനന്തരാവകാശ സ്വത്ത് അയാളുടെ അടുത്ത ബന്ധുക്കള്‍ക്ക് നല്‍കേണ്ടിവരും.
4.മാതാക്കള്‍ക്ക് മക്കളുടെ സ്വത്തിലുള്ള അവകാശത്തിന്റെ അവസ്ഥയും ഇതുതന്നെ. മകനുമുമ്പ് മാതാവ് മരിച്ചിട്ടുണ്ടെങ്കിലും അവരുടെ അടുത്ത ബന്ധുക്കള്‍ക്ക് മകന്റെ സ്വത്തില്‍ അവകാശമുണ്ടെന്ന അവസ്ഥയാണ് പ്രാതിനിധ്യതത്ത്വം അംഗീകരിച്ചാല്‍ വന്നുചേരുക.
പ്രാതിനിധ്യതത്ത്വം അംഗീകരിക്കുന്നത് ദായക്രമത്തില്‍ അസന്തുലിതത്വം ഉണ്ടാകുന്നതിന് നിമിത്തമാകും. ഒരാള്‍ക്ക് രണ്ടു മക്കള്‍,രണ്ടുപേരും മരിച്ചു. ഒരു മകന് ഒരു പുത്രനും മറ്റേയാള്‍ക്ക് രണ്ടു പുത്രന്മാരുമാണുള്ളത്. പിതാമഹന്റെ സ്വത്തില്‍ ഇസ്ലാമികദായധന വിതരണക്രമപ്രകാരം മൂന്നു പൗത്രന്മാര്ക്കും ഒരേ അവകാശമാണുണ്ടാവുക. പ്രാതിനിധ്യ സിദ്ധാന്തം അംഗീകരിക്കുകയാണെങ്കില്‍ സഹോദരനില്ലാത്ത പൗത്രന് ലഭിക്കുന്നതിന്റെ പകുതി മാത്രമേ അയാളുടെ പിതൃവ്യന്റെ മക്കളില്‍ ഓരോരുത്തര്‍ക്കും ലഭിക്കുകയുള്ളൂ. ഒരാളുമായി ഒരേബന്ധം പുലര്‍ത്തുന്ന വ്യത്യസ്ത വ്യക്തികള്‍ക്ക് വ്യത്യസ്ത രൂപങ്ങളില്‍ അവകാശം നല്‍കുന്നത് ദായക്രമത്തില്‍ അസന്തുലിതത്വം സൃഷ്ടിക്കുമെന്ന് പറയേണ്ടതില്ല.
ഒരു നിയമമെന്ന നിലയ്ക്ക് പ്രാതിനിധ്യതത്ത്വം അംഗീകരിക്കുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങളാണ് മുകളില്‍ വിവരിച്ചത്. ഇതുകൊണ്ടായിരിക്കാം മക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ പേരക്കുട്ടികള്‍ക്ക് സ്വത്തില്‍ അവകാശം നല്കുന്ന രീതിയിലുള്ള ഒരു നിയമം ഖുര്‍ആന്‍ കൊണ്ടുവരാതിരുന്നത്. ഒരു നിയമം കൊണ്ടുവരുമ്പോള്‍ അതിന്റെ പ്രായോഗികമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കേണ്ടതുണ്ടല്ലോ. പൗത്രന് സ്വത്തവകാശം ഒരു നിയമനിര്‍മാണം വഴി കൊണ്ടുവരികയാണെങ്കില്‍, ഇസ്ലാമിക ദായക്രമത്തിന്റെ അടിത്തറ തകരുകയും അത് അപ്രായോഗികമായി തീരുകയും ചെയ്യുമായിരുന്നു. നിയ മങ്ങളുടെ വരുംവരായ്കകളെക്കുറിച്ച് വ്യക്തമായി അറിയുന്നവനാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത് എന്ന സത്യമാണ് ഇവിടെ നമുക്ക് വ്യക്തമാകുന്നത്.